Odisha Diaries 01 | New Delhi - Puri
ഭാഗം 1 :പുരിയിലേക്കു ഒരു തീവണ്ടി യാത്ര
ഡൽഹി-പുരി പുരുഷോത്തം എക്സ്പ്രസ് 12802 ( 36 Hours )
----------------------------------------------
ഡൽഹിയിൽ നിന്നും പുരി വരെ പോവുന്ന പുരുഷോത്തം എക്സ്പ്രെസ്സിൽ കയറിയിട്ട് ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്ന ഡയലോഗ് ഇതാണ്.
സംഭവം ഇതാണ് : എന്റെ മുൻപിൽ ഇരിക്കുന്ന കുടവയറൻ ചേട്ടൻ ആരെന്തു വിൽക്കാൻ കൊണ്ടുവന്നാലും ഇങ്ങേരതു വാങ്ങും.എന്നാൽ അയാളുടെ പോക്കറ്റിൽ നിന്നും പൈസ എടുത്തു കൊടുക്കാൻ മടിയാണ്.ഭാര്യയോട് ആജ്ഞാപിക്കും.
"നേഹാ ഒരു പത്തു രൂപ ഇയാൾക്ക് കൊടുക്കൂ "
ആ പാവം ചേച്ചി ബാഗിൽ നിന്നും പത്തു രൂപ എടുത്തു കൊടുക്കും.എന്റെ സീറ്റ് സൈഡ് അപ്പർ ആണ്.അയാളുടേത് തൊട്ടു താഴെയും.ഭാര്യയുടെയും മോനെയും ലോവർ ബർത്തും. കണ്ടാലേ അറിയാം ഒരു ഇന്ത്യൻ മിഡിൽ ക്‌ളാസ് ഭർത്താവിന്റെ ആൾരൂപമാണ് മുന്നിൽ ഇരിക്കുന്നത്."ക്‌ളീൻ ഷേവ് , കുടവയറൻ, മടിയൻ ,എന്തും ഭാര്യ ചെയ്തു കൊടുക്കണം ". രണ്ടു മൊബൈലുമുണ്ട് കക്ഷിയുടെ കയ്യിൽ.മോൻ ഇടയ്ക്കു അമ്മയെ സോപ്പിട്ടു സോപ്പിട്ട് ഒരെണ്ണം തരാൻ അമ്മയെ കൊണ്ട് പറയിപ്പിക്കും.രണ്ടു മൂന്ന് തവണ അപേക്ഷ സമർപ്പിച്ചാൽ ഒരെണ്ണം അദ്ദേഹം കുറച്ചു നേരത്തേക്ക് കൊടുക്കും.ഇന്നലെ രാത്രിയിൽ ബോഗിയിൽ ഭയങ്കര തിരക്കായിരുന്നതുകൊണ്ടു ഇവരെ ഇന്നലെ ശ്രദ്ധിച്ചില്ല.
----------------------------------------------
ഓഫീസിൽ നിന്നും ഇറങ്ങി നേരെ ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ വന്നപ്പോൾ ഞാൻ ആദ്യം നോക്കിയത് ഒരു പുതപ്പ് വാങ്ങാൻ കിട്ടുമോ എന്നാണ്.ഡിസംബർ മാസമാണ്, നല്ല തണുപ്പുണ്ടാവും.സൈഡ് ലോവർ ആണെങ്കിൽ പറയുകയും വേണ്ട.ടിക്കറ്റു വൈകുന്നേരം വരെ RAC ആയിരുന്നെങ്കിലും എന്റെ ടെൻഷൻ പുതപ്പിനെ കുറിച്ചായിരുന്നു.ടിക്കറ്റു ഞാൻ രണ്ടു മാസം മുൻപേ ബുക്ക് ചെയ്തതാണ്.ക്രിസ്മസ് ഒരു തിങ്കളാഴ്ച ആയതുകൊണ്ടും ബോക്സിങ് ഡേ എന്ന കലാപരിപാടി കാരണം 26ആം തീയതിയും അവധി കിട്ടുമെന്നതിനാൽ നാല് ദിവസം അവധി അങ്ങനെ കിട്ടും (ശനി,ഞായർ,തിങ്കളാഴ്ച ക്രിസ്മസ് ,ചൊവ്വ ബോക്സിങ് ഡേ . 3 ലീവ് കൂടി എടുത്താൽ അടുത്ത ശനിയും ഞായറും ചേർത്ത് 9 ദിവസത്തെ അവധി )
"എബിക്ക് വേണമെങ്കിൽ കേരളത്തിൽ പോവാമല്ലോ" എന്ന് എന്റെ ടീം ലീഡ് ഒരു ദിവസം പറഞ്ഞപ്പോഴാണ് എനിക്ക് ലഡ്ഡു പൊട്ടിയത്.അടുത്ത ദിവസം തന്നേ ടിക്കറ്റു ബുക്ക് ചെയ്തു.ലീവിനു അപ്ലൈ ചെയ്തു.മൂന്നു ദിവസം ഒറീസ .മൂന്ന് ദിവസം കൊൽക്കത്ത.ബാക്കി 3 ദിവസം ട്രെയിൻ യാത്ര.വല്യ പ്ലാനിങ് ഒക്കെ ആയിരുന്നെങ്കിലും പുതപ്പിന്റെ കാര്യം വിട്ടു പോയി.
സ്റ്റേഷൻ പരിസരത്തു നോക്കിയിട്ടു ഒന്നും കാണുന്നില്ല.ജാക്കറ്റ് വച്ച് അഡ്ജസ്റ് ചെയ്യാം എന്ന് കരുതി ഉള്ളിലേക്ക് കയറിയ ഞാൻ കണ്ടത്
irctc യുടെ പരസ്യമാണ് .
"e bedroll are available here
blanket 110 and 2 bedsheet with pillow at 140 "
കൊള്ളാലോ കളി.ടൂറിസ്റ് കൗണ്ടറിൽ പോയി ചോദിച്ച എന്നോട് അവിടെ ഉറങ്ങിക്കൊണ്ടിരുന്ന ആൾ തെറി പറഞ്ഞില്ലെന്നേയുള്ളൂ
"ഇവിടെങ്ങും കിട്ടില്ല വേണമെങ്കിൽ ജൻ ആഹാർ കാന്റീനിൽ പോയി നോക്കൂ ".(നല്ല കട്ട കലിപ്പിൽ )
വെറുതെയല്ലടോ നാട് നന്നാവാത്തേ എന്ന് ശംബ്ദം താഴ്ത്തി മുഖം വാടാതെ മലയാളത്തിൽ പറഞ്ഞിട്ടു ഞാൻ അവിടന്ന് ഇറങ്ങി.
ജൻ ആഹാറിൽ തിക്കി തിരക്കി അവസാനം ഞാൻ ഒരു blanket വാങ്ങി.വല്യ കുഴപ്പമില്ല.യാത്ര കഴിഞ്ഞു ഇത് കളഞ്ഞാലും ലാഭമാണ്.
ടിക്കറ്റു വൈകുന്നേരം ചാർട്ട് ഇട്ടപ്പോൾ കൺഫേം ആയിരുന്നു.ഒൻപതാം നമ്പർ പ്ലാറ്റുഫോമിൽ ട്രെയിൻ വന്നതേ ആൾക്കാർ തിരക്കു കൂട്ടി.അകത്തു കയറാൻ തന്നേ പണിപ്പെട്ടു.ടിക്കറ്റു ബുക്ക് ചെയ്യണ്ട സ്ലീപ്പർ കോച്ചിൽ ആണ് ഈ തിരക്ക് എന്നോർക്കണം.
നോർത്ത് ഇന്ത്യയിൽ ഇങ്ങനെയാണ് എന്നറിഞ്ഞിട്ടു തന്നെയാണ് സ്ലീപ്പറിന് തല വച്ചത് .(ഏസിയിൽ ട്രിപ്പടിക്കാൻ മനസ്സ് അനുവദിച്ചില്ല എന്നത് തന്നേ കാരണം )
ഭാഗ്യത്തിന് എന്റെ സീറ്റ് side upper ആയിരുന്നു. വല്യ ശല്യമില്ലാണ്ട് മുകളിൽ ഇരിക്കാം.ഒരു ബോഗിയിൽ കേറാവുന്നതിന്റെ ഇരട്ടി ആൾക്കാർ കേറിയിട്ടുണ്ട്.
"വെയ്റ്റിംഗ് ലിസ്റ്റിലാണ് "
എന്ന സ്ഥിരം പല്ലവിയുമായി കുറെയെണ്ണം
"ശെരിക്കും വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ളവർ"
"ജനറൽ ടിക്കറ്റാണ് കയ്യിൽ ഉള്ളത് എന്ന് സമ്മതിക്കുന്ന നിഷ്ക്കുകൾ "
"ടിക്കറ്റുപോലും ഇല്ലാത്ത മറ്റു ചിലർ "
അങ്ങനെ പലവിധ ആൾക്കാർ.
ജാർഖണ്ഡിൽ നിന്നുള്ള ഒരു വലിയ ഗ്രൂപ്പുണ്ട്.അവരുടെ വസ്ത്ര ധാരണം ഈ എസ്‌റ്റേറ്റിൽ ഒക്കെ ജോലി ചെയുന്ന ചേച്ചിമാരുടെ പോലെയാണ്.കാക്കി ഷർട്ടും കാക്കി പാന്റും ധരിച്ച ഒരു അപ്പൂപ്പൻ ആണ് അവരുടെ നേതാവ്.അയാളുടെ കയ്യിൽ ഒരു കടലാസ് ഉണ്ട്.അവരുടെ സീറ്റുകൾ ഏതൊക്കെയാണെന്ന് അതിലുണ്ട്.എല്ലാവരെയും ഇരുത്തുന്ന തിരക്കിലാണ് അദ്ദേഹം .
വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ള കുറച്ചു പേര് ഇയാൾ TTR ആണെന് തെറ്റിദ്ധരിച്ചു.കയ്യിലൊരു കടലാസും കാക്കി uniform പോലത്തെ വസ്ത്രവും.
സീറ്റുണ്ടോ എന്നൊക്കെ അയാളോട് ചിലർ ചോദിച്ചു.
അപ്പൂപ്പൻ ഇടയ്ക്കു ഇടയ്ക്കു വീണ്ടും വന്നു എല്ലാവരും അവരുടെ സീറ്റിലാണോ ഇരിക്കുന്നേ എന്നുറപ്പുവരുത്തും.കടലാസ്സ് എപ്പോഴും കയ്യിലുണ്ടാവും.നേതാവ് എന്ന പദവി അപ്പൂപ്പൻ ആസ്വദിക്കുന്നുണ്ട്.
എന്റെ സീറ്റിൽ ചിലർ "ഇപ്പോൾ തന്നെ മാറ്റാം " എന്ന കപട വാഗ്ദാനവുമായി ബാഗ് വച്ചു .അനുഭവസ്ഥൻ ആയതുകൊണ്ട് ഞാൻ വാഗ്ദാനം നിരസിച്ചു. ടിക്കറ്റു പോലും ഇല്ലെങ്കിലും ഇവരുടെ കയ്യിൽ ഒരു ലോഡ് ലഗ്ഗേജ് കാണും.വയസായവരെയും കുഞ്ഞു പിള്ളേരെയും ലഗ്ഗേജ്ജും എല്ലാമായിട്ടു ഒരു യുദ്ധമാണ് അവർക്കു ഈ ട്രെയിൻ യാത്ര.
ട്രെയിൻ യാത്ര ആരംഭിച്ചു ഒരു രണ്ടു മണിക്കൂർ വേണ്ടി വന്നു എല്ലാവരും ഒന്നുറങ്ങി തുടങ്ങാൻ.ജാർഖണ്ഡ് സംഘത്തിലെ രണ്ടു വയസ്സന്മാർ ആണ് മറ്റു രണ്ടു അപ്പർ ബർത്തിൽ.ഇവരിൽ ആരോ ഒരാൾ കൂർക്കം വലിക്കുന്ന ശബ്ദം മറ്റേ ബോഗി വരെയെത്തും.വണ്ടി accelerate ചെയുന്നപോലെയാണ് ശബ്ദം.കയറ്റം കേറുന്നു.. ഇറങ്ങുന്നു....വീണ്ടും കേറുന്നു വീണ്ടും ഇറങ്ങുന്നു.
ഇവരിൽ ആരാണ് രാത്രിയിൽ വണ്ടി ഓടിക്കുന്നത് എന്ന് ഞാൻ കണ്ടുപിടിച്ചത് അടുത്ത ദിവസമാണ്.ഇവരെ മനസിൽ നല്ല രീതിയിൽ സ്മരിച്ചുകൊണ്ടിക്കുമ്പോൾ വണ്ടിയോടിക്കൽ നിന്ന്.നോക്കിയപ്പോ ഒരാൾ വെള്ളം കുടിക്കുന്നു.അപ്പൊ ഇങ്ങേരാണ് വണ്ടിയോടിച്ചുകൊണ്ടിരുന്നത്.
----------രണ്ടാം ദിവസം-----------------
blanket ഒകെ ഉള്ളതുകൊണ്ട് സുഖമായി ഉറങ്ങി.രാവിലെ താഴെ ഇറങ്ങി ഞാൻ എന്റെ സീറ്റിൽ ഇരുന്നു.സീറ്റ് രണ്ടും separate ആയി വച്ചത് കുടവയറനു ഇഷ്ടമായില്ല.ചെറിയൊരു വഴക്കിട്ടിട്ടാണ് ഞാൻ സീറ്റ് separate ആക്കിയത്.കുറച്ചു കഴിഞ്ഞപ്പോൾ ആൾ സീറ്റ് രണ്ടും ജോയിൻ ചെയണം എന്ന് വാശി പിടിച്ചു.അങ്ങേർക്കു കാലും നീട്ടി ഇരിക്കണം അതാണ് കാര്യം.
മറ്റുള്ളവർക്കു ഉത്തരവ് നൽകി മാത്രം ശീലിച്ച അങ്ങേരോട് ഞാൻ വാശി പിടിച്ചിട്ടു കാര്യമില്ല എന്ന് എനിക്ക് മനസിലായപ്പോൾ ഞാൻ സുല്ലിട്ടു.
ഇന്ത്യൻ റെയിൽവേ പേര് കാത്തു സൂക്ഷിച്ചു.ട്രെയിൻ 3 മണിക്കൂർ ലേറ്റ് ആണ്.
അലഹബാദിൽ എത്തിയപ്പോൾ അപ്പുറത്തെ വശത്തിരുന്ന ചേട്ടൻ ചായ കുടിക്കാൻ പുറത്തിറങ്ങി.power bank വിൽക്കുന്ന ഒരാളുടെ കെണിയിൽ വീണു.വിൻഡോ സീറ്റ് ആയതുകൊണ്ട് എനിക്കവരുടെ സംഭാഷണം കേൾക്കാം .
450 ആയിരുന്നു തുടക്കവില.വിലപേശലിന്റെ രണ്ടു ഘട്ടം കഴിഞ്ഞപ്പോൾ 300 ആയി
"എനിക്ക് നഷ്ടാവാ എന്നാലും ഭായിക്ക് ആയതുകൊണ്ട് ഞാൻ 300 നു തരാം"
എവിടെ വില പേശിയാലും നമ്മൾ കേൾക്കുന്ന ഡയലോഗ്."നിങ്ങൾക്കായതുകൊണ്ട് മാത്രം "
(അവരെന്തോ നമ്മുടെ അമ്മായിയുടെ മോൻ ആയതുകൊണ്ട് ഡിസ്‌കൗണ്ട് തരുവാ എന്ന് തോന്നും കേട്ടാൽ.)
"ഇത് വർക്ക് ചെയുമോ " ?
"ദാ ചാർജ് ചെയ്തു നോക്കിക്കൊള്ളൂ .സംഭവം ഒർജിനൽ ആണ് . ഭായിയെ ഞാൻ പറ്റിക്കുമോ " (അയ്യോ എന്തൊരു സ്നേഹം )
"250 ആണേൽ ഞാൻ വാങ്ങാം "
ട്രെയിൻ പോവാറായി ഹോൺ മുഴക്കി.
"250 എങ്കി 250 "
കച്ചവടം ഉറപ്പിച്ചു .
ചായ വാങ്ങാൻ പോയ ചേട്ടൻ 34000 miah കപ്പാസിറ്റിയുള്ള സാംസങ് പവർബാങ്കുമായി കയറി വന്നത് ചേച്ചിക്ക് ഇഷ്ടമായില്ല.എന്തിനാ പൈസ വെറുതെ കളഞ്ഞേ എന്ന് ചേച്ചി ചോദിക്കുന്നുണ്ട്.കൊച്ചിന് എന്തേലും അസുഖം വന്നാൽ എന്ത് ചെയ്യും എന്നാണ് ചേച്ചിയുടെ ചോദ്യം.
അല്ലെങ്കിലും അമ്മമാർ അങ്ങനെയാണ്. അവർക്കൊരു കരുതൽ എപ്പോഴും കാണും.
(ചുമ്മാ പൈസ കളയുന്നവരെയും വിസ്മരിക്കുന്നില്ല )
പുരി എത്തുന്നതിനു വരെയേ ആ power bank നു ആയുസു കാണു.മിക്ക ബസ്‌സ്റ്റാൻഡിലും ഈ പറ്റിപ്പ് പവർ ബാങ്ക് പരിപാടി കാണാം.
ഒരു രുചിയുമില്ലെങ്കിലും ഞാൻ ഇടയ്ക്കു ചായ വാങ്ങി കുടിക്കും.അതൊരു ശീലമായി പോയി.ട്രെയിനിൽ യാത്ര ചെയുമ്പോൾ ശ്രദ്ധിച്ചിട്ടുണ്ടാവും 24 മണിക്കൂറും ചായ വിൽക്കുന്നവർ സ്റ്റേഷനിൽ ഉണ്ടാവും.വരുന്ന എല്ലാ ട്രെയ്‌നിന്റെയും അരികിലൂടെ അവർ ചായ് ചായ് എന്നും വിളിച്ചു പറഞ്ഞു വരും.സ്റ്റേഷൻ ഏതാ എന്ന് പലരും ചോദിക്കുന്നത് അവരോടാണ്.
ദിവസത്തിൽ ഏതു സമയം ആണെങ്കിലും നമ്മൾ ഒരു ചായ കുടിക്കാൻ തയ്യാറാണ്. ചായക്ക് പിറകിലും ഒരു ചരിത്രമുണ്ട്.ചുരുക്കി പറയാം.
ചൈനയിൽ നിന്നും തേയില കൊണ്ട് പൊയ്ക്കൊണ്ടിരുന്ന ബ്രിട്ടീഷുകാർ പിന്നീട് ഇന്ത്യയിലും തേയില കൃഷി ആരംഭിച്ചു.എങ്കിലും ഇന്ത്യക്കാരെല്ലാം ചായ കുടിക്കുന്നവർ ആയിരുന്നില്ല അന്ന്. 1929 ൽ മാന്ദ്യം ഉണ്ടായപ്പോൾ കെട്ടിക്കിടന്ന തേയില വിറ്റഴിക്കാൻ കണ്ട മാർഗമാണ് ഇന്ത്യക്കാരെ കൊണ്ട് ചായ കുടിപ്പിക്കുക എന്ന്.ഇന്നിപ്പോ നമ്മൾക്ക് ഒരു ചായ ഇല്ലാതെ ഒരു ദിവസം തുടങ്ങാൻ സാധിക്കില്ലെന്നായി.
കുടവയറൻ ചേട്ടൻ രണ്ടു ഫോണിലും അംബാനി അണ്ണന്റെ ജിയോ ഇട്ടു വീഡിയോ ഒക്കെ കണ്ടു കുലുങ്ങി ചിരിക്കുന്നുണ്ട്.ഇടയ്ക്കു ആരെങ്കിലും എന്തെങ്കിലും തിന്നാൻ കൊണ്ടുവരും.ഇങ്ങേരതു വാങ്ങും.
ഭാര്യ പൈസ കൊടുക്കും.
കൈയിലുള്ള ചില്ലറ
തീർന്നപ്പോൾ പുള്ളിക്കാരത്തി ചില്ലറ മാറി
ഞാൻ മുകളിൽ കയറി വീണ്ടും ഉറങ്ങി.ഉറങ്ങി എണീറ്റപ്പോൾ ബോഗി നിറയെ തിരക്ക്.
ഞാൻ ഒന്ന് എഴുന്നേറ്റു ഇരിക്കണ്ട താമസം ഒരുത്തൻ ബാഗ് വച്ചു.
"കാലു വച്ചോളു സാരമില്ല എന്നൊരു ഓഫറും "
ഓഫർ നിരസിച്ചു ഞാൻ വീണ്ടും കിടന്നു.ഇടയ്ക്കു ഓറഞ്ചു വാങ്ങി തിന്നും കയ്യിലുള്ള ബിസ്കറ്റും തിന്നും ഞാൻ എന്റെ brunch കഴിച്ചു.ഗയ കഴിഞ്ഞപ്പോൾ തിരക്കൊന്നു കുറഞ്ഞു.കുടവയറൻ ഉറങ്ങാൻ പോയപ്പോൾ അവരുടെ മോനുമായി കമ്പനിയായി.മൂത്തമോൻ എപ്പോഴും അമ്മയുടെ അടുത്താണ്.ഇവൻ അപ്പന്റെ മോൻ ആണെന് തോന്നുന്നു,അതോ മൊബൈൽ ആണോ കാരണം എന്നും അറിയത്തില്ല.
"മൂത്തമോൻ ഫോൺ ചോദിച്ചപ്പോൾ കുടവയറനു ദേഷ്യം വന്നു
"നീ എപ്പോഴും ഫോണിലാണല്ലോ .ഇരുപത്തി നാല് മണിക്കൂറും നിനക്ക് ഫോൺ വേണം "
രണ്ടു മൊബൈലിൽ ഒരെണ്ണം കൊടുക്കേണ്ടി വരുമെന്നായപ്പോൾ അങ്ങേരുടെ കൺട്രോൾ പോയി
(സ്വയം നന്നായിക്കൂടെടോ ചങ്ങായി ? എന്നിട്ടു പോരെ മോനെ ഉപദേശിക്കാൻ )
എപ്പോഴോ transgender group വന്നു പിരിവ് നടത്തിയിട്ടു പോയി.അവർക്കൊരു പത്തു രൂപ കൊടുക്കാതെ ഇന്ത്യയിൽ ഒരു ട്രെയിൻ യാത്ര കംപ്ലീറ്റ് ചെയ്യാൻ പറ്റുമെന്ന് തോന്നുനില്ല.
ജാർഖണ്ഡിൽ എവിടെയോ വച്ചോ ഒരു ആന്ധ്രാ ഫാമിലി കയറി.തെലുങ്കു കേട്ടപ്പോളാണ് മനസിലായത് അങ്ങ് ഡൽഹിയിൽ നിന്ന് ഞാൻ സൗത്ത് ഇന്ത്യയുടെ അടുത്തെത്തിയിരിക്കുന്നു.
ഡൽഹിയിൽ നിന്ന് കേറിയ മലയാളിയായ ഞാൻ ഒറീസ്സക്കാരായ കുടവയറൻ ഫാമിലിയുടെയും ജാർഖണ്ഡ് കാരുടെയും കൂടെ ഉത്തരാർപ്രദേശും ബീഹാറും കടന്നു ഇപ്പൊ ദാ ആന്ധ്രാക്കാരുടെയും കൂടെ ഒറീസ്സയിലേക്കു പോയികൊണ്ടിരിക്കുന്നു.ഏതു ട്രെയിൻ ബോഗി എടുത്താലും അതിൽ ഭാഷയിലും വസ്ത്രധാരണത്തിലും ഭക്ഷണത്തിലും ജാതിയിലും മതത്തിലും എല്ലാം വ്യത്യാസമുള്ള ആൾക്കാരുണ്ടാവും.പക്ഷേ എല്ലാവരും ഇന്ത്യക്കാരാണ്.എല്ലാ ബോഗിയും ഒരു ചെറിയ ഇന്ത്യയെ പ്രതിനിധിക്കരിക്കുന്നു.
ഇന്ത്യൻ റെയിൽവേ നമ്മളെയെല്ലാവരെയും കൂട്ടിയോജിപ്പിക്കുന്നു
------------------മൂന്നാം ദിവസം------------
രാവിലെ അഞ്ചു മണിക്കു പുരി എത്തേണ്ടതാണ്.പക്ഷേ രാവിലെ എഴുന്നേറ്റപ്പോൾ Bhubaneswar എത്തിയിട്ടേ ഉള്ളൂ .
ട്രെയിൻ ഏതാണ്ട് കാലിയാണ്.Bhubaneswar കഴിഞ്ഞതും ഒരു ചേട്ടൻ അടച്ചിട്ട വാതിൽ തുറക്കാൻ ജനലിലൂടെ ആംഗ്യം കാണിച്ചു.അയാൾ വാതിലിൽ പിടിച്ചു തൂങ്ങി നിൽക്കുവാണ്.വാതിൽ തുറന്നതും അങ്ങേരു നിലത്തേക്ക് ഇരുന്നു.നിരങ്ങി നിരങ്ങി എല്ലാരോടും പൈസ ചോദിക്കാൻ തുടങ്ങി.എന്നോടും ചോദിച്ചു.
(വാതിൽ തുറന്നു നൽകിയ എന്നോട് തന്നേ ചോദിക്കണം അല്ലെടോ )
ഞാൻ കൊടുത്തില്ല.ഏതോ ഭാഷായിൽ (ഒറിയ ആവും ) എന്നേ തെറിയും പറഞ്ഞു അയാൾ നിരങ്ങി നിരങ്ങി പോയി .
എവിടെയും ഞാൻ റൂം ബുക്ക് ചെയ്തിട്ടില്ല.സഞ്ചാരി ഗ്രൂപ്പിൽ ഒറീസയെ പറ്റി തിരഞ്ഞു ഞാൻ അനസ് എന്ന കൂട്ടുകാരനെ പരിചയപ്പെട്ടിരുന്നു
"ഇങ്ങു പോരെ നമുക്കിവിടെ കൂടാം "
എന്നും അവൻ പറഞ്ഞിരുന്നു.
പക്ഷേ അനസ് താമസിക്കുന്നത് ഇത്തിരി അകലെ ആയതുകൊണ്ട് ഞാൻ അങ്ങോട്ടു പോയില്ല.എങ്കിലും ഒരു റൂമും കിട്ടിയില്ലെങ്കിൽ അനസ് ഉണ്ടല്ലോ എന്ന ധൈര്യത്തിലാണ് ഞാൻ പുരി സ്റ്റേഷനിൽ ഇറങ്ങിയത്.
കന്യാകുമാരി സ്റ്റേഷനിലും ലക്‌നൗവിലുമാണ് റെയിൽവേ പാളം അവസാനിക്കുന്നത് കണ്ടിട്ടുള്ളത്.khurda ജങ്ക്ഷനിൽ നിന്നും തിരിഞ്ഞു പുരിയിൽ പാളം അവസാനിക്കുന്നു.ഇനിയിപ്പോ ഒരു റൂം തപ്പണം.ഉത്സവ സീസണാണ് റൂം കിട്ടാൻ നല്ല ബുദ്ധിമുട്ടും.
രണ്ടാം ഭാഗം : Click Here

Leave a Comment