Malenadu Memories 02 | Z Point | Chikkamagaluru

           



Malenadu Memories 01 : Agumbe & Sringeri Click Here

ഏതാണ്ട് മൂന്നര മണിക്കൂർ യാത്രയുണ്ട് ചിക്കമഗളൂരു എത്താൻ. തുടക്കം മുതൽ ഒടുക്കം വരെ ഇരുവശത്തും കാപ്പിത്തോട്ടങ്ങൾ മാത്രം. വയനാടിൽ കാപ്പിത്തോട്ടങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും തോട്ടങ്ങൾ, അതും ഇത്രയും ദൂരം ആദ്യമായിട്ടാണ് കാണുന്നത് . ഇതിനൊരു അവസാനമില്ലേ എന്നാലോചിച്ചു ഞാനിരുന്നു. 

  


ചിക്കമഗളൂരിൽ ഒരു സ്‌കൂട്ടർ ബുക്ക് ചെയ്തിട്ടുണ്ട്. സ്‌കൂട്ടർ ഉണ്ടെങ്കിലേ Z പോയിന്റ് പോകാനാകൂ . പിന്നേ മുല്യങ്കിരിയിൽ രാവിലെ എത്തണമെങ്കിലും സ്‌കൂട്ടർ വേണം.അതുകൊണ്ടു അഗുംബെയിൽ നിന്നു തന്നെ ഞാൻ ഇത് ബുക്ക് ചെയ്തു.ഒരു മണിക്ക് എത്തും എന്നാണ് കരുതിയത് . എന്നെ അവിടന്ന് ഇടയ്ക്കു വിളിക്കുന്നുണ്ട് എത്തിയോ എത്തിയോ എന്നും ചോദിച്ചു .




സൈഡ് സീറ്റിൽ ആരുമില്ല. ബലഹൊന്നുർ എത്തിയപ്പോൾ ഒരു അപ്പാപ്പൻ കയറി . ഞാൻ വേറൊരു പണിയും ഇല്ലാത്തോണ്ട് ഒരു സിനിമ കാണുവായിരുന്നു . സിനിമ തുടങ്ങി കുറച്ചായെങ്കിലും അപ്പാപ്പൻ എന്റെ കൂടെ കാണാൻ തുടങ്ങി. കണ്ണ് പിടിക്കാത്തൊണ്ട് ആവും മുഖം അടുത്തേക്ക് പിടിച്ചാണ് അപ്പാപ്പന്റെ ഇരിപ്പു.കുറച്ചു കഴിഞ്ഞപ്പോൾ ആൾടെ മുഖം എന്റെ തോളിൽ ആണ് വച്ചേക്കുന്നേ. 



കിളവൻ ആയോണ്ട് ഞാനൊന്നും പറഞ്ഞില്ല. ആൾക്ക് കാണാൻ പറ്റുന്ന രീതിയിൽ ഞാൻ മൊബൈൽ തിരിച്ചു പിടിച്ചു.കുറച്ചു കഴിയുമ്പോളുണ്ട് അങ്ങേര് കണ്ണട ഒക്കെ വച്ചിരിക്കുന്നു. അപ്പൊ രണ്ടും കൽപ്പിച്ചാണ് !!


 ഏതാണ്ടൊരു മണിക്കൂർ കഴിഞ്ഞപ്പോൾ ആൾ എണീറ്റു . ഒരു ചേച്ചിയും ഒരു ചെറിയ കുഞ്ഞും കയറി. ഒരു സുന്ദരി കുട്ടി . അവൾ ഉടനെ ഉറങ്ങി. എന്റെ മടിയിൽ ആണ് അവളുടെ കൈ. 'അമ്മ ഇടയ്ക്കതു കണ്ടു കൈ എടുത്തു മാറ്റി. എനിക്ക് ബുദ്ധിമുട്ടായി എന്ന് തെറ്റിദ്ധരിച്ചാണ് അങ്ങനെ ചെയ്തത് . അവർ ചിക്കമഗളൂരു വരെയുണ്ടായിരുന്നു. ഒരു ഹാൻഡ്ബാഗും ഒരു വലിയ ബാഗും ആ കൊച്ചിനെയും കൊണ്ട് ഒരുവിധമാണ് അവർ നടക്കുന്നത്.

                                 

ഒന്നര കഴിഞ്ഞപ്പോൾ സ്ഥലത്തെത്തി. ഇറങ്ങിയപ്പോൾ തന്നെ ഒരു കാപ്പിയുടെ മണം. ചിക്കമഗളൂരു കാപ്പിയുടെ നാടാണ് . സ്കൂട്ടറിന്റെ ആളെ വിളിച്ചു. ആൾ വരുന്ന സമയത്തു ഞാൻ ഒരു റൂം ബുക്ക് ചെയ്തു . സ്കൂട്ടറിന്റെ നിബന്ധനകളെല്ലാം പറഞ്ഞു തന്നു ആൾ താക്കോൽ തന്നു . 137 കിലോമീറ്റർ ആണ് പരിധി . അതിനപ്പുറം ഓരോ കിലോമീറ്ററിനും 4 രൂപ വീതം കൊടുക്കണം .എല്ലാം മൂളി കേട്ടു ഞാൻ റൂമിലേക്കു പോയി .



എന്റെ ഐഡി കാർഡ് കണ്ടു റിസെപ്ഷന്സിട് ലെ പയ്യൻ ചോദിച്ചു 


“മലയാളം അറിയുവോ “



“പിന്നെ അറിയാത. നിങ്ങൾ മലയാളി ആണോ ?”



“അച്ഛനും അമ്മയും അതെ , ജനിച്ചതൊക്കെ ഇവിടാണ് “



സമാധാനമായി . ഇവനോട് എന്തെങ്കിലും സംശയം ചോദിക്കാലോ . Z പോയിന്റ് ട്രെക്കിങ്ങ് ഇപ്പൊ ഓപ്പൺ അല്ലെ എന്നൊക്കെ ചോദിച്ചു മനസിലാക്കി ഞാൻ റൂമിലെത്തി . ഫോണും പവർ ബാങ്കും കുടയും എടുത്തു ഞാൻ താഴേക്കിറങ്ങി. ഏതാണ്ട് അറുപതു കിലോമീറ്റർ ഉണ്ട് അവിടെത്താൻ . എനിക്ക് ആണെങ്കിൽ മൂന്നരയ്ക്കു ഒരു മീറ്റിംഗിന് കേറണം അതുകൊണ്ട് അതിനു മുൻപേ അവിടെത്തണം . 



രണ്ടേകാലിനു സ്റ്റാർട്ട് ചെയ്തു . ടൌൺ കഴിഞ്ഞതും തിരക്കൊഴിഞ്ഞു . അത്യാവശ്യം നല്ല റോഡ് ആണ് . ചെറിയ തണുപ്പുണ്ട് പോകുമ്പോൾ. ഞാൻ ജാക്കറ്റ് വണ്ടിയിട്ട് അകത്തു വച്ചിട്ടുണ്ട്. അതിടേണ്ട ആവശ്യമില്ല. പോരുമ്പോൾ 300 രൂപയ്ക്കു പെട്രോൾ അടിച്ചിരുന്നു. പിന്നെ ആണ് ഓർത്തത്. അത് മൂന്ന് ലിറ്റർ പോലുമില്ല. അത് തികയാൻ ചാൻസ് ഇല്ല.തിരിച്ചു വരുമ്പോൾ പണി കിട്ടും. അതാലോചിച്ചു ടെൻഷൻ അടിച്ചു പോകുമ്പോൾ അഞ്ചു കിലോമീറ്റര് അകലെ ഒരു പമ്പ് ഉണ്ടെന്ന ബോർഡ് കണ്ടത്.


സമാധാനം 



അവിടന്ന് പെട്രോളും അടിച്ചു യാത്ര തുടർന്നു 

                             

ഇടയ്ക്കിടയ്ക്കു ചെറിയ ടൌൺ വരും. മലയോര മേഖലയാണ് പോകുന്ന വഴി മുഴുവൻ.കാപ്പിത്തോട്ടങ്ങൾ മാത്രമാണ് കാണാൻ സാധിക്കുന്നത് . കിലോമിറ്റർ എത്രയുണ്ട് ബാക്കി എന്ന് കണക്കുകൂടിയാണ് ഞാൻ പോകുന്നത്.സമയവും . 



ഒരു മല കയറി ചുരം ഇറങ്ങി . ഏതാണ്ടൊരു പത്തു കിലോമീറ്റര് ഒരു വണ്ടിപോലും കണ്ടില്ല.ചുരം ഇറങ്ങിയതും പിന്നെ പാടങ്ങൾ ആണ്. ഈ ദൂരമെല്ലാം തിരികെ പോണമല്ലോ എന്ന പേടിയും ഉണ്ട് കൂടെ .



ഏതാണ്ടൊരു നാൽപതു കിലോമിറ്റർ കഴിഞ്ഞപ്പോൾ ഒരു diversion എടുക്കണം . അവിടന്ന് അങ്ങോട്ട് ഗ്രാമങ്ങൾ ആണ്. കാളവണ്ടി വരെയുള്ള പക്കാ ഗ്രാമങ്ങൾ.



പിന്നെ കയറ്റം കേറുകയാണ് . കാപ്പിത്തോട്ടങ്ങൾ വീണ്ടും കണ്ടു തുടങ്ങി. പല എസ്റ്റേറ്റുകളുടെയും ബോർഡ് കാണാം. Z പോയിന്റിൽ ആൾക്കാരുണ്ടാവും അതുകൊണ്ട് ഇടയ്ക്കു വണ്ടികൾ കാണും എന്നായിരുന്നു എന്റെ ധാരണ .പക്ഷേ വണ്ടികളൊന്നും കണ്ടില്ല.


തണുപ്പു കൂടി വരുന്നുണ്ട്. ഏതാണ്ട് മൂന്നരയ്ക്കു തന്നെ ഗൂഗിൾ പറഞ്ഞ സ്ഥലത്തെത്തി. പക്ഷേ അവിടെ ഒന്നുമില്ല. ഒരു എൻട്രി ഗേറ്റ് ഓ പാർക്കിംഗ് ഓ ഒന്നും . പാർക്കിങ്ങിന് സ്ഥലമുണ്ട് എന്നു ഞാൻ വായിച്ചിരുന്നു. മൂന്നര ആയതുകൊണ്ട് ഞാൻ മീറ്റിംഗിന് കയറി. കുറച്ചു റേഞ്ച് ഉണ്ടായിരുന്നു. 


സമയം വൈകുന്തോറും എൻട്രി അവസാനിക്കുമോ എന്ന പേടി ഉള്ളോണ്ട് , മീറ്റിംഗിന് കേറി എന്ന പേര് വരുത്തി ഞാൻ ഇറങ്ങി. വഴിയിലൂടെ വന്ന ഒരു കാർ തടഞ്ഞു നിർത്തി ചോദിച്ചപ്പോൾ ഇനിയും അഞ്ചു കിലോമീറ്റർ കൂടെ പോകണം എന്നു മനസ്സിലായി. അഞ്ചു കിലോമിറ്റർ കഴിഞ്ഞപ്പോൾ ഒരു ചെക്ക്പോസ്റ് കണ്ടു. അവിടെ കാറുകളൊക്കെ പാർക്ക് ചെയ്തിട്ടുണ്ട് .



ഹോ അങ്ങനെ സ്ഥലത്തെത്തി . ചെക്ക്പോസ്റിലെ ചേട്ടനോട് ചോദിച്ചപ്പോൾ ഈ വഴി പോയാൽ മതി പിന്നെ കുറച്ചു നടക്കാനും ഉണ്ട് എന്ന് പറഞ്ഞു. വണ്ടി പാർക്ക് ചെയ്തു നടന്നപ്പോൾ ഒരു കാർ പോകുന്നു.


അപ്പൊ ഇതിലെ വണ്ടി പോകും!! . തിരികെ ചെന്ന് ചോദിച്ചപ്പോൾ വണ്ടി പോകും എന്ന് അയാൾ പറഞ്ഞു 



എന്നാ പിന്നെ അത് ആദ്യം പറഞ്ഞുണ്ടായിരുന്നോ ?


വണ്ടി എടുത്തു കുറച്ചൂടെ മുകളിലേക്ക് പോയി. എന്റെ പുറകെ രണ്ട് കാറുണ്ട്. ഒരു ചെക്ക്‌പോസ്റ്റിൽ 35 രൂപ എൻട്രി ചാർജ് കൊടുത്തു. പുറകെ വന്ന കാറിലെ ചേച്ചി പുറത്തിറങ്ങി എത്ര ദൂരം ഉണ്ടെന്നൊക്കെ ചോദിച്ചു. 


ഓ അപ്പൊ അവരും Z പോയ്ന്റ് കാണാൻ ആണ്. അപ്പൊ ഞാൻ ഒറ്റയ്ക്കല്ല. അതോർത്തു സമാധാനിച്ചു മുകളിലേക്കു പോയി. പോകുന്ന വഴി ഇടതു വശത്തു ഒരു മല കാണാം അങ്ങോട്ടാണ് പോകേണ്ടത് . വണ്ടി പാർക്ക് ചെയ്യണ്ട അവിടെ ഒരു ബൈക്ക് ഉണ്ട് . അകത്തേക്കു പോയവരാകും എന്ന സമാധാനത്തിൽ ഞാനും ഉള്ളിലേക്കു നടന്നു. ആറു മണിക്ക് മുൻപേ തിരികെ എത്തണം എന്ന ബോർഡ് ഉണ്ട് . 


              



കുറച്ചു നാട്ടുകാർ അവിടെ പുല്ലു വെട്ടുന്നുണ്ട്. അവരോട് ചോദിച്ചപ്പോഴും നേരെ നടന്നാൽ മതി എന്നു പറഞ്ഞു . വഴിയിലെങ്ങും ആരുമില്ല.കുറെ നടന്നിട്ടും ആരെയും കാണുന്നില്ല. ഇടദിവസം ആണ് . പക്ഷേ ആരെയെങ്കിലും കാണേണ്ടതല്ലേ ?



ഇടയ്ക്കു ചെറിയ അരുവികൾ കാണാം . എന്റെ പുറകെ ആ കാറിൽ വന്നവർ വരും എന്ന പ്രതീക്ഷയിലാണ് ഞാൻ നടക്കുന്നത്. ഏതാണ്ടൊരു കിലോമീറ്റർ കഴിഞ്ഞപ്പോൾ വഴി ചെറുതായി . ഒരു കുന്നിന്റെ സൈഡിലൂടെ വേണം ഇനി നടക്കാൻ . പുൽമേടുകളിലേക്കു കേറുന്നതിനു മുൻപേ ഒരു വെള്ളച്ചാട്ടം ഉണ്ട് . അതാണ് ശാന്തി വാട്ടർഫാൾസ്‌ . വെള്ളം കുറവാണ് എങ്കിലും ഭംഗിയുണ്ട് .

                  

                                           



അകലേക്ക് നോക്കിയപ്പോൾ Z  പോയിന്റിൽ ആരുമില്ല എന്നുറപ്പായി . ഞാൻ രാവിലെ ശൃംഗേരിയിൽ നിന്നു ബ്രേക്ഫാസ്റ്  കഴിച്ചതാണ്. വെള്ളവും കുടിച്ചിട്ടില്ല.നല്ല ക്ഷീണവുമുണ്ട്. ഇനി എങ്ങാനും തല കറങ്ങി വീഴുവോ ? വീണാലും ആരും അറിയാൻ പോണില്ല.എങ്കിലും ഇത് കയറാതെ നിർത്താൻ ഉദ്ദേശമില്ല.ഇത്രേം ദൂരം വന്നിട്ടു ഇവിടെ വച്ചിട്ടു നിർത്തുന്നത് ശെരിയല്ലലോ.


                                        

 


ഒരുവിധം കുന്നിന്റെ മുകളിലെത്തി. Z പോയിന്റിൽ എത്തി.ഞാൻ വന്ന വഴി അകലെ നിന്നു കാണാം

.എന്റെ പുറകെ ഞാൻ വരുമെന്ന് കരുതിയ ആരെയും കാണുന്നില്ല. നേരം വൈകുന്നു . ചെറിയ ഇരുട്ടും വന്നു തുടങ്ങിയിട്ടുണ്ട് . ആരെങ്കിലും വന്നാൽ അവരുടെ കൂടെ തിരികെ ഇറങ്ങാമായിരിന്നു . ഫോട്ടോസ് ഒക്കെ എടുത്തു കുറച്ചു നേരം അവിടിരുന്നു. അകലെ ആരോ വരുന്നത് കണ്ടെങ്കിലും അവർ തിരികെ പോയി. ഇനി ആരും വരാൻ സാധ്യത ഇല്ലാത്തോണ്ട് ഞാനും തിരിച്ചിറങ്ങാൻ തീരുമാനിച്ചു. വന്നതിലും വേഗം തിരിച്ചെത്തി . അതോ നേരം വൈകുമെന്ന് കരുതി വേഗം നടന്നതാണോ ?


                                      


തണുപ്പ് കൂടിയതിനാൽ ഞാൻ ജാക്കറ്റ് ഇട്ടു . ചിക്കമഗളൂരു എത്തിയിട്ട് എന്തെങ്കിലും കഴിക്കണം. അറുപതു കിലോമീറ്റർ ഡ്രൈവ് ചെയ്യണം. തൊടുപുഴയിൽ നിന്നു എറണാകുളം പോകുന്ന ദൂരം !!. 

വഴിയിൽ ആരുമില്ലാത്തതിനാൽ വേഗം ഓടിച്ചു മെയിൻ റോഡിലെത്തി. ഒരു കടയിൽ കയറി ജ്യൂസ് കുടിച്ചു . ചെറിയൊരു ആശ്വാസം. 



ലൈറ്റ് ഡിം  ചെയ്യാതെ വരുന്ന വണ്ടികളെയെല്ലാം മനസ്സിൽ തെറി വിളിച്ചു ഞാൻ ഓരോ കിലോമീറ്ററും എണ്ണി പോകുവാണ്. ചെറിയൊരു ചുരം കേറാനുണ്ട് . ഇങ്ങോട്ടു പകൽ വന്നപ്പോ പോലും ഒരു വണ്ടിയും കണ്ടില്ല.തിരികെ ആ ഭാഗം എത്തുമ്പോ എന്താകുമെന്ന് ഓർത്താണ് പോകുന്നത് . ഭാഗ്യത്തിന് ഒരു ജിപ്സി കണ്ടു. അതിന്റെ പുറകെ പോയാണ് ആ ഭാഗം കേറിയത് .വഴിയിലെങ്ങും വെട്ടമില്ല. ഒരു പശുവിനെ ഇടിക്കേണ്ടതായിരുന്നു . അവർക്കു ലൈറ്റ് ഇല്ലല്ലോ . അതുകൊണ്ടു കണ്ടില്ല .





“Welcome to Chikmagalur , Land of Coffee” എന്ന ബോർഡ് കണ്ടപ്പോ സമാധാനമായി. ഒടുവിൽ ഞാൻ എത്തി !!. 




ഹിതേഷ് എന്നോട് donne ബിരിയാണി കഴിക്കാൻ പറഞ്ഞിരുന്നു . ഞാൻ ഇവിടൊരു സ്ഥലവും കണ്ടുപിടിച്ചിട്ടുണ്ട് . ഇവിടെ എംജി റോഡിൽ നിറയെ കടകളാണ് . ബ്രാൻഡഡ് ഷോപ്പുകളൊക്കെ ഉണ്ട് . രാത്രിയിൽ നല്ല തിരക്കുണ്ട്. Donne ബിരിയാണി ഹോട്ടൽ കണ്ടുപിടിക്കാൻ കുറച്ചു ബുദ്ധിമുട്ടി. ചിക്കൻ ബിരിയാണി പറഞ്ഞു. കബാബ് വേണോ എന്നും എന്നോട് ചോദിച്ചു. കർണാടകയിൽ ബിരിയാണിയുടെ കൂടെ കബാബ് പതിവ് ആണെന്ന് അമൃത് പറഞ്ഞപ്പോളാണ് അതിന്റെ കാരണം മനസിലായത്. ബിരിയാണി കഴിച്ചിട്ടും വിശപ്പൊന്നും പോയില്ല.

Tinpin Stories എന്ന യൂട്യൂബ് ചാനലിൽ കണ്ട ഒരു റെസ്റ്റോറന്റ് ഉണ്ട് . ‘Town കാന്റീൻ ‘. ആ റെസ്റ്റോറന്റ് വരുന്ന വഴി കണ്ടിരുന്നു. അവിടെ പോയി ഒരു ബട്ടർ പ്ലെയിൻ ദോശ പറഞ്ഞു. കൂടെ അവരുടെ സ്പെഷ്യൽ ഫിൽറ്റർ കോഫിയും . എന്റെ അടുത്ത് ഒരു അപ്പൂപ്പനും അയാളുടെ കൊച്ചുമോനും വന്നിരുന്നു. അപ്പൂപ്പൻ എങ്ങനെ കഴിക്കണം എന്നൊക്കെ പറയുന്നുണ്ട് അവനോട്. പിന്നെ അവിടെ വലിയൊരു gang ഇരുന്നു കത്തി അടിക്കുന്നുണ്ട്. അവിടത്തെ പതിവുകാർ ആവണം . മസാലദോശയിലെ മസാല വീണ്ടും വാങ്ങിയൊക്കെ കഴിക്കുന്നുണ്ട്. ദോശ കുറച്ചു കനമുണ്ടെങ്കിലും  നല്ല സോഫ്റ്റ് ആണ് . കാപ്പിയും അടിപൊളി. 

  




എംജി റോഡിൽ വണ്ടി പാർക്ക് ചെയ്തു നടന്നു . നാളെ പോകണ്ട ജയന്തി കഫേയാക്കെ ഇവിടെ തന്നെയാണ് .ഇടയ്കൊക്കൊരു കാപ്പിയും കുടിച്ചു .കർണാടക വന്നിട്ട് ഇത് എത്രമത്രേ കാപ്പിയാണെന്നു അറിയില്ല.അത്രയ്ക്കും കുടിച്ചിട്ടുണ്ട്. നാളത്തെ പ്ലാൻ ആണ് മനസ്സിൽ. 




നാളെ മുള്ള്യാങ്കിരി പോകണം . സൺറൈസിന് മുൻപേ അവിടെത്തണം  അഞ്ചരയ്ക്ക് ഇറങ്ങണം . അതല്ലാതെ വേറെ എവിടെ പോണം എന്നുള്ള അന്വേഷണം ചെന്നെത്തിയത് ബേലൂർ , halebidu എന്ന രണ്ടു സ്ഥലത്താണ്.നാളെ തന്നെ പോയി വരം. ബസ്സും ഉണ്ട്.അങ്ങനെ ആ ഏരിയ കവർ ചെയ്യാം.



വണ്ടി ഓടിച്ച ക്ഷീണമുള്ളതുകൊണ്ട് ഞാൻ റൂമിലേക്ക് ചെന്നു. പ്രീതം മൊബൈലിൽ വിഡിയോയും കണ്ടിരിപ്പുണ്ട്. അലാറം വച്ചു കിടന്നു . വേഗം ഉറങ്ങിപ്പോയി .




Malenadu Memories 03 : Mullyanagiri, Belur & Halebidu : Click Here








No comments

Powered by Blogger.