Malenadu Memories 05 | Kudremukh Trekking | Chikkamagaluru

 



Malenadu Memories 01 : Agumbe & Sringeri : Click here
Malenadu Memories 02: Z Point Chikkamagaluru: Click here
Malenadu Memories 03: Mullyanagiri, Belur & Halebidu : Click here 
Malenadu Memories 04:Kudremukh Trekking : Click here

“ഐ നീഡ് ഷുഗർ “


ട്രെക്കിങ്ങ് തുടങ്ങി പത്തു മിനിറ്റു കഴിഞ്ഞില്ലാ , ഞങ്ങളുടെ മുൻപിൽ പോയ ഒരു ഗ്യാങിലെ ഒരു പയ്യൻ മടുത്തു. തുടക്കത്തിലേ ഞങ്ങൾ അവനെ ശ്രദ്ധിച്ചിരുന്നു. ആദ്യം കടക്കേണ്ട അരുവിയിൽ എല്ലാവരും ശ്രദ്ധിച്ചു നടന്നപ്പോൾ വുഡ്‌ലാൻഡിന്റെ കിടിലൻ ഷൂ ഇട്ട ഈ ചെക്കൻ ആ ഷൂ മുഴുവൻ നനച്ചു. അവന്റെ ബാഗ് ആണെങ്കിൽ ഞാൻ ഈ യാത്രയ്ക്ക് കൊണ്ടുവന്ന അത്രയുമുണ്ട്. ഞങ്ങൾ അവനു പേരുമിട്ടു “മണ്ടൻ “ മണ്ടൻ ആണ് അവരുടെ ഗാങ്ങിൽ ഏറ്റവും പിന്നിൽ. ഒന്ന് രണ്ടു പെൺകുട്ടികൾ ഞങ്ങളുടെ തൊട്ടുമുന്പിലുണ്ട്. ബാക്കിയുള്ളവരൊക്കെ മുൻപിൽ പോയി.


ഇങ്ങനെയെങ്കിൽ ഇവനെങ്ങനെ ഇത് കമ്പ്ലീറ്റ് ചെയ്യും ? അവന്റെ ബാഗിലെ സാധനങ്ങൾ Split  ചെയ്തു അവരുടെ ഗ്യാങിലെ എല്ലാവരോടും പിടിക്കാൻ ക്രിസ് പറഞ്ഞു. എന്തിനാണ് ഇത്രയും വല്യ ബാഗ് എന്ന് മനസിലാകുന്നില്ല. ഉച്ചയ്ക്കുള്ള ഭക്ഷണം വേണം, ഇടയ്ക്കു കഴിക്കാനുള്ള സ്നാക്ക്സ് വല്ലതും വേണമെങ്കിൽ അത്, വെള്ളം കുടിക്കാനൊരു കുപ്പി.  അട്ടകളെ ഒഴിവാക്കാൻ ഡെറ്റോൾ അല്ലെങ്കിൽ ഉപ്പു . ഇത്രയുമേ ആവശ്യമുള്ളു. ഞങ്ങൾ മൂന്നു പേരുംകൂടെ ഒരു ബാഗ് ആണ് എടുത്തിരിക്കുന്നത്. 


രാവിലെ ഏഴരയ്ക്കു തന്നെ വീട്ടിൽ നിന്നും ഇറങ്ങി. ദോശയും ചമ്മന്തിയും കഴിച്ചപോഴെകും ഉച്ചയ്ക്ക് കഴിക്കേണ്ട ഭക്ഷണം രാവിഷ് അണ്ണൻ പൊതിഞ്ഞു തന്നു. പ്ലാസ്റ്റിക് allowed അല്ലാത്തതുകൊണ്ട് ഞങ്ങൾ കയ്യിലിരുന്ന ചോക്ലറ്റ് മുഴുവൻ കവർ പൊളിച്ചു ഒരു ബോക്സിലാക്കി . അമൃതിനു കൊടുക്കാൻ മമ്മി തന്നുവിട്ടതാണ്.അത് ഞങ്ങൾ ട്രെക്കിങ്ങിനിടയിൽ എനർജി കിട്ടാൻ വേണ്ടി കയ്യിൽ കരുതി. ഇറങ്ങാറായപ്പോൾ ഗൈഡ് ഉം എത്തി.പേര് സന്ദീപ്. ഫോറെസ്റ് ഓഫീസിൽ ഒരു വലിയ ഗാങ്ങുണ്ട് . ആകെ ഒരു ഇരുപതു പേര് കാണും. എല്ലാവരുടെയും പെർമിഷൻ നോക്കി ബാഗിൽ പ്ലാസ്റ്റിക് ഉണ്ടോ എന്നും പരിശോധിച്ചു ഓരോരുത്തരെയായി കടത്തി വിടുന്നു. അവിടെ നിന്നപ്പോൾ തന്നെ അമൃതിനെ അട്ട കടിച്ചു. ഞങ്ങൾ ഡെറ്റോൾ ഒഴിച്ച് അതിനെ കളഞ്ഞു.അതൊരു തുടക്കം മാത്രമായിരുന്നു.


ഇവരുടെ വിചാരം എനിക്ക് ഈ ട്രെക്കിങ്ങ് ഒക്കെ നിസ്സാരം എന്നാണ്. പണ്ട് ഞാൻ കുറച്ചു പോയിട്ടുണ്ട് അത് വച്ചാണ് ഇവർ ഇങ്ങനെ പറയുന്നത്. ഇപ്പൊ കുടവയറൊക്കെ ആയി പഴയ ആ ഒരു ഇത് എനിക്കിപ്പോ ഇല്ല.


 “ ഫിറ്റ്നസ് അല്ല mindset ആണ് എന്റെ സ്ട്രെങ്ത് . ചത്താലും നിർത്തില്ല നടന്നൊണ്ടേ ഇരിക്കും ഇതാണ് എന്റെ രഹസ്യം  “


ഞങ്ങളുടെ ബാഗും പരിശോധിച്ചു കടത്തിവിട്ടു. ഏതാണ്ടൊരു മൂന്നു കിലോമീറ്റർ കഴിഞ്ഞാലേ പുൽമേടുകളിലേക്ക് കയറൂ. ഞങ്ങൾ അത്യാവശ്യം സ്പീഡിൽ തന്നെ നടക്കുന്നുണ്ട്. ക്രിസിന്റെ അമ്മമ്മയുടെ കാലൻ കുട കുത്തിയാണ് ക്രിസിന്റെ നടപ്പു.

                                   


ഇടയ്ക്കു ഒരു പട്ടി കൂടെ കൂടി. ജാക്കി എന്നാണ് അവന്റെ പേര് എന്ന് ഗൈഡ് പറഞ്ഞു തന്നു.ക്രിസ് ആണെങ്കിൽ പട്ടികളുടെ മനഃശാസ്ത്രമൊക്കെ യൂട്യൂബ് നോക്കി പഠിച്ചു നടക്കുന്നയാളാണ്‌ .ക്രിസിനു ജാക്കിയെ ഇഷ്ടപ്പെട്ടെങ്കിലും ജാക്കി എന്റെ പുറകെയാണ്. അവനു എന്നെയാണ് ഇഷ്ടപെട്ടത് എന്നാണ് ക്രിസ് പറയുന്നത് .കുറച്ചു കഴിഞ്ഞു അവൻ ഞങ്ങളെല്ലാം overtake ചെയ്തു മുന്നിലേക്ക് പോയി.

   



മൂന്നാലു അരുവികൾ ഞങ്ങൾ മുറിച്ചു കടന്നു. മൂന്ന് കിലോമീറ്റർ കഴിഞ്ഞപ്പോൾ ഇനി ഏഴു കിലോമീറ്റർ കൂടെ ഉണ്ടെന്ന ബോർഡ് കണ്ടു, അപ്പോഴേക്കും എന്റെ ഷൂ ന്റെ സോൾ പുറത്തു വന്നു. പഴയ ഒരു ഷൂ ആണിത്. ട്രെക്കിങ്ങ് ഷൂ ഒന്നുമല്ല, sneakers  ആണ്. എങ്കിലും ഇത് ഇട്ടോണ്ട് ഞാൻ ചന്ദ്രശില,ഖീർഗങ്ങ , പരാശർ ഇവിടൊക്കെ ട്രെക്കിങ്ങ് ചെയ്തിട്ടുണ്ട്. കുദ്രെമുഖ് ഉം ഇവനേം കൊണ്ട് കയറാമെന്നു കരുതി എടുത്തതാണ്.പക്ഷെ പണി കിട്ടി. സോൾ പോയെങ്കിലും കുറച്ചു ദൂരം കൂടെ അതുവച്ചു നടന്നു. പിന്നെ അതിന്റെ അടിഭാഗം മുഴുവൻ പോയി. സോക്സ് മാത്രമിട്ടാണ് ഇനി നടത്തം.  



“ഇതൊക്കെ ഒരു അനുഭവമായി കണ്ടാൽ മതി എബി “ ക്രിസിന്റെ ഉപദേശം 


ട്രെക്കിങ്ങിൽ രണ്ടു ഭാഗത്താണ് കുത്തനെ കയറേണ്ടതു . ഒന്നാം ഭാഗം കയറുമ്പോളാണ് ഷൂ കമ്പ്ലീറ്റ് പോയത്. അകലെ കോടമഞ്ഞു കയറുന്നതു കാണാം. അത് ഇവിടേക്ക് വന്നാൽ നമ്മൾക്ക് കണ്ണ് കാണുമോ എന്ന് ക്രിസിന്റെ സംശയം .







ഒന്നാം ഭാഗം കഴിഞ്ഞതും വൈകാതെ midpoint എത്തി. ഫോട്ടോസ് എടുക്കാൻ പറ്റിയ സ്ഥലമാണ് അത്. പുറകെ കുറച്ചു പേരുണ്ടെങ്കിലും ഞങ്ങൾ ഫോട്ടോസ് എടുക്കാൻ തുടങ്ങി. അവർ വെയ്റ്റിംഗ് ചെയ്യുവാണ് . 




                                                      








“നമ്മുക്ക് അവരെ വെറുപ്പിക്കാം “ അതാണ് ക്രിസ് ന്റെ ലൈൻ. വിത്ത് കാലൻകുട, കാലൻ കുടയില്ലാതെ , തിരിഞ്ഞു നിന്ന് , നേരെ നിന്ന് അങ്ങനെ  കുറെ എടുത്ത ശേഷം ഞങ്ങൾ നിർത്തി. ഉണ്ടായിരുന്ന ചോക്ലേറ്റ് കുറേശ്ശെ കഴിച്ചു. ഞങ്ങളുടെ ഗൈഡിനും കൊടുത്തു. അതിന്റെ അടുത്തിരുന്ന രണ്ടു പേർക്കും ഒരു മര്യാദയ്ക്കു കൊടുക്കേണ്ടി വന്നു. അങ്ങനെ അത് തീർന്നു. ഇനിയുള്ളത് ഉണക്കമുന്തിരിയും എന്റെ ആരോറൂട്ട് ബിസ്കറ്റും ആണ്. ബിസ്കറ്റ് അവന്മാർക്ക് ഇപ്പോഴും വേണ്ട.എല്ലാരും കുറച്ചു ഉണക്കമുന്തിരിയും കഴിച്ചു. 


    


പിന്നെയും നടത്തമാരംഭിച്ചു. ഒരു ഫോട്ടോഗ്രാഫർ മുൻപേ പോയിട്ടുണ്ട്. ട്രെക്കിങ്ങ് പോളും എല്ലാമായിട്ടു ആളെ കണ്ടാലേ അറിയാം ഒരു പ്രൊ ആണെന്ന്. അദ്ദേഹം ദൂരെ നിന്ന് ഞങ്ങളുടെ നേരെ കാമറ വച്ചു ഫോട്ടോസ് എടുക്കുന്ന കണ്ടു.ആളെ കാണുമ്പോൾ അത് അയച്ചു തരാൻ പറയാം. 


                                      
  

ഇടയ്ക്കു കാണുന്ന അരുവികളിൽ നിന്നാണ് വെള്ളം പിടിക്കുന്നത്. പോകുന്ന വഴിയിലെ കാഴ്ചകൾ എല്ലാം അതിഗംഭീരം ആണ്. ഷോല ഫോറെസ്റ് ആണ് കുദ്രെമുഖ് കൂടുതലും. കോടമഞ്ഞു കയറുന്നത് എവിടെ നോക്കിയാലും കാണാം . ഞങ്ങൾ ആരും ഇതുവരെ മടുത്തിട്ടില്ല. ക്രിസ് ഉള്ളതുകൊണ്ട് സംസാരത്തിനു വിഷയം പഞ്ഞമില്ല. ഇടയ്ക്കു future ട്രാവൽ പ്ലാൻസ് ഒക്കെ ഞങ്ങൾ ഇടുന്നുണ്ട്. അഗസ്ത്യാർകൂടമാണ് മെയിൻ പ്ലാൻ. 


“ഇത് കയറിയില്ലെങ്കിൽ എബി നമ്മളെ വിളിക്കില്ല അഗസ്ത്യാര്കൂടം പോകാൻ “ എന്ന് ക്രിസ് ഇടയ്ക്കു പറഞ്ഞിരുന്നു.



സിനിമയും രാഷ്ട്രീയവും ഫുഡും എല്ലാം ചർച്ച ചെയ്തു ഞങ്ങൾ നടന്നു. എല്ലാ അരുവിയിലും ക്രിസ് മുഖം കഴുകും. ഇടയ്ക്കു അതിലേക് മുഖം മുക്കും. ഇടയ്ക്കു ആ കാമറാമാൻ ചേട്ടൻ ഞങ്ങളുടെ ഒപ്പം വെള്ളം നിറച്ചു. 

     



ആൾക്ക് ബാഗിൽ നിന്ന് കുപ്പി എടുത്തു കൊടുത്ത് ഞാനാണ് . ആ ഒരു പരിചയം വച്ചു ഞാൻ ചോദിച്ചു 



“ നിങ്ങൾ ഞങ്ങളുടെ ഫോട്ടോ എടുത്തിരുന്നോ ? കാമറ ഞങ്ങളുടെ നേരെ തിരിക്കുന്നത് കണ്ടിരുന്നു ?”


“ട്രെയിൽ കാണിക്കാൻ വേണ്ടി എടുത്തതാണ് പക്ഷേ നിങ്ങൾ ആണെന്ന് ആർക്കും മനസ്സിലാകില്ല “


“പക്ഷേ ഞങ്ങൾക്ക് മനസിലാവില്ല ഞങ്ങൾ ആണെന്നു “



“ആഹ് ഞാൻ അയച്ചു തരാം “, അങ്ങേരു ചിരിച്ചോണ്ട് പറഞ്ഞു 


ആൾടെ പേര് രംഗനാഥ് കല്യാണസുന്ദരം. ബാംഗ്ലൂരിൽ നിന്നാണ് വരുന്നത്. ആൾടെ ഇൻസ്റ്റാഗ്രാം ഐഡി ഞാൻ സേവ് ചെയ്തു . ഇരന്നിട്ടു ആണെങ്കിലും ഫോട്ടോ വാങ്ങണം .

                          


നല്ലൊരു വ്യൂ പോയിന്റ് വീണ്ടുമെത്തി . അവിടെ മുതൽ റേഞ്ച് ഉണ്ട്. ക്രിസ് വീട്ടിലേക്ക് വിളിച്ചു. ഞാൻ കുറച്ചു മെസേജോകെ നോക്കി ഗ്രൂപ്പിൽ മെസ്സേജ് ഇട്ടു.കുറച്ചു ഫോട്ടോസൊക്കെ എടുത്തു ഞങ്ങൾ മുകളിലേക്കു പോയി. ഞങ്ങളുടെ ഗൈഡ് നേരത്തെ എത്തി വീഡിയോസ് കണ്ടിരിക്കുണ്ടായിരുന്നു.അവർക്കു താഴെ റേഞ്ച് ഇല്ലാത്തതുകൊണ്ട് ഇവിടെ വരുമ്പോഴാവും എന്തെങ്കിലുമൊക്കെ കാണാൻ സാധിക്കുക. ഞങ്ങൾ പോയപ്പോഴും അവർ അവിടെ തന്നെ ഇരിപ്പാണ്. 


                          

കുറച്ചു കഴിഞ്ഞാൽ പിന്നെയും steep ആയ ഭാഗം ആണ് . അതിനുമുമ്പേ ഞങ്ങൾ കുറച്ചു ഉണക്കമുന്തിരി കഴിച്ചു. ഞങ്ങളുടെ മുന്നിൽ ഒരു പെൺകുട്ടി പോകുന്നുണ്ടായിരുന്നു. അവർക്കും ഞാൻ കൊടുത്തു. 


“ ഐ ആം ഫ്രം കേരളാ ടൂ “ 



OMG !! ആൾ മലയാളി ആയിരുന്നു. ഞങ്ങൾ മലയാളം ആർക്കും അറിയില്ല എന്ന ധാരണയിൽ ആണ് പലതും സംസാരിച്ചുകൊണ്ടു വന്നത്. തുടക്കം ഒരുത്തനു മണ്ടൻ എന്ന് പേരിട്ടതും midpoint ൽ നിന്നപ്പോ ഫോട്ടോ എടുത്തു വെറുപ്പിച്ചപ്പോൾ സംസാരിച്ചതും എല്ലാം ഈ കുട്ടി കേട്ടിട്ടുണ്ടാവും 



“അപ്പൊ ഞങ്ങൾ പറഞ്ഞത് മുഴുവൻ കേട്ടല്ലേ ?”



“കേട്ടു “




ഞങ്ങൾ ചെറുതായൊന്നു ചമ്മി . ആൾ കണ്ണൂരിൽ നിന്നാണ്. Bangalore Mountaineering Club ന്റെ ഭാഗമായി വന്നവരാണ് അവർ. സ്ഥിരമായി ഇങ്ങനെ പോകുന്നവരാണ് എന്നർത്ഥം . വെറുതയല്ല അവരൊക്കെ കൂളായി കേറിപോകുന്നത്.


ഷൂ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഉണ്ടെങ്കിലും സഹിക്കാവുന്നതായിരുന്നു അത് .കോട കൂടി കൂടി വന്നു . നല്ല വണ്ണമുള്ള ഒരാളും ഞങ്ങളുടെ മുൻപിൽ ഉണ്ടായിരുന്നു. ആൾ ഡോക്ടർ ആണ്. അവരുടെ മൂന്നു മാസത്തെ പ്ലാൻ ആണത്രേ. വല്യ ഗ്രൂപ്പ് ആയിട്ടു വരുമ്പോൾ അങ്ങനെ ആണ് പ്ലാനിങ് ഒക്കെ നീണ്ടുപോകും. ഞങ്ങളുടെ ഒരാഴ്ചത്തെ പ്ലാൻ ആണിത്.ആളു കൂടുന്തോറും പ്ലാൻ നീളും !




രണ്ടാമത്തെ സ്റ്റീപ് ഭാഗം കഴിഞ്ഞപ്പോൾ കുറച്ചു ദൂരം നിരപ്പിലൂടെ നടക്കാനുണ്ട്. ചരൽ മണൽ ഉള്ളതുകൊണ്ട് ആ ഭാഗം നടക്കാൻ കുറച്ചു ബുദ്ധിമുട്ടി. കോട കാരണം വിസിബിലിറ്റിയും കുറവാണു . ഞങ്ങൾ ഏതാണ്ട് എത്താറായി. 



ഒരു അരുവിക്ക്‌ അരികിൽ ഇരുന്നു ഗൈഡുമാരെല്ലാം കൂടി ഇരുന്നു സംസാരമാണ്. ഇനി ഒരു അഞ്ചു മിനിറ്റ് കൂടെ ഉള്ളൂ എന്ന് ഗൈഡ് അമൃതിനോട് പറഞ്ഞു. അമൃത് ചെറുതായി മടുത്തു തുടങ്ങിയിരുന്നു.


ഞാൻ ഇപ്പൊ എത്തും ഇപ്പോ എത്തും എന്ന് കരുതി നടന്നുകൊണ്ടേ ഇരുന്നു.ചിലരൊക്കെ സോക്സ് മാത്രം ഇട്ടു വരുന്ന എന്റെ കാലിലോട്ടു നോക്കുന്നുണ്ട്. എല്ലാവരും ട്രെക്കിങ്ങ് ഷൂ ഒക്കെ ഇട്ടാണ് കേറുന്നത്. 



അവസാനം ഞാൻ എത്തി. കുറച്ചു കഴിഞ്ഞപ്പോൾ അവന്മാരും എത്തി. കോട മൂടി ഇപ്പോൾ ഒന്നും കാണാൻ വയ്യാത്ത സ്ഥിതിയാണ്. പുലിയൂർഗ എന്നൊരു ഐറ്റമാണ് കഴിക്കാൻ തന്നു വിട്ടിരിക്കുന്നത്. കടലയൊക്കെ ഇട്ടു പുലാവ് പോലൊരു ഐറ്റം. അമൃത് സ്ഥിരം കഴിക്കുന്നതാണ്  . പക്ഷേ ഇതിലും ടേസ്റ്റ് ഉണ്ടത്രേ . വിശപ്പുള്ളതുകൊണ്ടു ഞങ്ങൾ മുഴുവൻ കഴിച്ചു. ക്രിസിനു വിശപ്പു പോയില്ല . ഞാൻ എന്റെ ആരോ റൂട്ട് ബിസ്കറ് വീണ്ടും ഓഫ്ഫർ ചെയ്‌തെങ്കിലും ബാക്കി ഉണ്ടാർന്ന ചോക്കലേറ്റ് ആണ് കഴിച്ചത്.

                      

കഴിച്ചു കഴിഞ്ഞു ഞങ്ങൾ കാലും നീട്ടി അവിടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അമൃത് ദാ ഉറങ്ങുന്നു !! ഇതൊക്കെ എങ്ങനെ സാധികുന്നടാ? അവനെ എണീപ്പിച്ചു ഞങ്ങൾ ഫോട്ടോ എടുത്തു. മലയാളം കുറച്ചറിയാവുന്ന ഒരു തമിഴ് പയ്യനാണ് ഫോട്ടോ എടുത്തു തന്നത്.



ഏതാണ്ട് ഒന്നേകാൽ ആയപ്പോൾ ഞങ്ങൾ താഴേക്ക് ഇറങ്ങി. താഴെ അരുവിയുടെ അവിടെ എത്തിയപ്പോൾ വെള്ളം നിറച്ചു അവിടെയും കുറച്ചു നേരം ഇരുന്നു.ഒരു കുഞ്ഞു കൊച്ചിനെയും എടുത്തു ഒരു couple കേറി വരുന്നുണ്ട്.ഷൂ ഇല്ലാതെ കയറിയത് വലിയ സംഭവം ആണെന്നു കരുതി ഇരുന്നപ്പോളാണ് അവർ വരുന്നത് കണ്ടത്. എന്തായാലൂം നല്ല ഭാഗ്യമുള്ള കുട്ടി.


                                 

മഴ പെയ്തതുക്കൊണ്ടു കോട ഒരുപാടുണ്ട് . പിന്നെ വഴി മുഴുവൻ തെന്നി കിടക്കുന്നു. മുകളിലെ കുറച്ചു നിരന്ന സ്ഥലത്തിന് ശേഷം സ്റ്റീപ് ആയ ഭാഗത്തു എത്തിയപ്പോൾ ക്രിസ് ന്റെ ഷൂ ഉം പണി തന്നു. തെന്നി കിടക്കുന്ന സ്ഥലത്തു ചെരിപ്പില്ലാതെ ഇറങ്ങാൻ നല്ല ബുദ്ധിമുട്ടായിരുന്നു. ഒരുവിധം പയ്യെ പയ്യെ ഇറങ്ങി. ഏതാണ്ട് മിഡ് പോയിന്റ് എത്തിയപ്പോഴേക്കും കാലിനു നല്ല വേദന വന്നിരുന്നു. കുറച്ചു നേരം ഇരുന്നോട്ടെ എന്ന് ഗൈഡിനോട് ചോദിച്ചപ്പോൾ ഒരു അഞ്ചു മിനിട്ടു ഇരുന്നോ എന്ന് പറഞ്ഞു. 




                                   






ബാക്കിയുണ്ടായിരുന്ന ഉണക്കമുന്തിരിയും തീർത്തു ഞങ്ങൾ അവസാന പകുതി നടക്കാൻ തുടങ്ങി. മഴ പെയ്തില്ലായിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ട് ഇറങ്ങാൻ ഉണ്ടാവില്ലായിരുന്നു. എന്റെ സോക്സ്‌ ഉം കീറിയിട്ടുണ്ട്. 


 

ഞങ്ങളെ കടന്നുപോയ ഒരു ചേട്ടൻ പറഞ്ഞു നിങ്ങൾ ഇത് ഇനി ജീവിതത്തിൽ മറക്കില്ല എന്ന്. ക്രിസ് പറഞ്ഞപോലെ ഇതും ഒരു അനുഭവമായി കാണാം . ഏതാണ്ട് എത്താറായി എന്നു തോന്നിയപ്പോ മുതൽ ഞങ്ങൾക്ക് മടുത്തു തുടങ്ങി. ഇടയ്ക്കു അഞ്ചു മിനിട്ടു കൂടി എന്ന് പറഞ്ഞപ്പോൾ അത് വീണ്ടും കൂടി. കാൽ പാദത്തിനു നല്ല വേദനയുണ്ട്. ഒടുവിൽ ഫോറെസ്റ് ഓഫീസ് കണ്ടു. ക്രിസ്റ്റിയുടെ കൂടെയാണ് ഗൈഡ് വരുന്നത്. ഞാനും അമൃതും ഓഫീസിന്റെ മുൻപിലെത്തി.അവിടെ മുൻപേ വന്നവർ എല്ലാം ഇരിക്കുന്നുണ്ട്. 

                     

ഞങ്ങളുടെ പുറകെ ഒരുപാടുപേർ ഇനിയും വരാനുണ്ട് . ഒന്നേകാലിനു ഇറങ്ങിയത് ഇപ്പൊ ഏതാണ്ട് അഞ്ചുമണിയായി. തെന്നിക്കിടന്നതു കൊണ്ടാണ് ഇത്രയും നേരമെടുത്തത്. 


ഞങ്ങൾ നിർത്താതെ വീട്ടിലേക്കു നടന്നു.നിരങ്ങി നിരങ്ങി അവസാനം വീട്ടിലെത്തി മുൻപിൽ ഇരുന്നു.ചേച്ചി ഞങ്ങൾക്ക് ചായയും ഒരു പലഹാരവും കൊണ്ടു തന്നു. രാത്രിയും വെജിറ്റേറിയൻ ഭക്ഷണമാണ് പറഞ്ഞത്. എല്ലാര്ക്കും ഇപ്പൊ നോൺ വെജ് കഴിക്കണമെന്നുണ്ട്.അമൃത് അത് ചേച്ചിയോട് പറഞ്ഞു. നോക്കാം എന്നേ ചേച്ചി പറഞ്ഞുള്ളൂ .



ഇവർക്ക് എന്തെങ്കിലും വാങ്ങണമെങ്കിൽ താഴെ ബാൽഗലിൽ പോകണം.ചെറിയൊരു ടൌൺ ആണെങ്കിൽ കൽസയാണ്. പോരാത്തതിന് ഇപ്പോൾ സമയം അഞ്ചു കഴിഞ്ഞു . ഇവിടുത്തെ പിള്ളേർ ജീപ്പിനു താഴെ ചെന്ന് ബസ് കയറി കൽസ ചെന്നാണ് പഠിക്കുന്നത്.


പിന്നീട് രാവിഷ് ചേട്ടൻ പറഞ്ഞു ചിക്കൻ കിട്ടില്ലാ എന്ന് . സാരമില്ല വെജ് എങ്കിൽ വെജ്.എല്ലാര്ക്കും നല്ല വിശപ്പുണ്ട്. ഓരോരുത്തരായി കുളിച്ചു വന്നു . ഫോൺ വിളിക്കാനായി ഞങ്ങൾ പറമ്പിലൂടെ നടന്നു പാടത്തിന്റെ അരികിലെത്തി. നടക്കാനൊക്കെ നല്ല ബുദ്ധിമുട്ട് എല്ലാർക്കുമുണ്ട്.വിളിയെല്ലാം കഴിഞ്ഞു വന്നപ്പോൾ ഭക്ഷണം റെഡിയായി. ഇന്നലത്തെ പോലെ തന്നെ ഒരു തോരൻ, ഒരു കറി , ചപ്പാത്തി , ചോറ് . 


അമൃത് വരുമ്പോൾ തന്നെ ചെറിയ പനി ആയിട്ടാണ് വന്നത്. എങ്കിലും ആൾ സുഖമായി കയറി.രാത്രി തണുപ്പാവുമ്പോൾ ആൾക്ക് ചെറിയ പ്രെശ്നങ്ങൾ വരുന്നുണ്ട്. ക്രിസ് ചെറിയ ഒരു സംഭവത്തിൽ ഒരു ടാബ്ലറ്റ് ഇട്ടു അകത്തേക്കു വലിപ്പിച്ചപ്പോൾ അമൃതിനു ചെറിയ ആശ്വാസമായി.



നാളെ പോകണ്ടേ ബസൊക്കെ അമൃത് ചോദിച്ചു വച്ചിരുന്നു. ക്രിസ് ഇവിടുന്നു നേരെ മംഗലാപുരത്തിനാണ് .ഞാനും അമൃതും ഇവിടന്നു കൽസ -ബേളൂർ -ഹസൻ വഴി മൈസൂർക്കു പോകും.



റൂമിലെത്തി. 


“ഇനി ഞാൻ ട്രെക്കിങ്ങിനു  വിളിച്ചാൽ നിങ്ങളൊക്കെ വരുമോടാ “ എന്റെ സംശയം ഞാൻ ചോദിച്ചു.



വരുമെന്നാണ് രണ്ടാളും പറഞ്ഞത്. വരുമോ എന്ന് കണ്ടറിയാം.



രാവിലെ എണീറ്റു നമ്മുടെ പിടിയുടെ വലിപ്പം കൂടിയ ഒരു സംഭവം തേങ്ങാ ചമ്മന്തി കൂട്ടി കഴിച്ചു ഞങ്ങൾ പോകാൻ റെഡി ആയി. ചേച്ചി അവരുടെ പട്ടിയെ തുറന്നു വിട്ടു.അവൻ മുറ്റം മുഴുവൻ ഓടി കളിക്കുന്നു.



രാവിഷ് അണ്ണൻ റെഡിയായി വന്നു ജീപ്പെടുത്തു. ഏതാണ്ടൊരു ഇരുപതു മിനിറ്റിൽ ഞങ്ങൾ താഴെയെത്തി . പൈസയൊക്കെ settle ചെയ്തു.




“എബി ബിസ്കറ്റ് എടുക്കു “



ഓഹ് അവസാനം അവർക്കു എന്റെ ബിസ്കറ്റ് വേണം  !! 



പക്ഷേ അത് അവിടെ കണ്ട പട്ടിക്കു കൊടുക്കാനായിരുന്നു.


അവർക്കു ബിസ്കറ്റും കൊടുത്തു കുറച്ചു കഴിഞ്ഞപ്പോൾ എനിക്കും അമൃതിനുമുള്ള ബസ് വന്നു. ക്രിസിനോട് യാത്ര പറഞ്ഞു ഞങ്ങൾ ബസിൽ കയറി. 


കൽസയിലെത്തിയപ്പോൾ ഇനി കൊട്ടിക്കേരി ബസ്സേ ഉള്ളൂ , അവിടന്ന് ബേലൂർ ബസ് നോക്കുന്നതാവും നല്ലത് എന്നറിഞ്ഞു. കൊട്ടിക്കേരിയ്കും ബസ് വരാൻ വൈകും. ഞാൻ രണ്ടു ദിവസം മുൻപേ കാപ്പി കുടിച്ച ചേച്ചിയുടെ കടയിൽ പോയി രണ്ടു കാപ്പി പറഞ്ഞു. ചേച്ചിക്ക് എന്നെ മനസിലായി എന്ന മട്ടിൽ ചിരിച്ചു. എന്റെ ഈ വലിയ ബാഗ് ഒക്കെ കണ്ടു മനസ്സിലാക്കാൻ എളുപ്പമാണ്. അവിടെ കാപ്പിയും കുടിച്ചു കുറെ നേരമിരുന്നു. ബസ് കേറി കൊട്ടിക്കേരിയിൽ എത്തിയപ്പോൾ ദാ ഒരു ബാംഗ്ലൂർ ബസ് . അതിൽ കേറിയാൽ ഹസൻ വരെ എത്താം. അങ്ങനെ ഞങ്ങളുടെ ഭാഗ്യത്തിന് ഹസൻ വരെ വണ്ടി കിട്ടി. 


ഹസ്സനിൽ നിന്നും മൈസൂർ ബസ് ധാരാളമുണ്ട്. മൈസൂർ നിന്നും mandya പോയി അവിടെ ഇന്ന് കിടന്നു നാളെ വയനാടിന് പോകാനാണ് പ്ലാൻ. വഴിയിൽ ബത്തേരിയിൽ ഇറങ്ങി ലക്ഷ്മിയെയും മാനന്തവാടി പോയി ജെസ്വിനെയും കാണണം .
































2 comments:

Powered by Blogger.