Dudhsagar Waterfalls, Goa
പണ്ട് പണ്ട് പണ്ട് ഞാനും തടിയനും കൂടെ ദൂദ്സാഗർ വെള്ളച്ചാട്ടം കാണാൻ പ്ലാനിട്ടു.പണ്ടെന്നു പറഞ്ഞാൽ ഒരു നാല് കൊല്ലം മുൻപേ.തടിയൻ എന്ന് പറഞ്ഞാൽ ഞങ്ങളുടെ ചങ്ക് ബ്രോ കാർത്തിക് ) Third year ൽ തുടങ്ങിയ പ്ലാനിംഗാണ്.ചെന്നൈ എക്സ്പ്രസ് സിനിമയിൽ ഈ വെള്ളച്ചാട്ടം വരുന്നതും അത് ഫേമസ് ആവുന്നതിനും മുൻപേ ഞങ്ങൾ പ്ലാനിട്ടതാ.വെള്ളം കൂടുതലായതുകൊണ്ട് ഇപ്പോൾ ആളെ വിടില്ല എന്ന് തടിയന് വിവരം കിട്ടി.എന്നാൽ വെള്ളം കുറയട്ടെ.കുറെ നാൾ കഴിഞ്ഞു വീണ്ടും ദുദ്സാഗർ പ്ലാൻ എവിടന്നോ പൊങ്ങി വന്നു.അപ്പോൾ അവിടെ വെള്ളമില്ല എന്നും വിവരം കിട്ടി.അങ്ങനെ അതും മുടങ്ങി. കോളേജ് കഴിഞ്ഞു ഇരിക്കുമ്പോൾ വീണ്ടും ഈ പ്ലാൻ പൊങ്ങി വന്നു. ജൂലൈ മാസം.ഗൂഗിളിൽ തപ്പി.കാസ്റ്റിലെ റോക്ക് എന്ന സ്റ്റേഷനിൽ ഇറങ്ങും.അവിടന്നു ഒരു പന്ത്രണ്ടു കിലോമീറ്റർ നടന്നു വെള്ള ചാട്ടം കാണുന്നു.അവിടന്നു ഗുഡ്സ് ട്രെയിൻ നിർത്തിയാൽ അങ്ങനെ അല്ലെങ്കിൽ വീണ്ടും മുൻപോട്ടു നടന്നു കുലേം സ്റ്റേഷനിൽ എത്തുന്നു.എങ്ങനെങ്കിലും തിരിച്ചു വരുന്നു .ഇതാണ് പ്ലാൻ.ദൂദസാഗറിൽ ടെന്റ് അടിച്ചു താമസിക്കുന്നതും ഗൂഗിളിൽ കണ്ടു.പറ്റിയാൽ ഒരു ദിവസം അവിടെ തങ്ങുകയും ചെയ്യാം.
അപ്പൊ castle rock ൽ എത്തണം.ബാംഗ്ലൂർ-മഡ്ഗാവ് റൂട്ടിലാണ് ഈ സംഭവം എന്ന് മനസിലായി.അപ്പൊ ആദ്യം പാലക്കാട് നിന്ന് ബാംഗ്ലൂർ .അവിടന്ന് castle rock - Dudhsagar-Kulem ബാംഗ്ലൂർക്കു ടിക്കറ്റു ബുക്ക് ചെയ്തു.പാലക്കാട് സ്റ്റേഷനിൽ ഇരിക്കുമ്പോ ആണ് ഞങ്ങൾ രണ്ടിനും ബോധോദയം ഉണ്ടായതു.
ഏതെങ്കിലും കൊങ്കൺ ട്രെയിനിന് കയറി മഡ്ഗാവ് പോയാൽ മതിയാർന്നല്ലോ ? എന്തിനാ ഇപ്പോ ബാംഗ്ലൂർ വഴിയൊക്കെ പോണേ? ഒരു പത്തു മണിക്കൂർ അധികം കൂടുതലുണ്ട് ബാംഗ്ളൂർ പോയാൽ.
പോരാത്തതിന് ബാംഗ്ളൂരിലും കുറെ സമയം അടുത്ത ട്രെയിനിന് വേണ്ടി കളയണം. വളഞ്ഞു മൂക്ക് പിടിക്കുന്ന അവസ്ഥ.ഈ മണ്ടൻ പ്ലാൻ ആരോടും പറയണ്ട എന്ന് ധാരണയിലെത്തി.ആരേലും ചോദിച്ചാൽ ബാംഗ്ലൂരും കൂടെ കാണാൻ പോയതാ എന്ന് പറയാം.അല്ലെങ്കിൽ backpacker എന്നും പറഞ്ഞു ചെന്നാ ചങ്ക് ബ്രോസെല്ലാം കൂടി വലിച്ചു കീറി ഒട്ടിക്കും.പറ്റിയത് പറ്റി ബാംഗ്ലൂരിൽ അര ദിവസം ഉണ്ടല്ലോ എന്തെങ്കിലുമൊക്കെ ചെയ്യാം .ബാംഗ്ലൂർ ടിക്കറ്റു rac ആയിരുന്നു.തടിയന്റെ വയർ വയ്ക്കാൻ പോലും സ്ഥലമില്ല.അതിൽ ഞങ്ങൾ രണ്ടും കൂടി അഡ്ജസ്റ് ചെയ്തു ബാംഗ്ലൂർ എത്തി .ഉച്ച കഴിഞ്ഞാണ് castle rock ലേക് ട്രെയിൻ.ബാംഗ്ലൂർ മെട്രോയിലും ഒരു വല്യ മാളിലും കയറി ഞങ്ങൾ ബാംഗ്ലൂർ കറങ്ങി എന്ന പ്രതീതിയൊക്കെ ഉണ്ടാക്കിപ്പിച്ചു.
മെട്രോവിൽ കയറാൻ നേരത്തു എന്റെ ബാഗ് തുറന്നു ചെക്ക് ചെയ്യണമെന്നു !! ട്രെക്കിങ്ങ് നടത്തുമ്പോൾ അട്ടയുടെ കടി ഏൽക്കാതിരിക്കാൻ ഞങ്ങൾ കുറച്ചു ഉപ്പുപൊടി എടുത്തിട്ടുണ്ട്.അതാണ് അവർക്കു സംശയം വരാൻ കാരണം.ഇനിയെങ്ങാനും അത് ബ്രൗൺ ഷുഗർ ആണെങ്കിലോ.ഉപ്പുപൊടി ബാഗിന്റെ ഏറ്റവും അടിയിൽ ആയിരുന്നു.ഉള്ളതെല്ലാം പുറത്തു എടുത്തിട്ടിട്ടു ഉപ്പുപൊടി കാണിച്ചു ബോധ്യപ്പെടുത്തി .
ഓറിയോ ബിസ്കറ്റ് പോലെ ഇരിക്കുന്നു മെട്രോയുടെ ടോക്കൺ എന്ന് തടിയന്റെ കണ്ടുപിടുത്തം.(ആ ഒരു വിചാരം മാത്രമുള്ളല്ലോ)
"അതും കൂടി തിന്നരുത് തടിയാ."
മെട്രോയിൽ കയറിയതും ഞാൻ ഡൽഹി മെട്രോ യാത്രയുടെ പൊങ്ങച്ചം പറഞ്ഞു തടിയനെ വെറുപ്പിച്ചു.
റെയിൽവേ സ്റ്റേഷനിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ഒരു ചങ്ങാതി ഫീഡ്ബാക്കിനു വന്നു.
“മക്കളെ ബിരിയാണി എങ്ങനെയുണ്ട് “
(വേജ് ബിരിയാണിയാണ് ഞങ്ങൾ കഴിച്ചു കൊണ്ടിരുന്നത് )
“കുഴപ്പമില്ല “
“തുറന്നു പറയു എന്നാലല്ലെ ഞങ്ങൾക്ക് ഇമ്പ്രൂവ് ചെയ്യാൻ പറ്റു “
ആഹാ എന്നാ കേട്ടോ
“ചേട്ടാ കുറച്ചു മസാല ഒക്കെ ഉണ്ടെങ്കിലേ ഒരു ഇത് ഉള്ളു.പിന്നെ നാരങ്ങാ അച്ചാറും വേണം “
"സലാഡിൽ കുറച്ചൂടെ ഉള്ളി ആവാമായിരുന്നു"
തടിയന്റെ റിവ്യൂ
“അതെന്തു മസാല, ഇങ്ങനെയാണ് ഇവിടത്തെ ബിരിയാണി ,ഇവിടെ നാരങ്ങാ അച്ചാറും കൂടെ വയ്ക്കാറില്ല "
(നിങ്ങൾ ഇങ്ങനെ ആണെങ്കിൽ പിന്നെ എന്തോന്നു ഫീഡ്ബാക്കാണിത് ?”)
“ആയിക്കോട്ടെ “
****************
ടിക്കറ്റെടുക്കാൻ പോയി.കുലേം വരെ എടുക്കാം .
വെള്ളച്ചാട്ടം കണ്ടു കഴിഞ്ഞു നിൽക്കുമ്പോൾ ദൂദസാഗറിൽ ഏതെങ്കിലും ട്രെയിൻ നിർത്തിയാലോ ? അതിൽ കയറി കുലേം വരെ പോവ്വാൻ ടിക്കറ്റ് വേണ്ടേ ?
"രണ്ടു കുലേം ടിക്കറ്റു "
“അങ്ങനെ സ്റ്റേഷൻ ഇല്ല “
“ഉണ്ട് കുലം .നെറ്റിൽ ഉണ്ട് “
അയാൾ സമ്മതിച്ചില്ല.അവസാനം ഞങ്ങൾ നെറ്റിൽ നോക്കി സ്റ്റേഷൻ കോഡ് പറഞ്ഞു കൊടുത്തു .
ഇവർ പോലും കേൾക്കാത്ത സ്ഥലത്തേക്കു ഒക്കെ ആണലോ ഞങ്ങൾ പോവുന്നെ ?
കുറച്ചു ബിസ്കറ്റും ഒക്കെയായി ഞങ്ങൾ 12 കിലോമീറ്റർ യാത്രയ്ക്ക് തയ്യാറെടുത്തു.യശ്വന്ത്പുർ -വാസ്കോ എക്സ്പ്രസ് ആണ് ട്രെയിൻ.ട്രെയിനിൽ ആരുമില്ല.ഇഷ്ടം പോലെ സീറ്റ് .പയ്യെ പയ്യെ ട്രെയിൻ നിറഞ്ഞു.ഒരു അമ്മൂമ്മ കൊച്ചുമോനെയും കൊണ്ട് കയറി.പിള്ളേരെന്നും എന്റെ വീക്നെസ് ആയിരുന്നു .പക്ഷെ കൊച്ചു അടുക്കുന്നില്ല.ഭാഷയും വശമില്ലാത്തതുകൊണ്ട് പിന്നെ ശ്രെമിച്ചില്ല.
തടിയന് വിശക്കുന്നുണ്ട്.ഹൂബ്ലി എത്തട്ടെ എന്തേലും തിരുമാനമാക്കാം .
മൊബൈൽ ചാർജ് ചെയ്തു തിരികെ വന്നപ്പോ അവൻ ദാണ്ടെ ഇരുന്നു പഴം തിന്നുന്നു.
"ഇതൊക്കെ എവിടന്നു ഒപ്പിക്കുന്നെടാ "
"ഈ അമ്മൂമ്മ തന്നതാടാ"
"നീ അവരോട് ചോദിച്ചോ ?"
"അല്ല ഞാൻ ആദ്യം നിന്നോട് വിശക്കുവാ എന്ന് പറഞ്ഞതു ഇവർക്കു മനസ്സിലായെന്നു തോന്നുന്നു "
ഇതിൽ എന്തെങ്കിലും മയക്കുമരുന്നൊക്കെ ഉണ്ടെങ്കിലോ ?അത് കേട്ടപ്പോ തടിയൻ പേടിച്ചു.
"അങ്ങനെയൊക്കെ ഇവർ ചെയുവോ "?
ശുദ്ധഗതിക്കാരൻ തടിയന് അങ്ങനെ ചിന്തിക്കാനാവുന്നില്ല.
തടിയന്റെ അടുത്ത് കൊച്ചിനെ ഇരുത്തിയിട്ട് അമ്മൂമ്മ എങ്ങോട്ടോ പോയി.ഒരു സ്റ്റേഷനിൽ നിന്ന് ആൾകാർ കയറിയപ്പോൾ .മോനെ എടുത്തു മടിയിൽ വയ്ക്കു എന്ന് തടിയനോട് പറഞ്ഞു .
(അവർ തടിയന്റെ കൊച്ചാണ് എന്ന് കരുതി )
അവരെ കുറ്റം പറയാൻ പറ്റില്ല.രണ്ടാൾടേം ഇരിപ്പും തടിയന്റെ രൂപവും കണ്ടാൽ അങ്ങനെ തോന്നും .
രാവിലെ നാലുമണിക്ക് എങ്ങാണ്ടാണ് castle rock എത്തുക.അപ്പോൾ ഞങ്ങൾ പ്ലാൻ മാറ്റി .കുലേമിൽ ഇറങ്ങിയിട്ട് നേരം വെളുത്തിട് പോരാം.ഇടയ്ക്കു ഒന്ന് ഉറങ്ങിപോയതുകൊണ്ടു ട്രെയിൻ എവിടെയാണെന്നു ഒരു ഐഡിയയുമില്ല.ഫോണിൽ റേഞ്ചുമില്ല.കാട്ടിലൂടെയാണ് പോവുന്നത് നല്ല അസ്സൽ മഴയും .മഴ കാരണമാണ് പ്ലാൻ മാറ്റിയത്.Castle rock കഴിഞ്ഞുവെന്ന് മനസിലായി.വാതിലിൽ പോയി നിന്നു .പുറത്തേക്കു നോക്കിയപ്പോ പേടിയായി.ഈ കാട്ടിലൂടെ രാത്രി എങ്ങനെ പോവാനാ.ദൂദസാഗറിൽ ട്രെയിൻ നിർത്തുമെന്ന് തടിയന് നല്ല വിശ്വാസമുണ്ട്.അവൻ അല്ലെങ്കിലും ഭയങ്കര ശുഭാപ്തിവിശ്വാസക്കാരനാ.
ഒടുവിൽ ട്രെയിൻ എവിടെയോ നിർത്തി.ദൂദസാഗർ എന്ന് പൊട്ടി പൊളിഞ്ഞ ബോർഡ് കണ്ടു.അടിപൊളി. ട്രെയിൻ ഇവിടെ തന്നെ നിർത്തി ഇതിലും വലിയ ലോട്ടറി അടിക്കാനില്ല.ഞങ്ങൾ വേഗം ചാടിയിറങ്ങി.നേരം വെളുക്കുന്നവരെ ഞങ്ങൾ ഇവിടെ നില്കുന്നു.വെള്ളച്ചാട്ടം കാണുന്നു.അടിപൊളി .എല്ലാം സെറ്റ്.ഒരു ചേട്ടൻ ഹാപ്പി ജേർണിയും പറഞ്ഞു.
ഞങ്ങൾ ചെന്നതേ അവിടെത്തെ ആൾ ചോദിച്ചു
“എങ്ങോട്ടാ”
“വെള്ളച്ചാട്ടം കാണാൻ വന്നതാ”
എന്റെ മുറി ഹിന്ദിയിൽ പറഞ്ഞൊപ്പിച്ചു .അതൊന്നും നടക്കില്ല.തിരിച്ചു ട്രെയിനിൽ കയറിക്കോ .
ലോട്ടറി അടിച്ച സന്തോഷത്തിൽ നിന്ന ഞങ്ങൾക്ക് ഇടിവെട്ടേറ്റതുപോലെയായി,
“അതെന്താ നടക്കാത്തേ ? ഞങ്ങൾ കേരളത്തിൽ നിന്നും ഇതിനുവേണ്ടി വന്നതാ
“എവിടുന്നു വന്നതാണെങ്കിലും നടക്കില്ല. ഇപ്പോൾ അങ്ങോട്ടു പോവാൻ വിലക്കുണ്ട് “
“ഒരാഴ്ച മുൻപത്തെ റിവ്യൂ വരെ വായിച്ചാ വന്നത് .അതിൽ വിലക്കൊന്നും ഇല്ലാലോ "
അയാൾ rpf നെ വിളിക്കും എന്ന് പറഞ്ഞു.ഞങ്ങൾ വീണ്ടും പമ്മി പമ്മി നിന്നു.ഇനിയെങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ ? .അപ്പോ അയാൾ വിസിലൂതി .ഞങ്ങളോടി ട്രെയിനിൽ കയറി.വെള്ളച്ചാട്ടം കണ്ടില്ലെങ്കിലും വേണ്ടില്ല പോലീസ് പിടിക്കണ്ട.
ഒരു തമിഴ് ഗാങ്ങും രണ്ടു മൂന്നു ഗോവക്കാരും ഞങ്ങളോട് കാര്യം തിരക്കി.അവർക്കു വിലക്കിനെ പറ്റി അറിയില്ല.ഇനി എന്ത് ചെയ്യും ഇത്രേം ദൂരം വന്നിട്ടു ഇത് കാണാതെ എങ്ങനെ തിരികെ പോവും .ഒരു റിവ്യുവിൽ വായിച്ചിരുന്നു ഇവിടത്തെ സ്റ്റേഷൻ മാസ്റ്റർ നല്ല മനുഷ്യൻ ആണെന്നു.ഇപ്പോൾ കണ്ട ഇങ്ങേരാണോ ആ നല്ല മനുഷ്യൻ?വിലക്കിന്റെ കാരണം പോലും അയാൾ പറഞ്ഞു തന്നില്ല.
ഞാൻ മുറി ഹിന്ദിയിൽ ഓരോന്ന് പറഞ്ഞു ഒപ്പിക്കുമ്പോൾ ഈ തടിയൻ എന്റെ ഹിന്ദി കേട്ടു വയറും കുലുക്കി ചിരിക്കും.അവന്റെ വയർ കുത്തിപ്പൊട്ടിക്കാൻ തോന്നി.മനുഷ്യൻ ഇവിടെ സകല പ്ലാനും തകർന്നു ഒരുവിധം കാര്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുമ്പോൾ തണുപ്പത്ത് പുതപ്പും പുതച്ചിരുന്നു (sweater ആ ശരീരത്തിൽ കയറില്ല ) അവന്റെ ഒരു ചിരി .
"വിലക്കൊന്നുമില്ല ഇയാൾ ചുമ്മാ പറയുന്നതാ"
ഒരു നാട്ടുകാരൻ ചേട്ടൻ പറഞ്ഞു.
"ഇനിയിപ്പോ ഇയാൾ സമ്മതിച്ചില്ലെങ്കിൽ നിങ്ങൾ കുലേമിൽ ഇറങ്ങി തിരികെ നടന്നു വാ "
ആശ്വാസം .
അതായിരുന്നു ഞങ്ങളുടെ ആദ്യ പ്ലാൻ.എന്നാൽ അങ്ങനെ തന്നെ ആവട്ടെ.എന്നാലും വെറും മൂന്നൂർ മീറ്റർ അകലെയുള്ള വെള്ളച്ചാട്ടം കാണാൻ ഇനി ഞങ്ങൾ 12 കിമി ഇങ്ങോട്ടും തിരിച്ചു അങ്ങോട്ടും നടക്കണമല്ലോ .ഞങ്ങളോട് വഴക്കു പറഞ്ഞ ചേട്ടൻ അവിടെ തന്നെ നിൽപ്പുണ്ട് .കുറെ കഴിഞ്ഞിട്ടും ട്രെയിൻ എടുക്കുന്നില്ല.വഴക്കു പറഞ്ഞ ചേട്ടനും വേറെ ആൾക്കാരും കൂടി ഒരു ട്രോളിയിൽ കയറി താഴേക്ക് പോയി.അപ്പൊ എന്തോ പന്തികേടുണ്ട്.അതാണ് ട്രെയിൻ ഇത്രയും നേരം നിർത്തിയിട്ടിരിക്കുന്നത് .
എല്ലാരും പുറത്തിറങ്ങി.നല്ല അടിപൊളി സ്ഥലം.പോരാത്തതിന് ചെറിയ കോടമഞ്ഞും.വെള്ളച്ചാട്ടം തൊട്ടടുത്താണ് വേഗം പോയി കണ്ടോളു എന്നിട്ടു പിന്നെ എന്താണ് വച്ചാൽ നോക്കാം എന്നൊരു ചേട്ടൻ പറഞ്ഞു.പക്ഷെ താഴേക്ക് പോയ ചേട്ടൻ തിരികെ വന്നാലോ?ഒരുപാട് നേരം കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല.നേരം വെളുത്തു.തമിഴന്മാരുടെ ഗാങ്ങിന്റെ പ്രോത്സാഹവും കൂടി ആയപ്പോൾ ഞങ്ങൾ പോവാൻ തീരുമാനിച്ചു.വെള്ള ചാട്ടം കാണാം ,എന്നിട്ടു വരുന്നത് വഴിയിൽ വച്ച് കാണാം.
ഞങ്ങൾ എല്ലാരോടും യാത്ര പറഞ്ഞു നടക്കാൻ തുടങ്ങി.ഒരു രണ്ടു തുരങ്കം ഒക്കെ കഴിഞ്ഞു .ഞങ്ങൾ സ്ഥലത്തെത്തി.
ബാല്യം മാത്രമല്ല പഴയ ജന്മം വരെ പകച്ചു പോവും.അമ്മാതിരി ഒരു വെള്ളച്ചാട്ടം .ജൂലൈ അവസാനം ആയതുകൊണ്ട് ഇതിലും കൂടുതൽ വെള്ളം കിട്ടാനില്ല.ഒരു വലിയ വെള്ള കടൽ മുകളിൽ നിന്ന് താഴേക്ക് പതിക്കുന്ന കാഴ്ച .സ്വർഗത്തിലേക്കുള്ള വഴി ദുര്ഘടം പിടിച്ചതാണെന്നു മനസിലായി ഇനിയിപ്പോ പോലീസ് പിടിച്ചു തൂക്കി കൊന്നാലും വേണ്ടില്ല.അതിന്റെ തൊട്ടു താഴെ ഒരു ചെറിയ കെട്ടിടമുണ്ട്.ഞങ്ങൾ അതിന്റെ അകത്തു കയറി.കുറച്ചൂടെ ഭംഗിയായി വെള്ളച്ചാട്ടം കാണാം.വെള്ളം മുകളിൽ നിന്ന് വരുന്നത് കാണുമ്പോൾ പേടിയാകും.
ഇവിടെ ടെന്റും ഇല്ല വേറെ ആരുടേയും പൊടി പോലുമില്ല.അപ്പോൾ ആ സ്റ്റേഷനിലെ ആൾ പറഞ്ഞത് ശെരിയാവും.എന്നാലും ഞങ്ങൾ വായിച്ച റിവ്യൂ ?.
അപ്പോൾ ദാ പാലത്തിന്റെ അപ്പുറത്തു ആരോ ഒരാൾ
ഇനി വല്ല സെകുരിറ്റിയോ മറ്റോ ആയിരിക്കുമോ ഞങ്ങൾ കെട്ടിടത്തിൽ ഒളിച്ചിരുന്നു.ഒളിഞ്ഞു നോക്കിയപ്പോൾ അയാളും പതുങ്ങി ഇരിക്കുന്നു .കുറച്ചു നേരം കഴിഞ്ഞപ്പോ ആൾ പുറത്തു വന്നു.
"ഡാ ആൾ ബെർമുഡയാണ് ഇട്ടിരിക്കുന്നത്.ഒരു ബാഗും ഉണ്ട് .അത് ഏതോ സായിപ്പാ സെക്കൂരിറ്റിയൊന്നുമല്ല “
അയാള്ക്കും കാര്യം മനസിലായി .ഞങ്ങൾ താഴേക്കിറങ്ങി ചെന്ന്.പാലത്തിന്റെ നടുക്ക് വച്ചു പരിചയപെട്ടു.ആൾ കാണാൻ ഒരു സായിപ്പ് ലുക്ക് ഉണ്ടെന്നേ ഉള്ളു .ജാര്ഖണ്ഡ്ക്കാരൻ ആണ്.ബാന്ഗ്ലൂരിൽ വർക്ക് ചെയുന്നു .പേര് സന്തോഷ്.
ഇവിടെ കാണാൻ വന്ന ചിലർ (തന്തയില്ലാത്തവർ എന്നാണ് സന്തോഷ്ജി അവരെ വിശേഷിപ്പിച്ചത് )ട്രെയിനിലേക്ക്കല്ലെടുത്തു.എറിയുന്നത് പതിവായെന്നും .അങ്ങനെ ഇതിപ്പോ ഒരു വിലക്കപ്പെട്ട കനിയാണെന്നും സന്തോഷ്ജി ഞങ്ങളോട് പറഞ്ഞു തന്നു.ആളുടെ രണ്ടാമത്തെ വരവാണ്
ഞങ്ങളുടെ ട്രെയിൻ ഇപ്പോഴും അവിടെയുണ്ട് വേണമെങ്കിൽ അതിൽ കയറി കുലേം പോവാം .
“എന്താ സന്തോഷ്ജിയുടെ പ്ലാൻ ?
ഞാൻ നടക്കാൻ പോവാണ് .നല്ല രസമാണ്.കൂടുന്നോ ?
ഞങ്ങൾ നടക്കാൻ തീരുമാനിച്ചു.എന്തായാലും കാണാനുള്ളത് കണ്ടു.ഇനി എന്ത് സംഭവിച്ചാലും സാരമില്ല.സന്തോഷ്ജിയുമുണ്ടല്ലോ കൂടെ.ട്രെയിൻ നിർത്തിയപ്പോൾ സന്തോഷ്ജി ആരും കാണാതെ മുങ്ങിയതാണ്.ഞങ്ങൾ സ്റ്റേഷൻ മാസ്റ്ററോട് സംസാരിക്കുന്നത് ആൾ കണ്ടിരുന്നു.മറു വശത്തൂടെ ആൾ മുങ്ങിയതാണ്.
ഞങ്ങൾ മൂന്നും കൂടി നടക്കാൻ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ ട്രെയിൻ ഞങ്ങളെ കടന്നു പോയി.ഈ പാളം പിന്തുടർന്നു പോയാൽ മതി കുലേം സ്റ്റേഷൻ എത്തും .പക്ഷേ ജീപ്പ് വരുന്ന വഴിയുണ്ട് കുറച്ചുകഴിയുമ്പോൾ .
സന്തോഷ്ജിക് വഴിയെലാം അറിയാവുന്നതുകൊണ്ട് ഞങ്ങൾക്ക് വഴി തെറ്റിയില്ല.അട്ട കടിക്കാനിരിക്കാൻ കൊണ്ടുവന്ന ഉപ്പുപൊടിയെല്ലാം ബാഗിലുണ്ട് .അതെടുത്തു തൂക്കാൻ ഒന്നും നിന്നില്ല.കാട്ടിലേക്ക് കയറിയതും മഴ തുടങ്ങി.പോവുന്ന വഴി പലയിടത്തും ചെളി.ചിലയിടത്തു അത്യാവശ്യം വലിയ തോടുകൾ.എല്ലാം ക്രോസ്സ് ചെയ്തു അടിപൊളിയായി നടന്നു.ഞങ്ങളുടെ ആദ്യത്തെ ട്രെക്കിങ്ങ് .കാട്ടിലൂടെ പെരുമഴയും കൊണ്ട്.
തടിയൻ RAINCOAT ഒക്കെ ഇട്ടു.
പുറകിൽ നിന്നും നോക്കിയാൽ ഒരു ബാറ്റ്മാൻ ലുക്ക് .
""ബാറ്റ്മാൻ ഫ്രം തത്തമംഗലം""
ഞാൻ ഒരു ചെറിയ ജാക്കറ്റ് ഒക്കെ ഇട്ടിട്ടുണ്ടെങ്കിലും മുഴുവൻ നനഞ്ഞു കുതിർന്നു.ബാഗും നനഞ്ഞു .ബാഗിന്റെ രണ്ടാമത്തെ യാത്രയാണ്.ഒന്നാമത്തേത് മുംബൈ.വിമാനത്തിൽ കയറ്റി സൂപ്പറായി കൊണ്ടുപോയി.രണ്ടാമത്തേതിന് ദാ ഞാൻ മഴ നനയിപ്പിക്കുന്നു.അതിൽ ഒരു പ്ലാസ്റ്റിക് കൂടിലാണ് എല്ലാം ഇട്ടിരിക്കുന്നത് അതുകൊണ്ടു അത് നനയില്ല
കാടിലൂടെ നടക്കുമ്പോൾ വെള്ളച്ചാട്ടം കാണാൻ പറ്റുന്ന പോയ്ന്റ് ഉണ്ട്.സന്തോഷ്ജി ഉള്ളതുകൊണ്ട് ഞങ്ങൾക്ക് അത് കാണാൻ പറ്റി.രണ്ടാമത്തെ പോയിന്റിൽ മഴ കാരണം കാണാൻ പറ്റിയില്ല.
പിന്നെയും പാളത്തിന്റെ സൈഡിലൂടെയാണ് യാത്ര.ട്രെയിൻ നിർത്തിയിടാനുള്ള കാരണം അപ്പോഴാണ് മനസിലായത് ഒരു മരം വീണിരുന്നു.അത് മുറിച്ചു മാറ്റിയതായി കാണാം .അതുകൊണ്ടു ഞങ്ങൾക്ക് അവിടെ ഇറങ്ങാൻ പറ്റി.ഇതിനുവേണ്ടിയാണ് അങ്ങേരു ട്രോളിയിൽ താഴേക്ക് പോയത്.വേറൊരു ട്രെയിൻ വരുന്നുണ്ട്.പെരുമഴയത്തു ബാഗും തൂക്കി പോകുന്ന ഞങ്ങളെ കണ്ടു യാത്രക്കാർ ഒരുമാതിരി നോട്ടം നോക്കി .ട്രെയിനി സൊണാലിമിൽ നിർത്തി.ഞങ്ങൾ ചെന്നപ്പോൾ ട്രെയിനിൽ കയറിക്കോ എന്നൊക്കെ പലരും പറയുന്നു.
ഞങ്ങൾ ഇത് തിരഞ്ഞെടുത്തതാണ് മിസ്റ്റർ.മഴയത്തു ഇങ്ങനെ നടന്നു സുഖിക്കണമെങ്കിൽ നിങ്ങൾ ഇറങ്ങി വരൂ ഞങ്ങൾ അങ്ങോട്ടില്ല .വേണമെങ്കിൽ കയറാം,കുലേം വരെയുള്ള ടിക്കറ്റു ഞങ്ങളുടെ കൈയിലുണ്ട്.
എന്റെയും തടിയന്റെയും ആദ്യത്തെ ട്രെക്കിങ്ങ് ആയിരുന്നു ഇത്.തടിയൻ ഈ ശരീരവും വച്ചോണ്ട് നടക്കുമോ എന്നായിരുന്നു എന്റെ പേടി.അതിലും ഭേദം ഞാൻ ആണെന്ന അഹങ്കാരവും ഉണ്ടായിരുന്നു .തടിയൻ എന്നെ തോൽപ്പിച്ച് കളഞ്ഞു.ഞാൻ മടുത്തു എന്ന് പറയാതെ കുറെ നേരം പിടിച്ചു നിന്നു.ഇവൻ ആദ്യം മടുത്തു എന്ന് പറയട്ടെ.പക്ഷേ അവൻ പറയുന്നില്ല. എന്നാൽ ചുമ്മാ ചോദിക്കാം.
“മടുത്തോ തടിയാ “?
ഏയ് ഇല്ലടാ.
(ശവം.ഒന്നു മടുത്തു എന്ന് പറയ് മനുഷ്യാ .ഒരുത്തൻ ഇവിടെ മടുത്തിട്ടു രണ്ടു മൂന്ന് കിലോമീറ്റർ ആയി )
“നീയോ “
“ഹേയ് നല്ല രസമല്ലേ ഇങ്ങനേ നടക്കാൻ “ (ഞാനിപ്പൊ വടിയാകും അതാണ് അവസ്ഥ )
പിന്നീട് യാത്ര പോയപ്പോൾ കാര്യം മനസിലായി.യാത്ര പോവാണെങ്കിൽ തടിയൻ ഏതു മലയും കയറും.അല്ലെങ്കിൽ തടിയനെക്കാൾ വലിയ മടിയനില്ല.
സന്തോഷ്ജിയുടെ സ്റ്റാമിന അപാരം.പുള്ളിയുടെ പുറകെ ഓടിയാണ് ഞാൻ മടുത്തത്.ആരെങ്കിലും പിടിച്ചാൽ പുള്ളി എന്തെങ്കിലും പറഞ്ഞു രക്ഷപെടുത്തിക്കോളും എന്ന ധാരണയിൽ ഞങ്ങൾ പുറകെ ഓടി.
ഒരു സ്ഥലത്തു എത്തിയപ്പോൾ പുള്ളി നിന്ന്.കൈയിലുള്ള മിച്ചറൊക്കെ പുള്ളി എടുത്തു ശാപ്പിടുന്നു.നന്നായി ഒന്ന് നിന്നത് .അല്ലെങ്കിൽ നിങ്ങൾ എന്നെ എടുത്തോണ്ട് പോവേണ്ടി വന്നേനെ .അവിടെയൊരു തോടുണ്ട്.സന്തോഷ്ജി അതിലെയൊക്കെ പോയി.വെള്ളം നിറഞ്ഞു കവിഞ്ഞു ഒഴുകുന്നു.നീന്തൽ അറിയാത്ത ഞങ്ങൾ രണ്ടും ആ പണിക്കു പോയില്ല.സന്തോഷ് വരുന്നവരെ അവിടെ ഇരുന്നു ബിസ്കറ് കഴിച്ചു.
ട്രെയിൻ ട്രാക്ക് നോക്കാൻ വരുന്ന ഒരു ചേട്ടനെ കണ്ടു ഞങ്ങളൊന്നു ഞെട്ടി
“നിങ്ങൾ പോവുന്നതാണോ അതോ തിരികെ വരുന്നതോ “
ഞങ്ങൾ ഒന്നും പറഞ്ഞില്ല.ഇനി തിരികെ വാരുവാ എന്ന് പറഞ്ഞാൽ പണി ആയാലോ.
“പോവ്വാണെങ്കിൽ വേഗം പൊയ്ക്കോ ഇല്ലെങ്കിൽ ചെക്കിങ് ഉണ്ടാവും “
ആഹാ ചേട്ടൻ കൊള്ളാലോ .
“ഞങ്ങൾ എല്ലാം കണ്ടിട്ട് തിരികെ വരുവാ ചേട്ടാ “
എന്നാ പയ്യെ പോയാൽ മതി.കുലേം എത്താറായി.
ചേട്ടനെ നിർബന്ധിച്ചു രണ്ട് ബിസ്കറ്റും കഴിപ്പിച്ചിട്ടാണ് ഞങ്ങൾ വിട്ടത്.കേരളത്തിൽ നിന്ന് ഇത്രയും ദൂരം ഇത് കാണാൻ വേണ്ടി മാത്രം വന്നു എന്ന് കേട്ടപ്പോൾ ചേട്ടന് അത്ഭുതം.
സന്തോഷ്ജി വന്നതും ഞങ്ങൾ നടത്തം തുടർന്നുചെറിയ വെള്ളച്ചാട്ടങ്ങളും വഴിയിലുണ്ട്.പിന്നെ അവസാനം ആവാറാവുമ്പോൾ പുഴയുടെ സൈഡിലൂടെയാണ് നടത്തം..കുലേം സ്റ്റേഷൻ എത്താറായപ്പോ സന്തോസ്ജിയുടെ മാസ്റ്റർ പ്ലാൻ.നേരെ കേറി ചെന്നാ അവന്മാർ പോക്കും.അതോണ്ട് വേറെ വഴി പൊവ്വാം .
ഞങ്ങൾ റോഡിലേക്കു കയറി.പിന്നെ സ്റ്റേഷനിലേക്കു ഒന്നും അറിയാത്തവരെപോലെ കയറിചെന്നു.
സന്തോഷ്ജിയുടെ ട്രെയിൻ വൈകുന്നേരം ഇവിടെ നിന്ന് തന്നെയാണ്.ഞങ്ങൾ ഡ്രെസ്സലാം മാറി.സന്തോഷ് ജിയുടെ ബാഗ് വളരെ ചെറുതാണ്.ഞങ്ങളുടെ കയ്യിലാണേൽ ഒരു ലോഡ് സാധനങ്ങൾ ഉണ്ട്.യാത്ര വരുമ്പോ ഇങ്ങനെ എല്ലാം പെറുക്കിയെടുത്തു വരരുത് എന്ന് അന്ന് മനസിലായി.നനഞ്ഞ ഡ്രസ്സ് കൂടി ആയപ്പോ ബാഗിന് ഒടുക്കത്തെ ഭാരം.സന്തോഷ്ജിയെ കേരളത്തിലേക്ക് ക്ഷണിച്ചു ഞങ്ങൾ പുറത്തിറങ്ങി.മഡ്ഗാവിലേക്ക്
പോവാം അവിടന്നു കേരളം പിടിക്കാം.പറ്റിയാൽ ഗോവയിൽ എവിടേലും പൊവ്വാം .ഇനി ഗോവ പോയില്ല എന്ന് വേണ്ട.
ഒരു ചെറിയ ജഗ്ഷൻ എത്തിയപ്പോൾ വെള്ളമടിച്ചു ഒരു ചേട്ടൻ അലമ്പ് ഉണ്ടാകുന്നു.ഞങ്ങൾ ബസിന്റെ കാര്യം ചോദിച്ച ചേട്ടനും നല്ല മണമുണ്ടായിരുന്നു.ബസ്സിൽ പോയാൽ ഒരുപാട് സമയം എടുക്കും.നിങ്ങൾ പന്ത്രണ്ടു മണിക്കുള്ള ട്രെയിനിൽ പൊയ്ക്കോ അതാ നല്ലതു/.
ഞങ്ങൾ വീണ്ടും കുലേം സ്റ്റേഷനിൽ കയറി.സന്തോഷ്ജിയെ വീണ്ടും കണ്ടു.തടിയൻ ഇട്ടിരിക്കുന്നത് 3/4 th ആണ്.അതിട്ടുകൊണ്ടു ട്രെക്കിങ്ങ് നടത്താൻ ആയിരുന്നു അവന്റെ പ്ലാൻ.അത് നടന്നില്ല.ആകെയുള്ള പാന്റ് നനഞ്ഞു .3/4 thഇട്ടോണ്ട് പാലക്കാട് പോവാൻ തടിയന് നാണം.അതും ഇട്ടോണ്ട് തത്തമംഗലത്തു ചെന്നാൽ (അവന്റെ നാട് ) നാട്ടുകാർ ചെക്കന് പ്രാന്തായെന്ന് പറയും.തടിയൻ പാന്റ് ഒന്ന് പിഴിഞ്ഞ് അവിടെ ബെഞ്ചിൽ ഉണക്കാൻ ഇട്ടു.
ഇടയ്ക്കു ഗുഡ്സ് ട്രെയിനുകൾ വരും.ഒരു ബഹളവുമില്ലാത്ത സ്റ്റേഷൻ.നല്ല ചാറ്റൽ മഴയും.അടിപൊളി മൂഡ്.
ചെറുപ്പത്തിൽ മഴയത്തു കുളിക്കാറുണ്ടായിരുന്നു.അതിനു ശേഷം ഇത്രയും മഴ നനഞ്ഞതു ആദ്യം .
ഇടയ്ക്കു അവിടെ ഒരു ബോർഡ് കണ്ടു .
"പാളത്തിലൂടെ നടക്കുന്നവർക്ക് ആറുമാസം ജയിലും ആയിരം രൂപ പിഴയും"
ഞങ്ങളുടെ വളഞ്ഞു മൂക്കു പിടിച്ച പൊട്ട പ്ലാനും അന്ന് ആ സമയത്തു വീണ മരവും കാരണം
ഞങ്ങൾക്ക് വെള്ളച്ചാട്ടം കാണാൻ പറ്റി.
കുലേമിൽ വന്നിട്ടു പോവാമെന്നായിരുന്നു പ്ലാൻ എങ്കിൽ അപ്പൊ തന്നെ rpf പിടിച്ചേനെ.
സന്തോഷ്ജിയെ കണ്ടതും ഞങ്ങളുടെ ഭാഗ്യം.
അവിടെ ശെരിക്കും വിലക്ക് ഉണ്ടായിരുന്നോ ഇല്ലയോ എന്ന് ഇപ്പോഴും അറിയില്ല.
അടുത്ത ആഴ്ച അങ്ങോട്ടു പോവുന്നു എന്നും പറഞ്ഞു ഒരു fb ഗ്രൂപ്പ് നടത്തുന്ന പരിപാടിയും കണ്ടു.
ഇനി ഞങ്ങൾ പോയ ആഴ്ച മാത്രം എന്തെങ്കിലും വിലക്ക് ഉണ്ടായിരുന്നോ എന്നും അറിയില്ല.
എന്തായാലും ഞങ്ങൾക്ക് ദൂദ്സാഗർ അതിൻറെ ശെരിക്കുള്ള രൂപത്തിൽ കാണാൻ പറ്റി.
Thanks to ഞങ്ങളുടെ മണ്ടൻ പ്ലാൻ ആൻഡ് ഒടിഞ്ഞ മരം
x

This Article is Awesome. It’s helped me a lot. Please keep up your good work for Grand Island trip Goa . We are always with you and Waiting for your new interesting articles.
ReplyDelete