Shimla Diaries - Chail _Highest Cricket Ground in the world
ഒന്നാം ഭാഗം ഇവിടെ വായിക്കാം
hattu peak കയറി മഞ്ഞിൽ ആറാടി ഷിംലയിലെ ആദ്യ ദിവസം തീർന്നു.അടുത്ത ദിവസം ചൈൽ എന്ന ഒരു സ്ഥലത്തുപോയി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ട് കാണണം..അവിടന്ന് solan പോയി ഷിംല വരെ ടോയ് ട്രെയിനിൽ കയറണം .ഷിംലയിൽ നിന്നും 44 കിലോമീറ്റർ അകലെയാണ് ഈ ചെറിയ ടൌൺ.വല്യ ബഹളങ്ങളില്ല.സ്വസ്ഥം സമാധാനം.രണ്ടാമത്തെ ദിവസം അവിടെ മൂന്നാമത്തെ ദിവസം ഷിംല.അതാണ് പ്ലാൻ.ഈ പ്ലാൻ ഒന്നാം ദിവസം രാത്രിയിൽ ഉണ്ടായതാണ്.
കുത്തകകളെല്ലാം നശിക്കട്ടെ എന്നും പറഞ്ഞാണ് തലേദിവസം കിടന്നത്(കഞ്ഞി കുടിക്കുന്നതും കറങ്ങുന്നതും അവരുള്ളതുകൊണ്ടാണ് എന്നത് വേറെ കാര്യം).ഹോളിയുടെ അന്ന് വരെ ഓഫീസിൽ ഓരോരുത്തന്മാർ ഇരുന്നു ജോലി ചെയ്യുന്നതും പോരാഞ്ഞിട്ട് അവധിക്കു കറങ്ങാൻ പോവുന്നവരെ വരെ ഫോൺ വിളിച്ചു വെറുപ്പിക്കും.അങ്ങനെ ഒരു രണ്ടു മണിക്കൂർ ഇന്നലെ രാത്രി പോയതുകൊണ്ട് എഴുന്നേറ്റപ്പോൾ ഒന്പതരയായി.ജനനിലെ കർട്ടൻ മാറ്റിയപ്പോൾ കണ്ടത് അകലെ മഞ്ഞുമൂടിയ മലനിരകളാണ്.അപ്പൊ ഇതാണല്ലേ ശെരിക്കും good morning ?
കഴിഞ്ഞ ദിവസം hattu peak കയറാൻ കൂടെ ഉണ്ടായിരിന്ന പവൻ നേരത്തെ ഇറങ്ങിയിരുന്നു.അവൻ പാരാഗ്ലൈഡിങ്ങിനു പോവുകയാണ്.ഞാൻ ബാഗും തൂക്കി ഇറങ്ങി.നർഖണ്ഡ ടൗണിൽ ഒരു പ്രൈവറ്റ് ബസ് കിടപ്പുണ്ട്.ഷിംലയ്ക്കു പോവുന്ന ബസ് ആണ്.കുഫ്രിയിൽ ഇറങ്ങിയിട്ട് വേറെ ബസ് പിടിക്കണം ചൈലിൽ പോവ്വാൻ .ഏറ്റവും പുറകിൽ ആയിരുന്നു സീറ്റ് കിട്ടിയത്.വളവുകൾ മാത്രമുള്ള വഴിയായതുകൊണ്ടു ലേശം ബുദ്ധിമുട്ടി.എവിടെ നോക്കിയാലും കുന്നുകളും മലകളും.എത്ര ഉയരത്തിലാണെങ്കിലും അവിടെയും ആൾക്കാർ താമസിക്കുന്നുണ്ട്.
കുഫ്രിയിൽ നിന്ന് മാഗി കഴിച്ചു.അവിടന്നു ബസ് പന്ത്രണ്ടു മണിക്കേ ഉള്ളു.ബസ്സിന് വെയിറ്റ് ചെയുന്ന ആൾക്കാരോട് മിണ്ടി ഇരുന്നു.ഒരു ചേച്ചി കടല കൊറിക്കാൻ തന്നു.(കടല കിട്ടാൻ വേണ്ടി അവരോടു മിണ്ടിയതാണോ എന്നവർ വിചാരിക്കുവോ ആവോ ).ചേച്ചിയുടെ ഹസ്ബൻഡിനു എന്റെ ഹിന്ദി കേട്ടപ്പോ തന്നെ ഞാൻ സൗത്ത് ഇന്ത്യൻ ആണെന്നു മനസിലായി.കേരളമെന്നു കേട്ടപ്പോൾ സന്തോഷം.എൻജിനീയർ ആണെന്ന് പറഞ്ഞപ്പോ അവർക്കൊരു വിശ്വാസം വരാത്തപോലെ.ചൈലിൽ ഏറ്റവും ചിലവ് കുറഞ്ഞു താമസ സൗകര്യം കിട്ടുമോ എന്ന് ഞാൻ ചോദിച്ചിരുന്നു.പോരാത്തതിന് രണ്ടു ദിവസമായി കുളിക്കാത്ത എന്റെ ലുക്കും.അവരെയും കുറ്റം പറയാൻ പറ്റത്തില്ല.
ഒടുവിൽ ബസ് വന്നപ്പോൾ തിരക്കോട് തിരക്ക്.എനിക്ക് സ്റ്റെപ്പിൽ കയറാൻ പറ്റി.ദാ മൂന്നാലു പേര് മുകളിലേക്കു വലിഞ്ഞു കേറുന്നു.താഴെ നിന്ന ചെക്കനോട് മുകളിൽ കയറാൻ പറ്റുമോ എന്ന് ചോദിച്ചു.അതിനെന്താ കയറാം എന്നായി അവൻ.കേൾക്കണ്ട താമസം ഞാൻ ചാടിയിറങ്ങി.ആ ചെക്കൻ ബസ്സിലും കയറി.
കൊള്ളാമെടാ കാലമാടാ എന്നെ ഇറക്കിയത് നിനക്ക് കേറാനായിരുന്നല്ലേ ?.
എന്തായാലും മുകളിലേക്ക് രണ്ടെണ്ണം കയറി പോയിട്ടുണ്ടല്ലോ.ചുമ്മാ കയറാം.
ഞാൻ മുകളിലോട്ടു കയറി.ഞാനും വേറെ മൂന്ന് ആൾക്കാരും.ഹായ് നല്ല രസം.
ഇങ്ങനെയങ്ങു പോവാം എന്ന് കരുതിയപ്പോൾ കൂടെയുള്ള മൂന്ന് ആൾക്കാരും അടുത്ത സ്റ്റോപ്പിൽ ഇറങ്ങി.ഇനി ഞാൻ മാത്രം.പകുതി ധൈര്യം അവിടെ തീർന്നു.എന്നാലും ആരെങ്കിലും തെറി പറഞ്ഞു ഇറക്കുന്നത് വരെ മുകളിൽ ഇരിക്കാൻ തന്നെ തീരുമാനിച്ചു.നല്ല തണുത്ത കാറ്റുകാരണം കയ്യിൽ gloves ഇടേണ്ടി വന്നു.സ്പീഡ് കൂടുമ്പോൾ നല്ല കൺട്രോൾ ചെയ്തു ഇരിക്കണം (കിടക്കണം ).ഏതാണ്ട് ഒരു അരമണിക്കൂർ അങ്ങനെ പോയി.ആദ്യമായാണ് ബസ്സിന്റെ മുകളിൽ ഇരുന്നു പോവുന്നത്.സിനിമകളിൽ കണ്ടു കൊതിച്ചിട്ടെ ഉള്ളു.ഇപ്പൊ ഈ സ്വപ്നം നടന്നു.വഴിയിൽ കാണുന്ന പലരും എന്നെ നോക്കുന്നുണ്ട്.ചിലർ കൈ കാണിക്കുന്നു .ചിലർ ചിരിക്കുന്നു.നമ്മടെ നാടല്ലാത്തോണ്ട് എനിക്കൊരു നാണവും തോന്നിയില്ല.ഇടയ്ക്കു വേറൊരു ബസ് എതിരെ വന്നിട്ടു അടുത്ത് നിർത്തി.രണ്ടു ഡ്രൈവർമാരും സംസാരത്തിലാണ് .എന്നേ കാണണ്ട എന്ന് കരുതി ഞാൻ ഒരു വശത്തേക്കു മാറി പതുങ്ങി ഇരുന്നു.പക്ഷേ കണ്ടക്ടർക്ക് ഞാൻ മുകളിൽ ഉള്ളത് അറിയാമായിരുന്നു.ഒരു മണിക്കൂർ കഴിയാറായപ്പോൾ ആള് വന്നു വിളിച്ചു.
"താഴെ സീറ്റുണ്ട് .താഴേക്കു പോരെ" (ഭാഗ്യം തെറി പറഞ്ഞില്ല )
എനിക്കും തണുത്തു വിറച്ചു മതിയായിരുന്നു.(നന്ദിയുണ്ട് ചേട്ടാ എങ്ങനെ താഴെ ഇറങ്ങാം എന്നാലോചിച്ചു ഇരിക്കുവായിരുന്നു ഞാൻ )
കുറച്ചു കഴിഞ്ഞപോൾ സ്‌കൂൾ കുട്ടികൾ കയറി.മൂന്ന് കുഞ്ഞിക്കകൾ എന്റെ അടുത്തിരുന്നു.ബാഗ് തോളിൽ ഇട്ടു തന്നെയാണ് ഇരിപ്പു.അവർ ഊർന്നു ഊർന്നു പോവുന്നു.ബാഗ് കൈയിൽ പിടിക്ക് എന്ന് എന്റെ അടുത്തിരുന്ന സുന്ദരി കൊച്ചിനോട് ഞാൻ പറഞ്ഞു.ആദ്യം അവളൊന്നു മടിച്ചെങ്കിലും പിന്നീട് അവൾ ബാഗ് ഊരാൻ ശ്രെമിച്ചു.
ബാഗ് ഊരാൻ ഞാൻ സഹായിച്ചു.ബാഗിന്റെ ഭാരം ഈ കൊച്ചിനേക്കാൾ കൂടുതലായിരിക്കും.
ബാഗ് ഊരാൻ ഞാൻ സഹായിച്ചു.ബാഗിന്റെ ഭാരം ഈ കൊച്ചിനേക്കാൾ കൂടുതലായിരിക്കും.
"മോളേത് ക്‌ളാസ്സിലാ "
ആറാം ക്ലാസിലാണ് കുട്ടി.കണ്ടാൽ ഒന്നോ രണ്ടോ എന്നെ പറയു .ബാഗും പിടിച്ചു ഇരിക്കുന്നതും ബുദ്ധിമുട്ടാണെന്ന് കണ്ടപ്പോൾ ഞാൻ ബാഗ് വാങ്ങി പിടിച്ചു .അവൾ ചെറിയ മടിയോടെ ബാഗ് തന്നു .ബാഗ് ഒരു പത്തുകിലോ കാണും .പഹാഡി പിള്ളേർക്ക് ഇതൊക്കെ എന്ത് ,കണ്ടക്ടർ വന്നു മൂന്നാളുടെയും തലയിൽ ചെറുതായി കൊട്ടിയിട്ടു എന്തോ ചോദിച്ചു,പിള്ളേർ ചിരിച്ചു കാട്ടി.പൈസ വാങ്ങുന്നത് കണ്ടില്ല. പിള്ളേർ എണീക്കാതെ തന്നെ കണ്ടക്ടർ അവർക്കു ഇറങ്ങേണ്ട സ്ഥലത്തു വണ്ടി നിർത്തി.സ്ഥിരം യാത്രക്കാർ ആയിരിക്കും .
ഒരു ഒന്നര രണ്ടായപ്പോൾ ചൈലിൽ എത്തി.കൊട്ടാരവും ക്രിക്കറ്റ് ഗ്രൗണ്ടും മാത്രമേ എന്റെ ലിസ്റ്റിൽ ഉള്ളു കാണാനാണെകിൽ ഒരുപാടുണ്ട്.
**കാളി ടിബ്ബ ടെംപിൾ
**Sadhupul Lake
**Chail Wildlife Sanctuary
പട്യാല രാജാവായിരുന്ന ഭൂപീന്ദർ സിങ് ബ്രിട്ടീഷുകാരോടുള്ള കലിപ്പിന് പണിത കൊട്ടാരമാണിത്.അങ്ങേരോട് ഷിംലയിൽ കാലുകുത്തണ്ട എന്ന് പറഞ്ഞപ്പോ എന്നാ ശെരി ഞാൻ ഒരു കൊട്ടാരം തന്നെ പണിയിച്ചു അവിടെ കാലു കുത്താം എന്നും പറഞ്ഞു പണിത കൊട്ടാരം . നേരെ പാലസിലേക്കു നടന്നു.ഇപ്പോൾ ഇതൊരു ഹോട്ടൽ ആയി മാറ്റിയിരിക്കുന്നു .കുറച്ചു ഭാഗത്തു നമ്മൾക്ക് കയറി കാണാം.ഭക്ഷണവും കഴിക്കാം.അവിടെ കഴിച്ചു എന്റെ പോക്കറ്റ് കീറേണ്ട എന്ന് കരുതി ഞാൻ കയറിയില്ല.
കൊട്ടാരത്തിന്റെ ambience ഒക്കെ നല്ല രസമാണ്.ഷിംല പോലെ അത്ര തിരക്കുമില്ല എന്നാൽ നല്ല കാലാവസ്ഥയും.ഹണിമൂണിനോകെ വരാൻ പറ്റിയ സ്ഥലമാണ്.കൊട്ടാരമെല്ലാം കറങ്ങി തിരികെ ചൈളിൽ എത്തി.ക്രിക്കറ്റ് ഗ്രൗണ്ട് കാണാൻ മുകളിലോട്ടു നടക്കണം.നടന്നു നടന്നു നടന്നു ഒരു വഴിക്കായി .
പത്തു മിനിറ്റു കൂടെ മതിയെന്നു ഒരു ചേട്ടൻ പറഞ്ഞിട്ടു മുപ്പതു മിനിറ്റായി.ആർമിയുടെ സ്ഥലമാണിതെല്ലാം,ഗ്രൗണ്ട് പുറത്തു നിന്ന് കാണാനേ പറ്റു.പുറത്തു നിന്നും കണ്ടിട്ട് ഞാൻ തിരികെ നടന്നു.ഇതെല്ലാം ഇനി തിരിച്ചിറങ്ങണമല്ലോ എന്നോർത്തപ്പോൾ ഒരാൾ ബൈക്ക് കൊണ്ട് വന്നു നിർത്തി.ഞാൻ കരുതി ലിഫ്റ്റ് തന്നതാ എന്ന്.ഓടി പോയി കയറി.
ശെരിക്കും അയാളുടെ ബൈക്ക് നു എന്തോ കുഴപ്പമുണ്ടായിരുന്നു.അതുകൊണ്ട് ഇടയ്ക്കു ഇടയ്ക്കു ഒക്കെ നിർത്തിയാണ് പോന്നത്.അതുകൊണ്ടു നിർത്തിയതാണോ അതോ ലിഫ്റ്റ് തന്നതാണോ ? ആവോ എന്തായാലും ഞൊടിയിടയിൽ ഞാൻ താഴെയെത്തി.ആളുടെ സ്പീഡ് വച്ച് മുകളിലോട്ടു പൊകുമെന്നാ കരുതിയേ .
ഇനി ഒരു റൂം നോക്കണം.ആദ്യം ഈ വഴി പോയപ്പോ ഒരു കടയിലെ ചേച്ചി ചിരിച്ചു കാട്ടിയിരുന്നു.അവിടെ തന്നെ കയറി.
"ചീപ്പ് ആയ ഒരു റൂം വേണം.ഡോര്മിറ്ററി ആണേൽ അതാണ് വേണ്ടത് "
"എത്രത്തോളം ചീപ്പ് ? എത്രയാ ബഡ്ജറ്റ് "?
"അങ്ങനെയൊന്നുമില്ല.എത്രത്തോളം കുറഞ്ഞു കിട്ടുമോ അത്രത്തോളം "
"എന്നാൽ അവിടെയൊരു ഗുരുദ്വാരയുണ്ട് 250 കൊടുക്കേണ്ടി വരും.നിങ്ങളെ പോലെയുള്ള students അങ്ങനെയാ ചെയ്യാറ്.pocket money വച്ചു എല്ലാം നടത്തണ്ടേ "
"ഞാൻ student അല്ല.ജോലിയൊക്കെ ഉണ്ട് (ഒരു ലുക്കില്ല എന്നേയുള്ളു )പക്ഷേ എപ്പോഴും യാത്ര പോണേൽ ഇതുപോലെ പിശുക്കണം.അതാണ് കാര്യം."
എന്തായാലും വേറെ വഴിയൊന്നുമില്ലെൽ ഗുരുദ്വാര തന്നെ ശരണം .ഒരു പക്കാ ലോക്കൽ കടയിൽ കയറി പക്കോഡ പറഞ്ഞു.വിശപ്പ് പോവാത്തോണ്ട് ഒന്നുടെ പറഞ്ഞു.ലോക്കൽസ് എല്ലാം ഏതാണ്ടൊക്കെ തമാശ പറയുന്നുണ്ട്.ഞാനും ചുമ്മാ കൂടെ ചിരിച്ചു.യെന്തരോയെന്തോ
കടയിലെ വിജയ് ഭയ്യാ പറഞ്ഞതനുസരിച്ചു pine view ഹോട്ടലിൽ പോയി.
"ഭായി റൂമുണ്ടോ ? നല്ലപോലെ റേറ്റ് കുറഞ്ഞത് "
"എണ്ണൂറിന്റെ ഉണ്ട് "
(അയ്യോ 800 ഓ )
"അറുന്നൂർ ഉണ്ട് , 400 ഉണ്ട് "
അപ്പൊ താഴുന്നുണ്ട്.
"200 വല്ലതും കിട്ടുമോ ?"
"അത് ഷെയറിങ് ആണ്.രണ്ടു ബെഡ് ഉണ്ടാവും.ഇനി ആരെങ്കിലും വന്നാൽ ഒരാൾ കൂടെ റൂമിൽ വരും."
അത് മതി.(ഈ ഗുദാമിലെക്കു ഇനി ആര് വരാനാ അതും ഒറ്റയ്ക്ക് )
മഴ വരാനുള്ള സാധ്യതയുണ്ട്.അതിനുമുൻപേ ചൈല് ടൌൺ ഒന്ന് ചുറ്റിക്കാണാം .നേരത്തെ പറഞ്ഞ ചേച്ചിയുടെ ഹസ്ബണ്ടും ഞാനും ഒരുപാട് മിണ്ടി,അവർക്കൊരു മലയാളി കൂട്ടുകാരൻ ഉണ്ടായിരുന്നു.പേര് നിഖിൽ.ഇപ്പോൾ ആലപ്പുഴയിൽ houseboat ബിസിനസ് ആണത്രേ ആൾക്ക്.ഇവർ ഒരിക്കൽ വന്നിട്ടുണ്ട് നിഖിലിനെ കാണാൻ.ഇങ്ങേർക്ക് മൊബൈൽ ടവറിന്റെ പണിയാണ്.അതുകൊണ്ടു ഹിമചാലിൽ അയാൾ കയറാത്ത മലകളൊന്നുമില്ല.അവരുടെ കാർഡ് വാങ്ങിച്ചു,ഇനി എങ്ങാനും ഉപകാരപ്പെട്ടാലോ ?.
Kailash Food Chail എന്ന ചൈലിലെ KFC യിൽ കയറി.അവിടെയും വില കൂടുതലാണ്.ഒരു ഗ്ലാസ് പാൽ കുടിച്ചു.ആസ്‌ട്രേലിയ -സൗത്ത് ആഫ്രിക്ക ടെസ്റ്റ് മാച്ച് അവരുടെ കൂടെ ഇരുന്നു കണ്ടു.എന്തുട്ട് മനുഷ്യരാണ് .ഇന്ത്യ പാകിസ്‌ഥാൻ മാച്ച് പോലും ഇത്ര ശുഷ്കാന്തിയോടെ ഇരുന്നു ആരെങ്കിലും കാണുന്നത് ഞാൻ കണ്ടിട്ടില്ല.
മഴ പെയുന്നതിനു മുൻപേ തിരികെ നടന്നു.ഇനിയും സമയം ഒരുപാട് കൈയിലുണ്ട്.ഞാൻ എന്റെ മുടിയൊന്നു വെട്ടി.സംഗതി കൊളമായി. പറ്റിയത് പറ്റി.ഒന്ന് കുളിക്കണം.രണ്ടു ദിവസമായി കുളിച്ചിട്ടു.
ചൂടുവെള്ളം ഒരു ബക്കറ്റു 30 രൂപ.
pine view ന്റെ ആൾ ഒരു ഗ്യാപ് ഇട്ടാണ് സംസാരിക്കുന്നത്.അതാണ് റൂം ചോദിയ്ക്കാൻ വന്നപ്പോഴും കോട്ടയം പ്രദീപ് സ്റ്റൈയിലിൽ 800 ന്റെ ഉണ്ട് 600 ന്റെ ഉണ്ട് എന്നൊക്കെ പയ്യെ പയ്യെ പറഞ്ഞത്.solan ൽ നിന്ന് ടോയ് ട്രെയിൻ ടിക്കറ്റ് കിട്ടുമോ എന്ന് അയാൾക്കു ഉറപ്പില്ല.ഞാൻ കുറച്ചു ലോക്കൽസിനോട് ചോദിച്ചു.കിട്ടും കിട്ടില്ല പലരും പലതു പറയുന്നു.എന്തായാലും പോയി നോക്കാം.
ചൂടുവെള്ളം വാങ്ങി ഞാൻ കുളിച്ചു.തണുത്തു ആസ്തി വരെ മരച്ചു പോയി.ഉള്ള ഡ്രെസ്സെല്ലാം കുത്തിക്കേറ്റി .
നല്ലൊരു മഴ പെയ്തു.ചെറുതായൊന്നു ഉറങ്ങി ഞാൻ.രാത്രിയിൽ വീണ്ടും പുറത്തിറങ്ങി.ഇത്തിരി ചിക്കൻ കഴിക്കാൻ നോക്കിയിട്ടു എവിടേം കണ്ടില്ല.റൊട്ടിയും ദാലും മാത്രം.അവസാനം ഒരു ചന്നാ സമോസ കഴിച്ചു.കിടിലൻ ടേസ്റ്റ്.രണ്ടു ചായയും.ഒരു ബഹളവുമില്ലാത്ത ചൈൽ ടൗണിലൂടെ കുറേ നടന്നു.ഇനിയും നടന്നു തണുത്തു വടിയാവണ്ട എന്ന് കരുതി ഞാൻ റൂമിൽ പോയി..
രാവിലെ ആറരയ്ക്കാണ് ബസ് ചണ്ഡീഗഡ് പോവുന്ന ബസ്. അതിൽ കയറിയാൽ solan എത്തുമ്പോ ടോയ് ട്രെയിൻ അതിന്റെ വഴിക്കു പോവും.അതോണ്ട് അതും കഴിഞ്ഞുള്ള സ്റ്റേഷൻ ആയ kandaghat പോവാൻ തീരുമാനിച്ചു.അവിടെ വേഗം എത്തും ബസ്സ്. kandaghat ൽ നിന്നും ടോയ് ട്രെയിനിൽ കയറി ഷിംല.അവിടന്ന് രാത്രി തിരികെ ഡൽഹിയിലേക്കു.അതാണ് പ്ലാൻ.ഒരു മൂന്ന് അലാറം വച്ചു.ടോയ് ട്രെയിൻ മിസ് ആവരുതല്ലോ .
ഒരുപാട് സ്ഥലങ്ങൾ ഒന്നും കണ്ടില്ലെങ്കിലും ചൈൽ ഒരനുഭവമായിരുന്നു.ബസ്സിന്റെ മുകളിൽ കയറി യാത്ര ചെയ്തതും.സ്‌കൂൾ പിള്ളേരോട് മിണ്ടിയതും,ചായക്കടയിലെ സംസാരവും ,കൊടും തണുപ്പിലുള്ള കുളിയും.ശാന്തമായ ചൈലിലൂടെ രാത്രിയിൽ ഒറ്റയ്ക്കു നടന്നതുമെല്ലാം വേറൊരു അനുഭവമായിരുന്നു.

Leave a Comment