ബാണാസുര ഹിൽ ട്രെക്കിങ്ങ് | Banasura Hill Trekking | Wayanad | Kerala
(read it in landscape mode in mobile)
മൈക്കിൾജി : എബി , ഒരു ട്രിപ്പ് പോയാലോ ?
“പോവാലോ “
“എന്നാ ഒരെണ്ണം സെറ്റ് ആക്കു”
ഇൻസ്റ്റാഗ്രാമിൽ ബാണാസുര ട്രെക്കിങ്ങിന് പോയ പ്രണവ് ചേട്ടന്റെ സ്റ്റോറീസ് കണ്ടു ഞാൻ മെസ്സേജ് അയച്ചിരുന്നു. ആളുടെ റിപ്ലൈ ഞാൻ കേട്ടിരുന്നില്ല. മൈക്കിൾജി ട്രിപ്പിന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ ഞാൻ ആ ഓഡിയോ മെസ്സേജ് കേട്ടു.
“മൈക്കിൾ ജി , ബാണാസുര പോയാലോ ? “
“Okay”
“എന്നാ നാളെ രാത്രി പോകാം, വെള്ളിയാഴ്ച രാവിലെ വയനാട്ടിൽ എത്തി അവിടന്ന് ബാണാസുര ട്രെക്കിങ്ങ് നടത്തി രാത്രി തിരികെ തിരുവനന്തപുരം”
അപ്പൊ തന്നെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു. പ്രിത്വിയെയും കൂട്ടി.
പോകുന്ന ദിവസം ഉച്ചയ്ക്ക് മൈക്കിൾജി വിളിച്ചു പറഞ്ഞു. ഒരു ടിക്കറ്റ് മാത്രേ കൺഫേം ആയിട്ടുള്ളൂ , എന്താ ചെയ്യുക എന്ന് . ഞാൻ ആദ്യം ട്രിപ്പ് കാൻസൽ ചെയ്താലോ എന്നൊക്കെ ആലോചിച്ചു. പിന്നെ ഓർത്തു ജനറലിൽ കേറി പോയാലെന്താ ഇത്ര പ്രശ്നമെന്ന് ?, പണ്ടൊക്കെ എത്ര തവണ അങ്ങനെ പോയിരിക്കുന്നു.
പ്രായമായതിന്റെ ആണോ ഈ മടി ?
എന്തായാലും ജനറലിൽ കേറി പോകാൻ തീരുമാനിച്ചു.
നേരത്തെ സ്റ്റേഷനിൽ എത്താൻ ഇറങ്ങിയ ഞങ്ങളുടെ വണ്ടിയിൽ പെട്രോൾ തീർന്നു കഴിഞ്ഞ നാല് കൊല്ലത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ പറ്റുന്നത്.ഞാനും പൃഥ്വിവും വണ്ടി തള്ളി തള്ളി പെട്രോൾ പമ്പിലെത്തിച്ചു പെട്രോൾ അടിച്ചു. ആദ്യം ടിക്കറ്റ് കൺഫേം ആയില്ല, ഇപ്പൊ പെട്രോൾ തീർന്നു.ഈ ദുരന്ത യാത്രയുടെ തുടക്കം എന്തായാലും കൊള്ളാം.
ഞാനും പ്രിത്വിയും സ്റ്റേഷനിൽ എത്തി. മലബാർ എക്സ്പ്രസ്സ് നു കുറേ പേർ കേറിയതുകൊണ്ട് മാവേലി ട്രെയിനിയിൽ ആള് കുറവായിരുന്നു. ഞങ്ങൾക്ക് സീറ്റ് കിട്ടി.
കൺഫേം ആയ ടിക്കറ്റിൽ ഞങ്ങളോട് ഇരിക്കാനാണ് മൈക്കിൾ ജി പറയുന്നേ. എത്ര പറഞ്ഞിട്ടും ആൾ കേൾക്കുന്നില്ല. ആൾക്ക് ജനറലിൽ തന്നെ പോകണമത്രേ. ഒടുവിൽ കായംകുളം എത്തിയപ്പോ ഞങ്ങൾ പ്രിത്വിയെ വിട്ടു. മൈക്കിൾജി ജനറലിലേക്ക് വന്നു.
ഒട്ടും തന്നെ ഉറങ്ങിയില്ല എന്ന് പറയാം. മൂന്നര ആയപ്പോൾ കോഴിക്കോട് സ്റ്റേഷൻ എത്തി. പുറത്തിറങ്ങിയപ്പോൾ തന്നെ ksrtc ബസ് കിട്ടി. അതിൽ കയറി സ്റ്റാന്റിലെത്തി.കാപ്പി കുടിച്ചു ഉഷാറായി.
നല്ല തിരക്കുണ്ടായിരുന്നു.അതുകൊണ്ട് കിട്ടിയ TT ബസ്സിൽ കയറേണ്ടി വന്നു.വിൻഡോ സീറ്റ് വേണം, ചുരം കാണണം എന്നൊക്കെ പറഞ്ഞു പ്രീതി മുൻപിലെ സീറ്റിലേക്ക് പോയി. ഞാൻ ഉറങ്ങി.
ഉറക്കം തെളിഞ്ഞപ്പോൾ ബസ് ചുരം കയറുകയാണ്. നോക്കുമ്പോ മുൻപിലെ സീറ്റിൽ രണ്ടാളും സുഖായി ഉറങ്ങുന്നു.
ഞാൻ പൃഥ്വിയെ ഉണർത്തി.
“ഡേയ്,ചുരം കാണണമെങ്കിൽ നോക്കു , ഇപ്പൊ തീരും. പ്രിത്വി ഉടനെ മൊബൈലൊക്കെ എടുത്തു ഫോട്ടോ പിടുത്തം തുടങ്ങി”
ചുരം കഴിഞ്ഞതേ തണുപ്പു കൂടി വന്നു. പ്രിത്വി മൈക്കിൾ ജിയുടെ കയ്യിൽ നിന്ന് ജാക്കറ്റ് വാങ്ങി ഇട്ടിരിക്കുകയാണ്. ലിജോ ബ്രോയുടെ ജാക്കറ്റ് ആണത്. അഗസ്ത്യകാർകൂടം,ഗവി,കർണാടകം യാത്രയ്കൾക്കു ശേഷം അത് വയനാട് വഴി സിക്കിമിന് പോകുകയാണ്. മൈക്കിൾ ജി ഇത് കഴിഞ്ഞു ബാംഗ്ലൂർ പോയി അവിടന്ന് ഫ്രണ്ട്‌സ് ന്റെ കൂടെ സിക്കിം പോകുകയാണ്.
ഞങ്ങൾ കൽപറ്റയിൽ ഇറങ്ങി.പുതിയ ബസ് സ്റ്റാൻഡ് ആണിത്. അതുകൊണ്ടു തന്നെ ടോയ്ലറ്റ് നല്ലതായിരുന്നു.കാര്യങ്ങളൊക്കെ സാധിച്ചു പുറത്തിറങ്ങിയപ്പോൾ പൃഥ്‌വി
“മൈക്കിൾ ജി , എപ്പടി ഇരുക്ക് “
“ ഒരു ഇരട്ട പെറ്റ സുഖം “
അവിടന്ന് പടിഞ്ഞാറേത്തറ ബസ്സിൽ കയറി. ഏതാണ്ട് എട്ടാകും അവിടെ എത്താൻ. അവിടെ നിന്ന് ഭക്ഷണം കഴിച്ചു ഒൻപതിന് മുന്നേ ഫോറെസ്റ് ന്റെ ടിക്കറ്റു കൗണ്ടറിൽ എത്തണം. ഒൻപതു കഴിഞ്ഞാൽ കയറ്റി വിടില്ല എന്നാണ് പ്രണവ് ചേട്ടൻ പറഞ്ഞത്.
പടിഞ്ഞാറത്തറ എത്തുന്നതിനു മുൻപേ ഞങ്ങളുടെ ബസ് പഞ്ചർ ആയി. വീണ്ടും ദുരന്തം !!
ഞങ്ങൾക്ക് സമയം കളയാൻ ഇല്ലാത്തതുകൊണ്ട് മുന്നോട്ട് നടന്നു. വരുന്ന ഓട്ടോയ്ക്ക് ഒക്കെ കൈ കാണിച്ചു നോക്കുമ്പോൾ പ്രിത്വി കൈ കാണിച്ചത് കാറിനാണ്. ഒരു ചേട്ടൻ നിർത്തി. ദീപു എന്നാണ് ആ ചേട്ടന്റെ പേര്. തിരുവനന്തപുരത്തു കാരനാണ് . ഇവിടെ താജിൽ എഞ്ചിനീയർ ആയിട്ട് വർക്ക് ചെയുന്നു.
ചേട്ടൻ ഞങ്ങളെ പടിഞ്ഞാറത്തറ കഴിഞ്ഞു ബാണാസുരയിലേക്ക് തിരിയുന്ന സ്ഥലത്തു ഇറക്കി. ചേട്ടനോട് നന്ദി പറഞ്ഞു അടുത്തുള്ള ചായക്കടയിൽ കയറി പൂരിയും കറിയും പറഞ്ഞു. പൂരി പരത്തി വരുന്നതേയുള്ളു എന്ന് മനസിലാക്കിയ ഞങ്ങൾ അവിടെ നിന്നിറങ്ങി വേറൊരു കടയിൽ കയറി. അവിടെ എല്ലാമുണ്ട്. ദോശയും പൊറോട്ടയും കടല കറിയും മുട്ട കറിയും വാങ്ങി ചായയും കുടിച്ചു മനസ്സും വയറും നിറഞ്ഞു ഞങ്ങൾ ഇറങ്ങി.
എട്ടര കഴിഞ്ഞു,ഞങ്ങൾക്ക് ടെൻഷൻ ആയി തുടങ്ങി. ഞങ്ങൾ ഓട്ടോയ്ക്ക് നോക്കി നിന്നപ്പോൾ പ്രീതി ഒരു കാറിനു വീണ്ടും കൈ കാണിച്ചു. അതൊരു ടാക്സി ആയിരുന്നു. അടുത്തുള്ള റിസോർട്ടിൽ പോകുന്നതാണ്. ഞങ്ങളെ ആക്കിത്തരാമെന്നു പറഞ്ഞപ്പോൾ ഞങ്ങൾ കയറി. ഇങ്ങേർ പൈസ ചോദിക്കുമെന്ന് ഉറപ്പായിരുന്നു. ഒരു ഇരുനൂറ് വരെ ചോദിച്ചാൽ സാരമില്ല, ഓട്ടോയ്ക്കും അത്രയുമാകാം . ഞങ്ങൾ സമയത്തിന് തന്നെ ചെന്നപ്പോ ഡ്രൈവർ ബഷീറിക്ക അഞ്ഞൂറ് രൂപ ചോദിച്ചു. വലിയ വണ്ടി ആണ് മിനിമം ഇത്രയാണ് എന്നൊക്കെ ആണ് ആളുടെ വാദം. ബഷീറിക്ക അഞ്ഞൂറും വാങ്ങി പോയി.
ആൾക്ക് അഞ്ഞൂറ് രൂപ കൊടുത്തതിനു മൈക്കിൾ ജി എന്നെ പറയാത്തത് ഒന്നുമില്ല. രാവിലെ ദീപു ചേട്ടൻ സഹായിച്ചപ്പോൾ ബഷീറിക്ക തേച്ചു.
ഞങ്ങൾക്ക് മുന്നേ ഒരു ഗ്രൂപ്പ് പോയിട്ടുണ്ട്. ഞങ്ങൾക്ക് ഒരു ഗൈഡിനെ ഒപ്പിച്ചു തരാമെന്നും പറഞ്ഞു ഞങ്ങളെ അകത്തു കയറ്റി ഇരുത്തി. അവിടത്തെ ചേട്ടനും ചേച്ചിമാരും എല്ലാം നല്ല പെരുമാറ്റം ആയിരുന്നു.
അവിടെ അടുത്ത് താമസിക്കുന്നവരാണ് ഗൈഡുമാരായി വരുന്നത്. സമയം ഒന്പതായതുകൊണ്ട് അവിടെ ഓഫിസിൽ ആരുമില്ല. ഒടുവിൽ ബിജി ചേച്ചി വന്നു. ഞാനും ജിയും ഒരു കുപ്പി നാരങ്ങാവെള്ളം വാങ്ങി. അതുകൂടാതെ മൂന്നു കുപ്പി വെള്ളമുണ്ട്.
വെള്ളവും റെയിൻകോട്ടും ബിസ്കറ്റും എല്ലാം ഞങ്ങൾ ഒരു ബാഗിലാക്കി. മറ്റേ ബാഗെല്ലാം അവിടെ ഓഫിസിൽ വച്ചു.
നിർഭാഗ്യവശാൽ ബാഗ് ചുമക്കുന്നത് ഞാനാണ്. ട്രെക്കിങ്ങിന്റെ തുടക്കം നല്ല കയറ്റമാണ്. ഏതാണ്ട് രണ്ടു കിലോമീറ്ററിൽ അധികം കുത്തനെയുള്ള കയറ്റം. എന്റെ കിതപ്പ് കണ്ടു ബിജി ചേച്ചി തീരുമാനിച്ചു എന്ന് തോന്നുന്നു ഞാൻ കയറില്ല എന്ന്.
ഏതു ട്രെക്കിങ്ങ് ആയാലും തുടക്കം എനിക്ക് ഇങ്ങനെയാണ് കുറച്ചു കഴിയുമ്പോൾ ശെരിയാകും . ആ ഒരു വിശ്വാസത്തിലാണ് ഞാൻ നടക്കുന്നത്.
ബിജി ചേച്ചിയും മറ്റു വായനാടുകാരെ പോലെ കുടിയേറി വന്നവരാണ്. മൂന്നു മക്കൾ . മൂന്നാളുടെയും കല്യാണമൊക്കെ കഴിഞ്ഞു.
ആദ്യം ഇരിക്കാമെന്ന് പറഞ്ഞത് പ്രിത്വിയാണ്. ചേച്ചി പറഞ്ഞ ഒരിടത്തു ഞങ്ങൾ ഇരുന്നു. എന്റെ അവസ്ഥ കണ്ടിട്ടാകണം മൈക്കിൾജി ബാഗ് പിടിച്ചു. കുറച്ചു കഴിഞ്ഞു പ്രിത്വിയ്ക്കു കൊടുത്തു. അവൻ ആകെ ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞതേ എനിക്ക് വീണ്ടും തന്നു.
കയറ്റമെല്ലാം കയറി ചെല്ലുമ്പോൾ കാണുന്ന കാഴ്ചകൾ അടിപൊളിയാണ്. അങ്ങ് അകലെ സായിപ്പു കുന്നു കാണാം. അവിടേക്ക് രാവിലെ പോയ ടീം പോകുന്നത് ചെറുതായി കാണാം. സായിപ്പു കുന്നിലേക്ക് പോകുന്നതിനുമുന്പേ കാറ്റുകുന്നിൽ പോകണം.
ഇനിയുള്ള പാത ഈസി ആണ്. കാഴ്ചകളും അടിപൊളി ആയതുകൊണ്ട് നടക്കാനൊരു സുഖമുണ്ട്. എന്റെ ബോഡി സെറ്റ് ആയി നല്ല സ്പീഡിൽ പോകുന്ന കണ്ടപ്പോൾ ജി:
“സ്പീഡ് കൂടുതൽ ആണേൽ ബാഗ് തരാം “
കാറ്റുകുന്നിലേക്ക് കയറിയപ്പോൾ പൃഥ്‌വി ഇവിടെ ഇരിക്കാം. നിങ്ങൾ പോയിട്ട് വാ എന്ന് പറഞ്ഞു.
ഇത്രയും വന്നിട്ട് അതൊന്നു കയറു എന്നൊക്കെ ഞങ്ങൾ പറഞ്ഞെങ്കിലും ആൾ വരുന്ന മട്ടില്ല. ഇപ്പോഴേ മടുത്തെങ്കിൽ പൃഥ്‌വി എങ്ങനെ സായിപ്പ് കുന്നു കയറുമെന്നാണ് ബിജി ചേച്ചി ചോദിക്കുന്നത്.
ഞാനും ജിയും ചേച്ചിയും കാറ്റു കുന്നു കയറി . ബുദ്ധിമുട്ടില്ല ഇത് കയറാൻ. അവിടെ നിന്നാൽ ബാണാസുര ഡാം മുഴുവൻ കാണാം. ഡാമിലൂടെ സ്പീഡ് ബോട്ട് പോകുന്നതും കാണാം. ട്രെക്കിങ്ങ് കഴിഞ്ഞു തിരികെ ഡാമിലെത്തി സ്പീഡ് ബോട്ടിൽ കയറാൻ ഞങ്ങൾക്ക് പ്ലാനുണ്ട്.
ഇതിലെ ഊർന്നിറങ്ങി പോയാൽ താഴെ എത്താലോ എന്നാണ് ജിയുടെ സംശയം
അങ്ങനെ എത്തില്ല, ഇടയ്ക്കൊക്കെ നല്ല കല്ലുണ്ട് , ബിജി ചേച്ചി പറഞ്ഞു.
ഫോട്ടോസൊക്കെ എടുത്തു തിരിച്ചു വന്നു പൃഥ്വിയെ കൂട്ടി സായിപ്പ് കുന്നിലേക്ക് നടന്നു.
“ഇനിയാണ് ബുദ്ധിമുട്ടുള്ള ഭാഗം “
“ചേച്ചി, ഗൈഡുമാർ അങ്ങനെയല്ല പറയണ്ടത് , കുറച്ചേയുള്ളൂ എന്നൊക്കെ പറഞ്ഞു ഞങ്ങളെ പറ്റിച്ചു പ്രോത്സാഹിപ്പിക്കണം.”
കൈയിലുള്ള വെള്ളമൊക്കെ ഏതാണ്ട് തീർന്നു.താഴെ നിന്ന് വാങ്ങിയ എള്ളുണ്ട ഞങ്ങൾ എല്ലാരും കഴിച്ചു.
അവസാന ഭാഗം നല്ല സ്റ്റീപ് ആണ്. അത് കയറാൻ ഞങ്ങൾ എല്ലാരും ചെറുതായി ബുദ്ധിമുട്ടി. നല്ല വെയിലാണ് മറ്റൊരു പ്രശ്നം.
സായിപ്പും കൊച്ചും ഇരുന്നു പറയായ പാറ ചേച്ചി ഞങ്ങളെ കാണിച്ചു തന്നു. വന ദേവത ശപിച്ചത് ആണെന്നു ആണ് വിശ്വാസം.
ഒടുവിൽ ലക്ഷ്യസ്ഥാനത്തു എത്തി മരച്ചുവട്ടിൽ ഇരുന്നു. ഏതാണ്ട് രണ്ടേകാൽ മണിക്കൂർ കൊണ്ടാണ് ഞങ്ങൾ കയറിയത്.അതുകൊണ്ട് ഇഷ്ടംപോലെ സമയമുണ്ട്. ഉള്ള വെള്ളവും തീർത്തു അവിടെ ഇരുന്നു.
അപ്പോഴാണ് ജിയ്ക്കു തലസ്ഥാനത്തു നിന്ന് മെസ്സേജ് . ജി ജോലി ചെയുന്ന അവിടെ ചെല്ലണമെന്ന്.
ജിയ്ക്കു ആണേൽ നാളെ ബാംഗ്ലൂർ പോയി അവിടന്ന് സിക്കിം പോകാനുള്ളതാണ്. കൂടിയാലോചിച്ചു അവസാനം ബംഗാളിൽ ഡെങ്കു പിടിച്ചു കിടക്കുവാണ് എന്ന് പറയാമെന്ന് കരുതി. ഞങ്ങൾ മിണ്ടാതെ ഇരുന്നു. ജി ബംഗാളിൽ നിന്നും ഫോൺ വിളിച്ചു കാര്യം പറഞ്ഞു. കാര്യം ഗൗരവമാണ് എന്ന് അറിഞ്ഞപ്പോൾ പിന്നെ ജി സിക്കിം പ്ലാൻ ക്യാൻസൽ ആക്കാമെന്നു കരുതി.
നാളത്തെ മോർണിംഗ് ഫ്ലൈറ്റിനു തന്നെ എത്തിയേക്കാം എന്ന് പറഞ്ഞു തിരുവനന്തപുരത്തു കാരെ ഒതുക്കി. ഇനി കൂട്ടുകാരോട് സിക്കിമിന് വരുന്നില്ല എന്ന് പറയണം. ജിയുടെ മൂഡ് പോയി.
കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ താഴേക്ക് ഇറങ്ങി. ഫ്രണ്ട് നെ വിളിച്ചു വരുന്നില്ല എന്നും പറഞ്ഞു ഇറങ്ങിയ ജി ഇടയ്ക്കൊക്കെ തെന്നി വീഴാൻ തുടങ്ങി.
മടക്കം നല്ല വേഗത്തിലായിരുന്നു. പുൽമേടുകൾ എല്ലാം കഴിയാറായപ്പോൾ ജി ഒന്നുടെ വീണു. ഫോൺ പൊട്ടി. വീണ്ടും ദുരന്തം !!!
“വനദേവത ശപിച്ചതാവും ജി “
ഇതില്പരം ഗതികേട് ഇനി വരാനുണ്ടോ ?
ഞങ്ങൾ താഴേക്ക് ഇറങ്ങി. ഞാൻ മുന്നിൽ സ്പീഡിൽ പോയി. തുടക്കമൊരു ഊഞ്ഞാൽ കണ്ടിരുന്നു. വേഗം പോയി അവിടിരുന്നു ആടാനാണ് പ്ലാൻ. കുറച്ചു നേരം ആടിയപ്പോൾ ഇവർ ഒപ്പമെത്തി.
അടുത്തുള്ള കടയിൽ നിന്ന് ഞങ്ങൾ നാലുപേരും മോരു വാങ്ങി കുടിച്ചു. ജി ഐപാഡിൽ net connect ചെയ്തു contact എടുത്തു വിളിക്കേണ്ട ആളെ വിളിച്ചു ആ ഭാഗം ക്ലിയർ ആക്കി. “ബംഗാളിൽ “ നിന്നുള്ള കോൾ ആയിരുന്നതുകൊണ്ട് ഞങ്ങളും ആ കടയിലെ ചേട്ടനും മിണ്ടാതെ ഇരുന്നു.
ഇനി ഫോൺ കൽപറ്റയിൽ നിന്നോ കോഴിക്കോട് നിന്നോ ശെരിയാക്കണം.തിരികെ ഓഫീസിലെത്തി. രണ്ടു കുന്നും കയറിയ ഞങ്ങളെ മുൻപിലിരുന്ന ചേച്ചി അഭിനന്ദിച്ചു.
മൊബൈൽ ചാർജ് ചെയ്യാൻ ഇട്ടു. ഞങ്ങൾ താഴെ മീൻമുട്ടി വാട്ടർഫാൾസിലേക്ക് നടന്നു. അവിടുള്ള ഒരു ഗൈഡ് ചേച്ചിയോട് കുളിക്കാനൊരു സ്ഥലം സ്ഥലം ചോദിച്ചപ്പോൾ ഇവിടെ കുളിക്കാമെന്നും അല്ലെങ്കിൽ നല്ലൊരു സ്ഥലമുള്ളത് “കുറച്ചു “ ദൂരമുണ്ടെന്നും പറഞ്ഞു.
തമിഴനായ പൃഥ്വി പറയുന്നത് അവിടെ പോകാമെന്നാണ്. കുറച്ചു ദൂരമെന്നു അല്ലേ ചേച്ചി പറഞ്ഞത് എന്നാണ് സംശയം. ആ കുറച്ചു അല്ല ഈ “കുറച്ചു “ എന്ന് പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ടി.
അവിടെ ഇറങ്ങി കുളിച്ചു ഫ്രഷായി. തിരികെ വരുമ്പോ ഒരു അമ്മച്ചിയുടെ കടയിൽ നിന്ന് നല്ലൊരു കാപ്പി കുടിച്ചു. ചേച്ചിയുടെ ശെരിക്കുള്ള നാട് മൂലമറ്റം ആണത്രേ.
ഒരു ഓട്ടോയിൽ ഞങ്ങൾ ബാണാസുര ഡാമിലെത്തി. ജിയും പൃഥ്വിയും മടുത്തു.
“ഡേയ് പൃഥ്‌വി , ചാടി ചാടി നിക്കടാ “
“പാസിക്കതു ഡാ “
അപ്പോ അതാണ് കാര്യം. നല്ല വിശപ്പുണ്ട് അവനു. കൽപറ്റയിൽ നിന്ന് കഴിക്കാം എന്നും പറഞ്ഞു ഞാൻ അവനെ സമാധാനിപ്പിച്ചു.
സ്പീഡ് ബോട്ടിന്റെ ടിക്കറ്റു തീർന്നിരുന്നു. എങ്കിൽ പിന്നെ കയാക്കിങ് ചെയ്യാമെന്നായി. പണ്ട് ഒരിക്കൽ ചെയ്തിട്ടുണ്ട് ഞാൻ ഇവിടെ.
കയാക്കിങ് അര മണിക്കൂർ ആണ് സമയമെങ്കിലും ഞങ്ങൾ ഒരു 15 മിനിട്ടു കൂടെ എടുത്തു.
ഇനി മടക്കം
ഓട്ടോവിൽ പടിഞ്ഞാറത്തറ വരെ. അവിടെ ഓട്ടോ ഇറങ്ങിയപ്പോ തന്നെ കല്പറ്റ ബസെത്തി.കൽപറ്റയിൽ മൊബൈൽ നന്നാക്കാൻ ശ്രമിച്ചപ്പോൾ ഏതാണ്ട് ആറായിരം രൂപ വരും.അതുകൊണ്ട് അതിനു നിന്നില്ല. ചായയും ചെറുകടിയും കഴിച്ചു വിശപ്പ് അടക്കി. കോഴിക്കോട് ചെന്ന് ബിരിയാണി കഴിക്കാൻ ആണ് പ്ലാൻ.
വേഗം തന്നെ കോഴിക്കോട് ബസ് കിട്ടി. ബിരിയാണി തീർന്നു പോകുമോ എന്ന പേടിയുണ്ട്. കോഴിക്കോട് ബിരിയാണി വാങ്ങി തരാമെന്നും പറഞ്ഞിട്ടാണ് പ്രിത്വിയെ കൊണ്ട് വന്നിരിക്കുന്നത്.
ഞാൻ പാരഗണിൽ വിളിച്ചപ്പോൾ ബിരിയാണി ഉണ്ട് പക്ഷേ ഉടനെ തീരുമെന്ന് പറഞ്ഞു. ഞങ്ങൾ സ്റ്റാൻഡിൽ ഇറങ്ങി വേഗം നടന്നു പാരഗണിൽ എത്തിയപ്പോ മൂന്ന് കടയിലും തിരക്ക്. ഒടുവിൽ സീറ്റ് കിട്ടി ഇരുന്ന ഞങ്ങൾക്ക് അവിടത്തെ അവസാനത്തെ ബിരിയാണിയാണ് കിട്ടിയത്.
ഞങ്ങളുടെ തിരികെ പോകാനുള്ള ട്രെയിൻ ടിക്കറ്റും കൺഫേം ആയിട്ടില്ല. അതുകൊണ്ട് ഏതോ ഒരു ബസ് ബുക്ക് ചെയ്തു. Ksrtc എല്ലാം സോൾഡ് ഔട്ട് ആയിരുന്നു
നല്ല ക്ഷീണമുള്ളതുകൊണ്ട് വേഗം ഉറങ്ങി. പക്ഷേ ഞങ്ങളുടെ ദുരന്തങ്ങൾ അവസാനിച്ചിട്ടില്ല എന്ന് രാവിലെ എണീറ്റപ്പോൾ മനസ്സിലായി. ആലപ്പുഴ എത്തിയതെ ഉള്ളു. അനങ്ങി അനങ്ങി പോകുന്നത് കണ്ടപ്പോ തിരുവനന്തപുരം എത്താൻ ഉച്ചയാകുമെന്ന് മനസിലായി.
അതിനെ ചൊല്ലി ഡ്രൈവറും യാത്രക്കാരും അടിയായി. മോർണിംഗ് ഫ്ലൈറ്റിൽ രാവിലെ പത്തിന് എത്താമെന്ന് പറഞ്ഞ ജിയും നല്ല ചീത്ത പറഞ്ഞു. സ്പീഡ്ലിമിറ്റ് 80 ആണെന്ന് ഡ്രൈവർ പറഞ്ഞപ്പോൾ “ ഇപ്പോ ഓവർടേക്ക് ചെയ്തുപോയ ഓട്ടോ എൺപതിലാണോടോ പോയത്” എന്നും ചോദിച്ചു ജി ചൂടായി.
പതിനൊന്നരയ്ക്ക് ടൗണിലെത്തിയ ഇവർ വഴിതെറ്റിച്ചു പോകുന്ന കണ്ടപ്പോൾ ഞങ്ങളിറങ്ങി. ഒടുവിൽ ഓട്ടോ വിളിച്ചു തമ്പാനൂർ എത്തി.






























































Leave a Comment