കോട്ടയം -ആലപ്പുഴ യാത്ര | Kottayam - Alappuzha Trip
“കപ്പി , നമ്മൾ രണ്ടുപേരും ബുക്ക് ചെയ്തില്ലായിരുന്നേൽ ഈ ബസിൽ ആകെ ഒരാൾ മാത്രം ഉണ്ടായേനേ”
ഞങ്ങൾ തിരുവനന്തപുരത്തു നിന്ന് കോട്ടയം പോകുന്ന KSRTC ബൈപ്പാസ് റൈഡറിൽ ഞങ്ങളടക്കം മൂന്ന് പേരേയുള്ളൂ. ചെങ്ങന്നൂർ എത്തിയപ്പോഴാണ് മൂന്നാലു പേര് കേറുന്നത്. പിന്നെ ചങ്ങനാശേരിയിൽ നിന്ന് കുറച്ചുപേർ കയറി. ഏതാണ്ട് അഞ്ചായപ്പോൾ ഞങ്ങൾ കോട്ടയത്തെത്തി.
| ഞങ്ങൾ വന്ന ബസ് |
“ചേട്ടാ കാപ്പിയുണ്ടോ ?”
“ഉണ്ട് “
“ബ്രൂ ആണോ അതോ മറ്റേ കാപ്പി ഉണ്ടോ ?”
“രണ്ടും ഉണ്ട് . ഏതാ വേണ്ടേ ?”
“ബ്രൂ വേണ്ടാ “
“ഓക്കെ”
അങ്ങനെ നല്ലൊരു പൊടികാപ്പിയും കുടിച്ചു ഞങ്ങൾ കോടിമത ബോട്ട് ജെട്ടിയിലേക്ക് നടന്നു. ആറേമുക്കാലിനാണ് കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ബോട്ട്. ഞങ്ങളവിടെ ഇരുന്നു. രണ്ടു ചേട്ടന്മാർ തോർത്ത് മുണ്ടും ഉടുത്തു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.
ഇടയ്ക്കൊരു ചേട്ടൻ വന്നു ബോട്ടിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ ആ ചേട്ടന്മാർ ഇപ്പൊ കയറേണ്ട.ബോട്ട് ക്ലീൻ ചെയ്യാനുണ്ട് എന്ന് പറഞ്ഞു.
ഇന്നലെ വൈകുന്നേരമാണ് ഞങ്ങൾ ഈ പ്ലാൻ ഇട്ടത്. കോട്ടയത്ത് നിന്ന് 29 രൂപയ്ക്ക് രണ്ടര മണിക്കൂർ യാത്ര ചെയ്തു ആലപ്പുഴയിലെത്തി സാലിക്കയുടെ ചായക്കടയിൽ നിന്നും ബ്രേക്ഫാസ്റ് കഴിച്ചു,കൈനകിരി പോയി അവിടെ ആറ്റുമുഖം ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ചു തിരികെ തിരുവനന്തപുരത്തേക്ക് മടക്കം. ഇതാണ് പ്ലാൻ. ഞാനും കപ്പിയും (അമൽ) ആണ് പോകുന്നത്.
രാവിലെ ഒന്നരയ്ക്ക് റൂമിൽ നിന്നിറങ്ങി.തമ്പാന്നൂർ വണ്ടി വച്ച് ഞങ്ങൾ സ്റ്റാന്റിലെത്തി. ഞങ്ങൾ ടിക്കറ്റൊക്കെ ബുക്ക് ചെയ്‌തെങ്കിലും അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. ഞങ്ങൾ മാത്രമേ അതിലുള്ളു. പട്ടത്തു നിന്നൊരാൾ കയറി. കോട്ടയം വരെ ചെറുതായൊന്നു ഉറങ്ങി.
ഏതാണ്ട് ആറര ആയപ്പോഴും ആ ചേട്ടന്മാർ തോർത്തുമുണ്ടിൽ തന്നെയാണ്. മൂന്നാല് പയ്യന്മാരും എത്തിയിട്ടുണ്ട്. അവരും ഞങ്ങളെപ്പോലെ വന്നവരാണ് എന്ന് തോന്നുന്നു.
“കപ്പി ബോട്ടിലെ കണ്ടക്ടറെ ബോട്ട് മാഷ് എന്നാണ് പറയുന്നത്.” ആലപ്പുഴയിൽ പണ്ട് വന്നപ്പോൾ മനസിലായതാണ് അത്.
സമയമായപ്പോൾ എല്ലാവരും യൂണിഫോം ഇട്ടു റെഡിയായി. ബ്രേക്ഫാസ്റ് ഏതോ ഹോട്ടെലിൽ നിന്നും ഓർഡറും ചെയ്യുന്നുണ്ട്. പുട്ടു ഇല്ലാത്തതുകൊണ്ട് അവർ പൊറോട്ടയും മുട്ട കറിയുമാണ് പറഞ്ഞിരിക്കുന്നത്.
ഞാനും കപ്പിയും ഏറ്റവും മുൻപിലെ സീറ്റ് തന്നെ പിടിച്ചു. ആദ്യത്തെ കുറച്ചു ദൂരം ഒരുപാട് പാലങ്ങളുണ്ട്.അതെല്ലാം ബോട്ട് എത്തുമ്പോൾ ഒരാൾ വലിച്ചു പോക്കും.
“ ആ ചേട്ടന്റെ ഒറ്റ ബലത്തിലാണ് ആ പാലം പൊങ്ങി നിക്കുന്നത്.”
“ശെരിയാ ആ ചേട്ടനെ ഒരു ഉറുമ്പു കടിച്ചാൽ തന്നെ പണിയാകും “
ബോട്ട് പോകുന്നതിനു ഇരുവശവും വീടുകൾ കാണാം. വെള്ളം എന്തായാലും മോശമായിരിക്കുമല്ലോ പക്ഷേ ഒരു ചേട്ടൻ അതിൽ കുളിക്കുന്നത് കണ്ടു. ഒരു ചേച്ചി പാത്രം കഴുകുന്നു , ഒരാൾ തുണി അലക്കുന്നു .. വേറെ വഴിയില്ലാത്തതുകൊണ്ടാണ്. ഇടയ്ക്കൊരു ചേച്ചി അരി കഴുകുന്നത് കപ്പി കണ്ടു.!!!
ഒരു അഞ്ചാറ് പാലം കഴിഞ്ഞതിൽ നിന്നെ പാലമില്ല. ഇടയ്ക്കൊന്ന് മഴ പെയ്തെങ്കിലും വേഗം നിന്നു . കോട്ടയം - ആലപ്പുഴ ഏതാണ്ട് പതിനെട്ട് കിലോമീറ്റർ ദൂരമേയുള്ളൂ എങ്കിലും ഇടയ്ക്കൊക്കെ നിർത്തി നിർത്തി പോകുന്നതുകൊണ്ടാണ് ഇത്രയും സമയമെടുക്കുന്നത്. ഓരോ സ്റ്റോപ്പിലും ബോട്ട് അടുപ്പിക്കാനൊക്കെ സമയമെടുക്കും. അതിനായി തന്നെ ഒരാളുണ്ട്. ബോട്ടിൽ ജോലിക്കാർ തന്നെ ഒരു നാലഞ്ച് പേര് കാണും.
ആലപ്പുഴയിൽ നിന്നും കോട്ടയത്തേക്ക് വരുന്ന ബോട്ട് ഇടയ്ക്കു കണ്ടു. നമ്മുടെ ബോട്ടിൽ നിന്നും ഒരാൾ ആ ബോട്ടിലേക്ക് കയറാനുണ്ടായിരുന്നു. അതിനുവേണ്ടി ആ ബോട്ട് ഒരു അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യേണ്ടി വന്നു. അതും പറഞ്ഞു ബോട്ട് മാഷുമാർ തമ്മിൽ ചെറിയൊരു കശപിശ ഉണ്ടായി.
“ഇതുപോലെ വെയിറ്റ് ചെയ്യാൻ പറ്റില്ല “
“നിനക്ക് പറ്റില്ലെങ്കിൽ നീ നിക്കണ്ട, പൊയ്‌ക്കോ” എന്ന് നമ്മുടെ ബോട്ട് മാഷ്.
ആലപ്പുഴ അടുക്കാറായപ്പോൾ ഹൗസ് ബോട്ടുകൾ കാണാൻ തുടങ്ങി.കപ്പി ആദ്യമായിട്ടാണ് അത് നേരിൽ കാണുന്നത്. നെഹ്‌റു ട്രോഫി എന്നൊരു വാർഡ് തന്നെ ഉണ്ട്. സ്റ്റാർട്ടിങ് പോയിന്റും ഒരു സ്ഥലപ്പേരാണ് ഇപ്പോൾ.
![]() |
| ഹൗസ് ബോട്ടിന്റെ മുകളിൽ നിന്ന് മാങ്ങാ പറിക്കുന്ന ചേട്ടൻ. |
| Alappuzha Boat Jetty |
രണ്ടര മണിക്കൂർ ഇച്ചിരെ കൂടുതൽ ആവില്ലേ എന്നൊരു സംശയം ഉണ്ടായിരുന്നെങ്കിലും ഒരു മടുപ്പും ഉണ്ടായില്ല. ഒൻപതരയ്ക്ക് ഞങ്ങൾ ആലപ്പുഴയെത്തി. സാലിക്കാന്റെ കടയിലേക്ക് ഓട്ടോ വിളിച്ചു. ഒരു പ്രായമുള്ള ചേട്ടനാണ് ഡ്രൈവർ. അവിടെ ഓട്ടോ വിളിച്ചു കഴിക്കാൻ പോകാനൊക്കെ ഉണ്ടോ എന്നാണ് ചേട്ടന്റെ ചോദ്യം. ഷാപ്പിൽ കഴിക്കാൻ പോകുന്നുണ്ട് എന്നറിഞ്ഞപ്പോൾ ചേട്ടന് വീണ്ടും പുച്ഛം. കഴിക്കാൻ വേണ്ടിയൊക്കെ ഇത്രയും ദൂരം എന്തിനാ വരുന്നേ എന്നും പറഞ്ഞു വീണ്ടും പുച്ഛിച്ചു.
വെള്ളത്തിന് നല്ല ബുദ്ധിമുട്ടാണ് എന്നും മുൻസിപ്പാലിറ്റി അമ്പതു പൈസയ്ക്ക് ഒരു ലിറ്റർ എന്ന നിരക്കിൽ കുടിവെള്ളം കൊടുക്കുന്നുണ്ട്.അതാണ് പലരുടെയും ആശ്രയമെന്നു ആ ചേട്ടൻ പറഞ്ഞു തന്നു.
സാലിക്കന്റെ കടയിൽ നല്ല തിരക്കാണ്. ഞങ്ങൾക്ക് ഭക്ഷണം കിട്ടാൻ വൈകി.പൊറോട്ടയും ബീഫ് കുറുമയും ആണ് ഞങ്ങൾ പറഞ്ഞത്. ആദ്യമായാണ് ബീഫ് കുറുമ കഴിക്കുന്നത്. അസാധ്യ ടേസ്റ്റ് ആയിരുന്നു.
ഓട്ടോയിൽ ജെട്ടിയിൽ എത്തിയപ്പോൾ ഒരു ബോട്ട് കൈനകിരി പോകാൻ നിപ്പുണ്ട്. അതിൽ കയറി. തൊട്ടടുത്ത് ആണ് കൈനകിരി എന്നാ ഞങ്ങൾ വിചാരിച്ചത്. എന്നാൽ ഒന്നര മണിക്കൂർ ഉണ്ട് യാത്ര.
‘അതിപ്പോ ലാഭായല്ലോ’
ഞങ്ങൾക്ക് വേണ്ടതും അതാണ് . പയ്യേ അങ്ങെത്തിയാൽ മതി. കപ്പി ചെറുതായി ഉറങ്ങി.ഞങ്ങളുടെ പുറകിലിരുന്ന മൂന്ന് അമ്മമാർ അവരിറങ്ങുന്ന വരെ അമ്മാതിരി ഏഷണിയായിരുന്നു.
അവസാനം ഞങ്ങളുടെ സ്റ്റോപ്പെത്തി. സ്റ്റോപ്പിൽ നിന്ന് ഇറങ്ങുന്നത് ഒരു പറമ്പിലേക്കാണ്. ഒരു ഊഹം വച്ച് നടന്നു ഷാപ്പിലെത്തി.
കുറച്ചൂടെ വിശന്നിട്ട് കഴിക്കാമെന്ന ധാരണയിൽ ഞങ്ങൾ ആ പാടത്തൊക്കെ നടക്കാമെന്നു കരുതി. പാടത്തേക്ക് ഇറങ്ങിയപ്പോൾ വരമ്പ് ശെരിക്കു കാണാൻ വയ്യ. ഒരുവിധം നടന്നു ഒരു സ്ഥലത്തു കേറി ചെന്നപ്പോൾ അവിടത്തെ ചേച്ചിയും മകനും വിചാരിച്ചത് ഞങ്ങൾ വില്ലേജിൽ നിന്ന് പരിശോധനയ്ക്ക് വന്നവരാണ് എന്നാണ്.
വരമ്പത്തു വരെ നെല്ല് വിതച്ചതുകൊണ്ട് നടക്കാൻ ബുദ്ധിമുട്ടാണ് എന്ന് ആ ചേച്ചിയും പറഞ്ഞു. ഞങ്ങൾ റോഡിലൂടെ നടന്നു ഒരിടത്തു പോയിരുന്നു കാറ്റുകൊണ്ടിരുന്നു.
“കപ്പി, നമ്മുക്കൊരു മുന്തിരിക്കള്ള് കാച്ചിയാലോ “
“ആവാലോ “”
ഷാപ്പിലേക്ക് എത്തിയപ്പോൾ നല്ല തിരക്കുണ്ട്. ഓരോ കറിയും കണ്ടു നോക്കിയിട്ടാണ് ഓർഡർ ചെയുന്നത്. ഞങ്ങൾ താറാവ് കറിയും, നീരാളി ഫ്രൈയും കപ്പയും പുഴുക്കും ഓർഡർ ചെയ്തു. കൂടെ മുന്തിരി കള്ളും. ഞാൻ മീൻ കഴിക്കില്ല . അല്ലെങ്കിൽ കപ്പിക്കു വേറേ എന്തെങ്കിലും മീൻ കൂടെ ഓർഡർ ചെയ്യാമായിരുന്നു.
പുഴുക്ക് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. ആദ്യമായാണ് ഞാൻ കള്ളു കുടിച്ചു നോക്കുന്നത്. കാന്താരി കള്ളും ട്രൈ ചെയ്തു. ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ അവിടൊരു പെരുനാളിനുള്ള ആളുണ്ട്. ഞങ്ങൾ വന്ന സമയം കൊള്ളാം . ഒരു അഞ്ചു മിനിറ്റ് ലേറ്റ് ആയിരുന്നെങ്കിൽ പിന്നെ ക്യു നിക്കേണ്ടി വന്നേനേ.
ഞങ്ങൾ തിരികെ ബോട്ട് സ്റ്റോപ്പിൽ എത്തി(ബസ് സ്റ്റോപ്പ് പോലെ ബോട്ട് സ്റ്റോപ്പ് എന്നാണോ പറയണ്ടേ എന്നറിയില്ല ). അകലെ ഒരു ബോട്ട് പോയെങ്കിലും ഇങ്ങോട്ട് വന്നില്ല. ഇവിടെ സ്റ്റോപ്പ് ഇല്ലാത്തോണ്ട് ആവാം.
ഞങ്ങൾ രണ്ടാളും അവിടെ കിടന്നു. ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞപ്പോ ഒരു ബോട്ട് വന്നു. അത് സൂപ്പർ എക്സ്പ്രസ് ആയിരുന്നതുകൊണ്ട് വേഗം ആലപ്പുഴയെത്തി . ബോട്ട് ജെട്ടിക് മുൻപേ ഞങ്ങളിറങ്ങി. ബസ് സ്റ്റാൻഡിലേക്ക് നടന്നു.
ലൈറ്റ് ഹൗസിലേക്ക് പോകണമെന്നുണ്ടായിരുന്നെകിലും അവിടെ നിന്നുള്ള വ്യൂ അത്ര പോരാ എന്ന് മനസിലാക്കിയതുകൊണ്ട് ഞങ്ങൾ അതൊഴിവാക്കി. ചായ കുടി കഴിഞ്ഞ ഉടനെ തിരുവനന്തപുരം ബസ് കിട്ടി.


















Leave a Comment