Alappuzha Boating | Punnamada-Vembanad Lake

 


“ഏഴ് ആളുണ്ട് “


“അപ്പോൾ ആകെ 4200 രൂപ “


പൈസ എടുത്തു കൊടുത്തതും “നേരത്തെ എടുത്തു വച്ചേക്കുവായിരുന്നോ ?” എന്ന് ‘ബോട്ട് മാഷ് ‘ ആയ ജോമോൻ ചേട്ടന്റെ ചോദ്യം . 


“എബി ഒരാഴ്ച മുൻപേ എടുത്തു വച്ചു കാണും “ എന്ന് മുന്നിലിരുന്ന മഞ്ജുവിന്റെ കമ്മന്റ്. കുറെ നാൾ കൂടിയാണ് ഇത്രയും പേരായി യാത്ര പോകുന്നത്. ഞാൻ നിർബന്ധിച്ചിട്ടാണ് ഇവരെല്ലാരും വരുന്നതും.അതുകൊണ്ടുതന്നെ എല്ലാം  well planned ആയിരുന്നു. നേരത്തെ തന്നെ വിളിച്ചു ഏഴു സീറ്റ് ബുക്ക് ചെയ്തു .AC ടിക്കറ്റിനു 600 രൂപയാണ് നിരക്ക്. ഉച്ചയ്ക്കുള്ള ഊണിനു നൂറു രൂപയും. അതെല്ലാം  നേരത്തെ  എടുത്തു വച്ചിരുന്നു. 


                             


ഞങ്ങൾ ഒന്നര മണിക്കൂർ മുൻപ് തന്നെ ബോട്ട് ജെട്ടിയിൽ എത്തിയിരുന്നു.ആളെ കയറ്റുമ്പോൾ തന്നെ കേറിയിരുന്നെങ്കിൽ വിൻഡോ സീറ്റ് കിട്ടുമായിരുന്നു. ഞങ്ങൾ കേറിയപ്പോൾ ഒരു വശത്തെ വിൻഡോ സീറ്റ് എല്ലാം പോയി. മറുവശത്തുള്ളത് ബുക്കിംഗ് ആണെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ നടുക്കുള്ള സീറ്റിലിരുന്നു.  വിൻഡോ സീറ്റ് കിട്ടാത്തതിൽ വിഷമിച്ചിരുന്നപ്പോൾ രാജേഷ് ചേട്ടൻ പറഞ്ഞു . സീറ്റിൽ ഒന്നും ഒരു കാര്യവുമില്ല , അര മണിക്കൂർ കഴിഞ്ഞാൽ ആരും സീറ്റിൽ ഇരിക്കില്ല. നിങ്ങൾക്കു ബോട്ടിന്റെ മുൻപിലും പിറകിലും ഒക്കെ പോയി നിക്കാം .  അതു കേട്ടപ്പോൾ ഞങ്ങൾക്ക് ചെറിയൊരു സമാധാനം. AC യുടെ തൊട്ടു താഴെയാണ് ഞാനും അരവിന്ദനും തടിയനും ഇരിക്കുന്നത്. അതിന്റെ vent താഴേക്ക് താഴ്ത്തി വച്ചു ഞങ്ങൾ സുഖായി ഇരുന്നു. പതിനൊന്നരയ്‌ക്കെ ബോട്ട് യാത്ര ആരംഭിക്കൂ . 


ഞങ്ങളുടെ മുൻപിൽ മഞ്ജുവും ജെസ്വിനും ഇരിക്കുന്നു. തൃശൂരിൽ നിന്നും വന്ന ഒരു ഫാമിലി സീറ്റിനു വേണ്ടിയുള്ള യുദ്ധത്തിലാണ്.രാജേഷ് ചേട്ടനും ജോമോൻ ചേട്ടനുമൊക്കെ എന്തൊക്കൊയോ പറഞ്ഞു സമാധാനിപ്പിക്കുന്നുണ്ട്.’ബോട്ട് മാഷിനോട് പറയാം എന്നൊക്കെ രാജേഷ് ചേട്ടൻ പറയുന്നുണ്ട് . കണ്ടക്ടർ നു പറയുന്ന പേരാണ് ബോട്ട് മാഷ് എന്ന് ഞങ്ങൾ മനസിലാക്കി .


ജെസ്വിനോട് സീറ്റ് മാറി ഇരിക്കാൻ അക്കൂട്ടത്തിലെ ഒരു ചേച്ചി ആവശ്യപ്പെട്ടു. മഞ്ജു ജെസ്വിൻറെ സീറ്റിൽ ഇരുന്നപ്പോൾ ആ ചേച്ചി മഞ്ജുവിന്റെ അടുത്തിരുന്നു.  അതെന്താ അങ്ങനെ എന്നൊക്കെ ഞാനും തടുവും ഇരുന്നു സംസാരിച്ചു. ജെസ്വിൻ എന്താ പിടിച്ചു തിന്നുവോ ?



ആ ചേച്ചി ഇല്ലാത്ത സമയത്തു  ജെസ്വിൻ സീറ്റ് മാറണ്ടായിരുന്നു എന്ന് ഞങ്ങൾ പറഞ്ഞു. പ്രെശ്നം ഉണ്ടാക്കണ്ടാ എന്ന് കരുതിയാണ് ഒന്നും പറയത്തെ എന്ന് ജെസ്വിൻ. 


“ഇനിയിപ്പോ ജെസ്വിൻറെ കള്ള നോട്ടം കണ്ടു ചേച്ചി പേടിച്ചതാ എങ്കിൽ ചേച്ചിയെ കുറ്റം പറയാൻ പറ്റില്ല “ ആളൊരു പാവം ആണെങ്കിലും നോട്ടം കണ്ടാൽ ചെറിയൊരു കള്ളലക്ഷണം തോന്നിക്കും.



                         


 




എങ്ങോട്ടെങ്കിലും ഒരു യാത്ര പോവാനുള്ള അന്വേഷണം ചെന്നെത്തിയത്  വരയാടുമൊട്ട ട്രെക്കിങ്ങിലാണ് . അതിനെപ്പറ്റി അന്വേഷിച്ചപ്പോൾ അവിടെ റോഡ്‌ പണി കാരണം ട്രെക്കിങ്ങ് നിർത്തിവച്ചിരിക്കുകയാണെന്നറിഞ്ഞു. ഒരു ടെലെഗ്രാം ഗ്രൂപ്പിൽ കേറിയപ്പോഴാണ് കേരള ജലഗതാഗത വകുപ്പിന്റെ വേഗ ബോട്ട് സർവീസിനെപ്പറ്റി അറിയുന്നത്. 400 -600 രൂപയ്ക്കു അഞ്ചു മണിക്കൂർ ബോട്ടിംഗ് നടത്താം . ആലപ്പുഴ ആയതുകൊണ്ട് രാവിലെ പോയി വൈകുന്നേരം തിരികെ വരാം. വരയാടുമൊട്ട ട്രെക്കിങ്ങ് പിന്നീടാകാം ഇപ്പൊ ആലപ്പുഴ പോയി വരാമെന്ന് കരുതി.അങ്ങനെയാണ് ഈ ട്രിപ്പ് നടക്കുന്നത് .


രാവിലെ 5 :55 നുള്ള ജനശതാബ്ധിയ്ക്കു കയറിയതാണ് ഞങ്ങൾ. രാവിലെ നാലിന് തന്നെ എണീറ്റ് എല്ലാരേയും വിളിച്ചു എല്ലാരും എണീറ്റു എന്ന് ഉറപ്പുവരുത്തി.അഞ്ചര ആയപ്പോഴേക്കും സ്റ്റേഷനിൽ എത്തി. ഓരോന്നൊക്കെ പറഞ്ഞിരുന്നു വേഗം ആലപ്പുഴ എത്തി. ബ്രേക്ഫാസ്റ് എവിടന്ന് കഴിക്കണം എന്നു നേരത്തെ നോക്കി വച്ചിരുന്നു.

                 
                 

’ ഹോട്ടൽ അൽ അമാൽ ‘ . ഇങ്ങനെ പേരൊക്കെ ഉണ്ടെങ്കിലും അറിയപ്പെടുന്നത് സാലിക്കാന്റെ ചായക്കട എന്നാണ്. യൂട്യൂബിലൊക്കെ വ്ലോഗുകളിൽ ഈ restaurant കണ്ടിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്താണ് ഈ കട. സമയം ധാരാളമുള്ളതുകൊണ്ട് ഞങ്ങൾ നടന്നു. വഴിയിൽ ഒരുപാട് പേര് സൈക്കിൾ ചവിട്ടുന്നത് കണ്ടു. ആലപ്പുഴക്കാർ സൈക്കിൾ പ്രേമികൾ ആണെന് തോന്നുന്നു. വഴിയിൽ കാണുന്ന ബസിനൊക്കെ  ‘റാ “ ൽ അവസാനിക്കുന്ന പേരുകളാണ് , Limra , Nehra, Hajra ..., അതെന്താ എന്നാലോചിച്ചു ഞാനും പ്രണവും മുൻപേ നടന്നു.


  






കടയിൽ നല്ല തിരക്ക്. പൊറോട്ടയും ബീഫും നൂൽപുട്ടും ,’മണിപുട്ടും’,മുട്ട റോസ്റ്റും എല്ലാം ഓർഡർ ചെയ്തു. കഴിച്ചു കൊണ്ടിരിക്കുമ്പോൾ അടുത്തിരുന്ന ചേട്ടൻ ‘വേഗം ബോണ്ട പറഞ്ഞോ ‘ എന്ന് പറഞ്ഞു. അപ്പോഴേക്കും ബോണ്ട എത്തി. സവാള വട പോലത്തെ ഒരു വടയാണ് ഇത്. ഇവർ ഇതിനെ ബോണ്ട എന്ന് വിളിക്കും. സാലിക്കന്റെ കടയിലെ സ്പെഷ്യൽ ആണിത്. അപ്പോൾ ഉണ്ടാക്കിയതേ ഉള്ളൂ . വേഗം തീരും . ഞങ്ങൾ എല്ലാരും ഓരോന്ന് എടുത്തു . കടയിലെ തിരക്ക് കണ്ടു ഈ നാട്ടുകാർ എല്ലാം ഇവിടന്നു ആണോ കഴിക്കുന്നേ എന്നാണ് മഞ്ജുവിന്റെ സംശയം. ബോണ്ട ഇഷ്ടപെട്ടത് കൊണ്ട് ഞങ്ങൾ വീണ്ടും വാങ്ങി കഴിച്ചു. ബിൽ കൊടുത്തിറങ്ങിയപ്പോൾ അതിൽ എന്തോ പ്രെശ്നം ഉണ്ടെന്നു മനസിലാക്കി ഞാനും തടിയനും തിരികെ ചെന്ന് 55 രൂപ കൂടി കൊടുത്തു മാതൃക കാണിച്ചു. അത് കണ്ടു ആ ചേട്ടൻ നിങ്ങൾ എവിടുന്നാ എന്ന് ചോദിച്ചു. തടിയൻ പാലക്കാട് എന്ന് പറഞ്ഞു പാലക്കാടിന്റെ മാനം കാത്തു.


ഉച്ചയ്ക്ക് വന്നാൽ നല്ല ബിരിയാണി കിട്ടുമെന്ന് അവിടത്തെ ഒരു ചേട്ടൻ പറഞ്ഞു.ഞങ്ങൾ ബോട്ടിങ്ങിനു പോകുവാ എന്ന് പ്രണവ് പറഞ്ഞു. ബോണ്ട അടിപൊളിയാണെന്നു പ്രണവ് പറഞ്ഞപ്പോൾ "അത് ഞങ്ങൾക്ക് അറിയാം " എന്നായിരുന്നു ചേട്ടന്റെ മറുപടി.



ഇനി നേരെ ബോട്ട് ജെട്ടി. രണ്ടു ഓട്ടോയിലായി ഞങ്ങൾ ഏഴ് പേര് ജെട്ടിയിലെത്തി. ഞങ്ങൾക്ക് പോകാനുള്ള വേഗ ബോട്ട് അവിടെ കിടപ്പുണ്ട്. പക്ഷെ സമയം ഒരുപാടുണ്ട്. സംസാരിച്ചു നിക്കുമ്പോൾ മുത്ത് (നിധീഷ്) അരവിന്ദനെ കൂടി മാറി നിന്നു . അരവിന്ദിന്റെ കൈയിൽ കാമറ ഉണ്ട്. ഫോട്ടോ എടുപ്പാണ് ഉദ്ദേശം. മുത്തിന്റെ ഉദ്ദേശം മനസിലാക്കിയ തടുവും കിട്ടിയ അവസരം മുതലാക്കാൻ തീരുമാനിച്ചു.

"കശ്മീരിലെ ദാൽ തടാകം പോലെ ഉണ്ടല്ലേ ? " തടുവിന്റെ അഭിപ്രായം


ഈ ചെറിയ കനാൽ കണ്ടിട്ടു അങ്ങനെ തോന്നിയോ ?


" ഏയ് അത്രയ്ക്കൊന്നുമില്ലെന്നു" ഞാൻ പറഞ്ഞു . തടു ക്ലീൻ ഷേവ് ആണ്. അതുകൊണ്ട് ഫോട്ടോസ് എവിടേം ഇടാൻ പറ്റില്ലത്രേ . പക്ഷേ ഫോട്ടോ എടുക്കുന്നതിനുഒരു കുറവുമില്ല.



                                        


ഞങ്ങൾ അങ്ങനെ നിൽകുമ്പോൾ ” എല്ലാം സെറ്റ് ആണ്. ഞങ്ങൾ ഭക്ഷണം കഴിച്ചിട്ടു വരാം “ എന്നൊരു ചേട്ടൻ ഞങ്ങളോട് പറഞ്ഞിട്ടു പോയി. രാജേഷ് ചേട്ടനായിരുന്നു അതു . ഞങ്ങൾ ഫോട്ടോ എടുപ്പ് തുടർന്നു .


    



         



                                

പതിനൊന്നരയ്‌ക്ക്‌ യാത്ര ആരംഭിച്ചു. ജോമോൻ ചേട്ടൻ മൈക്കിലൂടെ അന്നൗൻസ് ചെയ്യുന്നുണ്ട്. പുന്നമട കായലിലേക്ക് പ്രേവേശിച്ചു അതുവഴി വേമ്പനാട് കായലിലേക്ക് കയറും. കായലിന്റെ പടിഞ്ഞാറു വശത്തൂടെ പോയി പാതിരാ മണലിൽ എത്തിച്ചേരും. അവിടന്ന് കിഴക്കോട്ടു തിരിഞ്ഞു കുമരകം വഴി തെക്കോട്ടു. അവിടെ കുട്ടനാട്ടിലിലൂടെ സഞ്ചരിച്ചു തിരികെ യാത്ര ആരംഭിച്ച ബോട്ട് ജെട്ടിയിൽ ഏതാണ്ട് നാലരയ്ക്ക് എത്തിച്ചേരും . ഇതാണ് പ്ലാൻ . ജോമോൻ ചേട്ടനെ കണ്ടതും ഞാൻ തടുവിനോടു പറഞ്ഞു 


‘ ഇയാളെ ഞാൻ എവിടോ കണ്ടിട്ടുണ്ട് “



ബോട്ട് ജെട്ടിയിൽ നിന്നും പുന്നമട കായലിലേക് കയറുന്ന ഭാഗത്താണ് നെഹ്‌റു ട്രോഫി വെള്ളം കളി നടക്കുന്നത്. അതെല്ലാം ജോമോൻ ചേട്ടൻ അന്നൗൻസ് ചെയുന്നുണ്ട്. ഇപ്പോൾ ഫിനിഷിങ് പോയിന്റിൽ നിറയെ house ബോട്ടുകളാണ്. വെള്ളം കളി  സമയത്തു house ബോട്ടുകളെല്ലാം ഇവിടന്നു മാറും.




യാത്ര ആരംഭിക്കേണ്ട താമസം എല്ലാരും എഴുന്നേൽക്കാൻ തുടങ്ങി. ബോട്ടിന്റെ മുൻപിലേക്ക് കുറച്ചു കഴിയുമ്പോൾ കടത്തിവിടും. ഞങ്ങൾ പുറകിലേക്കു പോയി കുറച്ചു നേരം അവിടെ നിന്നു . മുൻപിലേക്ക് ആളെ കടത്തി വിടുന്നുണ്ട് എന്ന് കണ്ടതും ഞങ്ങളും അങ്ങോട്ട് പോയി. ഡ്രൈവറുടെ കാഴ്ച മറച്ചു നിന്നാൽ ആൾ ഹോൺ അടിക്കും.  കുറച്ചു നേരമേ അവിടെ നിൽക്കാനാകു . അത് കഴിഞ്ഞു ബാക്കിയുള്ളവർക്ക് അവസരം കൊടുക്കണം. 


                                

ഞങ്ങൾ തിരികെ സീറ്റിൽ ഇരുന്നു. രാജേഷ് ചേട്ടൻ ഓടി നടന്നു എല്ലാം നോക്കുന്നു. ഒരു പാവം ചേട്ടൻ.പിന്നെ എനിക്കും തടിയനും ഒരു സംശയം , രാജേഷേട്ടൻ സംഘി ആണോ എന്ന്. കയ്യിലെ ചരടുകളൊക്കെ കണ്ടപ്പോ തോന്നിയതാണ്. രാജേഷേട്ടൻ അടുത്തു വന്നു നിന്നപ്പോൾ ഞാൻ പേര് ചോദിച്ചു പരിചയപെട്ടു. ഞാൻ ഫോൺ വിളിച്ചു ബുക്ക് ചെയ്തപ്പോൾ ഒരു പാവം ചേട്ടനാണ് സംസാരിച്ചത് . അത് രാജേഷേട്ടൻ ആണോ എന്നൊരു ഡൌട്ട് ഉണ്ടായിരുന്നു. പക്ഷെ ആളല്ല . ഇതൊരു വിനോദ സഞ്ചാര പദ്ധതി ആയതുകൊണ്ട് ആളുകളോട് നന്നായി പെരുമാറുന്ന കുറച്ചുപേരെയാണ് ഈ സർവീസിനായി തിരഞ്ഞെടുത്തിരിക്കുന്നത്. രാജേഷേട്ടൻ എന്തായാലും ഇതിനു പറ്റിയ ആളാണ്.





“പാവം ചേട്ടനാണ് പക്ഷേ എന്താ കാര്യം, സംഘിയായിപ്പോയില്ലേ “ ഞാനും തടുവും അതും പറഞ്ഞിരുന്നു ചിരിച്ചു. രാവിലെ സീറ്റിനു വേണ്ടി അടി ഉണ്ടാക്കിയ തൃശൂർ ഫാമിലിയുടെ  സീറ്റൊക്കെ ഫ്രീ ആണ്. വിൻഡോ സീറ്റിലൊക്കെ ഞങ്ങൾ ഇടയ്ക്കു പോയി ഇരുന്നു.



ബോട്ടിൽ ചായ, വടകൾ, ഐസ് ക്രീം , വെള്ളം ഇതെല്ലാം വാങ്ങാൻ കിട്ടും.ഒരു ചേച്ചി വന്നു അതെല്ലാം വിളിച്ചു പറഞ്ഞു. അതേ ചേച്ചി തന്നെ ചോറിനു ടോക്കൺ എടുക്കാനും പിന്നെ വന്നു.ചോറുണ്ടു കഴിഞ്ഞു ഐസ് ക്രീം കഴിക്കാമെന്നായിരുന്നു ഞങ്ങളുടെ പ്ലാൻ.



ജോമോൻ ചേട്ടനെ എവിടെയോ കണ്ടിട്ടുണ്ട് എന്ന എന്റെ സംശയം മാറി. എം എ ഷംസീർ എം ൽ എ യുടെ മുഖച്ഛായയാണ് ജോമോൻ ചേട്ടന്. അതാണ് എവിടെയോ കണ്ടിട്ടുണ്ട് എന്ന് തോന്നാൻ കാരണം .


ഉച്ചയ്ക്ക് പാതിരാമണൽ എന്ന ഐലണ്ടിലെത്തി . അവിടെ മുപ്പത് മിനിട്ടു കിട്ടും. ദ്വീപ് കറങ്ങി വരണം. പണ്ട് ജനവാസമുണ്ടായിരുന്ന സ്ഥലമായിരുന്നു എന്നും സർക്കാർ ഇടപെട്ട് ഒഴിപ്പിച്ചു പരിപാലിച്ചു പോരുന്ന ഈ ദ്വീപ് ദേശാടന പക്ഷികളുടെ കേന്ദ്രമാണ് എന്നൊക്കെ ഇറങ്ങുന്നതിനു മുൻപേ  നമ്മുടെ  ‘ഷംസീറിക്കാ ‘പറഞ്ഞു തന്നിരുന്നു.




   









ജാക്കറ്റും തൊപ്പിയും കൂളിംഗ് ഗ്ലാസ്സും വച്ച് കാമറയും തൂക്കി അരവിന്ദൻ മുൻപേ നടന്നു. നടന്നു ദ്വീപിന്റെ മറ്റേ അറ്റം വരെയെത്തി . പ്രായമുള്ള ഒരു ദമ്പതികൾക്ക് മുത്ത് ഫോട്ടോ എടുത്തു കൊടുത്തു. തടിയൻ ഒരു സോളോ ട്രാവലേറിനെ പരിചയപെട്ടു. പൂനെയിൽ നിന്നും വരുന്ന അക്ഷയ്.


തിരിച്ചെത്തുമ്പോഴൊക്കെയും ഊണിനു വേണ്ടി നല്ല തിരക്കായിരുന്നു. ജെസ്വിൻറെ കയ്യിലായിരുന്നു ഊണിനുള്ള ടോക്കൺ. രണ്ടെണ്ണം കാണാനില്ല. ദ്വീപിൽ വച്ച് ഫോൺ എടുത്തപ്പോൾ പോയതാവാം എന്നാണ് ജെസ്വിൻ പറയുന്നത്.  


ഞങ്ങളായിരുന്നു അവസാനം കഴിക്കാനുണ്ടായിരുന്നത്. ടോക്കൺ ഒന്നും അവർ ചോദിച്ചില്ല. കൂട്ടത്തിൽ പലരും വെജ് ആയതുകൊണ്ട് അവരുടെയൊക്കെ മീൻ ഫ്രൈ തടിയന് കിട്ടി.അതുകൊണ്ടു തടിയന്റെ ഊണ് കുശാൽ. നൂറു രൂപയാണ് ഊണിന്റെ വില.

                                        


ഐസ് ക്രീം കഴിക്കാനുള്ള ഞങ്ങളുടെ പ്ലാൻ പൊളിഞ്ഞു . ഐസ് ക്രീം എല്ലാം തീർന്നു. മുൻപേ ചോറുണ്ടു കഴിഞ്ഞ എല്ലാവരും ഐസ് ക്രീം വാങ്ങിയെന്നു തോന്നുന്നു. ഇനിയിപ്പോ ബോട്ടിൽ നിന്ന് ഇറങ്ങിയിട്ട് നോക്കാം . 




ഇപ്പൊ ബോട്ട് ഓടിക്കുന്നത് രാജേഷ് ചേട്ടനാണ് . അതുകൊണ്ട് ഞാൻ അടുത്തുപോയി നിന്നു .ആളാവുമ്പോ എല്ലാം പറഞ്ഞുതരുമെന്നുറപ്പാണ് . അകലെ കാണുന്ന പള്ളിയുടെ അടുത്തേക് നമ്മൾ പോകുവോ എന്നാണ് എന്റെ ചോദ്യം .



അതിന്റെ അടുത്തോടെ പോകുമെന്നും. അതിന്റെ അടുത്തുള്ള തോട്ടിലൂടെയാണ് മുഹമ്മ -കുമരകം ബോട്ട് സർവീസ് എന്നും രാജേഷേട്ടൻ പറഞ്ഞു.  അവിടെ കാണുന്ന പള്ളിയുടെ അവിടെയാണ് സ്പടികം സിനിമയിൽ ലാലേട്ടന് കുത്തേൽക്കുന്നത്. ഇതൊക്കെ രാജേഷേട്ടൻ പറയുന്നതാണ്. ആളിങ്ങനെ പറഞ്ഞുകൊണ്ടേ ഇരിക്കും.

                             




നമ്മൾ ഇപ്പോൾ പോകുന്ന കായലിന്റെ ആഴം വെറും 2 മീറ്ററാണ് . അത് ആദ്യം കണ്ടപ്പോഴും ഞങ്ങൾക്ക് അത്ഭുതമായിരുന്നു. ഞങ്ങൾ വിചാരിച്ചത് ഒരുപാട് ആഴം കാണുമെന്നാണ്. ബോട്ടിലെ ഒരു ഡിസ്‌പ്ലേയിൽ എല്ലാം എഴുതികാണികും. അതിൽ രണ്ടു മീറ്ററാണ് കാണിക്കുന്നതു . അതിനെ പറ്റി ചോദിച്ചപ്പോൾ രാജേഷണ്ണൻ വാചാലനായി . മുഹമ്മ-കുമരകം ബോട്ട് അകലെ പോകുന്നത് കാണാം. ആ ബോട്ട് പോകുന്നതാണ് ശെരിക്കുള്ള വഴി. അവിടെ നാല് മീറ്ററോളും ആഴമുണ്ട്. അവിടെ ഡ്രെഡ്ജിങ് ഒക്കെ നടത്തിയിട്ടുണ്ട്. നമ്മുടെ ബോട്ട് ഒരു മീറ്റർ ആഴമുണ്ടെങ്കിലും പൊങ്ങി കിടക്കും . അങ്ങനെ രാജേഷ് ചേട്ടൻ കുറെ സംസാരിച്ചു. 




ഞങ്ങളോട് വേണമെങ്കിൽ ബോട്ടിന്റെ മുൻപിൽ ചെന്നിരുന്നോളാൻ പറഞ്ഞു. കേൾക്കണ്ട താമസം ഞങ്ങൾ മുന്നിലേക്കു ചെന്നു . നല്ല ഓളമുള്ളതുകൊണ്ട് ബോട്ട് ആടുന്നുണ്ട്. അതുകൊണ്ട് എണീക്കാൻ പാടില്ല. ഇടയ്ക്കു ആരെങ്കിലും എണീറ്റാൽ ഡ്രൈവർ ഹോൺ അടിച്ചു ഇരിക്കാൻ പറയും. നല്ല വെയിലുള്ളതുകൊണ്ട് മഞ്ജു പോയി കുട എടുത്തോണ്ടു വന്നു . കുടയും ചൂടി കുറെ നേരം അവിടിരുന്നു . 


                               

കുട ഉണ്ടെങ്കിലും വെയിൽ കൊണ്ട് മടുത്തപ്പോൾ ഞങ്ങൾ അകത്തേക്കു വന്നു. ഞാൻ ബോട്ടിന്റെ പുറകിലേക്ക് പോയി. ബോട്ട് കുട്ടനാട്ടിലേക്ക് കയറുകയാണ്. ജോമോൻ ചേട്ടൻ വിളിച്ചു പറയുന്നുണ്ട് അതെല്ലാം. കായലിന്റെ തൊട്ടടുത്ത് കുറച്ചു താഴ്ന്നു നെൽപ്പാടങ്ങൾ കാണാം. എവിടെങ്കിലും ചെറുതായി ഒരു വിടവ് വന്നാൽ വെള്ളം മുഴുവനും പാടത്തേക്കു കയറും. സമുദ്രനിരപ്പിനു താഴെ കൃഷി ചെയുന്നത് ആദ്യമായിട്ടാണ് നേരിട്ട് കാണുന്നത്.

                                  






                               






House ബോട്ടുകൾ വീണ്ടും ഒരുപാട് കണ്ടുതുടങ്ങി. ഗൂഗിൾ മാപ്പിൽ നോക്കി പോകുന്ന വഴികൾ ഞാനും പ്രണവും നോക്കുന്നുണ്ട് ഇടയ്ക്കു. മഞ്ജുവും ജെസ്വിനും മുത്തും എല്ലാം പുറകിലേക്ക് വന്നു. തടിയൻ അക്ഷയുമായി സംസാരത്തിലാണ്.

                                    
  






പമ്പ നദിയിലൂടെയും ഞങ്ങളുടെ ബോട്ട് പോകുന്നുണ്ട്. യാത്ര അവസാനിക്കറിയായ് . തിരികെ സീറ്റിലിരുന്നു. ബോട്ടിലെ crew ന്റെ കൂടെ ഞങ്ങളൊക്കെ ഫോട്ടോ എടുത്തു. ജോമോൻ ചേട്ടൻ തിരുവന്തപുരത്തെ വികാസ് ഭവനിൽ ജോലി ചെയ്തിട്ടുണ്ട്.  ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ 



“ഓഹ് sure” എന്നും പറഞ്ഞു രാജേഷണ്ണൻ എല്ലാരേയും വിളിച്ചു. 


                                 

ഇനി ബീച്ചിൽ പോകാനുള്ള ടൈം ഉണ്ട്. അതിനുമുമ്പേ ചായ കുടിക്കണം . എവിടെ കുടിക്കണം എന്ന ആലോചന ചെന്നെത്തിയത് സാലിക്കന്റെ കടയിലാണ്. (അപ്പൊ ഞാൻ കണ്ടുപിടിച്ച കട ഇവർക്കൊക്കെ ഇഷ്ടപ്പെട്ടു !!)



ഓട്ടോ വിളിച്ചു അവിടെത്തി. ഉള്ളിവട കണ്ടതേ ഞാൻ ഹാപ്പി . രാവിലെ കണ്ട ചേട്ടൻ പലഹാരങ്ങൾ എല്ലാര്ക്കും ഓരോന്ന് തന്നിട്ട് ആ പാത്രം എടുത്തപ്പോൾ 


“കഴിഞ്ഞില്ല “ എന്ന് തടു . അതോടെ അത് മുഴുവൻ അവിടെ വച്ചിട്ടു ചേട്ടൻ പോയി.


                                          

നല്ല പഴംപൊരിയും ഉള്ളിവടയും കഴിച്ച സന്തോഷത്തിൽ തടിയൻ ചായകുടിയുടെ ബിൽ  സ്പോൺസർ ചെയ്തു. 


ഇനി ബീച്ച് 



വീണ്ടും ഓട്ടോ. 


ബീച്ചിൽ നിറയെ ആൾക്കാരാണ്. മറീന ബീച്ചിൽ കണ്ടതിന്റെ ഒരു മിനി വേർഷൻ. ഇത്രയും നേരമായിട്ടും ഞങ്ങൾ എല്ലാരുമുള്ള ഫോട്ടോ എടുത്തിട്ടില്ല . അരവിന്ദന്റെ കാമറ ഉപയോഗിക്കാൻ അറിയാവുന്നവരെ നോക്കി നിന്നപ്പോൾ ഒരു ചേട്ടൻ കാമറ ഉപയോഗിക്കുന്നതു കണ്ടു. അങ്ങേരോട് പറഞ്ഞു ഞങ്ങൾ ഗ്രൂപ്പ് ഫോട്ടോ എടുത്തു.


പ്രണവ് ,തടു ,മുത്ത് ,ഞാൻ ,ജെസ്വിൻ ,മഞ്ജു ,അരവിന്ദ് 


   



      


ഫോട്ടോഗ്രാഫർ അരവിന്ദ് 


മുത്ത് (നിധീഷ് ) & തടു (കാർത്തിക് )

റെയിൽവേ സ്റ്റേഷനിലേക്ക് നടക്കാവുന്ന ദൂരമേയുളളൂ. സ്റ്റേഷനിലെത്തി അധികം വൈകാതെ ഞങ്ങളുടെ ട്രെയിനെത്തി. രാവിലെ വന്ന അതേ ട്രെയിൻ. ഒൻപതരയ്ക്ക് എത്തേണ്ട ട്രെയിൻ ഒമ്പതുമണിക്ക് തിരുവനന്തപുരത്തെത്തി. 




ഒരു ജ്യൂസ് കുടിച്ചു പിരിയാമെന്നു കരുതി ഒരുപാട് ആലോചിച്ചു അവസാനം സംസം ൽ എത്തി. അവിടെ തിരക്കയോണ്ട്  കവടിയാർ ഒരു കട ഉണ്ടെന്ന് അരവിന്ദൻ പറഞ്ഞു അങ്ങോട്ട് പോയി.അത് അടച്ചിട്ടിരിക്കുന്നു . പിന്നെ കുറവൻകോണത്തു മലബാർ ബൈട്സിൽ പോകാമെന്നായി.ആലപ്പുഴ പോയതിലും വലിയ കറക്കമാണ് ഒരു ജ്യൂസ് കുഞിടക്കാൻ.മലബാർ ബൈട്സിൽ തിരക്കായതുകൊണ്ട് അടുത്തുള്ള "മന്നത്ത്" എന്ന പുതിയ കടയിൽ നിന്നും ജ്യൂസ് ഉം കുടിച്ചു എല്ലാരും പിരിഞ്ഞു.










































No comments

Powered by Blogger.