Parashar Lake 02 | Mandi | Himachal Pradesh



ഒന്നാം ഭാഗം  - ഇവിടെ ക്ലിക് ചെയുക 
ഡോറയുടെ പ്രയാണം പോലെ ഞങ്ങളും എങ്ങോട്ടോ ഉള്ള പ്രയാണം തുടർന്നു.ഇടയ്ക്കു ഒരു ആട്ടിടയനെ കാണും അയാളൊരു വഴി പറയും ഞങ്ങൾ ആ വഴി പോവും.കുറച്ചു കഴിയുമ്പോ മനസിലാവും ഇതും തെറ്റിയെന്ന് .അവർ പറയുന്നത് ശെരിയായ വഴിയായിരിക്കും പക്ഷെ അത് അവർക്കേ മനസ്സിലാവൂ എന്ന് മാത്രം.അവർക്കതായിരുക്കും എളുപ്പം .എട്ടും പൊട്ടും തിരിയാത്ത ഞങ്ങളോട് ഇത് പറഞ്ഞിട്ടു എന്ത് കാര്യം.ഏതിലെയൊക്കെയോ വലിഞ്ഞു കയറി ഞങ്ങൾ ഒരു മലയുടെ മുകളിലെത്തി.

രാംപാൽ ആടുകളെ മേയ്ക്കുകയാണ് കൂട്ടിനു രണ്ടു പട്ടികളും ഉണ്ട് .ഞങ്ങൾ വന്നത് വേറെ വഴിയാണ് .മൈതാനത്തിനു നിന്നു തിരിഞ്ഞതാണ് അബദ്ധമായതു.(നേരത്തെ പറഞ്ഞ ട്വിസ്റ്റ് ).ചതി….. കൊടും ചതി .ഞങ്ങൾ ആദ്യം കയറാൻ ഉദ്ദേശിച്ച വഴിയായിരുന്നു കറക്ട്. .ചിലപ്പോ അവർ ഞങ്ങൾക്ക് എളുപ്പവഴി പറഞ്ഞു തന്നതാവും എന്നാണ് രാംപാലിന്റെ അഭിപ്രായം. എന്തായാലും പോയിട്ട് വരാൻ പുള്ളിയുടെ നിർദേശം .അവർക്കു തുങ്മാതാ ശക്തിയുള്ള ദൈവമാണ് .ഞങ്ങൾക്കാണെങ്കിൽ വെറുമൊരു ലാൻഡ്മാർക്കും .ഞങ്ങളില്ലേ എന്ന് പറഞ്ഞു അവിടെ കുറച്ചു നേരം ഇരുന്നു.ഓറഞ്ച് എടുത്തു മുന്തിരി കിടിലൻ ആയിരുന്നെങ്കിൽ ഓറഞ്ചു ശോകമായിരുന്നു അതിലൊരെണ്ണമാണ് ആശാന് കൊടുത്തത് .പാവത്തിന് ഇനി നമ്മൾ മോശം സാധനം കൊടുത്തു എന്ന് തോന്നുവോ ?
ആശാൻ ഞങ്ങളെ ഒരു കുന്നിന്റെ മുകളിൽ കയറ്റി അകലെ നിന്ന് തുങ്കമാതാ ക്ഷേത്രം കാണിച്ചു തന്നു.അകലെ ഹിമാലയം കാണാം .മുസോറിയിൽ വച്ച് കണ്ടത് ഒരു പൊടിയായിരുന്നു ഇപ്പൊ കുറച്ചൂടെ അടുത്ത് കണ്ടു.ഇനി അതിന്റെ തൊട്ടടുത്ത് പോണം(പോവുകയും ചെയ്തു ധര്മശാലയിൽ. ലിങ്ക് കമ്മന്റിലുണ്ട്)
അവിടെ നിന്നപ്പോ ഫോൺ പോക്കറ്റിൽ കിടന്നു ആകെ ഒച്ചപ്പാട്.രണ്ടു ദിവസമായി റേഞ്ച് കിട്ടാതെ ഇരുന്ന ഫോണിന് നിറയെ റേഞ്ച് കിട്ടിയതിന്റെ സന്തോഷമാണ്. .കയ്യിലുള്ള ബിസ്കറ്റും ഞങ്ങൾ മൂന്നാളും തിന്നു.ഇനി തുങ്കമാതാ വരെ പോവാനുള്ള സമയവും ഇന്ധനവും (വെള്ളവും ഭക്ഷണവും ) ഇല്ല.എങ്കിലും ഇത്രയും നേരം ഒരു ലക്കും ലഗാനുമില്ലാണ്ട് കാട്ടിലൂടെ തേരാ പാരാ നടന്നത് നല്ലൊരു അനുഭവമായിരുന്നു .ഞങ്ങള്കു വേണ്ടതും അതായിരുന്നു .അല്ലാതെ ഈ ദുഃഖശനിയാഴ്ച ഈ കാട്ടിലിരുന്നു രാംപാൽ ആശാനുമായി കത്തിയടിച്ചിരിക്കുന്ന ജന്മം കൊണ്ട് മാത്രം നസ്രാണികളായ ഞങ്ങൾക്ക് എന്ത് ക്ഷേത്രം എന്ത് പള്ളി .
ആശാന് സ്വന്തം പിള്ളേരെ വിട്ടു അധിക നേരം പിരിഞ്ഞിരിക്കാൻ വയ്യ . അതുകൊണ്ട് ഞങ്ങൾ തിരികെ നടന്നു .നേരത്തെ കണ്ട ചെക്കനും അവന്റെ അച്ഛനും ആടുകളും എല്ലാം എത്തിയിട്ടുണ്ട്.ബാക്കിയുള്ള ബിസ്കറ്റ് ആ ചേട്ടന്മാർക്കും കുറച്ചു പട്ടികൾക്കും കൊടുത്തു.അജയ് ഒരു മൃഗസ്നേഹിയാണ് .പുള്ളി അവരുടെ കൂടെ കളി തുടങ്ങി.

ചെക്കൻ ചെക്കൻ എന്ന് പറയുന്ന ഇവൻ എട്ടാം ക്ളാസുകാരനാണ്.സ്‌കൂളിൽ പോവുന്നുണ്ടാവില്ല എന്നൊരു വിഷമം ഇവനെ ആദ്യം കണ്ടപ്പോൾ എനിക്ക് ഉണ്ടായിരുന്നു അതിപ്പോൾ മാറി.ഹിമാചൽ പ്രദേശ് സാക്ഷരതയിൽ കേരളത്തിന്റെ പുറകെ വച്ച് പിടിച്ചു വരുന്നുണ്ട്.കാരണമിതാണ് ഏതു കുന്നിൽ താമസിക്കുന്നവനും സ്‌കൂളിൽ പോവുന്നു. അവനു പാട്ടുകാരൻ ആവാനാണ് ഇഷ്ടം .പാട്ടു പാടാൻ പറഞ്ഞപ്പോ നാണം കാരണം ഒന്നും പുറത്തു വരുന്നില്ലാ.അവസാനം ചെറുതായൊന്നു പാടി.പാട്ടുകാരൻ ആവണമെങ്കിൽ ഇങ്ങനെ നാണമൊന്നും പാടില്ല എന്നൊക്കെ നാലാളുടെ മുൻപിൽ നിന്നാൽ കയ്യും കാലും വിറയ്ക്കുന്ന ഞാൻ ഉപദേശം കൊടുത്തു (പക്ഷേ എനിക്ക് പാട്ടുകാരൻ ആവണ്ടല്ലോ അപ്പൊ എനിക്ക് നാണം ആവാം ).ചെക്കന്റെ ചിരി ഒരു രക്ഷയുമില്ലായിരുന്നു.ചേട്ടന്മാർക് നമ്മൾ എവിടുന്നാ എന്താ എങ്ങനാ എന്നൊക്കെ അറിയണം .എൻജിനിയർ ആണെന്ന് പറഞ്ഞാൽ നല്ല വിലയാ(നാട്ടിലെപോലെ അല്ല 😛 ).പക്ഷെ അവരുടെ അടുത്ത ചോദ്യം ഉണ്ട് .’കിസ് ചീസ് കി ‘? ഇതിന്റെ എൻജിനിയർ ആണ് ?.കംപ്പ്യുട്ടറിന്റെ എന്നും പറഞ്ഞു ഒഴിയും.(ഞാൻ എന്താ ചെയ്യണേ എന്ന് എനിക്ക് തന്നെ വല്യ പിടിപാടില്ല പിന്നെ എങ്ങനെ ഇവരെ പറഞ്ഞു മനസിലാക്കും )

തിരിച്ചു വരവ് വളരെ ഈസി ആയിരിക്കുമെന്നാണ് കരുതിയത് പക്ഷെ നടന്നത് മറിച്ചാണ്.ഏതിലെയൊക്കെയോ ചാടിയിറങ്ങി പുല്ലിലൂടെ ഊർന്നിറങ്ങി(ദ റിയൽ ട്രെക്കിങ്ങ്) എവിടെയോ എത്തി.രാത്രി ഇവിടെ കഴിയേണ്ടിവരുമോ ? കരടി വരുന്ന കാടാണ് എന്ന് അജയ്‌യുടെ കമ്മന്റും!!.ഒരു നാടൻ പശു വന്നപ്പോ ആശ്വാസമായി പുറകെ അതിന്റെ ആളും വന്നു .ആ അമ്മച്ചി പറയുന്നേ കേട്ട് വേറൊരു വഴി വിട്ടു . കുറച്ചു അമ്മച്ചിമാർ ഒരുമിച്ചിരുന്നു സൊറ പറയുന്നു ഞങ്ങൾക്ക് വഴി തെറ്റി എന്ന് പറഞ്ഞപ്പോൾ കൂട്ട ചിരി.ചിരിക്കു ചിരിക്കു പന്ത്രണ്ടു കിലോമിറ്റർ അപ്പുറത്തുള്ള അമ്പലം കാണാൻ പോയിട്ട് അതിലും കൂടുതൽ നടന്ന ഞങ്ങളെ നോക്കി തന്നെ ചിരിക്കണം കണ്ടു നിന്നല്ലേ പറ്റൂ ആവശ്യം നമ്മൾടെയാണല്ലോ.തുങ്കമാതാ ദേവിയെ കാണാതെ തിരികെ പോവുന്നതിൽ അവർക്കും വിഷമമുണ്ടായിരുന്നു.ഒരുവിധം രാവിലെ കണ്ട മൈതാനത്തിലെത്തി.രാവിലെ “എളുപ്പ വഴി “പറഞ്ഞു തന്ന ചേട്ടന്മാരെ കാണാനില്ല ഇല്ലെങ്കിൽ ഞങ്ങളുടെ ഈ സാഹസിക യാത്രയുടെ ക്രെഡിറ്റ് കൊടുത്തിട്ടു പോവ്വമായിരുന്നു .ചെന്ന വഴിയേ എന്തെങ്കിലും കഴിക്കണം, എനിക്കിതു മാത്രമേ മനസ്സിൽ ഉണ്ടായിരുന്നോളു.


തടാകം ഒന്നുടെ വലം വച്ചു .എവിടെ നിന്നു നോക്കിയാലും മുടിഞ്ഞ ഗ്ലാമറാണ്.മഞ്ഞു മൂടികിടക്കുമ്പോൾ ഒന്നുടെ വരണം.ഇതിലും ശാന്തമായ സ്ഥലം വേറെയില്ല.ഇവിടെ കുറച്ചു ആള്കാരെ വരൂ.വല്യ ബഹളമില്ല.റേഞ്ച് ഇല്ലാത്തോണ്ട് നമ്മൾ ഫോണിൽ കുത്തി ഇരിക്കുകയുമില്ല .(പക്ഷേ ആദ്യം കാണുന്ന കടയുടെ മൂന്നാമത്തെ മേശയുടെ അരികിൽ നിന്നാൽ ജിയോ കിട്ടും .വെള്ളം വരുന്ന പൈപ്പിന്റെ അവിടന്നു ഒരു പത്തു മീറ്റർ മാറിയാൽ bsnl ഉം)
.രാത്രിയിൽ കഴിക്കാനിരുന്നപ്പോൾ മുന്പിലിരുന്നത് മണ്ടിയിൽ വക്കീലായ ഒരാളും ആൾടെ മോനും പ്രശസ്‌ത്ര പക്ഷി നീരിക്ഷകനും ആയിരുന്നു (പേര് എഴുതി വച്ചതാണ് ഇപ്പോൾ മിസ്സായി ) ഞങ്ങളുടെ മുൻപിൽ ഇരുന്നത് .കക്ഷി തട്ടേക്കാടും വന്നിട്ടുണ്ട് അവർ നാളെ തുങ്കമാതാ ചിലപ്പോൾ പോവും.വക്കീൽ വൻ വൻ ട്രെക്ക്കിങ് ഒക്കെ നടത്തിയ ആളാണ് .ഈ പ്രായത്തിലും എന്നാ ഒരിതാ .വേറൊരു ഫാമിലി വന്നതുകൊണ്ട് ഞങ്ങൾക്ക് റൂം മാറി കിടക്കേണ്ടി വന്നു.ഫാമിലിയുടെ ശബ്ദം കാരണം ഉറങ്ങാൻ സാധിച്ചില്ല.നോർത്തിൽ ഞാൻ പല തവണ അനുഭവിച്ചതാണ് ഇത് .അവർ മറ്റുള്ളവരെ പറ്റി ചിന്തിക്കുകയെ ഇല്ല.അവർ ബഹളം വച്ചോണ്ടേയിരുന്നു.

ഈസ്റ്റര് ദിവസം ഞായറാഴ്ച രാവിലെ എണീറ്റ് തടാകം കണ്ടു കൊതി തീർത്തു. രാവിലെ മഞ്ഞു മൂടിയ മലനിരകൾ വ്യ്കതമായി കാണാം .ഒരു ശല്യവുമില്ലാത്ത അവിടെ ഇരുന്നു തടാകവും ബാക്ക്ഗ്രൗണ്ടിൽ മഞ്ഞുമലകളും കണ്ടു എത്ര നേരം ഇരുന്നാലും മതിയാവില്ല.വന്നിട്ട് മൂന്നാം ദിവസമായെങ്കിലും പോവാൻ തോന്നുന്നില്ല .ചുറ്റും വേലി കെട്ടിയതുകൊണ്ട് തടാകം ഇന്നും ശുദ്ധമായി നിലനിൽക്കുന്നു.കുറേ നടന്നു കണ്ടിട്ട് ബ്രേക്ഫാസ്റ് കഴിച്ചു ഞങ്ങൾ പൈസ , (രണ്ടു ദിവസത്തേക്ക് നൂറ്റി അറുപതു രൂപ ) കൊടുത്തു ഇറങ്ങി .ബസ് ഉച്ചയ്‌ക്കെ വരൂ.സീറ്റ് കിട്ടിയില്ലെങ്കിൽ പണിയാവും.ഇനി കാണാനും ഒന്നും മിച്ചമില്ല, ഞങ്ങൾ ബസ് നിർത്തുന്ന സ്ഥലത്തേക്കു പോയി കുറെ ഫോട്ടോസൊക്കെ എടുത്തു.ബുക്ക് വായിക്കാൻ എടുത്തെങ്കിലും സംസാരം മാത്രമാണ് നടന്നത്.ഹിമാലയം അകലെ കാണാം .ഒടുവിൽ പൊടിയൊക്കെ പറപ്പിച്ചു ബസിങ്ങെത്തി .ഞങ്ങൾ കയറി സീറ്റ് പിടിച്ചു.ബാഗ് അകത്തു വച്ചിട്ടു ഞങ്ങൾ പുറത്തിറങ്ങി .ഡ്രൈവറും കണ്ടക്ടറും ഭക്ഷണം കഴിച്ചു വന്നിട്ടേ ബസ് എടുക്കു .എല്ലാവരുമായി കൂട്ടായി .എല്ലാവരും ഡൽഹിയിൽ ജോലി ചെയുന്നവരാണ് .നിതിൻ രങ്കയും ആയുഷും അങ്ങനെ പലരെയും പരിചയപെട്ടു .മണ്ഡിയിൽ ഞങ്ങൾ നാലുപേരും ഒരുമിചാണ് ഭക്ഷണം കഴിച്ചത് .പാലത്തിന്റെ അടുത്തുള്ള കിടിലം കുൽഫിയും കഴിച്ചു ഞങ്ങൾ ഞങ്ങളുടെ പ്രഷർ ലേക്ക് യാത്ര അവസാനിപ്പിച്ചു.ആദ്യത്തെ ട്രെക്കിങ്ങ് ആയിരുന്നതുകൊണ്ട് എന്റെ ശരീരം ഒന്ന് ഇളകിയിരുന്നു.എവിടെയെയൊക്കെയോ വേദന.പക്ഷേ സ്വർഗത്തിൽ പോയി വന്ന ഫീലിൽ ഇരിക്കുന്ന എനിക്ക് ഇതൊക്കെ എന്ത് .അല്ലെങ്കിലും യാത്ര കഴിഞ്ഞു വരുമ്പോൾ ഉള്ള ക്ഷീണം ഒരു ലഹരിപോലെയാണ് .I travel for that 
*^** An HRTC bus runs on this route on daily basis. The bus starts from Mandi bus stand @ 7 AM and reaches the Prashar (via Kataula and Bagi) @ 11AM appro. The same returns from Prashar @ 1:30 PM and reaches Mandi @ 5PM approx.

1 comment:

  1. Nice, your trip and photography is absolutely STUNNING. The insights are really helpful and informative. Thanks for sharing your experience. Find some amazing adventures trips here:- leh-ladakh tour packages

    ReplyDelete

Powered by Blogger.