Khajuraho | Raneh Waterfalls | Madhya Pradesh

 ഒരു ചെറ്യേ ഗ്രാൻഡ് കന്യോൻ #Khajuraho #MiniGrandCanyon








ഇന്ത്യയുടെ Grand Canyon എന്ന പേര് ആന്ധ്രയിലെ ഗണ്ടിക്കോട്ട എടുത്തോണ്ട് പോയിട്ട് കാലം കുറെയായി.ഒരുകണക്കിന് അത് ശരിയാണ് താനും എങ്കിലും അത്ര ഫേമസ് അല്ല്ലാത്ത എന്നാൽ അത്ര മോശവുമല്ലാത്ത ചെറിയൊരു canyon ഇങ്ങു ഇന്ത്യയുടെ ഒത്ത നടുക്കുള്ള മധ്യപ്രദേശിൽ ഖജുരാഹൊയ്‌ക്കു അടുത്തായിട്ടുണ്ട് .Raneh വെള്ളചാട്ടം കൂടിയാവുമ്പോൾ ഇതിനു മൊഞ്ച് കൂടും.സംഭവം പൊളിയാണ്.ഖജുരാഹൊയ്‌ക്കു സഞ്ചിയും തൂക്കി ഇറങ്ങുമ്പോൾ പോലും ഞങ്ങൾക്കിതിനെ പറ്റി വല്യ ധാരണയില്ലായിരുന്നു.പക്ഷേ ഭാഗ്യവശാൽ ഞങ്ങളിതു കണ്ടു.ഇത് കാണാൻ വേണ്ടി അവിടം വരെ പോയാലും നഷ്ടമാവില്ലായിരുന്നു എന്ന ചിന്തയുമായാണ് ഞങ്ങൾ തിരികെ പോന്നത്.
ഒരു മഴ പെയ്താൽ 'planned city' എന്ന് പറയപ്പെടുന്ന നോയിഡയും ഗുരുഗ്രാം എല്ലാം ഒരു വഴിക്കാവും.ഉബെർ ഓല ഓക്കേ അഞ്ചിരട്ടി ചാർജ് കൊടുത്തു ബുക്ക് ചെയ്യാൻ നോക്കിയാലും കിട്ടില്ല.എവിടെയും ട്രാഫിക് ബ്ളോക് ആയിരിക്കും.ഓഫീസിൽ ഇറങ്ങാൻ നേരത്തു ചെറിയൊരു മഴ (ഡല്ഹിക്കാരുടെ വാക്കിൽ പൊരിഞ്ഞ മഴ )ഖജുരാഹൊയ്ക്കുള്ള ട്രെയിൻ ഹസ്രത് നിസാമുദീനിൽ നിന്നാണ്.അങ്ങോട്ടാണെൽ മെട്രോയുമില്ലാ.ലേറ്റ് ആവണ്ട എന്ന് കരുതി ടാക്സി വിളിക്കാൻ നോക്കിയപ്പോ അതും കിട്ടുന്നില്ല.ഡൽഹിയിൽ വന്നിട്ടു ഒരു വർഷത്തിന് ശേഷം അന്നാദ്യമായി ബസ്സിൽ കയറി.നല്ല മുടിഞ്ഞ തിരക്ക്.ഒരുവിധം മെട്രോയിൽ എത്തി.ഇന്ദ്രപ്രസ്ഥയിൽ ഇറങ്ങി ഒരു ഓട്ടോക്കാരന് പറഞ്ഞ പൈസയും കൊടുത്തു സ്റ്റേഷനിലെത്തി ട്രെയിനിൽ കയറിയതും ട്രെയിൻ സ്റ്റാർട്ട് ചെയ്തു.അജയ് നേരത്തെ വന്നിരുന്നു.എവിടെയും അര മണിക്കൂർ മുൻപേ എത്തുന്ന ഞാൻ അവസാന നിമിഷം ഓടിയെത്തി.ടിക്കറ്റു ഇപ്പോഴും RAC ആണ്. ഇന്ന് വൈകുന്നേരം വരെ വെയ്റ്റിംഗ് ലിസ്റ്റിൽ ആയിരുന്നു.രണ്ടു മൂന്ന് ദിവസം മുൻപാണ് ബുക്ക് ചെയ്തത്.ടിക്കറ്റു കൺഫേം ആയാൽ പോവാം അല്ലെങ്കിൽ പോവണ്ട എന്ന തീരുമാനത്തിലാണ് ഞങ്ങൾ രണ്ടാളും വെള്ളിയാഴ്ച ഓഫീസിൽ പോയത്.വൈകുന്നേരം നാലുമണിക്ക് RAC ആയി എന്ന് sms വന്നു എന്ന് അജയ് എനിക്ക് മെസേജ് അയച്ചു.
ഒരുപാട് നാളിനു ശേഷം കണ്ടതുകൊണ്ടു ഞങ്ങൾ സംസാരിച്ചിരുന്നു.രാവിലെ ഏഴുമണിക്ക് ഖജുരാഹോ എത്തി.ഇംഗ്ലീഷ് പറഞ്ഞു വന്ന ഒരു ഓട്ടോക്കാരന്റെ ഓട്ടോവിൽ കയറി ഞങ്ങൾ ടൗണിലെത്തി. അമ്പതു രൂപയ്ക്കു വെസ്റ്റേൺ കോംപ്ലെക്സിൽ വിടാമെന്നാണ് ഓഫർ.ഇത്രയും നല്ല ഓഫർ തന്നത് വേറൊന്നും കൊണ്ടല്ല.ഖജുരാഹോ വരെയെത്തുന്ന സമയത്തു ഞങ്ങളെ പറഞ്ഞു മയക്കി ഞങ്ങളുടെ ഗൈഡായി ദിവസം മൊത്തമുള്ള ഓട്ടം കിട്ടാനാണ്.റൂം എടുപ്പിച്ചാൽ ആ കമ്മീഷനും കിട്ടും.



കൊക്കെത്ര കോളം കണ്ടതാ, ഒന്നും വേണ്ടാ എന്നും പറഞ്ഞു ഞങ്ങൾ ആളെ ഒഴിവാക്കി.വെസ്റ്റേൺ കോംപ്ലെക്സിലാണ് അമ്പലങ്ങൾ കൂടുതലും അത് കണ്ടതിനു ശേഷം ഒരു സൈക്കിൾ വാടകയ്‌ക്കെടുത്തു അമ്പലങ്ങളായ അമ്പലങ്ങൾ എല്ലാം കേറിയിറങ്ങി. Erotic Sculptures കൊണ്ട് നിറഞ്ഞ കൊത്തുപണികൾ കാണുമ്പോൾ ഇക്കാലത്തു സദാചാരമെന്നും പറഞ്ഞു പലർ നടത്തുന്ന കോപ്ര്യയങ്ങൾ മനസ്സിൽ വന്നു.അമ്പലത്തിൽ ഇമ്മാതിരി സംഭവങ്ങൾ അക്കാലത്തു കൊത്തി വച്ച ചരിത്രമുള്ള , കാമസൂത്രയുടെ നാടായ നമ്മുടെ നാട്ടിൽ ഇക്കാലത്തു ഒരു പെണ്ണും ചെക്കനും ഒരുമിച്ചിരുന്നു സംസാരിച്ചാൽ പലരുടെയും കുരുപൊട്ടും അമ്പലങ്ങളുടെ ചരിത്രം പറയുന്നില്ല.കഥാനായകൻ 'ചെറ്യേ ഗ്രാൻഡ് കന്യോൻ' ആണല്ലോ. western complex ലെ അമ്പലങ്ങൾ കാണാൻ കഴിവതും രാവിലെ പോവുക.അപ്പോൾ തിരക്ക് കുറവാകും.ഒരു സൈക്കിളോ ബൈക്കോ വാടകയ്‌ക്കെടുത്താൽ നന്നായിരിക്കും.







ഞങ്ങൾ വിചാരിച്ചതിലും നേരത്തെ അമ്പലങ്ങൾ കണ്ടു തീർന്നു.ഇനി മ്യൂസിയങ്ങളുണ്ട്.അജയ് ഒരു മ്യൂസിയം പ്രാന്തനാണ്.അതുകൊണ്ടു അത് മിസ്സാക്കാൻ പറ്റില്ല.വൈകുന്നേരം ഒരു ഡൽഹി ട്രെയിനുണ്ട്.അതിനു പോവാമെന്നായി തീരുമാനം.Raneh വെള്ളച്ചാട്ടം ഉണ്ടെന്നു അപ്പോൾ ഗൂഗിൾ ചെയ്തപ്പോളാണ് മനസിലായത്.ഗൂഗിളിൽ കൊടുത്തിരുന്ന പടത്തിൽ വെള്ളം കുറവാണു.എങ്കിലും ഒരു grand canyon ഫീൽ ചെയ്തതുകൊണ്ട് പോയേക്കാം എന്ന് തിരുമാനിച്ചു.അവസാനം കേറിയ അമ്പലത്തിലെ ഗൈഡു വഴി ഒരു ബൈക്ക് വാടകയ്‌ക്കെടുത്തു.അതിൽ ഉണ്ടായിരുന്ന പെട്രോൾ മൊത്തം ഒരു പെട്രോൾ പമ്പു കണ്ടുപിടിക്കാനുള്ള പ്രയാണത്തിൽ തീർന്നു.പെട്രോളും അടിച്ചു ഗൂഗിൾ മാപ്പും പിടിച്ചു ഞങ്ങൾ raneh falls ലേക്ക് വിട്ടു.ബൈക്കിന് ഏതാണ്ടൊക്കെ കുഴപ്പമുണ്ടെന്നാണ് അജയ് പറയുന്നത് എങ്കിലും വണ്ടി മുന്നോട്ടു പോയി.ഏതാണ്ടൊരു ഇരുപതു കിമി ഉണ്ടാവും അവിടെത്താൻ.Panna National Park ന്റെ ഭാഗമാണ് ഇതും.മഴക്കാലം കഴിഞ്ഞു നവംബർ ഒക്കെയായാൽ ചെറിയ നേച്ചർ വാക്കിങ്ങും ഒക്കെ നടത്താം.പോകുന്ന വഴിക്കു എവിടെ നോക്കിയാലും ചെറിയൊരു കുളവും എരുമകളെയും കാണാം.കുറച്ചു കഴിയുമ്പോൾ കാട്ടിനുള്ളിലൂടെയാണ് വഴി.അത്യാവശ്യം നല്ല റോഡാണ്.പക്ഷേ ഖജുരാഹോയിൽ കണ്ട റോഡ് വച്ചു നോക്കുമ്പോൾ ഇത് ശോകമാണ്.

ചെക്പോസ്റ്റിൽ വണ്ടിയുടെ നമ്പറും നമ്മുടെ വിലാസവും എൻട്രി ചെയ്തു ചെറിയൊരു തുക (അത് മറന്നു പോയി 100 ആണെന്ന് തോന്നുന്നു )അടയ്ക്കണം.അതിന്റെ രസീത് ഉണ്ടെങ്കിലേ അവിടെ പ്രേവേശനമുള്ളൂ.ഒരു ചേട്ടൻ കാറിൽ ഇരിക്കുന്നത് ജില്ലാ കോടതിയിലെ ജഡ്ജിന്റെ ആരോ ആണ് അതുകൊണ്ടു ടിക്കറ്റു ചുമ്മാ തരണം എന്നൊക്കെ പറഞ്ഞു വാദിക്കുന്നുണ്ടായിരുന്നു.
(നല്ല ജോലിയുള്ള വല്യ ആൾക്കാരാണെങ്കിൽ ഈ നിസാര തുക കൊടുത്തൂടെ ? ഇമ്മാതിരി കാരണം പറഞ്ഞു ഇരക്കണോ ?)



ചെക്ക് പോസ്റ്റ് കഴിഞ്ഞതേ ഒരു വശത്തൂടെ കെൻ നദി നിറഞ്ഞു കവിഞ്ഞു ഒഴുകുന്നു.ചെളി നിറമാണ് വെളളത്തിനു.അപ്പോൾ ഗൂഗിളിൽ കണ്ട ചിത്രമായിരിക്കില്ല ഞങ്ങൾ കാണുക.സംഭവം പൊളിക്കും.നിറച്ചു വെള്ളം കാണും.അവിടെ ചെന്നപ്പോൾ ആരുമില്ല.വണ്ടി വച്ചിട്ട് വെള്ളച്ചാട്ടത്തിലേക്കു ചെന്നു.വെള്ളം നിറഞ്ഞുകുത്തി ഇങ്ങു താഴേക്കു വീഴുന്നു.കണ്ടാൽ പേടിയാവുന്ന രീതിയിൽ.ഇതൊരു ഭാഗം മാത്രമാണ്.കുറച്ചങ്ങു പോയാൽ ഇതുപോലെ ഒരു നാലഞ്ചു വെള്ളച്ചാട്ടമുണ്ട്.കെൻ നദി മൊത്തം താഴേക്ക് പോരുന്നു.ഈ ഒരൊറ്റ വെള്ളച്ചാട്ടം മാത്രം ഉള്ളു എന്ന് കരുതിയ ഞങ്ങൾക്കു തെറ്റി .
ബൈക്കും വച്ചു വരുന്ന അജയ്‌യോട് "മൊതലാളി ജങ്കാ ജക ജകാ ഒന്നല്ല ഒരുപാടുണ്ട് വെള്ളച്ചാട്ടം"എന്നും പറഞ്ഞു ഞാൻ ബാക്കിയുള്ളത് കാണാൻ പോകാൻ തുടങ്ങുമ്പോഴേക്കും ഒരു ചേട്ടൻ വന്നു തടഞ്ഞു.രസീത് നോക്കി ഞങ്ങൾ ചെക്ക്‌പോസ്റ്റിൽ പൈസ അടച്ചിട്ടുണ്ട് എന്നുറപ്പുവരുത്തി.



മറ്റേ ഇരപ്പനും ഒരു ചേച്ചിയും കാറിൽ എത്തി.ഞങ്ങൾ ആദ്യം വിചാരിച്ചത് ആ എരപ്പൻ ഡ്രൈവർ ആണെന്നാണ്.അവരുടെ ഫോട്ടോയെടുപ്പ് കണ്ടപ്പോളാണ് മനസിലായത് അല്ലാ എന്ന്.പ്രധാന വ്യൂ പോയിന്റിലേക്കു നടപ്പാതയുണ്ട്.വേലിയൊക്കെ മറികടന്നു പ്രെശ്നം ഉണ്ടാക്കരുതെന്നും പറഞ്ഞു രസീത് നോക്കിയാ ചേട്ടൻ പോയി.വേലി കെട്ടിയിട്ടുണ്ട് താഴേക്കു വീണാൽ പിന്നെ നോക്കണ്ട.അത്ര ശക്തിയായാണ് വെള്ളമൊഴുകുന്നത്.ചപ്പാത്തി തിന്നാൻ പോയ ഞങ്ങൾക്ക് ബിരിയാണി കിട്ടിയ അവസ്ഥ. അവിടെയും ഇവിടെയുമൊക്കെ വെള്ളച്ചാട്ടങ്ങൾ.കെൻ നദി നിറഞ്ഞു കവിഞ്ഞാണ് ഒഴുകുന്നത്‌. മിനി നയാഗ്ര എന്നോരു പേരും നാട്ടുകാർ ഇട്ടിട്ടുണ്ട്.
ഗൂഗിളിൽ കണ്ടത് തന്നെയാണ് ഇവിടെ വന്നപ്പൊഴും പറയാനുണ്ടായിരുന്നത്.ഗ്രാൻഡ് കന്യോൻ പോലെ തന്നേ.ചുവപ്പും കറുപ്പും പിങ്ക് നിറവുമെല്ലാമുള്ള പാറകൾക്കിടയിലൂടെ കർണാവതി നദി ഒഴുകുന്നു.
അഞ്ചു തരത്തിലുള്ള igneous rocks (ആഗ്നേയ ശില) ഒരുമിച്ചു കാണപ്പെടുന്ന ഏഷ്യയിലെ ഒരേയൊരു സ്ഥലം ഇവിടെ മാത്രമാണ് .
ചെറിയ പച്ച നിറത്തിലുള്ള dolomite
ചുവന്ന നിറത്തിലുള്ള Jasper
brown നിറത്തിലുള്ള quartz
pink നിറത്തിലുള്ള granite
കറുത്ത നിറത്തിലുള്ള basalt
രണ്ടു മൂന്ന് വെള്ള ചാട്ടം ശെരിക്കും കാണാൻ സാധിക്കില്ല മൂന്ന് വശത്തു നിന്നും വന്നു പിന്നീട് വീണ്ടും കെൻ നദിയായി താഴേക്കൊഴുകി പോവുന്നു.കെൻ എന്നൊക്കെ ചുരുക്കി പറയുമെങ്കിലും കർണാവതി എന്നാണ് ശെരിക്കുള്ള പേര്.വിന്ധ്യ മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന നദി ഉത്തർപ്രദേശിൽ വച്ചു യമുനയുമായി ചേരും.മന്ദാകിനിയും അളകാനന്ദയും ഭഗീരഥിയും എല്ലാം ചേർന്നു ഗംഗയായി വന്നു അലഹബാദിൽ വച്ചു യമുനയായി (നമ്മടെ കെൻ നദിയും കൂടെ ചേർന്ന യമുന) സംഗമിക്കുന്നു.അതിൽ നിന്ന് ഇടയ്ക്കു പിരിഞ്ഞു ഉണ്ടാവുന്ന ഹൂഗ്ലി നദി കൊൽക്കത്ത വഴി കടലിൽ ചേരും
(കേട്ടിട്ടില്ലേ വിന്ധ്യാ ഹിമാലയാ യമുനാ ഗംഗാ ....? )
ഭാഗ്യത്തിന് ഈ നദികളെല്ലാം കാണാൻ സാധിച്ചിട്ടുണ്ട്.
ഈ കാണുന്ന canyon ഏതാണ്ടൊരു അഞ്ചു കിലോമീറ്റർ വരെയേ ഉള്ളൂ.വെള്ളച്ചാട്ടം ഇങ്ങനെ കാണണമെങ്കിൽ സെപ്റ്റംബർ-നവംബറിൽ വരണം. canyon ഗ്രാൻഡായി കാണണമെങ്കിൽ വെള്ളമില്ലാത്ത സമയത്തും വരണം.ഖജുരാഹോയിൽ വരുന്ന പലർക്കും ഇതുപോലൊരു അടിപൊളി സ്ഥലം ഒളിഞ്ഞു കിടക്കുന്നതു അറിയില്ലാ.
ഖജുരാഹോയിൽ ഇങ്ങനെ ഒരു സംഭവം ഒളിഞ്ഞിരുപ്പുണ്ടെന്നു ഞങ്ങളും അറിഞ്ഞേയില്ലാ.പെട്ടെന്നു ടിക്കറ്റു ബുക്ക് ചെയ്തതാണ്.കിട്ടുമെന്ന് ഒരുറപ്പുമില്ലായിരുന്നു.അതുകൊണ്ടു തന്നേ ഒരുപാട് അന്വേഷിക്കാനും പോയില്ല.ഇത് കാണാൻ വേണ്ടി തന്നെ ഇങ്ങോട്ടു വന്നാലും നഷ്ടമാവില്ല. ഒക്ടോബറിൽ ആയിരുന്നെങ്കിൽ nature walk ഉം കൂടി കുറച്ചൂടെ ഗംഭീരമാക്കാമായിരുന്നു.ബോട്ടിങ് വെള്ളം കുറവുള്ളപ്പോൾ ഉണ്ടാവാറുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.കുറെ നേരം അവിടിരുന്നിട്ടു ഞങ്ങൾ തിരികെ പൊന്നു.മുതലകൾ ഒക്കെയുള്ള നദിയാണ്.വരുന്ന വഴി ഞങ്ങൾ കുറച്ചു നേരം നദിയുടെ സൈഡിലും പോയിരുന്നു.


പോത്തുകളെ കുളിപ്പിക്കുന്നത് കണ്ടു ഞങ്ങൾ വീണ്ടും വണ്ടി നിർത്തി .അജയ്‌യിലെ മൃഗസ്‌നേഹി ഉണർന്നു.ഫോട്ടോസൊക്കെ എടുത്തോണ്ടിരുന്നപ്പോൾ ബൈക്കിന്റെ ആൾ വിളിച്ചു.മ്യൂസിയം കാണാൻ ഇനിയും സമയമുണ്ട്.വാടകയ്‌ക്കെടുത്ത സൈക്കിൾ അവിടെ തന്നെ ഇരിപ്പുണ്ട്.വള്ളിപൂട്ടൊക്കെ തകർത്തു പിള്ളേര് കൊണ്ടുപോകുമോ എന്ന പേടിയും മനസിലുണ്ട്.ഭാഗ്യത്തിന് അതവിടെ തന്നെയുണ്ടായിരുന്നു.
സൈക്കിളിൽ മ്യൂസിയവും കണ്ടു ഖജുരാഹായോയിൽ കാണാൻ ഇനിയൊന്നും ബാക്കി വയ്ക്കാതെ റെയിൽവേ സ്റ്റേഷനിലെത്തി.ഇവിടെ നിന്നും ഒരേയൊരു ട്രെയിൻ മാത്രേ ഉള്ളൂ.എല്ലാവരും ഡൽഹി ടിക്കറ്റാണ് എടുക്കുന്നത്.എത്ര പറഞ്ഞാലും ക്യൂ തെറ്റിക്കുന്ന ആൾക്കാരുടെ കൂടെ നിന്നു ഞങ്ങളും ഡൽഹിക്കു ടിക്കറ്റെടുത്തു.


ആ ഗ്രാമം മുഴുവൻ ആ സ്റ്റേഷനിൽ ഉണ്ടെന്നു തോന്നിപ്പോവും അത്രയ്ക്കുണ്ട് ആൾക്കാർ.എയർപോർട്ട് വരെ ഉണ്ടെങ്കിലും ഒരൊറ്റ ബസ്സു പോലും ഞങ്ങൾ ഖജുരാഹായോയിൽ കണ്ടില്ല.കാത്തിരിപ്പിനൊടുവിൽ ട്രെയിൻ വന്നു.ഞങ്ങൾ കേറാൻ നിന്ന ബോഗിയിലെ വാതിൽ തുറക്കുന്നില്ല.മറ്റേ വശത്തോടെ ആൾക്കാർ കേറുന്നു.
എമർജൻസി വാതിലിൽ കണ്ട അജയ് അതിലൂടെ കേറിയാലോ എന്ന് ചോദിക്കണ്ട താമസം ഞാൻ അതിലൂടെ അകത്തേക്കു വലിഞ്ഞു കേറി.അജയ്‌യും പുറകെ .അതുകൊണ്ട് മുകളിൽ എങ്കിലും ഇരിക്കാൻ പറ്റി.ഒരു എട്ടു ഒൻപതു മണിക്കൂർ അവിടെ അങ്ങനെ ഇരുന്നു. ജനറൽ കമ്പാർട്മെന്റോകെ എത്ര കണ്ടതാ എന്ന ഭാവമൊക്കെ കുറച്ചു കഴിഞ്ഞപ്പോൾ മാറി.മടുത്തു പണ്ടാരമടങ്ങി.ചിലപ്പോൾ ഇത് രണ്ടു ദിവസത്തെ ട്രിപ്പ് ആക്കേണ്ടി വന്നാലോ എന്ന് കരുതിയാണ് തിരിച്ചു ടിക്കറ്റു ബുക്ക് ചെയ്യാത്തത്.തിങ്ങി ഞെരുങ്ങി ഒരുവിധം ഡൽഹിയിലെത്തി.ഞായറാഴ്ച ആയതുകൊണ്ട് നീണ്ടു നിവർന്നു കിടന്നു വിശ്രമിക്കാൻ പറ്റി.

No comments

Powered by Blogger.