അഗസ്ത്യാർകൂടം | Agasthyarkoodam Trekking [3 ] | Base Camp to Bonacaud
രണ്ടാം ഭാഗം : Click here
“ടാ നീ ബ്ലോഗ് എഴുതുമ്പോൾ എന്നെ അതിശക്തനായിട്ടു അവതരിപ്പിക്കണം “
എല്ലാടത്തും വേദനയായി വോളിനി അടിച്ചു നടക്കുന്ന അരവിന്ദന്റെ ഡയലോഗ്. ട്രെക്കിങ്ങിനു വിളിക്കുമ്പോൾ അവനെപ്പറ്റി എനിക്കൊരു സംശയവും ഇല്ലായിരുന്നു.അവൻ ആണ് കൂട്ടത്തിൽ ഏറ്റവും ഫിറ്റ് എന്ന് ഞങ്ങൾ കരുതി. പക്ഷേ ഇപ്പൊ അവനാണ് വേദനകൊണ്ട് ബുദ്ധിമുട്ടി ഇറങ്ങുന്നത്. വോളിനിയുടെ മണം കാരണം അവന്റെ അടുത്തേക്ക് അടുക്കാൻ പറ്റുന്നില്ല. അരവിന്ദൻ ഏറ്റവും പുറകിലാണ് വരുന്നത്. അവനെ ഞാൻ അതിശക്തമായി അവതരിപ്പിക്കണമല്ലേ ? ശരിയാക്കി തരാം.
അതിരാവിലെ തന്നെ എഴുന്നേറ്റ് ഞങ്ങൾ റെഡിയായി. തലേദിവസം അഗസ്ത്യമല കേറിയതിന്റെ ക്ഷീണം ഉള്ളതുകൊണ്ടും തണുപ്പ് കുറവായിരുന്നതു കൊണ്ടും സുഖമായി എല്ലാവരും ഉറങ്ങി. എല്ലാവരും കൂർക്കം വലിച്ചെന്ന് പരസ്പരം പറഞ്ഞു. എല്ലാവരും വലിച്ചതുകൊണ്ട് സാരമില്ല.
റെഡിയായി ക്യാന്റീനിലേക്ക് ചെന്നു. കട്ടനൊക്കെ കുടിച്ചു സെറ്റ് ആയി. ഏഴുമണിക്കെ ബ്രേക്ഫാസ്റ് കിട്ടൂ . അത് വാങ്ങിയിട്ട് വേണം താഴേക്ക് ഇറങ്ങാൻ. പിന്നെ ഇവിടെ എത്തിയപ്പോൾ കൊടുത്ത പാസ് തിരികെ വാങ്ങണം. തിരികെ ചെല്ലുമ്പോൾ പൊറോട്ടയും ബീഫും കഴിക്കണമെന്നു അരവിന്ദൻ വീണ്ടും പറഞ്ഞു. എല്ലാവര്ക്കും സമ്മതം. രണ്ടു ദിവസം കഞ്ഞി രണ്ടുനേരം കഴിച്ചതല്ലേ അപ്പോ ഇച്ചിരെ ആഡംബരമാവാം .
മധു ചേട്ടനും,സുരേഷ് ചേട്ടനും,ജൈസൺ ചേട്ടനും ജിനേഷ് ചേട്ടനുമെല്ലാം ക്യാന്റീനിന്റെ മുന്പിലുണ്ട്. ഞങ്ങൾ ഇടയ്ക്കു സെൽഫിയൊക്കെ എടുത്തു. ക്രിസ് രണ്ടു ബ്രേക്ഫാസ്റ് വാങ്ങണമെന്ന് ഇന്നലെ പറഞ്ഞിരുന്നു. ഒരെണ്ണം ഇവിടന്നു കഴിക്കാനും ഒരെണ്ണം പോകുന്ന വഴിക്കു കഴിക്കാനും. മധു ചേട്ടനും അതേ ലൈനാണ്. വിശപ്പ് ലേശം കൂടുതലാണ് രണ്ടാൾക്കും. മധു ചേട്ടനും ക്രിസും ഉപ്പുമാവ് കഴിച്ചു. പൊതിഞ്ഞു വാങ്ങിയിരിക്കുന്നത് പൂരിയും കടലയുമാണ്. ബോണക്കാട് നിന്നും ഗൈഡുമാർ വന്നു വഴി സേഫ് ആണെന്ന് ഫോറെസ്റ് ഓഫീസറെ അറിയിച്ചു. ഇനി ഞങ്ങൾക്ക് പോകാം.
| മധു ചേട്ടൻ, ജെയ്സൺ ചേട്ടൻ, ജിനേഷേട്ടൻ, സുരേഷേട്ടൻ |
മധു ചേട്ടനും ക്രിസും അരവിന്ദനും പുറകെ വന്നു.കുത്തി നടക്കുന്ന ക്രിസിന്റെ വടി ഇന്നലെ തിരിച്ചിറങ്ങിയപ്പോൾ മിസ്സായി.അതുകൊണ്ടാണ് അവൻ പതിയെ വരുന്നത്. മുട്ടിടിച്ചാൽ മല ഇറങ്ങിയാൽ പിന്നെ സുഖമാണ്.
മുട്ടിടിച്ചാൽ മല ഇറങ്ങിയപ്പോൾ സുരേഷ് ചേട്ടൻ :
“ ജൈസൺ ചേട്ടന് മടുത്തെങ്കിൽ നമ്മുക്ക് കുറച്ചു നേരം ഇരിക്കാം “
“സുരേഷ് ചേട്ടന് മടുത്തെങ്കിൽ അത് പറ , ജൈസൺ ചേട്ടന്റെ തലയിൽ ഇടല്ലേ “
ജൈസൺ ചേട്ടൻ മടുത്തില്ലാ എന്നും പറഞ്ഞു നടത്തം തുടർന്നു. പാവം സുരേഷ് ചേട്ടൻ.
ജിനേഷ് ചേട്ടൻ ജോലി ചെയുന്നത് മലേഷ്യയിൽ ആയതുകൊണ്ട് ആൾ അവിടെ പോവാത്ത സ്ഥലമൊന്നുമില്ല. സിംഗപൂറും തായ്‌ലാൻഡുമൊക്കെ ആള് പോയിട്ടുണ്ട്. ജിനേഷ് ചേട്ടന്റെ സൗത്ത് ഈസ്റ്റ് ഏഷ്യൻ വിശേഷങ്ങൾ കേട്ട് ഞങ്ങൾ വേഗം പുൽമേടിറങ്ങി.
അതിശക്തൻ അരവിന്ദ് പതിയെ മധു ചേട്ടന്റെ കൂടെ പുറകെ വരുന്നതേ ഉള്ളൂ. അട്ടയാറിൽ എത്തിയപ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇരുന്നു. ക്രിസിനു വഴിയിൽ നിന്നു വടി കിട്ടി. അതുകൊണ്ട് ആൾ ഞങ്ങളുടെ ഒപ്പമെത്തി.വിശപ്പുള്ളതുകൊണ്ട് പൂരിയും കടലയും വേഗം കഴിച്ചു. കഴിക്കുന്നതിന്റെ ഇടയിൽ അരവിന്ദും മധു ചേട്ടനും എത്തി.
| മധു ചേട്ടൻ |
| ജെയ്സൺ ചേട്ടൻ |
മധു ചേട്ടനും അരവിന്ദും കമ്പനിയായി.മധു ചേട്ടൻ ഓട്ടോ ഡ്രൈവർ ആണെന്നും. വരുന്ന വഴിയിൽ ഒരു മരത്തിലൊക്കെ വലിഞ്ഞു കേറി അരവിന്ദനെ കൊണ്ട് ഫോട്ടോ എടുപ്പിച്ചെന്നുമൊക്കെ അരവിന്ദ് ഞങ്ങളോട് പറഞ്ഞു. മധു ചേട്ടൻ അരവിന്ദന് നാരങ്ങാ മിഠായിയും കൊടുത്തു.
അങ്ങോട്ട് പോയപ്പോൾ കണ്ടു വച്ച വെള്ളച്ചാട്ടത്തിലൊക്കെ കുളിച്ചു പയ്യെ പോകാനാണ് ഞങ്ങളുടെ പ്ലാൻ. അതുകൊണ്ട് ഞങ്ങൾ ഷൂ അഴിച്ചു ചെരിപ്പിട്ടു. ആദ്യത്തെ വെള്ളച്ചാട്ടം എത്തിയപ്പോൾ തലേ ദിവസം പരിചയപ്പെട്ട അജിത്തേട്ടനും കൂട്ടുകാരനും അവിടെ കുളിക്കുന്നുണ്ടാർന്നു. ഞങ്ങൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഇവർ വേഗം പോകുന്നത് കണ്ടിരുന്നു.ഇവിടെ കുളിക്കാനാണ് അവർ വേഗത്തിലാക്കിയത്.ഞാനും ജെസ്വിനും വെള്ളത്തിലേക്ക് ഇറങ്ങി. തണുത്ത വെള്ളത്തിലിറങ്ങിയാൽ കോച്ചി വലിക്കും എന്നൊക്കെ ആദ്യം ദുരന്തം പറഞ്ഞെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ ക്രിസ് ഉം ഇറങ്ങി.
| അജിത്തേട്ടൻ |
വോളിനിയിൽ മുങ്ങി നിൽക്കുന്ന അരവിന്ദ് വെള്ളത്തിൽ ഇറങ്ങിയാൽ ശെരിയാവില്ല എന്നും പറഞ്ഞു നിന്നു . പ്രണവിനും ഇറങ്ങാൻ താല്പര്യമില്ല. ഞാനും ജെസും ക്രിസും നല്ല തണുത്ത വെള്ളത്തിൽ കുളിച്ചു. എന്താ സുഖം !!.
ഇനിയുള്ളത് ഞാനും ജെസ്വിനും കണ്ടു വച്ച മറ്റൊരു സ്ഥലമാണ്. അത് കുറച്ചു താഴേക്ക് ഇറങ്ങണം. അവിടെ ഒരു പാറയിൽ വെള്ളത്തിന്റെ അടിയിൽ ഇരിക്കാൻ ആണ് പ്ലാൻ. ഞങ്ങൾ ഒരുവിധം താഴേക്ക് ഇറങ്ങിയെങ്കിലും ഞങ്ങൾ ഉദ്ദേശിക്കുന്ന പാറയിലേക്ക് കയറുന്നത് റിസ്ക് ആയതുകൊണ്ട് ഞങ്ങൾ ആ പരിപാടി ഉപേക്ഷിച്ചു.അവിടെ നിന്നും രണ്ടു ഫോട്ടോയൊക്കെ എടുത്തിട്ട് ഞങ്ങൾ തിരികെ കയറി വന്നു.
ഞങ്ങൾ അങ്ങോട്ട് പോയപ്പോൾ ലഞ്ച് കഴിച്ച ഒരു വെള്ളച്ചാട്ടമുണ്ട് . അതാണ് അടുത്തത് . അവിടെയും ഞങ്ങൾ മൂന്നും ഇറങ്ങി. വെള്ളച്ചാട്ടത്തിന്റെ താഴെ പോയി നിന്നും വെളളത്തിൽ പൊങ്ങി കിടന്നും ഞങ്ങൾ കൊതി തീർത്തു.
തിരിച്ചു വന്നു ഡ്രസ്സ് മാറുന്നതിന്റെ ഇടയിൽ അരവിന്ദിന്റെ വോളിനി സ്പ്രേ പ്രയോഗം. ഞങ്ങളുടെ കണ്ണിലും മൂക്കിലൊക്കെ പോയി. വോളിനി ഇല്ലാതിരുന്നെകിൽ ഇവനെ ഞങ്ങൾ എടുത്തോണ്ട് പോരേണ്ടി വന്നേനെ.
ഇനി കുളിക്കാൻ പറ്റിയ വെള്ളച്ചാട്ടങ്ങൾ ഇല്ല. നടക്കാൻ ഒരുപാടുണ്ട് . അതുകൊണ്ട് വീണ്ടും ഷൂ ഇട്ടു. ഇതിന്റെ ഇടയിൽ അരവിന്ദൻ ഇടയ്ക്കിടയ്ക്കു വിതുരയിൽ നിന്നും പൊറോട്ടയും ബീഫും കഴിക്കണമെന്ന് ഞങ്ങളെ ഓർമിപ്പിച്ചുകൊണ്ടിരുന്നു . അത് സ്വപ്നം കണ്ടുകൊണ്ടാണ് വേദന സഹിച്ചും അവൻ നടക്കുന്നത്.
“എപ്പോഴും ഇങ്ങനെ പറയണ്ട വാങ്ങി തരാം”
അവനെ ഞങ്ങൾ സമാധാനിപ്പിച്ചു. ട്രെക്കിങ്ങിന്റെ അവസാനമാകാറായി.
“നമ്മൾ എന്നും ലൈബ്രറിയിൽ പോവുന്നതിൽ നിന്നും ഒരു മാറ്റമായല്ലേ ?” ഇത് പറഞ്ഞത് ആണ്ടിലൊരിക്കൽ ലൈബ്രറിയിൽ വരുന്ന അരവിന്ദൻ. ഞങ്ങൾ അവനെ കളിയാക്കി കൊന്നു.
ഇനി എല്ലാ വർഷവും അഗസ്ത്യാർകൂടം വരണമെന്നാണ് ഞങ്ങളുടെ തീരുമാനം. എല്ലാവർക്കും അത്രയ്ക്കിഷ്ടായി. വെറുതെയല്ല എല്ലാ വർഷവും സ്ഥിരമായി പലരും വരുന്നതെന്ന് മനസിലായി.
ഞങ്ങൾ ഇടയ്ക്കു കുളിക്കാനൊക്കെ ഇറങ്ങിയതുകൊണ്ട് മധു ചേട്ടനും കൂട്ടരും ഞങ്ങളുടെ ഒരുപാട് മുൻപിലാണ്.അവസാനം ബോണക്കാട് ഓഫീസ് എത്താറായപ്പോൾ ഞങ്ങൾ അവരെ കണ്ടു. മധു ചേട്ടനാണ് ഏറ്റവും മുൻപിൽ. ഒടുവിൽ മധു ചേട്ടൻ ആദ്യം ഓഫിസ് എത്തിയപ്പോൾ ഞങ്ങൾ കയ്യടിച്ചു.
ഇന്നലെ രാവിലെ ആനയെ ഓടിക്കാൻ പടക്കം പൊട്ടിച്ചപ്പോൾ പേടിച്ചോടിയ സ്നോയി ബോണക്കാട് വരെ ചെന്നു . ആളിവിടെ കിടന്നുറങ്ങുന്നുണ്ട്.
ഞങ്ങൾ പാസ് കൊടുത്തു. കൊണ്ടുപോയ പ്ലാസ്റ്റിക്കിനു കെട്ടിവച്ച ഇരുന്നൂറു രൂപയും തിരികെ വാങ്ങി. അങ്ങനെ അഗസ്ത്യാർകൂടം ട്രെക്കിങ്ങ് ഔദ്യോദികമായി ഞങ്ങൾ പൂർത്തിയാക്കി.
അവിടെ കരിക്കു കണ്ടപ്പോൾ എല്ലാവർക്കും കരിക്കു വേണം. അരവിന്ദോഴികെ എല്ലാവരും കരിക്കു വാങ്ങി. അവൻ പൊറോട്ടയും ബീഫും കഴിക്കാൻ വേണ്ടി വെയ്റ്റിങ് ആണ്.ചോറുണ്ടിട്ട് കരിക്ക് കുടിക്കാമെന്നു പറഞ്ഞ മധു ചേട്ടനും ഞങ്ങൾ കുടിക്കുന്ന കണ്ടു കരിക്കു വാങ്ങി.
അവർ ഇവിടെയുള്ള കാന്റീനിൽ നിന്നും ചോറുണ്ടിട്ടാണ് പോകുന്നത്. ഇതിന്റെയിടയിൽ ജെയ്സൺ ചേട്ടൻ ഡ്രസ്സ് മാറി വന്നു.
“ജെയ്സൺ ചേട്ടൻ ചെത്തായല്ലോ “
മധു ചേട്ടൻ എന്റെ നമ്പർ വാങ്ങി . ഞങ്ങൾ ഒരേ നാട്ടുകാർ ആണല്ലോ
“ഞാൻ എന്റെ ഫ്ലൈറ്റ് (ഓട്ടോ ) ആയിട്ട് കോടിക്കുളം (എന്റെ നാട് ) ഒക്കെ വരുന്നതാ അതുകൊണ്ട് നമ്പർ തന്നേക്ക് “. (മധു ചേട്ടന്റെ ഫേസ്ബുക് പ്രൊഫൈലിൽ കൊടുത്തിരിക്കുന്നത് പൈലറ്റ് @ ബജാജ് എന്നാണ്.)
“ഇനിയെന്റെ കല്യാണത്തിന് കാണാം “ മധു ചേട്ടൻ പറഞ്ഞു
“ ആ സുരേഷേട്ടന് ഒരു അമ്മായി ആവും. സുരേഷേട്ടൻ മുൻകൈ എടുക്കട്ടേ “ എന്നും പറഞ്ഞു ഞങ്ങളിറങ്ങി.
നമ്മൾ കുത്തി നടന്ന വടി ഒരു ഓർമയ്ക്കായി തിരികെ കൊണ്ടുപോകണം എന്ന് ക്രിസിന്റെ ആഗ്രഹമായിരുന്നു. അതുകൊണ്ട് ആൾ അതും എടുത്ത്കൊണ്ടാണു വരുന്നത്.(ലോക്‌ഡോൺ ഉള്ള ഞായറാഴ്ച അവനെ റെയിൽവേ സ്റ്റേഷനിൽ വിടാൻ പോയപ്പോ തടഞ്ഞ എല്ലാ പോലീസുകാരും ചോദിച്ചു എങ്ങോട്ടാ വടിയൊക്കെ ആയിട്ടെന്ന് )
വിതുര എത്തിയതും ഞങ്ങൾ ഹോട്ടൽ മലബാറിൽ കയറി. ഞാനും അരവിന്ദും പണ്ട് പൊന്മുടി പോയിട്ട് തിരികെ വന്നപ്പോൾ ഇവിടെയാണ് കയറിയത് . ഞങ്ങളൊക്കെ ബിരിയാണി പറഞ്ഞു. അരവിന്ദ് പൊറോട്ടയും ബീഫും പറഞ്ഞു. അങ്ങനെ അവനു സമാധാനമായി.
| ആ സന്തോഷം കണ്ടോ |
ഇന്ന് തിരികെ വരുമ്പോൾ വലിയ വേദനകൾ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ തിരികെയെത്തി കുറച്ചു നേരം ഇരുന്നിട്ട് എണീറ്റപ്പോൾ എല്ലാവര്ക്കും അവിടെ ഇവിടെയായി ചെറിയ വേദനകൾ തുടങ്ങി.എത്രയും വേഗം വീടെത്തി ഒന്ന് കിടന്നാൽ മതിയെന്നായി എല്ലാവർക്കും.
(അവസാനിച്ചു )

Leave a Comment