Odisha Diaries 04 | Raghurajpur Village | Puri
ഒന്നാം ഭാഗം : Click Here
രണ്ടാം ഭാഗം : Click Here
മൂന്നാം ഭാഗം : Click Here
ഒരു ഗ്രാമത്തിലെ എല്ലാവരും കലാകാരന്മാർ , എല്ലാ വീടിന്റെയും ചുമരുകളിൽ ചിത്രങ്ങൾ.അക്ഷരം പഠിക്കുന്നതിനു മുൻപേ നിറങ്ങളുമായി പ്രണയത്തിലാവുന്ന കുട്ടികൾ . അങ്ങനെയൊരു ഗ്രാമമുണ്ട് അങ്ങ് ഒറീസ്സയിൽ ..രഘുരാജ്പുർ.പുരിയിൽ നിന്നും അരമണിക്കൂർ ബസിൽ സഞ്ചരിച്ചാൽ ഇവിടെയെത്താം. ഒറിസ്സയ്ക്കു പോവാൻ ടിക്കറ്റെടുക്കുമ്പോൾ തന്നെ മനസിലുണ്ടായിരുന്നതാണ് രഘുരാജ്പുർ ഗ്രാമം.ബിസി അഞ്ചാം നൂറ്റാണ്ടു മുതൽ പട്ടചിത്ര ചിത്രങ്ങൾക്കു പ്രസിദ്ധമാണ് രഘുരാജ്പുർ .പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവത്തിനു ഇവിടെ നിന്നുള്ള പട്ടകളാണ് ഉപയോഗിക്കുന്നത് ..Gotipua ഡാൻസിന് പേരുകേട്ട കേളുചരൻ മോഹപത്രയുടെ ജന്മനാടും കൂടിയാണ്.അദ്ദേഹത്തിനാണ് ഒറീസ്സയിൽ നിന്ന് ആദ്യമായി പദമഭുഷൻ കിട്ടിയത്.
ട്രെയിൻ ഒരു നാലഞ്ചു മണിക്കൂർ ലേറ്റ് ആയിരുന്നത് കൊണ്ട് ചെന്ന ആദ്യ ദിവസം കൊണാർക്ക് സൂര്യക്ഷേത്രവും പുരി ബീച്ചിലും ഒതുക്കേണ്ടി വന്നു . അടുത്ത ദിവസം അതിരാവിലെ പുരിയിൽ നിന്ന് ഭുബനേശ്വറിലേക്കു ട്രെയിൻ കിട്ടിയതുകൊണ്ട് കുറച്ചു മണിക്കൂർ അധികം കിട്ടി.ഭുവനേശ്വറിലെ അമ്പലങ്ങളും മറ്റും കണ്ടിട്ട് കലിംഗ യുദ്ധം നടന്ന ധൗളിയും കണ്ടു കഴിഞ്ഞപ്പോൾ ഇനിയും സമയമുണ്ട്.അടുത്ത ദിവസം ചിലികാ തടാകത്തിന്റെ കൂടെ ഈ ഗ്രാമത്തിലും നടത്താം എന്നായിരുന്നു പ്ലാൻ. പക്ഷെ സമയം മിച്ചം ഉള്ളതുകൊണ്ട് ചന്ദൻപുർ പോവാനായി ബസ് നോക്കി നിന്നു .ചന്ദൻപുരിൽ നിന്ന് നടക്കാവുന്ന ദൂരമേ ഉള്ളു ഈ ഗ്രാമത്തിലേക്കു.ഭാഗ്യത്തിന് പുരിയിലേക്കു തിരികെ പോവുന്ന ടാക്സി കിട്ടി. അമ്പതു രൂപ കൊടുത്താൽ മതി.അയാളെന്നെ ചന്ദനപുരിൽ ഇറക്കി. ടാക്സി ആയതുകൊണ്ട് വേഗം എത്താനും പറ്റി .അന്ന് ക്രിസ്മസ് ആയിരുന്നു .എന്നാൽ പിന്നെ അവിടത്തെ പിള്ളേർക്ക് ഒരു കേക്ക് ഒക്കെ വാങ്ങി കൊണ്ടുപോവാം എന്ന് കരുതിയെങ്കിലും കേക്ക് കിട്ടുന്ന ഒരു കടയും അവിടില്ല.അവസാനം കുറച്ചു ബിസ്കറ്റും ഒരു പാക്കറ്റ് മിട്ടായിയും വാങ്ങി ഞാൻ നടന്നു . കേരളത്തെ ഓർമിപ്പിക്കുന്ന ഗ്രാമം. നിറയെ തെങ്ങും വാഴയും മാവും പ്ലാവും .പോവുന്ന വഴിക്കു ഒരു കുഞ്ഞു ചെക്കൻ വന്നു ഹായ് ഒക്കെ പറഞ്ഞു അവനു എന്തേലും ഞാൻ കൊടുക്കണം അതിനാണ് അവന്റെ ഹായ് .ഒരു ബിസ്കറ്റ് ഞാൻ അവനു കൊടുത്തു.പോവുന്ന വഴിക്കു ബോർഡ് ഒക്കെ ഉള്ളതുകൊണ്ട് വഴി തെറ്റില്ല.
ഗ്രാമത്തിലേക്കു കേറുമ്പോ കുറച്ചു കടകൾ ഉണ്ട്. നിങ്ങൾ ഗൈഡിനെ കൊണ്ടൊക്കെ പോവുമ്പോൾ അവർ പറയും ഇതാണ് ഗ്രാമം എന്ന്.അവിടെ നിന്ന് തന്നെ ചിത്രങ്ങൾ വാങ്ങിപ്പിക്കാനും ശ്രെമിക്കും .പക്ഷെ അത് നുണയാണ് .കുറച്ചൂടെ നടന്നാൽ ശെരിക്കുള്ള ഗ്രാമം കാണാം .എന്തായാലും ആദ്യം കണ്ട കടകളിലും ഞാൻ കയറി .ഒന്നും വാങ്ങാനല്ല വെറുതെ കാണാൻ ആണെന് മുൻകൂർ ജ്യാമം എടുത്തിട്ടാണ് രണ്ടിടത്തും കയറിയത് .എല്ലാ പ്രോസെസ്സും അവർ ഭംഗിയായി പറഞ്ഞു തരും .പല പെയിറ്റിംഗ്സും രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകൾ ആണ്.ഗണപതിയുടെ കഥകളാണ് അധികവും .രണ്ടാമത്തെ കട ബിഷ്ണു മോഹപത്രയുടേതാണ്. അയാളൊരു സെർട്ടിഫൈഡ് ആര്ടിസ്റ് ആണെന്നൊക്കെ തട്ടിവിട്ടു .സ്കൂളിലെ ഏതോ സെര്ടിഫിക്കറ്റ് ഉം എടുത്തു കാണിച്ചു .ചില ചിത്രങ്ങളിൽ ഞാൻ വേറെ ചില ഒപ്പുകൾ കണ്ടപ്പോൾ അത് അയാളുടെ അനിയത്തിയുടെയാണ് എന്ന് പറഞ്ഞു .കുറഞ്ഞ വിലയ്ക്കു ഗ്രാമത്തിൽ നിന്ന് വാങ്ങി ഇവിടെ റേറ്റ് കൂട്ടി വിൽക്കുന്ന തട്ടിപ്പാവാനാണ് സാധ്യത .
ചിത്രങ്ങൾ ഒക്കെ നല്ല രസമുണ്ട് പക്ഷേ നല്ല വിലയുമാണ്.കുറച്ചൂടെ നടന്നാൽ ശെരിക്കും ഗ്രാമമാണ് .ഒരു അഗ്രഹാരം പോലെ ഒക്കെ തോന്നും .എല്ലാ വീടിന്റെ ഭിത്തിയിലും ചിത്രപ്പണികൾ ഉണ്ട് . ഗ്രാമത്തിലെ കല്യാണ അറിയിപ്പുകളും ഭിത്തിയിൽ കാണാം .നൂറ്റിഇരുപതു വീടുകളുണ്ട് ആകെ.കുട്ടികളും സ്ത്രീകളും പ്രായമായവരുമൊക്കെ വീടിന്റെ മുൻപിൽ ഇരുന്നു ജോലിയിലാണ്.എല്ലാ വീട്ടുകാരും നമ്മളെ അകത്തേക്ക് വിളിക്കും ഒന്നും വാങ്ങാൻ അല്ല വന്നത് എന്ന് എത്ര പറഞ്ഞാലും അതിനെന്താ ചുമ്മാ കണ്ടാൽ മതിയെന്ന് പറഞ്ഞു നമ്മളെ അകത്തു കേറ്റും .അവർക്കു അവരുടെ ചിത്രങ്ങൾ നമ്മളെ കാണിക്കണം .അവർക്കത്രയേ വേണ്ടു .ഇങ്ങനെ നടന്നു പോവുമ്പോൾ ആണ് രാജൻ എന്ന ചിത്രകാരനെ കണ്ടത്.കക്ഷി വീടിന്റെ വരാന്തയിലിരുന്നു ഒരു ചിത്രത്തിത്തിന്റെ അവസാന മിനുക്കു പണിയിലാണ്.എന്നോട് എവിടുന്നാ എന്ന് ചോദിച്ചു .കേരളത്തിൽ നിന്ന് ആണെന്ന് പറഞ്ഞപ്പോൾ ആൾക്ക് സന്തോഷം . അതെപ്പോഴും എവിടെ പോയാലും അങ്ങനെയാണ്.എവിടുന്നാ എന്ന് ആരേലും ചോദിയ്ക്കാൻ നോക്കി ഇരിക്കുവാണു കേരളം എന്ന് ലേശം അഹങ്കാരം മനസ്സിൽ ഒളിപ്പിച്ചു വിനയത്തോടെ പുറത്തു പറയാൻ.
അദ്ദേഹം ഒന്ന് രണ്ടു തവണ വന്നിട്ടുണ്ട് .കണ്ണൂരും തിരുവന്തപുരത്തും . സർക്കാരിന്റെ ഏതോ പരിപാടിയുടെ ഭാഗമായി വന്നതാണ് .പുള്ളിയുടെ മകൻ എന്നെ അകത്തു കൊണ്ടുപോയി പുള്ളിക്ക് അറിയാവുന്ന ഇംഗ്ലീഷിൽ എല്ലാം വിവരിച്ചു തന്നു .ഹിന്ദി മതിയെന്ന് ഞാൻ പറഞ്ഞതാണ് പക്ഷെ അവനു അവന്റെ ഇംഗ്ലീഷ് പരിജ്ഞാനം കാണിക്കണം എന്നുള്ളതുപോലെ തോന്നി.ചിത്രങ്ങളെല്ലാം നല്ല രസമാണ് കാണാൻ പക്ഷെ വില ഭീകരമാണ് പക്ഷെ ഇതൊക്കെ ഉണ്ടാക്കിയെടുക്കാൻ അവർ നല്ലപോലെ കഷ്ടപെടുന്നുണ്ട് അതിനെയാണ് ഈ വില .പത്തോ ഇരുപതോ ദിവസംകൊണ്ട് ഉണ്ടാക്കിയെടുക്കുന്നവയാണ് മിക്കതും .ചെറുതായൊരു മിസ്റ്റേക്ക് വന്നാൽ ഒന്നിൽ നിന്ന് തുടങ്ങെണ്ടി വരും.എനിക്ക് വാങ്ങണമെന്നുണ്ടായിരുന്നു.എല്ലാം ദൈവങ്ങളുടെയാണ് ഇതെല്ലം വാങ്ങി ഞാൻ എവിടെ കൊണ്ടുപോയി വയ്ക്കാനാണ് ? ഇനിയിപ്പോ കൂട്ടുകാർക്കു വാങ്ങിക്കാമെന്നു വച്ചാൽ നാട്ടിലേക്കു ഇനി എന്നാ എന്നൊരു ഐഡിയയുമില്ല.ചിത്രം ചുളുങ്ങാണ്ട് ബാഗിലിട്ട് നടക്കുന്നതും ഓർത്തപ്പോൾ വേണ്ട എന്ന് തന്നെ വച്ചു.രഘുരാജ്‌പുരിന്റെ അടുത്ത് വേറൊരു വില്ലജ് ഉണ്ട് .ബാങ്ക് ഓഫ് ഇന്ത്യസ്പോൺസർ ചെയ്തു സമ്പൂർണ ഡിജിറ്റൽ വില്ലേജ് ആയിട്ടു പ്രഖ്യാപിച്ച വില്ലേജ്.പോരുന്ന വഴി അതിന്റെ ബോർഡ് കണ്ടിരുന്നു .അതിനെ പറ്റി ചോദിച്ചപ്പോൾ അവൻ നന്നായൊന്നു ചിരിച്ചു .അതിലെല്ലാം ഉണ്ടായിരുന്നു .ഓരോരോ തമാശയെ.
എല്ലാം കണ്ടു തിരികെ പോവാൻ നേരം ഗംഗാധർജി ടൗണിലേക്കാണോ എന്ന് ചോദിച്ചു .ആളും ഇപ്പോൾ പോവും വേണേൽ ലിഫ്റ്റ് തരാം എന്നൊരു ഓഫറും . ആയിക്കോട്ടെ എന്നായി ഞാൻ.ഗംഗാധർജിയും കേരളത്തിൽ വന്നിട്ടുണ്ട് . ഞാൻ കൊണ്ടുവന്ന മിട്ടായിയെലാം പിള്ളേർക്ക് കൊടുക്കണം എന്ന് ഞാൻ പറഞ്ഞപ്പോൾ പുള്ളിക്കാരൻ പുള്ളിക്കാരന്റെ കൊച്ചുമോളെ വിളിച്ചു .കൊച്ചു ആ പാക്കറ്റ് കൊണ്ട് കൂട്ടുകാരുടെ അടുത്തേക്ക് ഓടാൻ തുടങ്ങുമ്പോഴേക്കും കൊച്ചിന്റെ 'അമ്മ പിടിച്ചു നിർത്തി എന്തൊക്കെയോ പറഞ്ഞു .കുറച്ചു എടുത്തു മാറ്റിവെക്കാൻ ആണെന്ന് മനസിലായി.ഗംഗാധർജിയുടെ സ്‌കൂട്ടറിൽ തിരികെ പോവുമ്പോ പിള്ളേർ സ്‌കൂളിലൊക്കെ പോവാറുണ്ടോ എന്ന് ചോദിച്ചു .ഇന്ന് എന്തോ പ്രേത്യേക ദിവസം ആണ് അതോണ്ട് എല്ലാര്ക്കും അവധിയാ അല്ലെങ്കി എല്ലാരും പോവാറുണ്ട് എന്നായിരുന്നു മറുപടി.ഇന്ന് ക്രിസ്മസ് ആണ് ക്രിസ്ത്യാനികളുടെ വലിയ ഒരു ദിവസമാണ് എന്ന് ഞാൻ പറഞ്ഞു മനസിലാക്കി കൊടുത്തു .
പത്താം ക്‌ളാസ് കഴിഞ്ഞു പലരും പഠിത്തം നിർത്തും .ആരും ഡോക്ടാറൊ എൻജിനീയിറങ്ങോ പഠിക്കാൻ പോവാറില്ലേ എന്ന് ചോദിക്കുന്നത് ഓവറാവും എന്ന് കരുതി ആരും കോളേജിൽ പോവാറില്ലേ എന്ന് ചോദിച്ചു .വളരെ കുറച്ചു പേർ പോവും .എല്ലാവരും ചെറുപ്പത്തിലേ പെയിറ്റിംഗ് പഠിക്കും .പിന്നെ പഠിക്കാൻ എവിടുന്നാ നേരം ? ഒരു അഞ്ചു പേര് നഴ്സിംഗ് എങ്കിലും പഠിച്ചു പുറത്തു പോയിരുന്നെകിൽ ഈ ഗ്രാമത്തിന്റെ കഥ തന്നെ മാറിയേനെ. ചിലപ്പോ അതിലും നല്ലത് ഇങ്ങനെ തന്നെ ആയിരുന്നക്കുന്നതാവും .അവരുടെ വീടിന്റെ മുൻപിൽ ഇരുന്നു ജോലി ചെയ്യാം.അവർ അവരുടെ ജീവിതത്തിൽ സന്തുഷ്ടറുമാണ് .നമ്മളെപ്പോലെ പ്രവാസികൾ ആയിരുന്നിട്ടു സെന്റി അടിക്കുന്നതിലും ഭേദം ഇതല്ലേ ?
ഗംഗാധർജി എന്നെ ഓട്ടോയുടെ ഫ്രണ്ടിൽ ഇരുത്താൻ ശ്രെമിച്ചെങ്കിലും ഓട്ടോയുടെ ഏറ്റവും പുറകിൽ ഇരുന്നു പോവാനുള്ള കൊതി പറഞ്ഞു ഞാൻ പുറകിലത്തെ സീറ്റിന്റെ പുറകിൽ ഒരു അപ്പാപ്പന്റെ കൂടെ റോഡിനു അഭിമുഖമായി ഇരുന്നു.
പുരിയും കൊണാർക് സൂര്യക്ഷേത്രവും മാത്രമല്ല ഒറീസ , കാണാൻ ഒരുപാടുണ്ട്. ഇങ്ങനെ ചില വില്ലേജുകളും ചിലികാ തടാകവും ,ഭുബനേശ്വറിലെ അമ്ബലങ്ങളും അങ്ങനെ ഒരുപാട്.
അഞ്ചാം ഭാഗം : click here





Leave a Comment