ഒന്നാം ഭാഗം : Click Here രണ്ടാം ഭാഗം : Click Here
മൂന്നാം ഭാഗം : Click Here
നാലാം ഭാഗം : Click Here
ബാലുഗൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി ചിലിക്കാ കായലിലേക്ക് നടക്കുന്ന എന്നേ ചിലർ തുറിച്ചു നോക്കുന്നു.സംഭവം ഞാൻ ഈ നാട്ടുകാരനല്ലാ എന്നാലും ഇമ്മാതിരി തുറിച്ചു നോട്ടം മുൻപെവിടേം കണ്ടിട്ടില്ല.പിന്നെയാണ് സംഭവം മനസിലായത്.എന്റെ തോളിൽ തൂക്കി ഇട്ടിരിക്കുന്ന ബാഗിൽ നിന്നും ഒരു കേബിൾ എന്റെ ജീൻസിന്റെ പോക്കറ്റിലേക്ക് പോകുന്നു പോക്കറ്റിൽ നിന്നും വേറൊരു കേബിൾ പുറത്തേക്കു വന്നു എന്റെ ചെവിയിലേക്കും.പവർബാങ്കിൽ നിന്നും ചാർജ് ചെയ്യുന്നതാണ് ആദ്യത്തെ കേബിൾ.രണ്ടാമത്തേത് എന്റെ ഹെഡ്സെറ്റും. ഞാൻ പവർബാങ്ക് ബന്ധം വിച്ഛേദിച്ചു നടന്നു..എന്തെങ്കിലും കഴിച്ചിട്ടാവാം കായലിലേക്കു പോവുന്നത്.ഒരു ചെറിയ “ചായക്കട “ കണ്ടപ്പോൾ അവിടെ കയറി.അവിടത്തെ പ്രധാന കടയാണെന്നു തോന്നുന്നു.കേറി ചെല്ലുമ്പോൾ ഏതാണ്ടൊക്കെ പലഹാരങ്ങൾ വലിയ കുട്ടകളിൽ നിറച്ചു വച്ചിട്ടുണ്ട്.ചിലർ ദോശ കഴിക്കുന്നത് കണ്ടു ഞാൻ ദോശ പറഞ്ഞു.
“എന്നാൽ ഒരു പ്ലേറ്റ് പൂരി , പിന്നെ ഒരു ചായയും “
(ചായ ഇല്ലാത്ത ചായക്കടയോ !!!!! ? )
ഒരു അഞ്ചു പൂരിയും ഗ്രീൻപീസ് കറിയും തേങ്ങാ ചമ്മന്തിയും സാമ്പാറും .പൂരിയുടെ വലിപ്പം ചെറുതാണ്.ഒറീസ്സയിൽ നിന്ന് കഴിച്ചപ്പോളെല്ലാം അങ്ങനെയായിരുന്നു.ഒരു പക്കവാട പോലൊരു സംഭവം കേറി വന്നപ്പോഴേ ശ്രദ്ധിച്ചിരുന്നു.അതിപ്പോ എങ്ങനെയാ പേരറിയാണ്ട് ചോദിക്കുക.വട എന്ന് പറഞ്ഞാൽ ശെരിയാവില്ല വേറെയും പലതും അവിടുണ്ടല്ലോ.അപ്പോൾ കേറി വന്ന ഒരു ഫാമിലിയിലെ രണ്ടു ചേട്ടന്മാർ അത് കഴിക്കുന്നത് കണ്ടു അവസാനം ഞാൻ ഒരു ചെക്കനോട് അവർ കഴിക്കുന്നത് രണ്ടെണ്ണം തരാൻ പറഞ്ഞു.പലഹാരം നല്ലതായിരുന്നു .ഒരു ചായയും കൂടെയുണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ.പൂരി തന്ന ചേട്ടനോട് പലഹാരം തന്ന ചേട്ടൻ ഞാൻ രണ്ടു പലഹാരം കഴിച്ചു എന്ന് കൂടെ കൂടെ ഓര്മിപ്പിക്കുന്നുണ്ടായിരുന്നു.ചെറിയൊരു കടലാസ്സിൽ ബിൽ എഴുതി തന്നു.
28 രൂപ !!! പൂരിയ്ക്കു അപ്പോൾ 20 ആയിരിക്കും പലഹാരം 2 * 4 = 8
(35 രൂപയ്ക്കു രണ്ടു ഉണക്ക ഇഡ്ഡലി ഡൽഹിയിൽ കഴിച്ചിരുന്ന ഞാൻ ഞെട്ടിപ്പോയി)
റെയിൽവേ സ്റ്റേഷനിൽ നിന്ന് നടക്കാവുന്ന ദൂരമേ കായലിലേക്കുള്ളൂ.പുരി ,കുർദ്ദാ ,ഗൻജം എന്നീ മൂന്ന് ജില്ലകളായി വ്യാപിച്ചു കിടക്കുന്ന ലവണജലം നിറഞ്ഞ ഈ കായൽ ഇന്ത്യയിലെ ഏറ്റവും വലിയ കായലാണ് ചിലിക്കാ തടാകം.ഏഷ്യയിലെ തന്നെ ഏറ്റവും വലുതാണിത്.ലോകത്തിലെ രണ്ടാമത്തേതും.ദയ നദിയാണ് പ്രധാന ജലസ്രോതസ്.ഇരുന്നൂറോളം ദേശാടനപക്ഷികൾ ഇവിടെയെത്തുന്നു.പക്ഷി നീരിക്ഷകർക്കു പറ്റിയ സ്ഥലമാണിത്.ഒക്ടോബർ മുതൽ -മാർച്ച് വരെയാണ് ചിലിക്കാ തടാകം സന്ദർശിക്കുവാൻ പറ്റിയ സമയം.ഡിസംബർ - ജനുവരി മാസങ്ങളാണ് പക്ഷി നിരീക്ഷണത്തിനു ഉത്തമം.river dolhpin മറ്റൊരു പ്രധാന ആകർഷണമാണ്.കായലിലെ മൽസ്യസമ്പത്തു കായൽ തീരത്തെ നൂറ്റി മുപ്പതോളം ഗ്രാമത്തിലെ ഒന്നരലക്ഷം ആൾക്കാർക്കു ഉപജീവനമാർഗമാണ്.”മോട്ടോ “എന്ന ഗ്രാമത്തിനടുത്തു വച്ച് ഇത് ബംഗാൾ ഉൽകടലിനോട് ചേരുന്നു.അടുത്തിടെ സദ്പദയിലും കനാൽ തുറന്നിട്ടുണ്ട്.
ജനുവരി മാസത്തിലെ മകരസംക്രാന്തി ദിവസത്തിൽ കാളീജി ദ്വീപിലെ അമ്പലത്തിൽ നടക്കുന്ന ഉത്സവം ഒറീസയിലെ തന്നെ പ്രധാനപെട്ട ഒരുത്സവമാണ്.
ഇന്ന് വേറൊരു പരിപാടിയും അജണ്ടയിലില്ല.ഒറീസ്സയിലെ മൂന്നാം ദിവസമാണിന്നു.രാത്രി ഒന്പതരയ്ക്കാണ് കൊൽക്കത്തയിലേക്കുള്ള ട്രെയിൻ.ബാഗ് ഞാൻ പുരി സ്റ്റേഷനിൽ വച്ചിട്ടുണ്ട്.ആദ്യം ഞാൻ താമസിച്ചിരുന്ന പദ്മ ലോഡ്ജിൽ ഒരു ദിവസത്തെ വാടക കൂടെ കൊടുത്തു അവിടെ ബാഗ് വയ്കാനായിരുന്നു പ്ലാൻ.രണ്ടാം ദിനത്തിലെ ബുഭനേശ്വറിലെ കറക്കം കഴിഞ്ഞു രാത്രി ഞാൻ അവിടത്തെ ആളോട് പോയി കാര്യം പറഞ്ഞു.
“നാളെ രാത്രിയാണ് എന്റെ ട്രെയിൻ.രാവിലെ ചിലിക്കാ കാണാൻ പോണം .ബാഗ് ഇവിടെ വയ്ക്കാൻ പറ്റുമോ “
“എന്നാൽ റൂം ഒരു ദിവസത്തേക്ക് കൂടെ എടുക്കാം.ഞാൻ 300 തരാം “
“അത് പറ്റില്ല സർ , രണ്ടു ദിവസത്തേക്കല്ലേ ഞാൻ റൂം തന്നേ അതുകൊണ്ടാണ് 600 ആയതു ഇനി ഒരു ദിവസം കൂട്ടണമെങ്കിൽ 500 ആവും “
(പരിഹാസത്തിൽ ലേശം പുച്ഛം കൂട്ടികലർത്തിയാണ് സംസാരം )
(അദ്ദേഹം അവസരം മുതലാക്കുകയാണ്.റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂമിൽ വയ്ക്കാൻ ഞാൻ അന്വേശിച്ചതാണ് പക്ഷേ അവിടെ വയ്ക്കുമ്പോൾ ബാഗെല്ലാം പൂട്ടിയിട്ടു വയ്ക്കണം അല്ലെങ്കിൽ അവർ സമ്മതിക്കില്ല അതുകൊണ്ടാണ് ഇങ്ങേരോട് ചോദിക്കേണ്ടി വന്നത് “)
“എന്നാൽ വേണ്ട ഞാൻ രാവിലെ ഇറങ്ങിക്കൊള്ളാം “
“എന്നാൽ ഒരു 400 നു തരാം ഒന്നുമില്ലെങ്കിലും രണ്ടു ദിവസം താമസിച്ചതല്ലെ “ (ഔദാര്യം)
“ഓ വേണ്ടാ ഞാൻ രാവിലെ 6 നു ഇറങ്ങിക്കൊള്ളാം “
ക്ലോക്ക് റൂമിൽ വയ്ക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ അതും തൂക്കിക്കൊണ്ടു നടന്നോളാം ഒരു ദിവസം എങ്കിലും ഇങ്ങേർക്ക് ഒരു രൂപ കൊടുക്കില്ല .
രാവിലെ ക്ലോക്ക് റൂമിൽ ചെന്നപ്പോൾ അവിടുത്തെ ആൾക്ക് ഒരു കുഴപ്പവുമില്ല.rucksack ആണ് പൂട്ടാൻ ഒരു നിർവഹവുമില്ല എന്ന് പറഞ്ഞത് അയാൾക്കു മനസിലായി.വെറും 20 രൂപയ്ക്കു കാര്യം നടന്നു.balugaon ലേക്ക് ടിക്കറ്റുമെടുത്തു ഞാൻ ട്രെയിനിൽ കയറി.പാസ്സഞ്ചർ ട്രെയിൻ ആണ് അത് balugaon വരെ പോകുമെങ്കിലും khurda ജക്ഷനിൽ ഇറങ്ങി വേറൊരു വിശാഖപട്ടണം പോകുന്ന ട്രെയിനിൽ മാറി കേറി അതാവുമ്പോ ഒരു 2 മണിക്കൂർ ഏകദേശം ലാഭിക്കാം.
സ്റ്റേഷനിൽ ഇറങ്ങിയ എന്നെ ടിക്കറ്റു ചെക്ക്ർ പിടിച്ചു.
“അങ്ങോട്ട് മാറി നിക്ക് “എന്നും പറഞ്ഞു അയാൾ ബാക്കിയുള്ളവരുടെ ടിക്കറ്റു നോക്കി.എനിക്ക് കാര്യം മനസിലായില്ല.പരിശോധന കഴിഞ്ഞപ്പോ പറഞ്ഞു മനസിലാക്കി തന്നു .ടിക്കറ്റു പാസ്സഞ്ചർ ആണ് വന്നത് എക്സ്പ്രെസ്സിലും.അതാണ് പ്രെശ്നം.
ടിക്കറ്റെടുത്തപ്പോൾ ഞാനത് ശ്രദ്ധിച്ചില്ലായിരുന്നു.ആദ്യമായാണ് എനിക്ക് ഇങ്ങനെ പറ്റുന്നത്. 500 ആണത്രേ ഫൈൻ.എന്നെ അയാളുടെ റൂമിലേക്ക് കൊണ്ടുപോയി .എനിക്ക് അറിയില്ലായിരുന്നു,ഒറീസ കാണാൻ വന്നതാ എന്നൊക്കെ പറഞ്ഞിട്ടും നോ രക്ഷ.അവസാനം കൈയിലുള്ള 100 രൂപ എടുത്തു .അതല്ലാതെ എന്റെ കൈയിൽ ഉള്ളത് 2000 ന്റെ നോട്ടാണ്.അതെങ്ങാനും കണ്ടാൽ പണിയാകുമോ എന്ന് കരുതി പേടിച്ചെങ്കിലും 100 കണ്ടതേ ആള് വീണു.പിന്നേ കസേരയിൽ ഇരുത്തി വിശേഷം ചോദിക്കൽ തുടങ്ങി.എന്താ എവിടുന്നാ എന്നൊക്കെ.അതല്ലേലും അങ്ങനെയാണാലോ കൈക്കൂലി കൊടുത്താൽ പിന്നേ അവർ നമ്മുടെ സ്വന്തം ആളായി.കിട്ടിയ അവസരം ഞാനും മുതലാക്കി.റിവർ ഡോൾഫിനെ കാണാൻ എന്നും പറഞ്ഞു ബോട്ടിങ്ങിനു പോവണ്ട എന്ന് അയാൾ പ്രത്യേകം പറഞ്ഞു .ഡോൾഫിനെ കാണാനൊരു സാധ്യതയുമില്ലത്രേ.കഴിഞ്ഞ ദിവസം കുടുംബവുമായി പോയി പൈസ കളഞ്ഞ രസീതും കാണിച്ചു തന്നു.ചിലികയിലേക്കു പോവുന്നുള്ള വഴിയും അങ്ങേരു പറഞ്ഞു തന്നു.ഇറങ്ങാൻ നേരം ഞാൻ 2000 നു ചില്ലറ ചോദിച്ചു. വേറൊരു ഓഫിസിൽ കൊണ്ടോയി എനിക്ക് വേണ്ടപോലെ ചില്ലറ തന്നു.
എന്തൊരു സ്നേഹം.
Breakfast ഉം കഴിച്ചു ഞാൻ സ്ഥലത്തെത്തി.ടിക്കറ്റെടുക്കേണ്ട കൗണ്ടറിൽ നല്ല തിരക്കാണ്.വലിയൊരു ബോർഡിൽ എല്ലാ വിവരങ്ങളും വിശദമായിട്ടുണ്ട്.പലതരം ബോട്ടിംഗുകൾ ഉണ്ട്.പല പല ദ്വീപിലേക്ക് പല ദൈർഘ്യമുള്ള പല വലിപ്പമുള്ള പാക്കേജുകളുണ്ട്.സോളോ ആയിട്ടു വന്ന ഞാൻ ശെരിക്കും പെട്ടു.ഏതേലും ഗ്രൂപ്പിൽ ചേരാൻ കുറെ നേരം നോക്കി നിന്നെങ്കിലും ആരെയും കിട്ടിയില്ല.ഭാഷയും ഒരു പ്രേശ്നമാണ്.ഹിന്ദി അറിയാവുന്നവർ ചുരുക്കം.പിന്നെ ടിക്കറ്റു ചെക്കർ പറഞ്ഞതുപോലെ കാളീജി അമ്പലത്തിലേക്കു പോവാനായിരുന്നു എന്റെ പ്ലാൻ..100 കൊടുത്താൽ മതി അങ്ങോട്ടും ഇങ്ങോട്ടും.പോകാനുള്ള ആളാവുമ്പോൾ അവർ മൈക്കിലൂടെ പേര് വിളിച്ചു പറയും.
ബോട്ട് ശെരിക്കും ബാലൻസ് ആവാൻ വേണ്ടി ബോട്ടിലെ ആൾകാർ പലരോടും മാറി ഇരിക്കാൻ പറഞ്ഞെങ്കിലും ആരും കേട്ട ഭാവം നടിച്ചില്ലാ. ഒരു ലൈഫ് ജാക്കറ്റുപോലും ഇല്ലാതെ ആ കായലിലൂടെ ഒന്ന് രണ്ടു മണിക്കൂർ പോവേണ്ടതാണ്.ഞാനൊഴികെ എല്ലാരും കുടുംബയാണ് ഇരിക്കുന്നത്.
എന്ന ഭാവമാണ് അവർക്കു.ഹെൽമെറ്റ് വയ്ക്കാതെ ബൈക്കിൽ പോവുമ്പോഴും സീറ്റ് ബെൽറ്റിടാതെ കാറോടിക്കുമ്പോഴും പലർക്കുമുള്ള അതേ ഭാവം തന്നെ.വണ്ണമുള്ള ഒരു ചേട്ടൻ മറുവശത്തു ഇരുന്നെങ്കിലും ബോട്ട് യാത്ര ആരംഭിച്ചപ്പോൾ ബോട്ടിലെ ജീവനക്കാർ കാണാതെ മറുവശത്തു വന്നിരുന്നു.എനിക്ക് ഒറിയ അറിയുമായിരുന്നെങ്കിൽ ഞാൻ എന്തേലും പറഞ്ഞേനെ.
ഞാൻ സൈഡിൽ ഇരുന്നെങ്കിലും ഒരു കുടുംബം നീങ്ങി നീങ്ങി ഈ വശത്തേക്കു വന്നപ്പോൾ ഞാൻ സുല്ലിട്ടു അപ്പുറത്തു ഇരുന്നു.ബോട്ടിൽ കേറുന്ന വെള്ളം പുറത്തേക്കു കോരി കളയുന്ന ചെക്കനേയും നോക്കി ഇരുന്നു.സ്‌കൂളിൽ പോവണ്ട പ്രായം!സ്‌കൂളിൽ പോവാണെങ്കിൽ ഇവനിപ്പോൾ ചിലപ്പോ അഞ്ചാം ക്ലാസിലാവും കായലിനോട് ചേർന്നു ഏതാണ്ട് നൂറ്റി മുപ്പതോളം ചെറിയ ഗ്രാമങ്ങൾ മൽസ്യബന്ധനം നടത്തി ജീവിക്കുന്നു.ഇവനും അതിലൊരു ഗ്രാമത്തിൽ നിന്നാവും.ബോട്ടിലെ “കപ്പിത്താൻ” ഇടയ്ക്കവനെ വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ വഴക്കു പറയുന്നുമുണ്ട്.
എന്റെ സ്ഥലം കയ്യേറിയ കുടുംബം അവരുടെ കയ്യിലുള്ള സഞ്ചി തുറന്നു.മിച്ചർ,പൊരി,പഴം,ബിസ്കറ്റ് എന്ന് വേണ്ടാ ഏതോ അമ്പലത്തിൽ ഉടച്ച തേങ്ങയുടെ ബാക്കി വരെ അവർ തിന്നുന്നുണ്ട്.അവരുടെ ചെറിയ ചെക്കൻ എപ്പോ വേണമെങ്കിലും കായലിലേക്ക് ചാടാം അങ്ങനെയാണ് അവന്റെ ഇരിപ്പ്. അച്ചനും അമ്മയ്ക്കുമില്ലാത്ത ശ്രദ്ധ എനിക്കെന്തിനാ ? ഞാൻ ഒന്നും പറഞ്ഞില്ല.തീറ്റ കഴിഞ്ഞപ്പോൾ അവർ ഫോട്ടോ സെക്ഷൻ തുടങ്ങി , ചെക്കനെ വെള്ളത്തിലേക്ക് ഇടുന്നപോലെ വരെ ഫോട്ടോസെടുക്കുന്നു !!
ഏതാണ്ടൊരു ഒന്നര മണിക്കൂർ യാത്രയുണ്ട് കാളീജി ദ്വീപിലേക്ക്.കുറച്ചു കഴിഞ്ഞാൽ പിന്നെ ചുറ്റും വെള്ളം മാത്രമേ ഉള്ളൂ.കര കാണാൻ കഴിയില്ല.സത്പദ സൈഡിൽ നിന്നും ഇന്ദ്രപ്രസ്ഥ ദ്വീപിൽ നിന്നും വരുന്ന ബോട്ടുകളും ഇടയ്ക് കാണാം. സത്പദ ബംഗാൾ ഉൾകടലിന്റെ വശത്താണ്.പുരിയിൽ നിന്ന് അങ്ങോട്ട് ബസ്സു കിട്ടും.എനിക്ക് ശെരിക്കു അബദ്ധം പറ്റിയതാണ്.ആ വശത്തേക്കു പോയാൽ മതിയായിരുന്നു.അവിടെയും ഇതുപോലെ ബോട്ടിങ് സൗകര്യങ്ങൾ ഒരുപാടുണ്ട് .
ദ്വീപിൽ ചിലവഴിക്കാൻ ഒരു മണിക്കൂർ കിട്ടും.നല്ല തിരക്കാണ് അമ്പലത്തിൽ.ലിംഗരാജ അമ്പലത്തിന്റെ അകത്തു കണ്ട ഒരു ആചാരം ഇവിടെയും കണ്ടു.ചുമന്ന കുപ്പിവളയും കറുത്ത കുപ്പിവളയും കൂടി കെട്ടി ഒരു സ്ഥലത്തു ഇടുന്നു.രണ്ടെണ്ണം കെട്ടുന്നതിൽ നിന്ന് ഊഹിക്കാവുന്നതേയുള്ളു കല്യാണം നടക്കാനാവും എന്ന്.ദ്വീപിൽ എല്ലാത്തിനും കുറച്ചു വില കൂടുതലാണ്.പല ഭാഗത്തു നിന്ന് വരുന്ന ബോട്ടുകൾ അടുപ്പിക്കുന്നതും നോക്കി കുറച്ചു നേരം നിന്നു.ഒരു മണിക്കൂർ എനിക്ക് ധാരാളമായിരുന്നു.എല്ലായിടത്തും നടന്നു കണ്ടു. “തീറ്റ ഫാമിലി “ ബജ്ജിയും വടയും കഴിച്ചുകൊണ്ട് അവരുടെ കലാപരിപാടികൾ തുടർന്നു.
Jaai എന്ന് പേരുള്ള ഒരു നവവധു അച്ഛനുമായി ഭർത്താവിന്റെ വീട്ടിലേക്കു ബോട്ടിൽ പോവുന്ന സമയത്തു അപകടമുണ്ടായി എല്ലാരേയും രക്ഷപെടുത്തിയെങ്കിലും Jaii യെ മാത്രം രക്ഷപെടുത്താനായില്ല.അവരാണ് കാലിജിയായി മാറിയെന്നതാണ് വിശ്വാസം.
ബോട്ടിലെ കുഞ്ഞു ചെക്കനാണ് എല്ലാരേയും കണ്ടുപിടിച്ചു ബോട്ടിലേക്ക് തിരികെ എത്തിക്കുക.
തിരികെ പോകുമ്പോൾ “തീറ്റ ഫാമിലിയ്ക്കു “ വേണ്ടി ചില ഫോട്ടോസ് എടുത്തുകൊടുക്കേണ്ടി വന്നു.
തിരികെ കരയിലെത്തി ഇറങ്ങാൻ നേരം അങ്ങോട്ട് പോയപ്പോളൊന്നു ചിരിച്ചു കാണിച്ചതിന്റെ പ്രതിഫലമായി ചെക്കൻ എന്നോട് കാശ് ചോദിച്ചു.ഞാൻ കൈയിലുള്ള ബിസ്കറ്റ് പാക്കറ്റ് രണ്ടെണ്ണം കൊടുത്തു.ചെക്കനത് ഇഷ്ടമായില്ലെങ്കിലും ഞാൻ ഒന്നുടെ ചിരിച്ചു കാണിച്ചിട്ടു ഞാൻ പോന്നു.വേറെ ആരോടും അവൻ പൈസ ചോദിച്ചില്ല.ചെറുതായൊന്നു കമ്പനിയായ എന്നോട് മാത്രം.
അവിടൊക്കെ ചുറ്റി കുറച്ചു കറങ്ങി തിരിഞ്ഞിട്ടു തിരികെ പോകുവാൻ ട്രെയിൻ നോക്കിയപ്പോൾ ദാ ഒരു പാസഞ്ചർ വൈകിയോടുന്നു.ഞാൻ സ്റ്റേഷനിലേക്ക് ഓടി.ടിക്കറ്റെടുത്തു ട്രെയിനിൽ കയറിയതും ട്രെയിൻ സ്റ്റാർട്ട് ചെയ്തു.എല്ലാടത്തും നിർത്തി നിർത്തി പയ്യെയാണ് ട്രെയിൻ പോവുന്നത്.എനിക്കൊരു ധൃതിയുമില്ലാ khurda ജങ്ങ്ഷൻ എത്തിയപ്പോൾ വേറെ ട്രെയിനിൽ മാറി കയറാൻ തോന്നിയില്ല.
Khurdha വരെ ട്രെയിൻ ഏതാണ്ട് കാലിയായിരുന്നു.ഇടയ്ക്കൊരു കാവിയുടുത്ത സോളോ ട്രാവലർ കയറിയിരുന്നു.കേരളത്തിലൂടെയാണ് പോകുന്നതെന്ന് തോന്നും ഒറീസയിലൂടെ യാത്ര ചെയുമ്പോൾ ഇരുവശത്തും നെൽപ്പാടങ്ങൾ മാത്രം.
നാളെ ഈ സമയം ഞാൻ കൊൽക്കത്തയിലായിരിക്കും.നാളെ രാവിലെ അവിടെത്തുമെന്നു കൂട്ടുകാരൻ നെഹാലിനെ വിളിച്ചു ഓർമിപ്പിച്ചു.നീ തന്നേ വരുവോ അതോ സ്റ്റേഷനിൽ വരണോ എന്നൊക്കെ നെഹാൽ ചോദിക്കുന്നത് ഇതിപ്പോ അഞ്ചാം തവണയാണെന്നു തോന്നുന്നു.വിലാസം കയ്യിലുണ്ടല്ലോ ഞാനങ്ങു എത്തിക്കോളാം എന്ന് പറഞ്ഞിട്ടും അവനൊരു സമാധാനമില്ല.തിരുവനന്തപുരത്തു ട്രെയിനിങ് കാലത്തു കൂട്ടായതാണ് ഞങ്ങൾ.ബീഹാറുകാരനാണു.അവിടെ എന്റെ റൂംമേറ്റ് ആയിരുന്ന പ്രസൂണും നേഹലും ഇപ്പോൾ കൊൽക്കത്തയിൽ ഒരുമിച്ചു താമസിക്കുന്നു.ഞങ്ങൾക്ക് മൂന്നാൾക്കും ഡൽഹി കിട്ടുമെന്നാണ് കരുതിയത്.പക്ഷേ എനിക്ക് ഡൽഹി ബ്രാഞ്ചും അവർക്കു രണ്ടാൾക്കു കൊൽക്കത്തയുമാണ് കിട്ടിയത്.ഒറീസ-കൊൽക്കത്ത പ്ലാനിട്ടത് അവരെയും കാണാമല്ലോ എന്നുകൂടി കരുതിയാണ്.
Leave a Comment