ബിജ്‌ലി മഹാദേവ് -കുളുവിലെ അധികമാർക്കുമറിയാത്ത സ്വർഗം








കുളു-മണാലി എന്നൊരുപാട് കേട്ടിട്ടുണ്ടാവുമല്ലോ.മണാലിയിൽ പോവാത്ത യാത്ര പ്രേമികൾ ചുരുക്കമായിരിക്കും (ഞാനും ആ ചുരുക്കം ചിലരിൽ ഒരാളാണ് ).എന്നാൽ ഈ കുളുവിൽ എന്ത് തേങ്ങയാണ് എന്ന് ചോദിച്ചാൽ എല്ലാരും കൈ മലർത്തും.ഇനി നിവർത്തിക്കോളൂ കുളുവിൽ ഒരു കുഞ്ഞു ട്രെക്കിങ്ങ് ഉണ്ട് .ബിജലി മഹാദേവ് ഒരു ശിവക്ഷേത്രമാണ്.ബിജ്‌ലി എന്ന് പറഞ്ഞാൽ മിന്നൽ .മിന്നലടിച്ചു ഇവിടത്തെ ശിവലിംഗത്തിൽ വിള്ളൽ ഉണ്ടാവുമെന്നും പൂജാരികൾ വെണ്ണകൊണ്ട് അത് ജോയിന്റ് ആക്കുമെന്നാണ് വിശ്വാസം.പോയ പല സ്ഥലങ്ങളിലും ഇതുപോലെ പല വിശ്വാസങ്ങൾ ഉണ്ടെങ്കിലും ഞാൻ പോവുന്നത് സ്ഥലം കാണാൻ വേണ്ടി മാത്രമാണ്.ഇത്തവണ ഒറ്റയ്ക്കല്ല കോളേജിലെ ജൂനിയർ ആയിരുന്ന ശ്യാമും ഉണ്ട് കൂടെ.ജനുവരിയിൽ മഞ്ഞു മൂടിക്കിടക്കുന്ന സ്ഥലമാണിത് .അതുകൊണ്ടു തന്നെ എത്തിപ്പെടാൻ പറ്റുമോ എന്നൊരു പേടിയുണ്ടായിരുന്നു.ഗൂഗിളിൽ അരിച്ചു പെറുക്കിയെങ്കിലും ഉടനെ പോയവർ ആരുമില്ല .ഇൻസ്റ്റാഗ്രാമിൽ നോക്ക്കിയാലോ കുറെ ഫോട്ടോസ് കാണാം .മെസ്സേജ് അയച്ചു ചോദിച്ചാൽ എല്ലാം ത്രോബാക് ആണത്രേ .ഇവന്മാർക്ക് ത്രോബാക്കിടാൻ വേറൊരു സമയവും കിട്ടിയില്ലേ ? ഒരുത്തൻ തന്ന നമ്പറിൽ വിളിച്ചു ചോദിച്ചപ്പോൾ മഞ്ഞൊക്കെ ഇക്കൊല്ലം കുറവാണ് ധൈര്യമായി പൊക്കോ എന്ന് ഉറപ്പു കിട്ടി .

നേരത്തെ ബുക്ക് ചെയ്ത ഹിമാചൽ ട്രാൻസ്പോർട്ടിന്റെ ഓർഡിനറിയിൽ ഞങ്ങൾ കാശ്മീരി ഗേറ്റിൽ നിന്നും കയറി.ഇത്തവണ പെട്ടെന്നു ബസ് കണ്ടുപിടിക്കാൻ പറ്റി.ഇല്ലെങ്കിൽ ഒരു നാല് ബസ് എങ്കിലും മാറി കേറി ചോദിച്ചിട്ടാണ് നമ്മടെ ബസ് കണ്ടുപിടിക്കാറ്.ഓർഡിനറി ബസ് നല്ല രസമാണ് ഒരു അഞ്ചാറ് സ്ഥലത്തെങ്കിലും നിർത്തി നിർത്തി അങ്ങെത്തുമ്പോഴേക്കും ഒരു നേരമാവും.KSRTC ഡ്രൈവര്മായരായിരുന്നേൽ ഞങ്ങൾ ഒരു നാല് മണിക്കൂർ മുൻപേ അങ്ങെത്തിയേനെ .എല്ലാ സ്ഥലത്തും ഞങ്ങളും ഇറങ്ങി ചായ കുടിച്ചു.ഓരോ സ്റ്റോപ്പ് കഴിയുംതോറും തണുപ്പ് കൂടി കൂടി വരുന്നുണ്ട് .
ബസ് ബുണ്ടറിൽ കറക്ട് ടൈമിന് എത്തിയതാ പക്ഷെ കുളു എത്താൻ വൈകി.കുളുവിൽ ഞങ്ങളെ നോക്കി നിന്ന മിഥുൻ ഇടയ്ക്കു വിളിക്കുന്നുണ്ടായിരുന്നു .ഒരു ബിജ്‌ലി മഹാദേവ് ബസ് കിടപ്പുണ്ട് ഞാൻ എന്നാൽ അതിൽ കയറി പോയി നോക്കാം എങ്ങനെ ഉണ്ടെന്നു.താമസ സൗകര്യം ഉണ്ടെങ്കിൽ പിന്നെ പേടിക്കണ്ടല്ലോ .എന്നാൽ താൻ പോയി നോക്ക് പുറകെ ഞങ്ങൾ വരാം എന്നും പറഞ്ഞു ഞങ്ങൾ കുളുവിൽ ഇറങ്ങിയപ്പോൾ സമയം പന്ത്രണ്ട് .ബ്രെക്ഫാസ്റ് നല്ല ഹോട്ടലിൽ നിന്ന് കഴിക്കാം എന്ന് കരുതി അതാവുമ്പോ രാവിലത്തെ കാര്യങ്ങൾ നടത്താനും പറ്റും .(ഏതു ?)ഭക്ഷണം ശോകമായിരുന്നു.കുളു ബസ് സ്റ്റാൻഡിൽ നിന്ന് ബിജ്‌ലി മഹാദേവിലേക്കു ബസ്സുണ്ട്.ഞങ്ങൾ ബസ്സിൽ കയറിയപ്പോഴേക്കും മിഥുൻ കുന്നു കയറാൻ തുടങ്ങിയിരുന്നു .ഒരു മണിക്കൂർ യാത്രയുണ്ട് അങ്ങോട്ടേക്ക് .ഒടുവിൽ സ്ഥലത്തെത്തി ഒരു രണ്ടു മണി ആയപ്പോൾ ഞങ്ങളും കയറി തുടങ്ങി .നാലഞ്ചു കിലോമീറ്ററെ ഉള്ളു .ആദ്യത്തെ കുറെ ഭാഗം സ്റ്റെപ്പുകളാണ് .വെറുതെ കയറിപോയാൽ മതി .മഞ്ഞിന്റെ ലക്ഷണമൊന്നും കാണാത്തതുകൊണ്ട് ചെറിയ നിരാശ മനസ്സിലുണ്ടായിരുന്നു.കുറെ ലോക്കൽ ടൂറിസ്റ്റുകളും കയറാനുണ്ട് .എല്ലാവരും ഇന്ന് തന്നെ തിരികെ പോവാനുള്ളവരാണ്.കുളു മുഴുവനും മുകളിൽ നിന്ന് കാണാം.ഇടയ്ക്കൊന്നു ചെറുതായി ക്ഷീണിച്ചെങ്കിലും വല്യ കുഴപ്പമില്ലാണ്ട് മുകളിലെത്തി

          








അതിലെ ഇതിലെ മഞ്ഞു കാണാം .ആദ്യം കണ്ട കടയിൽ ടെന്റ് കിട്ടുമോ എന്ന് ചോദിച്ചു .മുന്നൂറ്റി അമ്പതു രൂപയ്ക്കു ഒപ്പിക്കാം എന്ന് അങ്ങേരു പറഞ്ഞു.ഞങ്ങൾ എല്ലാം ഒന്ന് കണ്ടിട്ടു വരാം എന്നും പറഞ്ഞു ഞങ്ങൾ വീണ്ടും മുകളിലേക്കു കയറി .ഇനിയെങ്ങാനും ഇതിലും കുറഞ്ഞു കിട്ടിയാലോ ?.മിഥുൻ മലയുടെ അങ്ങേ അറ്റത്തു ബുണ്ടർ എയർപോർട്ടും നോക്കി നിപ്പാണ് .അമ്പലവും കണ്ടു ഞങ്ങൾ അങ്ങോട്ട് ചെന്ന് .മിഥുനെ പരിചയപെട്ടു .അവനും തൊടുപുഴക്കാരനാണ്.ആളിപ്പോ അങ്ങ് ലാറ്റിനമേരിക്കയിൽ എവിടോ ഉണ്ട്(ഇനിയിപ്പോ അണ്ണൻ ആമസോൺ കാടുകളിൽ ട്രെക്കിങ്ങിനു പോകുമായിരിക്കും ) .മിഥുൻ വേറൊരു വഴി ബുന്ദറിലേക്കു പോകാൻ നിൽക്കുവായിരുന്നു .കുറച്ചു നേരം മിണ്ടി ഇരുന്നു പിന്നെ മിഥുൻ താഴെക്കു പോയി. ബുന്ദർ എയർപോർട്ട് ഭംഗിയായി കാണാം .അവിടെ നിന്ന് ടേക് ഓഫ് അല്ലെങ്കിൽ ലാൻഡിങ് കാണുന്നത് കിടു ആയിരിക്കും .രണ്ടു മലകൾക്കു ഇടയിലൂടെ വിമാനം വന്നിറങ്ങുന്നത് കാണാൻ ഞങ്ങൾക്കും കൊതി തോന്നി .രാവിലെ ഒൻപതിന് ഡൽഹിയിൽ നിന്ന് ഒരെണ്ണം വരും .പക്ഷെ കാലാവസ്ഥ കാരണം ഒരു ഉറപ്പും പറയാൻ പറ്റില്ല .കുളവും ബുന്ദറും ഭംഗിയായി കണ്ടു.മറുവശത്തു പോയപ്പോൾ അവിടെ നല്ല മഞ്ഞുണ്ട് .സൂര്യപ്രകാശം അടിക്കാത്തതുകൊണ്ട് അവിടത്തെ മഞ്ഞു ഉരുകിയിട്ടില്ല.അവിടെത്തന്നെ ഒരു മൊബൈൽ ടവറും ഉള്ളതുകൊണ്ട് നല്ല റേഞ്ച് ഉണ്ടായിരുന്നു .ശ്യാം കൂട്ടുകാരെ വീഡിയോ കാൾ ചെയ്തു മഞ്ഞു കാണിച്ചു കൊതിപ്പിച്ചു .ഞാനും വിളിച്ചു ഒന്ന് രണ്ടുപേരെ.ചുമ്മാ വെറുതെ ഇരിക്കണ ആളെ വിളിച്ചു കൊതിപ്പിക്കുമ്പോ കേൾക്കുന്ന തെറി കേൾക്കാനൊരു മനസുഖം.കിട്ടിയ മഞ്ഞു വച്ച് അഡ്ജസ്റ് ചെയ്തു കുറെ ഫോട്ടോ പിടിച്ചു .ശ്യാമിന്റെ കയ്യിലുള്ള ഗ്ലോവ്സ് ഓരോന്ന് ഇട്ടു മഞ്ഞെടുത്തു എറിഞ്ഞു. കുറെ ചവിട്ടി പൊട്ടിച്ചു.കുഞ്ഞു പിള്ളേരെപ്പോലെ ഏതാണ്ടൊക്കെ കാണിച്ചു .മഞ്ഞിൽ കിടന്നു വരെ ഫോട്ടോസ് എടുത്തു.




വിശപ്പ് സഹിക്കാൻ പറ്റാത്തോണ്ടു ഞങ്ങൾ കളി നിർത്തി.മാഗി പറഞ്ഞു.അവിടെയും റെന്റ് കിട്ടും 400 പറഞ്ഞു.താഴെ 350 നു കിട്ടുമെന്ന് പറഞ്ഞപ്പോൾ അവർ സമ്മതിച്ചു.(ഒരു മുന്നൂറു പറയേണ്ടതായിരുന്നു).ചിണ്ടു റാണാ ടെന്റ് അടിച്ചു തരും .രാത്രി നല്ല തണുപ്പാവും നിങ്ങൾ കടയുടെ അകത്തു കിടന്നോ എന്ന് മാഗിയും കട്ടൻചായയും ഉണ്ടാക്കുന്നതിനിടയിൽ ചിണ്ടു പറഞ്ഞു.ഏയ് തണുപ്പൊന്നും കുഴപ്പമില്ല ടെന്റിൽ തന്നെ കിടക്കണം.ഞങ്ങൾ പറഞ്ഞു.
"നിങ്ങളുടെ സൗകര്യം പോലെ".



വീണ്ടും ഒന്ന് ചുറ്റി കണ്ടിട്ട് ഞങ്ങൾ മടങ്ങി വന്നപ്പോഴേക്കും ടെന്റ് റെഡിയായിരുന്നു.രാത്രിയിലും ഞങ്ങൾ മാഗി പറഞ്ഞിരുന്നു.മടങ്ങി വന്നപ്പോൾ ആള് പറയുവാ മാഗ്ഗി എപ്പോഴാ വേണ്ടേ എന്ന് പറയു എന്നിട്ടു വേണം ആൾക്ക് വീട്ടിൽ പോവ്വാൻ എന്ന് .എന്ത് ഇയാൾ പോവ്വേ ? അപ്പൊ ഞങ്ങൾ ഒറ്റയ്ക്കോ ? നഹി,നഹീന്നു പറഞ്ഞാൽ നഹീ.അടുത്ത കടയിൽ ഞങ്ങളുടെ മുൻപിൽ കയറിയ രണ്ടു പ്രായമായ ആൾകാർ ഭക്ഷണം കഴിക്കുണ്ടായിരുന്നു.അവർ അമ്ബലത്തിന്റെ അടുത്തുള്ള കെട്ടിടത്തിൽ ആണ് ഉറങ്ങുന്നത് എന്ന് പറഞ്ഞപ്പോൾ ഒരു സമാധാനം .ചിണ്ടു കടയിൽ കടന്നോളാം എന്ന് പറഞ്ഞപ്പോൾ വീണ്ടും ആശ്വാസം. രാത്രിയിലത്തെ മാഗി കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് ചിണ്ടു ചോദിച്ചതു കേരളത്തിലേതാ ഭാഷ എന്ന്. മലയാളം ഞങ്ങളുടെ മാതൃഭാഷ എന്ന് പറഞ്ഞപ്പോൾ ചിണ്ടു പറയുന്നേ അതെങ്ങനെ ശെരിയാവും മലയാളം സംസാരിക്കുമെങ്കിലും ഹിന്ദി അല്ലേ മാതൃഭാഷ .ആപ് ഗലത് ബോൽ രഹെ ഹി (നിങ്ങൾ തെറ്റാണു പറയുന്നത് ).
അല്ല മാഷേ മലയാളമാണ് ഞങ്ങളുടെ മാതൃഭാഷ.സൗത്ത് ഇന്ത്യയിൽ ഇങ്ങനെയാണ് .ഞങ്ങൾക്ക് മലയാളം പോലെ തമിഴ്‌നാട്ടിൽ തമിഴ്.കർണാടകയിൽ കന്നഡ.അങ്ങനെ അങ്ങനെ.നിങ്ങൾ സംസാരിക്കുന്നത് മലയാളം ആയിരിക്കും പക്ഷെ സ്‌കൂളിൽ ഹിന്ദിയിലെ അല്ലേ പഠിക്കുന്നെ ?ഞങ്ങൾക്ക് പഹാഡി ഭാഷ ഉണ്ട് പക്ഷെ സ്‌കൂളിൽ പഠിക്കുന്നത് ഹിന്ദിയിലാണ് .അതുപോലെ അല്ലെ നിങ്ങളും .
ഓഹ് അപ്പൊ അതാണ് അണ്ണന്റെ ലോജിക് . അല്ല ഭായി ഞങ്ങൾ എല്ലാം മലയാളത്തിലാ പഠിച്ചേ .ഞങ്ങടെ അവിടെ അങ്ങനെയാണ് .രാജസ്ഥാനി,മൈഥിലി,ഗർവാലി ഇതൊക്കെ പ്രാദേശിക ഭാഷകൾ ആണെന്നും .നമ്മൾ ഏതു ഭാഷ പറയുന്നോ അതാണ് നമ്മടെ മാതൃഭാഷയെന്നും ഒക്കെ ഒരുവിധത്തിൽ പറഞ്ഞു മനസിലാക്കിയെടുത്തു കഴിഞ്ഞപ്പോൾ ചിന്റുവിന്റെ അടുത്ത ചോദ്യം .

"ബിജ്‌ലി മഹാദേവിൽ വിശ്വാസം ഉണ്ടോ ?"

ഓഫ് സീസണിൽ ആൾക്കാരെ കാണാതെ ഇരുന്നു ഇരുന്നു ഞങ്ങളെ കിട്ടിയപ്പോ കത്തി വച്ച് കൊല്ലാനാണോ ചിണ്ടു ഇങ്ങൾടെ പ്ലാൻ ?ശ്യാമിന് പിന്നെ ഹിന്ദി അറിയതോണ്ട് അവിടിരുന്നു മാഗി കഴിച്ചാൽ മതി.പെട്ടത് ഞാനാണല്ലോ.ഇല്ല എനിക്കൊരു ദൈവത്തിലും വിശ്വാസം ഇല്ല .ഞാൻ മുഖത്തടിച്ചു പറഞ്ഞു .ശ്യാമിന് ഉണ്ടെന്നു ശ്യാമും പറഞ്ഞു.നിങ്ങൾക്കു വേറെ ദൈവം ഉണ്ടോ എന്ന ചോദ്യത്തിന് ക്രിസ്താനികൾക്കു വേറെ ഉണ്ടെന്നും എനിക്കതിലും വിശ്വാസം ഇല്ലെന്നും ഞാൻ എന്നിൽ തന്നെ വിശ്വസിക്കുന്നു എന്നും,എന്തെങ്കിലും നേടിയാൽ എന്റെ കഴിവ് അല്ലെങ്കിൽ എന്റെ കഴിവുകേട്.എന്റെ ലൈൻ ഇതാണെന്നും കൂടി കേട്ടപ്പോ ചിണ്ടുവിന്‌ മതിയായെന്നു തോന്നി.
"എന്തായാലും എനിക്കെലാം ഈ ബിജ്‌ലി മഹാദേവ് ആണ്."
അതേ ഇവിടെ ആള്ക്കാര് വരുന്നതിനു അതൊരു കാരണമാണലോ അതുകൊണ്ട് ചിണ്ടുവിന്റെ ബിസിനസ് നടക്കുന്നു ,അതുകൊണ്ട് ഇങ്ങനെ വിശ്വസിക്കുന്നതിൽ തെറ്റില്ല.


മാഗിയും കഴിച്ചു ഞങ്ങൾ ടെന്റിൽ കയറി .രണ്ടു കമ്പിളി വിരിച്ചു അതിൽ ജാക്കറ്റും ഷർട്ടും sweatshart ഉം എല്ലാമിട്ട ഞങ്ങൾ രണ്ടു കമ്പിളി വീതം പുതച്ചു കിടന്നു .എന്നിട്ടും ഒരു രക്ഷയുമില്ല .ടെന്റിൽ അതിലെ ഇതിലെ ചെറിയദ്വാരമുണ്ട് അതിലെ തണുപ്പ് ഇരച്ചു കേറുന്നുണ്ട്.കുറച്ചു നേരം ഇതിന്റെ അകത്തു കിടന്നപ്പോൾ ലേശം സമാധാനമുണ്ടായി.എങ്കിലും കാലിൽ എന്തോ ഒരു വേദനപോലെ .ശ്യാമിനുമുണ്ട്.രാത്രിയിൽ എപ്പോഴോ വീണ്ടും എണീറ്റു .പുറത്തു നിന്ന് ഏതാണ്ടൊക്കെ ശംബ്ദം കേൾക്കാം .ചിണ്ടുവിന്‌ ഉറക്കവുമില്ലെ ?ഈ നട്ടപ്പാതിരയ്ക്കു അതും ഈ തണുപ്പത്തു ഇയാളിത് എന്ത് ചെയുവാ ?
പുറത്തിറങ്ങി ഒരു അഞ്ചു മിനിട്ടു ആ തണുപ്പാണ് നിവർന്നു നിൽക്കാനുള്ള കെല്പില്ലാത്തതു കൊണ്ട് ഞങ്ങൾ അന്വേഷിക്കാൻ പോയില്ല .രാത്രിയിൽ വീണ്ടും എണീറ്റ് .കാലിലെ വേദന തന്നെ കാരണം .വേദന എന്ന് പറയാൻ പറ്റില്ല എന്തോ ഒരു അസ്വസ്ഥത.ഉള്ള സോക്സ് മുഴുവൻ ഇട്ടിട്ടു കാലു ഒരു തുണികൊണ്ട് ചുറ്റികെട്ടി വീണ്ടും കിടന്നു .ഒരു മാറ്റവും ഉണ്ടായില്ല.രാത്രിയിൽ മൈനസ് എട്ടായിരുന്നു താപനില.രാവിലെ ഒരു ആറിന് വിറച്ചു വിറച്ചു പോയി ചിന്റുവിനെ എണീപ്പിച്ചു.ആൾ തീക്കൂട്ടി .അതിൽ കാലെടുത്തു വയ്ക്കണമെന്നുണ്ടായിരുന്നു .ഇന്നലെ മഞ്ഞിൽ കളിച്ചത്തിന്റെ പരിണിതഫലമാണ് ഇതൊക്കെ എന്ന് ചിണ്ടുവിന്റെ കമ്മന്റ് വന്നു.കട്ടിയുള്ള സോക്‌സും കട്ടിയുള്ള ഷൂവും കൊണ്ട് വേണം ഈ പണിക്കിറങ്ങാൻ . കാലൊന്നു നേരെ ആയപ്പോ സമാധാനമായി .കട്ടൻ ചായയും കുടിച്ചു ബിൽ സെറ്റിൽ ചെയ്തു ഞങ്ങൾ ഇറങ്ങി.ഒന്നുടെ എല്ലായിടവും കറങ്ങി കണ്ടു.മഞ്ഞു ഉള്ളിടത്തു ഒന്നുടെ പോയി ഫോട്ടോസെടുത്തു...ഡൽഹിയിൽ നിന്നു വന്നിട്ടു ഒരു ദിവസം ആയതേ ഉള്ളു പക്ഷെ ഒരു നാലഞ്ചു ദിവസം കഴിഞ്ഞ ഫീലാണ്.



ബസ് വരുന്നതിനു മുൻപേ ഒരു നാനോയിൽ ലിഫ്റ്റ് കിട്ടി.നൂറു രൂപ കൊടുക്കേണ്ടി വന്നെങ്കിലും വേഗം കുളു എത്താൻ പറ്റി.ശ്യാം ഒരു റൈഡറാണ് .ഒരു ബുള്ളറ്റ് വാടകയ്‌ക്കെടുത്തു പാർവതി വാലി പോവ്വാൻ പ്ലാനിട്ടു .മണാലിയിൽ ശ്യാം കോളേജ് ടൂറിന്റെ ഭാഗമായി പോയതാണ്.എനിക്ക് പോവാൻ താല്പര്യവുമില്ല.അങ്ങനെയാണ് പാർവതി വാലിയാക്കിയത് .കുളുവിൽ നിന്ന് ബൈക്ക് ഒന്നും കിട്ടിയില്ല.ബസ് കയറി ബുണ്ടറിൽ പോയി.പുതിയ പുതു പുത്തൻ ബുള്ളറ്റ് തന്നെ വാടകയ്‌ക്കെടുത്തു ഞങ്ങൾ മലനായ്ക്കു വിട്ടു.മഞ്ഞു കാണുകയായിരുന്നു ഉദ്ദേശം .ഇത്തവണ മഞ്ഞു കുറവാണെന്നും മഞ്ഞു മൂടികിടക്കണ്ട സമയമായിരുന്നു ഇപ്പോൾ എന്നാൽ ടോഷിൽ പോലും മഞ്ഞു കുറവാ എന്നും നാനോയിൽ ഏട്ടൻ പറഞ്ഞിരുന്നു.അതുകൊണ്ടാണ് മലാന പോയി നോക്കാമെന്നു കരുതിയത്.അത് പറഞ്ഞപോഴാ .നാനോയിൽ ഒരു കാർണോർ ഉണ്ടായിരുന്നു ആളുടെ വിചാരം കേരളം ത്രിപുരയുടെ അടുത്താണെന്നാ.രണ്ടിടത്തും കമ്മ്യൂണിസം ഉണ്ട് പക്ഷെ രണ്ടും ഇന്ത്യയുടെ രണ്ടു കോണിലാണെന്നൊക്കെ പറഞ്ഞു മനസിലാക്കിയെടുപ്പിച്ചു.ശ്യാമിന് അറിയതോണ്ട് ഹിന്ദി മുഴുവൻ പറഞ്ഞു ഒപ്പിക്കേണ്ടത് ഞാൻ ആണ്.എനിക്കാണേൽ നാട്ടിൽ നിന്ന് വന്നപ്പോ എന്തോരും അറിയാർന്നോ അത്രെയും തന്നെയേ ഇപ്പോഴും അറിയുള്ളു.സൗത്ത്ഇന്ത്യൻസിന് ഹിന്ദി ലവലേശം അറിയില്ല എന്നാണ് എന്റെ കൂടെ ജോലി ചെയുന്ന ഉത്തരേന്ത്യൻ ഗോസായിമാരുടെ ധാരണ.പല തവണ പറഞ്ഞെങ്കിലും എന്നോട് അവർ ഇംഗ്ലീഷാണ്.കൂട്ടുകാരില്ലാത്തതുകൊണ്ട് മിംഗ്ലിങ് കുറവുമാണ്.അതുകൊണ്ട് കേരളത്തിൽ നിന്നും കൊണ്ടുവന്ന ഹിന്ദി വച്ചാണ് പിടിച്ചു നിൽക്കുന്നത്.ശ്യാം സിവിൽ എൻജിനീയറാണ്.വന്നപ്പോ സീറോ ആയിരുന്നെകിലും ഇപ്പോൾ വൻ പുരോഗതിയാണ് .അടുത്ത ട്രിപ്പിന് ചെക്കൻ ലീഡ് ചെയ്യുമെന്ന്തോന്നുന്നു .


ട്രിപ്പിന് വിടാൻ വീട്ടിൽനിന്നു രണ്ടു കണ്ടിഷനെ ഉള്ളു .വെള്ളത്തിൽ ഇറങ്ങരുത് ബൈക്കിൽ പോവരുത്.എനിക്ക് നീന്തൽ അറിയാത്തൊണ്ടും ബൈക്ക് ഓടിക്കാൻ അറിയാത്തൊണ്ടും വേണമെന്ന് വച്ചാലും രണ്ടും നടക്കില്ല .ശ്യാം നല്ലൊരു റൈഡർ ആണെന്ന് അറിഞ്ഞതുകൊണ്ട് അവനെ നമ്പി ഞങ്ങൾ മലാനായ്ക്ക് വച്ച് പിടിച്ചു .നാല്പതോളം കിലോമീറ്റർ കഴിഞ്ഞിട്ടും മഞ്ഞൊന്നും ശെരിക്കു കണ്ടില്ല.മലാന ഗ്രാമം അകലെ നിന്ന് കണ്ടിട്ട് തിരികെ പൊന്നു.മണികിരണിൽ പോയി ഹോട്ട് സ്പ്രിങ്ങിൽ ഒരു കുളിയാണ് ലക്‌ഷ്യം .കസോളും കഴിഞ്ഞു മണികിരണിൽ എത്തിയപ്പോളാണ് തോർത്ത് വാങ്ങാൻ മറന്നുപോയി എന്ന് ഓര്മ വന്നത് .ഞാൻ തിരഞ്ഞു പിടിച്ചു എൺപതു രൂപയുടെ രണ്ടു തോർത്ത് വാങ്ങി കുളിക്കാൻ ഇറങ്ങി.ചൂടെന്ന് പറഞ്ഞാൽ പോരാ പൊള്ളുന്ന ചൂട്.ഖീർഗംഗയിലെ ഹോട്ട് സ്പ്രിങ്ങിൽ കുളിച്ചിട്ടുണ്ട് പക്ഷെ അവിടെ മിതമായ ചൂടാണ്.ഇത് ഏതാണ്ട് തിളച്ച വെള്ളംപോലെ .ആദ്യം കാലു വെള്ളത്തിൽ മുക്കി ഇരുന്നു.പതിയെ ചൂടുമായി പൊരുത്തപ്പെട്ടു വെള്ളത്തിലിറങ്ങി .ശ്യാമിന് കുറച്ചു നേരം കഴിഞ്ഞപ്പോ ചെറുതായി തല കറങ്ങി.അവനില്ലെങ്കില് തിരികെ പോവ്വാൻ പറ്റില്ല.വല്ല ആക്ടീവാ ആയിരുന്നെങ്കിൽ ഞാൻ ഒരു കൈ നോക്കാമായിരുന്നു .ബുള്ളറ്റ് നേരെ ചൊവ്വേ ഉന്താൻ പോലും എനിക്ക് പറ്റത്തില്ല.ഹോട്ട് സ്പ്രിങ് അവനൊരു പുതിയ അനുഭവമായിരുന്നു .തലേ രാത്രി തണുത്തു മരവിച്ച ഞങ്ങളാണ് ഈ പൊള്ളുന്ന വെള്ളത്തിൽ കുളിക്കുന്നത് .കുറച്ചു നേരം ഇരുന്നു.പിന്നെ ഗുരുദ്വാരയും ഭൂമിക്കടിയിൽ നിന്ന് geothermal energy കൊണ്ട് ചൂടായി തിളച്ചു പൊങ്ങി വരുന്ന വെള്ളമെല്ലാം കണ്ടു(വിഡിയോ ഇട്ടിട്ടുണ്ട് ).അവിടന്ന് പൈപ്പ് വഴിയാണ് ഞങ്ങൾ നേരത്തെ കുളിച്ച അങ്ങോട്ട് വെള്ളം എത്തിക്കുന്നത്.ഒരു അഞ്ചുമണി ആയപ്പോൾ ബുണ്ടർ എത്തി.അവിടന്ന് ബസ്സിൽ കയറി കുളുവിലെത്തി .മടക്കം വോൾവോയിലാണ്.അടുത്ത ദിവസം ഓഫീസിൽ കേറണം.അതുകൊണ്ടാണ് മടക്കം ഇത്തിരി ആഡംബരമാക്കിയത്.ചിക്കൻ വറുത്തത് വഴിയിൽ നിന്ന് തൂക്കി വാങ്ങി കൂടെ രണ്ടു റൊട്ടിയും വാങ്ങി ബസ് സ്റ്റാൻഡിൽ ഇരുന്നു കഴിച്ചു വിശപ്പുമാറ്റി.ഞങ്ങളുടെ വേസ്റ്റ് കൊണ്ട് അവിടത്തെ നായയും വിശപ്പുമാറ്റി .




തിരികെ ബസിൽ വരുമ്പോൾ ചെക്കിങ് ഉണ്ടായിരുന്നു.എവിടെയാ പോയെ എന്ന ചോദ്യത്തിന് മണികിരൺ എന്ന് പറഞ്ഞതാണ് പ്രേശ്നമായതു.അത് പാർവതി വാലിയിലാണല്ലോ.മലാന എന്ന് പറഞ്ഞിരുന്നെകിൽ കുറച്ചൂടെ പരിശോധിച്ചേനെ.പോലീസ് പോയപ്പോൾ കൂടെ ഉണ്ടായിരുന്നവർ പറഞ്ഞു പോലീസ് ചോദിച്ചാൽ മണാലി എന്നേ പറയാവു എന്ന്.എന്ത് പറഞ്ഞാലെന്താ ഞങ്ങൾ രണ്ടു നിഷ്ക്കു പിള്ളേരുടെ ബാഗിൽ നിന്ന് എന്ത് എടുക്കാനാ .
നിങ്ങൾ മണാലി പോവുന്ന വഴിയിൽ ബുന്ദർ എത്തുമ്പോൾ വലതുവശത്തു അങ്ങകലെ ഒരു കുന്നിന്റെ മുകളിൽ രണ്ടു മൊബൈൽ ടവർ കാണാം .ഞങ്ങൾ രണ്ടു പേരും അവിടെ പോയിട്ടുണ്ട് ഒരു രാത്രി ഉറങ്ങിയിട്ടുമുണ്ട്.
പോയ സമയം : 2018 ജനുവരി 27 ,28
ബിജ്‌ലി മഹാദേവ് അമ്പലത്തിൽ ശിവരാത്രിയിൽ വലിയ പരിപാടിയൊക്കെയുണ്ട് .
കുളുവിൽ പോസ്റ്റ് അടിച്ചിരിക്കുവാണെങ്കിൽ ചുമ്മാ ഒന്ന് പോയി വരാം ഇവിടെ.

No comments

Powered by Blogger.