Parashar Lake 01 | Mandi | Himachal Pradesh
പണ്ട് മഹാഭാരത യുദ്ധം കഴിഞ്ഞു പാണ്ഡവന്മാർ തിരികെ പോവുവായിരുന്നേ ,ഒരു സ്ഥലത്തു എത്തിയപ്പോൾ കമ്രുനാഗ് ദേവന് സ്ഥലം ഇഷ്ടായി ഇവിടെ ക്യാമ്പടിക്കാൻ തീരുമാനിച്ചു.വെള്ളവും കാര്യങ്ങളും ഒക്കെ വേണമല്ലോ.ഭീമൻ കൈമുട്ട് കൊണ്ട് ഒരു കുത്ത്.ദാ ഒരു തടാകം റെഡി. അതാണ് പ്രഷാർ ലേക്ക്.ഒമ്പതിനായിരം അടി മുകളിലാണ് ഈ തടാകം.ഇതിന്റെ ആഴം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.അറിയാൻ ചാടിയവന് താഴെ അടിത്തട്ടിൽ എത്താൻ പറ്റിയില്ലത്രേ.പക്ഷേ പ്രധാന ആകർഷണം ഇതിലൂടെ ഒഴുകി നടക്കുന്ന ഒരു കുഞ്ഞു ദ്വീപാണ്.അതിങ്ങനെ ഒഴുകി നടക്കും .ഇന്ന് കണ്ടിടത്തു ആയിരിക്കില്ല അടുത്ത ആഴ്ച്ച.പതിമൂന്നാം നൂറ്റാണ്ടിലാണ് അമ്പലം പണിതത്.പരാശാർ മുനി തപസ് ചെയ്തിരുന്ന സ്ഥാമായതുകൊണ്ടാണ് പ്രഷാർ ലേക്ക് എന്ന് പേര് വന്നത്.ഒരേയൊരു ബസ്സ് ആണ് ഈ സ്ഥലത്തെ പുറംലോകമായിട്ടു ബന്ധിപ്പിക്കുന്നത്.
മാതുഭൂമിയിൽ നിന്നാണ് ഇങ്ങനെയൊരു സ്ഥലത്തെപ്പറ്റി ആദ്യം ഞാനറിഞ്ഞത്.ചുമ്മാ ഇരിക്കുമ്പോൾ മലയാളത്തിലെ ഒട്ടു മിക്ക വെബ്സൈറ്റുകളിലെയും ട്രാവൽ സെക്ഷൻ ഞാൻ അരിച്ചു പെറുക്കി വായിച്ചു തീർത്തിട്ടിട്ടുണ്ട്.ഇഷ്ടപെട്ടത് വീണ്ടും വീണ്ടും വായിച്ചുകൊണ്ടിരിക്കും അങ്ങനെയൊന്നായിരുന്നു പ്രഷാർ ലേക്ക്.മഞ്ഞുകാലത്തു പോയതിനെ പറ്റിയായിരുന്നു വിവരണമെങ്കിലും എപ്പോഴെങ്കിലും അവിടൊന്നു പോയാൽ മതി എന്നുള്ള ആഗ്രഹം അധിക കാലം മനസ്സിൽ കിടക്കാൻ ഞാൻ സമ്മതിച്ചില്ല.പോയേക്കാം എന്ന് തന്നെ തീരുമാനിച്ചു.വാരാണസി വച്ച് കണ്ടുമുട്ടിയ അജയ്ക്കു മെസ്സേജ് അയച്ചു ഒരു അഞ്ചു മിനിറ്റിൽ ഞങ്ങൾ പോവാൻ പ്ലാനിട്ടു.
ഹിമാചലിലേ മണ്ഡിയിൽ നിന്നും ഒരേയൊരു ബസ് മാത്രമാണ് പ്രഷാർ ലേക്കിലേക്കു പോവുന്നത് .അത് മിസ്സായാൽ അടുത്ത ദിവസമേ പോവ്വാൻ പറ്റു.അതിനു മുൻപേ മണ്ഡിയെത്തണം.ഓർഡിനറി ബസ്സിൽ ടിക്കറ്റു ബുക്ക് ചെയ്തു.കാശ്മീരി ഗേറ്റിൽ വച്ച് അജയ്യെ കണ്ടുമുട്ടി.അഞ്ചു മാസം മുൻപ് വാരണാസിയിൽ വച്ച് കണ്ടതാണ്.അന്ന് ഞാൻ ജോലിക്കു കയറിയിട്ടില്ല .ഡൽഹി ലൊക്കേഷൻ കിട്ടുവാണേൽ ഡൽഹി വച്ച് കാണാമെന്നു പറഞ്ഞു അന്ന് പിരിഞ്ഞതാണ്.എന്റെ കത്തി വെപ്പ് കേൾക്കാൻ ആരുമില്ലാതെ നടന്ന എനിക്കൊരു മലയാളിയെ കിട്ടിയപ്പോൾ ഞാൻ വെറുതെ വിട്ടില്ല.പാതിരാത്രിവരെ ഞങ്ങൾ ആഗോള കാര്യങ്ങളും പ്രധാനമായി നോർത്ത് ഇന്ത്യൻസിന്റെ കുറ്റവും പറഞ്ഞിരുന്നു.ഞങ്ങളുടെ അടുത്തിരുന്നത് മലയാളികളാണ് അവർ കുളുവിലേക്കാണ് .ഇടയ്ക്കു അവരോടും മിണ്ടി .
രാവിലെ ഏതായാലും നേരത്തും കാലത്തും ബസ്സ് മണ്ഡിയിലെത്തി.വാഷ്റൂം വല്യ കുഴപ്പമില്ലാത്തതാണ്.ബസ് സ്റ്റാൻഡും കുഴപ്പമില്ല.ഞങ്ങളുടെ ബസ്സ് എട്ടുമണിക്കാണ്.ഞങ്ങൾ ചായ കുടിച്ച കടയിലെ ചേട്ടൻ നിങ്ങൾ ധൈര്യമായിട്ടു ഇരുന്നോ ആ ബസ്സിന്റെ ഡ്രൈവർ ഇവിടന്നാണ് ചായ കുടിക്കുക എന്ന് പറഞ്ഞു ധൈര്യം തന്നു .മിസ്സായാൽ പണി പാലുംവെള്ളത്തിൽ കിട്ടും .എന്തായാലും മിസ്സ് ആയില്ല.ബസ്സിൽ സീറ്റൊക്കെ കിട്ടി.ബൈ ദ ബൈ അന്ന് ദുഃഖവെള്ളിയാണ് ആ അവധി വച്ചാണ് ഞങ്ങളുടെ ട്രിപ്പ് .ശനിയും ഞായറും അടക്കം മൂന്നു ദിവസം.ബസ്സ് നേരിട്ട് പ്രഷാർ ലേക്ക് വരെ പോവും .ട്രെക്കിങ്ങ് വേണമെങ്കിൽ ബാഗിയിൽ ഇറങ്ങണം.ഞങ്ങളുടെ ഉദ്ദേശവും അതാണ്.ബാഗിയിൽ ഞങ്ങളും എന്റെ പുറകിൽ ഇരുന്ന പഞ്ചാബിയും ഞങ്ങൾ നേരത്തെ നോട്ട് ചെയ്ത ഒരു tripper എന്ന് തോന്നിക്കുന്ന ഒരുത്തനും ഇറങ്ങി.ബ്രഡ് ഓംലെറ്റും ചായയും കുടിച്ചു.tripperനെ കണ്ടാലേ അറിയാം ഒരു ജാഡതെണ്ടിയാണെന്നു.ഞങ്ങളും പഞ്ചാബിയും കൂടെ ട്രെക്കിങ്ങ് തുടങ്ങി.തുടങ്ങിയില്ല അപ്പോഴേക്കും ചെക്കന്റെ ഡയലോഗടി തുടങ്ങി.വരാൻ പോവുന്ന ദുരന്തത്തിന്റെ സാമ്പിൾ ആയിരുന്നു അത്.
”ഞാൻ കുറേ ട്രാവലോഗ് ഒക്കെ വായിച്ചു മാപ്പൊക്കെ ഓഫ്ലൈൻ സ്വേഡ് ആണ് അതുകൊണ്ട് പേടിക്കാനൊന്നുമില്ല”പഞ്ചാബി പ്രസ്താവിച്ചു.
പഞ്ചാബി പറഞ്ഞ കുന്നിന്റെ മണ്ടയിൽ കേറിയപ്പോ ഒരു ലോക്കലിനെ കണ്ടത് കൊണ്ട് ഞങ്ങൾ രക്ഷപെട്ടു ആദ്യം കണ്ട ജാഡതെണ്ടി വേറെ ഏതോ വഴിയിലൂടെ പോകുന്നുണ്ട്.അവനും വഴി നിശ്ചയമില്ല .ഒരു ചേച്ചി സ്പോർട്സ് ഷൂവും ഇട്ടു ഓടി ചാടി വരുന്നുണ്ട്.അജയ് പുള്ളികാരിയുടെ കൂടെ വച്ച് പിടിച്ചു പുറകെ ഞാനും ജാടതെണ്ടിയും പഞ്ചാബിയും .ചേച്ചിക്ക് എന്താ സ്പീഡ്.അജയ് സുല്ലിട്ടു.പുള്ളിക്കാരി വേറെ വഴിയാ പോവുന്നെ നിങ്ങൾ ഈ വഴി പൊക്കൊളു ഇതാണ് എളുപ്പം എന്നും പറഞ്ഞു പുളളിക്കാരി അടുത്ത കുന്നു ഓടികേറി അതിന്റെ വഴിക്കു പോയി.പോയാലെന്താ പഞ്ചാബിയുടെ മാപ്പ് ഉണ്ടല്ലോ കയ്യിൽ.അവസാനം നടന്നു നടന്നു ഒരു വഴിക്കായപ്പോൾ പഞ്ചാബിയുടെ മാപ്പിന്റെ സഹായം തേടി. അവന്റെ മാപ്പ് നോക്കിയപ്പോൾ ഉണ്ട്.ഒരു പച്ച വട്ടം(ഞങ്ങൾ നിൽക്കുന്ന കാട്) അതിന്റെ അപ്പുറത്തു ചെറിയൊരു നീല പൊട്ടു.അതാണ് തടാകം.ഇതാണോ കൂട്ടുകാരാ തന്റെ ഓഫ്ലൈൻ മാപ്പു.ഇത് ഞങ്ങടെ കയ്യിലും ഉണ്ട് .പഞാബിയ്ക്കും ഞങ്ങൾ പേരിട്ടു
’മണ്ടൻ’
അവന് ഇതിന്റെയൊന്നും അർഥം അറിയില്ലലോ.ജാഡതെണ്ടിക്കും അതുപോലെ തന്നെ.ഞാനൊന്നു പരിചയപ്പെടാൻ നോക്കിയിരുന്നു .ചങ്ങായി ഒറീസ്സയിൽ നിന്നാണ് എന്നൊന്നു മൊഴിഞ്ഞു കിട്ടി.ഫോണിലെ കോമ്പസും വച്ച് കണ്ട വഴിയിലൂടെ ഒക്കെ നടന്നു പോയി.അങ്ങനെ അങ്ങനെ ഏതാണ്ടൊക്കെ കുന്നും കേറി ഇടയ്ക്കു കയ്യിലുള്ള ബിസ്കറ്റും വെള്ളവും കഴിച്ചു വിശ്രമിച്ചു വിശ്രമിച്ചു ഞങ്ങൾ പകുതി ദൂരമെത്തി.പഞ്ചാബിയുടെ വെറുപ്പിക്കലുകൾ പലതും നടന്നു കൊണ്ടേയിരുന്നു.പഞ്ചാബിയുടെ ആദ്യ സോളോ ആണത്രേ ഇനിയിപ്പോ അതിന്റെ ത്രില്ലടിച്ചു വട്ടായതാണോ എന്തോ.ഇടയ്ക്കു ഓരോ പാട്ടൊക്കെ വയ്ക്കും .മനുഷ്യന്മാർ കേൾക്കാത്ത ഏതെങ്കിലും ആയിരിക്കും എന്നിട്ടു ഞങ്ങളോട് ചോദിക്കും.കേട്ടിട്ടുണ്ടോ ? ഞങ്ങൾ ഇല്ല എന്ന് പറയണ്ട താമസം പാട്ടിനെപ്പറ്റി പറഞ്ഞു പറഞ്ഞു വെറുപ്പിക്കും .മലയാളത്തിൽ ഞാനും അജയയും ഒരു മയമില്ലാണ്ട് കുറ്റം പറഞ്ഞു .സഹിക്കുന്നതിനും ഒരു പരിധി ഇല്ലേ .
ജാഡതെണ്ടിയെ ഇടയ്ക്കു മിസ്സായി.ഒടുവിൽ ഞങ്ങൾ അങ്ങ് എത്തപ്പെടാറായപ്പോ ജാഡതെണ്ടിയും എവിടുന്നോ പൊങ്ങി വന്നു
പ്രഷാർ ലേക്ക് കാണുന്നതിലും എനിക്ക് ആവേശം എന്തെങ്കിലും വയറ്റിലേക്ക് തട്ടാനായിരുന്നു വിശന്നിട്ട് എന്റെ അടപ്പ് തെറിച്ചു.ചാവലും കറിയും ഉണ്ടാക്കാൻ പറഞ്ഞു.എത്ര വിശന്നാലും ഓഫീസ് കാന്റീനിലെ ചാവൽ കഴിക്കാത്ത ഞാൻ അങ്ങനെ ചാവൽ കഴിച്ചു,താഴെ അമ്പലത്തിൽ പോയി അവിടത്തെ ആളിനെ കണ്ടു താമസ സൗകര്യം അന്വേഷിച്ചു.അതൊക്കെ തരാം പക്ഷെ മുപ്പതു രൂപയാകും എന്താ സമ്മതമാണോ എന്ന ചോദ്യം കേട്ട് ഞങ്ങൾക്ക് ചിരിയാണ് വന്നത് .തലയണ വേണമെങ്കിൽ പത്തു രൂപ കൂടുതലും .ഓഹ് ആയിക്കോട്ടെ എന്നും പറഞ്ഞു ഞങ്ങൾ ഡീലാക്കി .വല്യ സൗകര്യമൊന്നുമില്ല.കിടക്കാൻ ഒരു ഷീറ്റും കമ്പിളിയും .ചാർജ് ചെയ്യാൻ ഒരു ചാർജിങ് പോയിന്റുമുണ്ട്.ഞങ്ങൾക്ക് അത് തന്നെ ധാരാളം.പഞ്ചാബിയും ജാഡതെണ്ടിയും ടെന്റ് അടിക്കാനുള്ള പ്ളാനോകെ ഉപേക്ഷിച്ചു ഞങ്ങടെ അവിടെ കൂടി .ലേക്കിന്റെ അടുത്തുള്ള കുന്നിൽ വലിഞ്ഞു കേറി.അതെപ്പോഴും അങ്ങനെയാണല്ലോ ഏറ്റവും ഉയർത്തിലെത്താനാണലോ എല്ലാവര്ക്കും ആഗ്രഹം .പഞ്ചാബിയുടെ തള്ളൽ സഹിക്കാൻ പറ്റാത്തോണ്ടു ഇപ്പൊ വരാം എന്നും പറഞ്ഞു അജയ്യെ ബലിയാടാക്കി ഞാൻ മുങ്ങി വേറൊരു സ്ഥലത്തു പോയി സ്വസ്ഥമായിട്ടിരുന്നു .കുറച്ചു കഴിഞ്ഞപ്പോ അജയ്യും വന്നു .പഞ്ചാബി അവിടെ കുറച്ചു നേരം ഇരുന്നിട്ടേ വരുന്നുള്ളു
സമാധാനം.
തടാകത്തിന്റെ അടുത്ത് കൂടിയും കുന്നിന്റെ മുകളിലൂടെയും ഒരു റൌണ്ട് അടിച്ചു.മൊബൈലിനു റേഞ്ചില്ല.ഈ അമ്ബലവും ഒരു മൂന്നാലു കെട്ടിടവും, അതല്ലാണ്ട് വേറൊന്നും അടുത്തില്ല .സ്വസ്ഥം സമാധാനം.ഒപ്പം എത്ര കണ്ടാലും കൊതി തീരാത്ത തടാകവും അങ്ങകലെ മഞ്ഞുമൂടിയ ഹിമാലയവും. Absolute Peace!
വൈകുന്നേരം ചുമ്മാ ഇങ്ങനെ നടക്കുമ്പോഴുണ്ട് അമ്പലത്തിന്റെ അടുത്തുള്ള കടയിൽ വിൽക്കാൻ വച്ചിരിക്കുന്ന ചിത്രത്തെ പറ്റി രണ്ടുപേർ നല്ല തർക്കത്തിലാണ് . ഒരാളുടെ അഭിപ്രായത്തിൽ പടം തെററാണ് കാരണം ദ്വീപ് ന്റെ സ്ഥാനം ശെരിയല്ലത്രേ.അതു ഒഴുകി നടക്കുന്നതാനെന്നും അതുകൊണ്ട് പല സമയത്തു പല സ്ഥലത്തായിരിക്കും എന്നും ഞാൻ പറഞ്ഞപ്പോൾ ഒരുത്തന്റെ സംശയം തീർന്നു
രാത്രിയിൽ മാഗ്ഗി കഴിച്ചുകൊണ്ടിരുന്നപ്പോൾ iser മൊഹാലിയിൽ പഠിക്കുന്ന മലയാളിയെ പരിചയപെട്ടു .എവിടെ പോയാലും ഒരു മലയാളി അത് നിർബന്ധാ.ജാഡക്കാരന് സിഗരറ്റു വലിക്കുന്നവരുമായി കമ്പനിയടിക്കാൻ ഒരു ജാഡയുമില്ല.കമ്പനിയടിച്ചു ഒരു സിഗരറ്റു ഒപ്പിക്കണം.മണ്ടൻ പഞ്ചാബിയും ജാഡയും നാളെ തിരികെ പോവും.ഭയങ്കര കാലിബറാ എന്നൊക്കെ ഡയലോഗ് വിട്ട മണ്ടൻ കിടന്നതേ ഉറങ്ങിപ്പോയി.
അടുത്ത ദിവസം മുഴുവനും ഞങ്ങൾ ഇവിടുണ്ട് .ഇവിടന്നു ഒരു പന്ത്രണ്ടു കിലോമീറ്റർ പോയാൽ തുങ്കമാതാ അമ്പലത്തിലെത്താം.മാഗിയുടെ കൂടെ മിക്സ് ചെയ്ത് അടിക്കാൻ കുർകുറെ വാങ്ങിയപ്പോൾ ആ കടയിലെ ചേട്ടനോട് ഞാൻ വഴി ചോദിച്ചു.അയാളാണെൽ കട്ട പുച്ഛത്തോടെ നിങ്ങളെ കൊണ്ടെന്നും അത് നടക്കത്തില്ലെടോ നിങ്ങൾ ഇന്ന് വന്നപോലെ അല്ല ഇത് .ഇത് വേറെ ലെവൽ വേണമെകിൽ ദാ ആ കാണുന്ന മലയുടെ മുകളിൽ വരെ പൊവ്വാം(അയാളുടെ ഔദാര്യം) .അതിനപ്പുറത്തേക്ക് വെറും വ്യാമോഹം മാത്രം .എന്റെ മുഖത്തു നോക്കി പുച്ഛിച്ച ചേട്ടനെ മനസ്സിൽ പുച്ഛിച്ചു ഞാൻ തിരികെ പൊന്നു (ഇതിപ്പോ നിങ്ങളുടെ നാടായിപ്പോയി നിങ്ങളുടെ ഭാഷയും ഇല്ലെങ്കിൽ ഞാൻ പുച്ഛിച്ചു കൊന്നേനെ മത്തങ്ങാ തലയാ).വേറെ ഒരാൾ പോയി വരാവുന്നതേയുള്ളു എന്ന് പറഞ്ഞു ആശ്വസിപ്പിച്ചു.
അടുത്ത ദിവസം അമ്പലത്തിൽ കയറി ചെറിയൊരു ദർശനമൊക്കെ നടത്തി ഞങ്ങൾ തുങ്കമാതാ പോയിട്ട് വരാമെന്നു പറഞ്ഞപ്പോൾ ഒരു പൂജാരി പോവുന്നുണ്ട് അയാളുടെ കൂടെ പൊയ്ക്കോ എന്ന് തുണി അലക്കികൊണ്ടിരുന്ന അമ്ബലത്തിന്റെ എല്ലാമെല്ലായ ചേട്ടൻ ഒരു നിർദേശം മുന്നോട്ടു വച്ചു .ആണ്ടിലൊരിക്കലുള്ള അയാളുടെ തുണിയലക്കലിന്റെ നാറ്റം സഹിച്ചു ഞങ്ങൾ എന്നാ അങ്ങനാട്ടെ എന്ന് പറഞ്ഞു.പൂജാരി വരാൻ ലേറ്റ് ആയപ്പോൾ ഞങ്ങൾ ധൃതി വച്ചു.നിങ്ങൾ വിട്ടോ ഞാൻ പുറകെ എത്തിക്കോളാം എന്നായി അദ്ദേഹം.
“കുറച്ചു പോവുമ്പോൾ ഒരു മൈതാനം കാണും അവിടന്ന് തിരിഞ്ഞു പോയാൽ മതി”
ഒരു നാട്ടുകാരൻ വഴി പറഞ്ഞു തന്നു
ഒരു നാട്ടുകാരൻ വഴി പറഞ്ഞു തന്നു
രണ്ടു കുപ്പി വെള്ളവും കുറച്ചു മുന്തിരിയും ഓറഞ്ചും വാങ്ങി ഞങ്ങൾ യാത്ര തുടങ്ങി.മൈതാനം കഴിഞ്ഞപ്പോൾ ഒരു ആട്ടിടയൻ വഴി പറഞ്ഞു തന്നു.ഒരു വഴിയേ കേറിയപ്പോൾ പുറകെ നിന്ന് വിളിച്ചു പറഞ്ഞു .ആ വഴി നഹി ഈ വഴി പോ .(അതൊരു ട്വിസ്റ്റായിരുന്നു ..വഴിയേ മാനസിലാവും).അയാൾ പറഞ്ഞ വഴി പോയി.എവിടെ നോക്കിയാലും വഴിയാണ്.കുറേ നടന്നു നടന്നു ഒരു തൊഴുത്തു പോലെ തോന്നിക്കുന്ന സ്ഥലത്തു കയറി മുന്തിരി കഴിച്ചു.കിടിലൻ മുന്തിരി .മുന്തിരി ഇഷ്ടമല്ലാത്ത എനിക്കുവരെ സംഭവം ഇഷ്ടമായി.മുന്തിരി ഇഷ്ടമുള്ള മമ്മിയെ ഓർമവന്നു.പിന്നേം പോയപ്പോഴാണ് സല്ലുവും അവന്റെ അപ്പനും വന്നത് .അവരും ആട് മേച്ചു നടക്കുവാണ് .അപ്പൻ ആട്ടിടയൻ പഹാഡിയിൽ വഴി പറഞ്ഞു തന്നു.വഴി തെറ്റി എന്ന് ആൾടെ ടോണിൽ നിന്ന് മനസിലായി.ചെക്കൻ ഹിന്ദിയിൽ പറഞ്ഞു തന്നു.ദാ ആ മല കേറിയാൽ മതി .
“ഇത്ര സിമ്പിലോ “? ഞങ്ങളെന്താ മൗൻഗ്ലിയോ അതോ ടാർസണോ ?” ഇങ്ങനെ മല കേറാൻ അറിയാമെങ്കി ഞങ്ങൾ ഇപ്പൊ തുങ്കമാതാ കഴിഞ്ഞു കുളു എത്തിയേനെ (തുങ്കമാതാ വഴി കുളുവിനും നടന്ന് പൊവ്വ്വം ).


Nice, your trip and photography is absolutely STUNNING. Find some amazing adventures trips here:- leh-ladakh tour packages
ReplyDelete