ഖീർഗംഗ ട്രെക്കിങ്ങ് Kheerganga Trekking , Malayalam Travelogue
"പത്തർ സെ മാരൂങ്കാ "അസ്ഥികൂടം പോലെ ഇരിക്കുന്ന അപ്പൂപ്പൻ ഞങ്ങളെ ചീത്തവിളിക്കുകയാണ് .
അതിരാവിലെ കൊടും തണുപ്പിൽ എണീറ്റ് ഇല്ലാത്ത തോര്ത്തൊക്കെ ഒപ്പിച്ചു തികച്ചും സമാധാനപരമായി ഹോട്ട് സ്പ്രിങ്ങിൽ നീരാടുന്ന ഞങ്ങളോട് ഇങ്ങേരു പറയുകയാണ് .കേറിപോയില്ലെങ്കിൽ കല്ലെടുത്തു ഏറിയും എന്ന്.അയാൾ നാട്ടുകാരനാണ്.ന്യായം നമ്മുടെ ഭാഗത്തു ആണെങ്കിലും ഒന്നും മിണ്ടാൻ പറ്റില്ല.ഇയാളിനി ഞങ്ങളെ എറിഞ്ഞു ഒരു സീൻ ആക്കണ്ട എന്ന് കരുതി ഞങ്ങൾ കയറി.
അതിരാവിലെ കൊടും തണുപ്പിൽ എണീറ്റ് ഇല്ലാത്ത തോര്ത്തൊക്കെ ഒപ്പിച്ചു തികച്ചും സമാധാനപരമായി ഹോട്ട് സ്പ്രിങ്ങിൽ നീരാടുന്ന ഞങ്ങളോട് ഇങ്ങേരു പറയുകയാണ് .കേറിപോയില്ലെങ്കിൽ കല്ലെടുത്തു ഏറിയും എന്ന്.അയാൾ നാട്ടുകാരനാണ്.ന്യായം നമ്മുടെ ഭാഗത്തു ആണെങ്കിലും ഒന്നും മിണ്ടാൻ പറ്റില്ല.ഇയാളിനി ഞങ്ങളെ എറിഞ്ഞു ഒരു സീൻ ആക്കണ്ട എന്ന് കരുതി ഞങ്ങൾ കയറി.
പന്ത്രണ്ടു കിലോമീറ്റർ ട്രെക്ക് ചെയ്തു വന്നു ഹോട്ട് സ്പ്രിങ്ങിൽ ഒരു കുളി ഇതായിരുന്നു ഖീർഗംഗ പോവാൻ പ്രേരിപ്പിച്ചത്.പക്ഷേ കുളിക്കാനുള്ള ഒരു സാധനവും എടുക്കാതെയാണ് ഞങ്ങൾ ഇറങ്ങി പുറപ്പെട്ടത്.
ഖീർ എന്ന് പറഞ്ഞാൽ നമ്മടെ പായസം പോലൊരു ഐറ്റമാണ്.പാർവതി താഴ്വരയിലൂടെ ഒഴുകുന്ന നദിക്കാണ് ഈ പായസം എന്ന വിശേഷണം.നല്ല പാൽ നിറത്തിൽ ഒഴുകുന്നതുകൊണ്ടു വന്ന പേരാണിത്.ഗംഗ എന്താ എന്ന് പറയണ്ടല്ലോ.ശിവൻ ഒരു മൂവായിരം കൊല്ലം തപസ്സിരുന്ന സ്ഥലമാണ് (എന്ന് ചിലർ വിശ്വസിക്കുന്നു).
റൂട്ട് ഇതാണ് ഡൽഹി -ബുന്ദർ-കസോൾ-മണികിരൺ-ബർസൈനി അവിടന്ന് കൽഗ വഴിയോ നത്തൻ വഴിയോ ഒരു പതിമൂന്നു കിലോമീറ്റർ നടന്നു വേണം അങ്ങെത്താൻ.
ഡൽഹിയിൽ നിന്ന് മണികിരണിലേക്കു ഡയറക്ട് ബസ്സ് ഉണ്ട്.വൈകുന്നേരം ഏഴുമണിക്ക്.എട്ടര വരെ ഡ്യൂട്ടി ഉള്ള ഞാൻ ഒരുപാട് നേരത്തെ ഇറങ്ങേണ്ടി വരും.അത്രയും നേരത്തെ ഇറങ്ങണമെങ്കിൽ അത്രയും നേരത്തെ രാവിലെ വരേണ്ടി വരും.പാവത്താൻ സാർ അതിനു സമ്മദിച്ചു.
വൈകുന്നേരം ഒരു ആറര ആയപ്പോൾ കാശ്മീരി ഗേറ്റിലെത്തി.അഞ്ഞൂറ് രൂപയും എടിഎം കാർഡും ഉണ്ട് കയിൽ.മണികിരണിൽ എടിഎം ഒന്നുമില്ല എന്ന് അജയ് പറഞ്ഞപ്പോഴാണ് മനസിലായത് .യാത്ര അജയ്യുടെ കൂടെയാണെകിൽ നമ്മൾ വേറൊന്നും അന്വേഷിക്കണ്ട.അതുകൊണ്ട് ഞാൻ ഒരു ചുക്കും നോക്കാതെയാണ് ബാഗും തൂക്കി ഇറങ്ങിയത്.ബസ്സ് സ്റ്റാൻഡിലെ എടിഎം ന്റെ അവിടെ ഒടുക്കത്ത ക്യു.ബസ്സ് എടുക്കുവോ എന്നറിയാൻ അജയ്‌യെ വിളിച്ചിട്ടു റേഞ്ചുമില്ല.ഓരോരോ ഭായ്മാർ എടിഎമ്മിന്റെ ഗുട്ടൻസൊക്കെ പഠിച്ചു പൈസ എടുക്കുമ്പോഴേക്കും ഒരു നേരമാവും.അവരോടു സുല്ല് പറഞ്ഞു ഞാൻ തിരികെ വന്നപ്പോഴേക്കും ബസ് എടുക്കാറായി.ഏഴിന് ബസ്സെടുത്തു.ഓർഡിനറി ഉരുണ്ട് ഉരുണ്ടു എല്ലായിടത്തും നിർത്തി ആഘോഷമായാണ് പോവുന്നത്.റോഡ് ബ്ലോക്കിൽ കിടന്നപ്പോൾ കയറിയ ഒരു കിളവൻ ഇടയ്ക്കു ബസ് നിർത്തിച്ചു നമ്പർ വണ്ണിന് പോവും.ബസ്സിലെ എല്ല്ലാവരും ചിരിക്കും.അയാൾ ഒരു കൂസലുമില്ലാതെ തിരികെ കയറും.ബസ്സിലിരുന്നു വെള്ളം കുടിക്കും കുറച്ചു കഴിയുമ്പോൾ വീണ്ടും ഇത് തന്നെ പരിപാടി.ആളെ കണ്ടാലേ ചിരിവരും.അയാൾക്കെന്തോ അസുഖമാണെന്നു തോന്നുന്നു.
ചണ്ഡീഗഡ് എത്തിയപ്പോൾ ഇവിടെ കുറച്ചു നേരം നിർത്തും എന്ന് കരുതി ഞാൻ എടിഎം തപ്പി പോയി.ഞങ്ങളുടെ ബസ്സിൽ ഒരു കണ്ണുമുണ്ട്.പോരാത്തതിന് അജയ് അതിലുണ്ടല്ലോ.പൈസ എടുത്തിട്ട് വരുമ്പോഴും ബസ്സ് അവിടെയുണ്ട്.അടുത്ത് ചെന്നപ്പോഴാണ് ഞാൻ കണ്ണുവച്ച ബസ്സ് മാറിപ്പോയി എന്ന് മനസിലായത്.എന്റെ ബസ്സിന്റെ കണ്ടക്ടർ ദാ ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞു വിളിക്കുന്നു (തെറിയാണോ എന്ന് മനസിലാക്കാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു ).അജയ് ഒരു മിനിറ്റു ഒരു മിനിറ്റു എന്നും പറഞ്ഞു അഞ്ചു മിനിറ്റായി ബസ് പിടിച്ചു നിർത്തിയേക്കുവാണ്.ആൾടെ ഫോൺ സ്വിച്ച് ഓഫായിരുന്നു അതൊന്നു ഓൺ ആയി വന്നപ്പോഴേക്കും ഞാൻ തിരിച്ചെത്തിയിരുന്നു.കണ്ടക്ടർ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല.ഒരു സോറിയും പറഞ്ഞു ഞാൻ കേറി.
എവിടയെയോ നിർത്തിയപ്പോൾ ഞങ്ങളുടെ മലയാളം കേട്ട് “ജയ്സ്” വന്നു മിണ്ടി.ആൾ രാജസ്ഥാൻ മലയാളിയാണ്.ആളും പാർവതി വാലിയിലേക്കാണ്.നേരിട്ട് മണികിരൺ ബസ്സുള്ളത് ആൾക്കറിയില്ലാർന്നു.ഒരുമിച്ചൊരു ചായയും കുടിച്ചു അവിടെ വച്ച് കാണാം എന്നും പറഞ്ഞു പിരിഞ്ഞു.തണുപ്പ് കൂടി വന്നു.അജയ് gloves എടുത്തിട്ടു .ഞാൻ കൈ പോക്കറ്റിലും ഇട്ടു.ബുണ്ടറിൽ നിന്നാണ് പാർവതി വാലിയിലേക്ക് തിരിയുന്നത്.ഈ ബസ് കണ്ട സ്ഥലത്തെല്ലാം നിർത്തിയതൊന്നും പോരാഞ്ഞിട്ട് കുളു വരെ പോയി തിരികെ വീണ്ടും ബുണ്ടറിൽ വന്നിട്ട് തിരിഞ്ഞുള്ളൂ.(തിരിയാൻ ലേശം ബുദ്ധിമുട്ടാ )
പത്തുമണിക്ക് ഞങ്ങൾ മണികിരണിലെത്തി.നല്ലൊരു ഹോട്ടലിൽ കയറി.ഫുഡും അവരുടെ വാഷ്‌റൂം ഉം ആണ് ഉദ്ദേശം.ബട്ടർ ചിക്കനും റൊട്ടിയും പറഞ്ഞു.ഡൽഹിയിൽ താമസിക്കുന്നതുകൊണ്ട് ഏതു മെനു കണ്ടാലും ഞെട്ടില്ല.തൊട്ടടുത്ത് നീരാവി പൊങ്ങി വരുന്നത് കാണാം .മണികിരൺ ഹോട്ട് സ്പ്രിങ്ങിൽ നിന്നുള്ള നീരാവിയാണത്.ഭക്ഷണവും മറ്റു കാര്യങ്ങളെയും കഴിഞ്ഞു barsaini പോവ്വാൻ വണ്ടി നോക്കി നിന്നു.ഒരു ഷെയർ ടാക്സി കിട്ടി.ഒരാൾക്ക് നൂറു രൂപ.barshainiയിൽ നിന്നാണ് ട്രെക്കിങ്ങ് തുടങ്ങുക.നത്തൻ ഗ്രാമമാണ് അടുത്ത ലാൻഡ്മാർക്ക്.വഴി ചോദിച്ചു ബിസ്കറ്റും വാങ്ങി നടത്തം തുടങ്ങി .അകലെ ടോഷ് ഗ്രാമം കാണാം.തുടക്കം വഴി തെറ്റി ഒരു ഇലക്ട്രിക് പ്രൊജക്റ്റ് ന്റെ അടുത്തെത്തി.സെകുരിറ്റിയോട് അജയ് വഴി ചോദിച്ചു.വരുന്ന വഴി ഒരു പാലം കണ്ടിരുന്നു.ആ വഴിയാണോ പോകേണ്ടത് എന്നാണ് അജയ് ചോദിക്കുന്നത് ആൾക്ക് “ബ്രിഡ്ജ്” എന്ന് പറഞ്ഞത് മനസിലായില്ല.അയാൾ ഖീര്ഗങ എന്ന് കേട്ടപ്പോൾ പോകേണ്ട വഴി പറഞ്ഞു തരുന്നുണ്ട് .പക്ഷെ അയാൾ “പുൽ” എന്നാണ് പാലത്തിനു പറയുന്നത് അത് സിബിഎസ്എ ക്കാരൻ അജയ്കു മനസിലാവുന്നില്ല.ഞാൻ ചെന്നപ്പോ കാര്യം മനസിലായി ( സ്റ്റേറ്റ് മീഡിയം ഡാ ).
അപ്പോ വഴി മനസിലായി ഇനി നത്തൻ എത്തണം അവിടന്നു ഖീര്ഗങ.നടത്തമൊക്കെ വളരെ എളുപ്പമാണ് പക്ഷെ ഇതുപോലെ പന്ത്രണ്ടു കിലോമീറ്റർ നടക്കണം.ആരെയേലും വഴിയിൽ കണ്ടാൽ വഴി ഇത് തന്നെ അല്ലേ എന്ന് ഒന്നുടെ ഉറപ്പിക്കും.ചില കിടുക്കൻ വെള്ളച്ചാട്ടത്തിന്റെ രൂപമൊക്കെ അകലെ കാണാം.വെള്ളമില്ല.നൂലുപോലെ കാണാം.മഴക്കാലത്ത് സൂപ്പെറായിരിക്കും.ഒരു പട്ടിയും വഴിയിൽ നിന്ന് കൂടെ കൂടി.( മൃഗസ്നേഹി അജയ്‌യ്ക്കു ഇനിയെന്ത് വേണം).
നത്തൻ എത്തി അവിടെ ഇരുന്നു ഞങ്ങളുടെ ബിസ്കറ്റ് ഒക്കെ തിന്നു ഞങ്ങൾ മൂന്നാളും ഇരിക്കുമ്പോ ഒരു നാട്ടുകാരൻ പറഞ്ഞു ഖീര്ഗങ്ങയിലേക്കാണെങ്കിൽ ഇരിക്കേണ്ട.വേഗം പൊയ്ക്കോളൂ ഇരുട്ടിയാൽ പിന്നെ ബുദ്ധിമുട്ടാവും.
ഞങ്ങൾ നടത്തം പുനരാംഭിച്ചു.ഇടയ്ക്കൊക്കെ കുഞ്ഞു വെള്ള ചാട്ടങ്ങളുമുണ്ട്. ഒടുവിൽ ഒരു മിഡ് പോയിന്റ് എത്തിയെന്നു പറയാം.അടുത്തുള്ള വെള്ളച്ചാട്ടത്തിൽ നിന്ന് വരുന്ന തണുത്ത കാറ്റു കൊണ്ട് എന്നെ വിറച്ചു.ചായയും വെള്ളവും വാങ്ങി അവസാന ലാപ്പിനു തയ്യാറെടുത്തു.ഇനിയുള്ള ഭാഗം നല്ല ബുദ്ധിമുട്ടേറിയതാണ്.മുകളിൽ നിന്ന് തിരികെ വരുന്നവരെല്ലാം അത് പറയുന്നുമുണ്ട്.അത് ശെരിയായിരുന്നു ശെരിക്കു ബുദ്ധിമുട്ടി.കൂടുതൽ ബുദ്ധിമുട്ടു പ്രതീക്ഷിച്ചതു കൊണ്ട് ഞങ്ങൾ നിർത്താണ്ട് കയറി.ഏതാണ്ട് എത്താറായി എന്ന് മനസിലായപ്പോൾ ഞങ്ങൾ ഒന്നിരുന്നു.അത് വേണ്ടിയിരുന്നില്ല.വിശ്രമം കഴിഞ്ഞു പിന്നെ നല്ല മടിയായി.നല്ലൊരു വെള്ളച്ചാട്ടം കണ്ടപ്പോൾ ഫോട്ടോസെടുക്കാൻ തീരുമാനിച്ചു എന്റെയെടുത്തതു കഴിഞ്ഞു അജയ്യുടെ എടുക്കാൻ നിന്നപ്പോൾ ഒരു ഡൽഹി ഗാങ് ഓടി വന്നു.ഞങ്ങൾ ഫോട്ടോ എടുക്കുവാണ് എന്നൊന്നും അവർക്കറിയണ്ട അവർ വന്നിരുന്നു പോസ്സിങ്ങും ഫോട്ടോ എടുക്കലും തുടങ്ങി.തിരികെ വരുമ്പോ എടുക്കാം .
ഒടുവിൽ മുകളിലെത്തി നല്ല തണുപ്പ് .സഹിക്കാൻ പറ്റുനില്ല.തൊപ്പിയുമില്ല gloves ഉം ഇല്ല അതാണ് കുഴപ്പം.മാഗി കഴിക്കാൻ ഇരുന്നപ്പോൾ എന്റെ ഒരു കൈ പോക്കറ്റിൽ ഇട്ടു മറ്റേ കൈ കൊണ്ട് കഴിക്കുമ്പോൾ തണുത്തിട്ടു മരവിച്ചു പോവുന്നു.രണ്ടു അമ്മച്ചിമാർ തീ കായുന്നുണ്ടായിരുന്നു.എന്റെ കൈയും കാലുമെല്ലാം ആ തീയിലിടാൻ തോന്നി.ഒരുപ്പാട് അടുപ്പിക്കണ്ട എന്ന് അമ്മച്ചി വാണിംഗ് തന്നു.കേരളത്തിൽ നിന്ന് ആണെന് പറഞ്ഞപ്പോൾ അമ്മച്ചിയ്ക് സന്തോഷം.അവർ നല്ലവരാണ്.ഡൽഹിയിൽ നിന്ന് വരുന്ന കുറേയെണ്ണമുണ്ട് വന്നാൽ ആകെ ബഹളമാണ്.പെണ്ണുങ്ങളും ശെരിയല്ല അവിടുത്തെ എന്നൊക്കെ ..
ഹോട്ട് സ്പ്രിങ്ങിൽ കുളിക്കാൻ തോർത്തില്ലാതെയാണ് ഞങ്ങൾ വന്നിരിക്കുന്നത്.അമ്മച്ചിയോട് ചോദിച്ചിട്ടു കാര്യം നടന്നില്ല .മുകളിലോട്ടു കയറി എല്ലായിടത്തും ചോദിച്ചു .എവിടെയും "സാധനം കയ്യിലില്ല" എന്ന മറുപടി മാത്രം .ഒരു ചൈനക്കാരൻ ലുക്ക് ഉള്ള ചെക്കന്റെ കടയിൽ ചോദിച്ചപ്പോഴും രക്ഷയില്ല .ഹോട്ട് സ്പ്രിങ് ഉണ്ടായിട്ടു തോർത്ത് കിട്ടാൻ ഒരു മാർഗ്ഗവുമില്ലേ ?
"ഇവിടത്തുകാർക്ക് കച്ചവട ബുദ്ധി പോരാ "
ഒരു വലിയ കെട്ടിടത്തിൽ നിന്നും പാട്ടുകേൾകാം .ഏതോ ഇംഗ്ലീഷ് സോങ്ങാണ് അജയ് അവിടെ കയറാം എന്ന് പറഞ്ഞു.കയറി ആ ടീമിനെ മുട്ടിയപ്പോഴുണ്ട് അവർ തമിഴന്മാരാണ്.പാർവതി വാലി മാത്രം കറങ്ങാൻ വേണ്ടി നാട്ടിൽനിന്നു വന്നതാണ് (മനസിലാവുന്നുണ്ടല്ലോ ലെ എന്താ ഉദ്ദേശം എന്ന്)
നേരത്തെ പറഞ്ഞ ആ ചൈനക്കാരൻ മുഖമുള്ള ചെക്കനാണ് ഇതിന്റെ ആൾ.മെനുവൊക്കെ ഗംഭീരമാണ് പക്ഷെ കുക്ക് ഇല്ലാത്തതുകൊണ്ട് എല്ലാം ലഭ്യമല്ല.ഇപ്പോൾ സീസണല്ലാ അതാണ് കുക്ക് ഇല്ലാത്തതു .ഞങ്ങൾ ചൗമീൻ പറഞ്ഞു.
ഇവൻ തന്നെയാണെന്ന് തോന്നുന്നു ഓൾ ഇൻ ഓൾ .(സഹിക്കാൻ പറ്റാത്ത ടേസ്റ്റ്).
ഇവൻ തന്നെയാണെന്ന് തോന്നുന്നു ഓൾ ഇൻ ഓൾ .(സഹിക്കാൻ പറ്റാത്ത ടേസ്റ്റ്).
ചൂടുകായാൻ സൗകര്യമുള്ളതുകൊണ്ട് അവിടിരുന്നു.പാട്ടും വയ്ക്കാം. തമിഴന്മാർ പോയപ്പോൾ ഞങ്ങൾ പാട്ടു വച്ചു.മലയാളവും തമിഴിയും ഹിന്ദിയും പോരാത്തതിന് തെലുങ്ങും (അർജുൻ റെഡ്‌ഡി ഇറങ്ങിയ ടൈം ).
പരിസരത്തുള്ള മലയാളികൾ ഇവിടെ റിപ്പോർട്ട് ചെയേണ്ടതാണ് എന്നാണ് ഞങ്ങളുടെ മലയാളം പാട്ടുകൊണ്ടുള്ള ഉദ്ദേശം.
പക്ഷേ ആരും വന്നില്ല.
ചൈനക്കാരൻ ടെന്റ് തരാം റൂമില്ല എന്ന് പറഞ്ഞു.ഇരുനൂറു രൂപയാവും.സമയം ഇത്രയും വൈകിയതുകൊണ്ടാണ് അവൻ ഇത്രയും കുറച്ചതു ഇനി ആരും മല കയറി വരാൻ സാധ്യതയില്ല .പിന്നെ ഞങ്ങൾ ഇവിടന്നു ഭക്ഷണം കഴികുമല്ലോ.
"ടെന്റൊക്കെ എടുക്കാം പക്ഷെ ഭായി ഞങ്ങൾക്ക് നാളെ കുളിക്കാൻ തോർത്തില്ല."
“അതിനെന്താ എന്റെ താരലോ . ആപ് ടെൻഷൻ മത് കരോ.
ഓഹോ നേരത്തെ ഇങ്ങനെയല്ലലോ പറഞ്ഞത് .ഏതായാലും ഒരെണ്ണമെങ്കിലും റെഡിയായാല്ല്ലോ.ടെന്റ് തുറന്നപ്പോഴുണ്ട് ഒരു ലോഡ് കമ്പിളി.എന്തിനാ ഇത്രയും,കുറച്ചു എടുക്കാൻ പറയാം
"ഭായി ഇത്നാ കമ്പിൽ …………"
"ഡോണ്ട് വറി ഇനിയും തരാം "
"ആഹ് best " . നഹി ഭയ്യാ ഇത്നാ തോ കാഫി ഹേ ."
ചുറ്റും ഇരുട്ടായതുകൊണ്ടും തണുത്തിട്ടു ഐസ് ആയിപ്പോവുമോ എന്ന പേടിയും കൊണ്ട് അകത്തു കയറി.എട്ടുമണി ആയതേ ഉള്ളു .ഉറക്കം വരുന്നില്ല .മൊബൈലിൽ റേഞ്ചുമില്ല.അജയ്‌യുടെ ഫോണിൽ ഫുക്രി സിനിമ ഉണ്ട്.എങ്കിൽ അത് കാണാം എന്നിട്ടു ഒരു പത്തുമണിക്ക് ഉറങ്ങാം .രാത്രീയിൽ മൈനസ് പത്തു എന്നൊക്കെ കാണിക്കുന്നുണ്ടായിരുന്നു.ഉളളതാണോ എന്തോ ,(നെറ്റ് ഇല്ലാത്തോണ്ട് അത് ശെരിയാണോ എന്നറിയില്ല )എന്തായാലും ഇതിലും വലിയ തണുപ്പ് അനുഭവിക്കാനില്ല.
പടം ആരംഭിച്ചു .എട്ടരയപ്പോഴേക്കും ഞങ്ങൾ ഉറങ്ങിപ്പോയി .(നല്ല best പടം )
ഞാൻ എന്തോസ്വപ്നം കാണുകയിരുന്നു.(എന്നായിരുന്നു വിചാരം )
"ഒരു പട്ടിക്കുട്ടി കയറി വരുന്നു പുതപ്പിനടിയിലൂടെ"
അജയ് എന്നെ വിളിച്ചു എണീപ്പിച്ചു .
“എബി ഒരു പട്ടികുട്ടിയുടെ കരച്ചിൽ കേട്ടോ ?”
അപ്പോൾ സ്വപ്നം അല്ല.
എനിക്കാണെങ്കില് ഈ വക സാധനങ്ങളെ പേടിയാണ്.ഞാൻ ചാടിയെനിക്കുന്നതിനു മുൻപേ പട്ടിക്കുട്ടി അകത്തു കയറി .ഞാൻ എണീറ്റ് നിന്നപ്പോൾ അത് ഓടി വന്നു എന്റെ തലയിണയുടെ അടിയിലേക്ക് കയറി.
അജയ്കു കൂടെ കടത്തണം എന്നുണ്ടായിരുന്നു .ഞാൻ സമ്മതിക്കുവോ ഒരുവിധം അതിനെ എടുത്തു പുറത്തിട്ടു.വേറെയെവിടെങ്കിലും അതിനു സ്ഥലം കിട്ടാതിരിക്കില്ല.ടെന്റ് നല്ലപോലെ അടച്ചു എന്ന് ഉറപ്പുവരുത്തി കിടന്നു.
രാവിലെ നേരത്തെ എണീറ്റിട്ടു കുളിക്കാൻ പോവണം.അപ്പൊ തോർത്തോ ? അതെവിടെന്നെകിലും ഒപ്പിക്കാം.
ആറര ആയപ്പോൾ എഴുന്നേറ്റു.ആരും എണീറ്റിട്ടില്ല.
ഞാൻ ഒന്ന് പുറത്തിറങ്ങി.ചൈനക്കാരന്റെ ആണോ അതോ അവന്റെ അവിടെ ജോലിക്കു നിൽക്കുന്ന ആരുടെയെങ്കിലുമാണോ എന്നറിയില്ല.ഒരു തോർത്ത് ദാ അഴയിൽ കിടക്കുന്നു.
അജയ് എണീറ്റ് വരുന്നതേ ഉള്ളു.
"അജയ് തോർത്ത് കിട്ടി , എല്ലാം സെറ്റ്.വായോ "
ആരും ഉണ്ടായിരുന്നില്ല.ഒരു ലോക്കൽ ഉണ്ടായിരുന്നു.ആദ്യം നമ്മൾ പുറത്തു നിന്നു ദേഹം കഴുകണം എന്നിട്ടേ ഹോട് സ്പ്രിങ്ങിലേക്കു ഇറങ്ങാൻ പറ്റു.അവർ പവിത്രമായി കാണുന്നതാണ് ഇത്.സോപ്പ് ഉപയോഗിക്കാനും പാടില്ല.
ഉടുപ്പുകൾ ഓരോന്നായി ഊരാൻ തുടങ്ങി.sweatshirt ,ജാക്കറ്റ്,ഷർട്ട്,രണ്ടു ബനിയൻ ,ഒരു തെർമൽ.സോക്‌സും ഊരിയതോടെ തണുത്തിട് നിൽക്കാനും വയ്യ .വേഗം മേല്കഴുകി ഹോട് സ്പ്രിങ്ങിലേക്കിറങ്ങി.ആദ്യം ചൂട് കൂടുതലാണെന്നൊക്കെ തോന്നും .പയ്യെ പയ്യെ ശെരിയാവും.
ആഹഹാ എന്താ സുഖം.ഒരു മിനിറ്റു ചുമ്മാ നിൽക്കുമ്പോൾ തല തണുക്കും അപ്പൊ മുങ്ങും .
കുറച്ചു കഴിഞ്ഞപോ തമിഴൻമാർ വന്നു.
വരൂ ഈ ഹോട്ട് സ്പ്രിങ് നമ്മൾക്ക് സൗത്ത് ഇന്ത്യൻ ഹോട് സ്പ്രിങ് ആക്കാം .
ഭൂമിക്കടിയിൽ നിന്നുവരുന്ന വെള്ളം മുകളിൽ നിന്ന് ഇങ്ങോട്ടു ചെറിയ ഒരു പാതയിലൂടെ ഇങ്ങോട്ടു ഒഴുക്കി വിട്ടിരിക്കുകയാണ്.വെള്ളം വരുന്ന അവിടെ നേരത്തെ പറഞ്ഞ ലോക്കൽ ചേട്ടൻ കുറെ നേരമായിട്ടു നില്കുന്നു.പുള്ളി പോയിട്ട് വേണം ഞങ്ങൾക്ക് അവിടെ പോവ്വാൻ .
സ്ത്രീകൾക്ക് കുളിക്കാനും സൗകര്യമുണ്ട്.തമിഴിൻമാർ വന്നപ്പോൾ സ്ത്രീകൾക്ക് കുളിക്കാൻ ഒരുക്കിയിരിക്കുന്ന അവിടന്നു ഒരു അസ്ഥികൂടം പോലെയുള്ള ഒരു വയസൻ ഒച്ചയെടുത്തു.
ബഹളമുണ്ടാക്കരുത് എന്നും പറഞ്ഞു .തമിഴന്മാർ അതിനു ബഹളമോന്നും ഉണ്ടാക്കിയില്ല.
ബൈ ദ ബൈ ഇയാളെന്താ അവിടെ കുളിക്കുന്നേ ? അത് സ്ത്രീകളുടെയല്ലേ .സ്ത്രീകൾ ആരുമില്ല എന്നൊക്കെ ശെരി പക്ഷെ ഇത് ശരിയല്ലലോ.ലോക്കൽസിനു പിന്നെ എന്തുമാവാലോ.
ചുറ്റിലും മഞ്ഞുണ്ട്.പക്ഷെ വെള്ളത്തിന് നല്ല ചൂടും.എന്താലേ നമ്മൾടെ ലോകം.ഭൂമി ഒരു സംഭവം തന്നെ.
ഒരു അര മണിക്കൂർ കൂടി കഴിഞ്ഞു ഞങ്ങൾ നിർത്താൻ തീരുമാനിച്ചു.അപ്പോഴുണ്ട് ആ വയസൻ വീണ്ടും പൊങ്ങി വന്നു.ഞങ്ങൾ കേറി പോയില്ലെങ്കിൽ കല്ലെടുത്തു എറിയുമെന്ന്.ഇത്തവണ എന്നോടും അജയ്‌യോടുമാണ് വഴക്ക്.അതിനു ഞങ്ങൾ എപ്പോൾ ബഹളം ഉണ്ടാക്കി ?
"പത്തർ സെ മാരൂങ്കാ " എന്ന് കുറെയായി പറയുന്നു. ഒരു സീൻ ആക്കണ്ട എന്ന് കരുതി ഞങ്ങൾ കയറി.
ഇനി ഓരോരോ ഡ്രെസ്സുകൾ തിരികെ ഇടണം .അതിനു മുൻപൊരു കലാപരിപാടിയുണ്ട്. എന്റെ ഓഫീസിലെ ഒരു സർ വന്നു ഇടയ്ക്കൊക്കെ പറയും
"See, Aby , This is not your kerala, This is north india, you guys don't have winter out there right ? here it will be very tough.so wear proper clothing . I tell you again it's very cold out here during winter'. be careful
സ്നേഹം കൊണ്ട് പറയുന്നതാ എന്ന് കരുതി ആദ്യം ഞാൻ ഒന്നും പറഞ്ഞില്ല.ഇത് അങ്ങനെയെല്ലാ ഇടയ്ക്കൊക്കെ വന്നു എന്നെ പേടിപ്പിക്കും.പക്ഷെ ഇക്കഴിഞ്ഞ വിന്ററിൽ ആദ്യം ജലദോഷം വന്നത് അങ്ങേർക്കാണ്.(സീനിയർ ആയിപോയി ഇല്ല്ങ്കിൽ കളിയാക്കാമായിരുന്നു )
ഇനി അയാൾ അതും പറഞ്ഞു വരുമ്പോൾ തിരിച്ചു ഡയലോഗ് അടിക്കണം.മൈനസ് പത്തിൽ കിടന്നുറങ്ങിയിട്ടുണ്ടെടോ ഈ സൗത്ത് ഇന്ത്യക്കാരൻ.കൂടെ മഞ്ഞിൽ ഒരു ചെരുപ്പ് പോലും ഇടത്തെ വെറും തോർത്ത് ഉടുത്തു നടക്കുന്ന ഒരു ഫോട്ടോയും കൂടെ ആയാൽ കലക്കും.
അജയ്‌യും ഞാനും ഫോട്ടോ എടുത്തു .നല്ല രസം. പരസ്പരം ഫോട്ടോ പുറത്തു വിട്ടു നാറ്റിക്കില്ല എന്ന കരാറിൽ ഞങ്ങൾ ഫോണിൽ ഫോട്ടോ സൂക്ഷിക്കുന്നു.
ഡ്രെസ്സുകൾ ഓരോന്നായിട്ടു കുത്തി കയറ്റി.തിരികെ തോർത്ത് ആരും കാണാതെ എടുത്തത് പോലെ തിരികെ കൊണ്ടുപോയിട്ടു.
ചായക്ക് നാൽപതു രൂപയാണ്.കട്ടൻ ചായക്ക് ഇരുപതു.മാഗിയും കട്ടൻ ചായയും പറഞ്ഞു.നല്ല ചായ ആയിരുന്നതുകൊണ്ട് ഒന്നുടെ പറഞ്ഞു.തമിഴന്മാരോട് ഗുഡ് ബൈ പറഞ്ഞു ഞങ്ങൾ ഇറങ്ങി .തിരികെ പോവുന്നത് വേറെ വഴിയാണ്.കൾഗ വഴി.
ഈ വഴിയിൽ ആൾക്കാർ കുറവായിരിക്കും.സീസൺ അല്ലാത്തോണ്ട് വഴിയിൽ ഒരു കടയുമില്ല.നക്തനിലേക്കാളും നല്ല വഴി ഇതാണ്.
ഒരു വലിയ വെള്ളച്ചാട്ടം എത്തിയപ്പോൾ ഫോട്ടോ എടുപ്പ് തുടങ്ങി.നല്ല ഐസ് വെള്ളം കുടിച്ചു.വെള്ളം കുടിക്കുന്നത് വല്യ കുഴപ്പമില്ലായിരുന്നു.കൈ തണുത്തു മരചു വല്ലാത്ത അവസ്ഥയിലായി.ഒരു glove അടിയന്തരമായി വാങ്ങേണ്ടിയിരിക്കുന്നു.
ഈ വഴി കുറച്ചു റിസ്കുമാണ്.ഇറക്കമായിരുന്നതുകൊണ്ട് വല്യ കുഴപ്പമില്ല.പണ്ട് മല കേറിയ സായിപ്പ് വടിയായതു ബോര്ഡില് എഴുതിയിട്ടുണ്ട്.
പോകുന്ന വഴി കിടിലമായിരുന്നു.ഞങ്ങൾ അല്ലാതെ വേറെ ആരുമില്ല.എപ്പോ താഴേക്ക് നോക്കിയാലും പുഴ ഒഴുക്കുന്നത് കാണാം. ആ ശബ്ദവുമുണ്ട്.ഒരു ദുർഘടം പിടിച്ച വഴി ഇറങ്ങി വരുമ്പോഴുണ്ട് നമ്മടെ ജെയ്സ് ദാ വരുന്നു.അണ്ണൻ ആദ്യം ടോഷിലേക്കു പോയി.അവിടെ ഒരു മലയാളി ട്രിപ്പടിക്കാൻ വന്നിട്ടു ഒരു ഹോട്ടലിൽ ജോലിക്കു കയറി അവിടെ സ്ഥിരമാക്കിയെന്നു.(ബലേ ബേഷ് )
കൾഗയിലേക്കു വരുന്നവഴി വഴി തെറ്റി വേറെ എവിടെയോ എത്തിപ്പെട്ടു കക്ഷി.അവിടെ ഒരു ഇംഗ്ലണ്ടിൽ നിന്ന്ള്ള ഒരു സായ്പ് കുടുംബ സഹിതം താമസിക്കുന്നതും കണ്ടു.ഇതെല്ലാം കഴിഞ്ഞു അവിടെ കണ്ട മുംബൈക്കാരനുമായി കക്ഷി ഇന്ന് രാവിലെയാണ് ഖീർഗംഗയിലേക്കു വരുന്നത്.
ഒടുവിൽ കൾഗയെത്തി.വീണ്ടും കട്ടൻ ചായ പറഞ്ഞു.
ഒരു ചേച്ചി മോനെ പുറകിൽ തൂക്കിയിട്ടു മോന് പുതിയ തൊപ്പി ഉണ്ടാക്കുവാണ്.പഹാഡികൾ പിള്ളേരോകെ അങ്ങനെ പുറകിൽ തൂക്കിയിട്ടു ഏതു മലയും ചാടി കയറും.
കുറച്ചു പെൺപിള്ളേർ വന്നു ലെയ്സ് , കുറുകുറെ,അങ്ങനെ പലതു കഴിപ്പ് തുടങ്ങി.ഖീര്ഗങ്ങയിലേക്കാണെങ്കിൽ വേഗം പൊയ്ക്കോ .ഇല്ലെങ്കിൽ പണിയാകും എന്നൊരു വാണിംഗ് കൊടുത്തു.
ദാ ഒരു മലയാളി ഗാങ്.കൊല്ലത്തു നിന്നുള്ളവരാണ്.
ബർസെനിയിൽ വന്നപ്പോഴ് ഒരു മനാലി ബസ് കിടപ്പുണ്ട്.അതിൽ കയറി ബുണ്ടറിലെത്തി.ആ ബസ്സിൽ ഇരുന്നാണ് തിരികെ ഡൽഹിക്കു പോവാൻ ബസ് ബുക്ക് ചെയ്തത്.രണ്ടു ദിവസംകൊണ്ട് മുപ്പതിലധികം കിലോമീറ്റർ നടന്നിട്ടുണ്ട്.ശരീരം എല്ലാം ഒന്ന് ഇളകിയിട്ടുണ്ട്.വീട്ടിലേക്കു വിളിച്ചു.
"ഇത്തവണ ഏതു കാട് കയറാനാ പോയേ "?
"ഖീര്ഗങ്ങ ഒരു പന്ത്രണ്ടു കിലോമീറ്റർ അങ്ങോട്ടും പതിമൂന്നു ഇങ്ങോട്ടും ,ബോഡി ഫുൾ ഇളകി മമ്മി , എവിടെയൊക്കെയോ നല്ല വേദന "
"നിനക്ക് വട്ടാണല്ലോ ഇത്രേം നടന്നു കണ്ട കാട്ടിലൂടെയൊക്കെ പോവാൻ , അനുഭവിച്ചോ "
"ലേശം വട്ടിലാത്ത ആരാണ് മമ്മി ഉള്ളത് "
"ദേ എന്നൊക്കൊണ്ടൊന്നും പറയിപ്പിക്കരുത്"
"കേൾക്കുന്നില്ല ...കേൾക്കുന്നില്ല...ഹലോ ........ഹലോ ...."'
യാത്ര പോയത് : 2017 നവംബർ അവസാനം (അപ്പോൾ ഓഫ് സീസൺ ആയിരുന്നു)

Leave a Comment