Malenadu Memories 04 | Kudremukh Trekking | Chikkamagaluru
Malenadu Memories 02: Z Point Chikkamagaluru: Click here
Malenadu Memories 03 : Mullyanagiri, Belur & Halebidu : Click here
കർണാടക പോകണം എന്നു തീരുമാനിച്ചപ്പോൾ തന്നെ ഓര്മ വന്നത് കുടജാദ്രി ട്രെക്കിങ്ങാണ് . മുൻപേ രണ്ടു തവണ പോയിട്ടുണ്ടെങ്കിലും അതെല്ലാം ജീപ്പിലായിരുന്നു.ട്രെക്കിങ്ങ് ചെയ്തു പോണം എന്നുള്ളത് കുറെ നാളത്തെ ആഗ്രഹമാണ്.ആ ഇടയ്ക്കാണ് ഇൻസ്റ്റാഗ്രാം വീണ്ടും ഡൌൺലോഡ് ചെയ്തത് . അങ്ങനെ കണ്ടുപിടിച്ച സ്ഥലമാണ് കുദ്രെമുഖ് ട്രെക്കിങ്ങ്. ഫോട്ടോസൊക്കെ കിടിലൻ. പിന്നെ അതിനെപ്പറ്റി ഒരു ഗവേഷണം തന്നെ നടത്തി.ആ സമയത്തു ഇൻസ്റ്റാഗ്രാമിൽ കുദ്രെമുഖ് ഫോട്ടോസ് ഇട്ട ഒരു കന്നഡ പയ്യന് മെസ്സേജ് അയച്ചു. കാർത്തിക് ഗൗഡ എന്നാണ് പേര്. കാർത്തിക് എനിക്കൊരു ഹോം സ്റ്റേയുടെ നമ്പർ തന്നു. അവർ ഫോറെസ്റ് പെർമിഷൻ എല്ലാം എടുത്തു തരും. കാരണം ഒരു ദിവസം അമ്പതു പേർക്ക് മാത്രമേ ട്രെക്കിങ്ങിനു പ്രേവേശനമുള്ളു.അമൃത് മൈസൂരിലാണ് ജോലി ചെയുന്നത്. അവനിപ്പോൾ കന്നഡ അറിയാം. അവനെക്കൊണ്ട് വിളിച്ചിച്ചു കാര്യങ്ങളൊക്കെ ശെരിയാക്കി.
ഇതിനെപറ്റി കേട്ടപ്പോ തന്നെ തടിയനും വരണമെന്നുണ്ടായിരുന്നു.പക്ഷേ അവസാനം അവനു ലീവ് കിട്ടിയില്ല. അമൃത് ഒരു വെള്ളിയാഴ്ച ലീവ് എടുക്കാമെന്ന് സമ്മതിച്ചു.ക്രിസ്റ്റിയെ വിളിച്ചപ്പോൾ അവൻ അപ്പൊ തന്നെ Okay പറഞ്ഞു.
അപ്പൊ എല്ലാം സെറ്റ്. ഞാൻ അത്യവശ്യം കറങ്ങി വെള്ളിയാഴ്ച വൈകുന്നേരം കൽസയിൽ എത്തുന്നു. ഇവന്മാർ മൈസൂരു നിന്നും മംഗലാപുരത്തു നിന്നും അങ്ങോട്ട് എത്തുന്നു. ശനിയാഴ്ച ട്രെക്കിങ്ങ് നടത്തുന്നു.ഞായറാഴ്ച മടക്കം. അതാണ് പ്ലാൻ.
| കോളേജിൽ പഠിക്കുമ്പോൾ ഉള്ള ഫോട്ടോ : ഞാൻ,അമൃത് ,ക്രിസ്‌റ്റി |
ക്രിസ്റ്റി ഇതിന്റെ ഇടയിൽ whatsapp ഗ്രൂപ്പ് ഒക്കെ തുടങ്ങി. അവൻ ആദ്യം ഇട്ട മെസ്സേജിൽ ഒന്ന് ഇത് നമ്മളെകൊണ്ട് പറ്റുമോ എന്നാണ്. ഒരു കിലോമീറ്റർ മുൻപേ നിർത്തിയവരൊക്കെ ഉണ്ടത്രേ .ക്രിസ്‌റ്റി ഉണ്ടെന്നു പറഞ്ഞപ്പോൾ എന്റെ റൂമിലുള്ളവർ ഈ ട്രിപ്പ് നടക്കുമോ എന്ന സംശയം പ്രകടിപ്പിച്ചിരുന്നു. ‘ദുരന്തം ക്രിസ്‌റ്റി’ എന്നൊരു പേരും അവനുണ്ട്. പണ്ട് അബ്ദുൽ കലാമിനെ കോളേജിലേക്ക് വിളിക്കാമെന്ന് ക്രിസ് പറഞ്ഞ സമയത്താണ് അദ്ദേഹം മരിച്ചത്. നീന്തൽ പഠിക്കാമെന്ന പദ്ധതി ഇട്ടപ്പോൾ കോളേജിനടുത്ത കുളത്തിൽ ഒരു പയ്യൻ മുങ്ങി മരിച്ചു. അങ്ങനെ ചെറിയ ചെറിയ ദുരന്തങ്ങൾ ധാരാളമുണ്ട്. ഒരുപാട് ആഗ്രഹിച്ചു സൂറത്കൽ NIT ൽ അഡ്മിഷൻ കിട്ടി അഞ്ചാറ് മാസം കഴിഞ്ഞതേ കൊറോണ വന്നു കോളേജ് ലൈഫ് മൂഞ്ചി. അതുകൊണ്ട് അവന്മാരുടെ സംശയം സ്വാഭാവികം .
ഇരുപതു കിലോമീറ്റര് നടക്കുമോ എന്നാണ് എല്ലാവരുടെയും സംശയം. ഞാൻ അറിഞ്ഞതിൽ നിന്ന് ഇത് വല്യ ബുദ്ധിമുട്ടില്ലാത്ത ട്രെക്കിങ്ങ് ആണെന്നു മനസിലായിരുന്നു. ആ ഒരു ധൈര്യത്തിലാണ് ഞാൻ ഇരിക്കുന്നത്.
അഗുംബെ -ശൃംഗേരി -ചിക്കമംഗളുരു -ബേലൂർ -ഹലേബിഡു ഒക്കെ കറങ്ങി ഞാൻ വെള്ളിയാഴ്ച്ച രാവിലെ ചിക്കമഗളൂരിവിൽ നിന്നും ഇറങ്ങി ബസ്സ് സ്റ്റാന്റിലെത്തി.കൽസ പോകാനുള്ള ബസ്സ് ചോദിച്ചവരൊക്കെ ബലേഹൊന്നുർ പോകാനാണ് പറഞ്ഞത്.ഹോട്ടലിലെ പയ്യൻ പ്രീതവും അങ്ങനെ തന്നെയാണ് പറഞ്ഞത്. അതിനു ശൃംഗേരി ബസ്സിൽ കയറിയാൽ മതി. ഒരു ബസ്സ് കിടപ്പുണ്ട് അതിൽ സീറ്റില്ല. അതുകൊണ്ട് അടുത്ത ബസ്സിൽ പോകാമെന്നു കരുതി വെയിറ്റ് ചെയ്തു. അടുത്ത ബസ്സ് വരാൻ കുറച്ചു വൈകി. വന്നതും അതിൽ കയറി. ഞാൻ ശൃംഗേരി നിന്നും ഇങ്ങോട്ടു വന്ന അതേ റൂട്ട് ആണ് . ബലഹൊന്നുർ ബസ്സിറങ്ങിയതും കൽസ ബസ്സ് കിട്ടി. കൽസയിൽ ഏതാണ്ട് മൂന്നു മണിക്ക് ചെന്നു.
നല്ല വിശപ്പുണ്ട് . എന്തെങ്കിലും കഴിക്കണം. ചെറിയൊരു ടൌൺ ആണിത്. ഒരു കടയിൽ കയറിയതും മീനിന്റെ മണം സഹിക്കാൻ പറ്റാത്തോണ്ടു ഇറങ്ങി . ഒടുവിൽ ഒരു കടയിൽ കയറിയപ്പോൾ ബിരിയാണി മാത്രമേ ഉള്ളു . അതും കഴിച്ചു ബാൽഗൽ പോകാനുള്ള ബസ്സ് അന്വേഷിച്ചു. ഒരു കോഫീ പൌഡർ വിൽക്കുന്ന കടയിലെ ചേട്ടന് ചേട്ടന് ഇംഗ്ലീഷ് അറിയാം. ബാൽഗൽ ബസ് ഇനി അഞ്ചു മണിക്കേ ഉളളൂ . അപ്പോ ഏതാണ്ട് ഒന്നര മണിക്കൂർ ഇനിയുമുണ്ട്. ഒരു പയ്യനോട് ചോദിച്ചപ്പോൾ സ്കൂൾ ബസ് എന്ന് മാത്രം പറഞ്ഞു. അതിൽ എനിക്ക് എങ്ങനെ പോകാൻ പറ്റും ?. ഞാൻ അതിലെ ചുമ്മാ നടന്നു.ഇടയ്ക്കൊരു ചെറിയ കടയിൽ സ്റ്റോവ് കണ്ടപ്പോൾ അവിടെ കാപ്പി ഉണ്ടോ എന്ന് ചോദിച്ചു . അവിടിരുന്നു കാപ്പി കുടിച്ചു കുറെ നേരം ഇരുന്നു. ഒരു ചേച്ചിയുടെ കടയാണിത്.
ക്രിസ് ഈ സമയം കൊണ്ട് ബാൽഗൽ എത്താറായി എന്ന് ഗ്രൂപ്പിൽ മെസേജ് ഇട്ടു.അമൃതിനു ബേലൂർ നിന്നൊരു കൽസ ബസ് കിട്ടി പക്ഷെ അതെത്താൻ ഏതാണ്ട് ഏഴ് കഴിയും. അപ്പോൾ ബസ് എന്തെങ്കിലുമുണ്ടോ എന്ന് അറിയാൻ ഞാൻ ആദ്യം ബസ് പറഞ്ഞു തന്ന ചേട്ടനോട് തന്നെ ചോദിച്ചു. ഏഴിന് ഒരു ബസ്സുണ്ട് അത് കഴിഞ്ഞാൽ എട്ടേ മുക്കാലിന് ആണ്. അവിടെ ജോലിക്കു നിൽക്കുന്ന ഒരു പെൺകുട്ടി ആണ് ഇതെല്ലാം പറയുന്നത്. ആ ചേട്ടൻ അതെല്ലാം ഇംഗ്ലീഷിൽ എനിക്ക് പറഞ്ഞു തരും. അപ്പോൾ എന്നോട് ആ ചേട്ടൻ നാലരയ്ക്ക് ഒരു സ്കൂൾ ബസ് വരും, അതിൽ പോകാൻ പറ്റുമോ എന്ന് ചോദിച്ചു നോക്കാൻ പറഞ്ഞു.
അപ്പോഴേക്കും ആ ബസ് എത്തി . കണ്ടക്ടറോട് ചോദിച്ചപ്പോൾ കേറിക്കോളാൻ പറഞ്ഞു. അങ്ങനെ അകത്തു കയറി. സാധാ ഒരു ബസ് തന്നെയാണിത്.പക്ഷെ നിറയെ സ്‌കൂൾ പിള്ളേരാണ് എന്നു മാത്രം. ഒരു നാലഞ്ചു യൂണിഫോം കാണാം.ഞാൻ വഴി ചോദിച്ച പയ്യനും ഇതിലുണ്ട്. പിള്ളേരൊക്കെ നല്ല ബഹളാണ്. ചിലർ സിപ് അപ്പ് ഒക്കെ നുണയുന്നുണ്ട്. കണ്ടക്ടർ വന്നു ടിക്കറ്റെടുത്തു. ഒരു രൂപ ചില്ലറ ചോദിച്ചപ്പോൾ ഞാൻ തപ്പി. അപ്പോഴേക്കും ഞാൻ ആദ്യം ബസ് ചോദിച്ച പയ്യൻ എനിക്ക് ഒരു രൂപ തന്നു.എന്റെ വലിയ ബാഗൊക്കെ കണ്ടു പിള്ളേർ നോക്കുന്നുണ്ട്. എല്ലാവരുടെയും ടിക്കറ്റെടുത്തു കണ്ടക്ടർ ഇറങ്ങിയതും വണ്ടി എടുത്തു. പുറകിലെ വാതിലിൽ കിളി പോലെ ഒരുത്തനുണ്ട്. അവൻ പാൻ പരാഗ് പോലെ എന്തോ കഴിക്കുന്നത് കണ്ടു. പിള്ളേർ ഇതൊക്കെ കണ്ടല്ലേ പഠിക്കുന്നത് ?
ഞാൻ നിന്നതിന്റെ അടുത്തുള്ള സീറ്റിലെ പയ്യൻ ആരുടേയും ബാഗ് വാങ്ങി പിടിക്കുന്നില്ല. നമ്മളൊക്കെ സ്‌കൂളിൽ പോകുമ്പോൾ സീറ്റ് കിട്ടിയാൽ ആദ്യം ചെയുന്നത് നികുന്നവരുടെ ബാഗ് വാങ്ങി പിടിക്കൽ ആണ്. അവസാനം ഒരു പയ്യൻ വന്നു എന്തോ പറഞ്ഞു അവന്റെ മടിയിലേക്കു ബാഗ് ഇട്ടു. ബസ് എടുത്തു ഏതാണ്ട് പത്തു കിലോമീറ്റർ ഉണ്ട് ബാൽഗൽ വരെ എത്താൻ .
കാപ്പിത്തോട്ടങ്ങൾ കൂടാതെ തേയില തോട്ടങ്ങളും പോകുന്ന വഴിയുണ്ട്.ഇടയ്ക്കു വേറൊരു കണ്ടക്ടർ വഴിയിൽ നിന്നു കയറി. ഒരു കിളവൻ. കേറിയപ്പോൾ മുതൽ എല്ലാരോടും ടിക്കറ്റു എടുത്തോ എന്നും ചോദിച്ചു പിള്ളേരോട് അങ്ങോട്ട് മാറി നിക്ക് ഇങ്ങോട്ടു മാറി നിക്ക് എന്നും പറഞ്ഞു പിള്ളേരെ പേടിപ്പിക്കുന്നുണ്ട്.എനിക്ക് എന്റെ പ്ലസ് ടു കാലം ഓർമ വന്നു. വൈകുനേരം വരുന്ന Angel ബസ്സിലെ കണ്ടക്ടർ ഇങ്ങനെയായിരുന്നു. പിള്ളേരെ കണ്ടാൽ കലിപ്പാണ്. എന്റെ അടുത്ത സീറ്റിലെ പിള്ളേർ എണീറ്റു. എനിക്ക് ഏതാണ്ട് എത്താറായി അതുകൊണ്ട് എനിക്ക് ഇരിക്കാൻ ഉദ്ദേശമില്ല.പക്ഷെ ഞാൻ ഇരിക്കുമോ എന്ന് പേടിച്ചാവണം ഒരു പയ്യൻ അവന്റെ അനിയത്തിയേയും പിടിച്ചു ഓടി വന്നിരിന്നു.അവിടിരുന്ന ബാഗ് എടുത്തു അനിയത്തി മടിയിൽ വച്ചു . അനിയത്തിയുടെ ബാഗും അവന്റെ ബാഗും അവൻ അവന്റെ മടിയിൽ വച്ചു . അനിയത്തിയുടെ മടിയിലുള്ള ബാഗിന് ഭാരം കൂടുതൽ ആയതുകൊണ്ടാവണം അവൻ ആ ബാഗും വാങ്ങി പിടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ സൈഡ് സീറ്റിലിരുന്ന അവൾക്കു തണുപ്പടിച്ചു.അവർ സീറ്റ് മാറി ഇരുന്നു.അപ്പോൾ ഒരു പ്രെശ്നം. കുട്ടിക്ക് പിടിക്കാൻ സ്ഥലമില്ല.മുൻപിലെ സീറ്റിലേക്ക് ആൾക്ക് കൈ എത്തുന്നില്ല.അവളുടെ ബാഗ് കെട്ടിപിടിച്ചു ഇരുന്നോളാൻ അവൻ പറഞ്ഞു. കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ അവൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട്. എന്തൊരു കരുതലാണ് ഈ പയ്യന്.
അതൊക്കെ കണ്ടിരുന്നതും സ്ഥലമെത്തി.ഞാൻ ബാഗെടുത്തു ഇറങ്ങി.ക്രിസ് എത്തിയിട്ട് ഹോം സ്റ്റേ നമ്പറിൽ വിളിക്കാമെന്ന് കരുതി ഞാൻ അവിടിരുന്നു. ഒരു പ്രായം ചെന്ന ചേട്ടൻ എന്നോട് എന്തോ ചോദിച്ചു . കുദ്രെമുഖ് ട്രെക്കിങ്ങ് എന്ന് കേട്ടതുകൊണ്ടു ഞാൻ “എസ്” എന്ന് മാത്രം പറഞ്ഞു.
“എങ്ങനെ വന്നു ?” ( ഞാൻ ഊഹിച്ചതാണ് )
“ബസ് “
“ഹോം സ്റ്റെയ്‌ലിക്ക് വിളിച്ചോ ?”
ഞാൻ ആംഗ്യഭാഷയുടെ സഹായത്തോടെ ഒരു ഫ്രണ്ട് വരും എന്ന് കയ്യും കാലും കാണിച്ചു പറഞ്ഞു.
“ഓ ഫ്രണ്ട് വരുമോ “
ഏഹ് മലയാളം !!
“മലയാളിയാണോ ?”
“അല്ല ഞാൻ വണ്ടി ഓടിച്ചൊക്കെ അവിടെ വന്നിട്ടുണ്ട് അങ്ങനെ മലയാളം അറിയാം “
അയാളോട് സംസാരിച്ചോണ്ടിരിക്കുമ്പോൾ ക്രിസ് വിളിച്ചു. അവൻ എന്റെ ഓപ്പോസിറ്റ് ഡയറക്ഷനിൽ ആണ് വരിക.അവൻ ബസ്സിറങ്ങി. എനിക്ക് അങ്ങോട്ട് നടക്കാനുണ്ട്.
ക്രിസ് അടുത്തുള്ള കടയിൽ നിന്നും കാപ്പിയൊക്കെ പറഞ്ഞു നിക്കുന്നു. ഒരു കാലൻ കുടയൊക്കെ ഉണ്ട് ആളുടെ കൂടെ . തമ്മിൽ കണ്ടിട്ട് ഏതാണ്ട് രണ്ടു കൊല്ലം കഴിഞ്ഞു. ക്രിസ് ഉം വന്നതുകൊണ്ട് ഞാൻ ഹോം സ്റ്റേ ലെ രാവിഷ് ചേട്ടനെ വിളിച്ചു. ഞങ്ങൾ എത്തി എന്ന് ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു.
ഞങ്ങൾ സംസാരിച്ചു നില്ക്കുംമ്പോൾ ആളെത്തി. ആൾക്ക് ഹിന്ദി അറിയില്ല, ഞങ്ങൾക്ക് കന്നഡയും . ഞങ്ങൾ അമൃതിനെ വിളിച്ചു ഫോൺ കൊടുത്തു. അമൃതും വരാൻ ആൾ വെയ്റ്റിംഗ് ആണ്. കാരണം ഇവിടന്നു ജീപ്പിൽ ആറു കിലോമീറ്റർ പോകണം അതും നല്ല വഴി അല്ല. അതുകൊണ്ട് അമൃതും വന്നിട്ടു പോകാമെന്നാണ് ആൾ പറയുന്നത്.അതിനു ഇനിയും ഒന്നര മണിക്കൂർ എടുക്കും .
ഞാനും ക്രിസ്റ്റിയും കൂട്ടുകാരുടെ കാര്യം മുതൽ അന്താരാഷ്ട്ര കാര്യങ്ങൾ വരെ സംസാരിച്ചു ഒന്നര മണിക്കൂർ കളഞ്ഞു. അമൃത് കൽസയിൽ നിന്നും ബാൽഗൽ വരെ ഓട്ടോയ്ക്കാണ് വന്നത് . ജീപ്പിൽ ഇച്ചിരെ ബുദ്ധിമുട്ടുള്ള യാത്രയാണ് മുകളിലേക്ക് . മുല്ലൊടിയിലേക്കാണ് ഞങ്ങൾ പോകുന്നത്.
നാളത്തെ കാര്യമൊക്കെ അമൃത് കന്നടയിൽ ചോദിച്ചു മനസിലാക്കി . ഒരു ഏഴരയ്ക്ക് ഇറങ്ങണം. താമസിക്കുന്ന വീടിന്റെ തൊട്ടടുത്താണ് ഫോറെസ്റ് ഓഫിസ്.
വീട്ടിലെത്തി. കുറേ നാൾ കൂടെ കണ്ടതായതുകൊണ്ടു ഒരുപാട് നേരം വർത്താനം പറഞ്ഞിരുന്നു. എല്ലാവര്ക്കും വിശക്കുന്നുണ്ട്. ഞാൻ എന്റെ കൈയിലെ ആരോറൂട്ട് ബിസ്കറ്റ് എടുത്തു. ആർക്കും താല്പര്യമില്ല.കൂടെ ഉണ്ടാർന്ന ഓറിയോ പൊട്ടിച്ചു.പിന്നെ ഓരോരുത്തരായി കുളിച്ചു. താഴെ നല്ല റേഞ്ച് ഉണ്ടായിരുന്നു പക്ഷെ മുകളിൽ ഒന്നിനും റേഞ്ച് ഇല്ല. ആരും വീട്ടിൽ പറഞ്ഞിട്ടില്ല റേഞ്ച് ഉണ്ടാവില്ല എന്ന് . ഇവിടെ ഒരു സ്ഥലത്തു പോയാൽ റേഞ്ച് കിട്ടുമെന്ന് രാവിഷ് അണ്ണൻ പറഞ്ഞു. ഞാനും അമൃതും ആൾടെ കൂടെ പോയി.ആൾടെ പറമ്പിലൂടെ നടന്നു ഒരു പാടത്തിന്റെ സൈഡിൽ നിന്നാൽ ജിയോ ചെറുതായി കിട്ടും.അവിടെ ഓൺലൈൻ ക്ലാസിനു വേണ്ടി ചെറിയൊരു ഷെഡ് ഉണ്ടാക്കിയിട്ടുണ്ട്.
അമൃത് വീട്ടിലേക്ക് വിളിച്ചു. ഞാൻ ക്രിസ്റ്റിയുടെ മമ്മിയെ വിളിച്ചു കാര്യം പറഞ്ഞു. ഞാൻ പോകുന്ന ഓരോ അപ്ഡേറ്റ് ഉം ചേച്ചിമാരും മമ്മിയും ഉള്ള ഗ്രൂപ്പിലാണ് ഇടുക. ഇപ്പൊ എവിടെയാണ് ഇനി എങ്ങോട്ടാണ് പോകുക അതൊക്കെ അവിടെ ഇടും. ഞാൻ ആ ഗ്രൂപ്പിൽ ഓഡിയോ മെസ്സേജ് ഇട്ടു.രണ്ടു ദിവസത്തേക്ക് റേഞ്ച് ഉണ്ടാവില്ല എന്ന്.
ഞങ്ങൾ വേജ് ഫുഡ് ആണ് പറഞ്ഞിരിക്കുന്നെ. കപ്ലങ്ങ (പപ്പായ ) കൊണ്ടുള്ള ഒരു തോരനും ഒരു കറിയും ചോറും ചപ്പാത്തിയും ആണ് ഭക്ഷണം. ചോറുണ്ടു കഴിയാറായപ്പോൾ പപ്പടവും കിട്ടി.
രാവിലെ എണീക്കാൻ അലാറവും സെറ്റ് ചെയ്തു ഞങ്ങൾ കിടന്നു. ചെറിയ തണുപ്പുണ്ട്. കമ്പിളി പുതപ്പുണ്ട്. നാളെ എന്താവും എന്നാണ് എല്ലാരുടെയും മനസിൽ.

Leave a Comment