പുഷ്കർ മേള RajasthanDiaries | Malayalam Travelogue


പുഷ്കർ മേള ! ,കാർത്തിക മാസത്തിലെ ഏകാദശി ദിവസം മുതൽ കാർത്തിക പൂർണിമ ദിവസം വരെ നീണ്ടു നിൽക്കുന്ന ഇന്ത്യയിലെ തന്നേ ഏറ്റവും വലിയ മേളകളിലൊന്ന്.ഏതാണ്ട് രണ്ടു ലക്ഷത്തിലധികം ആൾകാർ ഈ ദിവസത്തിൽ മാത്രം പുഷ്കറിലെത്തുന്നു.വെറുമൊരു കന്നുകാലി മേള മാത്രമല്ല പുഷ്കർ മേള.വിശ്വാസികൾക്കും പ്രധാനപെട്ട ദിവസങ്ങളാണിത് .ബ്രഹ്മാവിന്റെ ക്ഷേത്രത്തിൽ ദർശനം കിട്ടുവാനായി ഭക്തരും പുഷ്കറിലെത്തുന്നു.
ചെറുതും വലുതുമായ അഞ്ഞൂറോളം അമ്പലങ്ങാളാൽ ചുറ്റപ്പെട്ടു കിടക്കുന്ന 52 ഘാട്ടുകളുള്ള ഹിന്ദുക്കൾ വിശുദ്ധമായി കരുതുന്ന പുഷ്ക്കർ തടാകം,
ഇന്ത്യയിലെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്ന്.ബിസി അഞ്ചാം നൂറ്റാണ്ടിലുള്ള നാണയങ്ങളിൽ പരാമർശമുള്ള നഗരം.
ബ്രഹ്മാവിന്റെ ആരാധിക്കുന്ന ഒരേയൊരു അമ്പലം.(എന്ന് പറയപ്പെടുന്നു).(ബ്രഹ്മാവിനെ ശിവൻ ശപിച്ചതാണെന്നും അതല്ല പൂജ ചെയ്യാൻ ഭാര്യ സാവിത്രി കൂടെ ഇല്ലത്തതിനാൽ ഗായത്രിയെ കല്യാണം കഴിച്ചതിനാൽ സാവിത്രി ശപിച്ചു എന്നൊക്കെ പറയപ്പെടുന്നു.)
ഇതൊക്കെയാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സഞ്ചാരികളെ പുഷ്കറിലേക്കു ആകർഷിക്കുന്നത്.ഇതോടൊപ്പം കഞ്ചാവും മറ്റുപല ലഹരികളുടെ ലഭ്യത കൂടെയായപ്പോൾ പുഷ്കർ രാജസ്ഥാനിലെ ഒരു "കസോൾ " ആയി മാറി.

മുൻപൊരിക്കൽ ജോധ്പൂരിൽ നിന്നും ജയ്‌പൂരിലേക്കു പോയത് ഈ വഴിയാണ്.പക്ഷേ പോകുമ്പോൾ പുഷ്കർ മേള നടക്കുമ്പോൾ തന്നേ പോണം എന്ന് തിരുമാനിച്ചതിനാൽ അന്ന് അജ്‌മേറും പുഷ്കറും കാണാതെ നേരെ ജയ്‌പ്പൂരിലേക്കു പോയി.പുഷ്കർ ഫെസ്റിവലിറ്റിനെ സമയം ആയപ്പോൾ ബസ് ടിക്കറ്റ് ബുക്ക് ചെയ്തു.പക്ഷേ ഒരു കുഴപ്പം.ബോര്ഡിങ് പോയിന്റ് കൊടുത്തിരിക്കുന്നത് "ഡൽഹി "എന്ന്.അതെങ്ങനെ ശെരിയാവും.ഡൽഹി ജങ്ഷനിൽ പോയി നിക്കാമെന്നു വച്ചാൽ അങ്ങനെയൊരു ജങ്ഷൻ ഇല്ലാലോ .
"ഞാൻ താമസിക്കാത്ത സംസ്ഥാനമില്ലാ,ഞാൻ പോകാത്ത സ്ഥലമില്ലാ "എന്ന് ഇടയ്ക്കിടയ്ക്കു എന്നോട് പറയുകയും സർവോപരി രാജസ്ഥാനിൽ പഠിക്കുകയും ചെയ്ത എന്റെ സീനിയർ ഒരാളോട് പോയി ചോദിച്ചു.
ഇപ്പൊ പറയാമെടാ എന്നും പറഞ്ഞു അങ്ങേരു ആരെയോ വിളിച്ചു.അയാള്ക്കും ഉറപ്പില്ല.ഗൂഗിളിൽ മുങ്ങി തിരഞ്ഞെങ്കിലും എല്ലാർക്കും വോൾവോയുടെ കാര്യം മാത്രമേ അറിയൂ.അതാണെങ്കിൽ ബിക്കാനെർ ഹൗസിൽ നിന്നാണ് എന്ന് പലരും പറയുന്നു.നമ്മളുടെ ലോക്കൽ ഓർഡിനറി ബസ്സ് എവിടുന്നാ എന്ന് ആർക്കും ഒരുറപ്പില്ല.അല്ലെങ്കിലും പാവപ്പെട്ടവരുടെ രോദനം ആർക്കും അറിയണ്ടല്ലോ .സരായി കാലേ ഖാൻ isbt ആവും എന്ന് ചിലർ പറയുന്നു.
സീനിയർ അങ്ങേരു അന്വേഷണത്തിന് ശേഷം പറഞ്ഞു
"ഇച്ചിരെ നേരത്തെ ഇറങ്ങിക്കോ ആദ്യം ബിക്കാനെർ ഹൌസ് പോ ഇനിയിപ്പോ അവിടെ അല്ലെങ്കി അവർ പറയുന്ന അങ്ങോട്ട് പോ "
സരായി കാലേ ഖാൻ isbt ആളും കേട്ടിട്ടില്ല.എനിക്ക് ആണേൽ കാശ്മീരി ഗേറ്റ് isbt ഉം ആനന്ദ് വിഹാർ isbt ഉം മാത്രേ അറിയൂ.
ഞാൻ കുറച്ചു നേരത്തെ ഇറങ്ങി.ബിക്കാനെർ ഹൗസിലേക്ക് പോയി.അവിടെ ഒൺലി ഹൈ ക്‌ളാസ് വണ്ടികൾ മാത്രം.നേരെ ഒരു ഓട്ടോ വിളിച്ചു സരായ് കാലേ ഖാൻ isbt ലൊട്ടു പോയി.ആഗ്രയിലേക്കുള്ള ബസുകൾ നിരനിരയായി കിടക്കുന്നു.അതിന്റെ പുറകിൽ രാജസ്ഥാൻ ബസുണ്ടാവും എന്നും പറഞ്ഞു ഓട്ടോക്കാരൻ പോയി.പുറകിൽ എത്തിയപ്പോൾ ഒരു ചെറിയ സ്റ്റാൻഡ് പോലെ ഒരു സ്ഥലം കണ്ടപ്പോ അതാവും സ്റ്റാൻഡ് എന്നും വിചാരിച്ചു അവിടെ ഇരുന്നു.പിന്നെയാണ് അതിന്റെ പുറകിലൂടെ ഒരു വഴി ഉണ്ടെന്നു മനസിലായത്.അതിലെ പോയി അവസാനം സ്റ്റാൻഡ് കണ്ടുപിടിച്ചു.ഇതെന്താ ISBT ഒളിപ്പിച്ചു വച്ചേക്കുവാണോ ?
മോശം പറയരുതല്ലോ നല്ല വൃത്തികെട്ട അലമ്പ് ബസ്സ് സ്റ്റാൻഡ്.ഇഷ്ടം പോലെ ബസുകൾ കിടപ്പുണ്ട്.പുഷ്കർ പോവുന്നഎന്റെ അജ്‌മേർ ബസ്സ് തപ്പി തപ്പി ഞാൻ മിണ്ടാത്ത കണ്ടക്ടർമാരില്ല അവിടെ.ആർക്കും ഒരു പിടിപാടുമില്ല .ചോദിക്കുന്നവരൊക്കെ ജയ്പ്പൂർ ബസ്സിൽ കയറി അവിടന്നു പുഷ്കർ പോവാൻ പറയുന്നു.
അവസാനം ഞാൻ എന്റെ ബസ്സ് കണ്ടുപിടിച്ചു.ടിക്കറ്റു ബുക്ക് ചെയ്തതതിട്നെ പ്രിൻറ് ഇല്ലാതെ പറ്റില്ല എന്നും പറഞ്ഞു അതിലെ കണ്ടക്ടറുടെ നമ്പര്.
"pdf ഡൗൺലോഡികഴിഞ്ഞു ടിക്കറ്റു കാൻസൽ ചെയ്താൽ ഞാൻ എങ്ങനെ അറിയും " എന്നാണ് അങ്ങേരുടെ സംശയം.
"എന്നാ പ്രിന്റ് എടുത്തിട്ട് കാൻസൽ ചെയ്യാലോ" എന്ന് പറഞ്ഞിട്ടു അങ്ങേര് സമ്മതിക്കുന്നില്ല.
നിങ്ങളുടെ കൈയിൽ ബുക്ക് ചെയ്തവരുടെ ലിസ്റ്റ് ഉണ്ടാവുമല്ലോ അതിൽ നോക്കീട്ടു എന്റെ പേര് ഇല്ലെങ്കിൽ എന്നെ ഇറക്കി വിട്ടോ എന്നും പറഞ്ഞു ഞാൻ കയറി ഇരുന്നു.എന്നേ പോലെ ബസ് തപ്പി പിടിച്ചു ഓരോരുത്തരായി വന്നു തുടങ്ങി.

രാവിലെ ഒരു ആറരയ്ക്ക് പുഷ്കർ എത്തി.ആൾക്കൂട്ടത്തെ പിന്തുടർന്നു നേരെ പുഷ്കർ തടാകത്തിലെത്തി.വഴിയിലെങ്ങും തിരക്കോടു തിരക്ക്.പിച്ചക്കാരെ തട്ടിയിട്ട് നടക്കാൻ വയ്യ എന്ന് പറയണ്ടല്ലോ.കൂട്ടത്തിൽ കുഞ്ഞു പിള്ളേരെ വേഷം കെട്ടിച്ചു ഇരുത്തിയിരിക്കുന്നു.മിക്ക കടകളിലും കച്ചവടം പൊടി പൊടിക്കുന്നു.തടാകത്തിന്റെ സൈഡിലൂടെ നടക്കുമ്പോൾ ചെരുപ്പ് ഇടാൻ പാടില്ല.
നല്ല തീരുമാനം. അത് നോക്കാൻ പലരുമുണ്ട് അവിടെ.അതുകൊണ്ടാവാം വരാണസിയുടെ അത്ര വൃത്തികേട് ഇവിടില്ല.

പക്ഷേ പേടിക്കേണ്ട ഒന്നുണ്ട്. അവിടെ ചുമ്മാ ഒരു അഞ്ചു മിനിട്ടു ഇരുന്നാൽ പൂജാരി എന്നും പറഞ്ഞു ആരെങ്കിലും വന്നു ഒരു ജമന്തി പൂ കൈയിൽ തരും. കയ്യിൽ മിനിമം ഒരു അഞ്ഞൂറ് രൂപ വെറുതെ കളയാൻ ഉണ്ടെങ്കിൽ അതു വാങ്ങുക.എന്നിട്ടു അവർ പറയുന്ന പോലെ ഏതാണ്ടൊക്കെ മന്ത്രം ഉരുവിട്ടു തടാകത്തിലേക്ക് ഇടുക. അപ്പോൾ പൂജാരിയുടെ കൈ നമ്മുടെ നേരെ നീളും. പത്തോ ഇരുപതോ കൊടുത്തു ഒഴിവാക്കാമെന്ന് വച്ചാൽ മന്ത്രം ഉരുവിട്ട വായിൽ നിന്ന് നല്ല അസ്സൽ തെറി കേൾക്കാം.അതുകൊണ്ടു ജമന്തി പൂ എന്ന കെണിയിൽ വീഴാതെ ഇരിക്കാൻ ശ്രദ്ധിക്കുക.
പുഷ്കർ മാത്രമല്ല ഏതു തീർത്ഥാടന സ്ഥലത്തു പോയാലും മതം വിൽക്കാൻ കുറച്ചു പേരുണ്ടാവും.ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ പൈസയും "സാധുക്കൾ " എന്ന് നിങ്ങൾ വിചാരിക്കുന്ന ഉടായിപ്പിന്റ അപ്പസ്തോലന്മാർ അടിച്ചോണ്ടു പോവും.
റൂം ബുക്ക് ചെയ്യാൻ വൈകിയതിനാൽ അടുത്തുളള ഹോസ്റെലിലൊന്നും റൂം കിട്ടിയില്ല.കുറച്ചു നടക്കണം എന്റെ റൂമിലെത്തണമെങ്കിൽ.ഒട്ടകങ്ങളെ എവിടെ നോക്കിയാലും കാണാം.ചിലർ ഒട്ടകത്തിന്റെ മുകളിൽ ഇരുന്നു സവാരി നടത്തുമ്പോൾ ചിലർ ഒട്ടകം വലിച്ചു കൊണ്ട് പോവുന്ന വണ്ടിയിൽ ഗ്രൂപ്പ് ആയിരുന്നു സവാരി നടത്തുന്നു.
നാല് കിടക്കയുള്ള റൂം നല്ല വൃത്തിയുള്ളതാണ്.Gufran Khan ഉം Miraj ഉം ഗുജറാത്തിൽ നിന്നും ബൈക്കിൽ വന്നവരാണ്.അവരോട് കുറച്ചു നേരം ഇരുന്നു സംസാരിച്ചു ഗുജറാത്തിനെ പറ്റി ചെറുതായൊന്നു മനസിലാക്കി ഞാൻ വീണ്ടും പുഷ്കറിലേക്കു പോയി.ഒരു ഗ്രൗണ്ടിലാണ് പരിപാടികൾ നടക്കുക.അവിടെ എല്ലാ ദിവസവും വൈകുന്നേരം പരിപാടികൾ നടക്കും.മീശ മത്സരമടക്കം പലതും.പുഷ്ക്കർ ഫെസ്റ്റിവൽ ശെരിക്കൊന്നു ആസ്വദിക്കണമെങ്കിൽ തുടക്കം മുതൽ അവസാനം വരെ ഇവിടെ താമസിച്ചു എല്ലാ ദിവസത്തെ പരിപാടിയും കാണണം.ജോലിക്കിടയിൽ കിട്ടുന്ന രണ്ടു ദിവസം കൊണ്ട് വരുന്ന എനിക്ക് ചുമ്മാ ഒന്ന് ഓടിച്ചു കാണാം എന്ന് മാത്രം.

പോകുന്ന വഴിയിൽ ഒരു ചെറിയ കൂട്ടം കണ്ടു ഞാനും അവരുടെ കൂടെ കൂടി.ഒരുത്തനും അവന്റെ ഇത്തിരിപ്പോന്ന കുഞ്ഞു ചെക്കനും തമ്മിലുള്ള ഊടായിപ്പാണ്‌.കുറച്ചു കഴിഞ്ഞപ്പോൾ ചെക്കൻ ബോധം കേട്ടപോലെ കണ്ണടച്ച് നിലത്തു കിടന്നു.പരിപാടി മുഴുവൻ കഴിഞ്ഞാലേ അവൻ എഴുന്നേൽക്കു.അതിന്റെ ഇടയിൽ നമ്മൾ എല്ലാരും സ്റ്റാച്യു ആയി നിക്കണം.അല്ലെങ്കി ചെക്കന്റെ ജീവൻ പോകുമത്രേ.സ്റ്റാച്യു ആണെങ്കിലും ഇടയ്ക്കു പൈസ എടുക്കാൻ ഒന്ന് അനങ്ങുന്നതിൽ അയാൾക്കു വിരോധമില്ല.സ്റ്റാച്യു തെറ്റിക്കുന്നവരെ നല്ല രീതിയിൽ തെറി വിളിക്കുന്നുണ്ട്.ഒരു ഇരുപതു മിനിറ്റും പത്തു രൂപയും അങ്ങനെ പോയി.
ജീവിക്കാൻ വേറെ എന്തൊക്കെ മാർഗമുണ്ട് .എങ്കിലും ആൾക്കാരെ പറ്റിച്ചേ തിന്നു എന്ന് വാശി പിടിക്കുന്ന കുറെയെണ്ണം .അവരെ കുറ്റം പറയാനും പറ്റില്ല.ഞങ്ങളെ പോലെ കുറേ മണ്ടന്മാർ കാണാനും വന്നല്ലോ .
തടാകം വീണ്ടും ഒന്ന് ചുറ്റിക്കണ്ടു ഞാൻ ഒരു കുന്നിന്റെ മുകളിലുള്ള സാവിത്രി അമ്പലം കാണാൻ പോയി.കേബിൾ കാർ വഴി വേണം മുകളിലെത്താൻ. അവിടെ നിന്നുള്ള വ്യൂ കാണാനാണ് ഞാൻ പോയത്.അതുകൊണ്ട് തന്നെ തിരക്കുണ്ടാക്കി ക്യൂ നിൽക്കുന്നതിലും ഉടായിപ്പ് കാണിച്ചു ദർശനം നേടുന്ന ഭക്തരുടെ കൂടെ ചേരാൻ പോയില്ല.മുകളിൽ നിന്നാൽ ആരവല്ലി മലനിരകളുടെ ഇടയ്ക്കുള്ള പുഷ്കർ ടൗണും പുഷ്കർ തടാകവും എല്ലാം കാണാം.ഒട്ടകങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു മൈതാനവും കാണാം.രുഭൂമിയിലൂടെ ഒരു ഒട്ടക സവാരി ഞാനും ആഗ്രഹിച്ചിരുന്നു.പുഷ്കറിൽ ശെരിക്കുള്ള മരുഭൂമിയില്ല എന്നറിയാമായിരുന്നു.എങ്കിലും ഒരു സാമ്പിൾ എങ്കിലും കാണുമെന്നു കരുതി.ഈ കുന്നിന്റെ മുകളിൽ നിന്നാൽ താഴെ പലരും നടത്തുന്ന സവാരി കാണാം.ചുമ്മാ ഒട്ടകത്തിന്റെ പുറത്തു കേറി ഫോട്ടോയെടുക്കാം എന്ന് മാത്രം.എന്നേലും ജൈസൽമാർ പോവുമ്പോ സവാരി നടത്താം ഇവിടെ പൈസ കളയണ്ട കാര്യമില്ലാ. air baloon ഉണ്ടെങ്കിൽ കുറച്ചു പൈസ കളഞ്ഞാലും കയറണമെന്നുണ്ടായിരുന്നു.പക്ഷേ ആ സംഭവം അന്നുണ്ടായിരുന്നില്ല.

തിരിച്ചു താഴേക്കു പോവാൻ കേബിൾ കാറിൽ കയറാൻ വല്യ ക്യൂ ആണ്.എന്റെ മുൻപിൽ നില്കുന്നത് ഒരു വിദേശ വനിതയാണ്.അടുത്ത കേബിൾ കാറിൽ കേറാൻ പറ്റുന്ന എണ്ണം ആൾക്കാരെ മാത്രമേ കടത്തി വിടൂ.വിദേശിയുടെ അവസരമായിരുനെങ്കിലും അവരെ കടത്തി വിട്ടില്ല.വേറെ ഒരു കുടുംബത്തെ ഒരുമിച്ചു കടത്തി വിട്ടതാണ് കാര്യം.പുള്ളികാരത്തി കാരണം ചോദിക്കുന്നുണ്ടെങ്കിലും അങ്ങേർക്കു മനസിലാവുന്നില്ല .ഞാൻ കാര്യം പറഞ്ഞു മനസിലാക്കി കൊടുത്തു.അടുത്ത റൗണ്ടിൽ ഞങ്ങളെയും കടത്തി വിട്ടൂ.രണ്ടു ദിവസം മാത്രം ഉള്ളതുകൊണ്ട് ഞാൻ എഴുതി തയ്യാറാക്കിയ പ്ലാൻ ആയിട്ടാണ് വന്നരിക്കുന്നതു.ക്യൂ നിന്നപ്പോൾ അതെടുത്തു നോക്കുന്നത് മെലാനിയാ കണ്ടിരുന്നു.പുള്ളികാരത്തി അഞ്ചാറു ദിവസത്തേക്ക് വന്നിരിക്കുന്നതാ.പ്രേത്യേകിച്ചു ഒരു പ്ലാനും ഇല്ലാ
"തിങ്കളാഴ്‌ച രാവിലെ ഓഫീസിൽ കേറണ്ട എനിക്ക് ഇങ്ങനെ പ്ലാൻ ഇട്ടില്ലെങ്കിൽ പലതും മിസ്സാവും അതാണ്‌ ഇങ്ങനെ പ്ലാൻ ഒക്കെ ഇട്ടു വന്നിരിക്കുന്നത് "
മെലാനിയാ ഡൽഹിയിൽ പഠിക്കുകയായിരുന്നു.ഇപ്പോൾ പഠനം കഴിഞ്ഞു ജർമനിക്കു തിരികെ പോവാനിരിക്കുന്നു.നേപ്പാളിലും ചില ട്രെക്കിങ്ങിനു പോവുന്നുണ്ട്.അതിനു ശേഷം ജർമനിക്കു പോവും.ഞങ്ങൾ ഒരുമിച്ചു ഒട്ടകങ്ങളെ കൊണ്ട് നിറഞ്ഞ മൈതാനം കാണാൻ പോയി. എവിടെ നോക്കിയാലും ഒട്ടകങ്ങൾ മാത്രം.രാജസ്ഥാനിലെ ഒട്ടുമിക്ക ഒട്ടകങ്ങളും ഇവിടെയുണ്ടെന്ന് തോന്നും.എല്ലാത്തിന്റെയും കാലുകൾ തമ്മിൽ കൂട്ടി കെട്ടിയിട്ടുണ്ട്.അവർ ഓടാതിരിക്കാനാണ് അങ്ങനെ ചെയുന്നത്.ഒട്ടകയുമായി വന്നവർ വട്ടം കൂടിയിരുന്നു സൊറ പറച്ചിലാണ്.
പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ പലരെയും കാണുമ്പോൾ നമ്മൾക്ക് ഒരു ഫോട്ടോ എടുക്കണമെന്ന് തോന്നുമല്ലോ.അവരോടു ഒന്ന് ചോദിച്ചിട്ടു എടുക്കുന്നതാവും ഉചിതം എന്ന് കരുതി ചോദിച്ചേക്കാം എന്നൊന്നും ഇവിടെ വരുമ്പോ കരുതണ്ട.അവർ ഇങ്ങോട്ടു വന്നു പറയും
"ഫോട്ടോ എടുക്കണോ "
ഫോട്ടോ എടുക്കുന്നതിനു മുൻപേ പോക്കറ്റിൽ പത്തുരൂപയെങ്കിലും ഉണ്ടോ എന്ന് ഉറപ്പു വരുത്തുക.അവരെയും കുറ്റം പറയാൻ പറ്റില്ല.ഒരുപാട് പേര് ക്യാമറയും തൂക്കി വരുന്നു.ഒരുപാട് ഫോട്ടോ എടുക്കുന്നു.അവർക്കു വേണ്ടി ഇവർ നിന്ന് കൊടുക്കുന്നു.എന്നാൽ അതൊരു ബിസിനസ് ആക്കി മാറ്റിക്കൂടെ അന്ന് അവർ ചിന്തിച്ചു.

പൈസ കിട്ടിയില്ലെങ്കിൽ ഇവർ തെറി പറയും.ഒരു ടൂറിസ്റ്റു സ്ഥലം ആയതുകൊണ്ട് ജീവിക്കാൻ വേണ്ടി ഇംഗ്ലീഷ് പഠിച്ച കുറച്ചു പേരുണ്ട്.അവർ കൂടുതലും പറയുന്ന വാക്കു F ൽ തുടങ്ങുന്നതാണ്.സായിപ്പന്മാരെ തെറി വിളിക്കാൻ അവരതു കൂടുതലും ഉപയോഗിക്കുന്നു .ഏതോ ഒരു സായിപ്പ് എന്തോ ഒപ്പിച്ചതിനു ഒരുത്തൻ നല്ല രീതിയിൽ തെറി വിളിക്കുന്ന കേട്ടു.സൂര്യാസ്തമയം ആയപ്പോൾ ക്യാമറന്മാരെല്ലാം പടിഞ്ഞാറോട്ടു ലെൻസ് തിരിച്ചു.
ഗ്രൗണ്ടിന്റെ അങ്ങേ അറ്റത്തു ഒരു കുഞ്ഞു മോൾ റൊട്ടി ഉണ്ടാക്കാൻ മാവ് കുഴയ്ക്കുന്ന കാഴ്ചയുംകണ്ടു ഞങ്ങൾ തിരികെ നടന്നു.പുഷ്കർ തടാകത്തിന്റെ അരികിൽ വന്നു ഇരുന്നു അഞ്ചു മിനിട്ടു കഴിഞ്ഞില്ലാ ജമന്തി പൂവുമായി ഒരു ചങ്ങാതി വന്നു.ഒരുവിധം ആളെ ഒഴിവാക്കി.കുറച്ചു കഴിഞ്ഞു അടുത്ത ആൾ വന്നു.ഹിന്ദി അറിയില്ല എന്ന് മലയാളത്തിൽ പറഞ്ഞു അയാളെയും ഒഴിവാക്കി.ഭാഷ അറിയാത്ത എന്നേ പറ്റിക്കാൻ ആൾ ജമന്തി പൂ കൈയിൽ പിടിപ്പിക്കാൻ ശ്രെമിച്ചെങ്കിലും ഒരുവിധം ഞാൻ പിടിച്ചു നിന്നു.അടുത്ത ദിവസം വേറൊരു കുന്നിന്റെ മുകളിൽ പോവാമെന്നേറ്റു ഞങ്ങൾ പിരിഞ്ഞു.

തിരികെ പോവുന്ന വഴി ഒരു കൊറിയക്കാരൻ(ചിലപ്പോ ജപ്പാനോ ചൈനയോ ആവാം ) ഫലാഫൽ റോൾ കഴിക്കുന്നത് കണ്ടു ഞാനും ഒരെണ്ണം കഴിക്കാമെന്നു കരുതി.ഒരുപാട് വെറൈറ്റി ഉള്ളതുകൊണ്ട് മെനു കാർഡ് കാണിച്ചു കൊറിയക്കാരൻ ഓർഡർ ചെയ്തത് ഏതാ എന്നും ചോദിച്ചു അത് തന്നേ വാങ്ങി.വിദേശകളുടെ കേന്ദ്രമായതുകൊണ്ടു കൂടുതലും വിദേശ ഭക്ഷണം കിട്ടുന്ന റെസ്റ്റോറന്റുകളാണ് കൂടുതലും.അത് മാത്രവുമല്ല നിറം വെളുപ്പല്ലെങ്കിൽ ആർക്കും ഒരു വിലയും കാണില്ല.അവർ നോക്കിയിരിക്കുന്നത് തൊലി നിറം വെളുത്ത വിദേശിയരെയാണ്.അവരെ പറ്റിച്ചു ജീവിക്കുന്നവരാണ് പുഷ്കറിൽ കൂടുതലും.
നല്ല കിടിലൻ ഐറ്റമായിരുന്നു ഫലാഫെൽ റോൾ .ഒരെണ്ണം തിന്നാൽ വിശപ്പു പോവും.അതും കഴിച്ചു റൂമിലെത്തി ഗുഫ്രാനും മിറാജ്ജും ആയിട്ടു വർത്തനമാനം പറഞ്ഞിരുന്നു നേരം പോയതറിഞ്ഞില്ല.നമ്മൾ ഗുജറാത്തിനെ ഇവിടെ ഇരുന്നു എപ്പോഴും കുറ്റം പറയുമെങ്കിലും അവർക്കതു അറിയില്ലെന്നു തോന്നുന്നു .അവർക്കു കേരളത്തെ പറ്റി പറയാൻ നല്ലതു മാത്രമേ ഉള്ളൂ.ഒരുപാട് മലയാളി കൂട്ടുകാരും അവർക്കു അഹമ്മദാബാദിലുണ്ട്.
രാഷ്ട്രീയവും യാത്രയുമെല്ലാം സംസാരിച്ചിരുന്നു കിടന്നപ്പോൾ ഒരു മണി കഴിഞ്ഞിരുന്നു.
ഗുഫ്രാൻ നല്ലൊരു ഫോട്ടോഗ്രാഫറും ഒരു ചിത്രക്കാരനുമാണ്.അവരുമായി ഇപ്പോഴും ഇടയ്ക്കു സംസാരിക്കാറുണ്ട്.സോളോ ട്രിപ്പുകളിൽ നിന്നും എനിക്ക് കിട്ടിയ നല്ല സൊഹൃദങ്ങളിലൊന്നു.അവരെ മറന്നാലും ഗുഫ്രാൻറെ കൂർക്കം വലി ഞാൻ മറക്കില്ല.അത്രയ്ക്ക് മാരകമായിരുന്നു അത്.

രാവിലെ ഘാട്ടുകളിൽ കുറച്ചു നേരം ഇരുന്നെങ്കിലും വാരണാസിയിൽ കിട്ടിയ ഫീൽ ഇവിടെ കിട്ടിയില്ല.എഴുന്നേറ്റു അമ്പല ദർശനമെല്ലാം കഴിഞ്ഞു മെലാനിയായും ഞാനും ഗായത്രി അമ്പലത്തിലേക്ക് പോയി.സാവിത്രി അമ്പലം സ്ഥിതി ചെയുന്ന കുന്നിനു നേരെ opposite ആണ് ഈ കുന്നു.അമ്പലം എന്നൊക്കെ പേരിനെ ഉള്ളൂ.കുറച്ചൂടെ കഴിഞ്ഞു ഇതും വികസിക്കുമായിരിക്കും.ഇനിയിപ്പോ ഗായത്രി ബ്രഹ്മാവിന്റെ രണ്ടാം ഭാര്യ ആയതുകൊണ്ട് അവഗണിച്ചിട്ടേക്കുന്നതാണോ ?

കയ്യിലുള്ള വാഴയ്ക്കാ വറുത്തതും കഴിച്ചു അവിടെ കുറച്ചു നേരം ഇരുന്നു.ജർമനിയിൽ ഒരുപാട് വിലയുള്ള പല ഐറ്റത്തിനും ഇന്ത്യയിൽ വില കുറവാണു.മെലാനിയാ പോവുമ്പോൾ അങ്ങനെ പലതും വാങ്ങിച്ചുകൊണ്ടു പോവാറുണ്ട്.മെലാനിയയുടെ അമ്മയുടെ കണ്ണടയുടെ ലെൻസിനു ജർമനിയിൽ ഏതാണ്ട് അൻപതിനായിരം റോപ്പ് വരുമത്രെ.അതേ ക്വാളിറ്റി ഐറ്റം ഇന്ത്യയിൽ ഇരുപത്തി രണ്ടായിരത്തിനു കിട്ടി.ഹിമാലയവും രാജസ്ഥാനും ഒക്കെ കറങ്ങിയിട്ടുണ്ടെങ്കിലും സൗത്തിലേക്കു വന്നിട്ടില്ല.പക്ഷേ കേരളം സുന്ദരമാണെന്നൊക്കെ കേട്ടിട്ടുണ്ട്.
എനിക്ക് ഇന്ന് അജ്‌മേർ പോകേണ്ടതാണ്.അവിടന്നു രാത്രി ബസ്സിന്‌ ഡൽഹിക്കു തിരികെ പോകണം.മെലാനിയാ ഇവിടെ ഒന്നുടെ വരണമെന്നും പറഞ്ഞു താഴേക്കിറങ്ങി.പിന്നീട് എപ്പോഴെങ്കിലും കാണാം എന്നും പറഞ്ഞു ഞാൻ യാത്ര പറഞ്ഞു റൂമിലേക്ക് പോയി.checkout ചെയ്തു തിരികെ വരുമ്പോൾ ഫലാഫൽ ഒന്നുടെ കഴിച്ചു.അജ്‌മേർ ഇവിടന്നു ഒരു അര മണിക്കൂർ ഉള്ളൂ അജ്‌മീറിലേക്കു.
ഒരിക്കൽ കൂടെ പുഷ്കറിൽ വരണം.മേളയുടെ തുടക്കം മുതൽ അവസാനം വരെ ഇവിടെ താമസിച്ചു മേള കാണണം.
-------------------------------------------------------------------------------------------------
മിരാജും ഗുഫ്രാനും ഒരുമിച്ചുള്ള യാത്രകൾ തുടർന്നുക്കൊണ്ടെയിരിക്കുന്നു.
മെലനിയ അന്നപൂർണ ട്രെക്കിങ്ങ് പൂർത്തിയാക്കി ഇപ്പോൾ ജെർമ്മ്നിയിൽ ജോലി ചെയുന്നു .പലപല ഭാഗത്തു നിന്നുവന്ന ഞങ്ങൾ പുഷ്കറിൽ വച്ചു പരിചയപെട്ടു സുഹൃത്തുക്കളായി പിരിഞ്ഞു.കണ്ട കാഴ്ച്ചകളെ പോലെ തന്നെ മറക്കാനാവാത്തതാണു ഒരൊ യാത്രയും നൽകിയ സൗഹൃദങ്ങളും.ഒരുപാട് യാത്രകളൊന്നും നടത്തിയിട്ടില്ലെങ്കിലും ഇന്ത്യയുടെ പല ഭാഗത്തും ഇപ്പോളൊരു സുഹൃത്തുണ്ട്.
ഇക്കൊല്ലം നവംബർ 15 മുതൽ 23 വരെയാണ് പുഷ്കർ മേള

No comments

Powered by Blogger.