Wagah Border Ceremony Punjab Diaries - Malayalam Travelogue




ഒന്നാം ഭാഗം ഇവിടെ വായിക്കാം

അപ്പുറത്തെ ഗാലറിയിലേക്കു കയറ്റി വിടാത്തതിന് സർദാർജി ഒച്ചയെടുക്കുകയാണ്.അപ്പോൾ സൂഡ ഇടപെട്ടു.


“അവർ രാവിലെ വന്നു ടിക്കറ്റെടുത്താണ് അതുകൊണ്ടാണ് അവിടെ നമ്മൾക്ക് പ്രേവശനമില്ലാത്തത്”

“ഞാൻ ആരെണെന്നു അറിയുവോ തനിക്കു ?”

“ആരാ “?

“ഞാൻ ഹൈക്കോർട്ട് വക്കീൽ ആണ് “

“അതിനെന്താ”  പ്രത്യൻക്‌ സൂഡയുടെ ഈ മറുപടി സർദാർജി പ്രതീക്ഷിച്ചതല്ല.അയാളുടെ ഡയലോഗ് കേട്ട് ഞെട്ടുന്ന പാവങ്ങളുടെ ഇടയിലെ രാജാവായിരുന്നു അങ്ങേരു.

“ഞാൻ അവിടെ പോവാൻ പറ്റുമോ എന്ന് നോക്കട്ടെ , കാണിച്ചു തരാം “ എന്നൊക്കെ പറഞ്ഞു സർദാർജി കുടുംബത്തെ കൂട്ടി എങ്ങോട്ടോ പോയി.

ഉത്തരേന്ത്യയിൽ അങ്ങനെയാണ്.കൂടുതലും കർഷകർ.ഏതു ചെറിയ ഗവൻറ്മെൻറ് ഉദ്യോഗസ്ഥനും വലിയ ബഹുമാനമാണ്.അത് അവർ മുതെലെടുക്കും .കാര്യം കാണാൻ വേണ്ടി അവർ അധികാരം ഉപയോഗിക്കും.ഒരു വർഷത്തെ ഡൽഹിയിലെ ജീവിതം കൊണ്ട് എനിക്കിതു  വ്യക്തമായതാണ്.ജാതി തിരുവുകളൊക്കെ ഇപ്പോഴും ഭദ്രം.ഇതൊന്നും പോരാഞ്ഞിട്ട് ഇങ്ങനെ ചില വേർതിരുവുകളും.പക്ഷെ ഒരു മൂന്നാഴ്ച യാത്രയ്ക്ക് നോർത്തിൽ വന്ന സൂഡ എന്നോട് ഇക്കാര്യം പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി.

അമൃത്സർ സുവർണ ക്ഷേത്രം കണ്ടു കഴിഞ്ഞു അവിടന്ന് ഓട്ടോയിൽ വാഗായ്ക്കു വരുന്ന വഴി കമ്പനിയായതാണ് ഇവനായിട്ടു.Prathyank Sooda  എന്നാണ് ശെരിക്കുള്ള പേര്.എന്നോട് സൂഡ എന്ന് വിളിക്കാൻ പറഞ്ഞു.

വാഗയിലേക്കു പോവുന്ന വഴി സന്ദീപ് ഞങ്ങളെ ഒരു കോട്ടയിൽ കയറ്റി.അതിനാണ് അമ്പതു രൂപ എക്സ്ട്രാ വാങ്ങുന്നത്.പുറമെ നിന്ന് കാണുമ്പോഴേ അറിയാം ഒരു വകയ്ക് കൊള്ളില്ലാത്ത കോട്ടയാണിതെന്നു.ഗോൾഡൻ ടെംപിൾ-വാഗ എന്ന ടൂറിസ്റ്റ് ആകര്ഷണത്തിന്റെ കൂടെ ഇതും കൂടെ തിരികെ കയറ്റാനുള്ള ശ്രെമത്തിലാണ് പഞ്ചാബികൾ.ഞാൻ ആദ്യമേ തിരികെ വന്നു.പിന്നാലെ സൂഡയും വന്നു.അവനോട് ഒന്ന് മുട്ടണം എന്ന് കരുതി ഇരിക്കുവാരുന്നു.കൂടെയുള്ള ഫാമിലി ഫോട്ടോയെടുപ്പും എല്ലാം കഴിച്ചു എത്തിയിട്ടില്ല.അവർ വന്നിട്ടേ പോകൂ.

സൂഡ ഡെൽഹിയ്ക്കുള്ള ബസ്സിന്റെ കാര്യം സന്ദീപിനോട് ചോദിക്കുന്നുണ്ട്.സന്ദീപ് ആണെങ്കിൽ അവന്റെ കൂട്ടുകാരന്റെ ഏജൻസി വഴി ബുക്ക് ചെയ്യിക്കാൻ നോക്കുന്നു.ഞാൻ ട്രെയിൻ ടിക്കറ്റു നോക്കി ഞാൻ ബുക്ക് ചെയ്ത അതെ ട്രെയിനിൽ ടിക്കറ്റുണ്ട്.ഞാൻ അവനോടു കാര്യം പറഞ്ഞു.അവനു irctc അകൗണ്ട് ഇല്ല.അവൻ പൈസ തന്നു ഞാൻ ബുക്ക് ചെയ്തു കൊടുത്തു.അങ്ങനെ ഞങ്ങൾ കമ്പനിയായി.ഞങ്ങൾ രണ്ടാളും മുൻപിൽ സന്ദീപിന് ഇരു വശത്തുമായി ഇരുന്നു.അവൻ ബാംഗ്ലൂരിൽ ജോലി ചെയുന്നു.ഇപ്പോൾ ഒരു മാസം നീണ്ട യാത്രയിലാണ്.കർണാടകക്കാരനെ കണ്ടാൽ എന്റെ ഒരു ചോദ്യം ഉണ്ട്

“നിങ്ങൾ ആഗുംബെ പോയിട്ടുണ്ടോ “ (ആഗുംബെ കാരണമാണ് എനിക്ക് കര്ണാടകയോട് ഇഷ്ടം കൂടിയത്)
പലരും പോയിട്ടില്ല എന്നേ പറഞ്ഞിട്ടുള്ളു.പക്ഷെ ഇവൻ ഞെട്ടിച്ചു.ഇവന്റെ വീട് ഉഡുപ്പിയിലാണ്.ആഗുംബെ പോയിട്ടുണ്ട്.ദോദുമനയിലെ കസ്തുരി അക്കയെ വരെ അവനറിയാം.

“നിങ്ങൾ എവിടുന്നാ “


എപ്പോഴും കേൾക്കാൻ കൊതിക്കുന്ന ചോദ്യം . കേരളമെന്നു അഭിമാനത്തോടെ പറയാമല്ലോ.

“ഞാൻ കേരളത്തിൽ നിന്നാണ്”

അവൻ പഠിച്ചത് കോൺവെന്റ് സ്‌കൂളിലാണ്.പതിവുപോലെ കേരള പുകഴ്ത്തൽ തുടങ്ങി (നമ്മളിതെത്ര കേട്ടതാ )
ഞങ്ങൾ ഇങ്ങനെ ഓരോന്ന് മിണ്ടികൊണ്ടിരുന്നപ്പോൾ സന്ദീപ് ഇടയ്ക്കു കയറി.


“നിങ്ങൾ കേരളത്തിൽ നിന്നാണോ ? നിങ്ങളുടെ ഇംഗ്ലീഷ് നല്ലതാ “

എനിക്ക് വീണ്ടും അഭിമാന നിമിഷം .(ഇവന്മാർ കൊള്ളാവുന്ന വേറെ ഇംഗ്ലീഷ് കേൾക്കാത്തത് എന്റെ ഭാഗ്യം )

“ഓ  അങ്ങനെയൊന്നുമില്ലാന്നേ” ഞാൻ ഇത്തിരെ വിനയം നടിച്ചു പറഞ്ഞു .

സന്ദീപ് സമ്മതിച്ചില്ല .

“അല്ല അങ്ങനെയാണ്. ഇവിടെ വരുന്ന കേരളത്തിലെ ആൾക്കാരെ ഞാൻ കൊണ്ടുപോകന്നതല്ലേ . നല്ല വിവരം ഉള്ളവരാണ് ഹിന്ദിയും ഇംഗ്ലീഷും ഒക്കെ പറയും “

ഞാൻ ചിരിച്ചോണ്ട് കേട്ടു (ഇതൊക്കെ എന്ത്).


സന്ദീപിന് ഞാൻ ട്രെയിൻ ടിക്കറ്റു ബുക്ക് ചെയ്തു കൊടുത്തത് പിടിച്ചില്ല എന്ന് തോന്നുന്നു.അവനു ആകെ അറിയാവുന്നത് ഒൻപതു മണിക്കുള്ള ഡെയിലി ട്രെയിൻ ആണ്.അവനു ട്രെയിനിന്റെ സമയവും എങ്ങോട്ടാണ് പോവുന്നത് എല്ലാം അറിയണം.ഇനി വരുന്ന ടൂറിസ്റ്റുകൾക്ക് പറഞ്ഞു കൊടുക്കാമല്ലോ .

ഒന്നാം നമ്പർ ദേശീയപാതയിലൂടെയാണ് ഞങ്ങൾ പോകുന്നത്.സന്ദീപിന് കൊൽക്കത്ത വരെ എത്ര ദൂരം ഉണ്ട് എന്നറിയണം .

“എന്താ ഓട്ടോയ്ക്ക് പോവാനാണോ”

“നിങ്ങൾ മൊബൈലിൽ നോക്കൂ എത്ര ദൂരം ഉണ്ടെന്നു”


രണ്ടായിരം കിലോമീറ്റർ ഉണ്ട് ഇവിടന്നു എന്ന് കേട്ടപ്പോ സന്ദീപ് പറയുന്നേ അതിലും കൂടുതൽ ഉണ്ട് എന്നാണ്.

“ഒരുനാൾ ഓട്ടോയിൽ ഞാൻ പോവും”

സന്ദീപിന്റെ ആഗ്രഹമാണത്.നമ്മളുടെ പല വലിയ ചെറിയ ആഗ്രഹം പോലെ തന്നെ സന്ദീപിന്റെ ചെറിയ വലിയ ആഗ്രഹം.


ഞങ്ങളുടെ ഓട്ടോയെ മറികടന്നു ഇഷ്ടംപോലെ ബസ് പോകുന്നുണ്ട് എല്ലാം വാഗയിലേക്കാണ് .സീറ്റ് കിട്ടുവോ എന്നാണ് എന്റെ പേടി.സന്ദീപ് പറയുന്നേ കിട്ടും എന്നാണ്  വാഗയിൽ എത്തി ബാഗ് ലോക്കറിൽ വച്ചു .അകത്തേക്കു മൊബൈൽ ഉം പേഴ്സും മാത്രമേ കയറ്റു. കുറച്ചു നടക്കാനും ഉണ്ട്.

ഒരു രണ്ടു മിനിട്ടു ചുമ്മാ നിന്നാൽ ആരെങ്കിലും വന്നു മുഖത്തു ദേശീയപതാക വരയ്ക്കാൻ തുടങ്ങും.കച്ചവടമാണത്.ദേശിയ പതാക,തൊപ്പി എന്ന് വേണ്ട എല്ലാം കിട്ടും.

പാക്കിസ്ഥാൻ അതിർത്തി ഒരു കിലോമീറ്റര് എന്ന ബോർഡിൻറെ ഫോട്ടോയും എടുത്തു ഞങ്ങൾ വേഗം നടന്നു.പറ്റുന്നത്ര ആൾക്കാരെ overtake ചെയുക അതാണ് ലക്‌ഷ്യം.ഒരുപാട് പേരെ അങ്ങനെ മറികടന്നു ഞങ്ങൾ സെകുരിറ്റി ചെക്കിങ്ങിനു ക്യു നിന്നു .കവിളിലും കയ്യിലും പതാക ചായം പൂശിയും , അതേപോലത്തെ തൊപ്പിയും പതാകയും ആയിട്ടാണ് പലരുടെയും നിൽപ്പ്.സൂഡയുടെ ആക്ഷൻ ക്യാമറ കണ്ടിട്ട് ഓഫിസറിനു മനസിലായില്ല.പിന്നെ സൂഡ ഒരു ഫോട്ടോ എടുത്തു കാണിച്ചു കൊടുത്തു.
                         


                          
പിന്നെ നടക്കുന്ന വഴി ലാഹോറിലേക്കുള്ള മൈൽ കുറ്റി  കണ്ടു ,വെറും ഇരുപത്തി രണ്ടു കിലോമീറ്റര് മാത്രം!! എന്റെ വീട്ടിൽനിന്നു തൊടുപുഴ പോകുന്ന ദൂരം അത്രെയേ ഉള്ളു. പക്ഷെ ആ ഇരുപത്തിരണ്ടു കിലോമീറ്റർ സാധാരണഗതിയിൽ ഇന്ത്യക്കാരന് അസാധ്യമാണ്.എന്നെങ്കിലും ഒരിക്കൽ പോവും.രാമന്റെ മകന്റെ പേരിൽ നിന്നാണ് ലാഹോർ എന്ന പേര് വന്നത്‌.അവിടെ ബന്ധുക്കൾ ഉള്ളവർക്കു മാത്രേ വിസ കിട്ടു.അല്ലാത്തവർക്ക് അസാധ്യമാണ് എന്ന് തന്നെ പറയാം.
      

                             

ഞങ്ങൾ ചെന്നപ്പോൾ വലതു വശത്തെ ഗാലറി നിറയുന്നതേ ഉള്ളു.ഇടതു വശത്തേക്കു കയറ്റുന്നില്ല.ഞങ്ങൾ ഏറ്റവും മുകളിലേക് പോയി അവിടെ നിന്നു. അതിർത്തി വ്യക്തമായി കാണാം അവിടെ നിന്നാൽ.അതിന്റെ അപ്പുറത്തേക്കുള്ള ഗാലറി രാവിലെ വന്നു പാസ് എടുത്തവർക്കാണ് . ചിലർ ഒക്കെ ചാടി കിടക്കാൻ ശ്രെമിച്ചെങ്കിലും നല്ല തെറിയോട് കൂടെ പട്ടാളക്കാർ തിരികെ അയച്ചു. ഒന്ന് രണ്ടു മണിക്കൂർ അവിടെ അങ്ങനെ നിന്നു.നല്ല ഒച്ചയിൽ ഇരു വശത്തും പാട്ടു വച്ചിട്ടുണ്ട്.അവരുടെ നമ്മൾക്കും നമ്മളുടെ അവർക്കും കേൾക്കാൻ പറ്റില്ല എന്ന് മാത്രം .അത്രേം ഒച്ചയിലാണ് വച്ചേക്കുന്നത് ഇരുവശത്തും . ഒരു വശം നിറഞ്ഞപ്പോൾ മറുവശത്തെ ഗാലെറിയും തുറന്നു . അപ്പൊ വന്നവർക്കു നല്ല സീറ്റ് കിട്ടി . നടുവിലുള്ള റോഡിൽ പെൺകുട്ടികൾക്ക് പതാകയുമായി ഓടം ഓടാം ഡാൻസ് കളിക്കാം . സ്‌കൂൾ കുട്ടികൾ അവിടെ നിന്ന് ഡാൻസ് കളിയും ഗാലറിയിലെ ആൾക്കാരുടെ ആർപ്പുവിളിയും എല്ലാം കൂടെ നല്ല ബഹളമാണ്.പാകിസ്ഥാന്റെ വശത്തു പെൺകുട്ടികൾക്ക് അങ്ങനെ വരുവാനുള്ള സ്വാതന്ത്രമില്ല.രണ്ടു രാജ്യങ്ങൾ തമ്മിലുള്ള വ്യതാസം അതിൽ നിന്ന് തന്നെ മനസിലാവും.പരേഡ് നടത്തുന്ന സംഘത്തിലും നമ്മുടെ വശത്തു വനിതകൾ ഉണ്ട്.അവർക്കതില്ല.

                              


പാകിസ്താന്റെ വശത്തു അവരുടെ ദേശിയ ഗാനം വച്ചു .അവർ എഴുനേറ്റു നിൽക്കുന്ന കണ്ടപ്പോഴാണ് എനിക്കത് മനസിലായത് .ഒരു മര്യാദയ്‍ക്കു എങ്കിലും നമ്മൾ മിണ്ടാണ്ട് ഇരിക്കേണ്ടതല്ലേ എന്ന് തോന്നി. നമ്മളുടെ ഭാഗത്തു ഡാൻസ് ഉം ബഹളവും ഒക്കെ ഉണ്ടെങ്കിലും അവരുടെ അവിടെ രണ്ടു പേര് പതാക കൊണ്ട് കാണിക്കുന്ന കാണിച്ചു കൂട്ടലെ  ഉള്ളു. നടുക്കിറങ്ങാൻ അവർക്കു അനുവാദം ഇല്ല എന്ന് തോനുന്നു. എന്റെ പുറകിൽ നിന്നത് കണ്ണൂരുകാരാണ് .എവിടെപ്പോയാലും മലയാളികളെ കാണുന്ന പതിവ് ഇത്തവണയും തെറ്റിയില്ല.




അവരോട് ഒക്കെ മിണ്ടി നിൽക്കുമ്പോഴാണ്‌ നേരത്തെ പറഞ്ഞ സർദാർജി വന്നു അലമ്പുണ്ടാക്കിയത്.
അത് ഒന്ന് തീർന്നപ്പോ ഒരു ഫാമിലി വന്നു.അവിടെ നിന്നാൽ കാണാൻ പറ്റില്ല എന്ന് മനസിലായപ്പോ തിരികെ പോയി. ഒരു ചേച്ചി കുറച്ചു നേരം നിന്നിട്ടു പൊയ്ക്കൊള്ളാം എന്ന് പറഞ്ഞു , ഞങ്ങൾ ആരും മൈൻഡ് ചെയ്തില്ല.കാണാനായിട്ടു ഒന്നും തുടങ്ങിയിട്ടും ഇല്ല. എന്റെ പുറകിൽ നിൽക്കുന്ന മലയാളീസ് സ്ഥലം കൊടുക്കുവോ എന്ന പേടി എനിക്കുണ്ടാർന്നു . ഭാഗ്യത്തിന് കൊടുത്തില്ല .അവർ പോയപ്പോ ഞാൻ അവരോട് പറഞ്ഞു. ഈ നോർത്തിൽ വരുമ്പോ മനുഷ്യത്വം കുറച്ചു നാളത്തേക്ക്ഇല്ല എന്ന് അങ്ങ് ഭാവിച്ചോണം. കുറച്ചു കഴിയുമ്പോ പോവാം എന്ന് പറഞ്ഞ ചേച്ചിയ്ക്കു സ്ഥലം കൊടുത്തിരുന്നേൽ അവർ അവരുടെ ഫാമിലിയെ മൊത്തം അവിടെ കൊണ്ടുവന്നു ഞങ്ങൾ  പുറത്തായേനെ . പിള്ളേരെ കാണിച്ചുകൊണ്ടുള്ള സഹതാപം ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന ടീമ്സം ഉണ്ട് .ഇവിടെ ആര് സഹായം ചോദിച്ചു വന്നാലും ചെയ്യണ്ടിരിക്കുവാ നല്ലത് എന്ന് ഞാനവരെ ഉപദേശിച്ചു .(നല്ല അനുഭവം ഉണ്ടേ)


ഇതിന്റെ ഇടയിൽ അഞ്ചാറ് പേർ  ഗേറ്ററിലൂടെ പാകിസ്താനിലേക്ക്  പോയി.ഒരു മദാമ്മയും പോവുന്ന കണ്ടു.എനിക്ക് എന്ന് പോവാൻ പറ്റുവോ ആവോ!!.പാകിസ്താനിലേക്കുള്ള  ബസും കടന്നു പോയി.


സെറിമണി തുടങ്ങുന്നത് രണ്ടു വനിതാ സൈനികർ ഗേറ്റ് വരെ നടന്നു ചെന്ന് അവിടെ നിൽക്കുന്നതോടെയാണ് .എന്നാൽ പാകിസ്ഥാന്റെ ഭാഗത്തു നിന്ന് വനിതാ സൈനികർ ആരും ചടങ്ങിൽ പങ്കെടുക്കുന്നില്ല .ചടങ്ങ് തുടങ്ങിയപ്പോഴേക്കും എല്ലാരും എഴുനേറ്റു അതോടെ ഞങ്ങൾക്ക് ശെരിക്കും കാണാൻ പറ്റാണ്ടായി . ഞങ്ങളൂടെ ഇപ്പുറത്ത്  വന്നോളാൻ അവിടെ നിന്ന പട്ടാളക്കാരൻ പറയണ്ട താമസം ഞാനും സൂഡയും ഇപ്പുറത്തെത്തി.ഇത്രയും നേരം അവിടെ ഞങ്ങൾ നിൽക്കുന്നത് കണ്ടിട്ട് മനസ്സലിഞ്ഞതാ എന്ന് തോന്നുന്നു.കുറച്ചൂടെ ഓരോരോ തവണയായി പല സൈനികരും ഗേറ്റ് വരെ കാലുയർത്തി ചവിട്ടി നടന്നു ചെല്ലും അവിടെ ചെന്ന് കാലു തലയിൽ മുട്ടുന്നപോലെ ഉയർത്തി ചവിട്ടും . അപ്പുറത്തും ഏതാണ്ട് ഇതുപോലൊക്കെ തന്നെ .വെളുത്ത ടീഷർട്ടും പാന്റും ഇട്ട ആളാണ് ആൾക്കാരെ ഉത്സാഹിപ്പിക്കാൻ നില്കുന്നത്. എത്ര ഉച്ചത്തിൽ വിളിച്ചാലും ആയാൽ പോരാ എന്ന് ആംഗ്യം കാണിക്കും.അപ്പോൾ ആൾക്കാർ കൂടുതൽ ഉച്ചത്തിൽ ഇന്ത്യ ,ജയ്‌ഹിന്ദ്‌ ഒക്കെ വിളിക്കും.അപ്പുറത്തെ വശത്തും നല്ലപോലെ ബഹളമുണ്ട്.രണ്ടു കൂട്ടരും ഉച്ചയിട്ടു യുദ്ധം ചെയ്യുന്നപോലെ തോന്നി.സമാധാനം ഉണ്ടാവേണ്ട അതിർത്തിയിൽ തന്നെ നമ്മൾ ആർക്കാണ് ശബ്ദം കൂടുതൽ എന്ന് ശക്തി പരീക്ഷണം കൂട്ടുന്നു.ചടങ്ങിന്റെ അവസാനം രണ്ടു രാജ്യത്തിൻറെ പതാകയും ഒരുമിച്ചു താഴ്ത്തുന്നതാണ് .അതോടു കൂടി പരിപാടി കഴിഞ്ഞു.


ആദ്യമായാണ് ഏതെങ്കിലും ഒരു രാജ്യാതിർത്തി കാണുന്നത്.അതൊരു വല്ലാത്ത ഫീലായിരുന്നു.ഒരു ഗേറ്റിന്റെ അപ്പുറത്തു പാക്കിസ്ഥാൻ.ആ ഒരു ചുവട് വയ്ക്കണമെകിൽ പാസ്പോർട്ട്, വിസ, കുന്തം കൊടച്ചക്രം അങ്ങനെ പല നൂലാമാലകൾ.വെറും ഒരു തലമുറ മുൻപ് വരെ ഒന്നായിരുന്ന രാജ്യം.ഇപ്പോൾ അങ്ങോട്ടു പോവാൻ പോലും പറ്റാത്ത അവസ്ഥ.ഒരുപ്പാട് യുദ്ധങ്ങൾ ചെയ്ത ബ്രിട്ടണും ഫ്രാൻസും വരെ ഇപ്പൊ ഭായി ഭായി.ഒരു രാജ്യം ആയിരുന്ന നമ്മളിപ്പോൾ ശത്രുക്കൾ.


ഞാനും സൂഡയും  വേഗം ഞങ്ങളുടെ ഓട്ടോ കിടക്കുന്ന സ്ഥലത്തെത്തി .എനിക്ക് മുടിഞ്ഞ വിശപ്പായിരുന്നു .ഞങ്ങൾ നാരങ്ങാ വെള്ളവും ഞാനൊരു ആലു ടിക്കി ബർഗറിന്റെ ഒരു വകഭേദവും കഴിച്ചു .ഓട്ടോയിൽ  വന്ന എല്ല്ലാരും തിരികെ വരാന് വേണ്ടി കുറെ വെയിറ്റ് ചെയ്തു . തണുപ്പ് കൂടി കൂടി വരുന്നുണ്ട് . ആറു മണിയായിട്ടേ ഉള്ളതെങ്കിലും നല്ല ഇരുട്ടാണ് .തിരികെ പോകുന്ന വഴിയിൽ സന്ദീപ്പ് പറഞ്ഞു സ്ത്രീകൾ ബാഗ് കൈയിൽ പിടിക്കണ്ട. ബൈക്കിൽ വന്നു തട്ടിപ്പറിക്കും എന്ന്.

“പൈസ ഇല്ലാത്ത ബാഗ് ആണെങ്കിലോ “എന്ന് ബാക്കിൽ ഇരുന്ന ചേച്ചിയുടെ കോമടി കമ്മന്റ് .



ഞാനും സൂഡയും ഒന്ന്നുടെ ഗുരുദ്വാരയിൽ കയറി . ലൈറ്റ് എല്ലാം ഇട്ടു തിളങ്ങി നിൽക്കുന്ന സുവർണ ക്ഷേത്രം കണ്ടു . ഇത് കാണാനാണ് ഒന്നുടെ വന്നത് .സൂഡയ്ക്കും ഒന്നുടെ വരാൻ സമ്മതമായിരുന്നു . തടാകത്തിനു ചുറ്റും ഒന്നുടെ നടന്നു .സൂഡയുടെ ബാഗ് ക്ലോക്ക് റൂമിലാണ് . വലിയൊരു ruksack . അതും എടുത്തു ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോയിൽ കയറി . പഞ്ചാബിയോട് എവിടെയാ നല്ല നോൺ വെജ് കിട്ടുക എന്ന് ചോദിച്ചു . റെയിൽവേ സ്റ്റേറ്റെഷന്റെ അടുത്തുള്ള എല്ലാം മോശം ആണ് . പഞ്ചാബ് ഡാബ എന്ന സ്ഥലത്തു നല്ലത് കിട്ടും എന്ന് പറഞ്ഞു . എന്നാൽ ഞങ്ങളെ അവിടെ വിട്ടാൽ മതിയെന്ന് പറഞ്ഞു.സൂഡയും  എന്നെപോലെ ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലാണ് .ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ ഓട്ടോ ഓടിച്ച സർദാർജി
“നിങ്ങൾ കേരളത്തിൽ നിന്നാണോ “

സൂഡ  പറഞ്ഞു ഞാൻ ബാംഗ്ലൂർ ഇവൻ കേരളം .

നിങ്ങളുടെ ഇംഗ്ലീഷ് കേട്ടപ്പോ തോന്നി. കേരളക്കാർ നല്ല വിവരം ഉള്ളവരാ എന്നൊരു കമ്മന്റും
എനിക്ക് വീണ്ടും രോമാഞ്ചം .എന്റെ കൂറ ഇംഗ്ലീഷ് കേട്ടിട്ടു സർദാർജിയ്ക്കു ഇങ്ങനെയൊക്കെ തോന്നിയോ എന്നൊരു സംശയം മാത്രം.


ധാബ എന്നാണ് പേരെങ്കിലും അതൊരു roadside restuarant അല്ല. ബട്ടർ ചിക്കൻ കഴിക്കണമെന്ന ആഗ്രഹം കൂടെയുണ്ട്. ഇവരുടെ ബട്ടർ ചിക്കൻ കിടു ആണെന് കേട്ടിട്ടുണ്ട്. ഒരു ബട്ടർ ചിക്കൻ ഹാഫും 2 ബട്ടർ റൊട്ടിയും ഒരു ചിക്കൻ ബിരിയാണിയും ഓർഡർ ചെയ്തു . ബട്ടർ ചിക്കൻ ഒരുപാടുണ്ടാർന്നു . നല്ല രുചിയും. ബിരിയാണിയും കൂടെ താങ്ങാനുള്ള ശേഷി ഇല്ലായിരുന്നു. ബാക്കി വന്ന ബട്ടർ ചിക്കനും ബിരിയയാണിയും ഞങ്ങൾ പാർസൽ വാങ്ങി ആരെക്കിലും കൊടുക്കാം എന്ന് കരുതി.ബട്ടറോകെ ഉള്ളിൽ ചെന്ന് സൂഡയ്ക്ക് തലയ്ക്കു പിടിച്ചു. ആളൊരു കൊക്ക കോള വാങ്ങി കുടിച്ചു.

ലവൻ പറയുവാ അവനു “high” ആയെന്നു!!
ബട്ടർ ഒരുപാടായാൽ ഒരു കൊക്കക്കോള നിർബന്ധാത്രെ . എന്തൊരു ചെക്കനാടോ താൻ. കണ്ടാലേ ഒരു കഞ്ചാവ് ലുക്ക് ഉണ്ടാർന്നു .അവന്റെ ബോഡി അത്ര സെൻസിറ്റീവ് ആണ് അതാണ് കിക്ക്‌ ആവാൻ കാരണം . അവൻ തന്നെ സമ്മതിച്ചു അവൻ ഒരു കഞ്ചാവ് ആണെന്നു.

                          
റെയിൽവേ സ്റ്റേഷനിലേക്ക് നടക്കാനുള്ള ദൂരമേ ഉള്ളു ഓട്ടോക്കാരൻ പറഞ്ഞിരുന്നു . ഗൂഗിൾ മാപ്പു നോക്കി ഞങ്ങൾ നടന്നു. മാപ്പിൽ  റെയിൽവേ പ്ലാറ്റഫോം ക്രോസ്സ് ചെയ്യാൻ കാണിച്ചത് കണ്ടു ഞാൻ ഞെട്ടി . അതെങ്ങനെ ശെരിയാവും ? ആരെങ്കിലും ട്രെയിൻ തട്ടി തട്ടിപോയാൽ ഗൂഗിൾ സമാധാനം പറയുമോ ?

പാളം മുറിച്ചു കടന്നു ഞങ്ങൾ സ്റ്റേഷനിൽ  കയറി.എന്റെ സീറ്റ് ലോവർ ബർത്ത് ആണ്. അതും വിൻഡോ സീറ്റ്.ഇപ്പൊ ഇട്ടിരിക്കുന്ന തെർമലും ടീഷർട്ടും അതിന്റെ മുകളിൽ ഇട്ടിരിക്കുന്ന sweatshrit ഉം മാത്രേ എന്റെ കൈയിൽ ഉള്ളു. രാത്രിയിൽ തണുപ്പടിച്ചു പണിയാകുമോ എന്ന പേടി ഉണ്ടാർന്നു .ഭാഗ്യത്തിന് വല്യ സീൻ ആയില്ല.


നോർത്തിൽ സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യുന്നതിന്റെ ബുദ്ധിമുട്ടു അനുഭവം ഉള്ളവർക്ക് മനസിലാവും.അതുകൊണ്ടു ഞാൻ എപ്പോഴും side upper ആണ് ബുക്ക് ചെയുക.ഇതിപ്പോ തത്കാൽ ആയതുകൊണ്ട് വേഗം ചെയ്തതാണ്.ഇവരുടെ പല നമ്പറുകളും അറിയാമായിരുന്നത് കൊണ്ടും മനസാക്ഷി ഞാൻ റൂമിൽ വച്ചിട്ട് വന്നതുകൊണ്ടും സീറ്റിൽ വേറെ ആരെയും ഇരുത്തിയില്ല.അടുത്ത സീറ്റിലെ ഒരു ചേച്ചി ഞാൻ ഉറങ്ങിയപ്പോൾ വന്നു അറ്റത്തു ഇരുന്നു.അവർക്കു സീറ്റ് ഇല്ലാഞ്ഞിട്ടല്ല.കുട്ടികളെ താഴെ കിടത്തിയിരിക്കുന്നു.മുകളിലത്തെ അവരുടെ സീറ്റുകളെല്ലാം കാലി.എന്നിട്ടാണ് എന്റെ ഇങ്ങോട്ടു നുഴഞ്ഞു കയറുന്നതു.ഇവരിങ്ങനെയാണ് വേറെ സീറ്റിൽ ഇരുന്നാലേ സുഖം കിട്ടു എന്ന് തോന്നുന്നു.

ട്രെയിൻ ഒരു അഞ്ചു മണിക്കൂർ ലേറ്റ് ആയിരുന്നു .ഡൽഹിയിൽ എത്തിയത് പന്ത്രണ്ടു മണിക്ക് .

സൂഡയെ ഗുരുഗ്രാമിലേക്കുള്ള മെട്രോ കയറ്റിവിട്ടു ഞാൻ kerala House ലേക്ക് പോയി.അമ്പതു രൂപയ്ക്കു വയറു നിറയെ ശാപ്പാട് അതാണ് ഉദ്ദേശം


No comments

Powered by Blogger.