Agasthyaarkoodam Trekking 2024 അഗസ്ത്യാർകൂടം ട്രെക്കിങ്ങ് | Kerala

 

                              


“അങ്ങനെ വോളിനി രഹിത അഗസ്ത്യാര്കൂടം ട്രെക്കിങ്ങ് പൂർത്തിയായി “ 


അരവിന്ദൻ ട്രെക്കിങ്ങ് കമ്പ്ലീറ്റ് ചെയ്തു ബോണക്കാട് പിക്കറ്റ് സ്റ്റേഷനിൽ എത്തിയപ്പോൾ ആദ്യം പറഞ്ഞത് ഇതാണ്. കഴിഞ്ഞ രണ്ടു തവണയും വോളിനിയിൽ കുളിച്ചു എന്ന ചീത്ത പേര് അരവിന്ദൻ മാറ്റി. ഇനി  പേര് മാറ്റാൻ വേണ്ടി വേദന കടിച്ചമർത്തിയതാണോ  എന്ന് അവനു മാത്രം അറിയാം. ഇത്തവണ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും പോയതിൽ വച്ച് ഏറ്റവും നല്ല എക്സ്പീരിയൻസ് ഇത്തവണ ആയിരുന്നു.


ഇത്തവണ പതിവിൽ കവിഞ്ഞ ഹൈപ്പ് ഉണ്ടായിരുന്നു അഗസ്ത്യാർകൂടം ബുക്കിങ്ങിനു. ഇൻസ്റ്റാഗ്രാം വഴിയും ഫേസ്ബുക്ക് വഴിയും നാട്ടുകാർ മൊത്തം നോട്ടിഫിക്കേഷൻ വന്നതറിഞ്ഞു .അതുകൊണ്ടു തന്നെ ഇത്തവണ ടിക്കറ്റു കിട്ടുന്ന കാര്യം കഷ്ടമാണെന്നു ആദ്യമേ മനസ്സിലായി.പ്രണവിലായിരുന്നു എന്റെ പ്രതീക്ഷ. ഞങ്ങളുടെ എല്ലാം തത്ക്കാൽ ടിക്കറ്റ് ബുക്ക് ചെയ്തു തരുന്നത് കക്ഷിയാണ്. അഗസ്ത്യാർകൂടം ബുക്കിങ്ങിനും അത്രയും ബുദ്ധിമുട്ടാണ്.അതിനു പറ്റിയ ആൾ പ്രണബ് ദാ (പ്രണവ് ) ആണ്. ബുക്കിങ്ങിനു തൊട്ടുമുമ്പേ ലാപ്ടോപ്പ് ഓൺ ആവുന്നില്ല എന്നും പറഞ്ഞു എന്നേ പേടിപ്പിച്ചെങ്കിലും അത് പെട്ടെന്ന് തന്നെ ശരിയായി. ബുക്കിങ് തുടങ്ങി ഞങ്ങൾ രണ്ടാളും പേയ്മെന്റ് വരെ എത്തിയെങ്കിലും കുറെ നേരം കഴിഞ്ഞു ടൈംഡ് ഔട്ട് ആയി. പിന്നെ കിട്ടുന്നുമില്ല. അപ്പോ ഞങ്ങൾ split ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ ആദ്യം രണ്ടു പേർക്ക് , പിന്നെ ഒരാൾക്ക് വീണ്ടും ഒരാൾക്ക് , വീണ്ടും ഒരാൾക്ക് . അങ്ങനെ ഒരേ ദിവസം തന്നെ അഞ്ചാൾക്കും ടിക്കറ്റു കിട്ടി….


ടിക്കറ്റായി. ഇനി അങ്ങ് പോയാൽ മതി.ഞാനും പ്രണവും വിഷ്ണുവും അരവിന്ദും അരവിന്ദിന്റെ ചേട്ടൻ നന്ദു ചേട്ടനും ആണ് വരുന്നത്.  പ്രണവ് ബോക്സിങ്ങിനു പോകുന്നുണ്ട്, ഞാൻ സൈക്ലിങിനും. ഊക്കൻ (അരവിന്ദ്) ഇത്തവണ രണ്ടും കൽപ്പിച്ചാണ്. ആൾ ഒരുപാട് നടന്നു പ്രാക്ടീസ്  ചെയ്യുന്നുണ്ട്.വിഷ്ണുവിനോട് നടന്നു പ്രാക്ടീസ് ചെയ്തോളു എന്ന് പ്രണവ് പറഞ്ഞു.നന്ദു ചേട്ടന് ലീവ് കിട്ടാത്തോണ്ടു ആൾക്ക് വരാൻ സാധിക്കില്ല എന്നു പറഞ്ഞു. നന്ദു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ സുഖമായി കാറിനു ബോണക്കാട് വരെ പോകാമായിരുന്നു. ഇനിയിപ്പോ ബൈക്കിനു വേണം പോകാൻ.


തയ്യാറെടുപ്പുകൾ തുടങ്ങി.എല്ലാവര്ക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഒപ്പിച്ചു.എന്റെ പഴയ ആധാർ കാർഡ് കണ്ടു കഴിഞ്ഞ തവണ ബോണക്കാടിലെ ലേഡി ഓഫീസർ കളിയാക്കിയതാണ്.ഇത്തവണ അതുകൊണ്ട് പുത്തൻ പുതിയ ആധാർ കാർഡ് കൊണ്ടാണ് പോകുന്നത്. ഷൂ വീണ്ടും തുന്നി ശരിയാക്കി. Knee ക്യാപ് ഒരെണ്ണം വാങ്ങി, സോക്സ് വാങ്ങി, വെള്ളത്തിൽ കലക്കാൻ ഹൈഡ്രേഷൻ പൌഡർ വാങ്ങി. ബിസ്കറ്റും കുറച്ചു സ്നിക്കേഴ്സും വാങ്ങി.പതിവുപോലെ ലിജോ ബ്രോയുടെ ജാക്കറ്റ്   വാങ്ങി. ഇതേ ജാക്കറ്റ്  മൂന്നാം തവണയാണ് അഗസ്ത്യാർകൂടം കയറുന്നത്.സ്നാക്ക്സ് വാങ്ങാൻ പോയപ്പോൾ ഞാനൊരു പൈനാപ്പിൾ കാൻഡി ടിൻ വാങ്ങി.തലേ ദിവസം  വിഷ്ണു കോഴിക്കോട് നിന്ന് എത്തി. മൂന്നു ദിവസം ഇനി വിളിച്ചാൽ കിട്ടില്ല എന്ന് പറയേണ്ടവരോട് ഒക്കെ പറഞ്ഞു.

            
                                            



ഒന്നാം ദിവസം ബോണക്കാട് നിന്നും അതിരുമല ക്യാമ്പിലേക്ക് പോകും. അവിടെ താമസിച്ചു അടുത്ത ദിവസം രാവിലെ പീക്കിലേക്ക് പോയി തിരികെ ഉച്ചയോടെ ക്യാമ്പിലെത്തും. അവിടെ അന്നും താമസിച്ചു മൂന്നാം ദിവസം രാവിലെ ബോണക്കാടിലേക്ക് തിരികെ വരും. ഇതാണ് പരിപാടി.



രാവിലെ അഞ്ചരയ്ക്ക് ഞങ്ങൾ തിരുവനന്തപുരത്തു നിന്നും യാത്ര തുടങ്ങി. എന്റെ ബാഗിന് നല്ല weight ഉണ്ട്.  കഴിഞ്ഞ തവണ കൊണ്ടുപോയതേ ഇത്തവണയും എടുത്തിട്ടുള്ളു. ഒരു സ്ലിപ്പർ എക്സ്ട്രാ ഉണ്ട്. അരവിന്ദിന്റെ ബൈക്കിന്റെ പുറകിൽ ഇരുന്നു എനിക്ക് നടുവ് വേദന എടുത്തു. ഇന്ന് കേറുമ്പോൾ എന്താകുമോ എന്തോ ..


                                          

                                              

ഇടയ്ക്കൊരു ചായ കുടിക്കാൻ നിർത്തി. ഊക്കൻ(അരവിന്ദ്) ക്യാമ്പിൽ ഇരുന്നു കാണാൻ into the wild സിനിമ ഡൌൺലോഡ് ചെയ്തിട്ടുണ്ടെന്നു പറഞ്ഞു. പണ്ട് ബുക്ക് കൊണ്ടുപോയ ഊക്കനെ ഞങ്ങൾ കളിയാക്കിയിട്ടുണ്ട്.അതുകൊണ്ട് ഇത്തവണ ആൾ ബുക്ക് എടുത്തില്ല.


“എബി ഇത്തവണ നമ്മുക്ക് കേദാർകന്ത പോകണം “  ( ആൾ ഫുൾ ട്രിപ്പ് മൂഡിലായി )


“എന്റെ ഊക്കാ, കൊല്ലം നാലായില്ലേ ഇതും പറഞ്ഞു പറ്റിക്കുന്നു, നിനക്കിത്  നിർത്തികൂടെ ?”


 (അരവിന്ദ് നാലു കൊല്ലം മുൻപേ പ്ലാൻ ഇട്ടതാണ്. ഞങ്ങളൊക്കെ ആദ്യത്തെ തവണ പൈസ വരെ സേവ് ചെയ്തു സെറ്റ് ആക്കി. പക്ഷേ ഇതുവരെ പോയിട്ടില്ല. എല്ലാ വർഷവും ഇവൻ ഈ പ്ലാൻ കൊണ്ടു വരും.)


“ഞാനിതു ബ്ലോഗിൽ എഴുതും നോക്കിക്കോ “


ഞങ്ങൾ ഏതാണ്ട് ഏഴര ആയപ്പോൾ ബോണക്കാട് എത്തി. 


പഴയ ടീ ഫാക്ടറിയിൽ നിർത്തി. രണ്ടു ചേച്ചിമാരും ഒരു പെൺകുട്ടി ഒറ്റയ്ക്കും ആ വഴി പോയി. ഒരു പയ്യൻ വന്നു ഞങ്ങളോട് വഴി ചോദിച്ചു. എല്ലാവരും ബോണക്കാട് പിക്കറ്റ് സ്റ്റേഷനിലേക്കാണ്. ഞങ്ങളും വണ്ടിയെടുത്തു. ബോണക്കാട് ബസ് സ്റ്റോപ്പ് കഴിഞ്ഞു പിന്നെ ഓഫ്‌റോഡ് ആണ്. ചേച്ചിമാർ സ്‌കൂട്ടറിൽ ആയതുകൊണ്ട് കുറച്ചു കഷ്ടപെടുന്നുണ്ട്.









സ്ഥലത്തെത്തി. ഇനി കുറച്ചു പരിപാടികൾ ഉണ്ട്. ബ്രേക്ഫാസ്റ്റിനും ഉച്ചയ്ക്കുള്ള ഭക്ഷണത്തിനും ടോക്കൺ എടുക്കണം. കുത്തി നടക്കാനുള്ള വടി പൈസ കൊടുത്തു വാങ്ങണം.പാസ് അവിടെ കൊടുക്കണം. പേര് വിളിക്കുമ്പോൾ ഐഡി കാർഡും മെഡിക്കൽ സർട്ടിഫിക്കറ്റും കാണിക്കണം. ഇതെല്ലാം കഴിഞ്ഞു. 


ബ്രേക്ഫാസ്റ്റിനു പൂരിയും കടലക്കറിയും ആണ്. കടലക്കറിക്ക് നല്ല ഉപ്പായിരുന്നു.കുറച്ചു കട്ടൻചായ മിക്സ് ചെയ്തു പ്രണബ് ദ അത് പരിഹരിച്ചു !. എല്ലാവരും ഒരു കട്ടൻ കൂടി കുടിച്ചിരുന്നു.


ഉപ്പു കൂടിയത് കട്ടൻചായ വച്ച് ബാലൻസ് ചെയുന്ന ചെയുന്ന പ്രണബ് ദാ 

അരവിന്ദ് 



പേര് വിളിച്ചപ്പോൾ ഓരോരുത്തരായി ചെന്ന് ബാഗ് തുറന്നു കാണിക്കണം. പൂജയ്ക്കുള്ള വസ്തുക്കളും പ്ലാസ്റ്റിക്കും കൊണ്ടുപോകാൻ പറ്റില്ല. പ്ലാസ്റ്റിക് ഉണ്ടെങ്കിൽ അതിന്റെ നമ്പർ കൊടുത്തു ഇരുനൂറു രൂപ അടയ്ക്കണം. ഞങ്ങൾ നാലു പേരും നേരത്തെ വഴി ചോദിച്ച പയ്യനും ഒറ്റയ്ക്ക് വന്ന പെൺകുട്ടിയും രണ്ടു കപിൾസുമാണ്‌ ഒരു ഗ്രൂപ്പ്. പയ്യനെ പരിചയപെട്ടു പേര് ആകാശ്. അവന്റെ വീട് PTP നഗർ ഫോറെസ്റ് ഓഫിസിന്റെ അടുത്താണ്. അവൻ ഇന്നലെ അവിടെ വൈകുന്നേരം വരെ ക്യു നിന്ന് ടിക്കറ്റു ഒപ്പിച്ചതാണ്.


                              
                                   


നടന്നു തുടങ്ങി. കപ്പിൾസിൽ ഒരാളുടെ പേര് മനിഷേട്ടൻ.ആള് തിരുവനന്തപുരത്തു ജോലി ചെയുന്നു. കുറേ ദൂരം എല്ലാവരും ഒരുമിച്ചാണ് നടന്നത്. മുൻപേ നടന്ന ചേച്ചി സെൽഫി വീഡിയോ എടുക്കുന്നുണ്ട്. 


“ചേച്ചി, വീഡിയോ ആണോ ?”


“അതെ “


“പറയണ്ടേ …..എന്റെ കുടവയർ അതിൽ പെട്ടു “


കുറച്ചു ദൂരം കഴിഞ്ഞും ചേച്ചി വീഡിയോ എടുക്കുന്നു. ഇനിയിപ്പോ ആൾ വ്ലോഗെർ ആണോ ?


“ചേച്ചി വ്ലോഗ്ഗെർ ആണോ ?”


“ഏയ് അല്ല, വെറുതെ സ്റ്റാറ്റസ് ഇടാൻ വീഡിയോ എടുക്കുന്നതാ “


ഇടയ്ക്ക് ഒറ്റയ്ക്കു വന്ന കുട്ടിയേയും എല്ലാരും പരിചയപെട്ടു. പേര് ആഷ്‌ന , തൃപ്പൂണിത്തുറയിൽ നിന്നും സ്കൂട്ടർ ഓടിച്ചു എത്തിയ ആളാണ്. മഹാരാജാസിൽ നിന്നും zoology കഴിഞ്ഞു നിക്കുന്നു.

























                                                    


                                                            
                                                    

                                                    

മനിഷേട്ടൻ 

                                                     


ആദ്യത്തെ ബ്രേക്ക് എടുക്കുന്ന സ്ഥലത്തെത്തി. എല്ലാവരും വെള്ളം നിറച്ചു. ഫോട്ടോസും എടുത്തു.ഞങ്ങൾ ഇത്തവണ ഹൈഡ്രേഷൻ പൌഡർ കൊണ്ട് വന്നിട്ടുണ്ട്. പ്രണബ് ദ അതെടുത്തു കലക്കി. ആ ബോട്ടിൽ തുറന്നപ്പോൾ നല്ല പൊടി എല്ലാടത്തുമായി . ആരെങ്കിലും കണ്ടാൽ പ്രണബ് ദാ  ഒരു ഹോമം നടത്തിയപോലുണ്ട്. ഫോറെസ്റ്റുകാർ കണ്ടാൽ പൂജ വസ്തു ആണോ എന്ന് ചോദിയ്ക്കാൻ ചാൻസുണ്ട്. ഞാൻ വീട്ടിൽ നിന്നേ കലക്കി കൊണ്ടാണ് വന്നേക്കുന്നത്. 


ഫോട്ടോസെടുത്തു അരുവി ക്രോസ്സ് ചെയുമ്പോൾ ആഷ്‌ന ഒരു അട്ടയെ ചൂണ്ടി കാണിച്ചു. ഞാൻ അതിനെ വടി കൊണ്ട് തട്ടി വെള്ളത്തിലിട്ടു.


“അത് ചത്ത് പോകും “


ആഷ്‌ന അതിന്റെ എടുത്തു കൊടുക്കാൻ ആണ് ഉദേശിച്ചത് !!!! 



(അട്ടയെ കാണുന്നതേ എന്തോ പോലെ ആണ്, ഞാൻ അതിനെ ഏടുക്കാനോ ?”)


“താൻ zoology തന്നെ.”


മനിഷേട്ടനും ഫ്രണ്ടും ഒരുമിച്ചു ഇരിക്കുന്നു.


“മനിഷേട്ടാ ഞാൻ ഒരു ഫോട്ടോ എടുത്തോട്ടേ “


“എടുത്തോ….ഫോട്ടോ എടുക്കാനാ ഞങ്ങൾ ഇങ്ങനെ ഇരിക്കുന്നേ “


ഞാൻ അവരുടെ ഫോട്ടോ എടുത്തു 


“ഇതെങ്ങനെ അയക്കും “


“നമ്മൾ രണ്ടു ദിവസം ഉണ്ടല്ലോ, അതൊക്കെ ശെരിയാക്കാം “



മനിഷേട്ടനും പ്രോ ട്രെക്കർ കൂട്ടുകാരിയും.

                                        


പിന്നെ ഞങ്ങൾ ആ ഗ്രൂപ്പിനെ കണ്ടതേയില്ല. ഞങ്ങൾ അഞ്ചുപേരും ഒരുമിച്ചു നടന്നു.



“ഈ മരം ഇപ്പോഴും ഇവിടെ ഉണ്ടല്ലോ “?  ഒരു മരം വഴിയിൽ കണ്ടപ്പോ അരവിന്ദൻ പറഞ്ഞു.


“മരം എണീറ്റ് പോവില്ലലോ ഊക്കാ  ? “


“ഡേയ് ഡേയ്, നീ തമാശിക്കാതെ“


കുറച്ചു നടന്നപ്പോൾ ഒരു momentum കിട്ടി. ഞാനും പ്രണബ് ദായും നല്ല സ്പീഡിൽ വിട്ടു. കുറേ ദൂരം കഴിഞ്ഞു ഞങ്ങൾ ഒരു അരുവിയിൽ നിന്നു . ഞാൻ ഷൂസ് ഊരി കാൽ വെള്ളത്തിൽ മുക്കി വച്ചു . ആകാശ് പുറകിലെത്തി. അരവിന്ദും വിഷ്ണുവും വരുന്നത് വരെ വെയിറ്റ് ചെയ്തു. വെള്ളവും നിറച്ചു ഫോട്ടോസെടുത്തു അവിടെ കുറച്ചു നേരം ഇരുന്നു. 

     






ആകാശ് മോൻ 



മുങ്ങി കുളിക്കുന്ന ഒരു വെള്ളച്ചാട്ടം ഉണ്ട്. അവിടെ ഒരു മരം ഉണ്ട് 


“ഊക്കാ ദേ ആ മരം അതേപോലെ കിടക്കുന്നു “


“ഓ ഞാൻ മുന്നേ പറഞ്ഞപ്പോ…..”


“ഞാൻ നിന്നെ കളിയാക്കിയതാ ചെക്കാ “


പിന്നെ നിന്നത് അട്ടയാറിലാണ്. അവിടെ വച്ചാണ് ഭക്ഷണം കഴിക്കുന്നത്. കഴിഞ്ഞ തവണ കിട്ടിയ കരിഞ്ഞ സാംബാർ ഓർമ വന്നു. ഇത്തവണ സാംബാർ നല്ലതാണു എന്നാണ് അരവിന്ദ് പറയുന്നത്.ഞങ്ങൾ ഭക്ഷണം കഴിച്ചു വെള്ളം കുടിച്ചു. 




  



ഇനിയാണ് ബുദ്ധിമുട്ടുള്ള ഭാഗം തുടങ്ങുന്നത്. ആദ്യം പുൽമേടാണ് ചെറിയ കയറ്റവും.നല്ല വെയിലും കാണും.അത് കേറി തളർന്നു കഴിയുമ്പോൾ മുട്ടിടിച്ചാൽ മല കയറണം. ആകാശ് ആദ്യമായാണ് വരുന്നത്. അതുകൊണ്ട് ഞങ്ങൾ അവനു ഇതിനെപറ്റി ഒരു ബ്രീഫിങ് കൊടുത്തിരുന്നു.


        






പുൽമേട് കേറിയതും പ്രണബ് ദാ മുൻപിൽ നടന്നു. ഞാനും ആകാശും പുറകിൽ . വിഷ്ണുവിനെയും അരവിന്ദിനെയും ഇപ്പോഴേ കാണാനില്ല. എന്റെ ഷൂ ലേസ് ഇടയ്ക്ക് ഇടയ്ക്ക് അഴിയുന്നുണ്ട്. അത് കെട്ടാൻ കുനിയാൻ നല്ല ബുദ്ധിമുട്ടാണ്. 




“ആകാശേ  അകലെ ഒരു കുന്നു കണ്ടോ ?”


“കണ്ടു “


“നമ്മൾ അതിലെയാണ് കയറാൻ പോകുന്നത്”


“അതാണോ മുട്ടിടിച്ചാൽ മല “


“അല്ല അത് കഴിഞ്ഞൊരു നല്ല കയറ്റം ഉണ്ട് അതാണ് മുട്ടിടിച്ചാൽ മല “



ആദ്യത്തെ ഭാഗം കഴിഞ്ഞു ഞങ്ങൾ തണലിലേക്ക് കയറി. അതിനുമുന്നെ ഒരാളെ കണ്ടു. ആൾ ലാസ്‌റ് ബാച്ച് ആണ്.പക്ഷേ നടന്നു നടന്നു മുന്നിലെത്തി. അതിന്റെ അഹങ്കാരം ആ മുഖത്തും സംസാരത്തിലുമുണ്ട്.


ആകാശിന്റെ ഓറഞ്ചും കഴിച്ചു ഞങ്ങൾ വീണ്ടും നടന്നു. നേരത്തെ കണ്ട കുന്നും കയറി മുട്ടിടിച്ചാൽ മലയിലേക്ക് കയറി. കിതച്ചു കിതച്ചാണെങ്കിലും ഞങ്ങൾ കയറിപറ്റി. ഇന്ന് പീക്കിലേക്ക് പോയി ഇന്ന് തന്നെ തിരികെ  ബോണക്കാടിലേക്ക് പോകുന്നവരെ വഴിയിൽ കാണുന്നുണ്ട്. പലർക്കും വോളിനിയുടെ മണമുണ്ട്.


ഞങ്ങൾ എന്തായാലും മൂന്നു ദിവസവും നിന്നിട്ടേ വരുന്നുള്ളു.ഇത്ര കഷ്ടപ്പെട്ട് കിട്ടിയ ടിക്കറ്റല്ലേ , എന്തിനാ ഇത്ര ധൃതി പിടിച്ചു പോകുന്നേ ?


“ഇനി കുറച്ചു നടന്നാൽ എത്തിയെടാ “


ആകാശിനു സമാധാനമായി.  ആകാശ് മുൻപേ വന്നിട്ടൊന്നുമില്ലെങ്കിലും നല്ല സ്പീഡിൽ വരുന്നുണ്ട്.കേറാനുള്ളൊരു mindset പയ്യനുണ്ട്.





ഞങ്ങൾ ക്യാമ്പിലെത്തി.പാസ് കാണിച്ചു. അരവിന്ദും വിഷ്ണുവും പുറകെ വരുന്നുണ്ട് എന്ന് പറഞ്ഞു ഞങ്ങൾ നേരെ ബാഗ് വയ്ക്കാൻ പോയി.ഉടനെ തന്നെ കുളിക്കാനും പോയി. 


ഭാഗ്യം അരുവിയിൽ ആരുമില്ല. മുൻപേ രണ്ടു തവണ വന്നപ്പോഴും ഇവിടെ വന്നു കുളി മുടക്കിയിട്ടില്ല.അതിനു വേണ്ടിയാണു ക്യാമ്പിൽ എത്തിയാൽ ഉടനെ ഇവിടെ വരുന്നത്. കുറച്ചു കഴിഞ്ഞാൽ ഇവിടെ തിരക്കാവും.


നല്ല തണുത്ത വെള്ളം !!! 


ആദ്യം ഇറങ്ങാൻ ബുദ്ധിമുട്ടായിരുന്നെകിലും ഒന്ന് മുങ്ങിയപ്പോൾ ശരിയായി.വെള്ളത്തിൽ കുറച്ചു നേരം കിടന്നപ്പോൾ ക്ഷീണമൊക്കെ പോയി. വെയിലത്ത് തോർത്തും വിരിച്ചിട്ടു ഞങ്ങൾ അവിടിരുന്നപ്പോൾ അരവിന്ദും വിഷ്ണുവും എത്തി. അവരും കുളിച്ചു.



                                                            
                                               







                                                


                                                
                                                                     


അതിരുമലയിൽ നിന്നും അഗസ്ത്യാർകൂടം 

                                                    



ഞങ്ങൾ ബാഗ് വച്ചതു പണ്ട് കിടന്ന ക്യാമ്പിലാണ്. അരവിന്ദ് പറഞ്ഞു മറ്റേ ക്യാമ്പിൽ വയ്ക്കാം അതാകുമ്പോൾ ചെറിയ elevation ഉണ്ട് അതുകൊണ്ട് പാമ്പ് കേറില്ലായിരിക്കും.അതുകൊണ്ട് ഞങ്ങൾ ബാഗ് എടുത്തു രണ്ടാമത്തെ ക്യാമ്പിൽ ബാഗു വച്ചു . 


ക്യാമ്പ് 
   


ക്യാന്റീനിൽ ചെന്ന് കട്ടൻ കാപ്പിയും മുളക് ബജിയും കഴിച്ചു. കൂട്ടത്തിൽ രാത്രിയിലേക്കുള്ള കഞ്ഞിക്ക് കൂപ്പണും എടുത്തു. കൂപ്പൺ തന്ന ചേട്ടന് കണക്കു തെറ്റി.ഇരുപതു രൂപ ഞാൻ അങ്ങോട്ട് കൊടുക്കാനുണ്ട്.


ഞാൻ ചെന്ന് കാര്യം പറഞ്ഞപ്പോൾ അങ്ങേരു ‘ആ ആ ആ’ എന്നൊക്കെ പറഞ്ഞെങ്കിലും ആൾക്ക് ഓർമയില്ല എന്നുറപ്പാണ്. എങ്കിലും ഇരുപതു രൂപ അങ്ങോട്ട് കൊടുത്തു ഞങ്ങൾ പോന്നു . ഇടയ്ക്ക് ഇടയ്ക്ക് ഞാൻ കൊണ്ടുവന്ന പൈനാപ്പിൾ കാൻഡി തീർക്കാൻ വേണ്ടി ഇവർക്ക് കൊടുത്തുകൊണ്ടേ ഇരുന്നു. അത് ഒരു ഇരുന്നൂറ് ഗ്രാമുണ്ട്.അത് തീർത്താൽ അത്രയും തിരികെ ഭാരം കുറയുമല്ലോ .


ക്യാമ്പിൽ ഒരു ചങ്ങാതി മെഡിറ്റേഷൻ ചെയുന്നു. ആളുടെ ശ്വാസം എടുക്കുന്ന സൗണ്ട് കാരണം ആ ക്യാമ്പിലെ ആർക്കും സ്വസ്ഥത ഇല്ല. ചുമ്മാ ഓരോന്ന് പറയിപ്പിക്കാനായിട്ടു ഓരോന്ന് വന്നോളും.കഴിഞ്ഞ തവണ ഒരു യോഗ ചേട്ടൻ ഉണ്ടായിരുന്നു. പക്ഷേ അങ്ങേര് പുറത്തു ഒരു പായ വിരിച്ചു ശബ്ദമൊന്നും ഉണ്ടാകാതെ ചെയ്തിട്ട് പോയി. ഇത് നല്ല ശല്യമായിരുന്നു. ചെറുതായൊന്നു കിടന്നു എണീറ്റപ്പോൾ സമയം ഏഴായി. നല്ല വിശപ്പുള്ളതുകൊണ്ട് നേരെ കഞ്ഞി കുടിക്കാൻ കയറി. കഞ്ഞിയും പയറും നല്ല ഒന്നാന്തരം നാരങ്ങാ അച്ചാറും പപ്പടവും. 


“ഊക്കാ , നമ്മുക്ക് ചെന്നിട്ട് ബറോട്ടയും ബീഫും കഴിക്കണ്ടേ ? “


ആദ്യ തവണ വന്നപ്പോൾ ഒരു ദിവസം കഞ്ഞി കുടിച്ചിട്ട് അരവിന്ദ് ഇറക്കിയ ഡയലോഗ് ഉണ്ട് 


“ ഡേയ് നമ്മൾ എത്ര നാളായി കഞ്ഞി കുടിക്കുന്നു തിരികെ ചെന്നിട്ട് നല്ല ബറോട്ടയും ബീഫും കഴിക്കണം “  (ഊക്കന് പൊറോട്ട, ബറോട്ട ആണ് )


ഞങ്ങൾ അതും പറഞ്ഞു ഇപ്പോഴും കളിയാക്കും.


ഞങ്ങൾ കഞ്ഞി കുറച്ചധികം കുടിച്ചു. അച്ചാറും പയറും വീണ്ടും വീണ്ടും വാങ്ങി. രാവിലത്തേക്ക് കൂപ്പൺ വാങ്ങി. ഞാനും അരവിന്ദും ഉപ്പുമാവും കടലയും വിഷ്ണുവും പ്രണവും പൂരിയും കടലയും ആണ് പറഞ്ഞത്.

   





ഇനി വാനനീരീക്ഷണം ആണ് പരിപാടി. കഴിഞ്ഞ തവണ ഞങ്ങൾ കുറെ സാറ്റലൈറ്റ് കണ്ടിരുന്നു. ഇത്തവണ കുറേ നോക്കിയിട്ടും കുറച്ചേ കണ്ടുള്ളു. ഞങ്ങൾ കൈയിലുള്ള ഫോണിലൊക്കെ ഫോട്ടോസെടുത്തു നോക്കി.


            






മനിഷേട്ടനും കൂട്ടുകാരിയും അവിടെ ഇരിപ്പുണ്ട്. ആളുടെ നടത്തത്തിൽ എന്തോ ഒരു അപാകതയുണ്ട്. ഇന്ന് കേറിയപ്പോൾ പറ്റിയതാവാം.


വ്ലോഗ്ഗെർ ചേച്ചിയും ചേട്ടനും കപിൾ ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നത്.അവർ അതിലെ ഇതിലേ നടപ്പുണ്ട്.


നല്ല തണുപ്പുണ്ട്. ഞങ്ങൾ ഏതാണ്ട് ഒൻപതായപ്പോൾ അകത്തു കയറി. ഒൻപതിന് ലൈറ്റ് ഓഫ് ചെയ്യും.അതിനുമുന്നെ ബെഡ്ഷീറ്റ് വിരിച്ചു കിടന്നു. അതിനുമുന്നേ ഞാൻ പൈനാപ്പിൾ കാൻഡി വിതരണം തുടർന്നു,ക്ഷീണം ഉള്ളതുകൊണ്ട് അത്യാവശ്യം ഉറങ്ങി. അരവിന്ദിന് നല്ല ഉറക്കം കിട്ടിയില്ല. രാവിലെ അഞ്ചരയ്ക്ക് എണീറ്റു.ക്യാന്റീനിൽ പോയി കട്ടൻ കാപ്പി കുടിച്ചു.വാഷ്‌റൂമിൽ തിരക്കാവുന്നതിനു മുൻപേ കാര്യങ്ങൾ തീർത്താൽ അത്രയും നല്ലത്.  


ഇന്നാണ് നല്ല ബുദ്ധിമുട്ടുള്ള ഭാഗം. ഞങ്ങൾ ചെറിയ രണ്ടു ബാഗിൽ വെള്ളവും ചോക്ലേറ്റും എടുത്തു. ബ്രേക്ഫാസ്റ്റും വാങ്ങി അതിൽ വയ്ക്കണം. ഞാൻ knee ക്യാപ് ഇട്ടു. 


“വോളിനി അടികുന്നില്ലേ ഊക്കാ ? “


“ഇന്ന് ചിലപ്പോൾ ആവശ്യം വരും “


(ആദ്യ തവണ വന്നപ്പോൾ അരവിന്ദിന്റെ ഒരു അര കിലോമീറ്റർ വരെ വോളിനിയുടെ മണമായിരുന്നു , ആ ചീത്തപ്പേര് ഇതുവരെ പോയിട്ടില്ല “ )


“മുകളിൽ കോടയുണ്ടായാൽ മതിയായിരുന്നു “ അരവിന്ദിന്റെ ആഗ്രഹമാണ്. കഴിഞ്ഞ തവണ കോട കണ്ടില്ല. അതുകൊണ്ട് ഇത്തവണ കാണണം. മുൻപേ പോയവർ കോട കണ്ടോ എന്ന് എന്നോട് എല്ലാ ദിവസവും അവൻ ചോദിക്കുമായിരുന്നു.


ഏഴായപ്പോൾ ബ്രേക്ഫാസ്റ് വാങ്ങാൻ ക്യു നിന്നു . മനിഷേട്ടനാണ് മുന്നിൽ നിക്കുന്നേ ..


“മനിഷേട്ടാ കാലിനു എന്നാ പറ്റി ?”


“ എന്റെ പേര് ഓർക്കുന്നുണ്ടോ ? കാലിനു ഞാൻ ബാഡ്മിന്റൺ കളിച്ചു ഉപ്പൂറ്റിയ്ക് ചെറിയ പ്രശ്നം ഉണ്ടായിരുന്നു അതുകൊണ്ട് വേദനയുണ്ട് “


ഞാൻ ചേട്ടന്റെ നമ്പർ വാങ്ങി. ഫോട്ടോസ് അയച്ചേക്കാം എന്നു പറഞ്ഞു.

    
    
ആ ബാഗ് നിറയെ വോളിനിയാവും



ബ്രേക്ക്ഫാസ്റ്റ്  വാങ്ങി ഇറങ്ങി.അരവിന്ദ് പറന്നു പോകുന്നേ കണ്ടു. നടന്നു പ്രാക്ടീസ് ചെയ്തതിന്റെ കാണാനുണ്ട്.



പ്രണബ് ദായും സ്പീഡിൽ പോയി. ഞാനും ആകാശും പയ്യെ നടന്നു. വിഷ്ണു പുറകിൽ വരുന്നുണ്ട്.മുന്നേ പോകുന്ന ഒരാളുടെ പാന്റ് എന്റെ പോലത്തെ പാന്റ് ആണ്. ഡെക്കാത്‌ലോണിൽ നിന്നും വാങ്ങിയതാണ്. അവൻ ഇന്നലെ പാന്റ് ഇട്ടു. ഇന്ന് അതിന്റെ താഴ് ഭാഗം ഊരി ഷോർട്സ് പോലെയാക്കി. അപ്പോഴാണ് ഞാനും അതോർത്തത് , അങ്ങനൊരു സാധ്യത ഉണ്ടല്ലോ എന്ന്. എന്റെ knee ക്യാപ്  ഇട്ടതു ശെരിയായിട്ടില്ല. ഞാൻ പാന്റിന്റെ താഴെ ഊരി knee ക്യാപ് ശെരിയാക്കി 


സമാധാനം ! 


ആകാശ് ഏത്തപ്പഴവും ഓറഞ്ചും തന്നു. ഇല്ലിക്കാട് കഴിഞ്ഞു ചെന്നപ്പോൾ അരവിന്ദും പ്രണവും അവിടുണ്ട്. ഞാൻ എന്റെ പാന്റും ഷോർട്സ് ആക്കി.നല്ല കോടയുണ്ട്.


“അരവിന്ദാ സമാധാനമായില്ലേ “


“അതേടാ തൃപ്തിയായി “


അവിടെ നിന്ന് ഞങ്ങൾ ഫോട്ടോസെടുത്തു. 


“എബി , നിനക്ക് ഇതേ സ്ഥലത്തു നിന്ന് കുറേ ഫോട്ടോസ് കുറേയില്ലെടാ ….”


“എന്നാലും ഇരിക്കട്ടെ “

        







ഇനി അടുത്ത സ്റ്റോപ്പ് പൊങ്കാലപ്പാറയാണ്.അവിടേക്ക് ചെറിയൊരു കയറ്റം. അതും കഴിഞ്ഞു മുകളിലെത്തി.  കോട കാരണം ഒന്നും കാണാൻ വയ്യ. അഗസ്ത്യാർകൂടം കാണാൻ സാധിക്കുന്നില്ല. ഞങ്ങൾ ഇരുന്നു വിശ്രമിച്ചു. നെയ്യാറിന്റെ ഉത്ഭവം ഇവിടെ നിന്നാണ് എന്ന് കഴിഞ്ഞ തവണ മധു ചേട്ടൻ പറഞ്ഞിരുന്നു.


“അരവിന്ദാ നിന്നെ വോളിനി മണക്കുന്നുണ്ടല്ലോ …”


“പോടാ എന്റെ കൈയിൽ ഇല്ലാ വോളിനി , പിന്നെ എങ്ങനെ ഞാൻ തേയ്ക്കും “










ആകാശിനെ കണ്ടപ്പോൾ ഞങ്ങളൊരു കൊച്ചു പയ്യനാണ് എന്നാണ് കരുതിയത്.ഞാൻ ആണേൽ ആകാശ് മോനേ എന്നാണ് വിളിച്ചോണ്ടിരുന്നത്. എന്തോ പറഞ്ഞു വന്നപ്പോൾ അവന്റെ പ്രായം ചോദിച്ചു. ഞങ്ങളുടെ  അത്രയും പ്രായമുണ്ട് ആകാശിനും . 


“ഊക്കാ , ഇനിമുതൽ ആകാശ്, നിനക്ക് ആകാശ് ചേട്ടനാണ് “.


സ്നിക്കേഴ്സ് കഴിച്ചു ഞങ്ങൾ ചാർജായി. പറയിലുടെ മുകളിലേക്ക് കയറണം. പിന്നെ കുറച്ചു ഭാഗം വല്യ കുഴപ്പമില്ലാതെ നടക്കാം. ഇവിടന്ന് അഗസ്ത്യാർകൂടം കാണേണ്ടതാണ് പക്ഷേ കോട കാരണം ഒന്നും കാണാൻ വയ്യ. കോട കണ്ടു അരവിന്ദ് ഹൈ ആയി 


“എല്ലാരും ചോദിക്കില്ലേ , നമ്മൾ എന്തിനാ എല്ലാ വർഷവും വരുന്നേ എന്ന് ? അവർക്കറിയുവോ ഇതൊക്കെയാ നമ്മൾ കാണുന്നേ എന്ന് “



ഇത്തവണയും വരണോ എന്നൊരു ഡൌട്ട് ഞങ്ങൾക്ക് ഉണ്ടായിരുന്നു. എങ്കിലും അരവിന്ദിനു വരണം എന്നായിരുന്നു. അങ്ങനെയാണ് ഞങ്ങളും പോയേക്കാം എന്നു കരുതിയത്. എന്തായാലും അവനു സന്തോഷമായി.


ആ വഴിയുടെ  അവസാനം ബ്രേക്ഫാസ്റ്റ് കഴിക്കാൻ ഇരുന്നു. നല്ല വിശപ്പുള്ളതുകൊണ്ട് നല്ല ടേസ്റ്റ് ഉണ്ട്. ബോണക്കാടിലെ പൂരിയെക്കാളും നല്ലത് അതിരുമല ക്യാമ്പിലെ പൂരിയാണെന്നു പ്രണവും വിഷ്ണുവും പറഞ്ഞു.


“തിരികെ ചെന്നിട്ട് അവരോട് ചോദിച്ചാലോ ? മുകളിൽ നല്ല പൂരിയാണല്ലോ , നിങ്ങൾക് ഇത്രയും സൗകര്യം ഉണ്ടായിട്ടും മോശം പൂരിയാണല്ലോ എന്ന് ?”



   



അവിടെ ഇരുന്ന ഒരു ഗ്രൂപ്പ് ഇനി അരുവി ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾ ഇല്ലാ, ഇവിടന്ന് വെള്ളം എടുത്തോ എന്ന് ഞങ്ങൾ പറഞ്ഞു. 


പക്ഷേ വേറൊരു ഗ്രൂപ്പ് പറഞ്ഞേ ഇനിയും അരുവികൾ ഉണ്ടെന്നാണ്. 


ഞങ്ങൾ കണ്ടിട്ടില്ല, ഇനിയിപ്പോ ഞങ്ങൾ കാണാത്തതാവും .



ഇനിയാണ് ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം. ഇടയ്ക്കൊരു പത്തു മിനിറ്റ് എനിക്ക് തലവേദന എടുത്തു.അത് പണിയാകുമോ എന്ന് കരുതിയപോഴേക്കും അതുപോയിനല്ല കോടയുള്ളതുകൊണ്ട് തണുപ്പുണ്ട് അതുകൊണ്ട്  വിയർക്കുന്നില്ല.കഴിഞ്ഞ തവണത്തേക്കാളും എളുപ്പത്തിൽ കയറി.അത് കഴിയുമ്പോൾ കയറിൽ പിടിച്ചു കയറണം. അതിൽ രണ്ടാമത്തെ കയർ ഇച്ചിരെ സീനാണ്. കോട കാരണം ഒന്നും കാണാനും വയ്യാ . എങ്കിലും കയറി പോയി. 



   










നമ്മുടെ വെറുപ്പിക്കൽ യോഗ ചേട്ടൻ മസിലും പിടിച്ചു അവിടെ ഇരിപ്പുണ്ട്.


ഇനി ഒരു കുന്നും കൂടേ കയറാനുണ്ട്. അതും കയറി ഞങ്ങൾ മുകളിലെത്തി. 









അരവിന്ദിന്റെ ആഗ്രഹം പോലെ കോട മാത്രം.  അഗസ്ത്യന്റെ പ്രതിമ ഇരിക്കുന്ന അവിടേക്കു ആരെയും കടത്തി വിടില്ല. ഗൈഡ് ഷിബു ചേട്ടൻ അവിടെ നിപ്പുണ്ട്. 


“ഇവിടെ നിന്നാൽ തണുപ്പില്ല, ഒരു പ്രേത്യക എനെർജിയാണ് ഇവിടെ ചുറ്റും “


(ചുറ്റും മരം ഉള്ളതുകൊണ്ട് കാറ്റു അടികുന്നില്ല, അതാണ് കാരണം അല്ലാതെ എന്ത് എനർജി ? )


ഗൈഡ് ഷിബു ചേട്ടൻ 


ഇവിടെ വരുന്ന പലരും തീർത്ഥാടനം പോലെ വരുന്നവരാണ്. പ്രേത്യേകിച്ചും തമിഴന്മാർ. ഒരു അണ്ണന് അഗസ്ത്യനെ പുടവ ചുറ്റിക്കണം.പുള്ളി എന്തോ പൂജ ചെയ്തു കൊണ്ടുവന്ന പുടവയാണ്. ഷിബു ചേട്ടൻ പറഞ്ഞു താഴെ കൊടുത്താൽ മതി , ശിവരാത്രിയുള്ള ഉത്സവത്തിന് അവർ ഇട്ടോളും എന്ന് .






ഞാൻ എന്റെ ‘കെജ്‌രിവാൾ ഷാൾ’ പുറത്തെടുത്തു പുതച്ചു ഇരുന്നു. എല്ലാരും കിടന്നു. ഓരോരുത്തരായി കേറി വന്നു തുടങ്ങി. വിഷ്ണുവിനെ നോക്കി ഞങ്ങൾ ഇരുന്നു. 



  

 
വ്ലോഗ്ഗെർ ചേച്ചി 




മനിഷേട്ടനും ഗാങ്ങും എത്തി. ആളും കൂട്ടുകാരിയും ഇവിടെ ഇരുന്നാണ് ബ്രേക്ഫാസ്റ് കഴിക്കുന്നത്.

അതു കഴിഞ്ഞപ്പോൾ ഏത്തപ്പഴം കഴിക്കുന്നേ കണ്ടു. പിന്നേ വേറെന്തോ കഴിക്കുന്നു.


“നിങ്ങൾ കഴിക്കാനാണോ വന്നേ “ എന്ന് ആഷ്‌ന ചോദിക്കുന്നുണ്ട്.  അഗസ്ത്യന്റെ അടുത്തേക്ക് വിടില്ല എന്നറിഞ്ഞപോ മനീഷേട്ടന് വിശ്വസിക്കാനായില്ല.. 


“ഇത്രയും കേറിയിട്ട് കേറാൻ അടുത്തേക്ക് പോകാൻ പറ്റില്ലെന്നോ ? ചവിട്ട് പോളിക്കു ആ വേലി “ എന്നൊക്കെ ആൾ അവിടിരുന്നു പറയുന്നുണ്ട്.


മനീഷേട്ടനെ ഇപ്പോ ഇറക്കി വിടാൻ സാധ്യതയുണ്ടെന്ന് ആകാശ് പറഞ്ഞു.


എന്റെ ജാക്കറ്റ് നല്ലതായതുകൊണ്ടാണ് അധികം തണുക്കാത്തെ  എന്നാണ് അരവിന്ദ് പറഞ്ഞത്. അത് ശരിയാണ് . ലിജോ ബ്രോയുടെ ജാക്കറ്റ് നൈസാണ്.


ഒരു സൈഡിൽ കാറ്റ് ഇല്ലാതെ ഇരിക്കാം.അവിടെ പോയപ്പോൾ ഇരിക്കാൻ കുറേപ്പേരുണ്ട്. ഞാനും പ്രണബ് ദായും അവിടെ കണ്ട വഴിയിലൂടെ അകത്തേക്ക് കയറി . നല്ല സ്ഥലം. കുറച്ചു ഫോട്ടോസെടുത്തു ഞങ്ങൾ തിരികെ വന്നു.










അങ്ങനെ നിക്കുമ്പോൾ പ്രണവിന്റെ ഫോണിൽ കോൾ.


അവിടെ ഇരുന്ന അണ്ണന്മാർ എല്ലാവരും ഏതാ സിം എന്ന് ചോദിച്ചു. എല്ലാവരുടെയും ജിയോ ആണ്. പ്രണവിന് bsnl ൽ ആണ് ഫോൺ വന്നത്. അണ്ണന്മാർക്ക് നിരാശ.


വിഷ്ണുവിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടർന്നു. ഇനി ആൾ വരുന്നില്ലേ ?


“മനിഷേട്ടാ ഞങ്ങളുടെ കൂടെയുള്ള ആ വലിയ മനുഷ്യനെ കണ്ടോ “ ?


“ആ പുള്ളി താഴെയുണ്ട്, ഇപ്പോ എത്തും “


സമാധാനം !.


അങ്ങനെ വിഷ്ണു എത്തി.ആൾ വന്നതും കിടന്നു 



“എനിക്കിപ്പോ എന്റെ അച്ഛനെയും അമ്മേയെയും കാണണം “

  



അഗസ്ത്യനെ മുന്നിൽ നിന്ന് കാണണമെങ്കിൽ ചെളിയുള്ള ഭാഗത്തൂടെ പോകണം.ഒരു ചേച്ചി പോയി വന്നപ്പോൾ ഷൂവിൽ ചെളിയായി.


“ഇതിനാണോ ഞാൻ നിനക്ക് രണ്ടായിരം രൂപയുടെ ഷൂ വാങ്ങി തന്നത് “ എന്നും പറഞ്ഞു ആളുടെ ഭർത്താവ് തമിഴിൽ വഴക്കു പറഞ്ഞു. അവർ കോയമ്പത്തൂരിൽ നിന്നു വന്നതാണ്.


അപ്പോഴാണ് രണ്ടു ചേട്ടന്മാർ വീഡിയോ ഷൂട്ട് ചെയ്യാൻ തുടങ്ങിയത്.ഒരാൾ വീഡിയോ എടുക്കുന്നു. മറ്റേയാൾ സംസാരിക്കുന്നു 


“കൊല്ലം 2024 ജനുവരി മാസം ഇരുപത്തിയൊമ്പതാം തീയതി…… ഫ്‌ലോ പോയി… ഒന്ന്നുടെ എടുക്കാം “



“കൊല്ലം 2024 ജനുവരി മാസം ഇരുപത്തിയൊമ്പതാം തീയതി … ജഗത്‌ജ്യോതിയും ലോകത്തിന്റെ വെളിച്ചവും ആയ…. ഫ്‌ലോ പോയി “

  
കൊല്ലം 2024 ......



വീണ്ടും 



“കൊല്ലം 2024 ജനുവരി മാസം ഇരുപത്തിയൊമ്പതാം തീയതി … ജഗത്‌ജ്യോതിയും ലോകത്തിന്റെ വെളിച്ചവും ആയ അഗസ്തീശ്വരന്റെ……”


അങ്ങനെ ആ പരിപാടി തുടർന്നു.


തണുപ്പ് കുറയ്ക്കാൻ ഞങ്ങൾ അഗസ്ത്യന്റെ പ്രതിമയുടെ അടുത്താണ് നിക്കുന്നേ ..  വീഡിയോ എടുക്കുന്നവർ ഞങ്ങളോട് ഒന്ന് മാറാമോ എന്ന് ചോദിച്ചു.




ഞങ്ങൾ മാറി കൊടുത്തു. ചെരുപ്പ് പോലുമില്ലാതെ ഒരാൾ കേറിയിരുന്നു. നല്ല പ്രായമുണ്ട്. ആൾ അവിടെ കണ്ണടച്ച് നിപ്പുണ്ട്. ധ്യാനമാണോ ഉറക്കമാണോ എന്നറിയില്ല.ആളുടെ പേര് പ്രസാദ് എന്നാണെന്നു അരവിന്ദൻ പറഞ്ഞു.


ഗുരുസ്വാമി പ്രസാദ് അണ്ണൻ 



കുറച്ചു നേരം കഴിഞ്ഞു ഞങ്ങൾ നോക്കിയപ്പോൾ വീഡിയോ എടുപ്പ് നടക്കുന്നുണ്ട്.. 



“കൊല്ലം 2024 ജനുവരി മാസം ……”


ഞങ്ങൾ ചിരിച്ചു ചത്തു. ഇപ്പോഴും ആദ്യ ലൈൻ കഴിഞ്ഞിട്ടില്ല….


 





ഞങ്ങൾ ഒരു പതിനൊന്നര കഴിഞ്ഞപ്പോൾ ഇറങ്ങി. ഇപ്പോഴും കോട തന്നെ. ഇറക്കം പിന്നെയും സുഖമാണ്. മുട്ടിനു സീൻ ആണെങ്കിലും അധികം കിതയ്ക്കാതെ ഇറങ്ങാം. ചെരിപ്പില്ലാതെ വന്ന ആൾ ചാടി ചാടി താഴേക്ക് പോയി. 


ഞങ്ങളോട് വെള്ളമെടുക്കണോ എന്ന്  രാവിലെ ചോദിച്ച ഗാങ്ങിന്റെ കൂടെയാണ് ഇറങ്ങിയത്. 

“നിങ്ങൾ വേറെ അരുവി കണ്ടിരുന്നോ ?


“ഇല്ലാ “


“ആഹ്, ഞങ്ങൾക്കും തോന്നി പിന്നെ ഒരു തർക്കം വേണ്ടാ എന്ന് കരുതി ഒന്നും പറയത്തതാ”


താഴെ എത്തി വിശ്രമിച്ചു വെള്ളം നിറച്ചു. ഇപ്പൊ കോടയൊക്കെ പോയി വെയിലായി. താഴെ പൊങ്കാലപ്പാറയിലും വിശ്രമിച്ചു. ഇനി ഒരൊറ്റ പോക്കാണ്.


ഞാനും ആകാശും കുറേ ദൂരം ഒരുമിച്ചായിരുന്നു. പിന്നെ അവനെ കണ്ടില്ല. ഞാൻ മുന്നിലോട്ട് പോയി. ഇനി കുറച്ചേയുള്ളു എന്ന് കരുതി നടന്നാൽ ക്യാമ്പ് എത്തിയില്ലെങ്കിൽ നല്ല മടുപ്പവും. അതുകൊണ്ട് അങ്ങനെ ആലോചിക്കാതെയാണ് നടപ്പ് .



ഒന്നാം ദിവസം ഓഫ്‌റോഡിൽ കഷ്ടപ്പെട്ട ചേച്ചിമാരെ കണ്ടു. താഴെ പാന്റ് മുറിച്ചു ഷോർട്സ്  ആക്കിയ പയ്യനും ഉണ്ട്. 



“വെള്ളമുണ്ടോ “ എന്നൊരു ചേച്ചി ചോദിച്ചപ്പോ 



“ഇല പിഴിഞ്ഞ് കുടിക്കേണ്ടി വരുമെന്ന് “


ആ പയ്യൻ പറഞ്ഞു 



എന്റെ കൈയിൽ ഇഷ്ടംപോലെ വെള്ളമുണ്ട് . അവർക്കു വെള്ളവും കൊടുത്തു ഞാൻ മുന്നിലേക്ക് നടന്നു.





ഏതാണ്ട് രണ്ടു കഴിഞ്ഞപ്പോൾ ക്യാമ്പിലെത്തി. കുറച്ചു കഴിഞ്ഞപ്പോൾ ആകാശും പുറകെ അരവിന്ദും പ്രണവും എത്തി. പിന്നാലെ വിഷ്ണുവും എത്തിയപ്പോൾ ഞങ്ങൾ കഞ്ഞി കുടിച്ചു.


അരവിന്ദ് കിടപ്പിലായി. വിഷ്ണുവും കിടന്നു.


                                        


ഞാനും പ്രണവും ആകാശും കുളിക്കാൻ പോയി. കുളിച്ചു തിരികെയെത്തി  കാപ്പി കുടിച്ചു. കൊണ്ടുവന്ന ബിസ്കറ്റ് മൊത്തം കാപ്പിയുടെ കൂടെ കഴിച്ചു.


അവിടെ ഒരു അണ്ണൻ നല്ല തള്ള് തള്ളുന്നുണ്ട് .


“നിങ്ങൾ സ്ഥിരം ഇവിടെ വരുന്നത് നിങ്ങളെ bug കടിച്ചതുകൊണ്ടാ, അതുകൊണ്ട് നിങ്ങൾ എല്ലാക്കൊല്ലവും അന്വേഷിച്ചു വരും , ഞാൻ തന്നേ നോക്ക് ഞാൻ എല്ലാ കൊല്ലവും പുൽമേട് വഴി ശബരിമല പോകും.. കാരണമെന്താ… എന്നെ ആ bug കടിച്ചിട്ടുണ്ട് “


അരവിന്ദ് എണീറ്റപ്പോൾ എല്ലാരും ഒന്നുടെ കാപ്പി കുടിച്ചു. 


“നമ്മുടെ ബഡ്ജറ്റിൽ ഉള്ളതല്ലാ  എങ്കിലും ഒരെണ്ണമാവാം” 


പിന്നെ അരുവിയുടെ സൈഡിൽ പോയി നിന്നു.ആ തള്ള് അണ്ണൻ വരുന്നുണ്ട്. അപ്പോ ആരോ പറഞ്ഞു ആ കാണുന്നതാ അഗസ്ത്യാര്കൂടം എന്ന്. 


“ഓഹ് അതാണോ നമ്മൾ കേറുന്നത് “


അപ്പൊ ഇങ്ങേർ ആദ്യമായിട്ടാണോ കേറുന്നത് എന്നിട്ടാണോ bug എന്നൊക്കെ തള്ളുന്നത് കേട്ടത്. അവരുടെ പുറകെ വീഡിയോ എടുത്ത ചേട്ടന്മാർ വരുന്നുണ്ട് 



“ചേട്ടാ ആ വീഡിയോ കിട്ടിയായിരുന്നോ ?”


“ഇല്ലാ “


“യൂട്യൂബ് ചാനൽ ഉണ്ടോ ?  ആകാശ് ചോദിച്ചു 


ചേട്ടന് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല , 


“ നീ എന്നെ അളന്ന് ഇരുത്താൻ നോക്കണ്ടാ “ എന്നും പറഞ്ഞു ആ ചേട്ടൻ പോയി. 


ഞാൻ ആളെ ഒന്ന് ആക്കാൻ ചോദിച്ചതും ആകാശ് ആത്മാർഥമായി ചോദിച്ചതും ആയിരുന്നു.എങ്കിലും ആൾക്ക് ആകാശിന്റെ ചോദ്യമാണ് ഇഷ്ടമാവാതെ ഇരുന്നത്.


അവിടന്ന് കുറച്ചു ഫോട്ടോസൊക്കെ എടുത്തു ഞങ്ങൾ ക്യാമ്പിലെത്തി. വൈകുന്നേരം കഞ്ഞി കുടിച്ചതുകൊണ്ട് ഞങ്ങൾ ഇച്ചിരെ ലേറ്റ് ആയിട്ടാ കഞ്ഞി കുടിക്കാൻ പോയത്. 



“അരവിന്ദാ നാളെ ബറോട്ടയും ബീഫും കഴിക്കണ്ടേ ? “


“പിന്നേ… വേണം “


കഞ്ഞി കുടിച്ചു കഴിഞ്ഞപ്പോൾ ഒരു കാപ്പി കൂടെ ആവാമെന്ന് കരുതി. പക്ഷേ ചില്ലറയില്ല…


 


“ചേട്ടാ ചില്ലറയില്ലാ… അഞ്ചു കട്ടൻകാപ്പി വേണായിരുന്നു., ഉള്ള ചില്ലറ മൊത്തം ഞാൻ അങ്ങോട്ട് തന്നു “


“ചില്ലറ തരാം,”


 ചേട്ടൻ ബാക്കി നാന്നൂറ് തന്നു . 


“ഇപ്പോ ചില്ലറയായില്ലേ ?”


“ഇത് ഞാൻ നാളെ അങ്ങോട്ട് തരാം “






കാപ്പിയും കുടിച്ചു ഞങ്ങൾ അതിലെ നടന്നു. ഫോറെസ്റ് ഓഫീസറുമായി കുറച്ചു സംസാരിച്ചു.ആൾ തിരുവനന്തപുരം കാരനാണ്.  അപ്പോഴാണ് ഞങ്ങൾ നടുക്കുന്ന സത്യം അറിഞ്ഞത്‌ . അവിടെ ആന്റി വെനോം ഒന്നുമില്ല. 


“അപ്പൊ പാമ്പ് കടിച്ചാലോ ? “


“പാമ്പൊന്നും വരില്ലന്നേ “ എന്നാണ് ആള് പറയുന്നേ 



“കഴിഞ്ഞ കൊല്ലം ഞങ്ങളുടെ ക്യാമ്പിൽ പാമ്പ് വന്നിരുന്നു, അതിനു മുന്നേ ഈ ക്യാമ്പിൽ വന്നിരുന്നു “



കാടാവുമ്പോ പാമ്പൊക്കെ വരുമെന്നാണ് ആൾ ഇപ്പോ  പറയുന്നേ. അത് ശരിയാണ് എങ്കിലും  അപ്പൊ കടിച്ചാൽ ഒരു പരിഹാരവും ഇല്ല !!!  


ആകാശിന്റെ കാലിൽ ഒരു മുള്ള് കൊണ്ടിരുന്നു. കുറച്ചു നീരുണ്ട്. ആരോ ‘എന്തേലും കടിച്ചതാണോ’ എന്ന് ചോദിച്ചതോടെ അവനും ഒരു പേടി . അവൻ തന്നെ മുള്ള് എടുത്തു കളഞ്ഞെങ്കിലും ഇങ്ങനെ കേട്ടപ്പോ അവനും ഒരു പേടി. 


ആകാശിന്റെ പേടി കണ്ടു ആ ഓഫിസർ അവനെക്കൊണ്ട് ക്യാമ്പിലുള്ള ഒരു ഡോക്ടറുടെ അടുത്തേക്ക് പോയി. ഡോക്ടർ ഒരു പാരസെറ്റമോൾ കഴിക്കാനും ചൂടുവെള്ളത്തിൽ കാൽ മുക്കി വയ്ക്കാനും പറഞ്ഞു. 


മുകളിൽ കണ്ട ഷിബു ഗൈഡ് ഇത് കണ്ടിട്ട് ആകാശിനെ പേടിപ്പിച്ചു. അങ്ങേര് ടോർച്ചും എടുത്തു മുള്ള് കൊണ്ട സ്ഥലത്തേക്ക് ആ പാതിരാത്രിക് പോയി. 


ആ സാർ പറഞ്ഞു “അവൻ അങ്ങനെ പലതും പറയും അത് കേട്ട് പേടിക്കണ്ട” എന്ന്.  




ആകാശിനെ ഡോക്ടർ  പരിശോധിക്കുന്നു 

                           


നല്ല ക്ഷീണമുള്ളതുകൊണ്ട് എല്ലാവരും നല്ലപോലെ ഉറങ്ങി. രാവിലെ എണീറ്റ് റെഡിയായി.


“ഗൂയ്‌സ് , ഈ പൈനാപ്പിൾ മിട്ടായി ഒന്ന് തീർക്കു..” ഞാൻ ഇങ്ങനെ പറയുമ്പോ എല്ലാരും ഓരോന്ന് എടുക്കും. അങ്ങനെ എടുത്തു എടുത്തു ഇത് പകുതി ആയിട്ടുണ്ട്.


കട്ടൻ കാപ്പി കുടിക്കാൻ പോയപ്പോ അവിടെ വച്ചിരിക്കുന്ന പാട്ട് ‘ധൂം മച്ചാലേ.’


“ എന്താ ചേട്ടാ രാവിലെ തന്നെ ഹിന്ദിപാട്ടാണല്ലോ “


 “ആഹ്, അതിങ്ങനെ  മാറി മാറി വരും “ ചേട്ടൻ ചിരിച്ചോണ്ട് പറഞ്ഞു.

 


ബാഗെല്ലാം പാക്ക് ചെയ്തു. തിരികെ പോകാൻ എല്ലാവരും റെഡിയായി.













പാസ് വാങ്ങാൻ പോയി. ഫോണും പിടിച്ചു വ്ലോഗ് ചെയ്തു നടന്ന പയ്യനെ അവിടെ ഇരുന്ന ഓഫിസർ ചീത്ത പറഞ്ഞു. 


“മറ്റൊരാളുടെ സ്വകാര്യത്തിലേക്ക് കടന്നു കയറുന്നത് ശരിയല്ല, ദിസ് ഈസ് നോട്ട് ഗുഡ് “


“ഇവിടത്തെ procedure ഒക്കെ അറിയാനാണ് “


“എന്ത് procedure , താഴെ നിന്ന് പോരുമ്പോ പറയും പാസ് ഇവിടെ കൊടുക്കണം എന്ന്, ഇവിടെ വരുമ്പോ പറയും താഴെ കൊടുക്കണം എന്ന് , അത്രേയുള്ളു .”



ആകാശ് പാസ് വാങ്ങാൻ ചെന്ന് പേര് പറഞ്ഞു.


“നിന്നെ അറിയാം “


“ഒരു മുള്ള് കൊണ്ടതിനു ക്യാമ്പിനെ മുൾമുനയിൽ നിർത്തിയ പയ്യനാ “


 മനീഷേട്ടന്റെ കൂടെയൊരു ഫോട്ടോയും എടുത്തു ഞങ്ങൾ ഇറങ്ങി.


“അരവിന്ദാ ബറോട്ടയും ബീഫും കഴിക്കണ്ടേ ? “


“ആടാ, അതാണ് ഇന്ന് ഇറങ്ങാനുള്ള മോട്ടിവേഷൻ “


ഇന്നലെ പാന്റ് ഷോർട്സ് ആക്കിയ പയ്യൻ ഇന്നും ആ ഷോർട്സ് ആണ് ഇട്ടിരിക്കുന്നത്. കൊള്ളാം ഒറ്റ പാന്റ് കൊണ്ട് ആൾ കാര്യം സാധിച്ചു. Weight കുറയ്ക്കണമെങ്കിൽ ഇങ്ങനെ കുറയ്ക്കണം.അവന്റെ കൂടെയൊരു ചേചിയുമുണ്ട്.

  


മുട്ടിടിച്ചാൽ മലയും ഇറങ്ങി ഞങ്ങൾ പുൽമേടിലെത്തി.മലയിൽ നിന്നും മഞ്ഞിറങ്ങി വരുന്ന കാഴ്ച കണ്ടു നിന്നു. ആദ്യമായാണ് അങ്ങനെ കാണുന്നത്. 










                                        

    





“ഇത്തവണ നല്ല വ്യൂ ആയിരുന്നല്ലേ …” അരവിന്ദൻ പറഞ്ഞു.



ഫോട്ടോസും എടുത്തു ഞങ്ങൾ വേഗം അട്ടയാർ എത്തി. ബ്രേക്‌ഫാസ്‌റ് കഴിച്ചു വിശ്രമിച്ചു.  ആ ഒറ്റപാന്റുകാരൻ ഞങ്ങളെ കടന്ന് മുന്നോട്ട് പോയി.



  

പിന്നെ ഒരു വെള്ളച്ചാട്ടം എത്തിയപ്പോൾ ഞാൻ മാത്രം കുളിച്ചു. ഇവർക്ക് ഡ്രെസ്സൊക്കെ മാറി ഇറങ്ങാനൊരു മടി. ഞാൻ കുളിച്ചു ഫ്രഷായി.  ഒറ്റപാന്റുകാരന്റെ കൂടെയുള്ള ചേച്ചി പുറകെ വരുന്നുണ്ട്. അവനെന്താ ഈ ചേച്ചിയെ ഒറ്റയ്ക്ക് ആക്കി പോയേ എന്ന് ഞങ്ങൾക്ക് മനസിലായില്ല. ചേച്ചി അത്യാവശ്യം സ്പീഡിൽ നടക്കുന്നുണ്ട്. അവനെന്താ പറന്ന് പോയത് ?

 


പിന്നെ നടന്നപ്പോൾ അരവിന്ദിന്റെ കുപ്പി താഴേക്കു പോയി. അതെടുക്കാൻ പറ്റാത്ത അത്ര താഴേക്കു പോയതുകൊണ്ട് അതെടുക്കുന്നതിനെപ്പറ്റി ഞങ്ങൾ ആലോചിച്ചില്ല. 



“കഴിഞ്ഞ തവണ അഗസ്ത്യൻ എന്റെ തൊപ്പി എടുത്തു, ഇത്തവണ കുപ്പി എടുത്തു, അടുത്ത തവണ ഞാൻ വരുന്നില്ല , പുള്ളി എന്നെയങ്ങു എടുക്കും “


ആകാശിനു കാലിനു പ്രേശ്നമുള്ളതുകൊണ്ട് കുറച്ചു പയ്യെയാണ് വരുന്നത്.കൂടെ വിഷ്ണുവുണ്ട്. ഞാനും പ്രണവും അരവിന്ദും മുന്നിൽ പോയി. 








പോയിട്ടും പോയിട്ടും തീരുന്നില്ല. തീരായപ്പോൾ ഞാൻ ബോണക്കാട് ഓഫീസ് കണ്ടപോലെ തോന്നി 



“ബോയ്സ് ഞാൻ ഓഫീസ് കാണുന്നുണ്ട് “


പക്ഷേ അത് ഓഫീസ് ആയിരുന്നില്ല. 


“ഡേയ് അത് ഹാലൂസിനേഷൻ ആയിരിക്കും, ഇനി രണ്ടു വളവ് കൂടെ കഴിയണം “ അരവിന്ദ് പറഞ്ഞു 


രണ്ടല്ല, അഞ്ചു വളവ് കഴിഞ്ഞിട്ടും അങ്ങേത്തിയില്ല 


“ഡേയ് നീയല്ലേ പറഞ്ഞേ രണ്ടു വളവ് കഴിഞ്ഞാൽ എത്തുമെന്ന് “



“നീ ഒന്നും പറയണ്ട, ഇല്ലാത്ത ഓഫീസ് കണ്ടവനെല്ലേ നീ ?”


ഒടുവിൽ ഓഫീസ് കണ്ടു 


“ഡേയ് ഇപ്പോ ഓഫീസ് ശെരിക്കും കണ്ടു “


“മായാ ആണോ ഡേയ് ? “


“അവിടൊരു ചേച്ചി നിപ്പുണ്ട് അതിന്റെ പേര് മായാ എന്നാണോ എന്നറിയില്ല “


“നിന്റെ തമാശയൊന്നും വേണ്ട.. ഇതൊക്കെ ബ്ലോഗിൽ കാണണം കേട്ടോ “


“എന്നെ അപമാനപ്പെടുത്തുന്ന ഒന്നും ബ്ലോഗിൽ കാണില്ല “


ഞങ്ങൾ ഓഫീസിലെത്തി മുൻപേ വന്ന ഒരു ചേട്ടൻ അവിടുണ്ട്. ഒറ്റപാന്റുകാരനെ കാണാനില്ല. എവിടെ പോയോ എന്തോ 


അവിടുള്ള പട്ടിയെ അരവിന്ദൻ തലോടി. അപ്പോ അവിടത്തെ സാർ പറഞ്ഞു അതിന്റെ പുലി മാന്തിയ പാടാണ് ആ കാണുന്നത് എന്ന് 


“പുലിയോ ? ചൂടുവെള്ളം … ഞാൻ അറിയാതെ ചൂടുവെള്ളം ഒഴിച്ചപ്പോൾ പറ്റിയതാണ് “ എന്നാണ് അവിടെ നിന്ന വേറൊരു ചേട്ടൻ പറഞ്ഞേ.



അവർ ബബ്ലു എന്നാണ് അതിനെ വിളിക്കുന്നേ. ഓഫീസർ ബബ്ലുന് ബിസ്കറ്റ് കൊടുത്തു.





ആകാശും വിഷ്ണുവും എത്തിയതേ ഞങ്ങൾ ഇറങ്ങി.ഒന്ന് ഇരുന്നു എണീറ്റപ്പോൾ വേദനകളൊക്കെ പുറത്തു വന്നു തുടങ്ങി.  വിതുരയിൽ ഹോട്ടൽ മലബാറിൽ നിന്നും ആണ് സ്ഥിരം ഭക്ഷണം കഴിക്കുന്നത്. 


ഹോട്ടലെത്തി. അരവിന്ദ് ആണ് ഓർഡർ ഒക്കെ കൊടുക്കുന്നത്. എന്തോ അവന്റെ ഹോട്ടൽ പോലെ. ഇവിടെ ആദ്യം കയറുന്നത് അരവിന്ദിന്റെ കൂടെ പൊന്മുടിക്ക് പോയപ്പോഴാണ്. പിന്നെ രണ്ടു തവണ അഗസ്ത്യാര്കൂടം വന്നപ്പോഴും ഇവിടെ നിന്നാണ് ഭക്ഷണം കഴിച്ചത്. ബറോട്ടയും ബീഫും കിട്ടുന്ന അരവിന്ദന്റെ സ്വന്തം ഹോട്ടൽ മലബാർ. ഇനി രാത്രി ഒരു മന്തിയും കൂടെ കഴിക്കണം എന്നാണ് അരവിന്ദ് പറയുന്നേ.


 
ബറോട്ടയും ബീഫും.


















1 comment:

Powered by Blogger.