Odisha Diaries 02 | Puri | Konark Sun Temple

 ഭാഗം രണ്ടു : കൊണാർക്ക് സൂര്യക്ഷേത്രം & പുരി



ഒന്നാം ഭാഗം : click here



-------------------------------------
“പഞ്ചാബാ സിന്ധു ഗുജറാത്ത മറാത്താ ,
ദ്രാവിഡ, ഉത്കള, വംഗ!
വിംധ്യ, ഹിമാചല, യമുനാ, ഗംഗ”
എല്ലാവർക്കുമറിയാവുന്ന നമ്മുടെ ദേശീയഗാനത്തിലെ വരികളാണിവ.ഹിമച്ചാലും ഗംഗയും യമുനയും വിംധ്യ മലനിരകളൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഉത്കലയും വംഗയും (ഒറീസ്സയും ബംഗാളും ) കാണാനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായില്ല.അതുകൊണ്ടാണ് കുറച്ചു അവധികൾ ഒരുമിച്ചു കിട്ടിയപ്പോൾ ഇന്ത്യയുടെ കിഴക്കേ ഭാഗത്തേക്കാവാം സഞ്ചാരം എന്ന് കരുതിയത്.ഏതോ ഒരു ഓട്ടോക്കാരൻ തന്ന പഴയ ഇരുപതു രൂപ നോട്ട് കൈയിൽ വന്നപ്പോഴാണ് ഒറീസ മനസ്സിൽ കയറിയത്.പഴയ ഇരുപതു രൂപ നോട്ടിലുള്ളത് കൊണാർക് സൂര്യ ക്ഷേത്രത്തിലുള്ള 24 ചക്രങ്ങളിലൊന്നാണ്.ആഗ്രഹങ്ങൾ കയ്യിലൊതുങ്ങുന്നതാണെങ്കിൽ കഴിവതും വേഗം നടത്തണം.അതുകൊണ്ടു തന്നെ കൊണാർക് ക്ഷേതത്തിൽ പോകുവാൻ എനിക്കധികം കാത്തിരിക്കേണ്ടി വന്നില്ല
-------------------------------------------------------------
ദ്രാവിഡനാട്ടിൽ നിന്നുമുള്ള ഞാൻ ഉത്കല അതായതു ഒറീസയും ബംഗാളിലൂടെയും (വംഗ) നടത്തിയ യാത്രയുടെ മൂന്നാം ദിവസത്തെ വിവരണമാണിത്.ഡൽഹിയിൽ നിന്നും നീണ്ട 36 മണിക്കൂർ യാത്രയ്ക്ക് ശേഷം പുരിയിലെത്തിയിരിക്കുന്നു.അടുത്ത മൂന്നുനാൾ ഒറീസ്സയിലാണ്.അതിനു ശേഷം കൊൽക്കത്തയിലേക്ക് പോവും.

ഏതെങ്കിലും ധർമശാലയിൽ മുറി കിട്ടാതിരിക്കില്ല എന്ന് ട്രെയിനിലെ കുടവയറൻ പറഞ്ഞ ബലത്തിൽ ഞാൻ റിക്ഷക്ക്കാരനോട് നെറ്റിൽ കണ്ട ഒരു ധർമശാലയിലേക്കു പോവാൻ പറഞ്ഞു.അവിടെ സ്ഥലം കാണില്ല എന്ന് അങ്ങേരു പറഞ്ഞെങ്കിലും ഞാൻ അങ്ങോട്ട് തന്നേ പോവാൻ പറഞ്ഞു.ചിലപ്പോൾ ഇവർ പറ്റിക്കുന്നതാവും. ധർമശാലയിലേക്കു കയറിയപ്പോഴേ മനസിലായി റൂം പോയിട്ട് നിലത്തു കിടക്കാൻ പോലും സ്ഥലം ഇല്ലാ എന്ന്.തിരിച്ചു വന്ന എന്നേ നോക്കി
"അപ്പോഴേ പറഞ്ഞതല്ലെ " എന്ന പുച്ഛഭാവത്തിൽ റിക്ഷാക്കാരൻ നില്പ്പുണ്ടായിരുന്നു.
ഇവിടെങ്ങും ഒരു ലോഡ്ജിലും റൂമിലത്രേ.ഇനി വേണമെങ്കിൽ പുരി ബീച്ച് സൈഡിൽ പോവണം.രണ്ടു ദിവസത്തേക്കു ഞാൻ പറഞ്ഞു ഒരു രണ്ടായിരത്തിനു ശെരിയാക്കി തരാം.
രണ്ടായിരം രൂപയോ ?
“തംബോടോ ഞാൻ നോക്കിക്കോളാം” എന്നും പറഞ്ഞു ഞാൻ അടുത്ത ധർമശാലയിലേക്കു പോയി.നിരാശ തന്നെ ഫലം.
ഈ തെരുവിന്റെ രണ്ടു വശത്തും ഒരുപാട് ലോഡ്ജുകൾ ഉണ്ട്.എവിടെയെങ്കിലും ഒരു റൂം കിട്ടാതിരിക്കില്ല എന്നുറപ്പായിരുന്നു.സീസണാണ്.എവിടെ നോക്കിയാലും തിരക്ക് തന്നേ.ഒരിടത്തു റൂം ഉണ്ട്.പക്ഷേ ദിവസം 1000 ആവും അവിടെയും.ബാക്കിയെല്ലാടത്തും റൂമില്ല എന്ന മറുപടിയാണ്.ഏതാണ്ട് ഒരു 8 സ്ഥലത്തു ചോദിച്ചു.ട്രെയിൻ ലേറ്റ് ആയതുകൊണ്ട് എത്തിയപ്പോൾ പത്തുമണി കഴിഞ്ഞിരുന്നു.ഇപ്പോൾ സമയം പതിനൊന്നു കഴിഞ്ഞു.എന്റെ പ്ലാൻ എല്ലാം തവിടുപൊടിയാവുന്ന ലക്ഷണമാണ്.ഇനിയിപ്പോ ഭുബനേശ്വർ പോയി അവിടെ റൂം നോക്കാമെന്നു വച്ചാൽ സമയമില്ല.എല്ലാവരും കുടുംബമായാണ് വരുന്നത്.എവിടെയെങ്കിലും ഒരു സിംഗിൾ റൂം കാണുമെന്നു കരുതി വീണ്ടും ഞാൻ ഓരോ ലോഡ്‌ജും കയറിയിറങ്ങി.അവസാനം ഞാൻ പത്മ ലോഡ്ജിൽ കയറി.രണ്ടു ദിവസത്തേക്ക് റൂം വേണമെന്നു പറഞ്ഞപ്പോൾ കിട്ടിയ മറുപടി ഇതാണ്
“സിംഗിൾ റൂം ഉണ്ട് .പക്ഷേ അറുനൂറു രൂപയാകും.”
അറുനൂറു രൂപ രണ്ടു ദിവസത്തേക്കാണ്.
ഹാവൂ അവസാനം ലോട്ടറിയടിച്ചു.കുറച്ചു ബുദ്ധിമുട്ടിയെങ്കിലും അവസാനം ഇങ്ങനെയൊന്നു ഒത്തുവന്നു.ഒരു അരമുക്കാ മണിക്കൂർ നിർത്താതെ അന്വേഷിച്ചതുകൊണ്ടു ഒരു 1500 എങ്കിലും ലാഭം .റൂം വല്യ കുഴപ്പമില്ല.പിന്നേ രാത്രി ഉറങ്ങാൻ അല്ലാതെ ഞാൻ റൂമിൽ ഇരിക്കാനും പോവുന്നില്ല.ബാഗ് വച്ചു കുളിച്ചു അപ്പോൾ തന്നേ ഞാനിറങ്ങി.കൊണാർക് സൂര്യ ക്ഷേത്രമാണ് ആദ്യം പോവേണ്ടത്.തിരികെ വരുമ്പോൾ സമയം കിട്ടിയാൽ പട്ടചിത്ര പെയിന്റിങ്ങിനു പ്രസിദ്ധമായ രഘുരാജ്പുർ വില്ലേജിലും പോണം.ഇത് രണ്ടും നടന്നാൽ എന്റെ പ്ലാൻ പോലെ എല്ലാം നടക്കും.
ഒരു ഷെയർ ഓട്ടോവിൽ കയറി ബസ് സ്റാൻഡിലിറങ്ങി.ഇതിനിടയിൽ കൊണാർക്-രഘുരാജ്പുർ പാക്കേജ് ഓട്ടോ ചേട്ടൻ ഓഫർ ചെയ്‌തെങ്കിലും “ഞാൻ അന്തമാതിരിയല്ലെന്നും “ പറഞ്ഞു ഞാനിറങ്ങി.
ഇത് തന്നെയാണോ ബസ് സ്റ്റാൻഡ് എന്ന് ഒന്നുടെ ചോദിച്ചു .കാരണം ബസ്സ് സ്റ്റാൻഡിൽ ബസൊന്നും കാണുന്നില്ല.കുറച്ചു ആൾകാർ നിപ്പുണ്ട്.ഒരു ചെക്കനോട് ചോദിച്ചപ്പോ ബസിപ്പോ വരുമെന്ന് പറഞ്ഞു.ഗവണ്മെന്റ് ബസിന്റെ കാര്യം ചോദിച്ചപ്പോൾ അത് വരുമ്പോ വരും എന്ന മറുപടി.
ടിക്കറ്റു നേരത്തെ എടുക്കണം.ടിക്കറ്റുമെടുത്തു ഒരു കുപ്പി വെള്ളവും വാങ്ങി ഞാനും ബസ് കാത്തു നിന്നു.
നമ്മുടെ നാട്ടിലെ പഴയ സ്‌കൂൾ ബസിന്റെ വലിപ്പമുള്ള ബസ് ഒരു പത്തുമിനിറ്റ് കഴിഞ്ഞു വന്നു.സ്റ്റാൻഡിൽ ഒന്ന് കറക്കിയെടുത്തു നിർത്തിയപ്പോൾ ഒരു സൈക്കിൾക്കാരനെ ഇടിച്ചു.അയാൾക്കൊന്നും പറ്റിയില്ല.പറ്റിയോ എന്നാരും നോക്കാനും പോയില്ല.അങ്ങേരു ചാടിയെഴുന്നേറ്റു ഡ്രൈവറെ ചീത്ത വിളിക്കാൻ തുടങ്ങി.എല്ലാവരുടെയും ശ്രദ്ധ സീറ്റ് പിടിക്കാനാണ്.ആദ്യം സ്ത്രീകളെയെ കയറ്റു.കയറിയ സ്ത്രീകൾ അവരുടെ കുടുംബത്തിന് വേണ്ടി സീറ്റ് പിടിച്ചതുകൊണ്ടു സോളോ ആയാ ഞാൻ കൊണാർക് വരെ രണ്ടു മണിക്കൂർ നിന്നു.
പുരിയിൽ നിന്ന് കൊണാർക്ക് പോവുന്ന വഴിയുടെ ഇടതു വശത്തു Balukhand Wildlife Sanctuary ഉം വലതു വശത്തു Bay of Bengal ഉം ആണ്.വഴിയിൽ ഒരുപാട് ഫാമിലി വണ്ടി റോഡരികിൽ നിർത്തി ഭക്ഷണം കഴിക്കുന്നത് കാണാം.നീലാകാശം പച്ചക്കടൽ സിനിമയിൽ അവർ ആദ്യം ബീച്ചിൽ എത്തുന്നതാരാണ് എന്ന് കണ്ടുപിടിക്കാൻ നടത്തിയ കളി തുടങ്ങുന്നത് ഇവിടെ എവിടെ നിന്നോ ആണ്.സമയമുണ്ടെങ്കിൽ കൊണാർക് ബീച്ചിലും പോവണമെന്ന് ആഗ്രഹമുണ്ടായിരുന്നു.എവിടെ നോക്കിയാലും പ്ലാസ്റ്റിക് കാണാം.ഭക്ഷണം കഴിച്ചിട്ടു വേസ്റ്റ് എല്ലാവരും അവിടെ തന്നേ ഇട്ടിട്ടു പോവുന്നു.പ്ലാസ്റ്റിക്കിൽ ചവിട്ടാതെ ബീച്ചിൽ എത്താൻ ഒരു മത്സരം വച്ചാൽ എല്ലാരും തോൽക്കും അതാ അവസ്ഥ.ബീച്ച് കാണുന്നത് ഞാൻ ലിസ്റ്റിൽ നിന്നും ഒഴിവാക്കി.




രാവിലെ തൊട്ടു ഒന്നും കഴിക്കാത്തതിനാൽ ബസ്സിറങ്ങിയതേ ഞാൻ ഇഡ്ഡലി കഴിച്ചു.ഡൽഹിയിൽ വന്നതിനു ശേഷം കാലം ഒരുപാടായി നല്ല ഇഡലിയും ചമ്മന്തിയും കഴിച്ചിട്ടു. വിശപ്പുള്ളതുകൊണ്ടാണോ എന്നറിയില്ല നല്ല രുചിയുണ്ടായിരുന്നു.അതും കഴിച്ചു വഴിയാറില്ലാത്തോണ്ട് ആൾക്കാരെ പിന്തുടർന്നു ഞാൻ കൊണാർക് ക്ഷേത്രത്തിലെത്തി.ആൾക്കാരെ തട്ടിയിട്ട് നടക്കാൻ വയ്യാ അത്ര തിരക്ക്.ടിക്കറ്റുമെടുത്തു അകത്തു കയറി.









കലിംഗ ആര്കിടെക്ച്ചർ അനുസരിച്ചാണ് ഇത് പണിതിരിക്കുന്നത്.കല്ലിൽ കൊത്തിയെടുത്തു ഉണ്ടാക്കിയ ക്ഷേത്രം ഒരു രഥത്തിന്റെ ആകൃതിയിലാണ് പണിതിരിക്കുന്നത്.ഏഴു കുതിരകൾ പന്ത്രണ്ടു ജോഡി ചക്രങ്ങളിൽ രഥം സൂര്യനെയും വലിച്ചു കൊണ്ട് പോവുന്നു.പതിമൂന്നാം നൂറ്റാണ്ടിൽ ഗംഗ ഡൈനാസ്റ്റിയിലെ നരസിംഹാദേവ രാജാവാണ് ഇത് പണിതത്. ക്ഷേത്രത്തിന്റെ വലിയൊരു ഭാഗം പല പല കാരണങ്ങളാൽ തകർന്നുവെന്നു കരുതപ്പെടുന്നു.ഭൂമികുലുക്കവും അധിനിവേശവുമൊക്കെ ചിലർ പറയുമ്പോൾ കാന്തിക ശക്തിയായാൽ ബംഗാൾ ഉൾക്കടലിലൂടെ പോകുന്ന കപ്പലുകൾ മുങ്ങിയെന്നു ചിലരും വടക്കുനോക്കിയന്ത്രം കേടാക്കാറുണ്ടായിരുന്നുവെന്നും ചിലരും വാദിക്കുന്നു.അതിനാൽ ബ്രിട്ടീഷുകാർ (ചിലർ പോർച്ചുഗീസ് എന്നും പറയുന്നു )നശിപ്പിച്ചു എന്നൊരു കഥയുമുണ്ട്.
1903 ൽ മണൽ നിറച്ചു ക്ഷേത്രത്തിന്റെ അകംഭാഗം അടച്ചു.ഇപ്പോൾ സംരക്ഷിക്കാൻ നിറച്ച മണൽ തന്നെ ക്ഷേത്ര നിലനിൽപിന് ഭീക്ഷണിയാവുമെന്നു കണ്ടു പലരും മണൽ മാറ്റുവാൻ നിർദേശിച്ചെങ്കിലും ഇതുവരെ നടപ്പിലായില്ല.മണൽ നിറച്ചതുകൊണ്ടു ഒറീസ്സയിലും ബംഗാളിലും ഭക്ഷ്യക്ഷാമം ഉണ്ടായെന്നൊരു കഥയുമുണ്ട്.ഏഴു കുതിരകൾ ആഴ്ചയിലെ ഏഴു ദിവസത്തേയും പന്ത്രണ്ടു ജോഡി പന്ത്രണ്ടു മാസത്തേയും ഇരുപത്തിനാലു ചക്രങ്ങൾ ഇരുപത്തി നാല് മണിക്കൂറിനെയും പ്രതിനിധികരിക്കുന്നു. അറ്റകുറ്റപണികളൊക്കെ നടക്കുന്നുണ്ടെങ്കിലും ക്ഷേത്ര സമുച്ചയം നശിച്ചു എന്ന് തന്നേ പറയാം.
ചെറിയൊരു കറക്കത്തിനു ശേഷം ഞാനെന്റെ ഇരുപതു രൂപ നോട്ട് പുറത്തെടുത്തു.എല്ലാ ചക്രത്തിനു മുന്നിലും സെൽഫി യുദ്ധമായിരുന്നു.ചിലർ ക്യൂ വരെ നിൽക്കുന്നു.bacground ൽ ആരുമില്ലാതെ ഒരു ഫോട്ടോ ഒപ്പിക്കാൻ ഞാൻ പാടുപെട്ടു.ഒരുവിധം ഫോട്ടോ എടുത്തു വരുമ്പോ പലരും വന്നു ചോദിക്കും എന്താ സംഭവമെന്ന്.പിന്നെ അവർക്കു എന്റെ ഇരുപതു രൂപ നോട്ടും പിടിച്ചു ഫോട്ടോ എടുക്കണം.കൊത്തുപണികൾക്കെല്ലാം ഒരു കഥയുണ്ട്.ക്ഷേത്രം സന്ദർശിച്ച ടാഗോർ പറഞ്ഞത് “ഇവിടത്തെ കല്ലുകളുടെ ഭാഷ മനുഷ്യരുടെ ഭാഷയെ മറികടക്കുന്നതാണ്” എന്നാണ്.ഖജുരാഹോയിൽ കാണുന്നതുപോലെ ചില erotic sculptures ഇവിടെയും കാണാം.






പലരും ഗൈഡുമാരൊക്കെയായിട്ടാണ് വന്നിരിക്കുന്നത്.സ്പോർട്സ് ഷൂവും ഇട്ടു ഷർട്ടും insert ചെയ്ത ഗൈഡുമാരുടെ കൂട്ടത്തിൽ കണ്ടാൽ വെള്ളമടിച്ചിട്ടു പാമ്പായ എന്ന് തോന്നിക്കുന്ന ഒരാളും ഉണ്ടായിരുന്നു.ഒരു മുഷിഞ്ഞ വെള്ള ഷർട്ടും വെള്ള മുണ്ടും കക്ഷത്തിലൊരു ചെറിയ സഞ്ചിയുമുണ്ട്.
നല്ല അസ്സലായി അദ്ദേഹം ഇംഗ്ലീഷ് സംസാരിക്കുന്നു.നല്ല അറിവുണ്ടെന്നുറപ്പ് .കുറച്ചു സംസാരം കേട്ടപ്പോഴേ അത് മനസിലായി.പലയിടത്തും പല ജാതി മനുഷ്യരെ കണ്ടു ഞെട്ടിയിട്ടുണ്ട്.ഇതും അതുപോലൊന്നു.ഈ ഗൈഡിനെ അവർ എങ്ങനെ തിരഞ്ഞെടുത്തു എന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല.ഇതുപോലൊരു മുതലിനെ കണ്ടുപിടിച്ച അവരെയാണ് സമ്മതിക്കേണ്ടത്.


ഏതാണ്ടൊരു ഒന്നര മണിക്കൂർ കഴിഞ്ഞു ഞാൻ അവിടെ നിന്നിറങ്ങി.കൊണാർക് ബീച്ചിൽ പോവണോ അതോ നേരെ പുരിയ്ക്കു പോയാലോ എന്നാലോചിച്ചു നിൽക്കുമ്പോൾ ദാ ഒരു ബസ്.ബോർഡ് ഒറിയ ഭാഷയിലാണ് പക്ഷേ രണ്ടു അക്ഷരമേ ഉള്ളൂ .അപ്പോൾ അത് “പുരി” ആയിരിക്കും.ഓടിപോയി അതിൽ കയറി.നേരത്തെ എത്തിയാൽ രഘുരാജ്പുർ പോവാം.പക്ഷേ ബസ്സ് അങ്ങ് ചെന്നപ്പോൾ ഒരു നേരമായി.
ഇന്ത്യയുടെ കിഴക്കു ഭാഗത്തായതുകൊണ്ടു ഇവിടെ നേരത്തെ ഇരുട്ടാവും. അതുകൊണ്ടു രഘുരാജ്‌പൂർ ഇന്ന് നടക്കില്ല.വേറൊരു പണിയുമില്ലാത്തതുകൊണ്ടു ഞാൻ ബീച്ചിൽ പോയി.വൃത്തിയില്ലാത്ത ബീച്ചിൽ കുറച്ചു നേരമേ നടന്നുള്ളൂ.ഒട്ടക സവാരിയുമൊക്കെ പൊടിപൊടിക്കുന്നു.ഈ ഒട്ടക സവാരി ഇപ്പോൾ നമ്മുടെ ബേക്കൽ ബീച്ചിലുമുണ്ടെന്നു തോന്നുന്നു.
ചെറിയ പക്കോഡയും ഉഴുന്നുവടയും പൊതിഞ്ഞു വാങ്ങി അതും കഴിച്ചുകൊണ്ട് അവിടം മുതൽ എന്റെ ലോഡ്ജ് വരെ ഗൂഗിൾ മാപ്പും നോക്കി നടന്നു.പുരി ജഗന്നാഥ ക്ഷേത്രത്തിൽ ഇപ്പോഴും തിരക്കാണ്.അഹിന്ദുക്കൾക്കു പ്രേവേശനമില്ലാത്തതുകൊണ്ടും ഈ തിരക്കിൽ കയറാനൊരു മൂഡില്ലാത്തതുകൊണ്ടും ഞാൻ കയറിയില്ല.



ലോഡ്ജിൽ വന്നു കുളിച്ചു ഫ്രഷായി എന്തെങ്കിലും കഴിക്കാനായി പുറത്തിറങ്ങി.ഡിസംബർ മാസമായതുകൊണ്ടു തണുപ്പുണ്ട്.ഡൽഹിയിലെ അത്രയുമൊന്നുമില്ലെങ്കിലും ചെറിയൊരു പുൾ ഓവറെങ്കിലും വേണം.പ്രധാന അമ്പലങ്ങളുടെ അല്ലെങ്കിൽ ടൂറിസ്റ്റ് ആകര്ഷണങ്ങളുടെ അടുത്തുള്ള എല്ലാ ഹോട്ടലിലെ ഭക്ഷണവും മോശമായിരിക്കും.ഒരിക്കൽ മാത്രം വരുന്ന കസ്റ്റമേഴ്സിന് വേണ്ടി എന്തെങ്കിലും ഉണ്ടാക്കിയാൽ മതിയാലോ.അതുകൊണ്ടു ഞാൻ കുറച്ചു നടന്നു ലോക്കൽസ് കയറുന്ന തരക്കേടില്ലാത്ത ഒരു ഹോട്ടലിൽ കയറി.
മെനു കാർഡ് ചോദിച്ചിട്ടു ഞാൻ ഇന്ത്യ ശ്രീലങ്ക 20 -20 ക്രിക്കറ്റും കണ്ടിരുന്നു.മെനു കാർഡ് അപ്പോഴേക്കും ഒരു കോളേജ് വിദ്യാർത്ഥികൾ എന്ന് തോന്നിപ്പിക്കുന്ന മൂന്നാലു പെൺകുട്ടികളുടെ കയ്യിൽ പെട്ടു
വെയ്റ്റർ നിസ്സഹായാവസ്ഥയോടെ എന്നെയും ക്ലോക്കിനെയും നോക്കി.ഞായറാഴ്ചയായതുകൊണ്ടു അങ്ങേർക്കു വേഗം പോകണമെന്നു തോന്നുന്നു. ക്രിക്കറ്റ് ഉള്ളതുകൊണ്ട് ഞാൻ അതും കണ്ടിരുന്നു.പെൺകുട്ടികൾ മെനു കാർഡിൽ phd ചെയുകയാണെന്നു തോന്നുന്നു.വെയ്റ്ററുടെ സഹായവും ഇടയ്ക്കു തേടുന്നുണ്ട്.അവസാനം അവർ ഓർഡർ ചെയ്തു .ഇനി വേറെ ആരുടെയും കൈയിൽ പെടാതിരിക്കാൻ ഞാൻ പോയി അതിങ്ങേടുത്തു.
അവർ ഓർഡർ ചെയ്തത് ചപ്പാത്തിയും ഒരു കറിയുമായിരുന്നു. (phd യുടെ റിസൾട് !)
ഭക്ഷണം കിട്ടിയ ഉടനേ അവർ ആ രാത്രിയിൽ ഫേസ്ബുക്ക് ലൈവും പോയി.
“ഹൌ ബ്യുട്ടിഫുൾ പീപ്പിൾ “
എന്റെ ഭക്ഷണം തന്നതേ വെയ്റ്റർ ജോലി അവസാനിപ്പിച്ചു ഇറങ്ങി.അതുകൊണ്ടാണ് അയാൾ ക്ലോക്ക് എപ്പോഴും നോക്കി ഇരുന്നത്.
തെരുവ് പത്തുമണിയായിട്ടും നല്ല സജീവമാണ്.ഒറീസയിൽ ലുങ്കിയിലും കൂടുതൽ ¾ th ഉം ബർമുഡയുമാണ് കാണാൻ കഴിഞ്ഞതു.ചിലർ പാന്റ് ചുരുക്കി ചുരുക്കി ¾ ത് പോലെ ആക്കിയിരിക്കുന്നു.ലോഡ്ജിന്റെ “റൂം ബോയ് “ വയസൻ ചേട്ടനോട് എത്ര നേരത്തെ ഇറങ്ങാൻ പറ്റുമെന്നു ചോദിച്ചു മനസിലാക്കി ഞാൻ റൂമിലേക്കു പോയി.നാളേ രാവിലെ ഭുബനേശ്വറിലേക്കു പോവണം.ഒരു അഞ്ചാറ് അമ്പലങ്ങൾ, ഉദയഗിരി ഗുഹകൾ, കലിംഗയുദ്ധം നടന്ന dhauli,ഇതെല്ലം കഴിഞ്ഞു സമയം കിട്ടിയാൽ ഇന്ന് മിസ്സായ രഘുരാജ്പുർ ഗ്രാമവും കാണണം.
ക്ഷീണമുള്ളതുകൊണ്ടു വേഗം ഉറങ്ങി.അടുത്ത റൂമിൽ ഒരു ജാഥയ്ക്കുള്ള ആൾക്കാരുണ്ട്.എല്ലാം ഹിന്ദിക്കാരാണ്.പാതിരാത്രി എപ്പോഴോ എണീറ്റപ്പോഴും അവിടന്നു ശബ്ദംകേൾക്കാം .
ഇവർക്കെന്താ ഉറക്കമില്ലേ ?
നോർത്ത് ഇന്ത്യൻസിനെ വെറുത്തു വെറുത്തു പണ്ടാരമടങ്ങിയ എന്നെ ഈ കിഴക്കേ ഇന്ത്യയിലും ഇവന്മാർ വെറുതെ വിടുന്നില്ലലോ എന്റെ ഡിങ്കാ മൂന്നാം ഭാഗം : Click Here

No comments

Powered by Blogger.