Jallianwala Bagh - Amrithsar Golden Temple Punjab Diaries - Malayalam Travelogue





“എനിക്ക് അയാളോട് അടങ്ങാത്ത ദേഷ്യം ആയിരുന്നു .അയാളത് അർഹിക്കുന്നു .യഥാർത്ഥ കുറ്റവാളി അയാളാണ്.എന്റെ ജനങ്ങളുടെ ആത്മവീര്യം തകർക്കാനാണ് അയാൾ ശ്രെമിച്ചത് അതുകൊണ്ട് ഞാൻ അയാളെ വധിച്ചു. കഴിഞ്ഞ ഇരുപത്തിയൊന്നു കൊല്ലമായി ഞാൻ ഈ പ്രതികാരത്തിനായി ശ്രെമിക്കുന്നു.എന്റെ രാജ്യത്തിന് വേണ്ടി മരിക്കുന്നതിൽ ഞാൻ സന്തോഷവാനാണ് . ബ്രിട്ടീഷ്കാരുടെ കീഴിൽ എന്റെ ജനങ്ങൾ പട്ടിണി കിടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് .ഞാൻ അതിനെ ഏതിർത്തു .അതെന്റെ കടമയാണ് .സ്വന്തം രാജ്യത്തിന് വേണ്ടി മരിക്കുന്നതിനേക്കാൾ വലിയ സന്തോഷം വേറെയെന്താണുള്ളത് “

                             

ഉദ്ധം സിങ്ങിനെ വധശിക്ഷയ്ക്കു വിധിച്ചപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകളാണിത്.ജാലിയൻ വാലാബാഗിലുള്ള Martoyrs ഹാളിൽ കയറി ചെന്നപ്പോൾ ആദ്യം കണ്ടത് ഈ മരണമാസ്സ്‌ ഹീറോയുടെ ചിത്രമാണ്.ചെറുപ്പത്തിലേ അച്ഛനെയും അമ്മയെയും നഷ്ടപെട്ട ഉദ്ധം സിങ് വളർന്നത് അനാഥാലയത്തിലായിരുന്നു.ബ്രിട്ടീഷ്കാരുടെ നീരിക്ഷണത്തിലായിരുന്ന ഉദ്ധം സിംഗ് കാശ്മീർ വഴി ഇന്ത്യ വിട്ടു ജർമ്മനി വഴി ലണ്ടനിലെത്തി.Caxton Hallൽ  പ്രസംഗിച്ചു കൊണ്ടിരുന്ന ജനറൽ ഡയറിനെ വെടിവച്ചു കൊന്നു.വിചാരണയിൽ അദ്ദേഹത്തിന് പറയാനിയുണ്ടായിരുന്നത് മുകളിൽ പറഞ്ഞതാണ്.അത് വായിക്കുമ്പോൾ ആർക്കും ഒരു രോമാഞ്ചം തോന്നിപ്പോവും.

(നമ്മൾ എന്താണ് രാജ്യത്തിന് വേണ്ടി ചെയ്തിട്ടുള്ളത് എന്നോർത്ത് ഒരു ലജ്ജയും തോന്നുംട്ടോ )


ദേശീയത തലയ്ക്കു പിടിച്ച സമയത്തുള്ള ഏറ്റവും വലിയ ആഗ്രഹമായിരുന്നു വാഗാ അതിർത്തിയിൽ പോയി പരേഡ് കാണുക എന്ന്. ദേശീയതയുടെ അർത്ഥം മാറിയപ്പോൾ ആഗ്രഹവും കുറഞ്ഞു.പഞ്ചാബിൽ പ്രധാനമായും കാണാനുള്ള സ്ഥലങ്ങൾ അമൃത്സറിലെ ഗോൾഡൻ ടെമ്പിളും വാഗാ അതിർത്തിയുമാണ്.പഞ്ചാബിൽ ഞാൻ മുൻപ് പോയിട്ടും ഇല്ല. എന്നാൽ അതായിട്ടു ഇനി ബാക്കി വയ്ക്കണ്ടാ എന്ന് കരുതി അമൃതസറിലേക്കു ടിക്കെറ്റെടുത്തു.ഒരു ദിവസം കൊണ്ട് പോയി വരാം.ഞായറാഴ്ച കിടന്നു ഉറങ്ങാം.

                   
 
ബസ്സിറങ്ങിയപ്പോൾ റിക്ഷയിൽ ഇരുപത് രൂപയ്ക്കു ഗോൾഡൻ ടെംപിൾന്റെ അടുത്ത് കൊണ്ട് വിടാമെന്ന് ഒരു ചേട്ടൻ ഏറ്റു.നടക്കാവുന്ന ദൂരമേയുള്ളൂ.എനിക്കിലും ഇരുപതല്ലേ ആ ചേട്ടൻ ചോദിച്ചുള്ളൂ എന്നോർത്തപ്പോൾ ഞാനും സമ്മതിച്ചു.ഓട്ടോക്കാരോട് ദേഷ്യം തോന്നുന്നത് അവർ ചോദിക്കുന്നത് ചിലപ്പോൾ കയ്യിൽ ഇല്ലാഞ്ഞിട്ടല്ല.മാന്യമായ കൂലിയ്ക്കു പകരം മനുഷ്യനെ കഴുത്തറക്കുന്നതു കാണുമോൾ നല്ല ദേഷ്യം വരും.ആ വാശിക്ക് ഗൂഗിൾ മാപ്പും വച്ചങ്ങു നടക്കും.

                           

കേറുന്നതിന്റെ ഇടതുവശത്തു ദാ ജാലിയൻവാല ബാഗ് . ഇത് കണ്ടിട്ട് ഗുരുദ്വാരയിൽ കേറാം.സ്‌കൂൾ കുട്ടികളാണ് അധികവും.സ്‌കൂൾ പിള്ളേരെ കാണുമ്പോ ടെൻഷൻ ആണ്. കാരണം ഇവരെല്ല്ലാം വൈകുന്നേരം വാഗയിൽ ഉണ്ടാവും .എത്രയും വേഗം ഇവിടന്നു വാഗയിൽ എത്തിപ്പെടണം..നല്ല തിരക്കുണ്ട് എങ്കിലും സെൽഫി എടുക്കലിനൊക്കെ ഒരു കുറവുമില്ല .ബ്രിട്ടീഷുകാർ നടത്തിയ അനേകം ക്രൂര പ്രവർത്തികളിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന ഈ കൂട്ടക്കൊലയുടെ അവശേഷിപ്പുകൾ കാണുമ്പോൾ സ്‌കൂളിൽ പഠിച്ചതെല്ലാം മനസിലേക്കു വരും.അവിടെ കണ്ട എല്ലാവരും ഓർക്കുന്ന പേരാണ് ജനറൽ ഡയർ.ക്രൂരതയുടെ മറ്റൊരു പേര്.ടീച്ചർമാർ കുട്ടികൾക്കും മാതാപിതാക്കൾ കുട്ടികൾക്കും പറഞ്ഞു കൊടുക്കുന്നു.ദാ ഇവിടെയാണ് അത് സംഭവിച്ചതു എന്നൊക്കെ.എന്താണ് സംഭവിച്ചത് എന്ന് ആരോടും പറയണ്ട കാര്യമില്ല.ആർക്കും മറക്കാനാവാത്ത വിധം ഭയാനകമായിരുന്നു ആ ദിവസം.വെടിവെപ്പിനിടയിൽ രക്ഷപെടാൻ ആൾക്കാർ ചാടിയ കിണറും  ചിലയിടത്തുള്ള ബുള്ളറ്റ് മാർക്‌സും ആണ് ഞാൻ ആദ്യം തിരഞ്ഞത്.നമ്മൾ കുറെ വായിച്ചതാണലോ ഇതെല്ലാം.കുറച്ചു ഫോട്ടോസൊക്കെ എടുത്തു നേരെ ഗുരുദ്വാരയിലേക്കു നടന്നു .സാധാരണ തീർത്ഥാടന സ്ഥലത്തു കാണുന്നപോലെയല്ല ഇവിടെ . നല്ല വൃത്തിയുള്ള റോഡ് .വാഹനങ്ങൾ കടത്തി വിടില്ല . ഇരുവശവും നല്ല വൃത്തിയുള്ള കടകൾ.പിച്ചക്കാരെ കണ്ടേ ഇല്ല എന്ന് പറയാം . അതിലെ ഇതിലെ രണ്ടു പേരെ മാത്രം കണ്ടു.ഏറ്റവും വിശുദ്ധം എന്ന് കരുതുന്ന സ്ഥലത്താണ് ഏറ്റവും മോശം ആൾക്കാരെയും മാലിന്യങ്ങളും കാണാറുള്ളത്.ഇവിടെ മാത്രം അങ്ങനെ കണ്ടില്ല.സർദാർജിമാരോട് നല്ല ബഹുമാനം തോന്നി.


ചെരുപ്പുകൾ ഫ്രീ ആയിട്ട് സൂക്ഷിക്കാൻ അവിടെ സൗകര്യമുണ്ട് .അവിടെ നില്ക്കുന്നവര് നല്ല ജോലി ഉള്ളവരാണ് .ഇടയ്ക്ക് ഇവിടെ വന്നു സേവനം ചെയുന്നു എന്ന് മാത്രം.തിരികെ ഡൽഹിയ്ക്ക് പോവാൻ tatkal ടിക്കറ്റു ഉണ്ടോ എന്ന് വെറുതെ നോക്കി. 11;45 നു വിശാഖപട്ടണത്തിന് പോകുന്ന ട്രെയിനിൽ ഇഷ്ടം പോലെ ടിക്കറ്റുണ്ട്.അങ്ങനെ അക്കാര്യത്തിൽ ഒരു തീരുമാനമായി .ടിക്കറ്റു ബുക്ക് ചെയ്തു ഞാൻ ഗുരുദ്വാരയുടെ അകത്തേക്കു കേറി.



അതിരാവിലെ സൂര്യപ്രകാശം സുവർണ്ണ ക്ഷേത്രത്തിൽ തട്ടുമ്പൊൾ  കാണാൻ നല്ല രസമാണെന്നു കേട്ടിട്ടുണ്ട് . ഞാൻ എത്തിയപ്പോ തന്നെ പത്തുമണിയായി.പക്ഷെ സൂര്യൻ ഇപ്പോഴും ശെരിക്കു പുറത്തു വന്നിട്ടില്ല.ചെറുതായി മഞ്ഞും ഉണ്ട്.തടാകം വലം വച്ച് ഞാനും ക്യുവിൽ നിന്നു .അര മുക്കാൽ മണിക്കൂർ നിൽക്കേണ്ടി വന്നു. ഒടുവിൽ അകത്തു കയറി. മുകളിൽ രണ്ടു നിലയിലും കയറി.ഭജനകൾ പാടി ഒരുപാടുപേർ ഇരിക്കുന്നു .അതെല്ലാം കുറച്ചു നേരം നോക്കി നിന്ന് ഞാൻ പുറത്തിറങ്ങി. നല്ല മധുരം ഉള്ള പ്രസാദം കൊടുക്കുന്നുണ്ട് തിരികെ വരുമ്പോൾ  . രണ്ടു കയ്യും കൂട്ടി വാങ്ങണം എന്ന് അത് കൊടുക്കുന്ന പ്രായമായ സർദാർജിക്കു നിർബബന്ധമാണ്.ചിലരെ അതിന്റെ പേരിൽ വഴക്കു പറയുന്നുമുണ്ട്. ഇതുപോലെ ലേശം കർശനമായി കാര്യങ്ങൾ നോക്കുന്നതുകൊണ്ടാണ് വേറെ എവിടെയും കാണാത്ത അച്ചടക്കം ഇവിടെ കാണാൻ സാധിക്കുന്നത്.

                        

തടാകത്തിനു ചുറ്റും ഞാൻ ഒരു റൌണ്ട് നടന്നു .ഒരു മരം ചുറ്റും വേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട് .ഈ മരത്തിനു കീഴിൽ ഇരുന്നാ ണ്ബാബ ബുദ്ധ  അമ്പലത്തിന്റെ പണികൾക്ക് നേതൃതം കൊടുത്തത്. ചിലർ ഈ മരത്തിനോടും പ്രാർത്ഥിക്കുന്നു .പണ്ട് ഈ തടാകത്തിനു ചുറ്റും മരങ്ങളായിരുന്നു . ഇന്ന് ഈ മരം മാത്രേ ബാക്കിയുള്ളൂ.തടാകത്തിനു ചുറ്റും നടന്നപ്പോൾ ഇഷ്ടം പോലെ മലയാളികളെ കാണാം.അല്ലെങ്കിലും നമ്മൾ  എവിടെയാ ഇല്ലാത്തെ ?പുറത്തു അണ്ടർഗ്രൗണ്ടിൽ ഒരു ലേസർ ഷോ ഉണ്ട്.സംഭവം ഫ്രീ ആണ്.അത് മിസ് ആക്കണ്ട എന്ന് കരുതി അകത്തു കയറി.പക്ഷേ എല്ലാം വിവരിക്കുന്നത് പഞ്ചാബിയിലാണ്.ഹിന്ദി ആയിരുന്നെകിൽ പിന്നെയും ഒരു കൈ നോക്കാർന്നു.

നമ്മളില്ലേ എന്നും പറഞ്ഞു ഞാൻ ഇറങ്ങി.ഷൂസ് തിരികെ വാങ്ങി.എനിക്ക് ഷൂ ലെയ്സ് കെട്ടാൻ നല്ല സമയം വേണം എന്നാൽ അത് അങ്ങനെ ഇരിക്കുമില്ല.ഇനി ഇത് എന്ന് പഠിക്കുമോ ആവോ.ലെയ്സ് കെട്ടികൊണ്ടിരുന്നപ്പോൾ പലയിടത്തു നിന്നും മലയാളം കേൾക്കാം.മൂന്നര കോടി ഉള്ളെങ്കിലും ഈ എഴുനൂറു കോടി ജനങ്ങൾക്കിടയിൽ എവിടെയും നമ്മളിലൊരുത്തൻ ഉണ്ടാവും .


ഇനി എന്തെങ്കിലും കഴിക്കണം എന്നിട്ടു വാഗാ പോവാനുള്ള വഴി നോക്കണം. എവിടെപ്പോയാലും നമ്മൾ ഒന്നും അന്വേഷിച്ചു പോകേണ്ട കാര്യമില്ല .നമ്മളെക്കാൾ ആവശ്യം ഇവിടെ ഉള്ളവർക്കാണ് രണ്ടു മൂന്നു ആൾക്കാർ പുറകെ കൂടി. സന്ദീപും ഞാനും 150 രൂപയ്ക്കു ഡീൽ ആക്കി.നൂറു രൂപ അഡ്വാൻസ്.സന്ദീപിന്റെ മൊബൈൽ നമ്പറും എന്റെ നമ്പർ അവനും വാങ്ങി.പറ്റിപ്പാണോ എന്നൊരു പേടി ഉണ്ടായിരുന്നു.അവൻ അവന്റെ ലൈസൻസിന്റെ ഫോട്ടോ വേണമെങ്കിൽ എടുത്തോ എന്നൊക്കെ പറഞ്ഞു.അവന്റെ സംസാരം കേട്ടപ്പോ ഒരു പാവമാണെന്നു തോന്നി.അവന്റെ നമ്പറും വണ്ടിയുടെ നമ്പറും എല്ലാം എഴുതി ഒരു കടലാസ്സ് കയ്യിൽ തന്നു.ഒരു മണി ആവുമ്പൊ സബ്‌വേയുടെ മുൻപിൽ വരണം.


ഡീൽ

അപ്പൊ അത് സെറ്റ് ആയി.അമൃതസർ കുൾച്ച ഫേമസ് ആണ്.ലസ്സിയുടെ കാര്യം പറയണ്ടല്ലോ.ലസ്സിയില്ലാതെ എന്ത് പഞ്ചാബ്.പിന്നെ ഗുരുദ്വാരയുടെ പരിസരത്തു വെജ് മാത്രമേ കിട്ടു .അവിടുള്ള സബ്‌വേയും മക്‌ഡൊണാഡൽസും വരെ വെജ് ആണ്!! .നീലം റെസ്റ്ററന്റിൽ കേറി kulcha പറഞ്ഞു ഇവിടെ സൗത്ത് ഇന്ത്യൻ താലി കിട്ടും . എന്റെ അപ്പുറത്തിരിക്കുന്നത് തമിഴ് ഫാമിലി ആണ്. പക്ഷെ പഞ്ചാബിൽ പോയത് നമ്മളുടെ ഭക്ഷണം കഴിക്കാനല്ലല്ലോ.(വെറും ഡയലോഗ് ! ഇത്തിരി  കഞ്ഞി കിട്ടിയാൽ കുടിക്കും.യാത്ര തേങ്ങാ -മാങ്ങാ എന്നൊക്കെ പറഞ്ഞു കുറ്റിയും പറച്ചു ഡൽഹിയിൽ വന്നെങ്കിലും ഈ ഒരു കാര്യത്തിൽ നല്ല പശ്ചാത്താപമാണ്)കുൾച്ചയും ചന്നാ മസാലയും പിന്നെ സവാളയും മുളകും കൊണ്ടുവന്നു വച്ചു.അതെന്തായാലും നന്നായി ഇതില്ലാതെ ഇപ്പൊ ഭക്ഷണം ഇറങ്ങില്ല എന്നാണ് അവസ്ഥ, നോർത്തിൽ വന്നു ശീലിച്ചതാണ്.ഇവിടെ സവാളയും പച്ചമുളകും ഇല്ലാതെ ഒരു ഭക്ഷണം കഴിക്കുന്നത് ചിന്തിക്കാനാവില്ല.അറുപത് രൂപയാണ് വില . പിന്നെ ഒരു ലസ്സിയും.



                        

ഈ കുൾച്ച എന്ന് പറയുന്ന സാധനം ഒരിക്കൽ കഴിച്ചു വെറുത്തു പോയതാണ് പക്ഷെ അമൃത്സറി കുൾച്ച ഞാൻ വിചാരിച്ചപോലെയല്ല കിടിലൻ ഐറ്റം.സാവധാനത്തിൽ ആസ്വദിച്ച് കഴിച്ചു ഇരിയ്ക്കുമ്പോൾ അപ്പോഴേക്കും സന്ദീപിന്റെ വിളി വന്നു.പോവാനുള്ള എല്ലാവരെയും ഒരുമിച്ചു ആക്കാൻ പുളളി എല്ലാരേയും വിളിക്കുകയാണ് . എല്ലാരും ആയപ്പോ ഓട്ടോ കിടക്കുന്ന സ്ഥലത്തേക്കു ഞങ്ങളെ കൊണ്ടോയി. കൂടെ ഉണ്ടായിരുന്ന ഒരുത്തനെ കണ്ടാലേ അറിയാം അവൻ ഒരു സൗത്ത് ഇന്ത്യൻ ആണ് .ഒരു tripper  ആണെന്നു തോന്നുന്നു.തമിഴൻ ആവാനാണ് സാധ്യത. അവൻ ഓട്ടോയുടെ പുറകിൽ ഇരുന്നു.ഞാൻ സന്ദീപിന്റെ അടുത്തുള്ള സീറ്റിലിരുന്നു.ഒന്നാം നമ്പർ നാഷണൽ ഹൈവേയിലൂടെ സന്ദീപ് ഓട്ടോ പറപ്പിക്കുകയാണ്.

നമ്മുടെ സഹോദരരാജ്യത്തിലോട്ടു അടുത്തെത്തികൊണ്ടേയിരിക്കുന്നു.സംജോത എക്സ്പ്രെസ്സിൽ കയറി ലാഹോർ ഇറങ്ങണം.എവിടേം കറങ്ങണം എന്നൊന്നും ഇല്ല.ഒരു ദിവസം അവിടെ ചിലവഴിച്ചു ആൾക്കാരോടൊക്കെ മിണ്ടി തിരികെ വരണം.ഒരു ആഗ്രഹമാണ്‌.ഒരിക്കലും നടക്കാൻ സാധ്യതപോലുമില്ലാത്ത സ്വപ്നം.എങ്കിലും സ്വപ്നം കാണാൻ ചിലവൊന്നുമില്ലല്ലോ.


                               

(ബെന്യാമിന്റെ ഇരട്ടമുഖമുള്ള പുസ്തകത്തിൽ കറാച്ചിയിൽ ഒത്തുകൂടുന്ന മലയാളികളെ പറ്റി വായിച്ചപ്പോൾ കറാചിയും സ്വപ്നത്തിൽ കേറിക്കൂടിയിട്ടുണ്ട്)

രണ്ടാം ഭാഗം ഇവിടെ വായിക്കാം



No comments

Powered by Blogger.