Thenkasi Tales | Palaruvi Waterfalls | Border Porotta | Courtallam

ഞാനും തടിയനും പണ്ടൊരിക്കൽ  ഞങ്ങളുടെ സ്‌കൂട്ടറിൽ തിരുവനന്തപുരത്തു നിന്നും തെങ്കാശി വരെ പോയിട്ടുണ്ട്.ഞങ്ങളുടെ വണ്ടിയിൽ അവിടെ വരെ എത്തില്ലെന്നും , വണ്ടി അവിടെ ഇട്ടിട്ടു വരുമെന്നൊക്കെ പലരും പറഞ്ഞെങ്കിലും ഞങ്ങൾ വണ്ടിക്കൊന്നും പറ്റാതെ തിരിച്ചെത്തിയിരുന്നു. അന്ന് പോയപ്പോൾ കണ്ണറപ്പാലവും തിരുമലയ് കോവിലും കുട്രാലം വെള്ളച്ചാട്ടങ്ങളും സുന്ദരപാണ്ഡ്യാപുരം ഗ്രാമവുമെല്ലാം പോയെങ്കിലും പോകുന്നവഴിയിലെ ‘റഹ്മത് ബോർഡർ പൊറോട്ട ‘ എന്ന ഫേമസ് ഹോട്ടൽ മിസ്സായി. 


ആലപ്പുഴ പോയി വന്നിട്ട് അടുത്ത ഞായറാഴ്ച എവിടെ പോകണം എന്നാലോചിച്ചു ഇരിക്കുമ്പോഴാണ് ബോർഡർ പൊറോട്ട കഴിക്കാൻ തെങ്കാശി പോയാലോ എന്ന പ്ലാൻ ഇട്ടതു.ഭക്ഷണം കഴിക്കാൻ വേണ്ടി അത്രയും ദൂരം പോകുന്നത് വട്ടാണ് എന്ന് തോന്നുമെങ്കിലും അങ്ങനെ പോകുന്നവർ ഒരുപാടുണ്ട്. പിന്നെ യാത്രയ്‌ക്കൊരു ഡെസ്റ്റിനേഷൻ മാത്രമാണല്ലോ ഇതൊക്കെ. അതിലേക്കെത്തുന്ന യാത്രയാണല്ലോ രസം.



പ്രണവിനോട് ഈ പ്ലാൻ പറഞ്ഞപ്പോൾ ആൾ റെഡി. പ്രണവിന്റെ ബൈക്കിനു പോയിവരാനാണ് പ്ലാൻ . ഏതാണ്ട് നൂറു കിലോമീറ്ററുണ്ട് അവിടം വരെ. എന്തായാലും പോകുന്നതല്ലേ  അപ്പോൾ പോകുന്ന വഴി കാണാനുള്ള സ്ഥലങ്ങളും ഞങ്ങൾ അന്വേഷിച്ചു. ഞായറാഴ്ച രാവിലെ ആറിന് യാത്ര തുടങ്ങാമെന്ന് പ്ലാനിട്ടു.



ബോര്ഡറില് കടത്തിവിടുമോ എന്ന പേടി ഉണ്ട് . എനിക്ക് രണ്ടു ഡോസ് വാക്‌സിൻ കിട്ടിയതാണ്.  പ്രണവിന് അടുത്ത കാലത്തു covid വന്നതുകൊണ്ട് രണ്ടാമത്തെ ഡോസ് എടുത്തിട്ടില്ല. അതും പറഞ്ഞു ബോര്ഡറില് പ്രശ്നമാവുമോ എന്ന പേടിയുണ്ട്. കടത്തി വിടുമെന്ന പ്രതീക്ഷയിൽ പോകാൻ തന്നെ തീരുമാനിച്ചു. 



രാവിലെ എണീറ്റ് കുളിച്ചു ഞാൻ റോഡിലെത്തിയപ്പോഴേക്കും പ്രണവ് എത്തിയിരുന്നു. രാവിലെ ആയതുകൊണ്ട് ചെറിയ തണുപ്പുണ്ട്. ഇടയ്ക്കൊരു ചായ കുടിക്കാൻ നിർത്തിയത് ‘ചല്ലിമുക്ക്’ എന്ന സ്ഥലത്താണ്. 



ഒരു ചെറിയ ബേക്കറി പോലൊരു കട. പേര് ‘ടേസ്റ്റ് ബൂസ്റ്റർ’. വീടിനോട് ചേർന്ന കടയാണ്. ചായ ചോദിച്ചപ്പോൾ എടുക്കാൻ ചേട്ടൻ അകത്തേക്ക് പോയി.  കട്ടപ്പ ചിപ്പ്സും ബാഹുബലി ചിപ്പ്സുമൊക്കെ അവിടുണ്ട്. അവിടെ വേറൊരു ചേട്ടനുമുണ്ട്.


                                                     




ബോർഡറിൽ കടത്തിവിടുമോ എന്ന് ചോദിച്ചപ്പോൾ വണ്ടിയൊക്കെ പോകുന്നുണ്ട് എന്ന ചേട്ടന്റെ മറുപടിയാൽ ഞങ്ങൾ ചെറിയൊരു ആശ്വാസം കണ്ടെത്തി. എങ്ങോട്ടാ എന്ന ചോദ്യത്തിന് ചുമ്മാ കറങ്ങാൻ എന്ന് പറഞ്ഞപ്പോൾ അത്രയും ദൂരം പോകണ്ടേ എന്നൊക്കയായി പുള്ളിയുടെ ചോദ്യം 


നൂറു കിലോമീറ്റർ അത്രയും വലിയ ദൂരമാണോ ?



അപ്പോഴേക്കും ചായയുമായി ചേട്ടനെത്തി. വലിയ കപ്പ്, ബൂസ്റ്റും ഇട്ടിട്ടുണ്ട്. കടയിലെ ചേട്ടനും കറങ്ങാൻ പോകുന്നതാണോ എന്ന് ചോദിച്ചു. 


പിന്നെ അങ്ങേര് പണ്ട് തെങ്കാശി പോയ കഥകൾ പറയാൻ തുടങ്ങി. രാത്രിയിൽ വേറെ ബസ് കിട്ടാത്തപ്പോ പാലുവണ്ടിയിലും പാണ്ടിലോറിയിലുമൊക്കെ കേറി വന്ന അനുഭവങ്ങളുണ്ട് ആൾക്ക്. 


അദ്ദേഹം പതിനൊന്നു തവണ വീടുമാറിയതാത്രേ !!!  


ചായ നല്ലതായിരുന്നു.ബൂസ്റ്റൊക്കെ ഇട്ടിട്ടുണ്ടെങ്കിലും പത്തു രൂപയെ ഒരു ചായക്കുള്ളു. 


ഞങ്ങൾ യാത്ര തുടർന്നു. ഇനി കണ്ണറപ്പാലം എത്തുമ്പോൾ നിർത്തണം. 


 
 

                                             



Pranav


കുറച്ചു വര്ഷങ്ങള്ക്കു മുൻപേ ട്രെയിൻ ഓടിയിരുന്നുവെങ്കിലും ഇപ്പോൾ ഇതിലെ ട്രെയിൻ ഇല്ല.ഞങ്ങൾ പാളത്തിലൂടെ കുറച്ചു നടന്നു. തിരികെ വന്നു കുറച്ചു ഫോട്ടോസൊക്കെ എടുത്തു താഴേക്കിറങ്ങി. അവിടെ രണ്ടു ചേട്ടന്മാർ നിൽപ്പുണ്ട്. 


"ഇത് തന്നെയാണോ ആ പാലം “?


“അതെ “


“ഇത് കഴിഞ്ഞു വേറെയും ഉണ്ടോ “?


“ഉണ്ട് അത് ചെറുതാണ് , ഇതാണ് ഫോട്ടോസിലൊക്കെ കാണുന്നത് “


കൂടെയുള്ള ആളോട് “ ഓ എന്ന കാണാനാ “ എന്ന ഭാവം കാണിച്ചിട്ട് ചേട്ടൻ ഞങ്ങളോടുള്ള ചോദ്യങ്ങൾ തുടർന്നു.


“ നിങ്ങൾ തെങ്കാശിക്കാണോ ?”


“അതെ “


“അവിടെന്താ കാണാനുള്ളത് ?”


“ഞങ്ങൾ ബോർഡർ പൊറോട്ട ഹോട്ടലിൽ  ഭക്ഷണം കഴിക്കാൻ പോകുന്നതാ  പിന്നെ പോകുന്ന വഴി ചെറുതായൊന്നു കറങ്ങും “


അപ്പോഴാണ് ആ ചേട്ടന്  ബോർഡർ പൊറോട്ടയുടെ കട ഓര്മ വന്നത് . അവരിന്നലെ തെങ്കാശിയിലായിരുന്നു. അവിടന്ന് കഴിച്ചിട്ട് വരാമായിരുന്നു എന്നൊക്കെ പറഞ്ഞു അവർ സങ്കടപ്പെട്ടു.


എങ്കിലും തൊട്ടുതാഴെ വന്നിട്ടു അവരെന്താ പാലം കാണാൻ മുകളിലേക്കു കയറാത്തതു ?


ഞങ്ങൾ യാത്ര പറഞ്ഞു വണ്ടിയെടുത്തു . ഇനി പാലരുവി വെള്ളച്ചാട്ടമാണ് ലക്‌ഷ്യം. 


ബസ്സിലാണ് പാലരുവിയിലേക്ക് പോകുന്നത്.ഏതാണ്ട് നാല് കിലോമീറ്ററുണ്ട്. പ്രണവ് ഏതാണ്ട് ഒരു പത്തു കൊല്ലം മുൻപേ വന്നപ്പോൾ നടന്നാണ് പോയത്. ഇപ്പോൾ അത് പറ്റില്ല. അവിടെ ജോലി ചെയുന്ന ചേച്ചിമാരെല്ലാം ഒരു മൂലയ്ക്കിരുന്നു കത്തിയടിയാണ്.  ഒരു ബസിൽ കേറാനുള്ള ആൾക്കാർ വന്നാലേ പോകാനാകൂ . ഇപ്പോൾ ആറേഴു പേരെ ഉള്ളൂ . ഉടനെ തന്നെ ആൾക്കാര് വരുമെന്ന് ഒരു ചേട്ടൻ പറഞ്ഞു. 



കത്തിയടിക്കുന്ന ചേച്ചിമാർ 

ആ ചേട്ടനോടും ബോർഡറിലെ കാര്യം ചോദിച്ചു. ബോര്ഡറില് പണി കിട്ടിയാൽ പാലരുവിയിൽ യാത്ര അവസാനിക്കും. ചിലപ്പോൾ പരിശോധന ഒന്നും കാണില്ല ചിലപ്പോൾ അവർ എല്ലാം ചോദിക്കും. RTPCR ഇല്ലെങ്കിൽ ഒരു നൂറോ ഇരുന്നൂറോ കൊടുത്താൽ മതിയെന്നാണ് ചേട്ടന്റെ അഭിപ്രായം .


“ഇപ്പൊ റഹ്മത്തിൽ കഴിക്കാൻ പോകുന്നവരെ ഉള്ളൂ “


“ഞങ്ങളുടെ ഉദ്ദേശവും അത് തന്നെയാണ്”



നല്ല കാറ്റും കൊണ്ട് അവിടെ ഏതാണ്ട് ഒരു മണിക്കൂറിരുന്നു. ആളുകളൊക്കെ വന്നു തുടങ്ങി. ഞങ്ങൾ ടിക്കറ്റെടുത്തു ബസിൽ കയറി. ബസ്സിറങ്ങി ഒരു നൂറു മീറ്റർ നടക്കണം. എനിക്ക് വല്യ പ്രതീക്ഷയില്ലായിരുന്നു. റഹ്മത് ഹോട്ടൽ തുറക്കാൻ പന്ത്രണ്ടു മണിയാകും . അതുകൊണ്ട് ഞങ്ങൾക്ക് സമയം കളയാനുള്ള സ്ഥലങ്ങളാണ് ഇതും തിരുമലൈ കോവിലുമൊക്കെ.


           




   


പക്ഷെ വെള്ളച്ചാട്ടം കാണാൻ രസമുണ്ട്. അത്യാവശ്യം വെള്ളവുമുണ്ട്. ഏതാണ്ട് അര മണിക്കൂറിലധികം സമയം എല്ലാം കാണാൻ ലഭിക്കും. മേഘങ്ങൾ മാറുന്നതനുസരിച്ചു വെയിൽ കൂടിയും കുറഞ്ഞും വരുന്നു.

ഞങ്ങൾക്ക് രണ്ടാൾക്കും നല്ല വിശപ്പുണ്ട്.ഇനി റഹ്മത്തിലെത്തുമ്പോഴേക്കും ഒരുപാട് നേരമാകും . ഇടയ്ക്കൊരു ചായ കുടിക്കാമെന്നായി പ്ലാൻ. പിന്നെ കയ്യിലുണ്ടായിരുന്ന ചോക്ലറ്റ് എടുത്തു ഞങ്ങൾ സമാധാനപ്പെട്ടു. 


തിരികെയെത്തി ഞങ്ങൾ ബൈക്കെടുത്തു. ഇനി തിരുമലൈ കോവിൽ. പക്ഷേ അതിനു മുൻപേ ബോർഡർ കടക്കണം. വരുന്നിടത്തു വച്ചു കാണാമെന്ന ചിന്തയിൽ ഞങ്ങൾ വണ്ടി വിട്ടു . 


ചുരമിറങ്ങി തമിഴ്നാടിലേക്ക് കയറി. ബോര്ഡറില് വണ്ടികൾ ക്യൂ നിൽക്കുന്ന കണ്ടതും ഞങ്ങൾക്ക് പേടിയായി. അപ്പോൾ പരിശോധനയുണ്ട് !. പക്ഷെ ബൈക്കുകൾ കാണാനില്ല. കാറുകൾ മാത്രമേയുള്ളൂ. ഞങ്ങൾ മുൻപിലേക്ക് ചെന്നപ്പോൾ പോലീസ്‌കാരൻ പൊയ്ക്കൊള്ളാൻ പറഞ്ഞു. 


സമാധാനം !!! 


അങ്ങനെ ബോർഡർ കഴിഞ്ഞു ഇനി പേടിക്കാനില്ല.


                                         


നെൽപ്പാടങ്ങളും ഇടയ്ക്കു ചെറിയ കുളങ്ങളും അകലെ മലകളും കാറ്റാടി പാടങ്ങളും കണ്ടു ഞങ്ങൾ തിരുമലൈ കുമാര സ്വാമി അമ്പലം ഗൂഗിൾ മാപ്പിലിട്ടു യാത്ര തുടർന്നു . 


വഴിയിൽ തമിഴ്‌നാടിന്റെ സ്ഥിരം കാഴ്ചകളായ എം 80 സ്‌കൂട്ടറുകൾ, ആടിനെ മേയ്ച്ചോണ്ടു പോകുന്നത് അങ്ങനെ പലതും കാണാം 

                                     





ഒരു കുന്നിനു മുകളിലാണ് അമ്പലം.വണ്ടി അവിടെ വരെ ചെല്ലുന്ന വഴിയുണ്ട്. അല്ലെങ്കിൽ പടികൾ കയറി ചെല്ലണം. ഞങ്ങൾ വണ്ടി താഴെ വച്ചു പടികൾ കയറി തുടങ്ങി . ഓരോ പടിയിലും ചന്ദനം പൂശിയിട്ടുണ്ട്. രാവിലെ ചെയ്യുന്നതാവും ഇതെന്ന് പ്രണവ് പറഞ്ഞു. 


‘ആര് ചെയ്താലും അവരുടെ നടു പോകാൻ സാധ്യതയുണ്ട്.’


                                               


ഞങ്ങൾ പയ്യെ പയ്യെ കയറി മുകളിലെത്തി. അത്യാവശ്യം ആളുകളുണ്ട്. തമിഴന്മാര് പിന്നെ അമ്പലത്തിൽ വരുന്നത് പിക്നിക് പോലെയാണ്. എല്ലാവരും ചുറ്റും കൂടിയിരുന്നു ഭക്ഷണമൊക്കെ കഴിച്ചു അവർ ഏതാണ്ട് ഒരു ദിവസം അവിടെ തന്നെയായിരിക്കും.  ഇവിടെയും അതൊക്കെ തന്നെ കാണാം. കൂട്ടത്തിലുള്ള കുഞ്ഞുപിള്ളേരുടെ തല മൊട്ടയടിക്കുന്ന പരിപാടിയും ഇവിടുണ്ട്.


                                

അമ്പലത്തിൽ കയറി ഒന്നു ചുറ്റി പുറത്തേക്കിറങ്ങി 


മുകളിൽ നിന്നുള്ള കാഴ്ചകൾ നല്ല ഭംഗിയുണ്ട്.  ഇടയ്ക്ക് ഇടയ്ക്കു വെയിലിന്റെ ശക്തി കൂടും. അത് മാത്രമാണ് പ്രെശ്നം. അകലെ ഒരു ഡാമും കാണാം . ഫോട്ടോസൊക്കെ എടുത്തു ഞങ്ങൾ താഴേക്കിറങ്ങി.




      






ഇനി നേരെ റഹ്മത് ബോർഡർ പൊറോട്ട 


ഏതാണ്ട് പതിമൂന്നു കിലോമീറ്ററുണ്ട് അവിടേക്ക്. 


                                      

നല്ല വിശപ്പുണ്ട്. ഒടുവിൽ സ്ഥലത്തെത്തി. നല്ല തിരക്കുണ്ടെങ്കിലും  ഞങ്ങൾക്കിരിക്കാൻ സീറ്റ് കിട്ടി.

ഞങ്ങളുടെ മുന്നിലിരുന്ന ചേട്ടൻ മലയാളിയാണ്. തിരുവനന്തപുരത്തു മാർത്താണ്ഡത്താണ് ആളുടെ വീട്. ഞങ്ങളുടെ അടുത്തുള്ള വലിയ ടേബിളിൽ ഇരിക്കുന്നത് മുഴുവൻ മലയാളികളാണ്.



വാഴയില വിരിച്ചു അതിൽ സാലഡ് വിളമ്പി.


ചിക്കൻ ബിരിയാണി, കാട വറുത്തത് , പൊറോട്ട ഇത്രയും ആദ്യം പറഞ്ഞു. ബിരിയാണി ഞങ്ങൾ രണ്ടും കൂടെ കഴിച്ചു. പൊറോട്ട നല്ല ചെറുതാണ് എങ്കിലും കോയിൻ പൊറോട്ടയെക്കാൾ വലിപ്പമുണ്ട്.അതിന്റെ കൂടെ കിട്ടുന്ന ഗ്രേവി (സാൽന) അടിപൊളിയാണ്. മൃണാൾ വ്ലോഗിൽ മൃണാളിനു ചിക്കൻ ഫ്രൈ യിലും ഇഷ്ടപെട്ടത് ഈ ഗ്രേവിയായിരുന്നു. പൊറോട്ടകൾ തീരുന്നത് അറിയുകയേ ഇല്ല. 


                                                                   




പിച്ചിപ്പോട്ടെ ചിക്കൻ 

                                  

    
കാട 


‘പിച്ചിപോട്ട ചിക്കനാ’ണ്  അടുത്തത് പറഞ്ഞത്. നല്ലോണം കുരുമുളകിട്ടിട്ടുണ്ട്. ഇത്രയും ദൂരം വന്നത് വെറുതെയായില്ല, എല്ലാം അടിപൊളി.
എനിക്കേറ്റവും ഇഷ്ടമായത് പിച്ചിപോട്ട ചിക്കനാണ് . ഒരു ലെമൺ സോഡയും കുടിച്ചു ഞങ്ങൾ അവസാനിപ്പിച്ചു



ഇനി കുട്രാലം വെള്ളച്ചാട്ടമാണ് കാണേണ്ടത്.ഇവിടന്നു അഞ്ചു കിലോമീറ്റർ ഉള്ളൂ . വണ്ടിയോടിച്ചു അവിടെ ചെന്നപ്പോൾ അവിടെ പെർമിഷൻ ഇല്ല. ഇരുപതാം തീയതി മുതലേ അത് തുറക്കൂ. മെയിൻ ഫാൾസിൽ ചെന്നാൽ അത് കാണാൻ പറ്റുമെന്ന് ഒരു ചേട്ടൻ പറഞ്ഞത് കേട്ട് ഞങ്ങൾ അങ്ങോട്ട് പോയി. അവിടെയും പെർമിഷനില്ല . അകലെ നിന്നു കാണാം . 

                                              

വെള്ളച്ചാട്ടത്തിനു അടുത്തേക്ക് പ്രവേശനമില്ലെങ്കിലും തിരക്കിനൊരു കുറവുമില്ല. ശബരിമലയ്ക്കു പോയി വരുന്ന / പോകുന്ന സ്വാമികളാണ് കൂടുതലും. ‘കേരള പുടവ’ വിൽക്കുന്ന കടകളുമുണ്ട്.


ബിരിയാണിയൊക്കെ കഴിച്ചതുകൊണ്ടാവും നല്ല ദാഹം . വഴിയിൽ നിർത്തി റോസ് മിൽക്ക് കുടിച്ചു. രണ്ടു കുപ്പി വെള്ളവും വാങ്ങി ബാഗിൽ വച്ചു.


                                             


ഇനി തെങ്കാശി ടൌൺ വഴി സുന്ദരപാണ്ഡ്യാപുരം ഗ്രാമത്തിലേക്കാണ് പോകേണ്ടത്. അവിടെ അന്യൻ റോക്ക് എന്നൊരു സ്ഥലമുണ്ട്. പുലിയൂർ പാറ എന്നാണ് ശെരിക്കുള്ള പേര് . പണ്ട് റോജ സിനിമ ഷൂട്ട് ചെയ്തപ്പോൾ പേര് മാറി റോജ പാറ എന്നായി. പിന്നീട് അന്യൻ സിനിമ ഷൂട്ട് ചെയ്തപ്പോൾ മുതൽ അന്യൻ റോക്ക് എന്നാണ് ഇതറിയപ്പെടുന്നത്.

                                                 


അവിടെ നിന്ന് നോക്കിയാൽ ചുറ്റും നെല്പാടങ്ങളാണ്. ഞാനും തടിയനും ഇവിടെയും വന്നിട്ടുണ്ട്.അന്ന് പാടങ്ങളിലേക്ക് ഇറങ്ങാൻ പറ്റിയില്ല. ഇത്തവണ ഇറങ്ങണം എന്നാണ് പ്ലാൻ.

                                                    

ഞങ്ങൾ ചെന്നപ്പോൾ അവിടെ ഒരു അമ്മയും മോനും എന്തോ മൊബൈലിൽ ഷൂട്ട് ചെയ്തോണ്ടിരിക്കുകയാണ്. ആളുടെ കയ്യിലൊരു ബുക്കുണ്ട്. അതൊക്കെ വായിച്ചിട്ടു പുള്ളിക്കാരത്തി എന്തോ പറയും ചെക്കൻ അത് ഷൂട്ട് ചെയ്യും. കേട്ടപ്പോൾ എന്തോ ഒറ്റമൂലിയൊക്കെ പറയുന്നതാണ് എന്ന് തോന്നി.


പിന്നെയും രണ്ടു പേരുണ്ട് പാറയിൽ. രണ്ടു റീൽസോളികൾ. അവർ റീൽസൊക്കെ എടുത്തു കറങ്ങി നടക്കുന്നു. കണ്ടിട്ട് അവരീ നാട്ടുകാരാണ്. ഒരുത്തന്റെ ഡ്രസിങ് കണ്ടിട്ട് അവനീ നാട്ടിലെ ഫ്രീക്കൻ ആണെന്നു തോന്നുന്നു.


                                                  

കുറച്ചു നേരം അവിടിരുന്നു വിശ്രമിച്ചു.നെല്പാടങ്ങൾക്കിടയിൽ ചെറിയ കെട്ടിടങ്ങൾ ഉണ്ട്. അതിനോട് ചേർന്ന് കുളവും കാണും. മോട്ടോർ പമ്പു house ആണ് അതെല്ലാം. അതിലൊരു കെട്ടിടത്തിലേക്ക് നടന്നു പോകാമെന്നു പറഞ്ഞപ്പോൾ പ്രണവിനും സമ്മതം.


                                    

ഇനി ആരെങ്കിലും വഴക്കു പറയുമോ എന്നാണ് പേടി. ആരോടെങ്കിലും ചോദിക്കാൻ ആരും അടുത്തില്ല. ഞങ്ങൾ ഇറങ്ങാൻ തുടങ്ങുമ്പോൾ മൂന്നു മലയാളികൾ വന്നു ഫോട്ടോയെടുപ്പ് തുടങ്ങി.


ഞങ്ങൾ താഴേക്കു ഇറങ്ങിയതും ഒരു ചേച്ചിയെ കണ്ടു. 


“ അക്കാ അങ്ക പോകറുതുക്ക്  യെതാവത് പ്രശ്നമുണ്ടോ “ എന്ന മലയാളം -തമിഴിൽ ചോദിച്ചു.


കുഴപ്പമൊന്നുമില്ല. ചെരുപ്പ് ഊരിപിടിച്ചു പൊയ്ക്കോ, ഇല്ലെങ്കിൽ തെന്നും എന്ന് അക്ക പറഞ്ഞു. 


ഞങ്ങൾ പാടത്തേക്ക് ഇറങ്ങി. നടന്നു നടന്നു ഞങ്ങൾ ഉദ്ദേശിച്ച സ്ഥലത്തെത്തി.വരമ്പത്തൂടെ നടന്നു കാലിലൊക്കെ ചെളിയായി.










തിരികെ നടന്നു വഴിയിലെത്തി. അവിടെയൊരു വലിയ തടാകമുണ്ട്. അതിലേക്ക് കാലുമിട്ടു കുറേനേരമിരുന്നു. 


റീൽസോളികൾ അവിടൊക്കെ തന്നുണ്ട്.



ഇനി പ്രേത്യേകിച്ചു പ്ലാനൊന്നുമില്ല. റഹ്മത്തിൽ തിരികെ പോകുമ്പോഴും ഭക്ഷണം കഴിക്കണം.പക്ഷേ സമയം നാലുമണി പോലും ആയിട്ടില്ല. ഉച്ചയ്ക്ക് നല്ലപോലെ കഴിച്ചതുകൊണ്ട് വിശപ്പൊന്നുമില്ല. അതുകൊണ്ട് എങ്ങനെയെങ്കിലും കുറച്ചു സമയം കളയണം. ഓരോന്നൊക്കെ സംസാരിച്ചിരുന്നു. 


                                         




          




                           


   
റീൽസോളികൾ 



സുന്ദരപാണ്ഡ്യപുരത്തേക്ക് ഇനിയും ദൂരമുണ്ട്. സെപ്റ്റംബർ സമയത്തു വന്നാൽ അവിടെ മുഴുവൻ സൂര്യകാന്തി പൂക്കൾ കാണാം. പണ്ടു ഞങ്ങൾ വന്നപ്പോൾ അത് ജസ്റ്റ് മിസ്സായതാണ്. ഇപ്പൊ സീസണല്ല എങ്കിലും ആ ഗ്രാമമൊന്നു കറങ്ങി വരാമെന്ന് കരുതി.ഗൂഗിളിൽ ഒരു ബസ് സ്റ്റാൻഡ് കാണിക്കുന്നുണ്ട്. അവിടെ നിന്ന് ചായ കുടിക്കാമെന്നും ഞങ്ങൾ തീരുമാനിച്ചു. പോകുന്ന വഴി പറമ്പിനടുത്തു ഒരു ബസ് വഴിയിൽ നിർത്തി ഇട്ടിരിക്കുന്നത് കണ്ടു . 


അതാണ് ബസ് സ്റ്റാൻഡ് !!! 


കുറച്ചൂടെ മുന്നോട്ടു പോയപ്പോൾ നല്ല കാറ്റടിച്ചു. മഴ പെയ്യാനും നല്ല സാധ്യതയുണ്ട്.അതുകൊണ്ട് ഞങ്ങൾ തിരിച്ചു പോകാൻ തീരുമാനിച്ചു.വണ്ടി തിരിച്ചു. ഇനി നേരെ വീണ്ടും റഹ്മത് ബോർഡർ ഹോട്ടലിലേക്ക്. തെങ്കാശി വഴിയാണ് പോകുന്നത്. തെങ്കാശി ബസ് സ്റ്റാൻഡിന്റെ അടുത്തുള്ള കടയിൽ നിന്നും ചായ കുടിച്ചു. അപ്പോഴാണ് എസി

ക്യാബിനിൽ ഇരിക്കുന്ന ട്രാഫിക് പോലീസിനെ കണ്ടത്. കൊള്ളാം





                                             





പോകുന്ന വഴി ഒരു ചേട്ടൻ ആ വഴി പോകാൻ പറ്റില്ല എന്ന് പറഞ്ഞു. ഞങ്ങൾക്ക് വിശ്വാസം പോരാത്തതുകൊണ്ടു വീണ്ടും ആ വഴി പോയി ഒരു ചേട്ടനോട് ചോദിച്ചപ്പോൾ ആ ചേട്ടനും പറഞ്ഞു  ആ വഴി പറ്റില്ല. പാലം പണിയാണ് കാരണം. 




ഇനി കുട്രാലം വഴി വേണം പോകാൻ. ഇങ്ങോട്ടു  ആ വഴിയാണ് വന്നത്. കറങ്ങി തിരിഞ്ഞു വീണ്ടും റഹ്മത് ഹോട്ടലിലെത്തി. ഉച്ചയ്ക്ക് ഞങ്ങൾക്ക് ഓർഡർ എടുത്ത അതെ ചേട്ടനോട് ഞങ്ങൾ ഒരു കൊത്തു പൊറോട്ടയും ഒരു ചിക്കൻ ഫ്രൈയും പറഞ്ഞു. വല്യ വിശപ്പില്ല അതുകൊണ്ട് ഒരെണ്ണം വാങ്ങി രണ്ടാളും കഴിക്കാനാണ് പ്ലാൻ.


                                      

കൊത്തുപൊറോട്ട തിരുവനന്തപുരത്തു കിട്ടുമെങ്കിലും തമിഴ്‌നാട്ടിലെ കൊത്തുപൊറോട്ടയുടെ ഏഴയലത്തു വരില്ല അതൊന്നും. ഈ കൊത്തുപൊറോട്ട കൊള്ളാം. പക്ഷെ മധുരയിലെ കൊത്തുപൊറോട്ടയെ തോൽപിക്കാൻ പറ്റുന്ന ഒന്ന് ഇതുവരെ ഞാൻ കഴിച്ചിട്ടില്ല.


വീണ്ടും ലെമൺ സോഡയും കുടിച്ചു ഞങ്ങൾ ഇറങ്ങി. 



മഴ ചെറുതായി പൊടിയുന്നുണ്ട്. എങ്കിലും പോകാൻ തന്നെ തീരുമാനിച്ചു. 



ഇരുട്ടി വരുന്നു. ചാറ്റൽ മഴയാണെങ്കിലും പെയ്യുന്നുണ്ട്. കേരള ബോർഡറിൽ ചെക്കിങ് കാണുമെന്ന് കരുതിയെങ്കിലും ഒന്നുമുണ്ടായില്ല. വഴിയിൽ കാണുന്ന വണ്ടികളെയൊക്കെ ഓവർടെക്ക് ചെയ്തു പ്രണവ് വണ്ടി വിട്ടു. ബൈക്ക് ഓടിക്കാൻ എനിക്കറിയാത്തതുകൊണ്ട് പ്രണവാണ് മുഴുവനും ഓടിക്കുന്നത്. 


കുളത്തുപ്പുഴ എത്തിയപ്പോൾ ഞങ്ങൾ ഒരു ചായ കുടിക്കാൻ നിർത്തി. 


‘ഹോട്ടൽ ബിസ്മി’


വിശപ്പൊന്നുമില്ലെങ്കിലും ഉള്ളിവട കണ്ടതും എന്റെ മനസ്സലിഞ്ഞു. ചായ അടിക്കുന്ന ചേട്ടനു ഒരു കലിപ്പ് ലുക്ക് ഉള്ളതുകൊണ്ട് ഞാൻ ഉള്ളിവട എടുത്തോട്ടെ എന്ന് ചോദിച്ചു. 


ആൾടെ ഭാര്യയോട് “ എടുത്തു കൊടുക്കെടി”  എന്നാജ്ഞാപിച്ചപ്പോൾ ആ ചേച്ചി ഉള്ളിവട എടുത്തു തന്നു.



അതും കഴിച്ചു ടിവിയും കണ്ടു കുറച്ചുനേരം അവിടിരുന്നു. 



ഇനിയും അമ്പതു കിലോമീറ്ററുമുണ്ട് തിരുവനന്തപുരമെത്താൻ. പോകുന്ന വഴിയിലെ സ്ഥലങ്ങൾക്കൊക്കെ കിടിലൻ പേരുകളാണ് . “ഓന്തുപച്ച , ചല്ലിമുക്ക്, അരിപ്പ , ചിപ്പൻചിറ  … “


എട്ടരയായപ്പോൾ  വീടെത്തി. ഇനി അടുത്ത യാത്ര പ്ലാൻ ചെയ്യണം. പറ്റിയാൽ സീതാതീർത്ഥം ട്രെക്കിങ്ങ് തന്നെ.












































No comments

Powered by Blogger.