Kolkata Diaries 01 : Howrah Bridge | Hooghly
സന്തോഷത്തിന്റെ നഗരത്തിലേക്ക്
ഷാലിമാർ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ആദ്യം കണ്ട ബോർഡ് ഇതാണ് "പിള്ള ടീസ്റ്റാൾ" !!! ഇവിടെ മലയാളി കടയോ?
(ഇനിയിപ്പോ എനിക്ക് വട്ടായതാണോ ? ഒരു മലയാളി പോലും മിണ്ടാനില്ലാതെ ഓഫീസിലുടെ തേരാപാരാ നടക്കുമ്പോ ചിലരുടെ സംസാരം മലയാളം പോലെ തോന്നാറുണ്ട്.മലയാളമല്ലേ ആ കേട്ടത് എന്ന് കരുതി ഒന്നുടെ ശ്രെദ്ധിക്കുമ്പോ മനസിലാവും അതെന്റെ തോന്നൽ ആയിരുന്നുവെന്നു.).ഇത് പക്ഷേ അതുപോലെയല്ല.കണ്ണ് തിരുമി ഒന്നുടെ നോക്കിയപോളും ആ ബോർഡ് അവിടെയുണ്ട്.
എന്നാൽ മലയാളിയോട് മിണ്ടിയിട്ടാവാം ബാക്കിക്കാര്യം.കൊൽക്കത്തയിലെ യാത്രയുടെ തുടക്കം ഇങ്ങനെയാവട്ടെ .കടയുടെ ചുറ്റും ഒന്ന് വലം വച്ചു.പക്ഷേ കടയിൽ നിൽക്കുന്ന ആൾക്ക് മലയാളി ലുക്കില്ല.ഇത് ബംഗാളി തന്നേ.(നമ്മളെത്ര ബംഗാളിയെ കണ്ടതാ )
"ഭായി ഒരു ചായ"
“അഞ്ചു രൂപ” (കുഞ്ഞു ഗ്ലാസ്സാണ് , അതുകൊണ്ടാണ് അഞ്ചു രൂപ )
"ഈ പിള്ള ആരാണ് ഭായി "
"അത് മുതലാളിയാണ്"
"എന്നിട്ടു ആളെന്തേ ?"
"ആൾ നാട്ടിൽ പോയിരിക്കുവാ "
"കേരളമാണോ മുതലാളിയുടെ നാട് ?"
"ആ അതേ "
അപ്പൊ കട മലയാളിയുടെ തന്നെ.എന്നാലും ആ പിള്ള ചേട്ടനെ കാണാൻ പറ്റിയില്ലലോ.
ഗൂഗിൾ മാപ്പിന്റെ ഉത്തരവ് അനുസരിച്ചും അല്ലറ ചില്ലറ മാറ്റങ്ങൾ വരുത്തിയും ഒരു വിധം ഞാൻ newtown ൽ എത്തി ചേർന്നു.രണ്ടു കൂട്ടുകാർ ഇവിടെയുണ്ട്.പ്രസൂണും നെഹാലും.ട്രെയിനിങ് പിരിയഡിൽ തിരുവനന്തപുരത്തു ഇവരും ഉണ്ടായിരുന്നു.ഒരാൾ എന്റെ റൂം മേറ്റും മറ്റേയാൾ ഏറ്റവും അടുത്ത ഫ്രണ്ടും.ഇവർ രണ്ടാളും ഇപ്പോൾ ഒരുമിച്ചാണ്.അവരുടെ ഫ്ലാറ്റിന്റെ മുൻപിൽ എത്തി.സെകുരിറ്റിക് ഐഡി കാർഡ് കാണണം.കാണിച്ചപ്പോ പറയുവാ അത് ഞാൻ അല്ല എന്ന്.ഇത് ഞാൻ തന്നെയാണ് എന്നൊക്കെ ഒരുവിധം പറഞ്ഞു മനസിലാക്കി അകത്തു കയറി.
(എന്റെ ആധാർ കാർഡ് കാണിച്ചിരുന്നെകിൽ അവന്മാർ എന്നെ ഓടിച്ചേനെ )
ബാഗ് വച്ച് കുളിച്ചു ഡ്രസ്സ് മാറി.അലക്കാനുളളതെല്ലാം ഒരു കടയിൽ കൊടുത്തു ഞാൻ ഹൗറയിലേക്ക് ബസ് കയറി.ഏതാണ്ട് ഒരു ഒന്നര മണിക്കൂർ എടുക്കും എന്ന് പ്രസൂൺ പറഞ്ഞിരുന്നു.അപ്പൊ ഒരു അമ്പതു രൂപയാകും എന്നാണ് കരുതിയത്. എനിക്ക് തെറ്റി വെറും പത്തുരൂപ ടിക്കറ്റ് !!
ഇനിയിപ്പോ ഞാൻ പറഞ്ഞത് ഇവർക്കു മനസിലാവാത്തതാണോ ? ആണെങ്കിൽ ഇവർ തെറി പറയുന്നവരെ ഇരിക്കാം.എന്നിട്ടു ബാക്കി നോക്കാം.കുറേ നേരം കഴിഞ്ഞിട്ടും ഹൗറ എത്തുന്നില്ല.മാപ്പിൽ നോക്കിയപ്പോൾ ഇനിയും ഒരുപാട് ദൂരമുണ്ട്.പത്തുരൂപ ആവാൻ ഒരു വഴിയുമില്ല.പക്ഷേ സംഭവം സത്യമായിരുന്നു.പത്തുരൂപ ടിക്കറ്റു മതി ന്യൂടൗൺ ൽ നിന്ന് ഹൗറ വരെയെത്താൻ.
ഹൗറ എത്തുന്നതിനു ഒരു പത്തു മിനിറ്റു മുൻപേ ഞാൻ ഇറങ്ങി.ചുമ്മാ നടക്കുക അതല്ലാണ്ട് ഒരു ഉദ്ദേശവുമില്ല.ഇറങ്ങിയ അവിടന്ന് നേരെ നടന്നാൽ ഹൗറ പാലം എത്തും.എന്നാൽ അതായിക്കോട്ടെ.നല്ല തിരക്കുള്ള റോഡ്.കൂടുതലും ചുമട്ടു തൊഴിലാളികളാണ്.മുംബൈയിൽ ചോർ ബസാറിലേക്കു നടന്നത് ഓർമ്മ വന്നു.എപ്പോ വേണേലും ഇടിഞ്ഞു വീഴാവുന്ന തരം കെട്ടിടങ്ങൾ.ഇലക്ട്രിക് വയറും വേറെ ഏതാണ്ടൊക്കെ വയറുകൾ കെട്ടുപിണഞ്ഞു അതിന്റെ താഴെയും .
വഴിയിലെ ഒരു കടയിൽ നിന്നും കുറച്ചു കടല തൂക്കി വാങ്ങി..കടലയും കൊറിച്ചുകൊണ്ടു പൂ മാർക്കറ്റിലേക്ക് കയറി.ഒരു ചെറിയ പാലം മുറിച്ചു കടക്കണം.ആ പാലത്തിൽ വരെ ഇരുവശത്തും പൂ വിൽക്കാനിരിക്കുന്നവരാണ്.ആദ്യം വഴി തെറ്റി.എവിടെയോ പോയി.വഴി തെറ്റി എന്ന് മനസിലായപ്പോൾ തിരികെ വന്നു .ഇത്ര കുഞ്ഞു വഴിവരെ ഗൂഗിൾ കണ്ടു പിടിക്കുമെന്നു കരുതിയില്ല.മാർക്കറ്റിന്റെ മുക്കും മൂലയും കണ്ടിട്ടു പുറത്തേക്കിറങ്ങി.
ഹൗറ പാലം വ്യക്തമായി കാണാം.കണ്ടാലേ അറിയാം ഇതിലും മലിനമായ വെള്ളം വേറൊരു നദിയിലും ഉണ്ടാവില്ല എന്ന്.പക്ഷേ ഒരുപാട് പേർ കുളിക്കുന്നുണ്ട്.ഒരു പെൺകൊച്ചു സോപ്പ്പെട്ടിയൊക്കെ ആയിട്ട് വന്നു.സോപ്പ് കുഞ്ഞു കൈ കൊണ്ട് ഒന്ന് അമർത്തും.അപ്പോൾ കൈയിൽ പറ്റിയ സോപ്പ് കൊണ്ടാണ് ആളുടെ കുളി.അവളതു ഒരു വര്ഷം ഉപയോഗിക്കുമെന്ന് തോന്നുന്നു .മനസ്സ് മടുക്കുന്ന പല കാഴ്ച്ചകളും കണ്ടു കുറച്ചു നേരം അവിടെ ഇരുന്നെങ്കിലും സാധിക്കില്ല എന്ന് കണ്ടപ്പോൾ ഞാൻ ഹൗറ പാലം ക്രോസ്സ് ചെയ്യാൻ തീരുമാനിച്ചു.
കാണുന്നതുപോലെത്തന്നെ ഈ പാലം ഭീകരണനാണ് .ലോകത്തിലെ ഏറ്റവും തിരക്കുള്ള cantiliver പാലം രബിന്ദ്രസേതുവെന്ന ഔദ്യോകിക പേരുള്ള ഹൗറ പാലമാണ്.1943 ൽ പണിത ഈ പാലം എഴുപത്തിയഞ്ചു വർഷം കഴിഞ്ഞിട്ടും വലിപ്പത്തിൽ ലോകത്തു ആറാം സ്ഥാനത്തുണ്ട്.ഒരു ദിവസം ശരാശരി ഒന്നര ലക്ഷം വാഹനങ്ങൾ കടന്നു പോകുന്നു.രണ്ടു ലക്ഷം കാൽനടക്കാരും ഹൂഗ്ലി നദി മുറിച്ചു നടക്കാൻ ഉപയോഗിക്കുന്നു.ഒരുപാട് നെട്ടും ബോൾട്ടും ഒക്കെ ഉണ്ടാവുമെന്നു കരുതിയാൽ തെറ്റി.ഒരൊറ്റ ഒരെണ്ണം പോലും ഇല്ല.(സായിപ്പ് ഡാ )
ഫോട്ടോഗ്രാഫിയും പാലത്തിൽ തുപ്പുന്നതും നിരോധിച്ചിട്ടുണ്ട്.വഴിയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനാണ് ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നത്. ഗുകതയിലും പാനിലും അടങ്ങിയിരിക്കുന്ന ആസിഡിന്റെ അംശം മൂലം സ്റ്റീലിൽ പണിത പാലത്തിനു കേടുപാടുകൾ ഉണ്ടാവുന്നു.അതിനാലാണ് തുപ്പുന്നത് നിരോധിച്ചിരിക്കുന്നത്.പക്ഷികളുടെ കാഷ്ഠവും ഒരു പ്രേശ്നമാണ്.അതെല്ലാം നീക്കം ചെയ്യാൻ ഒരു കമ്പനിക്കു കരാർ കൊടുത്തിരിക്കുന്നു.
മുല്ലിക മാർക്കറ്റിൽ നിന്നും ചുറ്റുള്ള പല സ്ഥലങ്ങളിൽ നിന്നും തന്നെക്കാളും ഭാരവും വലിപ്പവുമുള്ള ചാക്കുകെട്ടുകൾ ചുമന്നു നടക്കുന്ന ചുമട്ടുകാരാണ് പാലത്തിൽ കൂടുതലും.അകലെ നിന്നു നോക്കിയാൽ ചാക്കുകെട്ടുകൾ ഇങ്ങനെ വരിവരിയായി നീങ്ങുന്നതേ കാണു.
പാലം മുറിച്ചു കടന്നു ഞാൻ ഹൗറ ബോട്ട് ജെട്ടിയിലെത്തി.ബാഗ് ബസാറിലേക്കു ടിക്കറ്റെടുത്തു ഹൂഗ്ലി നദിയിലൂടെ ബോട്ടിൽ സഞ്ചരിക്കുക അതാണ് ഉദ്ദേശം.കൗണ്ടറിന്റെ താഴെ ഒരു കുഞ്ഞു കൊച്ചു ഒരു പാത്രവും പിടിച്ചു നിപ്പുണ്ട്.എടുത്തോണ്ട് നടക്കണ്ട പ്രായമേ അതിനുള്ളു.ഒരു ചേട്ടൻ അമ്പതു പൈസ അവളുടെ പത്രത്തിലേക്കിട്ടു.അത് എടുത്തു നോക്കിയിട്ടു കൊച്ചു പറയുവാ
“യെ നഹി ചാലേഗാ (ഇത് ആരും എടുക്കില്ല )”
ആ കൊച്ചിന് എബിസിഡിയോ അക്ഷരമോ അറിയില്ലെങ്കിലും ഇതറിയാം.ഇതൊക്കെ കണ്ടു സഹതപിക്കാനേ കഴിയൂ
ജെട്ടിയുടെ ഇരുവശത്തും ഫെറി വരും.പക്ഷേ ആൾക്കാർ നടുക്കു നിൽക്കും ഫെറി എവിടെയാണ് അടുപ്പിക്കുന്നത് എന്നതനുസരിച്ചു ആൾകാർ ആ വശത്തെക്ക് നീങ്ങും.കുറച്ചു നേരം കഴിഞ്ഞു എനിക്ക് പോവേണ്ട ഫെറി വന്നു.നീന്തൽ അറിയാത്ത എനിക്ക് കുറച്ചു പേടി തോന്നായ്കയില്ല .എങ്കിലും അരികിൽ നിന്നു .ഹൗറ പാലത്തിന് അടിയിലൂടെ മറുവശത്തേക്കു പോയി.
River steam Navigation എന്ന കമ്പനി കൊൽക്കത്തയ്ക്കും അസ്സമിനും ഇടയിൽ ചരക്കു നീക്കത്തിനായിരുന്നു ഫെറി ഉപയോഗിച്ചിരുന്നത്.കൊൽക്കത്തയിൽ നിന്ന് വസ്ത്രങ്ങളും വളങ്ങളും മറ്റും അങ്ങോട്ട്.ചണവും,തേയിലയും,എണ്ണയുമെല്ലാം തിരിച്ചും.പകുതി വഴി സ്വാതന്ത്രത്തിനു ശേഷം ഈസ്റ്റ് പാകിസ്ഥാനിൽ ആയെങ്കിലും ഫെറി സർവീസ് തുടർന്ന് പോന്നു. 1965 ൽ ഇന്ത്യയും പാകിസ്താനും തമ്മിൽ യുദ്ധമുണ്ടായപ്പോൾ ആ സമയത്തു ഈസ്റ്റ് പാകിസ്ഥാനിൽ ഉണ്ടായിരുന്ന ഫെറികൾ പിടിച്ചെടുത്തു. ബാക്കിയുള്ളത് ആസ്സാമിലും കൊൽക്കത്തയിലും .വേറെ വഴിയില്ല എന്നു കണ്ടപ്പോൾ അസ്സമിലുള്ളത് അവിടെയും കൊൽക്കത്തയിലുള്ളത് ഇവിടെയും ഇപ്പോൾ കാണുന്നത് പോലെ ഫെറി സർവീസ് ആരംഭിച്ചു.അതുവരെ നദി മുറിച്ചു കടക്കാൻ ഹൗറ പാലം മാത്രമായിരുന്നു ആകെയുള്ള മാർഗം.ഫെറി സർവീസ് പെട്ടെന്ന് തന്നെ വലിയ വിജയമായി മാറി.ഗവൺമെന്റ് ഏറ്റെടുത്തു നടത്താൻ തുടങ്ങിയ സർവീസ് ഇന്നും ഒരുപാട് പേര് ഉപയോഗിക്കുന്നു.അഞ്ചും ആറും രൂപയ്ക്കു എളുപ്പത്തിൽ സഞ്ചരിക്കാം .
ബാഗ്‌ബസാറിൽ ഇറങ്ങി തിരിച്ചു ഹൗറയ്ക്കുള്ള ടിക്കെറ്റെടുത്തു.ടിക്കറ്റു കൗണ്ടറിന്റെ താഴെ ഒരു അമ്മൂമ്മ ഇരിക്കുന്നു.ഒരു കണ്ണിന്റെ സ്ഥാനത്തു ഒരു കുഴി മാത്രമേ ഉള്ളു. റോഡിനപ്പുറത്തു യാത്രക്കാരെ നോക്കി ഇരിക്കുന്ന ചഡ്‌ക വലിക്കുന്ന ഏട്ടന്മാരും.മടുപ്പിക്കുന്ന ഒരുപാട് കാഴ്ചകൾ കാണേണ്ടി വരുമെന്നറിഞ്ഞു തന്നെയാണ് ബാഗും തൂക്കി ഇറങ്ങിയത്.എങ്കിലും ഓരോന്ന് കാണുമ്പോ സങ്കടം തോന്നും.
തിരിച്ചുള്ള ബോട്ട് നോക്കി നിൽക്കുമ്പോഴാണ് രണ്ടു ചെക്കന്മാരുടെ കളി ശ്രെദ്ധിച്ചതു.ഒരു കുഞ്ഞു കിടക്കപോലെ എന്തോ ഒരു സാധനം അവർ ചങ്ങാടമായി ഉപയോഗിച്ച് കളിക്കുകയാണ്.ഒരു കുഞ്ഞു കമ്പു കൊണ്ടാണ് അവർ തുഴയുന്നതു.ആൾകാർ ശ്രെദ്ധിക്കുന്നു എന്ന് കാണുമ്പോൾ ഒരുത്തൻ (അവൻ ആണെന് തോന്നുന്നു നേതാവ് ) പല രീതിയിൽ ഒരു സിനിമ നടന്നപോലെയൊക്കെ പോസ് ചെയ്യും
അവരുടെ ചെറിയ വലിയ സന്തോഷം
.അവിടെ വരുന്ന ഫെറികളിൽ അവസാന നിമിഷം ഇവന്മാർ ചാടി കയറും.അതിൽ ഏതെങ്കിലും ഒരു കമ്പിയിൽ പിടിച്ചു തൂങ്ങി കിടക്കും എന്നിട്ടു എടുത്തു ചാടും.നീന്തി നീന്തി കരയ്‌ക്കെത്തും. എല്ലാ ഘട്ടുകളിലും നല്ല ചെളിയാണ്.പക്ഷേ ആ വെള്ളത്തിൽ ചിലർ കുളിക്കുന്നു.തുണിയിലാക്കുന്നു .ചിലർ വെളിക്കും ഇരിക്കുന്നു.
എനിക്ക് പോകേണ്ട ബോട്ട് എത്തി.ബോട്ടിൽ കടല വിൽക്കുന്നവരുണ്ട് ,പുഴുങ്ങിയ കടല മസാലയും സവാളയും ഇട്ടു നാരങ്ങാ പിഴിഞ്ഞ് വിൽക്കുന്നവരുണ്ട് ,പിച്ചയെടുക്കുന്നവരുണ്ട്. ഒരുത്തൻ വന്നു എന്നോട് പൈസ ചോദിച്ചു.കണ്ടാൽ ഒരു കുഴപ്പവുമില്ല.ആദ്യം കരുതിയത് ഇനി ബോട്ടിന്റെ കണ്ടക്ടർ വല്ലതുമായിരിക്കും എന്നാണ് .വെറുതെ പൈസ ഇരന്നു വാങ്ങുന്ന എരപ്പാളിയാണെന്നു പിന്നെ മനസിലായി.
“എന്തിനാ പൈസ തരുന്നേ ഞാൻ ?”
“എല്ലാരും തരുന്നുണ്ടല്ലോ “
“ജോലി ചെയ്തുടെ ?”
“ഇതാണ് എന്റെ ജോലി “
ഒരു ഉളുപ്പുമില്ലാതെ അവനതു പറഞ്ഞു.പൈസ തരില്ല എന്ന് ഞാൻ കട്ടായം പറഞ്ഞു.അവൻ പോവാൻ കൂട്ടാക്കിയില്ല.ഞാൻ headset എടുത്തു പാട്ടു വച്ചു .കുറച്ചു കഴിഞ്ഞപ്പോ അവൻ സുല്ലിട്ടു.
ഹൗറയിൽ തിരികെയെത്തി.
എന്തോ ഹൂഗ്ലിയിലൂടെ സഞ്ചരിച്ചിട്ടു കൊതി പോവുന്നില്ല.
ബാബുഗാട്ടിലേക്കു ടിക്കറ്റെടുത്തു.ബോട്ടിനു കാത്തു നിന്നപ്പോൾ ഓറഞ്ചു തൊപ്പികളുടെ ഒരു കൂട്ടം വന്നു.തലേ ദിവസം പുരിയിൽ നിന്നും ഷാലിമാറിലേക്കു വന്നപ്പോൾ ട്രെയിനിൽ അവരായിരുന്നു.തമിഴിനാട്ടിൽ നിന്നുള്ള സംഘം.എല്ലാവരും തിരിച്ചറിയാൻ വേണ്ടി ഓറഞ്ചു തൊപ്പി വച്ചിട്ടുണ്ട്.അവർ വേറെ ബോട്ടിൽ കയറി.ഞാൻ ബാബുഗാട്ടിലേക്കും.ബാബു ഘട്ടിലിറങ്ങി ഇനി പോവേണ്ടത് ട്രാം സ്റ്റാണ്ടിലേക്കാണ്.ട്രാമിലും യാത്ര ചെയ്യണം .
പേര് സന്തോഷത്തിന്റെ നഗരം എന്നൊക്കെയാണ്.The city of Joy !! അതിലും വലിയ വിരോധാഭാസമില്ല
രണ്ടാം ഭാഗം : click here

Leave a Comment