Odisha Diaries 03 | Love is the Universal Language
ഒന്നാം ഭാഗം : Click Here
രണ്ടാം ഭാഗം : Click Here
സംസാരിക്കണമെന്നും സ്നേഹിക്കണമെന്നുമുള്ള ആഗ്രഹം യഥാർത്ഥമാണെങ്കിൽ ഭാഷ അതിനൊരു തടസമല്ല എന്ന് എന്നെ ആദ്യം പഠിപ്പിച്ചത് മമ്മിയാണ്.ഞാനും മമ്മിയും അലഹബാദിൽ ഉള്ള ആന്റിയെ കാണാൻ പോയിരുന്നു ഒരു നാലുകൊല്ലം മുൻപേ.നല്ല ചൂടുകാലം ആയിരുന്നതുകൊണ്ട് വൈകുന്നേരം മാത്രമേ ഞങ്ങൾ എവിടേലും പുറത്തു പോയിരുന്നുള്ളു.അതുവരെ വെറുതെ ഇരിക്കും.വെറുതെ ഇരിക്കാൻ അറിയില്ലാത്ത ലിസികുട്ടി അടുക്കളയിൽകയറും .ഞാൻ മൊബൈലും പിടിച്ചു റൂമിലിരിക്കും.
അവിടെ കോൺവെന്റിൽ ജോലിക്കു നിന്നിരുന്ന കുട്ടിയായിരുന്നു കാജൽ.പുറത്തിറങ്ങി വന്നപ്പോഴുമുണ്ട് കാജലും മമ്മിയും ഇരുന്നു സവാള അരിയുകയാണ്.ഇടയ്ക്കു ചിരിക്കുന്നുമുണ്ട്.ഹിന്ദിയുടെ എബിസിഡി അറിയാത്ത മമ്മിയും മലയാളം അറിയാത്ത കാജലും !!
കൊള്ളാം.
മമ്മി മലയാളത്തിൽ തന്നെയാണ് പറയുന്നത് കൂട്ടത്തിൽ ആംഗ്യ ഭാഷയുമുണ്ട്.പുള്ളികാരത്തി ഹിന്ദിയും ആംഗ്യഭാഷയും യെന്തരോഎന്തോ രണ്ടാളും ചിരിക്കുന്നുണ്ട്.
"ഇത് എന്തേലും മനസിലായിട്ടാണോ ലിസികുട്ടി ഈ കിടന്നു ചിരിക്കുന്നത് "
"കുറച്ചൊക്കെ മനസിലാകുമെടാ"
"ആയിക്കോട്ടെ"
അടുത്ത ദിവസം കാജളിനു മുടി കെട്ടികൊടുക്കുന്ന മമ്മിയെ കണ്ടു വീണ്ടും ഞെട്ടി.രണ്ടാളും വല്യ കൂട്ടായി.
രാത്രി ഒരു നമ്പറും കൊണ്ട് വന്നിട്ടു പറയുവാ.
ഡാ ഇത് എന്റെ മൊബൈലിൽ സേവ് ചെയ്തു താ .
"ഇതാരുടെ നമ്പർ ആ "
"കാജലിന്റെയാ"
"ആഹാ അതിനു ഫോൺ വിളിച്ചാൽ നിങ്ങൾ എങ്ങനെ സംസാരിക്കും , ഫോണിലൂടെ ആംഗ്യ ഭാഷാ നടക്കില്ല ഹേ "
"അതൊന്നും സാരമില്ല നീ സേവ് ചെയ്"
ഇറങ്ങാൻ നേരം കാജലിനെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു അവിടെ ഉണ്ടായിരുന്ന സിസ്റ്റർമാരെ മുഴുവൻ ലിസിക്കുട്ടി ഞെട്ടിച്ചു.
****************************************************************************************************
ഒറീസ്സയിലെ എന്റെ രണ്ടാം ദിവസമാണ്.അന്ന് ക്രിസ്മസ് ആയിരുന്നു.ബുഭനേശ്വറിലെ അമ്പലങ്ങൾ എല്ലാം കയറിയിറങ്ങുക എന്നാണ് പ്ലാൻ.രാജാ റാണി ടെംപിൾ കഴിഞ്ഞു മുക്തേശ്വര ടെംപിളിന്റെ അകത്തൂടെ നടന്നപ്പോഴാണ്.പ്രായമായ സ്ത്രീ എന്തോ എഴുതുന്ന കണ്ടത് .അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് ഒരു പ്രാർത്ഥന പുസ്തകം പകർത്തിയെഴുതുകയാണെന്നു മനസിലായത്.
ഓരോ അക്ഷരം എഴുതാനും നല്ല സമയമെടുക്കുണ്ട്.പക്ഷെ അവർ ഒരു മടിയുമില്ലാതെ എഴുതുകയാണ് .
"എന്താ പകർത്തി എഴുതുന്നേ "? ഞാൻ ഹിന്ദിയിൽ ചോദിച്ചു
പക്ഷേ പുള്ളികാരത്തിക്കു മനസിലായില്ല.ഒന്നുടെ ആഗ്യഭാഷയൊക്കെ ഇട്ടു ചോദിച്ചപ്പോൾ ഒറിയയിൽ എന്തോ പറഞ്ഞു കൂട്ടത്തിൽ പഴയ പുസ്തകം മറിച്ചും കാണിച്ചു.പുസ്തകം ഉപയോഗിക്കാനാവാത്ത വിധം പഴയതായി അതുകൊണ്ടാണ് പുതിയത് ഉണ്ടാക്കുന്നത്.
"പുതിയതൊന്ന് വാങ്ങിച്ചു കൂടെ "
പല രീതിയിൽ ചോദിച്ചെങ്കിലും ആൾക്ക് മനസിലായില്ല.റെയിൽവേ സ്റ്റേഷനിൽ നിന്ന് നടന്നാണ് ഇത്രയും ദൂരം വന്നത് .ഓട്ടോക്കാർ നൂറു രൂപയാണ് പറഞ്ഞത്.അവരോടുള്ള വാശിക്ക് നടന്നതാണ്.ഞാൻ നൂറു രൂപ കൊടുത്തു.ആൾക്ക് മനസിലായെങ്കിൽ പുതിയ പുസ്തകം വാങ്ങട്ടെ.
"എവിടുന്നാ "? (മദ്രാസ് എന്ന വാക്കു ഉണ്ടായിരിക്കുന്നതുകൊണ്ടു എനിക്ക് ചോദ്യം മനസിലായി )
"ഞാൻ കേരളത്തിൽ നിന്നാണ് "
"അവിടെ ഹിന്ദി ആണോ ഭാഷ"(ഇതാണ് ചോദിച്ചതെന്നു ഞാൻ മനസിലാക്കി എടുത്തതാണ് )
"അല്ല മലയാളം ആണ് ,ഇവിടെ ഒറിയ പോലെ അവിടെ മലയാളം "
"വീടുണ്ടോ?" കയ്യിൽ വളകൾ ഒക്കെ കണ്ടപ്പോൾ സ്വർണമാണോ എന്നൊരു സംശയം തോന്നിയിരുന്നു.അപ്പോൾ ചിലപ്പോൾ വീടൊക്കെ ഉണ്ടാവുമല്ലോ
പുള്ളികാരത്തിയുടെ മുഖം വാടി.എന്തൊക്കൊയോ പറഞ്ഞു .എനിക്കൊന്നും മനസിലായില്ല.പറഞ്ഞത് എന്തോ സങ്കടമുള്ള കാര്യമാണെന്നു മാത്രം മനസിലായി.
ഒരു ഫോട്ടോയെടുക്കാം .
പുള്ളികാരത്തി സാരിയൊക്കെ ഒതുക്കി പോസ് ചെയ്തു
ഫോട്ടോ കാണിച്ചപ്പോൾ എന്താ ഒരു ചിരി !!!
യാത്ര പറഞ്ഞു ഇറങ്ങി.
അമ്പലമെല്ലാം ഒന്നുടെ ചുറ്റിക്കണ്ടപ്പോൾ ആണ് പേര് ചോദിച്ചില്ലലോ എന്ന് ഓർത്തത്.
തിരികെ ചെന്നപ്പോൾ അടുത്ത് വേറൊരു അമ്പലവാസിയുമുണ്ട്.അയാൾക്കു ഹിന്ദി അറിയാമായിരിക്കും എന്ന് കരുതി ആളോട് ഇവരുടെ പേരെന്താ എന്ന് ചോദിച്ചു.
"എന്റെ പേരാണോ ചോദിക്കുന്നെ ?ഞാൻ പറയാം "
"സുന്ദരിയമ്മാളു റാവു "
എന്നാൽ ശരി ഞാൻ പോവുവാ എന്നും പറഞ്ഞു തിരികെ നടന്നപ്പോൾ എന്നെ പുറകിൽ നിന്ന് വിളിച്ചു
"സംചാ"? (മനസ്സിലായോ ?) ഒരു കള്ളചിരിയോടെയാണ് ചോദിച്ചതു
(പുള്ളികാരത്തിയ്ക്ക് ആകെ അറിയാവുന്ന ഹിന്ദി വാക്കായിരിക്കണം )
"മനസിലായി "
ഒറീസ്സയിലെ രണ്ടാം ദിനം തുടങ്ങിയതേ ഉള്ളു പക്ഷേ ഈ അതിരാവിലെ തന്നെ സുന്ദരിയമ്മാളു അമ്മയുടെ ചിരി മനസ്സ് നിറച്ചു.
നാലാം ഭാഗം : Click Here


Leave a Comment