🚲 ⛰️ സോളോ സെഞ്ച്വറി സൈക്കിൾ റൈഡ് 🚲 ⛰️ നെട്ട | തിരുവനന്തപുരം - തമിഴ്നാട് ബോർഡർ
“ എടാ നൂറു കിലോമീറ്റർ പോകാനൊരു എളുപ്പവഴിയുണ്ട് “
“ഉം എന്താ”
“ആദ്യം അമ്പതു കിലോമീറ്റർ പോകുക..പിന്നെ തിരിച്ചു വന്നല്ലേ പറ്റു ? അപ്പോ നൂറ് ആയില്ലേ ?”
പഴയ സഞ്ചാരി ഫ്രണ്ട് ശരത്തേട്ടന്റെ (Sarath Shobha) ഉപദേശമാണ്.ആൾ അഗസ്ത്യാർകൂടം ട്രെക്കിങ്ങ് കഴിഞ്ഞു വന്നപ്പോൾ റൂമിൽ വന്നിരുന്നു. ആളും സൈക്ലിങിന്റെ ആളാണ്. അങ്ങനെയാണ് എനിക്ക് ഈ ‘വിലയേറിയ’ ഉപദേശം തന്നത്.
ഞാൻ ഇതുവരെ അൻപത് കിലോമീറ്റർ റൈഡുകളാണ് പോയിട്ടുള്ളത്. ഒരു സെഞ്ച്വറി റൈഡ് പോണമെന്ന് കുറെയായി കരുതുന്നു.അപ്പോഴാണ് ശരത്തേട്ടന്റെ വരവ് .
അതും മനസ്സിൽ ധ്യാനിച്ച് ആദ്യമായി നൂറ് കിലോമീറ്റർ സൈക്കിൾ ചവിട്ടാൻ അടുത്ത ഞായറാഴ്ച അതിരാവിലെ മൂന്നരയ്ക്ക് ഞാൻ ഇറങ്ങി പുറപ്പെട്ടു.
കവടിയാർ - പേയാട് -കാട്ടാക്കട-ചെമ്പുർ- വെള്ളറട - നെട്ട ഇതാണ് റൂട്ട്.
ഒരു എക്സ്ട്രാ ബോട്ടിൽ വെള്ളം എടുത്തിട്ടുണ്ട്. കുറച്ചു ഏത്തപ്പഴവും ഗ്ലുക്കോസും ഒക്കെ എടുക്കേണ്ടതായിരുന്നു എന്ന് തിരിച്ചു മടുത്തു പണ്ടാരമടങ്ങി വന്നപ്പോ മനസിലായി. സൺ ക്രീമും ആം സ്ലീവും പണ്ടേ ഇല്ലാത്തതുകൊണ്ട് അതും ഇല്ലാ.
ഒന്നും ഇല്ലെങ്കിലും ബ്ലിങ്കേർസ് നു ഒരു കുറവുമില്ല. ഫ്രന്റ് ലൈറ്റ് കൂടാതെ ഒരു ബ്ലിങ്കർ . പുറകിൽ സീറ്റിന്റെ അടിയിൽ ഒരെണ്ണം അത് കൂടാതെ രണ്ടെണ്ണം ടയറിന്റെ അവിടെ. !!!
കൈയിലുള്ള ബ്ലിങ്കേർസ് എല്ലാം ഓൺ ആക്കി ഒരു പള്ളിപെരുനാൾ പോലെയാണ് എന്റെ സൈക്കിൾ പോകുന്നത്. ആകെയുള്ള പേടി വഴിയിലുള്ള പട്ടികളാണ്. പിന്നെ പോകുന്ന വഴി വെളിച്ചമുണ്ടാകുമോ എന്നൊരു സംശയാവുമുണ്ട്.
പേയാട് എത്തുന്നതിനു മുൻപേ ആദ്യത്തെ ചായകുടിക്കു നിർത്തി.
‘അഞ്ചു പൈസക്കില്ല ‘
പിന്നെ വാങ്ങിച്ചു പോയില്ലേ അതുകൊണ്ട് കുടിച്ചു
പിന്നെ കാട്ടാകട എത്തിയപ്പോ ഒന്നുടെ ചായ കുടിച്ചു. ഒരു പ്രായമായ അമ്മയാണ് ആൾ ചെറുതായി ഉറങ്ങുകയായിരുന്നു. ഇവിടത്തെ ചായയും പോരാ , വെള്ളമാണ് കൂടുതൽ .
അവിടെ അജിത്തിന്റെയും നയൻതാരയുടെയും ഏതോ കത്തി പടം വച്ചിട്ടുണ്ട്. കൈരളി ടീവിയിലാണ് സിനിമ.അതുകൊണ്ട് ഡയലോഗ് ഒക്കെ കേൾക്കാൻ നല്ല രസമുണ്ട്.
വീണ്ടും ചായ കുടിക്കാൻ കാരണം ഞാൻ ഇച്ചിരെ നേരത്തെയാണോ എന്നൊരു സംശയമുണ്ട്. പിന്നെ കുറച്ചു നേരം വെളുത്താൽ ആൾക്കാരൊക്കെ വഴിയിൽ കാണുമല്ലോ, സോ പട്ടി കടിച്ചാലും ആരേലും ആശുപത്രിയിൽ ആക്കും.
പോകുന്ന റോഡ് അടിപൊളി റോഡാണ്. ഇടയ്ക്ക് നല്ല ഇറക്കം വരും. അപ്പൊ പേടിയാണ് തിരികെ ഇതെല്ലാം ചവിട്ടി കയറ്റണമല്ലോ. കയറ്റം കേറുമ്പോൾ ബുദ്ധിമുട്ട് ആണെങ്കിലും തിരികെ വരുമ്പോൾ ഇറക്കമാണല്ലോ എന്നൊരു സമാധാനം ഉണ്ട്
ഇടയ്ക്കൊരു കയറ്റം ചവിട്ടി കഴിഞ്ഞു ഇറങ്ങാൻ നേരം ഒരു പട്ടി …. ഇറക്കമായോണ്ട് ഞാൻ രക്ഷപെട്ടു.
ഒറ്റശേഖരമംഗലം പാലം കഴിഞ്ഞതും കുറച്ചു നേരത്തേക്ക് ഇരുട്ട് മാത്രം. എന്റെ ലൈറ്റ് ന്റെ വെളിച്ചം അത്ര പോരാ .. പണി ആയല്ലോ എന്നാലോചിച്ചപ്പോൾ വെട്ടം കണ്ടു.
വീണ്ടും ഒരു ചായകുടി.
ഹോട്ടൽ മഹാദേവ
ചേട്ടന് അതിശയം ഒറ്റയ്ക്ക് വന്നതിൽ
“എങ്ങോട്ടാ “
“നെട്ട വരെ “
“കൂട്ടുകാരെ ആരെയും കിട്ടിയില്ലേ ? എന്താ ഒറ്റയ്ക്ക് ?”
“ആരും വന്നില്ല, ഞാൻ തന്നെ പോകാമെന്നു കരുതി “
ചായ കുടിച്ചു ഇറങ്ങിയപ്പോ ചേട്ടൻ വന്നു സൈക്കിൾ അടിമുടി നോക്കി
“ഇത് ചവിട്ടി തന്നെയല്ലെ പോകണ്ടേ “
( ചേട്ടൻ സൈക്കിൾ ഇലക്ട്രിക്ക് ആണോ എന്നാവും ഉദ്ദേശിച്ചേ എന്ന് തോന്നുന്നു )
“പിന്നല്ലാതെ, ചവിട്ടണം “
വെള്ളറട എത്താറായപ്പോൾ ഏതാണ്ട് നേരം വെളുത്തു. എന്റെ ഫ്രന്റ് ലൈറ്റ് ന്റെ ചാർജ് ഏതാണ്ട് തീരുന്നുണ്ട്. പോകുന്ന വഴിക്ക് ഇഷ്ടംപോലെ ചായക്കടകൾ ഉണ്ട്. എല്ലാം പഴയ കടകൾ പോലെ, കാണാനൊരു രസമൊക്കെയുണ്ട്.
ഇനി അവസാനം ആകുമ്പോ വല്ല ചുരമോ മറ്റോ ഉണ്ടോ എന്നൊരു പേടി ഉണ്ടായിരുന്നെങ്കിലും ഒന്നും ഉണ്ടായില്ല.
തമിഴ്നാട് ബോർഡർ കടന്നു ഞാൻ തമിഴ്‌നാട്ടിലേക്ക് പ്രേവേശിച്ചു. ചിറ്റാർ ഡാം ആണ് ഇവിടെ. ചുറ്റും മലനിരകൾ ഒക്കെ കാണാം. കുറേ ഹോട്ടലുകൾ കാണാം. അക്ഷയപാത്രം എന്നൊരു ഹോട്ടലാണ് പ്രസിദ്ധം. കുറേ വ്ലോഗിളൊക്കെ കണ്ടിട്ടുണ്ട്. എല്ലായിടത്തും മീൻ കൂട്ടിയുള്ള ഊണ് ആണ് കേമം.
ഞാൻ ഇപ്പോ തന്നെ തിരികെ പോകും എന്നതുകൊണ്ടും ഞാൻ മീൻ കഴിക്കില്ല എന്നതുകൊണ്ടും ഇതിലൊന്നും പ്രസക്തിയില്ല.
സൂര്യൻ ഉദിച്ചു വരുന്നതേയുള്ളൂ . സൈക്കിളിന്റെ ഫോട്ടോ എടുത്തു. പിന്നെ എവിടെയാണ് പോകേണ്ടത് എന്നൊന്നും അറിയില്ല, കുറേ മുന്നോട്ട് പോയി ഇടയ്ക്കൊക്കെ ഫോട്ടോ എടുത്തു. തിരികെ വന്നപ്പോ ഒരു റബർ തോട്ടത്തിൽ കുറച്ചു പയ്യന്മാർ നിൽക്കുന്ന കണ്ടു . ഞാൻ അങ്ങോട്ടിറങ്ങി. അതാണ് പ്രധാന പോയിന്റ് എന്ന് തോന്നുന്നു . അവിടന്നും ഫോട്ടോ എടുത്തു. തിരികെ യാത്ര തുടങ്ങി
നല്ല വിശപ്പുണ്ട് .
ഒരു കടയിൽ കയറി പൊറോട്ടയും കടല കറിയും പറഞ്ഞു.
ശരത്തേട്ടന് മെസ്സേജ് അയച്ചു
“നിങ്ങൾ പറഞ്ഞപോലെ അമ്പതു കിലോമീറ്റർ പോയി, ഇനി തിരികെയെത്തുമ്പോ നൂറ് ആവും “
“ഇനി 150 പോകാം സെയിം റൂൾ 75 പോയിട്ട് തിരികെ വരിക …. 200 അങ്ങനെ നോക്കണ്ട ബുദ്ധിമുട്ടാ
“ആദ്യം ഞാൻ തിരിച്ചെത്തുവോ എന്ന് നോക്കട്ടെ മനുഷ്യാ “ എന്നും പറഞ്ഞു ഞാൻ ഇറങ്ങി
ഇടയ്ക്ക് തിരുവനന്തപുരം എന്നൊരു ബോർഡ് കണ്ട് അങ്ങോട്ട് തിരിഞ്ഞു
ആഹാ ഒന്നാന്തരം ഒരു ഇറക്കം .
ഇറങ്ങിക്കൊണ്ടിരുന്നപ്പോൾ മനസിലായി ഇതല്ല ഞാൻ വന്ന വഴിയെന്ന്!!! ഇനി ഈ കയറ്റം തിരികെ കയറ്റാൻ വയ്യാ ..ആ മലയോര ഹൈവേ വഴി കാട്ടക്കട മാപ്പിൽ ഇട്ട് പോയി.
വഴിയിൽ നിന്നൊരു സോഡാ നാരങ്ങാവെള്ളം കുടിക്കാമെന്നു കരുതിയിട്ട് കടയൊന്നും കണ്ടില്ല. കാട്ടാകട എത്തിയപ്പോ ഒരു ബേക്കറി. എന്നാ ഒരു ജ്യൂസ് ആവാമെന്ന് കരുതിയപോ അവിടെ ജ്യൂസ് ആയില്ല എന്ന്.
ഉപ്പിട്ട സോഡ രണ്ടെണ്ണം കുടിച്ചു അവിടിരുന്നു. ഇനിയും ഒരു 25 -30 km ചവിട്ടണം. നല്ല വെയിൽ !!
ചവിട്ടി ചവിട്ടി കവടിയാർ എത്തിയപ്പോഴും 95 ആയിട്ടുള്ളു. ഇത്രയും പോയിട്ട് നൂറ് തികയ്ക്കാതെ എങ്ങനെ നിർത്തും ?
ചുമ്മാ മ്യൂസിയം വരെ പോയി തിരികെ വന്നു കുറവങ്കോണം വഴി പട്ടം വഴി തിരികെ കവടിയാർ വന്നപ്പോ കൃത്യം നൂറ് .
അപ്പോഴേക്കും തൃപ്തി ആയി. കുളിച്ചിട്ട് കിടന്നുറങ്ങി


















Leave a Comment