Malenadu Memories 01 | അഗുംബെ - ശൃംഗേരി








തിരുവനന്തപുരം വരാവൽ ട്രെയിനിൽ ഉഡുപ്പി സ്റ്റേഷനിൽ വന്നിറങ്ങിയപ്പോൾ പണ്ടു അഗുംബെ പോയതാണ് ഓർമ വന്നത്. ഞാനും തടിയനും പാലക്കാട് നിന്നു ഷൊർണുർ പോയി ഏതോ ട്രെയിനിൽ കയറി ഇവിടിറങ്ങി. വന്നിറങ്ങിയതും കസ്തുരി അക്ക വിളിച്ചു . വഴിയിൽ നിന്നു കഴിക്കണ്ടാ ബ്രേക്ഫാസ്റ് അവിടെ വന്നിട്ടാകാം എന്ന് . ഇപ്പോൾ വീണ്ടും അഗുംബെ പോകാനാണ് ഉഡുപ്പി വന്നിരിക്കുന്നത്. പക്ഷേ കസ്തുരി അക്ക ഇപ്പോൾ ഇല്ല. കഴിഞ്ഞ വർഷം കസ്തുരി അക്ക മരിച്ചു എന്നു ഞാൻ ഇത്തവണത്തെ യാത്ര പ്ലാൻ ചെയ്തപ്പോൾ അറിഞ്ഞു. അതുകൊണ്ടു തന്നെ അഗുംബെയിൽ Doddumane യിൽ താമസത്തിനു സൗകര്യമുണ്ടോ എന്നു അന്വേഷിച്ചുമില്ല. 



യാത്ര ചെയ്തിട്ടു ഒരുപാടു നാളായി. ഒരാഴ്ച യാത്ര പോകാമെന്നു തിരുമാനിച്ചപ്പോൾ പതിവുപോലെ കർണാടകയാണ് ഓർമ വന്നത്. കുദ്രെമുഖ് ട്രെക്കിങ്ങ് ആണ് പ്രധാന ഉദ്ദേശം. അവിടേക്ക് അമൃതും ക്രിസ്റ്റിയും എത്തിച്ചേരും . അതിനുമുമ്പേ അഗുംബെ-ശൃംഗേരി-ചിക്കമഗളൂരു കറങ്ങാൻ ആണ് എന്റെ ഉദ്ദേശം.



ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തു നിന്ന് ട്രെയിൻ കയറിയതാണ് . തിരുവനന്തപുരത്തു നിന്ന് തുടങ്ങി ഗുജറാത്തിലെ വേരാവൽ വരെ പോകുന്ന ട്രെയിനാണിത്. സൈഡ് അപ്പർ ആണ് എപ്പോഴും ഞാൻ ബുക്ക് ചെയുക. ഇത്തവണയും അങ്ങനെ തന്നെ. സൈഡ് സീറ്റിൽ എനിക്കെതിരെ ഇരിക്കുന്ന സീറ്റ് ഉഡുപ്പി വരെയും ഒഴിഞ്ഞു കിടന്നു. മഴ ആയിരുന്നതുകൊണ്ടു വീട്ടിൽ നിന്ന് ബസിനാണ് സ്റ്റേഷൻ വരെ എത്തിയത് . അതുകൊണ്ടു ലേറ്റ് ആയി . ഭക്ഷണം കഴിക്കാൻ പറ്റിയില്ല. എറണാകുളത്തു നിന്ന് കഴിക്കാൻ ഞാൻ ഫുഡ് ഓർഡർ ചെയ്തു . കൃത്യം നമ്മുടെ സീറ്റിൽ അവരെത്തിച്ചു തരും.തത്കാലം വിശപ്പകറ്റാൻ ബിസ്കറ്റ് ഉണ്ട്.


കൃത്യം ആറു മണിക്ക് തന്നെ ഉഡുപ്പി എത്തി. ഇവിടെ നിന്നും കുറച്ചു നടന്നാൽ മെയിൻ റോഡ് വരും , അവിടെ നിന്ന് ബസ് കിട്ടും . അതുകൊണ്ടു ഞാൻ  നടന്നു . ബസ് കിട്ടാൻ കുറച്ചു നേരം കാത്തു നിൽക്കേണ്ടി വന്നു.ടിക്കറ്റ് ചാർജ് 12 രൂപ ആയപ്പോൾ ഞാൻ കരുതി കുറച്ചു ദൂരം ഉണ്ടെന്നു.പക്ഷേ വേഗം എത്തി. തമിഴ്നാട് പോലെ അല്ല ഇവിടെ ലോക്കൽ ബസിനു കേരളം പോലെ തന്നെ നല്ല ചാർജ് ഉണ്ട് .


ഒരു കാപ്പിയും കുടിച്ചു അഗുംബെ ബസ് അന്വേഷിച്ചു കണ്ടുപിടിച്ചു അതിൽ കയറി ഇരുന്നു. വിൻഡോ സീറ്റ് എല്ലാം പോയിരുന്നു . ഡോറിന്റെ പുറകിൽ ഉള്ള സീറ്റിലാണ് ഞാൻ ഇരുന്നത് . ഏഴര കഴിഞ്ഞപ്പോൾ ബസെടുത്തു. ഉഡുപ്പി മുതൽ അഗുംബെ വരെ 80  രൂപ ആണ് ചാർജ്. മണിപ്പാൽ വഴിയാണ് ഈ ബസ് പോകുക . 

                                            


അര മണിക്കൂർ കഴിയുമ്പോൾ മുതൽ വനത്തിലൂടെ ആണ് ബസ് പോകുക. ഇടയ്ക്കു കുറച്ചു വീടുകളൊക്കെ കാണാം . ചുരത്തിനു തൊട്ടുമുമ്പേ ഒരു പെട്രോൾ പമ്പും കുറച്ചു കടകളുമായി ചെറിയൊരു ടൌൺ ഉണ്ട്. ചുരം കയറുമ്പോൾ തണുപ്പ് കൂടി വന്നു. Sunset പോയിന്റ് കഴിഞ്ഞപ്പോൾ ഞാൻ എണ്ണീറ്റു നിന്നു . അഗുംബെയിൽ ബസ്സിറങ്ങി നേരെ മല്യ ലോഡ്‌ജിലേക്കു ചെന്നു . ഒരു പയ്യനാണ് റിസെപ്ഷനിസ്റ്. ചെക്കന് ഹിന്ദിയും ഇംഗ്ലീഷും വല്യ പിടിയില്ല. എനിക്ക് കന്നഡ ഒരു തേങ്ങയും അറിയില്ല.ഒരുവിധം സംസാരിച്ചു റൂം കിട്ടി.

വഴിയിൽ doddumane കണ്ടിരുന്നു .കസ്തുരി അക്ക ഇല്ലാത്ത Doddu mane ൽ പോകാൻ തോന്നിയില്ല. മല്യ ലോഡ്ജ് ഇപ്പോൾ പുതുക്കി പണിതിട്ടുണ്ട്. 500 രൂപയ്ക്കു നല്ല കിടിലൻ റൂം കിട്ടി.റൂമിൽ നിന്ന് നെൽപ്പാടങ്ങൾ കാണാം .






രണ്ടാം നിലയിലെ  റൂമിലെത്തി ഫ്രഷായി താഴേക്കിറങ്ങി. ശ്രീ ശബരി ഗ്രാൻഡ് എന്ന പേരിൽ പുതിയൊരു റെസ്റ്റോറന്റ് താഴെ തുടങ്ങിയിട്ടുണ്ട് .അവിടെ നിന്നൊരു മസാലദോശയും കാപ്പിയും കുടിച്ചു. നല്ലൊരു വെജിറ്റേറിയൻ റെസ്റ്റോറന്റ് ആണിത്. ഒരു ചെറുപ്പക്കാരി ആണ് കാശ് വാങ്ങാൻ നിക്കുന്നത് . അതിന്റെ ഹസ്ബൻഡ് ആവണം അവിടെ ഒരാൾ കൂടെ ഉണ്ട് . പിന്നെ ജോലിക്കാരും .

                 


ജോഗി ഗുണ്ടി വെള്ളച്ചാട്ടത്തിലേക്ക് നടന്നു. അഗുംബെ പഴയ അഗുംബെ അല്ല കടകളൊക്കെ വന്നു ചെറിയൊരു ടൌൺ പോലെ ആയി.



വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിൽ ഒരു ഗാർഡ് തടഞ്ഞു . കൊറോണ മൂലം പ്രേവേശനമില്ലത്രേ. കുന്ദ്രാന്ദ്രി ഓപ്പൺ ആണോ എന്ന് ചോദിച്ചപ്പോൾ ആൾ പോകാനുള്ള വഴി പറഞ്ഞു തന്നു. കന്നഡ ഒരു അക്ഷരം പോലും എനിക്ക് മനസിലാകില്ല . ഹിന്ദി വച്ചാണ് അഡ്ജസ്റ്റ് ചെയ്യുക. തിരികെ അഗുംബെയിലേക്കു നടന്നു . ഒരു പഴയ മോസ്‌ക് വഴിയിൽ കാണാം. അതിന്റെ പഴക്കം കാണുമ്പോൾ ഖസാക്കിന്റെ ഇതിഹാസത്തിലെ പള്ളിപോലെ തോന്നും . ചെറിയൊരു പള്ളിയും ശാന്തമായ ഗ്രാമവും . 

    



തിരികെ നടക്കുമ്പോൾ ഇനി എന്താണ് പ്ലാൻ എന്നാണ് ആലോചിച്ചുകൊണ്ടിരുന്നത്. കുന്ദ്രാന്ദ്രിയിൽ വൈകുന്നേരം പോകാം. അഗുംബെയ്ക്കു തൊട്ടടുത്ത് Green Point  എന്ന് ഗൂഗിളിൽ കാണിക്കുന്ന ഒരു സ്ഥലമുണ്ട്. പുൽമേടുകളാണ് അവിടെ . അങ്ങോട്ട് നടന്നു. രണ്ടു വര്ഷം മുൻപേ ഇവിടെ വന്നപ്പോൾ എല്ലാരും ഇരുന്നു സംസാരിച്ച സ്ഥലത്തൂടെ ആണ് വഴി . അന്ന് ഈ സ്ഥലമുള്ള കാര്യം അറിഞ്ഞിരുന്നെങ്കിൽ പോകാമായിരുന്നു . വഴിയിൽ ഒന്ന് രണ്ടു പട്ടികൾ അല്ലാതെ ആരുമില്ല.





നല്ല silence ആണ് അഗുംബെയുടെ ഹൈലൈറ്റ് . ഇടയ്ക്കു ഇടയ്ക്കു ചീറിപ്പായുന്ന ബസ്സിന്റെ ഹോൺ മാത്രമാണ് ശല്യം . ഒരു അര കിലോമീറ്റർ നടന്നപ്പോഴേക്കും സ്ഥലത്തെത്തി . അതിനു ചുറ്റും ഒരു വെള്ള ചാട്ടമുണ്ട് . മാപ്പിൽ കൃത്യമായ വഴി ഇല്ല. ഒരു ഊഹം വച്ചു നടന്നു. ചെറിയൊരു കാട്ടിലേക്കു കയറി. പക്ഷികളുടെ ശബ്ദം മാത്രം. കുറെ നടന്നപ്പോൾ സോമേശ്വര വൈൽഡ്‌ലൈഫ് sanctuary യുടെ ബോർഡ് കണ്ടു.അതിനപ്പുറത്തേക്ക് പ്രേവശനമില്ല. അതിക്രമിച്ചു കടന്നു ഇനി ഏതേലും ഗാർഡ് കണ്ടാലോ എന്ന് പേടിച്ചു ഞാൻ അകത്തേക്കു കയറിയില്ല. എന്തെങ്കിലും പ്രേശ്നമായാൽ ഇനിയുള്ള യാത്ര മുഴുവൻ അവതാളത്തിലാകും. വേറെ വഴി നടന്നു . അത് അഗുംബെ Rain റിസർച്ച് ഇൻസ്റിറ്റ്യൂട് ലേക്കുള്ള വഴിയാണ് അതിന്റെ ഗേറ്റ് വരെ നടന്നു . ഈ നടന്ന ദൂരം മുഴുവൻ തിരികെ നടക്കണമല്ലോ എന്നാലോചിച്ചു ഇരിക്കുമ്പോൾ ഒരു ബൈക്ക് വന്നു . തടഞ്ഞു നിർത്തി അഗുംബെ എന്ന് പറഞ്ഞപ്പോൾ ആൾ വഴി പറഞ്ഞു തന്നു . ലിഫ്റ്റ് എന്ന് പറഞ്ഞപ്പോൾ ചിരിച്ചോണ്ട് പറ്റില്ല എന്ന് പറഞ്ഞു . ആൾക്ക് ഞാൻ പറഞ്ഞത് മനസിലാകാത്തത് ആണോ അതോ വേറെ എന്തെങ്കിലുമാണോ എന്ന് മനസിലായില്ല. 

          


അവിടെയൊക്കെ ചുറ്റിത്തിരിഞ്ഞു ഞാൻ തിരികെ നടന്നു. പുൽമേടുകളിൽ രണ്ടു മൂന്നു പട്ടികൾ ഉണ്ട്. അവരൊന്നും ഒന്നും ചെയ്യില്ല എന്ന വിശ്വാസത്തിൽ അതിലൂടെ നടന്നു. കുറച്ചു നേരം അവിടെ ഇരുന്നു . മടുത്തപ്പോൾ തിരികെ അഗുംബെയിലേക്കു നടന്നു.






ഉച്ചയായി . കഴിക്കാൻ രാവിലെ കഴിച്ച അതെ ഹോട്ടലിൽ കയറി.കന്നഡ മീൽസ് എനിക്കിഷ്ടല്ല. മഷ്‌റൂം ബിരിയാണി പറഞ്ഞു . കുറച്ചു കഴിഞ്ഞപ്പോൾ ആ ചെറുപ്പക്കാരി വന്നു എന്തോ ചോദിച്ചു എനിക്കൊന്നും മനസിലായില്ല. ഞാൻ വീണ്ടും “മഷ്‌റൂം ബിരിയാണി “ എന്ന് മാത്രം പറഞ്ഞു . അവർ ഹൈദരബാദ് ബിരിയാണി, same  എന്നൊക്കെ പറയുന്നുണ്ട്. ഞാൻ “ഒകായ് “ എന്ന് മാത്രം പറഞ്ഞു . എന്തെങ്കിലും ആകട്ടെ മഷ്‌റൂം ഉള്ള ഒരു ബിരിയാണി കിട്ടിയാൽ മതി. ലേശം ഉപ്പുകൂടുതൽ ആയിരുന്നെങ്കിലും നല്ല വിശപ്പ് ഉള്ളോണ്ട് മുഴുവൻ കഴിച്ചു . ഒരു കാപ്പിയും കുടിച്ചു. 

            


തലേ ദിവസത്തെ യാത്ര ക്ഷീണം ഉള്ളതുകൊണ്ട് റൂമിൽ പോയി കുറച്ചു നേരം ഉറങ്ങി. റൂമിൽ നല്ല തണുപ്പാണ്. വൈകുന്നേരം കുന്ദ്രാന്ദ്രി പോകാൻ മാത്രമേ പ്ലാൻ ഉള്ളൂ . പണ്ട് ഞാനും തടിയനും ഇവിടെ നിന്ന് ഓട്ടോ പിടിച്ചാണ് കുന്ദ്രാന്ദ്രി പോയത് . ഒരു പോയിന്റ് വരെ ബസ് നു പോയാൽ അവിടെ നിന്ന് ഓട്ടോ ചാർജ് കുറവായിരിക്കും എന്ന് ഗൂഗിൾ മാപ് നോക്കി മനസിലാക്കി. അത് ശെരിയാണോ എന്നറിയാൻ താഴെ ആ പയ്യന്റെ അടുത്ത് പോയി. ഭാഗ്യത്തിന് കൂടെ ഹിന്ദി അറിയാവുന്ന ഒരാളുണ്ടായിരുന്നു. Guddekeri വരെ ബസ്സിന്‌ പോകാം . അവിടെ നിന്ന് ഓട്ടോ കിട്ടും.


                             



പവർ ബാങ്കും കുടയും ഒരു കവറിലാക്കി ഞാൻ ഷിമോഗ ബസ്സിൽ കയറി . ബസ്സിൽ നല്ല തിരക്കാണ് . Guddekari ഒരു പത്തു കിലോമീറ്റർ ദൂരെയാണ്. രണ്ടു പെൺകുട്ടികൾ മൊബൈലിൽ നോക്കി എന്തൊക്കൊയോ സംസാരിക്കുന്നു . മലയാളമല്ലെ അത് ? അതോ എനിക്ക് തോന്നുന്നതാണോ ? അവരെ കണ്ടാൽ മലയാളികൾ ആണെന്നു തോന്നുന്നുമില്ല.പിന്നെ അവർ ഉച്ചത്തിൽ സംസാരിച്ചപ്പോൾ മലയാളം തന്നെ ആണ് അവർ സംസാരിക്കുന്നത് എന്ന് മനസിലായി . മണിപ്പാലിൽ പഠിക്കുന്നവരാണോ ? എങ്കിൽ ഷിമോഗ ബസിൽ എവിടെ പോകുവാണ് ? അതോ ഷിമോഗയിൽ താമസിക്കുന്നവരാണോ ? ഷിമോഗയിൽ മലയാളികൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട് . എന്തായാലും ഞാൻ ചോദിക്കാൻ നിന്നില്ല. ഗൂഗിൾ മാപ്പ് നോക്കി എന്റെ സ്റ്റോപ്പ് എത്താറായോ എന്ന് നോക്കി. സ്ഥലമെത്തിയപ്പോൾ ഇറങ്ങി. ഒരു ഓട്ടോ മാത്രം കിടപ്പുണ്ട് . എന്റെ കൂടെ 3 പേര് കൂടെ ഇറങ്ങിയിട്ടുണ്ട്. ഞാൻ ആ ഓട്ടോ പോയാലോ എന്നു കരുതി വേഗം ചെന്നു . ചേട്ടന് ഹിന്ദി അറിയാം . ഭാഗ്യം ! കുന്ദ്രാന്ദ്രി പോകാൻ 300 രൂപയാകും . 150 രൂപയ്ക്കു എന്നെ ഒരിടത്തു ഇറക്കും അവിടന്ന് മൂന്നു കിലോമീറ്റർ ഞാൻ നടക്കണം .തിരികെ എത്തുമ്പോൾ ഓട്ടോ ചേട്ടനെ വിളിച്ചാൽ എന്നെ വന്നു കൂട്ടികൊണ്ടു പോകും. വേറെ വഴിയില്ലാത്തതുകൊണ്ടു ഞാൻ കയറി . കൂടെ ഇറങ്ങിയ മൂന്നു പേരെയും കൂടെ ചേട്ടൻ കയറ്റി. ഉൾഗ്രാമം ആയതുകൊണ്ട് അവർക്കു നടക്കാൻ ഒരുപാടുണ്ട്. അവരും കയറട്ടെ . രണ്ടു ചേച്ചിമാർ എന്റെ ഒപ്പവും ഒരു ചേട്ടൻ ഡ്രൈവറുടെ കൂടെയുമാണ് ഇരിക്കുന്നത്. അവർ നാട്ടുവർത്തമാനമൊക്കെ പറഞ്ഞിരിക്കുന്നു. ഓട്ടോ ചാർജ് ഒരുപാട് ചോദിച്ചാൽ ഈ പോകുന്ന ദൂരവും നടക്കാൻ എനിക്കൊരു പ്ലാനുണ്ടാർന്നു. പക്ഷേ ഒരുപാട് ദൂരമുണ്ടെന്നു പോയപ്പോൾ മനസ്സിലായി . ഓട്ടോക്കാരൻ കൂടെ ഇരുന്ന നാട്ടുകാരനോട് ഹിന്ദിക്കാരൻ എന്ന് പറയുന്നത് ഞാൻ കേട്ടു . എന്നെപറ്റിയാണ് അവർ പറയുന്നത് . 


“ഹിന്ദി നഹി മലയാളം “ 



“ഓഹ് കേരള “ 



“എസ്‌ “



ചേച്ചിമാർ ഇറങ്ങിയപ്പോൾ ഓട്ടോക്കാരൻ അവരുടെ കയ്യിൽ നിന്നും ഇരുപതു രൂപ വീതം വാങ്ങി. ഞാൻ കൊടുക്കുന്ന നൂറ്റന്പതു് കൂടാതെയാണ് ഇത്. എനിക്ക് കന്നഡ അറിയുമായിരുന്നെകിൽ ഞാൻ അവരോട് പൈസ കൊടുക്കണ്ട എന്ന് പറഞ്ഞേനെ. 



ഒരു കുന്നിന്റെ താഴെ ഇറക്കിയിട്ടു ചേട്ടൻ ഫോൺ നമ്പർ തന്നു . മൂന്നു കിലോമീറ്റർ മാത്രമേ ഉളളൂ എന്ന വിശ്വാസത്തിൽ ഞാൻ നടന്നു. നല്ല കിതപ്പ് വൈകാതെ തന്നെ തുടങ്ങി. കാട്ടിലൂടെ ഉള്ള നടപ്പായോണ്ട് ചെറിയൊരു തണുപ്പുണ്ട്. എങ്കിലും വിയർത്തു തുടങ്ങി. കഴിഞ്ഞ തവണ വന്നപ്പോ അമൃത് ഈ കയറ്റമെല്ലാം സ്കോര്പിയോയിൽ കയറ്റിയതാണ്. വഴിയിലെങ്ങും ആരുമില്ല.ഏതാണ്ടൊരു കിലോമീറ്റർ കഴിഞ്ഞു എന്ന് എനിക്ക് തോന്നിയപ്പോൾ ഒരു കാർ താഴേക്ക് പോയി.നടന്നു പോകുന്ന മണ്ടൻ ഏതാ എന്ന ഒരു നോട്ടവും അവർ നോക്കി . 



                                        


കയറിയിട്ടും കയറിയിട്ടും അങ്ങ് ചെല്ലുന്നില്ല. എന്റെ കയ്യിൽ വെള്ളവുമില്ല.നടന്നു മടുത്തു .ഓരോ വളവു തിരിയുമ്പോഴും വിചാരിക്കും തീർന്നു എന്ന്. എവിടന്ന് !!! അവസാനം എത്താറായി എന്ന് തോന്നിയപ്പോൾ ഒരു സ്കൂട്ടറിന്റെ സൗണ്ട് കേട്ടു . എന്തായാലും വേണ്ടില്ല കൈ കാണിക്കാം എന്നു കരുതി . പക്ഷേ അതിനുമുമ്പേ വണ്ടി നിർത്തി എന്നോട് ആ പയ്യൻ ചോദിച്ചു ലിഫ്റ്റ് വേണോ എന്നു . അങ്ങനെ അവന്റെ കൂടെ അവസാന വളവും കയറി . 



അവന്റെ പേര് ഹിതേഷ് . ബാംഗ്ലൂർ ആണ് താമസം . ഇവിടെ മണിപ്പാലിൽ കൂട്ടുകാരന്റെ അടുത്തു വന്നപ്പോൾ ഒന്നു കറങ്ങാൻ ഇറങ്ങിയതാണ്. കുന്ദ്രാന്ദ്രിയുടെ മുകളിലേക്കു ഞങ്ങൾ സംസാരിച്ചുകൊണ്ടു കയറി . കേരളത്തിൽ നിന്നു അഗുംബെ അന്വേഷിച്ചു ഞാൻ വന്നു എന്നറിഞ്ഞപ്പോൾ അവനു അത്ഭുതം . ഇതെന്റെ മൂന്നാം വരവാണ് എന്നും അറിഞ്ഞപ്പോൾ വീണ്ടും പയ്യൻ ഞെട്ടി. അവന്റെ favourite സംസ്ഥാനം കേരളമാണ്. എന്റെ കർണാടകയും !! ഞങ്ങൾ രണ്ടാളും ഹാപ്പി. മുകളിൽ എത്തി കുറച്ചു നേരം സംസാരിച്ചു . ഇവിടെ ഒരു മണിക്കൂർ ഇരുന്നിട്ട് താഴേക്കു പോകാൻ ആയിരുന്നു എന്റെ പ്ലാൻ. ഇവന്റെ കൂടെ തിരികെ പോകണമെങ്കിൽ വേഗം പോകണം . എന്റെ മനസ്സറിഞ്ഞപോലെ ഹിതേഷ് പറഞ്ഞു. 


“നിങ്ങൾക്കു പോകുമ്പോൾ പറഞ്ഞാൽ മതി ഞാൻ വെയിറ്റ് ചെയ്യാം “ 

           
ഹിതേഷ് 



അവനു sunset കാണാൻ പോകണമെന്നുണ്ട് . ഒരുപാട് നേരം നിർത്തുന്നത് ശെരിയല്ലല്ലോ . ഞാൻ ഒരു അര മണിക്കൂർ ഇവിടിരിക്കാം എന്ന് പറഞ്ഞു . ഇൻസ്റ്റാഗ്രാം ഐഡി കൈമാറി. അവൻ എന്നെ തനിയെ വിട്ടു . പോകാൻ നേരം പറഞ്ഞാൽ മതിയെന്നും പറഞ്ഞു. 

ഞാൻ ഹാപ്പി..

 

ഞാൻ അവിടെല്ലാം ചുറ്റിക്കറങ്ങി കഴിഞ്ഞ വര്ഷം വന്നപ്പോൾ കോടമഞ്ഞു കാരണം ഒന്നും കാണാൻ പറ്റിയില്ല. ഇപ്പോൾ കോടയില്ല .എല്ലാം വ്യക്തമായി കാണാം . അങ്ങകലെ ഒരു സ്കൂൾ പോലെ ഒരു കെട്ടിടം കാണാം. കുന്ദ്രാന്ദ്രിയിലേക്ക് ഓട്ടോ തിരിഞ്ഞ വഴി നേരെ പോയാൽ അവിടെത്താം. വണ്ടിയിൽ വരുമ്പോൾ അവിടെയും പോകണം . കുന്ദ്രാന്ദ്രിയിൽ ഉള്ള ജെയിൻ ക്ഷേത്രത്തിനു ഇപ്പോൾ ചുറ്റുമതിൽ ഒക്കെ ഉണ്ട് . ഞാനും തടിയനും വന്നപ്പോൾ അതൊന്നുമില്ലായിരുന്നു . അടുത്തുള്ള കുളത്തിൽ വെള്ളം കുറവാണു . 

 


               

ഞാൻ ഒരിടത്തു ഇരുന്നു . ഹിതേഷിന്റെ ഇൻസ്റ്റാഗ്രാം നോക്കി . പയ്യൻ നല്ലൊരു ട്രാവലർ ആണെന്നു മനസിലായി. നല്ല ഫോട്ടോസും . 




അവൻ എന്റെയും നോക്കിയിരുന്നു. 



“കുറേ യാത്ര പോയിട്ടുണ്ടല്ലോ “ അവൻ ചോദിച്ചു 



“ആ അതൊക്കെ പണ്ട് പോയതാ “ (അതൊക്കെ ഒരു കാലം )



ഞങ്ങൾ തിരികെയിറങ്ങി. ഹിതേഷിന് വാഗമൺ ആണ് മുന്നാറിനേക്കാൾ ഇഷ്ടം . വയനാട് ചെമ്പ്ര പീക്ക് കേറിയിട്ടുണ്ട്. ആലപ്പുഴ, വർക്കല, കൊച്ചി അങ്ങനെ ചെക്കൻ അത്യാവശ്യം കേരളം കണ്ടിട്ടുണ്ട്. എന്റെ പ്ലാൻ ചോദിച്ചപ്പോൾ ഞാൻ ശൃംഗേരി-ചിക്കമഗളൂരു അവിടെ Z point ട്രെക്കിങ്ങ് , മുള്ള്യാഞ്ചിരി  പിന്നെ കുദ്രെമുഖ് എന്നൊക്കെ പറഞ്ഞു .



“നല്ല ഗവേഷണം നടത്തിയിട്ടുണ്ടല്ലേ “




“ഹെഹെ കർണാടക അരിച്ചു പെറുക്കാൻ തന്നെയാണ് ഉദ്ദേശം “



"എന്താ അഗുംബെ ഇഷ്ടമാകാൻ കാരണം ?"
ഈ ചോദ്യം എന്നോട് പലരും ചോദിച്ചിട്ടുള്ളതാണ് . ശെരിക്കും എനിക്കും അറിയില്ല എന്താ കാരണമെന്നു . മൂന്ന് തവണ വന്നിട്ടുണ്ടെങ്കിലും ഇനിയും പല സ്ഥലത്തും പോകാനുണ്ട്.ഇപ്പൊ മുകളിൽ വച്ചു കണ്ട സ്‌കൂൾ പോലത്തെ കെട്ടിടം ഇരിക്കുന്ന ഭാഗമെല്ലാം ഇനി എന്നെങ്കിലും ബൈക്ക് ൽ വരുമ്പോൾ പോകണം. അങ്ങനെ ഈ ഏരിയ ഇനിയും ഒരുപാടു തവണ വരണെമന്നുണ്ട്.

ഹിതേഷ് മാൽഗുഡി ഡേയ്സ് കണ്ടിട്ടുണ്ടെങ്കിലും doddumane യെ പറ്റി കേട്ടിട്ടിലായിരുന്നു. ഞാൻ അതെല്ലാം പറഞ്ഞു കൊടുത്തു . വഴിയിൽ ഞങ്ങൾ doddumane യിൽ നിർത്തി. പ്രായമായവർ ഉള്ളതുകൊണ്ട് ഇപ്പോൾ ആരെയും അകത്തേക്കു കയറ്റാറില്ലത്രേ . ജനനിലൂടെ ഉൾഭാഗം കണ്ടു ഞങ്ങൾ sunset പോയിന്റിലേക്കു പോയി.



  



ഇടയ്ക്കു വഴിയിൽ നിർത്തി ഞങ്ങൾ സെൽഫി എടുത്തു . sunset പോയിന്റ് എത്തി . അവിടെ നിന്നും കുറെ സംസാരിച്ചു. സിനിമ,യാത്ര,യൂട്യൂബ് വ്ലോഗ്, ഭക്ഷണം….അങ്ങനെ കുറെ. ഹിതേഷിന് ദൂദ് സാഗർ ട്രെക്കിങ്ങിനു പോകാൻ പ്ലാൻ ഉണ്ട്. അത് മുടങ്ങിയാൽ ഞങ്ങളുടെ കൂടെ കുദ്രെമുഖ് വന്നോട്ടെ എന്നു ചോദിച്ചപ്പോൾ ഞാൻ വരാൻ പറഞ്ഞു.എന്നെ തിരികെ അഗുംബെ വിടാമെന്ന് പറഞ്ഞെങ്കിലും ഞാൻ ബസ്സിന്‌ പൊയ്ക്കോളാമെന്നു പറഞ്ഞു അവനെ യാത്രയാക്കി. 



ഇരുട്ടായി. ഞാൻ മുകളിലേക്കു നടന്നു . ചെക്ക്പോസ്റ് ന്റെ അവിടെ ബസ്സു കാത്തു നിന്നു. ബസ്സിറങ്ങി ഹോട്ടലിലേക്ക് കയറി ഒരു കാപ്പി കുടിച്ചു . എപ്പോൾ അടയ്ക്കും എന്നൊക്കെ ചോദിച്ചു മനസിലാക്കി റൂമിലെത്തി. കുളിച്ചു ഫ്രഷായി വന്നു ഭക്ഷണം കഴിച്ചു.



അഗുംബെയിൽ ഇനി നിന്നിട്ടു കാര്യമില്ല. നാളെ നേരത്തെ ഇവിടുന്നു ഇറങ്ങിയാൽ ശൃംഗേരി വഴി ചിക്കമഗളൂരു എത്താം , അവിടെ ഇത്തവണ പോകണ്ട എന്ന് വിചാരിച്ച Z പോയിന്റ് ട്രെക്കിങ്ങിനു പോകാം . കുദ്രെമുഖ് നു 3 ദിവസം ഇനിയുമുണ്ട്. അതുകൊണ്ട് നാളെ ട്രെക്കിങ്ങ് ചെയ്താലും കുഴപ്പമില്ല. 


ശൃംഗേരിയ്ക്കു പോകാനുള്ള ബസ് അന്വേഷിക്കണം . ഹോട്ടലിലെ ചേട്ടൻ പറഞ്ഞു രാവിലെ ആറു മുതലുണ്ടെന്നു . ലോഡ്‌ജിലെ ഒരു ചേട്ടൻ പറഞ്ഞത് 9 മണി എന്നാണ് . എന്തായാലും ബസ് സ്റ്റാൻഡിൽ പോയി ചോദിക്കാം എന്ന് കരുതി അവിടെ ചെന്നപ്പോൾ അവിടെ ഒരു കട മാത്രമേ ഉളളൂ . അവിടത്തെ ചേട്ടൻ പറഞ്ഞതും ഒൻപതു മണി എന്നാണ് . 



“ഏഴരയ്ക്കുള്ള ബസ്സിൽ കയറി Bidargodu ഇറങ്ങിയാൽ അവിടന്ന് ശൃംഗേരി ബസ് കിട്ടും “ 


അവിടൊരു സീറ്റിൽ ഇരുന്ന ഒരു ചേച്ചി ഇംഗ്ലീഷിൽ പറഞ്ഞു. അവരോടു താങ്ക്‌സും പറഞ്ഞു ഞാൻ റൂമിലെത്തി കിടന്നു .

               





അതിരാവിലെ എണീറ്റ് കുളിച്ചു ബസ് സ്റ്റാൻഡിൽ എത്തി . ഇന്നലെ എനിക്ക് വഴി പറഞ്ഞു തന്ന ചേച്ചി അവിടന്ന് ഏതേലും ബസിനു വെയിറ്റ് ചെയ്യുന്ന ആളാണ് എന്നാണ് കരുതിയത്. പക്ഷേ ആ ചേച്ചിക്ക് സ്റ്റാൻഡിൽ ഒരു കടയുണ്ട്. ഞാൻ ചെല്ലുമ്പോൾ അവർ കട തുറക്കാനുള്ള തയ്യാറെടുപ്പിലാണ് . എന്നെ കണ്ടു അവർക്കു മനസ്സിലായി. ഏഴരയുടെ ബസ് വരുന്ന സ്ഥലമൊക്കെ പറഞ്ഞു തന്നു. ഞാനൊരു കാപ്പിയും കുടിച്ചു ബസ് നോക്കി നിന്നു . ബസ്സിൽ ആകെ മൂന്നാലു പേരേ ഉള്ളൂ . പോകുന്ന വഴി കുറച്ചു സ്‌കൂൾ പിള്ളേർ കയറി. 


                   


Bidargodu ബസ്സിറങ്ങി ശൃംഗേരി ബസ് അന്വേഷിച്ചപ്പോൾ എല്ലാരും പറഞ്ഞത് ഒൻപതു മാണി ആകും എന്നാണ് . അതായത് അഗുംബേയിൽ നിന്ന് ബസ് വരണം . 



അവിടെ ഒരു ബേക്കറിയുടെ മുൻപിൽ ഇരുന്നു . ഒന്ന് രണ്ടു ബസ് കടന്നു പോയി. അതൊന്നും പക്ഷെ ശൃംഗേരി പോകില്ല.എന്റെ ബസ് വന്നപ്പോൾ അതിൽ നല്ല തിരക്ക് . സ്കൂൾ പിള്ളേരാണ് മുഴുവൻ . അതിൽ ഒരുവിധം കടന്നു കൂടി. ഞാൻ ഉഡുപ്പിയിൽ നിന്നും വന്ന അതെ ബസ്സാണ് ഇതും .കണ്ടക്ടറിനെ കണ്ടപ്പോഴാണ് അത് മനസിലായത്. ഇടയ്ക്കൊരു പെൺകുട്ടി വഴിയിൽ നിന്നും കയറി. ഒരു മൂന്നാലു വലിയ ബാഗുണ്ട് . കണ്ടക്ടർ അതെല്ലാം കയറ്റി ഒതുക്കാൻ സഹായിക്കുന്നു.


                                 

ഏതാണ്ട് അര മണിക്കൂർ യാത്രയ്‌ക്കൊടുവിൽ ശൃംഗേരിയെത്തി. ബാഗ് ക്ലോക്ക് റൂമിൽ വച്ചു ഞാൻ അകത്തേക്ക്ക യറി . ഇവിടെ രണ്ടാം വരവാണ് . അകത്തേക്കു കയറുമ്പോൾ നമ്മൾ ഐഡി കാർഡ് കാണിക്കണം . ഞാൻ ചെറിയൊരു പേടിയോടെ എന്റെ ലൈസൻസ് എടുത്തു കൊടുത്തു. ക്രിസ്ത്യൻ പേരു കണ്ടു എന്നോട് അകത്തേക്കു കയറേണ്ട എന്ന് പറയുമോ എന്നാണ് പേടി. അയാൾക്കു മനസിലാകാത്തത് കൊണ്ടാണോ എന്തോ ഒന്നും പറഞ്ഞില്ല.അമ്പലത്തിന്റെ അകത്തു എന്തോ ശ്ലോകങ്ങൾ എല്ലാരും ഒരുമിച്ചിരുന്നു ചൊല്ലുന്നു. ഒന്നും മനസിലായില്ല എങ്കിലും കേൾക്കാൻ നല്ല രസം . അതും കേട്ടിരുന്നു കുറച്ചു നേരം . പിന്നെ പുറത്തിറങ്ങി സൗപർണിക നദിയിൽ ഇപ്പോൾ വെള്ളമുണ്ട്. അമ്പലം ഒന്ന് ചുറ്റി കണ്ടു ഫോട്ടോ എടുത്തതിനു ശേഷം ഞാൻ ഭക്ഷണം കഴിക്കാൻ കയറി. 



 


രണ്ടു കിളവന്മാർ നടത്തുന്ന ഹോട്ടലാണ് . അവർ തന്നെയാണ് ക്ലീനിങ്ങും എല്ലാം . കിടിലൻ മസാലദോശയായിരുന്നു . വലുപ്പം കുറവായിരുന്നു. കാപ്പി പറഞ്ഞപ്പോൾ ഞാൻ ഇതുവരെ കാണാത്ത അത്ര ചെറിയ ഗ്ലാസ് . ഇവരുടെ കാപ്പി ഇഷ്ടമായിട്ടാണ് കർണാടകം വന്നിട്ട് ഇങ്ങനെ കാപ്പി കുടിക്കുന്നത്. എന്നാ ഇവർക്ക് കുറച്ചു അധികം തന്നുടെ ? ചെറിയ ദോശ കുഞ്ഞു കാപ്പി പക്ഷെ പൈസയ്ക്കു ഒരു കുറവുമില്ല.




                                                 


ബസ് സ്റ്റാൻഡിൽ ചെന്നപ്പോൾ ചിക്കമഗളൂരു ബസ്സുണ്ട് . അതിൽ കയറി . ഇടയ്ക്കു വീട്ടിലേക്കൊന്നു വിളിച്ചു . ചിക്കമഗളൂരു നിന്ന് കാപ്പി വാങ്ങാനോ എന്നറിയാൻ വിളിച്ചതാണ് . അപ്പോഴാകട്ടെ ലിസികുട്ടിയും പപ്പയും വീട്ടിലെ കാപ്പിക്കുരു പറയ്ക്കുവാണ് . അതുകൊണ്ടു കാപ്പിപ്പൊടി കൊണ്ട് അങ്ങോട്ട് വരണ്ടാ എന്നു ലിസിക്കുട്ടി പറഞ്ഞു.അല്ലെങ്കിലും എനിക്കു വാങ്ങാൻ പ്ലാനൊന്നുമില്ലായിരുന്നു. പിന്നെ ഇനി എന്നാണ് നാട്ടിൽ പോകുക എന്നും അറിയില്ല. ബസ്സ് ഏതാണ്ട് പതിനൊന്നു മണിക്ക് സ്റ്റാർട്ട് ചെയ്തു. 







Malenadu Memories 02 Z point Chikkamagaluru : Click here















No comments

Powered by Blogger.