ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവസന്നിധിയിലേക്കു - തുങ്നാഥ് - ചന്ദ്രശില ഭാഗം 1
പതിനെട്ടു മണിക്കൂർ നീണ്ട യാത്ര, ,കൊടും തണുപ്പിൽ പന്ത്രണ്ടായിരം അടി ഉയരത്തിലുള്ള ഉറക്കം,അതിരാവിലെ എഴുന്നേറ്റു മൊബൈൽ ഫ്ലാഷിന്റെ വെളിച്ചത്തിൽ ഒരു മണിക്കൂർ ട്രെക്കിങ്ങ് ,270 ഡിഗ്രിയിൽ ഹിമാലയത്തിലെ പ്രധാന പീക്കുകളുടെ ദൃശ്യവിസ്മയം ,നന്ദാ ദേവിയുടെ പുറകിൽ നിന്ന് ഉദിച്ചു വരുന്ന സൂര്യൻ,ഇതെല്ലാം കഴിഞ്ഞു ആളൊഴിഞ്ഞപ്പോൾ ചന്ദ്രശിലയുടെ മുകളിൽ നിൽകുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു.ഒരു പക്ഷേ സന്തോഷത്തിന്റെ അപ്പുറത്തു സങ്കടമായിരിക്കാം അതാവും കണ്ണുനീർ വന്നത്.സന്തോഷത്തിന്റെ കൊടുമുടിയുടെ മുകളിലായിരുന്നു ഞാൻ നിന്നതു.ഒറ്റയ്ക്കായിരുന്നതുകൊണ്ട് കണ്ണുനീർ വന്നപ്പോൾ തുടയ്ക്കാനും തോന്നിയില്ല.
മാതൃഭുമിയിൽ ദിപിൻ അഗസ്റ്റിൻ -ചേട്ടന്റെ ബ്ലോഗ് വായിച്ചപ്പോൾ മുതൽ തലയിൽ കയറികൂടിയതാണ് Tungnath-Chandrashila .ലോകത്തെ ഏറ്റവും ഉയരമുള്ള ശിവക്ഷേത്രം (technically this seems to be wrong).270 ഡിഗ്രിയിൽ ഹിമാലയം വ്യൂ.ഡൽഹിയിൽ നിന്ന് ഇത്തിരി അകലെയായതുകൊണ്ട് മൂന്ന് ദിവസം എങ്കിലും വേണം എന്ന് കരുതി ഒരു അവധി തിങ്കളോ വെള്ളിയോ വരുന്നതും നോക്കി ഇരുന്നു.പല കാരണങ്ങൾ കൊണ്ട് യാത്രയ്കൾക്കു ഒരു ബ്രേക്ക് ഇട്ടിരുന്നു.tungnath ഒരു സ്വപ്നമായി അവശേഷിച്ചു.ഖജുരാഹോ പോയി വീണ്ടും പരിപാടി തുടങ്ങി.പിന്നെ ഒരു അന്ത്യമില്ലാതെ യാത്രകൾ നടന്നു കൊണ്ടേയിരുന്നു.രണ്ടു ദിവസത്തിൽ പോകാമെന്നു ഒരു ഗ്രൂപ്പിലെ ഒരു ഫ്രണ്ട് പറഞ്ഞു .പക്ഷെ അവൾ പോയത് ഏജൻസി വഴിയാണ്.നമ്മൾക്ക് അത് അലർജി ആണലോ.എങ്കിലും ഞാൻ പോവ്വാൻ തീരുമാനിച്ചു .വരുന്നിടത്തു കാണാം.എത്തിപ്പെടാൻ പറ്റിയില്ലെങ്കിൽ തിരികെ പോരാം .തനിച്ചു ആണല്ലോ പോകുന്നത് അതുകൊണ്ട് കംപ്ലീറ്റ് ഫ്രീഡമുണ്ട് . അന്തവും കുന്തവും ഇല്ലാത്തോണ്ട് ബസുകൾ മുൻപേ ബുക്ക് ചെയ്യാനും പറ്റത്തില്ല.തുടക്കം മാത്രം ബുക്ക് ചെയ്തു വെള്ളിയാഴ്ച രാത്രി പത്തുമണിക്ക് ഋഷികേശിലേക്കു ഒരു ഓർഡിനറി.രാവിലെ അഞ്ചരയ്ക്ക് ഋഷികേശിലെത്തി.ബസ്സിറങ്ങിയതേ ഒരു ബദരീനാഥ് ബസ് നില്കുന്നു .എനിക്ക് പോകേണ്ടത് രുദ്രപ്രയാഗിലേക്കാണ് .ബോര്ഡിലേക്കു നോക്കിയപ്പോൾ രുദ്രപ്രയാഗില്ല.കണ്ടക്ടറോട് രുദ്രപ്രയാഗ് ബസ് എപ്പോൾ വരും എന്ന് ചോദിച്ചു .
"ഈ ബസ് പോവും സർ ,കേറിക്കോളൂ "
പക്ഷേ ഭായി ബോർഡിൽ പേരില്ലലോ (എന്റെ മണ്ടൻ ചോദ്യം )
"ഹ ഞാൻ അല്ലെ പറയണേ ധൈര്യമായിട്ടു കയറു ,രുദ്രപ്രയാഗ് എത്തിച്ചിരിക്കും ഞാൻ"
എന്റെ വീക്നെസ് ആയ വിൻഡോ സീറ്റ് കാലിയല്ല.ഇനിയിപ്പോ അതൊന്നും നോക്കി ഇരിക്കാൻ വയ്യ.എത്രയും പെട്ടെന്ന് ബസ് കിട്ടുവോ അത്രയും ലാഭം.ഒരു ചായ കുടിച്ചു പയ്യെ അടുത്ത ബസ് എന്നായിരുന്നു എന്റെ പ്ലാൻ.ഇത്രവേഗം ബസ് കിട്ടുമെന്നു അറിഞ്ഞേയില്ല .ഇവിടന്നു അഞ്ചു മണിക്കൂർ യാത്രയുണ്ട്.കണ്ടക്ടർ എന്റെ ബാലൻസ് തന്നില്ല.ഞാൻ വിടുവോ .ഇടയ്ക്കൊക്കെ ചോദിച്ചു വെറുപ്പിച്ചോണ്ടിരുന്നു.മിക്കവരും നല്ല ഉറക്കത്തിലാണ്.ഞങ്ങളുടെ ഈ കുഞ്ഞു ബസ് മലകൾക്കിടയിലൂടെ പറക്കുകയാണ്.നമ്മൾ പൊക്കിയടിക്കുന്ന KSRTC ഡ്രൈവര്മാരൊക്കെ ഇവരുടെയടുത്തു വെറും ശിശു.പണ്ട് റാഫ്റ്റിങ് നടത്തിയ സ്ഥലമെല്ലാം കഴിഞ്ഞു ബസ് അങ്ങനെ പോവുകയാണ് .കാപ്പി കുടിക്കാൻ നിർത്തിയപ്പോൾ ഞാൻ വീണ്ടും പോയി ബാലൻസ് ചോദിച്ചു.ഇപ്പോഴും തന്നില്ലെങ്കിൽ അയാൾക്കു ഞാൻ സമാധാനം കൊടുക്കില്ല എന്ന് മനസിലാക്കിയതുകൊണ്ടാവണം അങ്ങേരു തന്നു.കാപ്പി കുടി കഴിഞ്ഞപ്പോൾ എല്ലാവര്ക്കും ഒരു ഉഷാറായി.എന്റെ ബാഗും എല്ലാം കണ്ടപ്പോ തന്നെ പലർക്കും മനസിലായി കറങ്ങാൻ വന്ന ഊരുതെണ്ടിയാ എന്ന് .രവീണ് എന്ന പയ്യൻ എന്നോട് ഓരോന്നൊക്കെ ചോദിക്കാൻ തുടങ്ങി.എന്താ എങ്ങോട്ടാ എവിടുന്നാ ... കേരളം എന്ന് അവൻ കേട്ടിട്ടില്ലത്ര !! മലയാളിയെന്ന അഹങ്കാരവുമായി നടക്കുന്ന എന്നോട് തന്നെ ഇത് പറയണമായിരുന്നോ എന്റെ പൊന്നു രവീണേ ? മുൻപ് ഇതുപോലൊരു അവസ്ഥ ജോധ്പുർ വച്ച് ഉണ്ടായിരുന്നു .കേരളം എന്ന് പറഞ്ഞപ്പോൾ ഇത് ഇന്ത്യയിലാണോ അതോ വിദേശത്തു ആണോ എന്ന് ചോദിച്ച ഒരു ചേച്ചിയാണ് എന്നെ ആദ്യം ഞെട്ടിച്ചത്.അത് പിന്നേ പ്രായമായ ചേച്ചിയല്ലേ എന്ന് കരുതി ആശ്വസിച്ചു .ഇതിപ്പോ ഡൽഹിയിൽ ഹോട്ടൽ മാനേജ്‌മെന്റിന് പഠിക്കുന്ന ഇവൻ കേട്ടിട്ടില്ല എന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി .ആഹ് സാരമില്ല.
അല്ല ഭായി ഞാൻ തുങ്കനാഥ് പോവുവാ അപ്പൊ എങ്ങനാ രുദ്രപ്രയാഗ് നിന്ന് ബസു വല്ലതും കിട്ടുവോ ?
ചാൻസില്ല ,ഭായ് അങ്ങെത്തുമ്പോൾ ആറുമണി കഴിയും.ഒരു കാര്യം ചെയ്യൂ ജോഷിമഠിൽ ഇറങ്ങു.അവിടന്ന് ചിലപ്പോ കിട്ടുമായിരിക്കും .
ഉഖിമഠിലേക്കു ഉള്ള ബസ് കേറാൻ എന്തിനാ സഹോദരാ ഞാൻ ജോഷിമഠ് വരെ പോണേ ?രുദ്രപ്രയാഗിൽ ഒരു പത്തര പതിനൊന്നിന് എത്തുമെന്നാണാലോ കണ്ടക്ടർ പറഞ്ഞേ ?അവിടന്ന് ഒരുപാടില്ലാലോ ,പിന്നേ എങ്ങനെയാ വൈകുന്നേരവേ ഞാൻ ചോപ്റ്റ എത്തു എന്ന് ഇവൻ പറയുന്നേ ? ഇവന്റെ നാടാണല്ലോ അപ്പോ പെട്ടെന്നങ്ങു അവിശ്വസിക്കാനും പറ്റില്ല.(മാപ്പിൽ നോക്കിയപ്പോ ജോഷിമഠ് ഒക്കെ അങ്ങ് ദൂരെയാ അപ്പൊ ചിലപ്പോ ഇവൻ പറഞ്ഞത് തെറ്റാവും )ഞാൻ പിന്നെ മിണ്ടാണ്ടിരുന്നു .ദേവപ്രയാഗ് എത്തിയപ്പോ എനിക്ക് കാണിച്ചു തന്നു .ഇതാണ് ദേവപ്രയാഗ് നോക്ക് .ഞാൻ ഇടതു വശത്താ ഇരിക്കുന്നേ അത് വല്യ നഷ്ടമായിരുന്നു.ഗംഗയോട് ചേർന്നാണ് ഞങ്ങളുടെ ബസ് പോവുന്നെ പക്ഷെ വലതു വശത്തു ഇരിക്കുന്നവർക്കാണ് നല്ല വ്യൂ. .അളകനന്ദ , മന്ദാകിനി,ഭാഗീരഥി അങ്ങനെ ഒരുപാടുണ്ടല്ലോ.ഇതിൽ ഏതൊക്കെയാ കൂടി ചേരുന്നേ ? അവൻ അടുത്തിരുന്ന ആളോട് ചോദിച്ചു ഏതാ മറ്റേ നദി ?ഭാഗീരഥി എന്ന് ഉത്തരം കിട്ടി.
ആഹ് അപ്പോ അതാണ് ചെക്കന് അതുംനിശ്ചയമില്ല.വെറുതെയല്ലേടാ നിനക്ക് കേരളം അറിയാത്തതു.ഞാൻ മനസ്സിൽ പറഞ്ഞു.പക്ഷെ അവൻ നല്ല സ്നേഹമുള്ളവനായിരുന്നു.ഇടയ്ക്കു ബസ്സ് നിർത്തുമ്പോളൊക്കെ വന്നു മിണ്ടും.നല്ല ചെക്കൻ.അവൻ ദീപാവലിയ്ക്കു നാട്ടിലേക്കു പോവുന്നതാണ്.അതിന്റെ ഒരു തെളിച്ചവും അവന്റെ മുഖത്തു കാണാം.രുദ്രപ്രയാഗ് എത്തുന്നതിനു മുൻപേ അവനിറങ്ങി.ഇറങ്ങുന്നതിനു മുൻപേ അങ്ങകലെ അവന്റെ വീട് ചൂണ്ടി കാണിച്ചിരുന്നു.ഗംഗയുടെ തീരത്തു ഒരു കൊച്ചു വീട്.കാണുമ്പോൾ നമ്മൾക്ക് അസൂയ ഒക്കെ തോന്നുമെങ്കിലും നമ്മളെ പോലെ ലോകവുമായി അത്ര ബന്ധമില്ലാതെ കിടക്കുന്ന ഇവർക്ക് നമ്മളോടാണ് അസൂയ.
ബസ്സ് ശ്രീനഗറും (കശ്മീരിലെ അല്ലാട്ടോ ഉത്തരാഖണ്ഡിലുമുണ്ട് ശ്രീനഗർ )കഴിഞ്ഞു ബസ് രുദ്രപ്രയാഗിലെത്തിയപ്പോൾ സമയം പത്തര.ഒരു കടയിലെ ചേട്ടനോട് ചോദിച്ചു ചോപ്റ്റ എങ്ങനെ പൊവ്വാം ? ഗൂഗിൾ മാപ്പിലെ രണ്ടു ചോപ്റ്റ എന്നെ വട്ടാക്കിയിരുന്നു .ഉഖീമഠ് ബസ്സിൽ പോയാൽ മതി , ദാ ആ നിൽക്കുന്ന ബസ് അങ്ങോട്ടാ .
"വല്യ ഉപകാരം ഭായി"
രുദ്രപ്രയാഗിൽ മന്ദാകിനിയും അളകാനന്ദയും കൂടി ചേരുന്നത് കാണാൻ സമയമില്ല.തിരികെ വരുമ്പോൾ നോക്കാം.അറുപതു രൂപ ടിക്കറ്റു ആണ് .അടുത്തിരുന്ന ചേട്ടന് ഏതോ സ്റ്റോപ്പിൽ ഇറങ്ങണം .എന്നോട് വഴി ചോദിച്ചു . ആ ബെസ്ററ് ,അതെപ്പോഴും അങ്ങനെയാണ്.നമ്മൾ പരിചയം ഇല്ലാത്ത സ്ഥലത്തു പോവുമ്പോഴായിരിക്കും നമ്മളോട് വഴി ചോദിയ്ക്കാൻ പലരും വരിക.ഞാൻ എന്റെ ദേശിയ ഡയലോഗ് എടുത്തിട്ടു
"പതാ നഹി ,ആപ് കിസി ഓർ സെ പൂച്ചലോ"
ഒരു ഒന്നര ആയപ്പോൾ ഉഖീമഠ് എത്തി,വിശന്നു പണ്ടാരമടങ്ങിയ ഞാൻ ഒരു കുഞ്ഞു പ്ലേറ്റ് ചൗമീൻ കഴിച്ചു.രണ്ടാണ് ഉദ്ദേശം .ഭക്ഷണവും കഴിക്കുക എന്തേലും വിവരം ചോദിച്ചു അറിയുക.
"ടാക്സി മാത്രമേ പോവൂ അതിനു ആയിരം രൂപയാകും ".
അടിപൊളി.ഞാൻ ഒരു ചേട്ടന്റെ സ്കൂട്ടറിന് കൈ കാണിച്ചു ചോപ്തയിലേക്കു തിരിയുന്ന വഴി വരെ പോയി.പുള്ളി പട്ടാളക്കാരനാണ്.കോയമ്പത്തൂരിൽ കുറേ നാളുണ്ടായിരുന്നു .നമ്മൾ സൗത്ത് ഇന്ത്യൻ എന്ന് പറഞ്ഞപ്പോൾ പുള്ളിക്ക് ഭയങ്കര സന്തോഷം .പക്ഷേ ടാക്സി പിടിക്കാതെ വേറെ വഴിയില്ല എന്നാണ് ഇയാളുടെയും അഭിപ്രായം .
എങ്ങാനും ചക്ക വീണാലോ എന്ന് കരുതി ഞാൻ ലിഫ്റ്റ് ചോദിയ്ക്കാൻ നിന്നു.ആരും നിർത്തില്ല എല്ലാവരും ടാക്സി എടുത്തു പോവുന്നവരാണ് .അവർക്കു ഊരും പേരും അറിയാത്ത എന്നെ കയറ്റിക്കൊണ്ടു പോവണ്ട ആവശ്യമില്ലലോ.അടുത്ത കടയിലെ ചേട്ടനും കൂടി കൈ കാണിക്കാൻ.അയാളാദ്യം ആൾടെ കൂട്ടുകാരന്റെ ടാക്സിയിൽ 800 രൂപയ്ക്കു ഉറപ്പിക്കാൻ ശ്രെമിച്ചതാണ് .നടക്കില്ല എന്ന് കണ്ടപ്പോൾ ലിഫ്റ്റ് കിട്ടാൻ ആളും കൂടി.ആൾക്ക് വിശന്നപ്പോൾ ആൾ കഴിക്കാൻ പോയി.ഞാൻ ഇപ്പോൾ നില്കുനന്നത് ഭാരത് സേവാ ആശ്രമത്തിന്റെ മുൻപിലാണ്.അടുത്തൊരു സ്‌കൂളും ഉണ്ട്.ആശ്രമത്തിൽ ഒരു മിടുക്കത്തി പിള്ളേർക്ക് ഇംഗ്ലീഷ് പഠിപ്പിക്കുന്നത് എനിക്ക് ഭംഗിയായി കേൾക്കാം.നേരത്തെ പറഞ്ഞ ചേട്ടൻ ഇവിടെ ഒരു ദിവസം താമസിച്ചിരുന്നു. .(I am chasing you man.).സമയം ഇങ്ങനെ പോയിക്കൊണ്ടിരിക്കുവാണ് .ഒരു നാലുമണിക്ക് എങ്കിലും കയറാൻ തുടങ്ങിയാലേ ഇരുട്ടുന്നതിനു മുൻപേ അമ്പലത്തിലെത്തു.ബസ്സ് ഉള്ളത് രാവിലെയാണ് .ഇവിടെ താമസിച്ചിട്ടു രാവിലെ പോകാമെന്ന് വച്ചാൽ സൂര്യോദയം മിസ് ആവും .അതിനാണ് ഇത്രയും ദൂരം വന്നത് .ഒടുവിൽ ഞാൻ സുല്ലിട്ടു.വേറൊരു ലിഫ്റ്റ് അടിച്ചു തിരികെ ഉഖിമഠിലെത്തി.ചോപ്റ്റ പോവുന്ന ഏതെങ്കിലും ആൾടെ കൂടെ ഷെയർ ചെയ്തു പോവാം .
എന്നെ കണ്ടതെ ടാക്സിക്കാർ എല്ലാവരും ചുറ്റും കൂടി .താങ്കൾക്കു വേണ്ടി സ്‌പെഷ്യൽ റേറ്റ് .വെറും എണ്ണൂറു രൂപ (കേട്ടിട്ടുണ്ട്... കേട്ടിട്ടുണ്ട് ആദ്യമായിട്ട് കാണുന്ന എനിക്ക് സ്‌പെഷ്യൽ റേറ്റ് തരാൻ ഞാൻ നിങ്ങളുടെ .........വേണ്ട പറയുന്നില്ല) .ഇനി ആരും അങ്ങോട്ട് പോവാൻ ഉണ്ടാവില്ല അതുകൊണ്ട് ഷെയറിങ് നടക്കില്ല എന്നും പറഞ്ഞു എന്നെ പേടിപ്പിച്ചു .അതിൽ ഒരു സത്യം ഇല്ലാതില്ലാ.അഞ്ഞൂറ് ആണേൽ ഞാൻ റെഡി എന്നങ്ങു കണ്ണുംപൂട്ടി പ്രസ്‌താവിച്ചു.എല്ലാവരും കൂടെ കൂട്ടച്ചിരി."അയ്യേ അഞ്ഞൂറ് രൂപയ്ക്കു ആരെങ്കിലും പോവ്വോ ? ഡാ ഇത് കേട്ടോ സാറിനു അഞ്ഞൂറ് രൂപയ്ക്കു പോണമെന്നു "കസ്റ്റമറെ മാനസികമായി തളർത്തി , അഭിമാനത്തിൽ മുറിവേൽപ്പിച്ചു കാര്യം കാണാനുള്ള സൈക്കളോജിക്കൽ മൂവ്.ഇത് കുറെ കണ്ടതാണ് ഹേ .നിങ്ങൾ ചിരിക്കു.ഞാനും അവരെ ഇളിച്ചു കാട്ടി.
ഞാൻ ഒരു ചായയും വാങ്ങി കൂളായി (പോവ്വാൻ പറ്റിയില്ലെങ്കിലോ എന്നൊക്കെ ഓർത്തു പേടിച്ചു )ഇരുന്നു .സംഗതി ഏറ്റു .അഞ്ഞൂറിന് ആൾ റെഡി .പക്ഷെ ഒരു കണ്ടീഷൻ വഴിയിൽ രണ്ടു ലോക്കൽസിനെ വീടെത്തിക്കണം എന്നിട്ടു ചോപ്റ്റ പൊവ്വാം .ശെരി ഡീൽ.(ഇത്രേയുള്ളൂ കാര്യം ലേശം തൊലിക്കട്ടി ഉണ്ടെന്നു അഭിനയിക്കുക )
എതെക്കൊയോ വഴിയിലൂടെ കയറ്റം കയറി ലോക്കൽസിനെ വീടെത്തിച്ചു.വളരെ തുച്ഛമായ പൈസയെ അവരിൽനിന്ന് വാങ്ങിക്കൂ .അവരുടെ ആകെ വരുമാനം നമ്മളെപ്പോലെ ചെല്ലുന്ന യാത്രക്കാരാണ്.അതുകൊണ്ട് അവരെ കുറ്റം പറയാനും പറ്റില്ല.(പൈസ ഇല്ലാഞ്ഞിട്ടാ ചേട്ടാ,ഇങ്ങനെയൊക്കെ പിശുക്കിയാലേ അടുത്ത ട്രിപ്പ് നടക്കൂ ).എന്നിട്ടു ചോപ്തയിലേക്കുള്ള കയറ്റം തുടങ്ങി.ഓരോ വളവിനും ഉയരം നല്ലപോലെ കൂടിക്കൊണ്ടിരുന്നു.ഏകദേശം മുപ്പതു കിലോമീറ്റർ യാത്രയുണ്ട്.ചോപ്തഎത്തിയപ്പോൾ നാലുമണി ആവാറായി സീതമ്മയെയും വിക്രം ഭയയെയും നാളെ കണ്ടുപിടിക്കാം (ദിപിൻ ചേട്ടന്റെ ബ്ലോഗിലെ ആൾക്കാരാണ് )ഒരു ചായയും കുടിച്ചു രണ്ടു കുപ്പി വെള്ളവും വാങ്ങി ,ഞാൻ ട്രെക്കിങ്ങിനു തയ്യാറായി.ഒരു മണിയുമടിച്ചു ഞാനിതാ വരുന്നേ എന്നും പറഞ്ഞു പയ്യെ പയ്യെ തുടങ്ങി.കഴുതപ്പുറത്തു പോകണോ എന്നും ചോദിച്ചു ആളു വന്നു.
"അതിലൊരു ത്രില്ലില്ലാ"
ഞാൻ നടന്നു തുടങ്ങി. ജീപ്പിലിരുന്നു വന്നപ്പോഴേ ചോപ്തയുടെ ഭംഗിയിൽ ഞാൻ വീണുപോയിരുന്നു.ട്രെക്കിങ്ങ് തുടങ്ങിയപ്പോഴും അങ്ങനെ തന്നെ.ഇപ്പോഴേ ഇങ്ങനെയാണേൽ മുകളിൽ എന്നാ ഭംഗിയായിരിക്കും.ട്രെക്കിങ്ങിനു പോവുമ്പോൾ ഇനി എത്ര ദൂരം മിച്ചമുണ്ട് എന്ന് ഒരിക്കലും ആലോചിക്കരുത് ആരോടും ചോദിക്കരുത്.പയ്യെ പയ്യെ ആസ്വദിച്ചു അങ്ങനെ പോവുക .മടുക്കില്ല.എന്റെ ആദ്യത്തെ ട്രെക്കിങിലോക്കെ ഞാൻ ഇനി എന്തോരും ഉണ്ട് എന്നും ആലോചിച്ചായിരുന്നു പോവുക, മടുത്തു പണ്ടാരമടങ്ങി .പിന്നെയാണ് ഈ ബേസിക് ടെക്നിക്ക് പിടികിട്ടിയത്.അതിനു ശേഷം നല്ല റിലാക്സേഷനുണ്ട്.
ഞാൻ ഇങ്ങനെ കേറി പോവുവായിരുന്നേ ...ഇരിക്കാൻ വേണ്ടി ഒരു സ്ഥലത്തു നോക്കിയപ്പോഴുണ്ട് ഒരു പാമ്പ് .കണ്ടാലേ അറിയാം എന്തോ വിഷമുള്ള കൂട്ടത്തിലാ.
(തുടരും*)
*പാമ്പ് കടിച്ചു ഞാൻ വടിയായില്ലെങ്കിൽ രണ്ടാം ഭാഗവുമായി ഞാൻ വരും.
ഭാഗം രണ്ടു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക

Leave a Comment