The Blue City | Jodhpur | Laura from London & The lady who hasn’t heard of Kerala | Rajasthan




"അല്ല ലോറാ, നിങ്ങൾ എന്ത് ഉദ്ദേശത്തിലാ എന്നെയും വിശ്വസിച്ചു ഇങ്ങനെ കൂടെ കറങ്ങുന്നത് ?"

"അത് എബിയെ കണ്ടപ്പോ നല്ല ആളെന്നാണ് തോന്നി "
(എന്നെ കണ്ടാൽ അപ്പൊ അങ്ങനെയൊക്കെ തോന്നുമല്ലേ )
"ഒരു അഞ്ചു മിനിട്ടു സംസാരിച്ചാൽ അങ്ങനെയൊക്കെ ആളെ മനസ്സിലാകുമോ"
"ആ അതൊക്കെ മതി മനസിലാകാൻ "
“What if I acted like that ?”
"അങ്ങനെ തോന്നിയില്ല എനിക്ക് "
"നല്ലതിന് വേണ്ടി പറയുവാ ഇങ്ങനെ ആരേം വിശ്വസിക്കരുത്.ഇനീം മൂന്നാലു രാജ്യം പോവാനുള്ളതല്ലേ.ഇനി ശ്രെദ്ധിച്ചോളു ".
ഒരു സ്ഥലത്തു പോയാൽ എന്റെ ഒരു സ്വഭാവമാണ് മുക്കും മൂലയും അരിച്ചു പെറുക്കിയിട്ടു വരിക എന്ന്.ഇനി അവിടെ പോയില്ല അത് കണ്ടില്ല എന്നൊരു പശ്‌ത്താപം പിന്നീട് ഉണ്ടാവരുത്.അതുകൊണ്ടാണ് അങ്ങനെ ചെയുന്നത്.ജോധ്പുരിൽ മണ്ടൊരീ ഗാർഡൻ കണ്ടു കഴിഞ്ഞു ഇങ്ങനെ തേരാപാരാ നടക്കുമ്പോൾ ഒരു സ്ഥലത്തു പോവാൻ തോന്നി.അപ്പൊൾ ലോറ ഇങ്ങോട്ടു പറഞ്ഞു.അവിടെ പോയാലോ എന്ന്.
അതിന്റെ മുകളിൽ പോയി രാവിലെ കണ്ട Mehrangarh കോട്ട ഏതു കുന്നിന്റെ മുകളിൽ ആണെന്നൊക്കെ കണ്ടുപിടിച്ചിട്ട് ഞങ്ങൾ അവിടിരുന്നു ഇരുന്നു ഒരുപാട് സംസാരിച്ചു.പുള്ളികാരത്തി വേറെ രാജ്യമാണല്ലോ പോരാത്തതിന് ഇന്ന് രാവിലെ പരിചയപ്പെട്ട ആളും.അപ്പൊ സംസാരിക്കാൻ വിഷയത്തിനാണോ പഞ്ഞം.!! അവിടെങ്ങും ഒരു മനുഷ്യരുമില്ല.അപ്പോഴാണ് ഞാൻ ലോറയോട് ചോദിച്ചത് എങ്ങനെ എന്റെ കൂടെ വരുവാൻ തോന്നിയെന്ന്.
ലോറയ്ക്കു ചില കാരണങ്ങളാൽ ജീവിതത്തിൽ ഒരു റീസ്റ്റാർട് വേണമായിരുന്നു.അതിനു തിരഞ്ഞെടുത്ത മാർഗമാണ് ഈ യാത്ര.അതിനു വീട്ടിൽ നിന്ന് കാശും വാങ്ങി ഇറങ്ങി പുറപ്പെട്ടതല്ല.ഒരു വര്ഷം ഒരു ബുക്ക് സ്റ്റോറിൽ പാർട്ട് ടൈം ജോലി ചെയ്തു ഉണ്ടാക്കിയ പൈസ കൊണ്ടാണ് ഈ യാത്ര.ഡൽഹി -രാജസ്ഥാൻ പിന്നെ അവിടന്ന് ഹൈദരാബാദ് -ചെന്നൈ -ശ്രീലങ്ക-തായ്‌ലൻഡ് -ഇൻഡോനേഷ്യ-ലാവോസ്-അവസാനം ജപ്പാൻ.ലോറയെ കുഞ്ഞിലേ നോക്കിയ മെയ്ഡിനെയും കണ്ടുപിടിക്കണം ബാങ്കോക്കിൽ.
ലണ്ടനിലുള്ള ഗുജറാത്തി ഫ്രണ്ട് ആണ് രാജസ്ഥാൻ നിർദേശിച്ചത്.ഹിമാലയവും,നോർത്ത് ഈസ്റ്റും ,പിന്നെ നമ്മുടെ സൗത്ത് ഇന്ത്യയും അങ്ങനെ ഇന്ത്യയിൽ ഒരുപാട് കാണാനുണ്ടെന്നു ഞാൻ പറഞ്ഞു .
“ഒരു വരവ് കൂടി വരേണ്ടി വരും “
“ഒന്നോ രണ്ടോ വായോ “
“ലോറയ്ക്കു എത്ര വയസായി”
“പത്തൊൻപത് “
പകച്ചു പോയി. ഈ ചെറുപ്രായത്തിലാണ് ഇത്രയും വലിയ യാത്ര തനിച്ചു ചെയുന്നത്.അതും സ്വന്തം പൈസ കൊണ്ട്.
“തനിച്ചു യാത്ര ചെയ്യാൻ പേടിയൊന്നുമില്ലേ കൊച്ചേ “?
“ഇന്ത്യയെ പറ്റി ഒരുപാട് മോശം കേട്ടിരുന്നു.പക്ഷെ ഇവിടെ വന്നപ്പോൾ പേടിയൊക്കെ മാറി.ഒന്ന് രണ്ടു ചെറിയ മോശം അനുഭവം ഉണ്ടായി എങ്കിലും ഇന്ത്യ സേഫ് ആയിട്ടാണ് തോന്നിയത്.”
ചെറിയൊരു സുരക്ഷയ്ക്ക് വേണ്ടി നല്ല ഒന്നാന്തരം ബൂട്ടാണ് ലോറ ഇട്ടിരിക്കുന്നത്.അത് വച്ചൊരു ചവിട്ടു തന്നെ ധാരാളം.അവളുടെ വീട്ടിലും ഒരു പേടിയുമില്ല.അമ്മയാണത്രെ യാത്രയ്ക്ക് പ്രേരിപിച്ചത്‌.ഇടയ്ക്കു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ എവിടെയാണ് എന്ന് അപ്ഡേറ്റ് ചെയ്തു കൊണ്ടേയിരിക്കും.
*********************
ഹോളി ഒരു തിങ്കളാഴ്ചയായതു കൊണ്ട് ,ശനിയും ഞായറും അടക്കം മൂന്ന് ദിവസം അടുപ്പിച്ചു അവധി കിട്ടും.ഇത് മുൻകൂട്ടി കണ്ടു ടിക്കറ്റു ബുക്ക് ചെയ്തതാണ് ജോധ്പുരിനു.ഡൽഹിയിൽ നിന്ന് ഒറ്റ രാത്രി യാത്ര മതി ജോധ്പുർ എത്താൻ.ഞാൻ പണ്ട് കോളേജിൽ ആയിരുന്നപ്പോൾ എന്നും രാവിലെ incredible indiaയുടെ ഒരു വിഡിയോ കാണുമായിരുന്നു.അതിൽ കാണിക്കുന്ന കോട്ടയിൽ പോകണമെന്നു വലിയ ആഗ്രഹമായിരുന്നു.അതിനാണു ഈ ജോധ്പുർ യാത്ര.ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നായ Mehrangarh കോട്ടയും കോട്ടയുടെ മുകളിൽ നിന്ന് blue city യും നോക്കി കണ്ടു.












അവിടന്ന് നടന്നു മിനി താജ്മഹൽ ആയ ജസ്വന്ത് താഡയും കണ്ടു ഇങ്ങനെ നടക്കുമ്പോൾ ഒരു ചേച്ചി ചോദിച്ചു



"മോൻ എവിടുന്നാ "
"ഞാൻ കേരളത്തിൽ നിന്നാ "
"ഇതെവിടെയായിട്ടു വരും ഇന്ത്യയ്ക്കു അകത്തോ പുറത്തോ "?
കേരളീയൻ എന്ന അഭിമാനവും മലയാളി എന്ന അഹങ്കാരവും കൊണ്ട് നടക്കുന്ന എന്നോടിത് വേണമായിരുന്നോ ചേച്ചി ?
“ഇത് സൗത്ത് ഇന്ത്യയിൽ……(അല്ലെങ്കി വേണ്ട ) ഭാരതത്തിന്റെ ദക്ഷിണ ഭാഗത്തായിട്ടു വരും ഈ കേരളം”
"ആട്ടേ മദ്രാസ് എന്ന് കേട്ടിട്ടുണ്ടോ "
"അതെവിടേയാ "
അടിപൊളി വാ പൊവ്വാം .അവരെ കുറ്റം പറയാൻ പറ്റത്തില്ല.ഇത് ഇന്ത്യയാണ് ഇവിടെ ചിലയിടത്തു ഇങ്ങനെയാണ് എന്നും പറഞ്ഞു സമാധാനിച്ചു.
എന്താല്ലേ!
എല്ലാ ഇരുനൂറു മീറ്ററിലും വേറെ സംസ്കാരമായിരിക്കും ,ഭാഷയും വേഷവും വ്യത്യാസമുണ്ടാകും ,പലരും അതെ രാജ്യത്തിൻറെ വേറെ ഭാഗത്തുള്ളവരെ പറ്റി കേട്ടിട്ടു പോലുമുണ്ടാവില്ല.പക്ഷേ എല്ലാവരും ഇന്ത്യക്കാരാണ്.അതാണ് ഇന്ത്യ ❤
ഇന്നാള് എന്റെ ഒരു ആന്റി അവരുടെ മകൻ നാഗാലാൻഡിൽ നിന്നും വരുന്ന കാര്യം പറഞ്ഞത് ഇങ്ങനെയാ
"എന്റെ മകൻ നാഗാലാൻഡിൽ നിന്നും ഇന്ത്യയിലിലേക്കു വിമാനം കയറിയിട്ടുണ്ട് നാളെ ബാംഗ്ലൂർ വരും "
ഇത് കേട്ടപ്പോൾ എനിക്ക് ആദ്യം ഓർമ വന്നത് ജോധ്പുരിലെ ഈ ചേച്ചിയെയാണ്.
ജസ്വന്ത് താഡയിൽ നിന്നും ഇറങ്ങി ഓട്ടോക്കാരോട് വഴക്കിട്ടു അവരോടുള്ള വാശിക്ക് ഞാൻ ക്ലോക്ക് ടവർ മാർക്കറ്റിലേക്ക് നടന്നു.ഹോളിയുടെ തിരക്കുകൾ മാർക്കറ്റിൽ കാണാം.മഖനിയാ ലസ്സി കുടിക്കാൻ ഒരു കടയിൽ കയറി.ഒരു മദാമ്മ കുട്ടിയും കൂടെ കയറി പോവുന്ന കണ്ടു.എനിക്ക് ഇരിക്കാൻ സ്ഥലമില്ല.ആ മദാമ്മ കുട്ടിയ്ക്ക് ഇരിക്കാൻ സീറ്റുണ്ട്.
ഭാഗ്യത്തിന് അവളുടെ മുൻപിൽ ഇരുന്നവർ എണീറ്റു .ഞാൻ അവിടെ ഇരുന്നു.
നല്ല സുന്ദരികുട്ടി. പോരാത്തതിന് നീല കണ്ണും !!
നമ്മൾ ഇന്ത്യക്കാർക് ഒരു സ്വഭാവമുണ്ടല്ലോ തൊലി വെളുത്തവരെ തുറിച്ചു നോക്കാൻ.ഇനിയിപ്പോ ഞാനും കൂടെ അങ്ങനെ നോക്കണ്ട എന്ന് കരുതി ഞാൻ മാന്യനായി അഭിനയിച്ചു ലസ്സി കുടിച്ചു.
മിണ്ടണം എന്നൊക്കെ ഉണ്ടായിരുന്നു ഇനിയിപ്പോ മിണ്ടിയാൽ ഞാൻ ചൂണ്ട ഇടുവാണെന്നു കരുതുവോ ?
മിണ്ടണ്ട , ലസ്സി കുടിച്ചു സ്ഥലം വിടാം.
“are you from delhi “? ആ കുട്ടി എന്നോട് ചോദിച്ചു .
രണ്ടു ലഡ്ഡു പൊട്ടിയെന്റെ ആണെന്ന് തോന്നുന്നു .ലസ്സിക്കു മധുരം കൂടിയപ്പോലെ.
“Yes.I work in Delhi but I am from Kerala
“Oh That’s great I have seen photos of Kerala.It’s such a beautiful place”
"എങ്ങനെ അറിഞ്ഞു ഞാൻ ഡൽഹിയിൽ നിന്നാണെന്നു "?
“ബാഗിലെ ടാഗിൽ കണ്ടു.”
എന്റെ ബാഗിൽ airport ടാഗ് ഉണ്ടായിരുന്നു .
“ഞാൻ ലോറ”
“ഞാൻ എബി , എവിടുന്നാ ?”
“ലണ്ടൻ “
“തനിച്ചാണോ ?”
“അതെ ,എബിയോ “
“തനിച്ചു തന്നെ.”
“എന്താ പ്ലാൻ “
"ജോധ്പുർ കാണണം രാത്രി ജയ്പൂർക്കു പോണം അതും കണ്ടിട്ട് തിരിച്ചു ഡൽഹി
“നിങ്ങളുടെയോ "?
“ജയ്‌പ്പൂരിൽ ഞാൻ പോയി.രണ്ടു ദിവസം കൂടെ ജോധ്പൂരിൽ ഉണ്ടാവും .എന്നിട്ടു ജൈസൽമർ പോണം"
ലസ്സി കുടിച്ചു കഴിഞ്ഞു ഞങ്ങൾ പുറത്തിറങ്ങി.
“എബി ഇനി എങ്ങോട്ടാ “?
“ഞാനോ, ഞാൻ ഒരു stepwell കാണാൻ പോവുന്നു.ഇവിടെ അടുത്താണ്.”
“അതെന്റെ ലിസ്റ്റിൽ ഇല്ല .ഞാൻ കേട്ടിട്ടില്ല അങ്ങനെ ഒരു സ്ഥലം.
ഞാനും ജോയിൻ ചെയ്‌തോട്ടെ ?”
(പൊട്ടിയ ലഡ്ഡുകൾ എണ്ണിയെടുക്കാൻ കഴിഞ്ഞില്ല )
“ഓഹ് അതിനെന്താ, വരൂ ഒരുമിച്ചു പോവാം “
stepwell താഴേക്കു ഇറങ്ങാൻ ലോറയ്ക്കു പേടിയായിരുന്നു.എങ്കിലും ഞങ്ങൾ ഇറങ്ങി.കുറച്ചു ചെക്കന്മാർ വെള്ളത്തിലേക്കു എടുത്തു ചാടുന്നതും കണ്ടുകൊണ്ട് അവിടിരുന്നു കുറച്ചു നേരം.
അവിടെ നിന്ന് Mandori Garden ൽ പോയി.അവിടം വരെയുള്ള ഓലയുടെ പൈസ ഞാൻ കൊടുത്തു.(നമ്മൾ ഇന്ത്യക്കാർ എച്ചിയല്ല എന്ന് കരുതിക്കോട്ടേ )



അങ്ങനെ നടന്നു നടന്നാണ് ഞങ്ങൾ ആദ്യം പറഞ്ഞ സ്ഥലത്തു എത്തിയത്.ലോകത്തിനു കീഴിലുള്ള ഏതാണ്ട് എല്ലാത്തിനെ പറ്റിയും സംസാരിച്ചിരുന്നു ഒരുപാട് നേരം.
കുറച്ചു കഴിഞ്ഞു ഞങ്ങൾ തിരികെ നടന്നു.അപ്പോൾ ലോറ ചോദിച്ച ഒരു ചോദ്യം ഉണ്ട്
“നിങ്ങളെ ഞങ്ങൾ കട്ട് മുടിച്ചതല്ലെ എന്നിട്ടും ബ്രിട്ടനോട് ഒരു കുഴപ്പവുമില്ല.എന്നാൽ നിങ്ങളുടെ ഭാഗമായിരുന്ന പാകിസ്താനോട് നിങ്ങൾക്കു ഭയങ്കര ദേഷ്യം.അതെന്താ അങ്ങനെ ? “
ഞാൻ ആണേൽ ശശി തരൂർ , ബ്രിട്ടീഷുകാരെ പൊളിച്ചടുക്കുന്ന വീഡിയോ കണ്ടു റോമാഞ്ചം കൊണ്ടിരിക്കുന്ന കാലം.എല്ലാരും അങ്ങനെയല്ല ലോറാ എന്നും പറഞ്ഞു ശശി തരൂരിനെ മനസ്സിൽ വിചാരിച്ചു ബ്രിട്ടീഷുകാർ ചെയ്ത കുറ്റങ്ങൾ എണ്ണി എണ്ണി പറഞ്ഞു ചെറിയൊരു സമാധാനം കണ്ടെത്തി.ലോറ ലേബർ പാർട്ടിയുടെ അനുഭാവിയാണ് .ജെറമി കോർബിനെ അനുകൂലിക്കുന്നു.ഈ യാത്ര കഴിഞ്ഞു നിയമം പഠിക്കാൻ കോളേജിൽ ചേരാനിരിക്കുന്നു.



അവിടന്ന് ഞങ്ങൾ നേരെ ഉമൈദ് ഭവാനിലേക്കു പോയി.ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ വസതികളിൽ ഒന്നായിരുന്ന ഉമൈദ് ഭവാന്റെ ഒരു ഭാഗം ഇപ്പോൾ താജ് ഹോട്ടൽ ആണ്.ചെറിയൊരു ഭാഗം മ്യൂസിയം ആണ്.അവിടെ മാത്രമേ പുറത്തുനിന്നുള്ളവരെ പ്രേവേശിപ്പിക്കു.അവിടെ നിന്നിറങ്ങി തിരികെ ജോധ്പുരിലെത്താൻ ഒരു ഓട്ടോറിക്ഷ കിട്ടാൻ കുറച്ചു പണിപ്പെട്ടു.അറിയാവുന്ന ഹിന്ദിയിൽ ഓട്ടോക്കാരോട് തർക്കികണം.അത് ലോറയ്ക്കു ട്രാൻസ്ലേറ്റ് ചെയ്തു കൊടുക്കണം.ഇതൊന്നും പോരാത്തതിന് ഓട്ടോക്കാരുടെ വിചാരം ഞാൻ ലോറയുടെ ഗൈഡ് ആണെന്നാണ്.ഒരാൾ ചോദിച്ചു.
“ഇവർ വിദേശിയല്ലേ ഭായി ഇത്തിരി കാശ് മുടക്കട്ടേ നിങ്ങൾക്കെന്താ കുഴപ്പം “
( ഇതാണല്ലേ ഈ അതിഥി ദേവോ ഭവ ? )
അവസാനം ഞങ്ങൾക്ക് ഒരെണ്ണം കിട്ടി.ലോറയുടെ ഹോട്ടലിൽ പോയി എന്റെ ബാഗ് അവിടെ വച്ച് ഞങ്ങൾ ഡിന്നർ കഴിക്കാൻ ഒരു റൂഫ് ടോപ്പ് റെസ്റ്റാറ്റാന്റിൽ കയറി.Mehrangarh കോട്ടയും അങ്ങ് അകലെ ഉമൈദ് ഭവാനും കാണാം..കാജു മഷ്‌റൂം കറിയും നാനും ഓർഡർ ചെയ്തു.സംസാരിച്ചു സംസാരിച്ചു ഞാൻ എപ്പോഴോ ക്രിക്കറ്റിലെത്തി.ഞെട്ടിക്കുന്ന സത്യം ഒരെണ്ണം അപ്പോഴറിഞ്ഞു.സച്ചിൻ ആരാ എന്ന് ഷറപ്പോവയ്ക്കു മാത്രമല്ല ലോറയ്ക്കും അറിയില്ല.
“അലിസ്റ്റർ കുക്കിനെ അറിയുമോ “?
“ഇല്ല “
“ഇയാൻ ബെൽ “
“ ആ, ആ പേര് എവിടോ കേട്ടിട്ടുണ്ട് “
“എന്നാലും സച്ചിനെ അറിയില്ല എന്നൊക്കെ പറഞ്ഞാൽ …..”
“ഞാൻ കേട്ടിട്ടുണ്ട് സച്ചിൻ തെണ്ടുല്ക്കറെ പറ്റി “
(പുറകിൽ നിന്നൊരു അശരീരി )
ന്യൂയോർക്കിൽ നിന്നുള്ള തോമസ് ആയിരുന്നു അത്.ആൾ ക്രിക്കറ്റ് ഫോളോ ചെയ്യുന്നയാളാണ്.ക്രിക്കറ് കണ്ടുപിടിച്ച രാജ്യത്തെ ലോറ സച്ചിനെ അറിയില്ല എന്ന് പറഞ്ഞു ഞെട്ടിച്ചപ്പോൾ നല്ലൊരു ടീം പോലുമില്ലാത്ത അമേരിക്കയിലെ തോമസ് സച്ചിനെ അറിയാമെന്നു പറഞ്ഞു ഞെട്ടിച്ചു.
ഇന്ത്യയെ ഒരുപാട് ഇഷ്ടമാണ് തോമസിന്.ആൾ ഒരിക്കൽ വഴിയിൽ നിന്നും ഷേവ് ചെയ്തു.അത് കഴിഞ്ഞു കയ്യിലെ ഷേവിങ്ങ് സെറ്റ് എറിഞ്ഞു കളഞ്ഞു.ഇനി ഇന്ത്യയിൽ നിന്ന് പോവുന്നത് വരെ വഴിയിൽ നിന്നേ ഷേവ് ചെയ്യു എന്നാണ് തോമസ് പറഞ്ഞതു.അത്രയ്ക്ക് സൂപ്പർ ആയിരുന്നുവെന്നു !!
ഭക്ഷണം കഴിച്ചു ഞങ്ങൾ തിരികെ ലോറയുടെ ഹോട്ടലിൽ പോയി.ഞാൻ ബാഗെടുത്തു.എന്റെ ജയ്‌പൂർ ബസ്സ് ജോധ്പുർ റെയിൽവേ സ്റ്റേഷന്റെ അടുത്തുനിന്നാണ്.യാത്ര പറഞ്ഞു പോകാൻ നേരം ലോറ എനിക്കൊരു ബുക്ക് സമ്മാനിച്ചു.
“The kitchen”
ജാപ്പനീസ് നോവൽ ഇംഗ്ലീഷിലേക്കു ട്രാൻസ്ലേറ്റ് ചെയ്തതാണ്.
ഇന്ത്യയിൽ ഇനി വരുമ്പോൾ കാണാമെന്നും പറഞ്ഞു ഞങ്ങൾ പിരിഞ്ഞു.ഇനിയുള്ള നീണ്ട യാത്രകൾക്ക്
ആശംസകൾ
കൊടുക്കാനും മറന്നില്ല.


സോളോ ട്രിപ്പിന് ജോധ്പുരിൽ വന്ന എനിക്ക് ദാ അങ്ങ് ലണ്ടനിൽ നിന്ന് ഒരു കൂട്ടുകാരിയെ കിട്ടി.ആദ്യം കണ്ടപ്പോൾ വെറുമൊരു കൗതുകത്തിനു പരിചയപ്പെട്ടതാണെങ്കിലും യാത്ര പറഞ്ഞിറങ്ങിയപ്പോൾ ലോറ ഒരു നല്ല സൃഹുത്തായി മാറിയിരുന്നു.ഓരോ യാത്രകളും ഓർമകൾക്ക് പുറമെ ഓരോരോ സുഹൃത്തുക്കളെയും സമ്മാനിച്ചിട്ടുണ്ട്.വാഗയിൽ നിന്ന് കര്ണാടകകാരൻ പ്രത്യാൻക് സൂഡ ,നർഘണ്ടയിൽ നിന്ന് ആന്ധ്ര സ്വദേശി പവൻ,ട്രിയുണ്ടിൽ നിന്നും പഞ്ചാബുകാരൻ savpril ,പുഷ്കറിൽ നിന്ന് ജർമൻകാരി മെലാനിയാ ,ഗുജറാത്തുകാർ മിറാജ്ഉം ഗുഫ്രാൻ ഖാനും,വാരണാസിയിൽ നിന്ന് അജയ് ,തുങ്കനാഥിൽ പരിചയപ്പെട്ട ബംഗാളികൾ അങ്ങനെ ഓരോ യാത്രകളിൽ പല പല രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും പുതിയ സുഹൃത്ത്ബന്ധങ്ങൾ ഉണ്ടാവുന്നു.
ഹിന്ദിയൊക്കെ പഠിക്കാനുള്ള ശ്രെമത്തിലാണെന്നും പറഞ്ഞുലോറാ ഇന്നാളൊരു ഫോട്ടോ അയച്ചിരുന്നു. പറഞ്ഞതുപോലെ ഒരു വരവ് കൂടി വരാനുള്ള ശ്രെമത്തിലാണെന്നു തോന്നുന്നു ആൾ.സൗത്ത് ഇന്ത്യയിൽ ഹിന്ദി ഏശില്ല എന്ന് ഞാൻ പറയാൻ പോയില്ല.മൂന്നാമത്തെ വരവിനു മലയാളം പഠിച്ചു വരാൻ പറയാം 😛

No comments

Powered by Blogger.