Shimla Diaries - Hattu Peak,Narkanda Malayalam Travelogue
ബുധനാഴ്ച വൈകുന്നേരമാണ് അറിഞ്ഞത് ഹോളി കാരണം വെള്ളിയാഴ്ച അവധിയാണെന്നു.ആഗോള കുത്തകൾക്കു വേണ്ടി പണിയെടുക്കുമ്പോൾ വേറെ കലണ്ടർ ഒക്കെയാണ് ഫോള്ലോ ചെയ്യേണ്ടി വരിക.അതനുസരിച്ചു അവധിയല്ലായിരുന്നു.അവധി കിട്ടിയ സ്ഥിതിക്ക് വെറുതെ കളയാൻ വയ്യ.എങ്ങോട്ടേലും പോവാമെന്നു വച്ചാൽ അതൊന്നു നോക്കാൻ വൈഫൈയും വർക്ക് ചെയ്യുന്നില്ല.ബാഗും തൂകി വ്യഴാഴ്ച ഓഫിസിലെത്തി.ബാഗ് കണ്ടപ്പോഴേ എല്ലാരും ചോദിച്ചു.
"ഇന്നെങ്ങോട്ടാ "
"ടൈം ഉണ്ടല്ലോ വൈകുന്നേരം പറയാം എങ്ങോട്ടാ എന്ന് "
ഗൂഗിൾ മാപ്പ് തുറന്നു .ഉത്തരാഖണ്ഡിലെ മുൻസ്യാരി നോക്കാം. ആ ഭാഗത്തേക്ക് ഇതുവരെ പോയിട്ടില്ല .പക്ഷേ മൂന്ന് ദിവസം പോരാ.അൽമോറാ-കസൗനി നോക്കിയപ്പോൾ തിരികെ വരാൻ ടിക്കറ്റൊന്നുമില്ല.എന്നാ ഷിംല വിടാം.അങ്ങോട്ടും ഇങ്ങോട്ടും ഓർഡിനറി ടിക്കറ്റു കിടപ്പുണ്ട്.ബുക്ക് ചെയ്തു.ഗൂഗിളിലും ഉള്ള ഗ്രൂപ്പുകളിലും എല്ലാം റിസർച് ആരംഭിച്ചു.
Hattu Peak
ഈ ഒരു പേര് കിട്ടി.ഹാട്ടൂ പീക്ക് ഒരു ആറേഴു കിലോമിറ്റർ ട്രെക്കിങ്ങാണ്.എന്നാൽ ആദ്യം അത് ചെയ്യാം ബാക്കിയെല്ലാം വരുന്നപോലെ.അവസാന നിമിഷം ബുക്ക് ചെയ്തതുകൊണ്ട് എനിക്ക് കിട്ടിയത് സൈഡ് സീറ്റാണ്.ഷിംലയ്ക്കു ടൂർ പോവുന്ന ഫാമിലിയിലെ മോനും മോളുമാണ് എന്റെ അടുത്ത്.അപ്പനും അമ്മയും പുറകിൽ.ഒരു തുണി കട തുടങ്ങാൻ മാത്രം ലഗേജുമായാണ് അവരുടെ പോക്ക്.പെപ്സിയും ലേയ്സും അപ്പോഴേ കയ്യിലുണ്ടായിരുന്നു.ബസ് ഇടയ്ക്കു നിർത്തിയപ്പോൾ മിറിണ്ട വാങ്ങി.സെൽഫി എടുക്കൽ ബസ്സിൽ വച്ചേ അവർ പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു.
"ടിപ്പിക്കൽ ഇന്ത്യൻ ഫാമിലി ടൂർ"
നിർത്താവുന്നിടത്തെല്ലാം നിർത്തി നിർത്തി ബസ് ഷിംല എത്തിയപ്പോൾ ഏഴുമണി.ഒരു മണിക്കൂർ പിന്നെയും അവിടെ നിർത്തിയിട് നർകണ്ട എത്തിയപ്പോൾ സമയം പത്തു മണി.ആദ്യം കണ്ട ചേച്ചിയോട് ഹട്ടു പീക്കിലേക്കു എങ്ങനെ പൊവ്വാം എന്ന് ചോദിച്ചപ്പോ ഒരുത്തൻ വന്നിട്ടു നർകണ്ട പീക്ക് എങ്ങനെ പോവാം എന്ന് ചോദിച്ചു.
"അത് അഞ്ഞൂറ് മീറ്ററെ ഉള്ളു ഭായി ഹട്ടു പീക്കിലേക്കു പോരുന്നോ അതാണേൽ ആറേഴു കിലോമീറ്ററുണ്ട്."
ചെക്കൻ റെഡി.
അപ്പൊ ഒരു കൂട്ടായി.സോളോ പോയാലുള്ള ഏറ്റവും വലിയ ഗുണമിതാണ് പുതിയ കൂട്ടുകാരെ ഉണ്ടാക്കിയിട്ടേ നിങ്ങൾ തിരികെ വരൂ.അത് ചിലപ്പോൾ വേറെ രാജ്യമാവാം വേറെ സംസ്ഥാനവുമാവാം.അവരിൽ നിന്നു പലതും അറിയാനും പറ്റും.
അവന്റെ ഹിന്ദി കേട്ടപ്പോ തന്നെ ഡൌട്ട് അടിച്ചിരുന്നു .
"എവിടുന്നാ"
"ആന്ധ്ര "
(ഹാ വെറുതെയല്ല )
"ഞാൻ കേരള "
ഞങ്ങൾ ബ്രേക്ഫാസ്റ് കഴിക്കാൻ കയറി.ഹോളി ആയതുകൊണ്ടും വിന്റർ ശേരിക്കങ്ങു കഴിയാത്തതുകൊണ്ടും കടകൾ കുറവാണു .ആലു പറാത്തയും മിക്സ് ദാലും കൂട്ടി കഴിക്കുമ്പോൾ ഞാൻ പേര് ചോദിച്ചു.അപ്പൊ അവന്റെ ഒരു ഐഡിയ .
നമ്മൾക്ക് പേര് നുണ പറയാം.എന്നിട്ട് അവസാനം ശെരിക്കുള്ള പേര് പറയാം.
കൊള്ളാലോ കളി
"പേരെന്താ ?"
"എന്റെ പേര് സച്ചിൻ , നിന്റെയോ ?"
(പുല്ല്.ഞാൻ സച്ചിൻ എടുക്കാം എന്ന് കരുതി ഇരിക്കുവ്വാർന്നു )
"ഞാൻ രാഹുൽ" (ദ്രാവിഡ് എടുക്കാൻ തോന്നിയതാ )
ഭക്ഷണം കഴിച്ചു ഞാനും സച്ചിനും കൂടി നടക്കാൻ തുടങ്ങി.
കുറെ ദൂരം റോഡിലൂടെയാണ് നടക്കേണ്ടത്.ലിഫ്റ്റ് ചോദിക്കാൻ തീരുമാനിച്ചു ആദ്യം കൈ കാണിച്ച വണ്ടി തന്നെ നിർത്തി.അവരും ഹട്ടു പീക്കിലേക്കാണ്.കണ്ടാൽ ഒരു മലയാളി ലുക്ക് ഉള്ളതുകൊണ്ട് നിങ്ങൾ കേരളത്തിൽ നിന്നാണോ എന്ന് ചോദിച്ചു
അവർ തമിഴ്നാട്ടുകാരാണ് .
"നേത്ത് കാലാ പടം ടീസർ പാത്തിങ്കലാ"
തമിഴ് കേട്ടപ്പോ അവർക്കു സന്തോഷം. ഞങ്ങൾ മൂന്ന് സൗത്ത് ഇന്ത്യൻ സംസ്ഥാനക്കാർ ഉത്തരേന്ത്യക്കാരുടെ കുറ്റവും പറഞ്ഞിരുന്നു കമ്പനി അടിച്ചു ഞങ്ങൾ സ്ഥലത്തെത്തി ഇനി അങ്ങോട്ട് വണ്ടി പോവില്ല.റോഡ് ഉണ്ട് പക്ഷെ മഞ്ഞുമൂടി കിടക്കുകയാണ്.തമിഴരോട് ഞങ്ങൾ രാഹുൽ എന്നും സച്ചിൻ എന്നുമാണ് പേര് പറഞ്ഞത്.
ചെറുതായി മഞ്ഞു പെയ്യുന്നുണ്ട്.snowfall ന്റെ ഒരു ചാറ്റൽ മഴ വേർഷൻ എന്ന് പറയാം.സച്ചിൻ ആദ്യമായിട്ടാണ് മഞ്ഞു കാണുന്നത്.അതിന്റെ എല്ലാ ആക്രാന്തവും ചെക്കനുണ്ടായിരുന്നു.തമിഴൻ ചേട്ടനും ചേച്ചിയും സുല്ലിട്ടു തിരികെ പോയി.ഡൽഹിയിൽ നിന്ന് ഡ്രൈവ് ചെയ്തു വന്നവരാണ് അവർ.ഒന്ന് ശ്രെമിച്ചിട്ടെങ്കിലും തിരികെ പോവാമായിരുന്നു.
ഞാനും സച്ചിനും കുറച്ചൂടെ ബുദ്ധിമുട്ടുള്ള സ്ഥലത്തിലൂടെ പോയി . അവിടെ നല്ല മഞ്ഞുണ്ട് അതാണ് കാരണം.
സ്കീയിങ് എന്നൊക്കെ പറഞ്ഞു ആൾക്കാരെ പറ്റിക്കുന്ന ടീമ്സ് വഴിയിലുണ്ടായിരുന്നു.ഒരു ആന്ധ്രാ ടീം ആ പറ്റിപ്പിൽ വീഴുകയും ചെയ്തു.
സ്കീയിങ് എന്നൊക്കെ പറഞ്ഞു ആൾക്കാരെ പറ്റിക്കുന്ന ടീമ്സ് വഴിയിലുണ്ടായിരുന്നു.ഒരു ആന്ധ്രാ ടീം ആ പറ്റിപ്പിൽ വീഴുകയും ചെയ്തു.
സൂക്ഷിച്ചു നടന്നില്ലെങ്കിൽ തെന്നി വീഴും.എങ്കിലുംനല്ല രസമായിരുന്നു.ഇടയ്ക്കൊക്കെ ഫോട്ടോസെടുക്കും.
ഏതു ഫോട്ടോ എടുക്കുമ്പോഴും സച്ചിൻ ഊഊ എന്നൊക്കെ സൗണ്ട് ഇടും
"ഒച്ച ഫോട്ടോയിൽ കിട്ടില്ല മിഷ്ടർ"
ആ ഒരു എക്സ്പ്രെസ്ഷന് വേണ്ടി ശബ്ദം ഇട്ടതാണത്രേ .
സച്ചിൻ ഇടയ്ക്കു ജിമ്മിക്കി കമ്മൽ പാട്ടുവച്ചു.ഞാനും വിട്ടു കൊടുത്തില്ല അർജുൻ റെഡ്‌ഡിയിലെ തെലുഗ് പാട്ടുകൾ ഞാനും വച്ചു.വഴിയിൽ കണ്ട ഒരു ദമ്പതിമാരെ കൊണ്ട് ഞങ്ങളുടെ രണ്ടാളുടെയും ഒരുമിച്ചുള്ള ഒരു ഫോട്ടോ എടുപ്പിച്ചതിന് വലിയ വില കൊടുക്കേണ്ടി വന്നു. ടൈറ്റാനിക് പോസ് അടക്കം ഒരു പത്തു ഫോട്ടോ എടുപ്പിച്ചിട്ടാണ് ഞങ്ങളെ വെറുതെ വിട്ടത്.ഫോട്ടോസൊക്കെ എടുത്തുള്ള അലസമായ നടത്തം കാരണം രണ്ടു മണിക്കൂറെടുത്തു മുകളിലെത്താൻ.അമ്പലം അടച്ചിട്ടിരികകയാണ്.അവിടെയുള്ള ഒരു ബെഞ്ചിൽ ഇരുന്നു ഞങ്ങൾ ഓരോന്ന് മിണ്ടിയിരിക്കുമ്പോഴാണ് ഒരാൾ എവിടുന്നോ കേറി വന്നത്.കക്ഷത്തിലൊരു ചെറിയ ബാഗുമുണ്ട്.
ഹായ് ഹാലോ എന്താ പേര് ?
ഞാൻ രാ.......
എവിടുന്നാ
നോയിഡ സെക്ടർ സെ.......
എന്റെ പേര് കുനാൽ. ഞാൻ ഡൽഹിയിൽ ബിസിനസ് ചെയുന്നു .എനിക്ക് ഡൽഹിയിൽ സിപിയിലും നോയിഡയിലും അവിടെയും ഇവിടെയും ഒക്കെ ബ്രാഞ്ച് ഉണ്ട്.ബാഗിൽ നിന്ന് രണ്ടു കാർഡെടുത്തു ഞങ്ങൾക്ക് രണ്ടാൾക്കും തന്നു.
ഞങ്ങൾ ഇംഗ്ലീഷിൽ മറുപടി മറുപടി പറഞ്ഞപ്പോൾ
"നാട് ഏതാ "
"കേരളം" (ഇതെങ്കിലും ഒന്ന് മുഴുമിപ്പിക്കാൻ സമ്മതിച്ചല്ലോ )
"ഓഹോ കേരള നിയമസഭയുടെ അകത്തളം ഡിസൈൻ ചെയ്തത് എന്റെ കൂട്ടുകാരനാണ് നിങ്ങളുടെ പ്രായത്തിൽ" .
"മ്മ് "
(ഞങ്ങൾ ഞെട്ടിയില്ല എന്ന് കണ്ടപ്പോൾ )
ആർ യു ഗേറ്റിങ് മി , ഞങ്ങൾ ആണ് കേരള നിയമ സഭയുടെ അകം ഡിസൈൻ ചെയ്തത്(2)
ഓഹ് വൗ ,കൊള്ളാം (ഞങ്ങൾ അയാൾക്കു വേണ്ടി ഒന്ന് ഞെട്ടി )
ഒരാൾ കൂടെ വരൂ എന്റെ കുറച്ചു ഫോട്ടോ എടുക്കണം.
ഇയാൾ ഏതെടാ ? ഞങ്ങളെന്താ ഇയാളുടെ അടിമയോ ?
"അമ്പലം അടച്ചിട്ടിരിക്കുകയാണ്."
"ആണോ ? അയ്യോ അപ്പൊ ഞാൻ പൈസ എവിടെയിടും ".
"ആർക്കേലും ഭക്ഷണം വാങ്ങിച്ചു കൊടുക്ക് ഭായി പുണ്യം കിട്ടും."
ആളിതൊന്നും കേൾക്കാതെ ഓടുകയാണ്.ഞങ്ങൾ അവിടെ ഇരുന്നു .ആൾ അവിടുന്നു വിളിച്ചു ശല്യം ആയപ്പോൾ സച്ചിൻ പോയി ഫോട്ടോ എടുത്തിട്ടു വേഗം തിരികെ വന്നു.
ഞങ്ങൾ അരികിൽ കണ്ട ഒരു പാറയുടെ മുകളിൽ കയറി.നല്ല വ്യൂ.മഞ്ഞു വീണു കിടക്കുന്നതും പൈൻ മരക്കാടുകളും അകലെ ഓരോരോ ഗ്രാമങ്ങളും കൊണ്ടിരിക്കുമ്പോൾ ആദ്യം കണ്ട അങ്ങേരു ഞങ്ങളെ വിളിക്കുന്നു.
അവിടെ ഇരിക്കല്ലേ, താഴേക്കു വീഴും, ഇങ്ങോട്ടു വായോ, എന്റെ രണ്ടു ഫോട്ടോ എടുക്കു .
(ഞങ്ങൾ അവിടെ ഇരിക്കുന്നതിലല്ല അയാൾക്കു പേടി.അയാളുടെ ഫോട്ടോ എടുക്കണം അതാണ് കാര്യം..)
'സെൽഫി എടുക്കു ചേട്ടാ '
"ഞാൻ തനിച്ചല്ലേ ഉള്ളു നിങ്ങൾ വാ "(അയാൾ കരയുന്നപോലെയാണ് സംസാരിക്കുന്നത്)
ഞങ്ങൾക്ക് ചിരിയും വരുന്നുണ്ട് ദേഷ്യവും വരുന്നുണ്ട്.
(എവിടന്നു കുറ്റീം പറിച്ചു വന്നോ ആവോ )
"ഞങ്ങൾ ദാ അവിടേം പിന്നെ അവിടേം പോയിട്ടേ അങ്ങോട്ട് വരാൻ ഉദ്ദേശിച്ചിട്ടുള്ളു .അത്രേം നേരം അവിടെ നിന്നാൽ ഫോട്ടോ എടുത്തു തരാം."("പിന്നെ നിങ്ങളുടെ കാർഡ് ദാ അവിടെ ഇട്ടിട്ടുണ്ട് വേണേൽ അതും എടുത്തോണ്ട് പോടോ " എന്നൂടെ പറയണമെന്നുണ്ടായിരുന്നു )
അയാൾക്കു മതിയായെന്നു തോനുന്നു.പിന്നെ മിണ്ടിയില്ല.(ഇയാൾ ഇയാളുടെ കാർഡ് വിതരണം ചെയ്യാൻ ഡൽഹിയിൽ നിന്നും വന്നതാണെന്നു തോന്നുന്നു )
ഞങ്ങൾ അവിടെല്ലാ സ്ഥലത്തും പോയി.എല്ലാ പോയിന്റിലും ഇരുന്നു സ്വസ്ഥമായിരുന്നു സംസാരിച്ചു.മേഘങ്ങളെല്ലാം തൊട്ടടുത്താണ്.അധികം ആൾക്കാർ ഇല്ലാത്തതുകൊണ്ട് നല്ല സമാധാനമുണ്ട്.പതിനോരായിരം അടി മുകളിലാണ് ഹട്ടു പീക്ക്.ഞങ്ങളെ പോലുള്ള ബാക്ക്പാക്കേഴ്സിന്റെ ഒരു ചെറിയ കർതുന്ഗ്ല എന്നൊക്കെ വേണമെങ്കിൽ പറയാം.കൈയിലുണ്ടായിരുന്ന കടലയും വെള്ളവും കുടിച്ചു ഞങ്ങൾ തിരികെ ഇറങ്ങി തുടങ്ങി.
വഴിയിൽ മലയാളി ഗ്രൂപ്പിനെ കണ്ടു.പലരും നല്ല വെള്ളമായിരുന്നു.(ആന്ധ്രക്കാരന്റെ മുൻപിൽ നാണം കെട്ടു.പിന്നെ ചെക്കന് മലയാളം അറിയതോണ്ട് രക്ഷപെട്ടു)മലയാളികൾ ഇക്കാര്യത്തിലും നമ്പർ വൺ ആണെന് സച്ചിനോട് പറഞ്ഞു ഞാൻ തടിതപ്പി.
ഒരു നാനൂറു മീറ്റർ പോയാൽ വേറൊരു അമ്പലത്തിലെത്താം .ഞങ്ങൾ അവിടേം പോയി.
വഴി നല്ല മഞ്ഞു മൂടി കിടക്കുന്നു,അമ്പലം ഒരു രസമില്ലായിരുനെക്കളും വഴിയിലൂടെയുള്ള നടത്തം ആസ്വദിച്ചു.
വഴി നല്ല മഞ്ഞു മൂടി കിടക്കുന്നു,അമ്പലം ഒരു രസമില്ലായിരുനെക്കളും വഴിയിലൂടെയുള്ള നടത്തം ആസ്വദിച്ചു.
മഞ്ഞു ചവിട്ടി പൊട്ടിക്കൽ ,മഞ്ഞു കൊണ്ട് ബോള് ഉണ്ടാക്കി എറിഞ്ഞു കളിക്കൽ,മഞ്ഞിൽ കളിക്കുന്ന വീഡിയോ എടുക്കൽ,തുടങ്ങിയ കലാപരിപാടികൾ നടത്തി ഞങ്ങൾ താഴേക്കിറങ്ങി.കൂട്ടത്തിൽ സഞ്ചാരി എന്ന് ഞാൻ മലയാളത്തിലും സച്ചിൻ തെലുങ്കിലും മഞ്ഞിൽ എഴുതി.വഴിയിൽ വച്ച് നേരത്തെ കണ്ട ആന്ധ്രഗ്രൂപ്പിലെ ഒരുത്തനെ കണ്ടു.സച്ചിൻ അവനായിട്ടു സംസാരിച്ചു തിരികെ നടക്കുമ്പോൾ മൊബൈൽ നമ്പർ കൊടുത്തിട്ടു .എന്റെ പേര് "പവൻ " എന്ന് പറഞ്ഞു
നശിപ്പിച്ചു
.എന്തൊക്കെയായിരുന്നു.പേര് പറയണ്ട ,നുണ പറയാം അങ്ങനെ പവനായി ശവമായി .അപ്പൊ അവന്റെ പേര് പവൻ.ചെക്കൻ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയുടെ ma history പ്രേവേശന പരീക്ഷയിൽ രണ്ടാം റാങ്കുകാരനാണ്.പവൻ ആദ്യമായിട്ടാണ് സോളോ ട്രിപ്പിന് വരുന്നത്.പല പ്രേശ്നങ്ങളിൽ നിന്നും ഉള്ള ഒരു ഒളിച്ചോട്ടമാണ് അവനു ഈ യാത്ര.അതുകൊണ്ടു തന്നെ സോളോ ട്രാവേലിനെ പറ്റി അവൻ എന്നോട് ഒരുപാട് ചോദിച്ചു.
യാത്രയേക്കാളും വലിയ ഡോക്ടർ ഇല്ലെടോ എന്നൊക്കെ പറഞ്ഞു ചെക്കനോട് യാത്ര തുടരാൻ ഉപദേശം കൊടുത്തു.
താഴെയെത്തിയപ്പോൾ പഹാഡികൾ വെള്ളമടിച്ചു പാട്ടും വച്ച് ഹോളി ആഘോഷിക്കുവായിരുന്നു.ഞങ്ങളെയും ക്ഷണിച്ചു.ഇട്ട ഡ്രസ്സ് കളറാക്കിയാൽ വേറെ ഇടനില്ലാത്തോണ്ട് ഞാൻ ആ അക്രമത്തിനു മുതിർന്നില്ല.അവിടെ അടുത്തായി ഒരു ചെറിയ തടാകമുണ്ട്.പവൻ വടിയായി ഒരു മൂലക്കിരുന്നു.ഞാൻ എല്ലാം ഒന്ന് ചുറ്റി കറങ്ങി വന്നു.
പവന്റെ ആദ്യത്തെ ട്രെക്ക് ആയിരുന്നു .ചെക്കൻ മടുത്തു വല്ലാണ്ടായി.എന്റെ കൈയിൽ ഏത്തപ്പഴം ഉണ്ടെന്നു പിന്നീടാണ് ഞാൻ ഓർത്തത്.റൂമിലിരുന്നതാണ് .മൂന്നു ദിവസത്തെ യാത്ര ആയതുകൊണ്ട് തിരികെ വരുമ്പോൾ കേടാവുമെന്നു കരുതി എടുത്തതാണ്. ഏത്തപ്പഴവും വെള്ളവും കുടിച്ചപ്പോൾ ഞങ്ങളൊന്നു ഉഷാറായി.വഴിയിൽ കണ്ട ഒരു കടയിൽ നിന്ന് മാഗിയും കഴിച്ചു ഞങ്ങൾ തിരികെ നാർകണ്ടയിലെത്തി.
കുറച്ചൊന്നു മെനക്കെടേണ്ടി വന്നെങ്കിലും ഒടുവിൽ നല്ലൊരു റൂം കിട്ടി.അഞ്ഞൂറ് രൂപ.രണ്ടാൾക്കുകൂടി അഞ്ഞൂറ് രൂപ വല്യ കുഴപ്പമില്ല.തണുപ്പു കൂടി കൂടി വരികയാണ്.കുറച്ചു നേരം റൂമിൽ ഇരുന്നു.പിന്നെ പുറത്തിറങ്ങി ലോക്കൽസിന്റെ കൂടെ ഇരുന്നു തീ കാഞ്ഞു.
ദാ ഈ ചേച്ചി ഭക്ഷണം വേഗം ഉണ്ടാക്കി തരുമെന്ന് കടയിലെ ചേട്ടൻ കമല ചേച്ചിയെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു.
റൊട്ടിയും ദാലും , മാഗിയും കിട്ടും.റൊട്ടിയും ദാലും വയറു നിറയെ കഴിച്ചു.ഭക്ഷണം ഉണ്ടാകുന്ന സമയത്തിൽ അവിടെ ഉണ്ടായിരുന്ന ഡൽഹി ഗ്രൂപ്പിനെ പരിചയപെട്ടു.
അടുത്ത ദിവസം എന്താ എങ്ങനാ എന്ന് എനിക്കൊരു നിശ്‌ചയമില്ലായിരുന്നു.നാട്ടുകാർ പലതും പറഞ്ഞു തന്നു .
ഗിരി ഗംഗ (ഖീർഗംഗയല്ല ) ട്രെക്കിങ്ങിനു പോവണമെന്നുണ്ടായിരുന്നു.പക്ഷേ എത്തിപ്പെടാൻ ബസുകൾ കുറവാണു ഈ ടൈമിൽ ആരും അവിടെ കാണുകയുമില്ല എന്ന് പറഞ്ഞു അവിടത്തെ ചേട്ടന്മാർ നിരുത്സാഹപ്പെടുത്തി.
ഗിരി ഗംഗ (ഖീർഗംഗയല്ല ) ട്രെക്കിങ്ങിനു പോവണമെന്നുണ്ടായിരുന്നു.പക്ഷേ എത്തിപ്പെടാൻ ബസുകൾ കുറവാണു ഈ ടൈമിൽ ആരും അവിടെ കാണുകയുമില്ല എന്ന് പറഞ്ഞു അവിടത്തെ ചേട്ടന്മാർ നിരുത്സാഹപ്പെടുത്തി.
ഒടുവിൽ ചൈൽ എന്ന സ്ഥലത്തു പോവാമെന്നു തീരുമാനമായി.ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ട് അവിടെയാണ്.പിന്നെ ഒരു കൊട്ടാരവുമൊക്കെയുണ്ട്.ഷിംല പോലെ അത്ര തിരക്കും ഉണ്ടാവില്ല.അപ്പൊ രണ്ടാം ദിവസത്തെ പ്ലാനും റെഡി.

Leave a Comment