McleodGanj-Triund-Snowline സ്വർഗത്തിലേക്ക് ഒറ്റയ്ക്കൊരു യാത്ര
പതിവുപോലെ വെള്ളിയാഴ്ച്ച നേരത്തെ ഓഫീസിൽ വന്നു നേരത്തെ ഇറങ്ങാൻ നേരം ടീം ലീഡിന്റെ ചോദ്യം ഉണ്ട് “ഇന്ന് എങ്ങോട്ടാ “ഇന്ന് ഞാൻ ട്രിയുണ്ട് ട്രെക്കിങ്ങിനു പോവ്വാ ,കുന്നും മലയും കേറി മഞ്ഞിലൊക്കെ കളിച്ചിട്ട് വരാം എന്നും പറഞ്ഞു ഞാനിറങ്ങി .മെട്രോ പിടിച്ചു കാശ്മീരി ഗേറ്റിലെത്തി.ഡീലക്സ് ബസ്സാണ് ബുക്ക് ചെയ്തത്.ഡൽഹിയിൽ നിന്ന് അഞ്ഞൂറോളം കിലോമീറ്ററുണ്ട് ധര്മശാലയ്ക്കു .മക്ലോഡ്ഗഞ്ചിൽ ഒരു ദിവസത്തെ കറക്കം അടുത്ത ദിവസം ട്രിയുണ്ട് പിന്നെ സമയംപോലെ കാണുന്നു . മൂന്നാം ദിവസം വൈകുന്നേരം തിരിച്ചു ഡൽഹിയ്ക്ക് മടക്കം.തിങ്കളാഴ്ച മെയ് ദിനം ആയതുകൊണ്ട് അവധിയാണ്.ഇത് മുൻകൂട്ടി കണ്ടു ഈ ട്രിപ്പ് പ്ലാൻ ചെയ്തതാണ്.ആദ്യ ദിവസം നേരത്തെ ബുക്ക് ചെയ്ത ഹോസ്റ്റലിൽ പോയി ബാഗ് വച്ചിട്ട് NAMGYAL മൊണാസ്റ്ററി കാണാനിറങ്ങി ദലൈലാമ വരാറുള്ള മൊണാസ്ട്രിയാണ്.ബുദ്ധന്മാരുടെ ആസ്ഥാനം ആയതുകൊണ്ട് എവിടെ നോക്കിയാലും അവരെയെ കാണാൻ കിട്ടു.ആദ്യമായിട്ടാണ് ഞാൻ പ്രയർ വീൽ കാണുന്നത് .അത് ഒരുതവണ കറക്കുന്നത് ലക്ഷകണക്കിന് മന്ത്രങ്ങൾ ഒരുവിടുന്നതിനു തുല്യമാണെന്നാണ് വിശ്വാസം .സെന്റ് ജോസെപ് ചർച്ചിലും പോയി.മെയിൻ സ്‌ക്വയറിൽ ഉള്ള ടിബറ്റൻ കഫെയിൽ നിന്ന് ഏതാണ്ടൊക്കെ ഭക്ഷണം തട്ടി.ഹോസ്റ്റലിൽ ഉണ്ടായിരുന്ന പഞ്ചാബിയുടെ കൂടെ ബൈക്കിൽ വൈകുന്നേരം വീണ്ടും ഒന്ന് കറങ്ങി.അയാൾ തലേ ദിവസം ദലൈലാമയെ കണ്ടത്രേ. ആള് കാറിൽ പോവുന്നത് ആണ് കണ്ടതു. പഞ്ചാബി സ്ഥിരം വരുന്നതാണ് ഇവിടെ.സ്ഥിരം ഫുഡടിക്കുന്ന സ്ഥലത്തു പോയി തീക്കനലിൽ ചുട്ടെടുത്ത ചിക്കൻ കഴിച്ചു .അയാൾ പന്നിയും.
രാത്രിയിൽ ഹോസ്റ്റലിൽ ഉള്ള മദാമ്മമാരും സായിപ്പന്മാരും കൂടെ വെള്ളമടി തുടങ്ങി . ഞാനും പഞ്ചാബിയും ഹോസ്റ്റലിലെ അമിതും കൂടെ ഇരുന്നു വർത്താനം പറഞ്ഞിരുന്നു.വരുൺ സച്‌ദേയ് എന്ന ട്രാവൽ ബ്ലോഗറെ അപ്പോഴാണ് പരിചയപ്പെട്ടത്. അമേരിക്കയിൽ ആണ് പഠിച്ചതും ജോലി ചെയ്തുകൊണ്ടിരുന്നതും.ഇടയ്ക്കു അമേരിക്കയിലൂടെ ഒരു റോഡ് ട്രിപ്പ് നടത്തി .പിന്നെDualingo app വഴി സ്പാനിഷ് പഠിച്ചു . ലാറ്റിനമേരിക്ക മുഴുവൻ കറങ്ങി .സ്പാനിഷ് അറിയില്ലെങ്കിൽ അവിടെ ഒന്നും നടക്ക്കില്ലത്രേ. യാത്ര തലയ്ക്കു പിടിച്ചപ്പോ ജോലി കളഞ്ഞിട്ടു ആശാൻ ഇപ്പൊ ഇന്ത്യ മുഴുവൻ കറങ്ങി കൊണ്ടിരിക്കുകയാണ് . നമ്മൾ പോവുന്നപോലെ എവിടേലും പോയി രണ്ടു സെൽഫി ഇടുന്നതല്ല ആൾടെ യാത്രാ .കുറച്ചു നാൾ അവിടെ താമസിച്ചു സംസ്കാരം എല്ലാം മനസിലാക്കി കൊതി തീർന്നിട്ടേ അടുത്ത സ്ഥലത്തേക്കുള്ളു.ടിബറ്റുകാരുടെ ബട്ടർ ചായയെ കുറിച്ച് അങ്ങേരു പറഞ്ഞിട്ടാണ് ഞാൻ അറിഞ്ഞത് .കുറേ നേരം മിണ്ടി ഇരുന്നു. അയാളിപ്പോൾ അറിയപ്പെടുന്ന ബ്ലോഗറാണ്. ചുമ്മാ ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടും.tripoto ൽ ആണ് ഇപ്പോൾ ജോലി.
അടുത്ത ദിവസം അതിരാവിലെ ട്രെക്കിങ്ങ് തുടങ്ങാം എന്നിട്ടു സൗകര്യം പോലെ snowline പോവുകയോ മറ്റോ ചെയ്യാം എന്ന് ഞാനും പഞ്ചാബിയും പ്ലാനിട്ടു.എഴുനേറ്റപ്പോ നല്ല കട്ട മഴ.തണുപ്പിന്റെ കാര്യം പറയണ്ടല്ലോ.മൂടിപ്പുതച്ചു വീണ്ടും കിടന്നുറങ്ങി ഉച്ച ആയപ്പോൾ മഴ പോയി. പഞ്ചാബിയുടെ പ്ലാനൊക്കെ പൊളിഞ്ഞു ആൾ സ്ഥലം വിട്ടു . ഞാൻ എന്തായാലും പോവ്വാൻ തീരുമാനിച്ചു.മുകളിൽ ഭക്ഷണത്തിനൊക്കെ മുടിഞ്ഞ റേറ്റ് ആയിരിക്കും പിന്നെ ‘nature call’ നു പ്രകൃതിയിലേക്ക് തന്നെ പോവണം. അതുകൊണ്ട് ഭക്ഷണം കുറയ്ക്കുന്നതാണ് നല്ലതു .എനിക്കിഷ്ടമല്ലെങ്കിലും ഞാൻ കുറച്ചു സ്നിക്കർസ് വാങ്ങി.ആ കടയിലെ ചേട്ടനോട് ചുമ്മാ ചോദിച്ചതാ ടെന്റ് കിട്ടുവോ എന്ന് .പോവുന്ന വഴിയിൽ കാണുന്ന ഒരു കടയുടെ പേര് പറഞ്ഞു അവിടെ ആൾടെ പേര് പറഞ്ഞാൽ മതി സാധനം കിട്ടും എന്ന് പറഞ്ഞു. അങ്ങനെ അതും സെറ്റ് ആയി.Mcleodganj മുതൽ ധർമകോട് വരെ വണ്ടി പോവും .എല്ലാവരും ടാക്സിയിൽ അവിടം വരെ പോകും. ഞാൻ അവിടം വരെ നടന്നു . അവിടെ ബാഗ് മുഴുവൻ പരിശോധിക്കും .മദ്യം കണ്ടുപിടിക്കാനാണ് ഈ പരിശോധന.പെപ്സിയിൽ മിക്സ് ചെയ്തു കൊണ്ടുവന്ന ചില ബുദ്ധിമാന്മാരെ അവർ ഫൈൻ അടപ്പിച്ചു.അത് അപ്പൊ തന്നെ ഊറ്റിക്കളയുകയും ചെയ്തു.നമ്മളുടെ ഐഡി കാർഡ് കാണിക്കണം .അഡ്രസ്സും ഫോൺ നമ്പറും എല്ലാം എഴുതികൊടുക്കണം.ഒറ്റയ്ക്കാണ് എന്ന് പറഞ്ഞപ്പോൾ ആളൊരു നോട്ടം നോക്കി .ഒരു നമ്പറും തരും തിരികെ വരുമ്പോൾ ആ നമ്പർ പറഞ്ഞു കൊടുക്കണം.പോവുന്ന വഴിക്കു ഒരു മലയാളി കപ്പിൾസ് പോവുന്ന കണ്ടു.കിതപ്പ് മാറ്റി എന്തേലും ചോദിക്കാം എന്ന് കരുതിയപ്പോഴേക്കും അവർ കടന്നു പോയി.നേരത്തെ ആ ചേട്ടൻ പറഞ്ഞ കഫെ കണ്ടപ്പോൾ അവിടെ കാര്യം പറഞ്ഞു ടെന്റും സ്ലീപ്പിങ് ബാഗും വാങ്ങിച്ചു .രണ്ടും കൂടെ അഞ്ഞൂറ് രൂപ.എന്റെ ബാഗും ഇതും എല്ലാം കൂടെ ചുമന്നു ട്രിയുണ്ടിൽ എത്തിയപ്പോൾ ഒരു മണികൂർ എടുത്തിരുന്നു.ഏകദേശം പത്തു കിലോമീറ്റർ നടന്നിട്ടുണ്ടാവും.വഴിയിൽ ഭക്ഷണം കഴിച്ചു വേസ്റ്റ് അവിടെ ഇടുന്നവരെയും ഒരു കവറിൽ സൂക്ഷിക്കുന്ന ടീമിനെയും കണ്ടു.ധര്മശാല ക്രിക്കറ്റ് സ്റ്റേഡിയവും വഴിയിൽ നിന്ന് നോക്കിയാൽ കാണാം .
ട്രിയുണ്ടിൽ കാലു കുത്തുന്ന നിമിഷം ആ ക്ഷീണമെല്ലാം നമ്മൾ മറക്കും .ഒരു ഒന്നൊന്നര സീൻ ആണ് കൺമുൻപേ .ടെന്റ് തന്ന ആൾടെ ചേട്ടനെ കണ്ടുപിടിക്കണം .അയാൾ ടെന്റ് അടിക്കാൻ സഹായിക്കും എന്നാണ് പറഞ്ഞത്.അതിനായി ഒരു കത്തും തന്നുവിട്ടിട്ടുണ്ട്.കത്ത് കോമഡി ആയിരിന്നു.ജീവിതത്തിൽ ഇന്നേ വരെ ടെന്റ് അടിച്ചിട്ടില്ലാത്ത എനിക്ക് അയാളെ കണ്ടുപിടിക്കാതെ വേറെ വഴി ഇല്ലായിരുന്നു .അവസാനം ആളെ കിട്ടി.ടെന്റ് ഒക്കെ അടിച്ചു അതിൽ കയറി ഇരുന്നപ്പോൾ മുതൽ എനിക്ക് പേടിയായി . തൊട്ടു താഴെ ഒരു മലഞ്ചേരിവാണ് എങ്ങാനും ടെന്റ് പറന്നു പോകുവോ എന്നൊരു ഭയം . നല്ല കാറ്റുമുണ്ട്.
പേടി കൂട്ടാനായിട്ടു അപ്പൊത്തന്നെ മഴയും പെയ്തു.എന്തോ കല്ല് വന്നു വീഴുന്നപോലത്തെ ശബ്ദവും കൂടെ ആയപ്പോ എന്റെ നെഞ്ഞോന്നു കാളി.ഞാനും എന്റെ ടെന്റും ഇപ്പൊ താഴേയ്ക്കു പ്പോവും എന്നും കരുതി പേടിച്ചും തണുത്തും വിറച്ചു അവിടിരുന്നു .കുറച്ചു കഴിഞ്ഞിട്ടും മഴ നിൽക്കുന്നില്ല . പയ്യെ പുറത്തേക്കു നോക്കിയപ്പ്പോഴാണ് മനസിലായത് സംഭവം മഴ അല്ല snow fall ആണെന്നു.(മണാലിയിൽ കാണുന്ന പോലത്തെ മഞ്ഞുമഴ ഒന്നുമല്ല , എന്നാലും സംഭവം കിടുവായിരുന്നു ) .ഉടനെ ചാടി പുറത്തിറങ്ങി.എല്ലാരും പുറത്തുണ്ട്. അതാസ്വദിച്ചു ഇങ്ങനെ ഇരിക്കുമ്പോളാണ് Savpril ഓടി വന്നു എവിടെങ്കിലും ടെന്റ് കിട്ടുവോ എന്ന് ചോദിച്ചത് . എന്റെ ടെന്റ് 2*2 ആണ് വേണമെങ്കിൽ ഷെയർ ചെയ്യാം എന്ന് ഞാൻ പറഞ്ഞു.അങ്ങേരു snow line ലേക്കു പോയതാണ് അപ്പോഴാണ് snowfall വന്നത് .അതുകൊണ്ട് തിരികെ പോരേണ്ടി വന്നു. ഞങ്ങൾ ടെന്റ് അവിടന്ന് മാറ്റി കുറച്ചൂടെ സേഫ് ആയ സ്ഥലത്തു ഉറപ്പിച്ചു.ചൂട് മാഗിയും ചൂട് ചായയും കഴിച്ചു വിശപ്പകറ്റി.മഴയെല്ലാം കഴിഞ്ഞപ്പോൾ ആകാശം തെളിഞ്ഞു നല്ല നീലാകാശമായി .മുൻപേ കണ്ട മലകളൊക്കെ വീണ്ടും മഞ്ഞു നിറഞ്ഞു കുറച്ചൂടെ ഭംഗിയായി.ട്രിയുണ്ടിന്റെ അറ്റം വരെ നടന്നു.Savpril ഭോഗസു വെള്ളം ചാട്ടം വഴിയാണ് വന്നത്.
നേരം ഇരുട്ടി തുടങ്ങിയപ്പോൾ ഞങ്ങൾ ടെന്റിലേക്കു കയറി. സീസൺ ആയതുകൊണ്ട് കാമ്പ് ഫയറും മറ്റും തകൃതിയായി നടക്കുന്നുണ്ട്.Savpril എൻജിനീയർ ആയിരുന്നു പിന്നെ രാജിവച്ചു എംബിഎ ചെയ്തു .ഇപ്പോൾ ജോലിക്കായിട്ടു ചെന്നൈയിലേക്ക് പോവുന്നതിനു മുൻപുള്ള യാത്രയിലാണ്.നാളെ രാവിലെ തിരികെ പോവും .ഞാൻ നാളെ അതിരാവിലെ snowline പോവ്വാം എന്ന് പ്ലാനിട്ടു. തണുപ്പിന്റെ ഇങ്ങനെ ഒരു വേർഷൻ എനിക്ക് ആദ്യമായിട്ടായിരുന്നു .സ്ലീപ്പിങ് ബാഗും ജാക്കറ്റും എല്ലാം കൂടെ ആയിട്ടും തണുപ്പ് തന്നെ. savpril ഉപയോഗിക്കുന്നത് അവന്റെ അച്ഛൻ ഉപയോഗിച്ചിരുന്ന സ്ലീപ്പിങ് ബാഗാണ് .ഞാൻ ആദ്യം ആയിട്ടാണ് മെനസ് ടെമ്പറേച്ചറിൽ ഉറങ്ങുന്നത്റേഞ്ച് ഇല്ലായിരുന്നു സെർച്ച് ചെയ്തപ്പോ യൂണിനോർ -pk എന്ന് കണ്ടു അത് പാകിസ്ഥാനിൽ നിന്ന് വരുന്നതാ എന്ന് savpril പറഞ്ഞു.വന്നു വന്നു പാകിസ്ഥാന് നെറ്റ്‌വർക്ക് വരുന്ന സ്ഥലം അവരെ എത്തിയോ എന്റെ ഡിങ്കാ .റേഞ്ച് കിട്ടിയിട്ട് വേണം ഈ ധര്മശാല എവിടാണെന്നു ഒന്നുടെ നോക്കാൻ .അതിരാവിലെ സൂര്യോദയം ഒക്കെ ഭംഗിയായി കണ്ടിട്ട് savpril -ബൈ പറഞ്ഞു പോയി.
Snowline ലേക് ആരെങ്കിലും വരുന്നുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ ചിലർക്ക് ഉറപ്പില്ല ചിലർ കുറച്ചു കഴിഞ്ഞിട്ടേ ഉള്ളു. അവിടെ ഉള്ളതിൽ കൂടുതലും ഡൽഹിയിൽ നിന്നും വരുന്ന കോളേജ് ഗ്രൂപ്പ് ആണ് .അവരുടെ സെൽഫി എടുക്കലും ഓവർ ഫോട്ടോ പിടുത്തവും ഒക്കെ കാണുമ്പോ ദേഷ്യം വരും .അവരുടെ ഫോൺ, അവരുടെ ഫോട്ടോ എന്നാലും ദേഷ്യം വരുന്നത് എനിക്കാണ്.എന്താണാവോ അങ്ങനെ.ഇനിയിപ്പോ കൂട്ടുകാർ ഇല്ലാത്തതിന്റെ ആണോ ?അതാവാൻ ചാൻസില്ല .ഈ നോർത്തീസ് ലേശം ഓവറാണ് എല്ലാ കാര്യത്തിലും അതോണ്ടാവും .കൂട്ടത്തിൽ ഒരു പെണ്ണ് റേഞ്ച് കിട്ടാത്തതിൽ അവരുടെ ഗൈഡിനോട് ചൂടാവുന്നതു കണ്ടു. അവൾക്കു അർജെന്റ് കോൾ ഉണ്ട് പോലും. ഈ ഗൈഡ് എവിടെപ്പോയി നെറ്റ്‌വർക്ക് കൊണ്ടുവരാനാ ?ഇതൊന്നും അറിയാണ്ടാണോ ഇങ്ങോട്ട് കെട്ടിയെടുത്ത് എന്ന് ഒന്ന് ചോദിക്കണം എന്നുണ്ടായിരുന്നു.ഇനി ഇവിടെ ടോയ്ലറ്റും വെള്ളവും ഒന്നും കിട്ടില്ല എന്ന് ഈ സാധനത്തിനു അറിയുവോ ആവോ എന്തായാലും ആ ഗൈഡ് ഇന്ന് കഷ്ടപ്പെടും. ആരേം കിട്ടുന്നില്ല എന്ന് കണ്ടപ്പോ ഞാൻ ഒരു ഏഴുമണി ആയപ്പോൾ പോവ്വാൻ തീരുമാനിച്ചു . എല്ലാവരും പറഞ്ഞു രണ്ടു മണിക്കൂർ എടുക്കും ബുദ്ധിമുട്ടാണ് അതാണ് ഇതാണ് എന്നൊക്കെ . ഞാൻ ചായ കുടിച്ച കടയിലെ ഒരു കുഞ്ഞു ചെക്കൻ പറഞ്ഞു . ധൈര്യം ആയിട്ട് പൊയ്ക്കോ ഭായി പെട്ടെന്ന് എത്തും പോവുന്ന വഴിയിൽ പാറയിൽ ആരോ മാർക്ക് ഉണ്ട് അതുകൊണ്ട് വഴി തെറ്റും എന്ന പേടി വേണ്ട എന്നൊക്കെ .ബാക്കിയെല്ലാരെയും അവിശ്വസിച്ചു ഈ ചെക്കനെ നമ്പി ഞാൻ നടന്നു തുടങ്ങി . തലേന്നത്തെ മഞ്ഞു മഴ കാരണം പോവുന്ന വഴി നല്ല രസമായിരുന്നു. ഒരു നാൽപ്പത്തിയഞ്ച്മിനിട്ടു ആയപ്പോ ഒരു ഗ്രൂപ്പ് മടങ്ങി വരുന്നത് കണ്ടു . ഒരു വളവ് തിരഞ്ഞാൽ സ്ഥലമെത്തി എന്നവർ പറഞ്ഞപ്പോൾ എനിക്ക് ആ ചെക്കൻ പറഞ്ഞതായിരുന്നു സത്യം എന്ന് മനസിലായി.
സമുദ്രനിരപ്പിൽ നിന്ന് പതിനായിരം അടി ഉയരത്തിലാണ് ഈ snowline കഫെ .ഒരു കാപ്പിയും ഓംലെറ്റും പറഞ്ഞു ഞാൻ അവിടെ ബാഗും വച്ച് മഞ്ഞു മൂടിയ മലനിരകൾ നോക്കിനിന്നു കുറേ നേരം. .സ്വർഗത്തിൽ എത്തിയപോലെ.ആദ്യമായിട്ടാണ് മഞ്ഞുമലകൾ ഒക്കെ ഇത്ര അടുത്ത് കാണുന്നത്.സമയം എട്ടുമണി ആയതേ ഉള്ളു.
കാപ്പി കുടിച്ചിട്ട് ഞാൻ നേരെ നടന്നു . അവിടെയും വേണമെങ്കിൽ താമസിക്കാം തണുപ്പ് ഇത്തിരി കൂടും എന്ന് മാത്രം.മഞ്ഞു മലയൊക്കെ തൊട്ടടുത്താ എന്ന് തോന്നിയെങ്കിലും നടന്നു തുടങ്ങിയിട്ടും അടുത്തേക്ക് എത്തണില്ല. എന്തായാലും കുറച്ചു മഞ്ഞു വാരിയെറിഞ്ഞിട്ടേ തിരികെ പോവൂ .കണ്ട കുന്നിലെല്ലാം വലിഞ്ഞു കേറി ഇടയ്ക്കു ഫോൺ കല്ലിൽ വച്ച് ഏതാണ്ടൊക്കെ പിച്ചും പേയും പറയുന്നതൊക്കെ വീഡിയോ എടുത്തു(തനിച്ചാവുമ്പോ എന്തും ആവാലോ ). എല്ലാടവും നടന്നു കണ്ടു . ഇനി പോവാനൊരു സ്ഥലവും മിച്ചം ഇല്ല എന്ന് ഉറപ്പുവരുത്തി.വഴിയിൽ കണ്ട മഞ്ഞുകട്ടയൊക്കെചവിട്ടി പൊട്ടിച്ചു . ഈ മല കടന്നു പോവുന്ന ട്രെക്ക്കിങ് ഇന്ദഹാർപ്പസ് ഒരിക്കൽ ചെയ്യണം എന്ന ആഗ്രഹം മാത്രം ബാക്കി. മലയുടെ അടിയിൽ ആണ് നിൽക്കുന്നത് എങ്കിലും ലോകം കീഴടക്കിയ ഫീലിങ്ങ്സ് ആയിരുന്നു . എത്ര ഫോട്ടോസാണ് എടുത്തത് എന്നതിന് ഒരു കയ്യും കണക്കുമില്ല.തിരികെ പോണമല്ലോ എന്നോർത്തപ്പോൾ പയ്യെ തിരികെ നടന്നു.snowline കഫേയുടെ ഉടമസ്ഥന്റെ ഒരു ഫോട്ടോയൊക്കെ എടുത്തു. അയാളുടെ ആകെയുള്ള റേഡിയോയിൽ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഇല്ലാത്തതുകൊണ്ട് ഫോട്ടോ "whatsapp ചെയ്യാൻ" പറഞ്ഞില്ല.ഫോട്ടോ നോക്കി ഒന്ന് ചിരിച്ചു.കൊള്ളാലോ എന്നൊരു കമ്മന്റും .
snowline കഫെയിൽ ഇപ്പോൾ ആൾക്കാരുണ്ട്.ഒരു സായിപ്പും മദാമ്മയും സായിപ്പിനെ ഇന്ദഹാർപസ്സ് കാണിക്കാൻ കൊണ്ടുപോവ്വാൻ ആൾ ചാക്കിടുകയാണ് പക്ഷേ സായിപ്പ് ആരാ മോൻ .അങ്ങേരു അടുക്കുന്നില്ല.ഒരു വലിയ തമിഴ് -മറാത്തി ഫാമിലി വന്നു . വിസിലും തൊപ്പിയും വച്ച കാർന്നോർ പറയുന്ന പോലെ എല്ലാവരും അനുസരിച്ചോണം .കുട്ടികൾ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ആൾ വിസിലോതും. പട്ടാള ചിട്ടയിൽ ആണെങ്കിലും പിള്ളേർക്ക് ഈ ചെറുപ്രായത്തിൽ ഇതെല്ലം കാണാൻ പറ്റിയല്ലോ അത് തന്നെ വല്യ കാര്യം.
ഞാൻ അതിരാവിലെ തന്നെ വന്നത് നന്നായി, കാരണം ഇപ്പോൾ മേഘം വന്നു നല്ല കാഴ്ചയൊക്കെ മറച്ചു . തിരിച്ചു ഇറങ്ങുന്നത് എളുപ്പം ആയിരിക്കും എന്നാണ് കരുതിയത് അതുകൊണ്ടു തന്നെ ഒരു lazy approach ആയിരുന്നു .ട്രിയുണ്ടിൽ വന്നു എനിക്ക് പ്രോത്സാഹനം തന്നെ ചെക്കനെ കണ്ടു ബൈ പറഞ്ഞു എന്റെ ടെന്റും എല്ലാം എടുത്തു താഴേക്കിറങ്ങി. ട്രിയുണ്ടിൽ ഉള്ളവരെ നോക്കി കിഡ്സ് ഗോസ് ടു ട്രിയുണ്ട് ലെജെന്ഡസ് ഗോസ് ടു സ്നോലൈൻ എന്ന് മനസ്സിൽ പറഞ്ഞു .
ഒരു പകുതി വരെ കുഴപ്പമില്ലായിരുന്നു പിന്നെ ഒരടി വയ്ക്കാൻ പറ്റാണ്ടായി.ധർമകോട് എത്തി എന്റെ നമ്പറും പറഞ്ഞു മെയിൻ റോട്ടിലൂടെ നടന്നപ്പോഴേക്കും ഒട്ടും വയ്യാണ്ടായി .കാണുന്ന വണ്ടിയ്ക്കൊക്കെ കൈ കാണിച്ചു ആരും നിർത്തില്ല എല്ലാം ടാക്സിയാണ്. ബസ് മിസ് ആകുമോ എന്ന പേടി വരെ വന്നു തുടങ്ങി .നിരങ്ങി നിരങ്ങി ഒരു രണ്ട് കിലോമീറ്റർ കൂടെ നടന്നു മെയിൻ സ്വകയറിൽ എത്തി . ടിബറ്റൻ കഫെയിൽ വീണ്ടും കയറി . നല്ല വിശപ്പായിരുന്നു. ഭക്ഷണം കഴിച്ചു ഞാൻ ടിബറ്റൻ ചായ പറഞ്ഞു.ആദ്യം എന്തോ പോലെ തോന്നും എങ്കിലും പിന്നെ പിന്നെ ഇഷ്ടവും .തണുപ്പിനെ പ്രതിരോധിക്കാൻ ബേസ്ഡ് ആണ് . അവിടന്നു എണീറ്റ ഉടനെ തന്നെ ഞാൻ ഇരുന്നുപോയി. ശരീരം മുഴുവൻ വേദന.ഇരുപതു കിലോമീറ്റർ ഇന്ന് നടന്നിട്ടുണ്ട്.പോരാത്തതിന് ഇന്നലത്തെ ഒരു പത്തു കിലോമീറ്ററും.കുറച്ചു നേരം കൂടെ അവിടിരുന്നു .പിന്നെ ഒരുവിധം ബാഗും എടുത്തു ബസ് സ്റ്റാൻഡ് വരെ നിരങ്ങി നിരങ്ങി എത്തിപ്പെട്ടു.എന്റെ ബസ്സ് വന്നിട്ടുണ്ടായിരുന്നു ശരീരം മുഴുവൻ വേദന ആയിരുന്നെകിലും എന്റെ ഫോട്ടോയിലെ ഫയാസിന്റെ കമ്മന്റ് പോലെ I was on cloud 9.
നല്ല ക്ഷീണം ഉള്ളതുകൊണ്ട് പെട്ടെന്ന് തന്നെ ഉറങ്ങിപോയി. നാളെഅതിരാവിലെ ഡൽഹി എത്തിയിട്ടുവേണം കുളിച്ചു ഡ്രസ്സ് മാറി ഓഫീസിലേക്ക് ഓടാൻ.
ഡൽഹി -ഡൽഹി ആകെ ചിലവ് 2741 രൂപ . മുകളിൽ മാഗിയാണ് പ്രധാന ഭക്ഷണം .അറുപതു രൂപയൊക്കെ ആവും .ചായയ്ക്ക് നാല്പതും.പിന്നെ ടിബറ്റൻ കഫെയിൽ നിന്നും നല്ലപോലെ കഴിച്ചു അതുകൊണ്ടാണ് ചിലവ് കൂടിയത്.
താമസം 300(ഹോസ്റ്റൽ)
ടെന്റ് 300 (ഇരുനൂറു രൂപ savpril തന്നു .വേണ്ടെന്നു പറഞ്ഞിട്ടു കേട്ടില്ല അതുകൊണ്ട് അഞ്ഞൂറിൽ ഇരുനൂറു തിരികെ കിട്ടി )
ബസ്1000
ടെന്റ് 300 (ഇരുനൂറു രൂപ savpril തന്നു .വേണ്ടെന്നു പറഞ്ഞിട്ടു കേട്ടില്ല അതുകൊണ്ട് അഞ്ഞൂറിൽ ഇരുനൂറു തിരികെ കിട്ടി )
ബസ്1000



Leave a Comment