തെങ്കാശി - സുന്ദരപാണ്ട്യപുരം | Thenkasi - Sundarapandyapuram.

 



തെങ്കാശിയിൽ സൂര്യകാന്തി പൂത്തുവെന്ന് മാതൃഭൂമിയിൽ വാർത്ത കണ്ടപ്പോൾ തന്നെ ഉടനെ പോകണമെന്ന് കരുതിയിരുന്നു.മുൻപേ മൂന്ന് തവണ തെങ്കാശി പോയിട്ടുണ്ടെങ്കിലും സൂര്യകാന്തി പൂവിന്റെ സീസണിൽ പോയിട്ടില്ല.  കൂട്ടുകാരൻ പൃഥ്‌വി അരുണും ഞാനും രാവിലെ അഞ്ചുമണിക്ക് തിരുവനന്തപുരത്തു നിന്ന് ഞങ്ങളുടെ സ്‌കൂട്ടറിൽ പുറപ്പെട്ടു. പതിമൂന്നു കണ്ണറ പാലവും കണ്ടു ആര്യങ്കാവ് എത്തിയപ്പോൾ അടുത്തുള്ള തോട്ടിൽ കുളിച്ചു ഫ്രഷായി. വെള്ളം കണ്ടാൽ 'പൈത്യം' പിടിക്കുന്ന പ്രിത്വി കുളിക്കാനുള്ള സെറ്റപ്പ് ആയിട്ടാണ് വന്നത്.


      


     







ആദ്യം കുട്രാലം വെള്ളച്ചാട്ടത്തിലേക്കാണ് പോയത്.തിങ്കളാഴ്ച ആയിരുന്നെങ്കിലും വെള്ളച്ചാട്ടത്തിൽ കുളിക്കാൻ നല്ല തിരക്കുണ്ട്. പ്രിത്വിയ്ക്കു ഇവിടെ കുളിക്കണമെന്നു ഉണ്ടായിരുന്നെങ്കിലും നല്ല തിരക്കായതുകൊണ്ട് അതൊഴിവാക്കി. തിരക്ക് നിയന്ത്രിക്കാൻ അവിടിരുന്നു ഒരാൾ മൈക്കിൽ നിർദേശങ്ങൾ കൊടുക്കുന്നത് കേൾക്കാൻ നല്ല രസാണ്.


“ അവിടെ നിക്കുന്ന ചുവന്ന ട്രൗസറിട്ട ആളങ് മാറി നിക്ക്, കുളിച്ചത് മതി, ബാക്കിയുള്ളവർക്ക് അവസരം കൊടുക്കു അണ്ണാ ….”വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പ്ലാനിട്ടു വന്ന പ്രിത്വി ഈ തിരക്ക് കണ്ടതോടെ പിൻവാങ്ങി.




ഇനിയാണ് പ്രധാന പരിപാടി.സൂര്യകാന്തി പൂക്കൾ കാണണം.തെങ്കാശിയിൽ അഗരകട്ട് എന്ന സ്ഥലത്താണ് ഇപ്പോൾ സൂര്യകാന്തി പൂ ഉള്ളത്. അവിടെയെത്തിയപ്പോൾ ഒരു ചെറിയ മലയാളി ഗ്രൂപ്പുണ്ട്. 


ആദ്യമായാണ് സൂര്യകാന്തി പാടം കാണുന്നത്. സൂര്യകാന്തിയ്ക്ക് ഇത്ര വലിപ്പമുണ്ടെന്നു കരുതിയില്ല.അതിന്റെ അടുത്ത്  ജോവറിന്റെ  കൃഷിയുമുണ്ട്. ഫോട്ടോസൊക്കെ എടുത്തു കണ്ടു കൊതി തീർത്തു ഞങ്ങളിറങ്ങി.ആളുകൾ കുറച്ചധികം വന്നു തുടങ്ങിയിരുന്നു. കൂടുതലും മലയാളികളാണ്.





























    

പ്രിത്വിയ്ക്കു നല്ല വിശപ്പുണ്ടെന്നു പറഞ്ഞതുകൊണ്ട് ഞങ്ങൾ നേരെ പ്രസിദ്ധമായ റഹ്മത് ബോർഡർ പൊറോട്ട കഴിക്കാൻ പോയി. വയറു നിറയെ ഭക്ഷണം കഴിച്ചു. പൃഥ്‌വി ബിരിയാണിയും കാടയും കഴിച്ചപ്പോൾ, ഞാൻ സ്ഥിരം ഐറ്റം ആയ പിച്ചി പൊട്ട ചിക്കനും പൊറോട്ടയുമാണ് കഴിച്ചത്.പോരാത്തതിന് ഒരു ജിഗർത്തണ്ടയും കുടിച്ചു.







ഇനി നേരേ സുന്ദരപാണ്ട്യപുരത്തേക്ക്. പേര്  പോലെ തന്നെ സുന്ദരമാണ്  ആ ഗ്രാമം.ആദ്യം പോയത് അന്യൻ സിനിമ ഷൂട്ട് ചെയ്ത  അന്യൻ റോക്ക് എന്ന സ്ഥലത്തേക്കാണ് .അതിന്റെ അടുത്താണ് പുലിയൂർ തടാകം.അതിനോട് ചേർന്നൊരു മരവുമുണ്ട്. അതിന്റെ ചുവട്ടിലിരുന്നു വിശ്രമം ആണ് ഉദ്ദേശം.തടാകത്തിൽ നിന്ന് അടുത്തുള്ള പാടത്തേക്ക് വെള്ളം പോകുന്നതിനു എന്തോ തടസ്സമുണ്ട്.മൂന്നാലു ചേട്ടന്മാർ അത് ശരിയാക്കാൻ നോക്കുകയാണ്. പൃഥ്വി തമിഴനാണ്.അവനും അവരുടെ കൂടെ കൂടി ആളുടെ അഭിപ്രായമൊക്കെ പറയുന്നുണ്ട്.







ഞങ്ങൾ അന്യൻ റോക്കിലേക്ക് നടന്നു. എം ജി ആരുടേയും , ശിവാജി ഗണേശന്റെയും എല്ലാം ചിത്രങ്ങൾ പാറയിൽ വരച്ചിട്ടുണ്ട്.അഞ്ചു വർഷങ്ങൾക്കു മുൻപ് വന്നപ്പോൾ കുറച്ചൂടെ വ്യ്കതമായി കാണാമായിരുന്നു.ഓരോ തവണ വരുമ്പോഴും അത് മാഞ്ഞു പോകുന്നുണ്ട്.പാറയിൽ കാറ്റും കൊണ്ട് കുറച്ചു നേരം കിടന്നു.ദാഹിച്ചപ്പോൾ ഞങ്ങൾ എണ്ണീറ്റു. അണ്ണന്മാർ വെള്ളം ഒഴുകുന്നതിനുള്ള തടസ്സം മാറ്റി.കാറ്റിന്റെ ശക്തി കാരണം പുലിയൂർ തടാകത്തിൽ നല്ല ഓളമുണ്ട്.


  





വണ്ടി സ്റ്റാർട്ട് ചെയ്തു .സുന്ദരപാണ്ട്യപുരം ഗ്രാമത്തിന്റെ അകത്തേക്ക് കയറി. വഴിയിൽ കണ്ട ചേട്ടനോട് അഗ്രഹാരത്തിലേക്ക് പോകുന്ന വഴി ചോദിച്ചു.കുറേ തമിഴ് സിനിമകൾ ഷൂട്ട് ചെയ്ത സ്ഥലമാണിത്.അടുത്തുള്ള അമ്പലകുളത്തിലേക്ക് പോയി.അടുത്തുള്ള നഴ്സറിയിൽ നിന്നു കുട്ടികളുടെ ബഹളം കേൾക്കാം.



അകലേക്ക് നോക്കിയാൽ പുൽമേടും പിന്നെ കാറ്റാടി പാടങ്ങളും കാണാം.പൃഥ്‌വി ഒരു സ്ഥലത്തു കിടന്നു ഉറങ്ങി. ഞാൻ അതിലൊക്കെ പോയി കുറച്ചു ഫോട്ടോസൊക്കെ എടുത്തു. പശുവിനെയും ആടിനെയും മേയ്ക്കുന്നവരുണ്ട് അവിടെ. തിരികെ വന്നപ്പോൾ കുളത്തിൽ മീൻപിടുത്തം നടക്കുന്നു. കുറച്ചു നാട്ടുകാരുമുണ്ട്. ഞങ്ങളും അവരുടെ കൂടെ കൂടി അത് കണ്ടിരുന്നു. മൂന്നാല് ചാക്ക് നിറയെ മീൻ കിട്ടി.  

















കുറച്ചൂടെ അഗ്രഹാരം ചുറ്റി ഞങ്ങൾ  സുന്ദരപാണ്ട്യപുരവും അതിന്റെ പരിസരവും ഒന്ന് കറങ്ങി.തമിഴ്‌നാടിന്റെ ഗ്രാമീണ ഭംഗി എത്ര കണ്ടാലും മതിവരില്ല. സൂര്യകാന്തി പാടങ്ങൾ ഇവിടെയുമുണ്ട്.പക്ഷേ അത് പൂവായി മാറാൻ മാറാൻ ഇനിയും ഒരു മാസമെടുക്കുമെന്നു തോന്നുന്നു. 

   



തെങ്കാശി ടൗണിലുള്ള കാശി വിശ്വനാഥ്  അമ്പലത്തിലേക്ക് കുറച്ചു ദൂരമുണ്ട്. കാറ്റു കാരണം വണ്ടിയുടെ ബാലൻസ് വരെ തെറ്റുന്നുണ്ട്. അമ്പലത്തിൽ നട തുറന്നതേ ഉള്ളുവെങ്കിലും നല്ല തിരക്കുണ്ട്.ഇനി തിരുമലൈ കോവിലിലേക്കാണ് പോകേണ്ടത്. പുഷ്പ സിനിമ ഷൂട്ട് ചെയ്ത  ശേഷം ഈ അമ്പലം കുറച്ചൂടെ പ്രസിദ്ധമായി. 


അവിടെ നിന്ന് നോക്കിയാൽ ഏതാണ്ട് 180 ഡിഗ്രിയിൽ കാറ്റാടി പാടങ്ങളും മലകളും ഒരു ഡാമും കാണാം. പൃഥ്വി ദർശനം എന്നൊക്കെ പറഞ്ഞു അകത്തേക്ക് പോയി. ഞാൻ കാഴ്ചകളൊക്കെ കണ്ടു ഒന്നു കറങ്ങി.












ഇനി മടക്കം.സമയം അഞ്ചര ആറായി.  ഇടയ്ക്ക് ഇടയ്ക്ക് വണ്ടിയ്ക്ക് വിശ്രമം കൊടുത്തു ചായയൊക്കെ കുടിച്ചു ഏതാണ്ട് ഒൻപത് ആയപ്പോൾ ഞങ്ങൾ തിരുവനന്തപുരത്തു തിരിച്ചെത്തി 



No comments

Powered by Blogger.