അഗസ്ത്യാർകൂടം | Agasthyarkoodam Trekking [1 ] | Bonacaud to Athirumala Camp

 



ട്രെയിൻ ടിക്കറ്റു താത്കാലിൽ എടുക്കുന്നതിലും കഷ്ടമാണ് അഗസ്ത്യാർകൂടം പാസ്സ് കിട്ടാൻ. ഒരു തവണ കിട്ടിയില്ലെങ്കിൽ പിന്നേ ഒരു വർഷം കാത്തിരിക്കുകയും വേണം .അഗസ്ത്യാർകൂടം പോകാനുള്ള ബുക്കിങ് തുടങ്ങാറായി എന്ന വാർത്ത കണ്ടപ്പോൾ മുതൽ എങ്ങനെയെങ്കിലും ഇത്തവണ പോകണമെന്ന് തീരുമാനിച്ചു. പണ്ട് 2019 ൽ  ബുക്ക് ചെയ്തു പേയ്മെന്റ് എത്തിയപ്പോൾ ഫെയിൽ ആയതാണ്.അടുത്ത വർഷം കൊറോണ കാരണം ഓൺലൈൻ ബുക്കിംഗ് നടന്നില്ല. കഴിഞ്ഞ വർഷം കുറച്ചു തിരക്കുകൾ ഉള്ളതുകൊണ്ട് അന്വേഷിച്ചില്ല. ഇത്തവണ എന്തായാലും പോകണം. കുദ്രെമുഖ് ട്രെക്കിങ്ങിനു പോയതോടെ വീണ്ടും ട്രെക്കിങ്ങിനോട് ഇഷ്ടം കൂടി. 



വരാൻ സാധ്യത ഉള്ളവരോടൊക്കെ ഞാൻ കാര്യം പറഞ്ഞു. ആരെയും നിർബന്ധിച്ചു കൊണ്ടുപോകില്ല എന്നും തീരുമാനിച്ചു. കാരണം ഇച്ചിരെ ബുദ്ധിമുട്ടുള്ള പരിപാടിയാണ് ട്രെക്കിങ്ങ്.ഞാൻ നിർബന്ധിച്ചു കൊണ്ടുപോയി ഞാൻ തന്നെ ചീത്ത കേൾക്കേണ്ടി വരും.


പ്രണവും അരവിന്ദും  ഉണ്ട്, കുദ്രെമുഖ് ട്രെക്കിങ്ങിനു പോയപ്പോൾ ക്രിസ്റ്റിയോടും അമൃതിനോടും ഇതിനെപറ്റി പറഞ്ഞിരുന്നു.അവർക്കു മെസ്സേജ് അയച്ചു. ക്രിസ് റെഡി ആണ്. അമൃതിനു ലീവ് കിട്ടില്ല .ലക്ഷ്മിക്കും തെമ്മുവിനോടും ഇതിനെ പറ്റി പറഞ്ഞെങ്കിലും ഇത് ബുദ്ധിമുട്ടേറിയ ട്രെക്കിങ്ങ് ആണെന്ന് പറഞ്ഞു ഞാൻ തന്നെ നിരുത്സാഹപ്പെടുത്തി.രണ്ടാൾക്കും നല്ല താൽപര്യം ഉണ്ടായിരുന്നു എങ്കിലും എന്റെ പേടിപെടുത്തൽ കാരണം രണ്ടാളും വരുന്നില്ല എന്ന് പറഞ്ഞു.


ഏതാണ്ട് നാൽപ്പതിലധികം കിലോ മീറ്റർ നടക്കാനുണ്ട് . ഫോറെസ്റ് ഓഫീസിൽ നിന്നും ഒന്നാം ദിവസം പതിനഞ്ചോളം  കിലോമീറ്റർ നടന്നു അതിരുമല ബസ് ബേസ് കാംപിലെത്തണം . രണ്ടാം ദിവസം ക്യാംപിൽ നിന്നും അഗസ്ത്യമല കയറി തിരികെയെത്തണം . അതൊരു പത്തു കിലോമീറ്റർ കാണും. ഇതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഗം .രണ്ടാം ദിവസം വേണമെങ്കിൽ ബോണക്കാടേക് തിരികെ പോകാം. അല്ലെങ്കിൽ അതിരുമലയിൽ കിടന്നു അടുത്ത ദിവസം തിരികെ ബോണക്കാട് ഫോറെസ്റ് ഓഫീസിലേക്കു പോകാം.ഇതാണ് ട്രെക്കിങ്ങ് പ്ലാൻ 


അവസാന നിമിഷം മഞ്ജു ഉണ്ടെന്നു പറഞ്ഞു. ഞാൻ നിരുത്സാഹപ്പെടുത്തിയെങ്കിലും ആൾ വരുമെന്ന് തന്നെ പറഞ്ഞു. ട്രെക്കിങ്ങിൽ mindset ആണ് മെയിൻ എന്നാണ് എന്റെ ഒരു കണ്ടുപിടുത്തം . physical fitness രണ്ടാമതേ വരൂ. ആൾക്കിത്ര ഉറപ്പാണെങ്കിൽ വരട്ടേയെന്നു ഞാനും കരുതി.


എല്ലാവരുടെയും ഡീറ്റെയിൽസ് ഒക്കെ എടുത്തു വച്ചു. ബുക്ക് ചെയ്യണ്ട സൈറ്റിൽ അക്കൗണ്ട് ഉണ്ടാക്കി പാസ്സ്‌വേർഡ് സേവ് ചെയ്തു. പേയ്മെന്റ് നു വേണ്ടി രണ്ട് അക്കൗണ്ട് റെഡി ആക്കി അതിൽ പൈസ ഉണ്ടെന്നു ഉറപ്പുവരുത്തി.(ഒരെണ്ണം പറ്റിയില്ലെങ്കിലോ ?). ഇന്റർനെറ്റ് നു സ്പീഡ് കുറഞ്ഞാലോ എന്ന്  കരുതി അരവിന്ദിന്റെ വീട്ടിൽ പോയി ബുക്ക് ചെയ്യാൻ പ്ലാൻ ഇട്ടു . അങ്ങനെ എല്ലാം സെറ്റ് ആയി ഇരുന്നപ്പോളാണ് ബുക്കിംഗ് ക്യാൻസൽ ചെയ്തു പുതിയ തിയതി പിന്നീട് അറിയിക്കും എന്ന വാർത്ത കേട്ടത്.



പിന്നെ ഒരാഴ്ച കഴിഞ്ഞു കൊറോണ പിടിച്ചു റൂമിൽ ഇരിക്കുമ്പോൾ അരവിന്ദ് ഉച്ചയ്‌ക്കൊരു മെസ്സേജ് അയച്ചു ഇന്ന് വൈകുന്നേരം മുതൽ ബുക്കിംഗ് തുടങ്ങുമെന്ന്.ലൈബ്രറിയിൽ ഉണ്ടായിരുന്ന എന്റെ ലാപ്ടോപ്പ് അരവിന്ദ് എടുത്തു തന്നു.രാവിലെ മുതൽ ക്ഷീണം കാരണം ബെഡിൽ തന്നെ കിടന്ന ഞാൻ മൂന്ന് മണി മുതൽ ബുക്ക് ചെയ്യാൻ വേണ്ടി നോക്കി ഇരുന്നു.


ബുക്ക് ചെയ്തു ഞങ്ങൾക്ക് കിട്ടി. അങ്ങനെ ഇത്തവണ അഗസ്ത്യാർകൂടം പോകാം. നാളെ മുതൽ നടക്കാൻ ഒകെ പോയി ബോഡി സെറ്റ് ആക്കാം എന്നൊക്കെ കരുതി ഇരിക്കുമ്പോൾ അടുത്ത ദിവസം ബുക്കിങ് കാൻസൽ ചെയ്തു എന്ന വാർത്ത വന്നു. അങ്ങനെ അതും പോയി. ദുരന്തം ക്രിസ്‌റ്റി ഉള്ളതുകൊണ്ടാണോ ഇങ്ങനെ വീണ്ടും വീണ്ടും കാൻസൽ ആവുന്നേ എന്ന് എനിക്ക് ചോദിക്കേണ്ടി വന്നു.(ക്രിസിന്റെ ദുരന്തങ്ങൾ കുദ്രെമുഖ് ബ്ലോഗിൽ ഉണ്ട് )



 ഇനി ഇക്കൊല്ലം ഉണ്ടാവില്ല എന്ന് കരുതിയപ്പോൾ പുതിയ തീയതി വന്നു. ജെസ്‌വിനും അപ്പോ പോകാൻ തീരുമാനിച്ചു. മഞ്ജു വരുന്നില്ല എന്ന് പറഞ്ഞു. ക്രിസ്റ്റി അവൻ തന്നെ ബുക്ക് ചെയ്യാം എന്ന് പറഞ്ഞു.ഇത്തവണ അമ്പതു പേർക്കേ ഒരു ദിവസം പാസ് കിട്ടു. ഞങ്ങൾ അവധി ദിവസം നോക്കാതെ ചൊവ്വ ബുധൻ വ്യാഴം നോക്കി ബുക്ക് ചെയ്തു.ആദ്യം ഒന്ന് പേടിച്ചെങ്കിലും എല്ലാവര്ക്കും പാസ്സ് കിട്ടി.  ഞാൻ , പ്രണവ് , ജെസ്വിൻ ,അരവിന്ദ്, ക്രിസ് ഇത്രയും പേരാണ് പോകുന്നത് .



Fittest മാൻ : അരവിന്ദ് ഫ്രം തിരുവനന്തപുരം 

സായിപ്പ് ജെസ്സ് ഫ്രം വയനാട് 

പ്രണവ് ദ ഫോട്ടോഗ്രാഫർ ഫ്രം കോഴിക്കോട്



ദുരന്തം ക്രിസ് ഫ്രം തൃശൂർ 

                                                  

ഇനി പോകാനുള്ള തയ്യാറെടുപ്പുകൾ ആണ്. അടുത്ത ദിവസം മുതൽ 8 കിലോമീറ്ററൊക്കെ നടക്കാൻ പോയി. ഇടയ്ക്കു ലൈബ്രറിയ്ക്ക് അടുത്തുള്ള മ്യൂസിയത്തിലും നടക്കാൻ പോയി. ഷൂ വാങ്ങാൻ പ്ലാൻ ഉണ്ടായിരുന്നെകിലും ഇത് ഇനിയും കാൻസൽ ആകുമോ എന്ന പേടി ഉണ്ടായിരുന്നു. ഞങ്ങൾ പോകുന്ന അതേ ദിവസം പോകുന്ന ജിനേഷ് ചേട്ടനെ whatsapp വഴി പരിചയപെട്ടു. ആൾ മലേഷ്യയിൽ എൻജിനീയർ ആണ്.


ഇടയ്ക്കു വീണ്ടും കാൻസൽ ആവുമെന്നുള്ള ന്യൂസ് ഒക്കെ മാതൃഭൂമിയിൽ വന്നു ഞങ്ങൾ പേടിച്ചു.പക്ഷേ ട്രെക്കിങ്ങ് കുഴപ്പമില്ലാണ്ട് തുടർന്നു.


ക്രിസ്റ്റി ഞായറാഴ്ച തിരുവനന്തപുരത്തു എത്തി. പോകുമ്പോൾ കഴിക്കാനുള്ള ബിസ്കറ്റും,ചോക്ലേറ്റും, ഗ്ലുക്കോസും എല്ലാം ഞങ്ങൾ  വാങ്ങി.ഡെക്കാത്‌ലോണിൽ നിന്നും രണ്ട് ടോർച്ചും വാങ്ങി. പവർ ബാങ്ക് ഒക്കെ ശെരിയാക്കി. ക്യാമ്പിൽ നല്ല തണുപ്പാണ് എന്ന് കേട്ടതുകൊണ്ട് ഞാനും ജെസ്വിനും ഞങ്ങളുടെ കൈയിലുള്ള വല്യൊരു  ബ്ലാങ്കറ്റ്  എടുക്കാൻ തീരുമാനിച്ചു.മോമി എന്ന എന്റെ കൂട്ടുകാരൻ കഴിഞ്ഞ ദിവസം അഗസ്ത്യാർകൂടം പോയിരുന്നു. അവനെ വിളിച്ചു കാര്യങ്ങൾ എല്ലാം അന്വേഷിച്ചു. അവന്റെ തൊപ്പിയും raincoat ഉം  എനിക്ക് തന്നു.


രാവിലെ അഞ്ചിന് എല്ലാരും എണീറ്റു . എന്റെ ഷൂവിന്റെ ടാഗ് ഞാൻ രാവിലെ ഇറങ്ങാൻ നേരത്താണ് പൊട്ടിച്ചത്. കാൻസൽ ആയാൽ റിട്ടേൺ ചെയ്യാൻ ആയിരുന്നു പ്ലാൻ.


രാവിലെ ഒരു ആറുമണിക്ക് ഞങ്ങൾ ഇറങ്ങി. മൂന്ന് ബൈക്കിലാണ് പോകുന്നത്.ചെറിയ തണുപ്പുണ്ട്. ഒരുപാട് നേരത്തെ ആയാലോ എന്ന് തോന്നിയപ്പോൾ ഞങ്ങൾ വിതുരയിൽ ചായ കുടിക്കാനിറങ്ങി. ജിനേഷ് ചേട്ടന് വിതുരയിൽ നിന്നും ബോണക്കാടിനു ബസ്സ് കിട്ടി. അല്ലെങ്കിൽ ഞാൻ കൊണ്ടുപോകാം എന്നു പറഞ്ഞിരുന്നു.ആളെ വിളിച്ചു ജിനേഷേട്ടൻ ബസ്സിൽ കയറി എന്നുറപ്പു വരുത്തി.



വിതുരയിൽ നിന്നും ബോണക്കാടേക് തിരിഞ്ഞു കുറച്ചു കഴിയുമ്പോൾ കാലാവസ്ഥ മാറും.തണുപ്പ് കൂടി കൂടി വരുന്നു. ചുരം കയറി മുകളിലേക്കു പോകുന്ന വഴിയാണ്.വഴിയിലെങ്ങും ആരുമില്ല. എന്റെ പുറകിൽ പ്രണവും ക്രിസും  ഉണ്ടായിരുന്നു. അരവിന്ദിനെയും ജെസ്വിനെയും കാണാത്തതുകൊണ്ട് ഞാൻ വഴിയിൽ വണ്ടി നിർത്തിയതും വേറൊരു സ്‌കൂട്ടർ എതിരെ വന്നതും ഒരുമിച്ചായിരുന്നു. ഞാൻ എതിർ വശത്തു നിർത്തിയതുകൊണ്ട് ആ ചേട്ടന്റെ വണ്ടി എന്റെ വണ്ടിയിൽ ഇടിച്ചു.എന്റെ ഇടത്തെ കാലിന്റെ അവിടെ പാന്റ് കീറി.ചെറുതായിട്ടൊന്നു തൊലിയും പോയി. ആ ചേട്ടന്റെ വണ്ടി ഇടിക്കുന്ന ആ മൈക്രോ സെക്കൻഡിൽ അഗസ്ത്യാർകൂടം കേറാൻ തടസ്സം ഒന്നും ഉണ്ടാവല്ലേ എന്നായിരുന്നു ഞാൻ ഓർത്തോണ്ടിരുന്നത് . തെറ്റ് എന്റെ ഭാഗത്തു ആയതുകൊണ്ട് ആ ചേട്ടൻ പറഞ്ഞതെല്ലാം ഞാൻ കേട്ടു . കാലിനു വല്യ വേദനയില്ല. ഇനി എങ്ങാനും നീര് വയ്ക്കുമോ എന്നാണ് എന്റെ പേടി.


                                 

വീണ്ടും കയറ്റം തന്നെയാണ്. സൂര്യപ്രകാശം മരങ്ങൾക്കിടയിലൂടെ വരുന്നത് കാണാൻ നല്ല ഭംഗിയുണ്ട്. ബോണക്കാട് ബസ് സ്റ്റോപ്പിൽ നിന്നും ഞങ്ങൾക്ക് വഴി തെറ്റി. ഞാൻ ആണ് അതിനും കാരണം . നാവിഗേഷൻ എന്റെ സ്ട്രോങ്ങ് ഏരിയ ആണ് , നാല് കൊല്ലം തിരുവനന്തപുരത്തു വണ്ടി ഓടിച്ചിട്ടും ഒരിക്കലും അപകടം വന്നിട്ടില്ല.ഇന്ന് വണ്ടിയും ഇടിച്ചു , നാവിഗേഷനും തെറ്റി . എല്ലാം ദുരന്തം ക്രിസ്റ്റിയുടെ ഐശ്വര്യം എന്നും പറഞ്ഞു ഞങ്ങൾ പഴയ ടീ ഫാക്റ്ററിയിൽ വണ്ടി നിർത്തി .





പണ്ട് ബ്രിട്ടീഷുകാർ അവരുടെ നാട്ടിലെ ബോണക്കാട് എന്ന സ്ഥലത്തെ കാലാവസ്ഥയോട് സാമ്യം ഉള്ളതുകൊണ്ട് ബോണക്കാട് എന്ന പേര് ഈ സ്ഥലത്തിന് ഇട്ടതാണ്. തേയില തോട്ടങ്ങൾ ഒരുപാടുണ്ടായിരുന്നു . അതിനോട് ചേർന്നൊരു  ഫാക്ടറിയും . ഇപ്പോൾ ഒന്നുമില്ല. 


 അതിലെ ഫോട്ടോസ് ഒക്കെ എടുത്തു നടക്കുമ്പോൾ 


“നല്ല ബിരിയാണിയുടെ മണം “ എന്ന് ക്രിസ്ടി പറഞ്ഞു. പക്ഷേ ജെസ്‌വിൻ പറഞ്ഞത് അത് ചാണകത്തിന്റെ മണം  ആണെന്നാണ് .



ബോണക്കാട് ഫോറെസ്റ് ഓഫീസിൽ എത്തി. പൂരിയും ഗ്രീൻപീസും ആണ് ബ്രേക്ഫാസ്റ് .അതും കഴിച്ചു കട്ടൻ ചായയും കുടിച്ചു ഇരുന്നപ്പോൾ ഉച്ചയ്ക്ക് കഴിക്കാനുള്ള ലഞ്ച് അവർ പൊതിഞ്ഞു തന്നു.



ഞങ്ങളുടെ പാസ് അവിടെ കാണിച്ചു. സെക്ഷൻ ഫോറെസ്റ് ഓഫീസർ ജി വി ഷിബു സാർ ഇച്ചിരെ റഫ് ആണ്. കൂടെയുള്ള ഓഫീസേഴ്സിനെ ഒക്കെ ഇടയ്ക്കു പേടിപ്പിക്കുന്നുണ്ട്.ഞങ്ങളുടെ ഡോകുമെന്റ്സ് ഒക്കെ കറക്ട് ആയതുകൊണ്ട് പേടിക്കാനൊന്നുമില്ലായിരുന്നു.





ജിനേഷ് ചേട്ടനെ പരിചയപെട്ടു. കൂടെയുള്ള ജിസ്‌ബിനെയും. ജിസ്ബിൻ പാലായിൽ നിന്നാണ്. ജിനേഷ് ചേട്ടൻ ആലപ്പുഴക്കാരനാണ്.പിന്നെ തൊടുപുഴയിൽ നിന്നും സുരേഷ് ചേട്ടനും മധു ചേട്ടനും, തീക്കോയിൽ നിന്നും ജെയ്‌സൺ ചേട്ടനുമുണ്ട്,


ബാംബുവിന്റെ pole പത്തു രൂപയ്ക്കു കിട്ടും.എല്ലാവരും ഓരോന്ന് എടുത്തു. ഏതാണ്ട് പത്തുമണി കഴിഞ്ഞു ഞങ്ങളെ കയറ്റി വിടാൻ.അതുവരെ ഓരോന്നൊക്കെ പറഞ്ഞിരുന്നു. അവിടെയുള്ള പട്ടികളെ ഓടിക്കുന്നത് കണ്ടു പട്ടികളുടെ സൈക്കോളജി യൂട്യൂബ് നോക്കി പഠിക്കുന്ന ക്രിസ്റ്റിക്കു സഹിച്ചില്ല . അവരെയൊക്കെ ട്രെയിൻ ചെയ്യിപ്പിക്കണം എന്നാണ് ക്രിസിന്റെ അഭിപ്രായം 


                        

ക്രിസ്റ്റിയുടെ വേറെ പാസ് ആയതുകൊണ്ട് ഞങ്ങളുടെ കൂടെ വരാൻ പറ്റിയില്ല. ഞങ്ങൾക്ക് കിട്ടിയ ഗൈഡ് ഭൈരവൻ ചേട്ടൻ നല്ല പ്രായം കൂടിയ ചേട്ടൻ ആണ്. ആളെകൊണ്ട് വരാൻ പറ്റുമോ എന്ന് സംശയമാണ് . പക്ഷേ ഗൈഡുമാർ ആരും കൂടെ വരില്ല. ഓരോ നാല് കിലോമീറ്റർ കൂടുമ്പോ ആരെങ്കിലൊക്കെ നമ്മളെ നോക്കാൻ കാണും അത്രെയേ ഉള്ളൂ . ഭൈരവൻ ചേട്ടൻ ഞങ്ങളോട് നടന്നോളാൻ പറഞ്ഞു. ആളുടെ ഗൈഡിങ് ആദ്യത്തെ പത്തു മീറ്റർ മാത്രമെന്ന് തോന്നുന്നു .


                                           


അങ്ങനെ ട്രെക്കിങ്ങ് തുടങ്ങി.ആദ്യത്തെ ഒരു ഏഴു എട്ടു കിലോമീറ്റർ എളുപ്പമാണ്. കാട്ടിലൂടെയുള്ള നടത്തം പോലെയേ തോന്നു . ഇടയ്ക്കു വെള്ള ചാട്ടങ്ങൾ കാണാം . അവിടെ നിന്നും ചെറിയ അരുവികളിൽ നിന്നും വെള്ളം നിറച്ചുകൊണ്ടാണ് ഞങ്ങൾ നടക്കുന്നത്.  ഞങ്ങൾക്ക് കൂട്ടിനു ഒരു പട്ടി ഉണ്ട് . കാണാൻ ടിൻടിൻ  സിനിമയിലെ സ്നോയി യെ പോലെ ഉള്ളതുകൊണ്ട് ഞങ്ങൾ അവനു സ്നോയി എന്ന് പേരിട്ടു. ഇടയ്ക്കു വേറൊരുത്തനും വന്നു . അവനു ജിമ്മി എന്ന് അരവിന്ദൻ പേരിട്ടു. ഒരു അരുവിയിൽ ഞാനും ജെസ്‌വിനും മുഖം വെള്ളത്തിൽ മുക്കി ക്ഷീണം മാറ്റുമ്പോൾ ക്രിസ്റ്റി ഞങ്ങൾക്കൊപ്പം എത്തി. 



                                          












ഇനി അടുത്ത വെള്ളച്ചാട്ടത്തിൽ ഭക്ഷണം കഴിക്കാമെന്നു അവിടെ ഇരുന്ന ഗൈഡ് പറഞ്ഞു. സുരേഷ് ചേട്ടൻ ആൻഡ് ടീം അവിടെ ഇരുന്നു ബ്രേക്ഫാസ്റ് കഴിക്കുന്നത് കണ്ടു. ആ കൂട്ടത്തിലെ മധു ചേട്ടൻ ക്രിസ്റ്റിക്ക് ഒരു ഓറഞ്ച് കൊടുത്തത്രെ.തമാശകളും ദേശിയ അന്തർദേശിയ കാര്യങ്ങളും വരെ സംസാരിച്ചു ഞങ്ങൾ നടത്തം തുടർന്നു.


                                                

അടുത്ത വെള്ളച്ചാട്ടം കുറച്ചു വലുതായിരുന്നു.അവിടെ എത്തുമ്പോഴേക്കും എല്ലാവരുടെയും വയർ കത്തി തുടങ്ങിയിരുന്നു. വലിയൊരു പാറയുടെ മുകളിൽ ഇരുന്നു തോരനും സാമ്പാറുമെല്ലാം കൂട്ടി വേഗം ചോറുണ്ടു. മുകളിൽ നിന്നും തിരികെ വരുന്നവർ ഇവിടെ കുളിക്കുന്നുണ്ട്. തിരികെ വരുമ്പോ ഇവിടെ കുളിക്കണം.





മധു ചേട്ടനൊക്കെ ഞങ്ങളുടെ  ഒപ്പമെത്തി. 


“ഇനി ഒരു ആറു കിലോമീറ്ററെ കാണു “ മധു ചേട്ടൻ പറഞ്ഞപ്പോ ഞങ്ങൾ വിശ്വസിച്ചു.


അടുത്ത അരുവിയിലും ഞാനും ജെസ്വിനും തണുത്ത വെള്ളത്തിൽ മുഖം മുഴുവൻ മുക്കുന്ന പരിപാടി തുടർന്നു . സ്നോയി ഇടയ്ക്കൊരു സ്ഥലത്തു വെള്ളം കണ്ടപ്പോൾ അതിൽ പോയി കിടന്നു.അവനും ചൂടെടുത്തു കാണും .



ജിമ്മിയും സ്‌നോയിയും ഞങ്ങളുടെ കൂടെ ഇങ്ങനെ വരുന്നുണ്ടെങ്കിലും ഞങ്ങൾ അവർക്കു ഒന്നും കൊടുത്തിട്ടില്ല. ഇവർ സ്ഥിരം ഓരോ ട്രെക്കിങ്ങ് ടീമിന്റെ കൂടെ കേറുന്നതാണ്. പോകുന്നവർ എന്തെങ്കിലുമൊക്കെ കൊടുക്കും. പക്ഷേ  ഭാരം കുറയ്ക്കാൻ വേണ്ടി ഞങ്ങൾ അധികം ബിസ്കറ്റോന്നും എടുത്തിട്ടില്ല.


“ഇവരുടെ ട്രെക്കിങ്ങ് കരിയറിൽ ഇത്രയും ദരിദ്രവാസികളെ ഇവർ കണ്ടിട്ട് കാണില്ല “ എന്ന് ജെസ്വിൻ പറഞ്ഞു . ശെരിയാണ്. ഇവർ എപ്പോഴാണോ അത് മനസിലാക്കി ഞങ്ങളെ ഇട്ടിട്ടു പോകുന്നേ ..


“എന്റെ ചോറൊക്കെ ദഹിച്ചു  നിങ്ങളുടെയോ ?”


ചോറുണ്ടിട്ട് അരമണിക്കൂർ ആയിക്കാണില്ല. അപ്പോഴേക്കും ക്രിസിന്റെ ഡയലോഗ് .



ചെറിയൊരു സൂര്യപ്രകാശം കണ്ടതേ അരവിന്ദൻ സൺ ക്രീം എടുത്തു. അവനെ ഞങ്ങൾ കളിയാക്കിയെങ്കിലും എല്ലാവരും അത് വാങ്ങി കൈയിലൊക്കെ തേച്ചു. അവിടെ നിന്ന് നോക്കിയാൽ ഒരുപാട് അകലെ അഗസ്ത്യാർകൂടം കാണാം. അതിന്റെ മുകളിലേക്കാണ് ഞങ്ങൾ പോകുന്നത് എന്നോർക്കുമ്പോൾ ചെറിയ പേടിയൊക്കെ ഉണ്ട് .


                                                 




അട്ടയാർ എത്തി. അവിടം മുതൽ പുൽമേടുകളിലൂടെയുള്ള ചെറിയ കയറ്റമാണ്. മധു ചേട്ടൻ വീണ്ടും “ ഇനി ഒരു ആറു കിലോമീറ്റർ കൂടെയുള്ളു” എന്ന് പ്രസ്താവിച്ചു. ഇനി ഞങ്ങൾ വിശ്വസിക്കില്ല മനുഷ്യാ എന്നും പറഞ്ഞു ഞങ്ങൾ നടന്നു.



കുറച്ചു കഴിഞ്ഞു ഞങ്ങൾ ഇരുന്നു.ഗ്ളൂക്കോസ് ഒരു പാക്കറ്റ് പൊട്ടിച്ചു. എല്ലാവരും കൈയിലുള്ള തൊപ്പി എടുത്തു വച്ചു.മോമി തന്ന umpire തൊപ്പി ഞാൻ വച്ചു . എന്റേത് ക്രിസിനും കൊടുത്തു.


                                             

 




സൂര്യപ്രകാശം നല്ലപോലെ അടിക്കുന്നുണ്ട്.അതുകൊണ്ടു തന്നെ ഞങ്ങൾ തളരാൻ തുടങ്ങി .ജെസ്വിൻ കുറച്ചു മുന്നോട്ട് പോയി. പിന്നെയുണ്ട് ആളെ കാണുന്നില്ല. ക്രിസ് കുറച്ചു പുറകിലായി . ഞാനും പ്രണവും അരവിന്ദനും ഒരുമിച്ചു നടന്നു.



ഞങ്ങൾ കഴിച്ച ഗ്ളൂക്കോസ് തന്നെയല്ലേ ജെസ്വിനും  കഴിച്ചത് ? അതോ പൊടി മാറിപ്പോയോ ?

അതോ ഇനി അവൻ കാട്ടിൽ നിന്നു വല്ലതും കഴിച്ചോ ? എന്തായാലും ജെസ്വിൻറെ പൊടി പോലുമില്ല.


പ്രണവും മുന്നോട്ട് പോയി . ഞാനും അരവിന്ദനും കുറച്ചു പുറകിൽ ക്രിസും  ബാക്കി .

അങ്ങ് അകലെ ഒരു കുന്നു കാണാം. ഒരു ബ്ലോഗിൽ ട്രെക്കിങ്ങിന്റെ അവസാന ഭാഗത്തു കുത്തനെയുള്ള ഒരു കയറ്റം ഉണ്ടെന്നും ‘മുട്ടിടിച്ചാൽ മല’ എന്നാണ് അതിന്റെ പേരെന്നും വായിച്ചിരുന്നു. ആ കാണുന്ന കുന്നു ആകണം മുട്ടിടിച്ചാൽ മല എന്ന് ഞങ്ങൾ കരുതി. ഞങ്ങളുടെ മുൻപിൽ ഒരു മൂന്നു പേരുടെ സംഘമുണ്ട് . അവർ ആ കുന്നു കയറുന്നതു ഞങ്ങൾക്ക് കാണാം. ജെസ്വിനെ എവിടേം കാണാനില്ല.


                                       

കൈയിലുള്ള വെള്ളമൊക്കെ തീരാറായി. പുൽമേട് കഴിയാറായപ്പോൾ ഒരു ചെറിയ അരുവി കണ്ടു. അപ്പോൾ അകലെ ആ കുന്നിൽ ജെസ്വിൻ നിൽക്കുന്ന കാണാം .എന്നാലും ഇവന് എവിടന്ന് ഈ എനർജി കിട്ടി എന്ന് ഇപ്പോഴും അറിയില്ല.


                             

അരുവിയിൽ  നിന്നും വെള്ളം നിറച്ചു ഞാൻ മുന്നോട്ടു പോയി. നാലാളും ഒറ്റയ്ക്കായി അപ്പോൾ. ആദ്യം പറഞ്ഞ ആ കുന്നു കയറി തുടങ്ങിയപ്പോൾ ദാ  പ്രണവ് അവിടെ ഇരിക്കുന്നു.അവിടെ ഒരു ചെറിയ കട്ടിലിൽ ഗൈഡുമാർ ഇരിപ്പുണ്ട്.ആനയെ ഓടിക്കാനൊക്കെ ആണ് അവരവിടെ ഇരിക്കുന്നത്. അവിടെ തന്നെ ഫ്രഷ് ആനപിണ്ടവും കണ്ടിരുന്നു.തിരികെ വരുമ്പോൾ ആ കട്ടിലിൽ ഇരുന്നു ഫോട്ടോ എടുക്കണം.


                      

പിന്നെ ഞാനും പ്രണവും ആയി നടത്തം. പിന്നാലെ അരവിന്ദും എത്തി. ആ കുന്നു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് മനസിലായി ഇതൊന്നും ഒന്നുമല്ല ഇനി കേറാൻ ഇരിക്കുന്നതാണ് യഥാർത്ഥ മുട്ടിടിച്ചാൽ മല എന്ന് . 



ഓരോ സ്റ്റെപ്പും പയ്യെ വച്ചു കയറി തുടങ്ങി. കുറച്ചു കഴിഞ്ഞപോൾ ഇരുന്നു ചോക്ലേറ്റ് കഴിച്ചു . വെള്ളവും കുടിച്ചു ആ ഊർജത്തിൽ കയറി.കിതച്ചു കിതച്ചു പയ്യെ പയ്യെ കയറി .മുട്ടിടിച്ചാൽ മല എന്ന പേര് അന്വര്ഥമാക്കികൊണ്ട് ഞങ്ങൾ മുട്ടിടിച്ചു കയറി. ഇടയ്ക്കൊരു നിരപ്പ് കണ്ടപ്പോ എന്തൊരു ആശ്വാസം .



ജെസ്വിൻ ഇപ്പോ ക്യാമ്പിൽ എത്തിക്കാണും . മുട്ടിടിച്ചാൽ മല മുട്ടിടിച്ചു ഞങ്ങൾ കയറി തീർത്തു. നിരപ്പിലൂടെയായി പിന്നീട് നടത്തം. ഒരു ചേട്ടൻ വരുന്നുണ്ട്.


“ഇനിയെത്ര ഉണ്ട് ചേട്ടാ ?”


“ഒരു അര കിലോമീറ്റർ കൂടെ “


“ശെരിക്കും ‘?


“അതെ “


“ഞങ്ങളെ ആശ്വസിപ്പിക്കാൻ ആണോ ?


“അല്ല ശെരിക്കും അത്രേയുള്ളൂ “



ആശ്വാസം. അപ്പോ എത്താറായി. അങ്ങനെ നടക്കുമ്പോൾ ദാ സ്നോയി ഓടി വരുന്നു. ഇവൻ എപ്പോഴോ പുറകിൽ ആയിരുന്നു. അങ്ങനെ ഞാനും പ്രണവും അരവിന്ദനും സ്‌നോയിയും ക്യാപിലെത്തി.ജെസ്വിൻ ഞങ്ങളെ നോക്കി പുറത്തിരുപ്പുണ്ടായിരുന്നു. അവൻ വന്നിട്ട് ഏതാണ്ട് അര മണിക്കൂർ ആയി. ജെസ്വിന് എന്തോ ഒരു calmness തോന്നി അതുകൊണ്ട് ഇങ്ങു കയറി എന്നാണ് അവൻ പറയുന്നേ.



ചെന്ന ഉടനെ അടുത്തുള്ള അരുവിയിൽ പോകണമെന്ന് പ്ലാനിട്ടിരുന്നു. ഞാൻ ചെന്നപ്പോ തന്നെ ജെസ്വിനോട് അതാണ് ചോദിച്ചത് .


“അവിടെ കണ്ട ഒരു “മൊട” പറഞ്ഞു  ഒരുപാട് ദൂരം ഉണ്ടെന്നാണ് “


“ഓഹോ “


റിപ്പോർട്ട് ചെയ്യണ്ട സ്ഥലത്തു ഞങ്ങൾ പോയി റിപ്പോർട്ട് ചെയ്തു.പാസ് അവിടെ കൊടുത്തു.ഒരു ലേഡി ഓഫിസർ ആയിരുന്നു. ആൾ പറഞ്ഞു ഇവിടെ അടുത്താണ് അരുവി നേരത്തെ തിരികെ വരണം എന്ന്. 



                                  


ക്യാംപിനു ചുറ്റും trench ഉണ്ട്`അതുകൊണ്ട് ആനയൊന്നും   വരുമെന്ന് പേടിക്കണ്ട.ഓരോത്തരും ഓരോ പാ എടുത്തു ക്യാമ്പിലേക്ക്  കയറി . കുറച്ചു നേരം ഇരുന്നപ്പോ ക്രിസ്ടി എത്തി. എല്ലാവരും തോര്ത്തൊക്കെ എടുത്തു കുളിക്കാൻ പോയി. അപ്പോഴും മൊടയുടെ മുന്നറിയിപ്പ് ‘ദൂരം കുറച്ചുണ്ട്’ എന്ന്. പക്ഷേ ഒരു നൂറു മീറ്റർ പോലുമില്ല അങ്ങോട്ടേക്ക്. അവനെന്താണ് ഞങ്ങൾ കുളിക്കാൻ പോയാൽ ?



ഐസ് പോലത്തെ വെള്ളം. തണുത്തിട്ടു എന്റെ പല്ലൊക്കെ കൂട്ടിയിടിച്ചു. പ്രണവ് ഒന്ന് മുങ്ങിയിട്ടു തണുപ്പ് വയ്യാണ്ട് കയറി. ക്രിസ് ആസ് യുഷ്യൽ വെള്ളത്തിൽ കിടന്നാൽ കാലൊക്കെ കോച്ചി വലിക്കും എന്ന് നെഗറ്റീവ് അടിച്ചു എണീറ്റ് പോയി. അവിടെ കുളിക്കാൻ ആൾകാർ വന്നു തുടങ്ങി. ക്രിസ് അവരോടൊക്കെ ഒരുപാട് നേരം വെള്ളത്തിൽ ഇറങ്ങേണ്ട , കോച്ചി വലിക്കും എന്ന് മുന്നറിയിപ്പും കൊടുത്തു.


                         

കുളി കഴിഞ്ഞു അടുത്തുള്ള പാറയിൽ കയറി അഗസ്ത്യമലയും നോക്കി ഇരുന്നു. നാളെ ഇതിന്റെ മുകളിലേക്കാണ് പോകുന്നത്. അഗസ്ത്യമുനിയുടെ മുഖമൊക്കെ സൂക്ഷിച്ചു നോക്കിയാൽ ആ പാറയിൽ കാണാമെന്നു ഒരു യൂട്യൂബ് ചാനലിൽ കണ്ടത് ശെരിയാണോ എന്നറിയാൻ പ്രണവ് ശ്രമിക്കുന്നുണ്ട് . അവിടെ ഇരുന്നു കുറച്ചു ഫോട്ടോസൊക്കെ എടുത്തിട്ട് ചായ കുടിക്കാൻ ഞങ്ങൾ കാന്റീനിലേക്ക് പോയി.


                                         




എല്ലാത്തിനും അവിടെ കൂപ്പൺ എടുക്കണം. കട്ടൻ ചായയ്ക്ക് പതിനഞ്ചും ചുക്ക് കാപ്പിക്ക് ഇരുപത്തിയഞ്ചുമാണ് വില. കട്ടൻ ചായ എടുക്കാൻ ആയിരുന്നു പ്ലാൻ. ചുമ്മാ ചുക്ക് കാപ്പി വേണോ എന്ന് ചോദിച്ചപ്പോൾ ക്രിസ് പറഞ്ഞു ചുക്ക് കാപ്പി മതിയെന്നു . എന്തോ ഒരു തരം പലഹാരവും വാങ്ങി . 


ചുക്ക് കാപ്പി നല്ല കടുപ്പമുള്ളതായിരുന്നു.ക്രിസ് നു കുടിക്കാൻ സാധിച്ചില്ല.ചുക്ക് കാപ്പി വാങ്ങിയത് അവന്റെ ഐഡിയ ആയതുകൊണ്ട് അവനൊന്നും പറഞ്ഞില്ല. പ്രണവിനും ജെസ്വിനും കാപ്പി ഇഷ്ടപെട്ടതുകൊണ്ട് അവർ അതും കുടിച്ചു. 


കാപ്പി കുടിച്ചു പുറത്തിറങ്ങി നടന്നപ്പോൾ ഒരു തമിഴൻ അണ്ണൻ ഫോൺ വിളിക്കുന്നു. അയാൾ നിൽക്കുന്ന കല്ലിൽ നിന്നാൽ ജിയോ യ്ക്കു റേഞ്ച് കിട്ടും . അവരതിന് ജിയോ കല്ല് എന്ന് പേരുമിട്ടു. സംഭവം ശെരിയാണ് ഞങ്ങൾക്കും അവിടെ നിന്നപ്പോ ചെറുതായി റേഞ്ച് കിട്ടി. 


സുരേഷ് ചേട്ടൻ ആർക്കോ 8500 രൂപ അയച്ചു കൊടുക്കാനുള്ള പണിയിലാണ്. താഴെ വരുന്ന വഴിയിൽ ആർക്കോ 4500 രൂപ അയച്ചു കൊടുക്കുന്ന കാര്യം പറയുന്ന കേട്ടിരുന്നു.പൈസക്കാരൻ തന്നെ.


 ഒടുവിൽ ആരെയൊക്കെയോ വിളിച്ചു പൈസ അയച്ചു ആൾ.


മധു ചേട്ടൻ ഞങ്ങളെ കണ്ടപ്പോ 


“ നിങ്ങൾ ഇന്ന് കേറിയതാണോ ?”



“ആഹാ നിങ്ങൾ അല്ലേ ആറു കിലോമീറ്റർ എന്നും പറഞ്ഞു ഞങ്ങളെ പറ്റിച്ചോണ്ടിരുന്നേ ?”



ആളൊരു ചിരിയും ചിരിച്ചു പോയി. മധു ചേട്ടൻ വെറും ഓളമാണ്.അടിപൊളി മനുഷ്യൻ.



സ്നോയി ക്ഷീണിച്ചു കിടന്നുറങ്ങുണ്ട് .


                                           


ക്യാപിലെത്തി എന്നൊക്കെ വീട്ടിലേക്ക് മെസ്സേജ് അയച്ചു തിരികെ ക്യാമ്പിന്റെ അകത്തെത്തി.ക്രിസ് മൂടി പുതച്ചു വെട്ടിയിട്ട ബായത്തണ്ടു പോലെ കിടക്കുന്നു. അരവിന്ദനും കിടന്നു. 


ഞാനും പ്രണവും ജെസ്വിനും ഇരുന്നു ചീട്ട് കളിച്ചു.


തണുപ്പ് കൂടി കൂടി വരുന്നു. ഞങ്ങൾ sweater ഒക്കെ എടുത്തിട്ടു. ഇരുട്ടായപ്പോൾ ക്യാമ്പിൽ ലൈറ്റ്  ഓൺ ആയി. ഒൻപതു മണി വരെ ഉണ്ടാവുമിത്.




ഏഴു ആയപോഴേ ഞങ്ങൾ കഞ്ഞി കുടിക്കാൻ പോയി. നല്ല വിശപ്പുള്ളതുകൊണ്ടു കഞ്ഞി നല്ലപോലെ കുടിച്ചു. 

കുറച്ചു നേരം റേഞ്ച് പിടിക്കാൻ പോയി. നക്ഷത്രങ്ങൾ എല്ലാം കാണാം . ടെലിസ്കോപിക് കാമറ ഉള്ള ഒരാളെ കണ്ടിരുന്നു, ആൾടെ കാമറയിൽ എല്ലാം കിട്ടും.


                                                    

ക്യാമ്പിലെത്തി കുറച്ചു നേരം ചീട്ട് കളിച്ചിരുന്നു.ക്രിസ് ഉറക്കം തുടങ്ങി. ക്രിസിന്റെ ആഗ്രഹം ഇവിടെ വന്നു ഇവിടെ ഉള്ള ചേട്ടന്മാരുടെ അഗസ്ത്യമല അറിവുകൾ ഒക്കെ കേട്ടിരിക്കുക എന്നൊക്കെ ആയിരുന്നു.പക്ഷേ ക്യാമ്പിൽ കാലെടുത്തു വച്ചാൽ ആളുറക്കമാണ്. പക്ഷേ ഇതിനൊന്നും ഒരു കുറവുമില്ല.


 തണുപ്പ് കൂടിയപ്പോൾ കാലിൽ സോക്സിട്ട് കിടന്നു.ലൈറ്റ് ഓഫ് ആയതും എല്ലാവരും കിടക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി . അതിനു മുൻപേ കൂർക്കം വലിയൊക്കെ നല്ല ശക്തിയിൽ കേൾക്കാം.തമിഴന്മാരാണ് മുൻപിൽ. ക്യാമ്പിൽ തമിഴന്മാരുണ്ട്. അവർക്കു ഈ മല കയറ്റം നമ്മുടെ ശബരിമല പോലെയാണ്.


കയറി വന്നതിന്റെ ക്ഷീണമുണ്ടെങ്കിലും തണുപ്പു കാരണം നല്ല ഉറക്കം ആർക്കും കിട്ടിയില്ല. ഇടയ്ക്കു ഒരു പാട്ടു കേട്ട് എണ്ണീറ്റു . ഞാൻ ഓർത്തു അഞ്ചര ആയെന്നു. പക്ഷേ അതാരോ രാത്രി മൂന്നരയ്ക്കു അലാറം വച്ചതായിരുന്നു. അവരെ പ്രാകി വീണ്ടും ഉറങ്ങി. 



അഞ്ചരയ്ക്ക് അലാറം അടിച്ചപ്പോ എണീറ്റു . പ്രണവും എണീറ്റിരിക്കുന്നു. ഒരു കട്ടൻ കുടിക്കാൻ ഞങ്ങൾ പുറത്തിറങ്ങി. കാറ്റെന്ന് പറഞ്ഞാൽ പോരാ അമ്മാതിരി തണുത്ത കാറ്റു . കൈയിൽ ഉള്ള ഷോൾ ഒക്കെ ഇട്ടു ഒരുവിധം കാന്റീനിൽ ചെന്നപ്പോൾ അവിടെ ചായ ആയില്ല. 



ആറുമണി ആയപ്പോ ചായ ആയി. ചായയും കുടിച്ചിരുന്നപ്പോ മധു ചേട്ടൻ എണീറ്റു വന്നു. 


“നല്ല മധുരം കൂട്ടി കടുപ്പം കൂട്ടി പടക്കം പോലൊരു ചായ താ “ 


അങ്ങനെ പടക്കം പോലൊരു ചായയും കുടിച്ചു മധു ചേട്ടൻ ഉഷാറായി. ഏഴുമണിക്ക് ഇന്ന് അഗസ്ത്യമല കയറാൻ പോണം. ഞാൻ പോയി എല്ലാരേയും എണീപ്പിച്ചു. (തുടരും )




രണ്ടാം ഭാഗം : click here 













































No comments

Powered by Blogger.