Thanjavur -Trichy Malayalam Travelogue









നിങ്ങൾ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വരുമ്പോൾ വടക്കന്തറ (വല്യ ദൂരമൊന്നുമില്ല)പോയി അവിടുള്ള ദോശ കോർണറിൽ നിന്നൊരു  മഷ്‌റൂം പെപ്പർ മസാലദോശ കഴിക്കണം.എന്താ ടേസ്റ്റ്! മാങ്കോ മസാല ദോശ പോലുള്ള വെറൈറ്റി ഐറ്റംസ് കിട്ടും .എല്ലാത്തിനും അറുപതു രൂപ മാത്രം.(ഒരു കൊല്ലം മുൻപ് )നാലുകൊല്ലം പാലക്കാട് ഉണ്ടായിട്ടും ഞാൻ അറിഞ്ഞത് അവസാന വർഷമായിരുന്നു.ദോശയും കഴിച്ചു ഞാൻ ഒലവക്കോട്  സ്റ്റേഷനിൽ കാർത്തിക്കിനെ നോക്കി ഇരുന്നു.കോളേജിൽ നിന്നു പഠിച്ചിറങ്ങിയിട്ടു ഇതാദ്യമായിട്ടാണ് കോളേജിൽ വരുന്നത്.ജോലിയുടെ കാര്യത്തിനായി കുറച്ചു സർട്ടിഫിക്കറ്റ്‌ വാങ്ങാനായി കോളേജിൽ വരേണ്ടി വന്നപ്പോൾ അതൊരു ട്രിപ്പാക്കി മാറ്റാൻ തീരുമാനിച്ചു ഞാനും തടിയനും (കാർത്തിക്ക്).
നടക്കാത്ത സ്വപ്‌നങ്ങൾ ഒരുപാടുള്ള ഞങ്ങൾ അതിലൊരെണ്ണം നടപ്പിലാക്കാൻ തീരുമാനിച്ചു.ട്രിച്ചി-തഞ്ചാവൂർ. ഒരു ദിവസം കൊണ്ട് രണ്ടും കണ്ടു തിരികെ വരിക.രാവിലെ കോളേജിൽ വച്ച് കണ്ടതാണ് തടിയനെ.അവൻ വീട്ടിൽ പോയിട്ടു ബാഗെടുത്തു സ്റ്റേഷനിലേക്കു വരും.

ചുമ്മാ ഇരിക്കുമ്പോൾ ഓരോന്നൊക്കെ മനസ്സിൽ കേറി വരുമല്ലോ.എത്ര വേഗമാണ് നാലു കൊല്ലം കഴിഞ്ഞു പോയത്.ചില രാത്രികളിൽ ഹോസ്റ്റലിൽ നിന്ന് നടന്നു ഒലവക്കോട് സ്റ്റേഷനിൽ വരുമായിരുന്നു.കൊത്തു പൊറോട്ട കഴിക്കാനായിരുന്നു സ്ഥിരം വരവ്.തടിയൻ വരാൻ ലേറ്റ് ആയാൽ ഒരു കൊത്തു പൊറോട്ട കൂടി കുത്തി കേറ്റണമെന്നുണ്ടായിരുന്നു.പക്ഷെ വയറിനു പണി കിട്ടിയാലോ എന്ന് കരുതി ആ അതിക്രമത്തിന് മുതിർന്നില്ല. അതുകൊണ്ടു നൊസ്സ് അടിച്ചിരിക്കാംകോളേജിനെ പറ്റി നൊസ്സ് അടിക്കാൻ അടുത്ത് കൂട്ടുകാരില്ലാത്തതുകൊണ്ടു.റെയിൽവേ സ്റ്റേഷൻ തിരഞ്ഞെടുത്തു.


ഇടുക്കിയിൽ നിന്നുള്ള എനിക്ക് റെയിൽവേ യാത്ര പരിചിതമാക്കിയത് ഒലവക്കോട് റെയിൽവേ സ്റ്റേഷനാണ്.ആദ്യായിട്ട് ട്രെയിനിൽ തനിച്ചു പോയത് ഫസ്റ്റ് ഇയറിൽ പഠിക്കുമ്പോഴായിരുന്നു.കേരള എക്സ്പ്രസിന് നോക്കി നിന്ന ഞാൻ ബാംഗ്ലൂർ -ഐലൻഡിൽ കയറി.അതും എറണാകുളം പോവുമല്ലോ.എറണാകുളം നോർത്ത് കഴിഞ്ഞപ്പോഴാണ് മനസിലായത് ഇത് സൗത്തിൽ പോവില്ല എന്ന്.പിന്നെ വെപ്രാളമായി .ഭാഗ്യത്തിന് പിറവത്തിനു മുൻപേ എവിടെയോ നിർത്തിയപ്പോൾ ചാടിയിറങ്ങിയതും അവിടന്ന് എറണാകുളം ബസ് പിടിച്ചത് മുതൽ അവസാനം ദൂദ്സാഗർ വരെ പോയത് ഓർത്തിരുന്നു.റെയിൽവേ സ്‌റ്റേഷിനോലോ ബസ് സ്റ്റാന്റിലോ എയർപോർട്ടിലോ പോവുമ്പോൾ എവിടുന്നോ ഒരു എനർജി ഫീൽ ചെയ്യും.അതെല്ലാം ആസ്വദിച്ചു ഇരിക്കുമ്പോൾ തടിയൻ(കാർത്തിക് ) വന്നു.അവനും ഞാനുമായിരുന്നു സ്ഥിരം ട്രാവൽ പാർട്നെർ

ഫേസ്ബുക് ഫ്രണ്ടായ മുഹമ്മദ് സാലിക്ക് ഇക്കയുടെ  പോസ്റ്റ് വായിച്ചപ്പോ മുതൽ തുടങ്ങിയ കൊതിയായിരുന്നു ട്രിച്ചി-തഞ്ചാവൂർ യാത്ര.പാലക്കാട് നിന്ന് ഒരു ദിവസം കൊണ്ട് പോയി രണ്ടും കവർ ചെയ്തു തിരികെ വരാം.പാലക്കാട് നിന്ന് കോയമ്പത്തൂർ വരെ ട്രെയിനിൽ പോയി.അവിടന്ന് മന്നാർഗുഡി ട്രെയിൻ വരാൻ നോക്കി നിന്നു.നാഡ ചുഴലികൊടുംകാറ്റ് ബംഗാൾ ഉൾക്കടലിൽ നിന്ന് വന്നുകൊണ്ടിരിക്കുന്ന സമയം.അതിന്റെ ഇഫ്കട്  കാരണം മഴ പെയ്യുന്നുണ്ടായിരുന്നു.നല്ല തണുപ്പും.ട്രെയിൻ വന്നു സീറ്റുകളൊക്കെ ഇഷ്ടംപോലെ ഉണ്ടായിരുന്നു.ഒരു കിളവൻ വെള്ളമടിച്ചിട്ടു ബഹളം ആയിരുന്നോണ്ട് ഉറങ്ങാൻ പറ്റിയില്ല.

“നാൻ മന്നാർഗുഡിയിൽ പെരിയ ആൾഡാ , എൻകിട്ടാ മോതാതേ”

കിളവൻ ഇത് ആരോടൊക്കെയോ വിളിച്ചു പറഞ്ഞോണ്ടിരുന്നു.ചിലർ അത് ഏറ്റുപിടിച്ചു അതോടെ കിളവന് ആവേശം മൂത്തു.കിളവന്റെ ഡയലോഗ് കേട്ടാൽ മന്നാർഗുഡി മാഫിയ നേതാവ് ശശികലയൊക്കെ കിളവന്റെ മുൻപിൽ ശിശു എന്ന് തോന്നിപ്പോവും.തടിയന് ഇതൊന്നും അറിയണ്ട.അവൻ നല്ല അസ്സൽ ഉറക്കം.

അതിരാവിലെ ട്രിച്ചി എത്തി.കാപ്പിയും കുടിച്ചു നേരെ റോക്ക്‌ഫോർട്ട് അമ്പലത്തിലേക്ക് ബസ് കയറി.(തമിഴ്‌നാട്ടിലെ ഫിൽറ്റർ കോഫിയുടെ അത്രയും രുചി ഒരു ccdൽ നിന്നും കിട്ടിയിട്ടില്ല.)തമിഴ്‌നാട്ടിൽ ചെന്ന് ആരോട് വഴി ചോദിച്ചാലും നല്ല സ്നേഹത്തോടെ പറഞ്ഞു തരും. നല്ല നിഷ്കളങ്കമായ ആൾക്കാരാണ് തമിഴന്മാർ.അമ്പലത്തെരുവൊക്കെ ഉണർന്നു വരുന്നതേയുള്ളു.പൂവിൽക്കുന്ന രണ്ടു കടകൾ മാത്രം തുറന്നിട്ടുണ്ട്.മുകളിലേക്കു ഉള്ള ഗേറ്റ് ഞങ്ങൾ ചെന്നതും തുറന്നു.

                        
നൂറു കോടി വര്ഷം പഴക്കവും ഇരുനൂറ്റി എഴുപത്തിരണ്ടടി ഉയരവുമുള്ള  പാറയിൽ രണ്ട്‌ അമ്പലങ്ങളാണ് പ്രധാനമായിട്ടുള്ളത്.ഉച്ചി പിള്ളയാർ ഉം തായ്‌മണസ്വാമി അമ്പലവും.മധുരയിൽ നിന്ന് വന്ന ഒരു ചെറിയ ചെറുപ്പക്കാരുടെ ഗാങ്ങും ഞങ്ങളും എല്ലാം ചുറ്റിക്കണ്ടു.മുകളിൽ നിന്ന് ഏതു ജനലിലൂടെ നോക്കിയാലും ട്രിച്ചി നഗരം കാണാം.നല്ല തണുത്ത കാറ്റും അകത്തേക്കു വരുന്നുണ്ട്.ചാറ്റൽ മഴ ഇപ്പോഴുമുണ്ട്.അതൊരു വലിയ പെരുമഴയായി ഞങ്ങളുടെ  യാത്ര പൊളിയുമോ എന്നൊരു പേടിയും മനസ്സിൽ ഉണ്ടായിരുന്നു.

ഏറ്റവും മുകളിൽ നിന്നാൽ ട്രിച്ചി നഗരത്തിന്റെ 360 വ്യൂ കിട്ടും.കുറച്ചു നേരം അതെല്ലാം ആസ്വദിച്ചു ഇരുന്നു .ഒരു ചൂട് ചായയും കിട്ടിയാൽ കലക്കും.പക്ഷെ അവിടെ അപ്പോൾ തുറന്ന കടയിൽ കൂൾ ഡ്രിങ്ക്സ് മാത്രമേ ഉള്ളു.തണുപ്പ് കാരണം കൈയിലുള്ള ജാക്കറ്റും ഇട്ടിരിക്കുന്ന എന്റെ മുഖത്തു നോക്കി കൂൾ ഡ്രിങ്ക്സ് വേണോ എന്ന് എങ്ങനെ ചോദിയ്ക്കാൻ തുടങ്ങി അണ്ണാച്ചി ?
കുറച്ചു നേരം അവിടെ നിന്നപ്പോഴേക്കും മഴ കനത്തു.ഞങ്ങൾ താഴേക്കിറങ്ങി.

                          

ശ്രീരംഗമാണ് അടുത്ത ലക്‌ഷ്യം. ഒരു അണ്ണൻ ബസ്സിൽ കയറാൻ സഹായിച്ചു.ബസ്സിലെ കണ്ടക്ടർ  ശ്രീരംഗത്തു തന്നെ ഇറങ്ങാൻ സഹായിച്ചു.കാവേരി നദിയാലും കാവേരിയുടെ പോഷക നദിയായ കൊല്ലിടായാലും ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപാണ് ശ്രീരംഗം.ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയം.ലോകത്തിൽ രണ്ടാമതാണെങ്കിലും പൂർണമായും പ്രവർത്തിക്കുന്ന ഏറ്റവും വലുത് ശ്രീരംഗമാണ്.(അങ്കർ വാട്ട് പ്രവർത്തിക്കുന്നില്ല)നൂറ്റി അൻപതിലധികം ഏക്കറുള്ള ക്ഷേത്ര സമുച്ചയത്തിലാണ് ശ്രീരംഗത്തിലെ എല്ലാവരും താമസിച്ചിരുന്നത്.ഏഴ് ചുറ്റു മതിലും ഇരുപത്തിയൊന്ന് ഗോപുരവുമുള്ള ശ്രീരംഗത്തിലെ രാജഗോപുരത്തിന്റെ ഉയരം ഇരുനൂറ്റി നാൽപതു അടിയാണ് (ഏഷ്യയിലെ ഏറ്റവും വലുത് ).

                            

രാമൻ സമ്മാനമായി കൊടുത്ത വിഷ്ണുവിന്റെ വിഗ്രഹവും കൊണ്ട് വിബിസാന (രാവണന്റെ സഹോദരൻ) തിരികെ ശ്രീലങ്കയിലേക്ക് പോവുകയായിരുന്നു.വിഗ്രഹം എവിടെയും വയ്ക്കരുത് എന്ന നിബന്ധന മറന്ന് വിഭിസന ശ്രീരംഗത്തു എത്തിയപ്പോൾ നിലത്തു വച്ചു.അവിടൊരു ഉല്സവം നടക്കുകയായിരുന്നു.ഉത്സവം കഴിഞ്ഞു പോവാറായപ്പോൾ വിഷ്‌ണു ഭഗവാൻ പോവാൻ കൂട്ടാക്കിയില്ല.പകരം ശ്രീലങ്കയ്ക്കു അഭിമുഖമായി ഇരിക്കാം എന്ന് വാക്കുകൊടുത്തു.ഇതാണ് ഐതിഹ്യം.



മുസ്ലിം അധിനിവേശത്തിൽ ശ്രീരംഗവും കൊള്ളയടിക്കപ്പെട്ടു.അളകിയമാനവലർ വിഗ്രഹം എടുത്തു സുൽത്താൻ ഡല്ഹിയിക് കൊണ്ടുപോയി.വിഗ്രഹുമായി പ്രണയത്തിലായ സുൽത്താന്റെ മോൾക്കു സുൽത്താൻ പിന്നീട് തിരികെ വിഗ്രഹം തിരികെ കൊടുത്ത് സഹിക്കാനായില്ല.പെട്ടെന്നൊരു ദിവസം അവരെ കാണാതായി.(അവർ ശ്രീരംഗത്തേക്കു പൊന്നു എന്ന് വിശ്വസിക്കപ്പെടുന്നു )രംഗനാഥ ക്ഷേത്രത്തിന്റെ അരികിൽ അവരെയും തുലുക്ക നാച്ചിയാർ എന്ന പേരിൽ ആരാധിച്ചു പോരുന്നു.



പത്തുരൂപയുടെ ടിക്കറ്റെടുത്തൽ ഒരു ഭാഗത്തു മുകളിൽ കയറാം.കൂടെ ഒരു ചേച്ചിയും വരും നമ്മളെ ശ്രെദ്ധിക്കാൻ.ചെറിയ മഴ ഉണ്ടായിരുന്നെകിലും ഞങ്ങൾ മുകളിൽ കയറി.ഏതാണ്ട് എല്ലാ ഗോപുരവും മുകളിൽ നിന്നാൽ കാണാം.ശബരിമല സീസൺ ആയതുകൊണ്ട് ക്ഷേത്രത്തിലെവിടെയും സ്വാമിമാരെ കാണാം.എല്ലാവിടവും ചുറ്റി കണ്ടു .വിശപ്പിന്റെ വിളി വന്നതോടെ ഞങ്ങൾ പയ്യെ പുറത്തിറങ്ങി.
                               
ഭക്ഷണം കഴിച്ചു പൂ മാർക്കറ്റിലുടെ നടന്നു റോഡിലെത്തി.തഞ്ചാവൂരിലേക്കു ബസ് കയറി.കാർത്തിക്കിന് തമിഴ് നല്ല വശമുണ്ട് (പാലക്കാടുകാരെന്നാ സുമ്മാവാ ).അതുകൊണ്ടു എന്റെ മുറി തമിഴ് എടുത്തു ഉപയോഗിക്കേണ്ടി വന്നില്ല.വഴികളെല്ലാം ചോദിക്കാൻ തടിയൻ മുൻകൈ എടുത്തു. പക്ഷെ പ്രധാന പ്രെശ്നം അതൊന്നുമല്ല ആരെന്തു പറഞ്ഞാലും വിശ്വസിക്കുന്ന ശുദ്ധഗതിക്കാരൻ തടിയൻ ഒരു വളവു തിരിയാൻ തടിയൻ പത്തു പേരോട് ചോദിക്കും.ഞാൻ ഗൂഗിൾ മാപ്പൊക്കെ നോക്കി പറഞ്ഞാലും അവനു വിശ്വാസം പോരാ.


തഞ്ചാവൂർ എത്തിയപ്പോ തടിയന് വിശന്നു(ചെറിയ വയറൊന്നും അല്ലാലോ കൊണ്ട് നടക്കുന്നെ ).ചുമ്മാ വഴിയിലൂടെ നടന്നു.തടിയൻ രണ്ടു വടയും ഞാനൊരു കാപ്പിയും കുടിച്ചു.തിരികെ വീണ്ടും സ്റ്റാന്റിലെത്തി.സ്റ്റാൻഡിൽ നിന്ന് മറാത്താ പാലസിലേക്കുള്ള ബസ് കയറി. കാർത്തിക് അടുത്തിരുന്ന അണ്ണാച്ചിയെ സോപ്പിട്ടു .സ്റ്റോപ്പ് എത്തിയപ്പോൾ അയാൾ ഞങ്ങളുടെ കൂടെ കുറച്ചു ദൂരം വന്നു വഴി പറഞ്ഞു തന്നു.ഉച്ചയൂണ് സമയം ആയിരുന്നതുകൊണ്ട്  പാലസ് തുറക്കുന്നത് വരെ പുറത്തു നിൽക്കേണ്ടി വന്നു.
    


അകത്തു കേറിയപ്പോൾ ഞെട്ടിപ്പോയി.അമൂല്യമായ പല വസ്തുക്കളും അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നു.ചില ഭാഗത്തു കാടുപിടിച്ചു കിടക്കുന്നു.ഡാൻസ് ഹാളിലെ തൂണിലോക്കെ lovers ന്റെ പേരുകൾ കൊണ്ട് എഴുതി അലമ്പായിരിക്കുന്നു.(ഇന്ത്യയിൽ എവിടെ പോയാലും കാണാം ഇതുപോലത്തെ കോപ്രായങ്ങൾ ആൾക്കാർ മാറില്ല പക്ഷെ അതൊക്കെ തടയാൻ ശമ്പളം കൊടുത്തു നിർത്തിയിരിക്കുന്നവർ പോലും അത് ശ്രെദ്ധിക്കുന്നില്ല ).മട്ടാഞ്ചേരിയിലെ ഡച്ച് മ്യൂസിയം കണ്ടിട്ടു രണ്ടു ആഴ്ച ആയില്ല.അവിടെ  ഭംഗിയായി എല്ലാം സൂക്ഷിച്ചിരിക്കുന്നു ഇനിയിപ്പോ ‘മറാത്താ’ പാലസ് ആയതുകൊണ്ടായിരിക്കുമോ ? എന്തായാലും വിഷമം തോന്നി.ടിക്കറ്റെടുത്താൽ തഞ്ചാവൂരിന്റെ ഒരു വീഡിയോ കാണാം .തീയേറ്റർ പോലൊരു സെറ്റപ്പ്.വീഡിയോ കണ്ടാൽ വേറെ ഒരുപ്പാട് സ്ഥലങ്ങളും കാണാനുണ്ട് എന്നും ഞങ്ങൾക്ക് അതെല്ലാം മിസ്സായി എന്നും മനസിലായി.കുറച്ചു തമിഴ് ഫാമിലിയോടൊപ്പം അതും കണ്ടിട്ട് ഞങ്ങൾ ഞങ്ങളുടെ പ്രധാന ലക്ഷ്യമായ ബിഗ് ടെംപിളിലേക്കു നടന്ന.രാവിലത്തെ ഭകഷണം കഴിച്ചിട്ടു പിന്നെ ഒന്നും കഴിച്ചിട്ടില്.(തടിയന്റെ വയറ്റിൽ രണ്ടു വട ഒന്നുമായില്ല) എന്തെങ്കിലും കഴിച്ചിട്ടു പോവാം .

  


നല്ലൊരു ഹോട്ടൽ നോക്കി നടന്നു അവസാനം ചെന്നു കേറിയത് സ്ത്രീകൾ മാത്രം നടത്തുന്ന ഒരു ചെറിയ റെസ്റ്റാറന്റിലാണ് ,”പ്രിയ റെസ്റ്റോറന്റ് ആൻഡ് ബേക്കറി”.ബേക്കറിയും റെസ്‌റ്ററന്റും ചേർന്ന ഒരു കട.ഞങ്ങളുടെ അക്കാലത്തെ സ്ഥിരം ഐറ്റം ആയ വെജ് ഫ്രൈഡ്റൈസും മഷ്‌റൂം മസാലയും പറഞ്ഞു.കറി വന്നപ്പോഴേക്കും ഞങ്ങൾ വിശപ്പ് കാരണം ഫ്രൈഡ് റൈസ് ഏതാണ്ട് തീർത്തിരുന്നു.ഒരു ഫ്രൈഡ് റൈസ് കൂടി വാങ്ങി ഷെയർ ചെയ്തു.എല്ലാത്തിനും നല്ല അസാധ്യ ടേസ്റ്റ്.ഭക്ഷണം കഴിച്ചാൽ തടിയന് മിന്റ് ലൈം നിർബന്ധാ ..;സംഭവം ഇവിടെ കിട്ടില്ല.ഒരു മിറിൻഡ കുടിച്ചു തടിയൻ ആശ്വസിച്ചു.നല്ലൊരു തുക ബിൽ പ്രതീക്ഷിച്ചു.കാരണം മഷ്‌റൂം മസാല ഒരുപാടുണ്ടായിരുന്നു.പക്ഷേ ചേച്ചിമാർ ഞെട്ടിച്ചു.അത്രയും നല്ല കറിയ്ക്കു വെറും അമ്പതു രൂപ ഫ്രൈഡ് റൈസിന് നാല്പതു രൂപ.വയറും മനസും നിറഞ്ഞു ഞങ്ങൾ അമ്പലത്തിലേക്കു നടന്നു.

                                      

ദ്രാവിഡിയൻ ആർക്കിടെക്ച്ചർ എന്താ എന്ന് ചോദിക്കുന്നവർക്കു ധൈര്യമായി കാണിച്ചുകൊടുക്കാൻ പറ്റിയ ഒരു അഡാർ ഐറ്റം അതാണ് രാജരാജേശ്വര ടെംപിൾ എന്ന് കൂടി അറിയപ്പെടുന്ന ബ്രഹദേശ്വര ടെംപിൾ അഥവാ ബിഗ് ടെംപിൾ.

     


ആയിരം വര്ഷം പഴക്കമുള്ള ബ്രഹദേശ്വര ടെംപിൾ പണി കഴിപ്പിച്ചത് രാജ രാജ ചോളൻ ഒന്നാമനാണ്.ശിവനാണ് പ്രതിഷ്ഠ. പ്രധാന രണ്ടു കവാടങ്ങളിൽ ഒന്നിന്റെ പേര് കേരളാന്തകൻ തിരുവയിൽ എന്നാണ് .കേരളത്തിലെ രാജാവായിരുന്ന ഭാസ്കരാരവിവര്മയെ പരാജയപെടുത്തിയപ്പോൾ രാജരാജ ഒന്നാമന് ലഭിച്ച പേരാണ് കേരളാന്തകൻ.പന്ത്രണ്ടടി ഉയരത്തിലുള്ള നന്ദിയും കണ്ടു ഞങ്ങൾ പ്രധാന ക്ഷേത്രത്തിന്റെ ചുറ്റും നടന്നു.അവിടൊരു മരം നിറയെ തത്തകളായിരുന്നു.ചാറ്റൽ മഴയത്തു അമ്പലത്തിനു പ്രേത്യേക ഭംഗി തോന്നി.ഏറ്റവും മുകളിലുള്ള കല്ലിന്റെ ഭാരം എൺപതു ടൺ ആണ്.ആയിരം വര്ഷങ്ങള്ക്കു മുൻപേ അതെങ്ങനെ മുകളിൽ എത്തിച്ചു എന്നത് ഇപ്പോഴും മനസിലാക്കാൻ സാധിച്ചിട്ടില്ല.അമ്പതു മൈലുകൾക്കു അകലെ മുതൽ മണ്ണിട്ട് നികത്തി ചെരിവുണ്ടാക്കി അതിലൂടെ മുകളിലെത്തിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്.അല്ലെങ്കിലും പഴയകാല സ്രഷ്ടികൾ കണ്ടു അന്തം വിടാനേ എല്ലാം തികഞ്ഞു എന്ന് വിശ്വസിക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടുക്കാർക്ക് കഴിയൂ.

തിരികെ വരാൻ ട്രെയിൻ നോക്കിയാ ഞങ്ങൾക്ക് വേളാങ്കണ്ണി-എറണാകുളം എന്ന ലോട്ടറി അടിച്ചു.കൃത്യ സമയത്താണ് സ്റ്റേഷൻ എത്തിയത്.ടിക്കറ്റെടുത്തു രണ്ടാമത്തെ പ്ലാറ്റഫോമിൽ പോയി നിന്നു.നല്ല സുന്ദരൻ റെയിൽവേ സ്റ്റേഷൻ.മഴ നനഞ്ഞു കുതിർന്നു നിൽകുന്നു.ഒട്ടും തിരക്കില്ല.ഇതുപോലൊരു ഫീൽ കിട്ടിയത് കുലേം സ്റ്റേഷനിൽ പോസ്റ്റ് ആയി ഇരുന്നപ്പോഴാണ്.
ട്രെയിൻ വന്നു.ഒട്ടും തിരക്കില്ല.ഞങ്ങൾക്ക് രണ്ടാൾക്കും വിൻഡോ സീറ്റ് കിട്ടി.ഞാനും തടിയനും ഒരുമിച്ചു പോയ യാത്രകളുടെ ഓർമ്മകൾ പങ്കുവച്ചു ഇരുന്നു.

 


തമിഴ്‌നാട്ടിൽ ഒരുപ്പാട് കാണാനുണ്ടെന്നും നമ്മടെ അയൽക്കാർ സൂപ്പറാണെന്നും പഠിപ്പിച്ച യാത്ര.ഇനിയും പോവണം അതും കാർത്തികിനോടൊപ്പം തന്നെ പോവണം.
രണ്ടു ടൗണിലൂടെയുള്ള ഓടിപ്പാഞ്ഞുള്ള ഈ കുഞ്ഞു യാത്ര തമിഴ്‌നാടിനെ കുറിച്ച് എനിക്ക് മുൻപ് ഉണ്ടായിരുന്ന ധാരണ മാറ്റാൻ സഹായിച്ചു.മധുരയും ഊട്ടിയും വേളാങ്കണ്ണിയും മാത്രം പോയിട്ടുള്ള എനിക്ക് തമിഴ്‌നാടിനോട് ഒരു വികാരവും തോന്നിയിട്ടില്ല.കര്ണാടകയോട് ആയിരുന്നു അന്ന് പ്രണയം.(ഇപ്പോഴും കർണാടക തന്നെയാണിഷ്ടം).എങ്കിലും തഞ്ചാവൂർ പോയിട്ടു വന്നതോടെ തമിഴ്‌നാടിനോടുള്ള അനിഷ്ടം മാറി.കുംഭകോണവും,തിരുച്ചെന്തൂരും സുന്ദരപാണ്ഡ്യാപുരവുമെല്ലാം എന്റെ ലിസ്റ്റിലേക്ക് വന്നത് ഈ യാത്രയ്ക്ക് ശേഷമാണ്.സാറേ എന്ന് വിളിച്ചു വഴി കൂടെ വന്നു പറഞ്ഞു തന്ന ചേട്ടനും സ്നേഹത്തോടെ നല്ല ഭക്ഷണം വിളമ്പിയ പ്രിയ ബേക്കറിയിലെ ഭക്ഷണവും പിന്നെ ദിവസം മുഴുവൻ കൂടെയുണ്ടായിരുന്ന ചാറ്റൽ മഴയും , ഏറ്റവും ഒടുവിൽ ഒരു ബഹളവും ഇല്ലാതെ മഴയിൽ കുതിർന്നു നിന്ന സുന്ദരൻ റെയിൽവേ സ്റ്റേഷനുമെല്ലാമാണ്  എന്റെ തെറ്റായ ധാരണ മാറ്റാൻ സഹായിച്ചത്.


No comments

Powered by Blogger.