Gavi -Vallakadav | Periyar Tiger Reserve | Thekkady Boating




“ജെസ്സ്, പ്ലാമൂടിന് എന്താ അങ്ങനെ പേര് വരാൻ കാരണമെന്നു അറിയാമോ ? ഇവിടെ പണ്ടൊരു പ്ലാവ് ഉണ്ടായിരുന്നു” 

 “പോടാ” 

“അതുപോലെ പുളിമൂട് എന്ന പേര് വരാൻ കാരണം അവിടെ കുറേ പുളിമരം ഉണ്ടായിരുന്നതുകൊണ്ടാണ് . പാലക്കാടിലെ തേക്കിൻകാട് ഇല്ലേ അതുപോലെ “ 

“നീ പറയുന്നത് സത്യമാണോ അതോ നുണയാണോ എന്ന് മനസിലാവുന്നില്ലലോ “

“ഹുഹുഹു “ 

ബസ് പട്ടം എത്തി 

“ഇവിടെ പണ്ട് പട്ടം പറത്തുന്ന മത്സരം ഉണ്ടായിരുന്നെടാ, അതുപോലെ ഒരു തടികൊണ്ടുള്ള പാലം ഉണ്ടായിരുന്നു അങ്ങനെയാണ് മരപ്പാലം എന്ന സ്ഥലപ്പേര് വന്നത് “ 

പമ്പയ്ക്കു പോകുന്ന ഞങ്ങളുടെ ബസ് സ്റ്റാൻഡിൽ നിന്നും എടുത്തു ബേക്കറി ജംഗ്ഷൻ എത്തിയപ്പോഴേക്കും സ്വാമിമാരുടെ ശരണം വിളി നിന്നു . പത്തനംതിട്ടയ്ക്കു ബസ് നോക്കിയ ഞങ്ങൾക്ക് കിട്ടിയ ബസ് ശബരിമല സ്പെഷ്യൽ ബസ് ആണ്.അതുകൊണ്ടു തന്നെ സ്വാമിമാരുടെ ശരണം വിളിയായി പോകുമെന്നാണ് കരുതിയത്. അതുണ്ടായില്ല. ജെസ്സ് ലിജോ ബ്രോയുടെ ജാക്കറ്റ് ഊരുന്നില്ല . ഊരിയാൽ ഞാൻ അത് അടിച്ചുമാറ്റും എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഒടുവിൽ ചൂട് സഹിക്കാൻ പറ്റാത്തപ്പോ ആള് അത് ഊരി ഒരു കയ്യിൽ ഇട്ടു. എന്നെ നല്ല വിശ്വാസം ആണ്.

 
ചത്താലും ജാക്കറ്റ് ഊരില്ലെടാ 


ബസ് വട്ടപ്പാറ എത്തി. 

"ജെസ്സ് , ഇവിടെ പണ്ടൊരു വട്ടത്തിൽ പാറ ഉണ്ടായിരുന്നെടാ , അതാണ് ഈ പേര് വന്നത്."
 
പിന്നെ ഞങ്ങളുടെ സംശയം വെഞ്ഞാറമൂട് ആണ് . അതെത്ര ആലോചിച്ചിട്ടും ഞങ്ങൾക്ക് അതിനൊരു കാരണം കണ്ടുപിടിക്കാൻ പറ്റിയില്ല. 

ജെസ്സ് പയ്യെ സൈഡായി . പത്തനംതിട്ട എത്താൻ രാത്രി പന്ത്രണ്ടര ആവും. അവിടന്ന് രാവിലെ അഞ്ചരയ്ക്കാണ് ഗവി വഴി കുമളി പോകുന്ന ബസ് . ഈ റൂട്ടിൽ ksrtc ബസിൽ യാത്ര ചെയ്യാൻ തന്നെ വരണമെന്ന് പണ്ടേ കരുതിയതാണ്. ഇതിപ്പോ പികോളിൻ വൈബ് എന്ന ചാനലിൽ(pikolins vibe) പെരിയാർ ടൈഗർ റിസേർവിൽ വള്ളക്കടവിൽ നടത്തുന്ന ഒരു പ്രോഗ്രാം കണ്ടപ്പോ തന്നെ ജെസ്വിനെ സോപ്പിട്ടു ഞാൻ ബുക്ക് ചെയ്തു. ഈ അഞ്ചരയ്ക്കുള്ള ബസിൽ കയറി വള്ളക്കടവിൽ ഇറങ്ങണം അത് ഗവി കഴിഞ്ഞാണ്. അവിടെ ഉച്ചയ്ക്ക് മുതലാണ് ഞങ്ങൾ ബുക്ക് ചെയ്തിരിക്കുന്ന പരിപാടി തുടങ്ങുന്നത്. വൈകുന്നേരം ഒരു ട്രെക്കിങ്ങ് , ടെന്റിൽ ഉറക്കം , രാവിലെ സഫാരി, പിന്നെ bird വാച്ചിങ് , അത് കഴിഞ്ഞു തേക്കടിയിൽ ബോട്ടിംഗ്. ഇതാണ് പരിപാടി. ഭക്ഷണവും താമസും ഉൾപ്പടെ രണ്ടു പേർക്കൂടേ അയ്യായിരമാണ് ചിലവ്.

ടൊമാറ്റോ ഓംലെറ്റ് 


തമ്പാന്നൂരിൽ ഇച്ചിരെ നേരത്തേയെത്തി. ഇന്ത്യൻ കോഫീ ഹൗസിൽ നിന്നും ഓരോ ടൊമാറ്റോ ഓംലെറ്റ് കഴിച്ചു ഞങ്ങൾ ബസ് കയറി.പത്തനംതിട്ട എത്തുന്നവരെ ഞാൻ ഉറങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ‘ആനന്ദപ്പള്ളി’ എന്ന സ്ഥലവും കഴിഞ്ഞു ബസ് പത്തനംതിട്ട സ്റ്റാന്റിലെത്തി. 

ഓർഡിനറി സിനിമയിൽ കാണിക്കുന്ന ബസ് സ്റ്റാൻഡ് ആയിരുന്നു മനസ്സിൽ.പക്ഷേ പത്തനംതിട്ട ബസ് സ്റ്റാൻഡ് പുതുതായി പണിതതാണ്. ശബരിമല തീർത്ഥാടകരുടെ തിരക്ക് എല്ലാം കാരണമാവാം ഇത്രയും വലിപ്പത്തിൽ പണിതിരിക്കുന്നത്. 

രാവിലത്തെ ബസ്സിന്റെ കാര്യം അന്വേഷിച്ചു. ഈ ബസ് ഇല്ലെങ്കിൽ ഞങ്ങൾക്ക് വള്ളക്കടവ് എത്താൻ ഒരു മാർഗവുമില്ല. ബസ് ഇല്ലെങ്കിൽ ജെസ്വിൻ എന്നെ കൊല്ലും എന്നാണ് പറഞ്ഞിരിക്കുന്നെ. ബസ് ഉണ്ട് . ആദ്യത്തെ പേടി ഒഴിഞ്ഞു.മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നാണ് ഗവി ബസ് പോവുക എന്ന് ഒരിടത്തു വായിച്ചിരുന്നു. ആ സംശയം മാറ്റി . ബസ് ഇവിടെയാണ് ആദ്യം വരിക. 

ഇനി ഞങ്ങൾക്ക് വേണ്ടത് കിടക്കാനുള്ള ഒരു സ്ഥലമാണ്. സ്റ്റാൻഡ് വലുതായതുകൊണ്ട് കിടക്കാൻ ഇഷ്ടം പോലെ സ്ഥലമുണ്ട്. വേണ്ടത് ഒന്ന് രണ്ടു പത്രമാണ്. 

 “വരൂ നമ്മക്ക് ആ കാന്റീനിൽ നിന്ന് പത്രം വാങ്ങാം.” 

 “ ഇവിടന്ന് ഒന്നും കഴിക്കരുത് “ അവിടെ നിന്ന ഒരു ചേട്ടൻ പറഞ്ഞു.

 “കഴിക്കാനാല്ല ചേട്ടാ പത്രം വാങ്ങാൻ ആണ് പോകുന്നത് “

 ആ ചേട്ടൻ ചാരായം കുടിച്ചിട്ടുണ്ട് എന്നാണ് ജെസ്സ് പറയുന്നത്. ആളുടെ വകയിലെ അമ്മാവൻ വയനാട്ടിലെ പ്രശസ്ത ചാരായം മേക്കർ ആയതുകൊണ്ട് ഞാൻ ജെസ്വിൻ പറഞ്ഞത് വിശ്വസിച്ചു.

അവിടുള്ള ക്യാന്റീനിൽ പോയി ഞങ്ങൾ രണ്ടു മനോരമ പത്രം വാങ്ങി. സ്വാമിമാർക്കു കിടക്കാൻ വേണ്ടിയാവണം പായ വിരിച്ച സ്ഥലം കണ്ടു. ഞങ്ങൾ അതിൽ പത്രവും വിരിച്ചു കിടന്നു. ഒരു മൂന്നാലു അലാറവും വച്ചു. തിരിഞ്ഞും മറിഞ്ഞും ഒരുവിധം ഉറങ്ങി. 



അഞ്ചിന് എണീറ്റ് ഞങ്ങൾ കാന്റീനിൽ ചെന്നു. ഇതിന്റെ ഇടയിൽ ഞാൻ നാലരയ്ക്ക് എണീറ്റ് ബസ്സിന്റെ കാര്യം ഒന്നുടെ ചോദിച്ചിരുന്നു. ഇനി ഞാൻ വഴി പോയാൽ ആ ചേട്ടൻ എന്നെ ഓടിക്കും. അവിടൊരു പയ്യൻ നില്കുന്നെ കണ്ടപ്പോ അവൻ ഗവി ബസിനാകും എന്ന് ഞാൻ നേരത്തെ എണീറ്റപ്പോ ആലോചിച്ചിരുന്നു. 

 ഇനി ഭക്ഷണം കിട്ടണമെങ്കിൽ രാത്രി ആവുമെന്നാണ് ഞങ്ങളുടെ വിചാരം. അതുകൊണ്ട് എന്തെങ്കിലും കഴിക്കാമെന്നു കരുതി. ഗവി ബസിനാണെങ്കിൽ ഇപ്പോഴേ കഴിക്കുന്നതാ നല്ലത് എന്ന് അവിടത്തെ പയ്യനും പറഞ്ഞു. കടലക്കറി വലിയ സുഖമുണ്ടായിരുന്നില്ല . അതിനിടയിൽ ഒരു സ്വാമി വന്നു രണ്ടു കാഫിയും ഒരു ടീയും പറഞ്ഞു .

“ അതെന്താ ജെസ്സ്‌ കാഫി ? , ഒന്നുങ്കിൽ കാപ്പി , അല്ലെങ്കിൽ കോഫി . ഇത് അത് രണ്ടുമല്ല ഒന്നുങ്കിൽ രണ്ടും കൂടെ മിക്‌സാക്കി കാഫി? "

ഇവിടത്തെ പയ്യൻ പറഞ്ഞത് ബസ് വരുന്ന റോഡിൻറെ അവിടെ പോയി നീക്കാനാണ്. വീണ്ടും ടെൻഷൻ!. പുറത്തിറങ്ങിയപ്പോൾ ആദ്യം കണ്ട പയ്യനെ കാണാനില്ല. അവനും ഇനി റോഡ് സൈഡിൽ പോയോ എന്നറിയില്ല. ബസ്സിന്റെ കാര്യം ഒന്നുടെ ചോദിക്കാൻ ഞാൻ ജെസ്സിനെ പറഞ്ഞുവിട്ടു. ഞാൻ പോയാൽ ആ ചേട്ടൻ ഇനി ചീത്ത പറയും. ഇപ്പോഴും ബസ് ഇവിടെ വരുമെന്നാണ് പറയുന്നേ. ഞങ്ങൾ എന്നാലും ക്യാന്റീനിലെ പയ്യൻ പറഞ്ഞപോലെ റോഡ് സൈഡിൽ വരെ പോയെങ്കിലും അവിടെങ്ങും ആരെയും കണ്ടില്ല. 

സ്റ്റാന്റിലേക് ബസ് വരുന്നതും നോക്കി ഞങ്ങൾ അവിടെ നിന്നു . നല്ല തണുപ്പുണ്ട്. ഞങ്ങൾ ജാക്കറ്റ് എടുത്തിട്ടു . വരുന്ന ഓരോ ബസിന്റെയും ബോർഡ് നോക്കി നോക്കി അവസാനം ഗവി ബസ് എത്തി. ഭാഗ്യത്തിന് സീറ്റ് കിട്ടി. സീറ്റിനുള്ള ആൾകാരെയുള്ളു. ബസ് പോകുവാന് ഇനിയും സമയമുണ്ട്. ഞാൻ പോയി സമാധാനമായി ഒരു ചായയും കുടിച്ചു. കയ്യിലിരുന്ന വൈറ്റ് ചോക്ലറ്റ് ബ്രൗണിയും അകത്താക്കി. 




 ബസിൽ പാട്ടു വച്ചിട്ടുണ്ട്. അത്യാവശ്യം നല്ല ശബ്ദമുണ്ട്. ഞങ്ങളുടെ പുറകിൽ ഇരിക്കുന്നത് കുറച്ചു വയസായ ദമ്പതികളാണ് . അവർക്കു തണുത്തിട്ടു ഷട്ടർ ഇടാൻ പറയുമോ എന്ന പേടി ഞങ്ങൾക്കുണ്ട്. മുൻപിലിരുന്ന ചേട്ടന് ഗവി എവിടെയാ എന്നൊരു സംശയം ഉണ്ട്. ഞാൻ വിശദമായി പറഞ്ഞുകൊടുത്തു. പറയുന്ന കേട്ടാൽ ഞാൻ അവിടത്തുകാരനാണ് എന്നൊക്കെ തോന്നും. പക്ഷേ യാത്ര പോകാനായി കണ്ടു പിടിച്ചതാണ് ഇതൊക്കെ. ബസ് എടുത്തു. തണുപ്പ് നല്ലോണമുണ്ട്. ഞാൻ എന്റെ കെജ്‌രിവാൾ ഷാൾ എടുത്തു പുതച്ചു. പുറകിൽ ഇരിക്കുന്ന ദമ്പതികൾക്കു തണുപ്പൊന്നും ഒരു സീനല്ല എന്ന് മനസിലായി. 



 പാട്ടൊക്കെ കേട്ട് പോകുമ്പോൾ എതിരെ വരുന്ന ബസുകളെല്ലാം ‘എവേ മരിയ’ എന്ന പേരുള്ളതാണ്. ഞങ്ങളുടെ ഡ്രൈവർ ലേശം കിളി പോയതാണോ എന്നൊരു സംശയമുണ്ട്. ഇടയ്ക്കു കണ്ടക്ടർ ഇറങ്ങിയപ്പോ ആൾ വണ്ടി റിവേഴ്‌സ് എടുത്തു . കണ്ടക്ടർ അതിനു അങ്ങേരെ ചീത്തയും വിളിച്ചു. മലയോര ജനവാസ മേഖലകൾ കഴിഞ്ഞു ബസ് കാട്ടിലേക്ക് കയറി. നല്ല കോടയുണ്ട്. അതുകൊണ്ട് തന്നെ നല്ല തണുപ്പും. പുറകിലെ ദമ്പതികൾ ഈ ബസ് യാത്രയ്ക്കായി വന്നതാണ്. അവരുടെ സംസാരം ഞങ്ങൾക്കു കേൾക്കാം. ഇന്നലത്തെ ഉറക്കം ശെരിയാകാത്തതുകൊണ്ട് ഇടയ്ക്ക് കണ്ണടഞ്ഞു പോകുമെങ്കിലും ഉറങ്ങാണ്ട് കാഴ്ചകളും കണ്ടിരുന്നു. 





മൂഴിയാർ ഡാം ആണ് ആദ്യം കണ്ട ഡാം . അത് കഴിഞ്ഞു ചെറിയ ഒരു ജംഗ്ഷനിൽ എത്തും. അവിടെ ഭക്ഷണം കഴിക്കാനായി നിർത്തി. 

“ ചേച്ചി കാപ്പി ഉണ്ടോ “ ?

 “ഉണ്ട് “
 
“ ബ്രൂ ആണോ ? “ 

 “ബ്രൂ വേണോ ? “

 “ബ്രൂ വേണ്ടാ , കടുംകാപ്പി ഉണ്ടോ ?”

 “ഉണ്ട് “ 

 “അത് രണ്ടെണ്ണം “ 

 “കഴിക്കാനൊന്നും വേണ്ടേ ? “

 “പത്തനംതിട്ടയിൽ നിന്നും കഴിച്ചു, ഇവിടെ കിട്ടുമെന്ന് അറിയില്ലായിരുന്നു.” 

 കാപ്പിയും കുടിച്ചു ഞങ്ങൾ കുറച്ചു ഫോട്ടോസൊക്കെ എടുത്തു. ഒരു കാട്ടു പന്നിയും അവിടെ ചുറ്റിപറ്റി നിപ്പുണ്ട്. 











 എല്ലാരും ഭക്ഷണം കഴിച്ചു വന്നു. ഇടയ്ക്ക് പെൻസ്‌റ്റോക് പൈപ്പ് ബസ് നിർത്തി കാണിച്ചു തന്നു . അതും കഴിഞ്ഞു ഒരു വളവിൽ കുമളിയിൽ നിന്നും പത്തനംതിട്ടയിലേക്ക് വരുന്ന ബസിനെ കണ്ടു മുട്ടി. ഒരു വണ്ടിക്കു പോകാനുള്ള വീതിയെ ഉള്ളൂ . അതുകൊണ്ട് റിവേഴ്‌സ് ഒകെ എടുത്തു സാവധാനമാണ് കടന്നു പോയത്. 

കുമിളിയിൽ നിന്നും വരുന്ന ബസ് 



 പിന്നീട് കക്കി ഡാമിന്റെ അടുത്തുള്ള ഒരു വ്യൂ പോയിന്റിൽ ബസ് നിർത്തി. ഡാമൊക്കെ കണ്ടു ഫോട്ടോസൊക്കെ എടുത്തു . ഡ്രൈവർ കയറിയപ്പോൾ ഒരു കുഞ്ഞു പയ്യൻ 

 “ അങ്കിളേ .. ഒരു മിനിറ്റ് ആ സൈഡിൽ പോയില്ല “

 “പോടാ ചെറുക്കാ “ 

 എന്നും പറഞ്ഞു ഡ്രൈവർ വണ്ടി സ്റ്റാർട്ടാക്കി . എല്ലാരും ഓടി കയറി. 



കക്കി ഡാം 





 ഇടയ്ക്കു ഞങ്ങൾ സിംഹവാലൻ കുരങ്ങിനെ കണ്ടു. പിന്നീട് കക്കി ഡാമിൽ നിർത്തി. നല്ല രസമുള്ള വ്യൂ ആണ് എവിടെ നോക്കിയാലും. ഇനി ബസ് അങ്ങനെ എവിടെയും നിർത്തില്ല. ഗവി എത്താറായപ്പോൾ മുതൽ ബസിൽ ഇടയ്ക്കു ആള് കയറാൻ തുടങ്ങി. ശെരിക്കും ഇവർക്ക് വേണ്ടിയാണു ഈ ബസ് ഓടിക്കുന്നത് എന്ന് തോന്നുന്നു . ഇടയ്ക്കു ആദിവാസി പിള്ളേരെ കണ്ടപ്പോൾ ഡ്രൈവർ ബസ് നിർത്തി. ചിലർ ബിസ്കറ്റും ചിപ്സും ഒകെ എറിഞ്ഞു കൊടുത്തു. അതൊരു നല്ല പരിപാടിയായി എനിക്ക് തോന്നിയില്ല. ബസ് ഗവിയിലെത്തി. ഇതാണ് ഗവി ഇനി ആരും കണ്ടില്ല എന്ന് പറയരുത് എന്ന് കണ്ടക്ടർ പറഞ്ഞു. ഗവി ഡാം ചെറുതാണ്. 


ഗവി ഡാം 



ഇനി ഒരു നാല്പത്തി അഞ്ചു മിനിട്ടു കൂടി കഴിഞ്ഞാൽ വള്ളക്കടവ് എത്തുമെന്ന് കണ്ടക്ടർ പറഞ്ഞു . വള്ളക്കടവ് എത്തിയപ്പോൾ ചെറിയ റേഞ്ച് കിട്ടി . മമ്മിയുടെ മിസ് കോൾ ഉണ്ട് . ഉം … മമ്മിയുടെ നെറ്റ്‌ ഓഫർ തീർന്നു . പിന്നെ ഒരു നാരായൺ നായരുടെ ഒരു കോളും  . തിരികെ വിളിച്ചപ്പോൾ ആള് അടുത്ത് നിക്കുന്നു . ഇവിടത്തെ ഉദ്യോഗസ്ഥനാണ്. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ചെക്ക് ഇൻ ചെയ്യാനാവൂ . അതുവരെ അപ്പോൾ ഞങ്ങൾ എന്തേലും ചെയ്തു സമയം കളയണം . മുൻകൂട്ടി പറഞ്ഞാൽ ഭക്ഷണം ഉണ്ടാക്കി തരുന്ന ഒരു കടയുണ്ട് അവിടെ .അവിടെ പോയി ഉച്ചയ്ക്കു 2 ഊണ് വേണമെന്ന് പറഞ്ഞു . 


 അവിടുള്ള ചെക്ക് പോസ്റ്റ് ഉം കഴിഞ്ഞു ഞങ്ങൾ നടന്നു . എനിക്ക് നല്ല ഉറക്കക്ഷീണമുണ്ട് . ഒരു കാപ്പി കുടിച്ചാൽ ചിലപ്പോ കുറച്ചു ബോധം വരും . അവിടുള്ള ഒരു കടയിൽ കയറി ഒരു കാപ്പിയും ചായയും പറഞ്ഞു. നല്ല സവാളവടയും പരിപ്പുവടയും ഉണ്ട്. ഞങ്ങൾ ഓരോന്ന് എടുത്തു. പെയിന്റ് ഒക്കെ പോയ പഴയ കേൾവിനേറ്റർ ഫ്രിഡ്ജ് , പഴയ സോഡാ കേസ് , ഒരു പത്തിരുപതു കൊല്ലം പുറകിലോട്ട് പോയ പോലത്തെ കടയിലിരുന്നപ്പോ അമൃതശ്രീ കാനഡയിൽ നിന്നും വിളിച്ചു. 


കേൾവിനേറ്റർ ഫ്രിഡ്ജ് 






 അവിടന്ന് സത്രം പോകുന്ന വഴിയിൽ ഞങ്ങൾ നടന്നു. അവിടെല്ലാം തേയില തോട്ടങ്ങൾ ആണ്. സത്രം ഞാനൊരു വ്ലോഗിൽ കണ്ടിട്ടുണ്ട്. ഞങ്ങൾ ഇന്ന് വൈകുന്നേരം പോകുന്ന ട്രെക്കിങ്ങിനിടയിൽ സത്രം എയർ സ്ട്രിപ്പ് കാണാനാവും. തോട്ടത്തിനിടയിൽ കുറച്ചു ചേച്ചിമാർ ഇരുന്നു ഭക്ഷണം കഴിക്കുന്നുണ്ട്. അവിടെ പണിയെടുക്കന്നവരാണ്.ഞങ്ങൾ കുറച്ചു മുകളിലേക്ക് കയറി ഒരു മരച്ചുവട്ടിൽ ഇരുന്നു. ഞാനൊരു അരമണിക്കൂർ ഉറങ്ങി.






പിന്നീട് ഞങ്ങൾ ഊണ് പറഞ്ഞ അവിടെയെത്തി. എനിക്ക് ഓംലെറ്റും ജെസുനു ബീഫും ഞങ്ങൾ പറഞ്ഞിരുന്നു. തരക്കേടില്ലാത്ത ഊണും നല്ല ബീഫും.

 ഇനിയും സമയമുണ്ട്. രണ്ടരയ്‌ക്കെ ഞങ്ങൾക്ക് ചെക്ക് ഇൻ ചെയ്യാനാവൂ. വീണ്ടും ആ ചായക്കടയുടെ അടുത്തേക്ക് നടന്നു. അവിടെയൊരു ബസ് സ്റ്റോപ്പ് ഉണ്ട്. വണ്ടിപ്പെരിയാറിൽ നിന്നും വള്ളക്കടവ് വരെ ഇടയ്ക്കു ബസ് സർവീസ് ഉണ്ട്. അതിനുള്ളതാണ് ഈ ബസ് സ്റ്റോപ്പ്. ഞങ്ങൾ അവിടെ കയറി ഇരുന്നു. ജെസ്വിൻ അഞ്ചു മിനിറ്റിൽ ഉറങ്ങി. അതും കൂർക്കം വലിയോട് കൂടി. ഞാൻ ഇടയ്ക്കൊന്നു മയങ്ങിയപ്പോൾ ആ ചായക്കടയിലെ ചേട്ടൻ വന്നു ഞങ്ങളെ വിളിച്ചു. ബസിനു വെയ്റ്റിംഗ് ആണെങ്കിൽ ബസ് ഇപ്പോ വരുമെന്ന് പറയാനായിരുന്നു. പിന്നെ ഞാൻ ഉറങ്ങിയില്ല അവിടെ നിന്നൊരു ചായയും കുടിച്ചിരുന്നു. 





രണ്ടര ആയപ്പോൾ ഞങ്ങൾ ഫോറെസ്റ് ഓഫീസിലേക്കു ചെന്നു . അവിടെ നിന്നും കുറച്ചു പോകുമ്പോഴാണ് ഞങ്ങളുടെ ടെന്റ് ഒക്കെ ഉള്ള സ്ഥലമെത്തുക. പോകുന്ന വഴി ഒരു ചേര പാമ്പിനെ കണ്ടു മുൻപേ പോയ ചേട്ടൻ പേടിച്ചു. അവർ വരെ പേടിച്ചാൽ ഞങ്ങളുടെ കാര്യം പറയണ്ടല്ലോ. എനിക്കും ജെസ്സിനും ഏറ്റവും പേടി പാമ്പിനെയാണ്. കാമ്പിലെത്തിയപ്പോൾ ഉദയകുമാർ ചേട്ടൻ ഞങ്ങളുടെ ടെന്റ് കാണിച്ചു തന്നു. രണ്ടാൾക്കു സുഖമായി കിടക്കാം. സ്ലീപ്പിങ് ബാഗുമുണ്ട്. ട്രെക്കിങ്ങ് നാലരയ്ക്കാണ്. നാലിന് ചായ കുടിച്ചിട്ട് നാലരയ്ക്കാണ് ട്രെക്കിങ്ങ് തുടങ്ങുക. ജെസ്സ് ജോലിയുടെ ചില ഫോൺ വിളിയുമായി അവിടെ ഇരുന്നു. ഞാൻ ഇടയ്ക്ക് പുറത്തേക്കിറങ്ങി. പെരിയാർ നദി ആണ് തൊട്ടടുത്തൂടെ ഒഴുകുന്നത്. 

പെരിയാർ 



 സമയമായപ്പോൾ ഞങ്ങൾ ചായ കുടിക്കാൻ പോയി. ലിജോ ബ്രോയുടെ ജാക്കറ്റ് ജെസ്സ് എനിക്ക് ഇടാൻ തന്നു. ചായയും ബിസ്കറ്റും കുടിച്ചിരുന്നപ്പോ ശാന്തി ആന്റിയെയും ഭർത്താവ് സുബ്രമണ്യൻ അങ്കിളിനെയും അവരുടെ മോൾ ശരണ്യയെയും പരിചയപെട്ടു. അവർ തിരുവനന്തപുരത്തു നിന്നാണ് വരുന്നത്. ഞങ്ങളും അവരുമാണ് ട്രെക്കിങ്ങിനു ഉള്ളത്. വേറെയൊരു ഗ്രൂപ്പിന് വഴി തെറ്റി അവർ തേക്കടിയ്ക്കു പോയി.അതുകൊണ്ട് അവരുണ്ടായില്ല.


 പ്രദീഷ് ചേട്ടനാണ് ഞങ്ങളുടെ ഗൈഡ്. പികോളിൻ വൈബിലെ കൊളിൻ വന്നപ്പോൾ വിഷ്ണു എന്ന ചേട്ടനായിരുന്നു ഗൈഡ്. ആളിന്ന് ലീവ് ആണത്രേ. കുറച്ചു ദൂരം നടന്നപ്പോൾ ലിജേഷ് ചേട്ടനും കൂടെ കൂടി. ആളുടെ കയ്യിൽ തോക്കുണ്ട്. പക്ഷേ നമ്മൾ ഉദ്ദേശിക്കുന്ന തോക്ക് അല്ല. ശബ്ദം മാത്രമേ ഉണ്ടാവൂ .മൃഗങ്ങളെ പേടിപ്പിച്ചു ഓടിക്കാൻ അതുമതി.. കുറേ ദൂരം ടാറിട്ട റോഡിലൂടെയാണ് നടക്കുന്നത്.അകലെ കാണുന്ന മല കാണിച്ചിട്ട് പ്രദീഷ് ചേട്ടൻ നമ്മൾ അങ്ങോട്ടാ പോകുന്നേ എന്നു പറഞ്ഞു. ശാന്തി ആന്റി ഒന്നു ഞെട്ടി. കുറച്ചു ദൂരം കഴിഞ്ഞു നമ്മൾ കുത്തനെയുള്ള കയറ്റം കയറി. ശാന്തി ആന്റി കയറ്റം കണ്ടു പേടിച്ചു. പക്ഷേ സുബ്രമണ്യൻ അങ്കിൾ ആണ് ബുദ്ധിമുട്ടിയത്. ഈ കയറ്റം കഴിഞ്ഞാൽ പിന്നെ വല്യ കുഴപ്പമില്ല എന്നാണ് ലിജേഷ് ചേട്ടനും പ്രദീഷ് ചേട്ടനും പറയുന്നതെങ്കിലും അവർ ഗൈഡുമാരായതുകൊണ്ട് അങ്ങനെ വിശ്വസിക്കാൻ പറ്റില്ല. അവരങ്ങനെയെ പറയൂ. 









 ഞാനും ജെസ്സും മുൻപേ നടന്നു.ഒരുപാട് മുൻപിൽ പോകരുത് എന്ന് ലിജേഷ് ചേട്ടൻ പറഞ്ഞു.മുൻപിലുള്ള പുല്ലിന്റെ ഇടയ്ക്കൊക്കെ ചിലപ്പോ കരടി ഒളിച്ചിരിക്കുമത്രേ. ഇതിന്റെ ഇടയിൽ എന്റെ ഷൂവിന്റെ അടിയിലുള്ള ഭാഗം പൊളിഞ്ഞു വന്നു. കഴിഞ്ഞ വര്ഷം ആഗസ്ത്യാര്കൂടം പോയിട്ട് ഇപ്പോഴാണ് അതിടുന്നത്. പിന്നെ അതും കൈയിൽ പിടിച്ചാണ് നടപ്പു. ശാന്തി ആന്റി ഒരുവിധം കയറി വരുന്നുണ്ട്. സുബ്രമണ്യൻ അങ്കിൾ ആണ് ഏറ്റവും പുറകിൽ . പ്രദീഷ് ചേട്ടൻ ആളുടെ കൂടെ വരുന്നു. താഴെ റോഡിലൂടെ വണ്ടികൾ ഇടയ്ക്കു പോകുന്നത് കാണാം. അകലെ ഒരു കുന്നിന്റെ മുകളിൽ ഒരു പള്ളിയും കാണാം. ഇവിടെ ചില കുന്നുകളിൽ കാണുന്ന മരങ്ങൾ വനംവകുപ്പ് വച്ചു പിടിപ്പിച്ചതാണ് . ആദ്യത്തെ ആ വലിയ കയറ്റം കഴിഞ്ഞാൽ പിന്നെ വലിയ കുഴപ്പമില്ല. 






ലിജേഷ് ചേട്ടൻ 





സൂര്യൻ അസ്തമിക്കാറായി. മൃഗങ്ങളെ ഒന്നും കാണുന്നില്ല എങ്കിലും മലയുടെ മുകളിലൂടെ നടക്കാൻ നല്ല രസമാണ്. ഞാൻ ജെസ്സിനെ നിർത്തി ഫോട്ടോ എടുക്കും അത് കൊള്ളാമെങ്കിൽ അവനെക്കൊണ്ട് എന്റെയും എടുപ്പിക്കും. ഇടയ്ക്കെല്ലാം ഇത് നടക്കുന്നുണ്ട്. ഞങ്ങളോട് ഇടയ്ക്ക് നില്ക്കാൻ പറയും.ശാന്തി ആന്റിയും ശരണ്യയും കൂടെ എത്താൻ ആണ്. സുബ്രമണ്യൻ അങ്കിൾ നെയും പ്രദീഷ് ചേട്ടനെയും കാണാനില്ല. 

മുല്ലപെരിയാർ ഡാം 
                                              

 മുല്ലപെരിയാർ ഡാം ഇവിടന്ന് നോക്കിയാൽ കാണാം. അവിടെ എത്തിയപ്പോൾ ഞങ്ങൾ പ്രദീഷ് ചേട്ടനൊക്കെ വരാൻ വെയിറ്റ് ചെയ്തു. അവർ കരടിയെ കണ്ടു എന്നാണ് പറയുന്നത്. ദൂരെ കാണിച്ചു തന്നെങ്കിലും ഞങ്ങൾ എല്ലാവരും വേറെ വേറെ കരടിയെ ആണ് കണ്ടത്. കുറച്ചു ദൂരം നടന്നിട്ടു നോക്കിയപ്പോഴും എന്റെ കരടി അവിടെ തന്നെയുണ്ട്. 

 “ജെസ്സ്, എന്റെ കരടി അനങ്ങിയിട്ടില്ല “
 “എന്റെയും “

 അപ്പൊ അത് കരടിയല്ല പാറയാണ് . !! ജെസ്വിനും ലിജേഷ് ചേട്ടനും മുൻപോട്ടു പോയപ്പോൾ ഞാനും ശാന്തി ആന്റിയും ഒരുമിച്ചായി നടത്തം. ആൾ അമേരിക്കയിൽ ആയിരുന്നു. പിന്നെ ചെന്നൈയിൽ ഒരു ഇന്റർനാഷണൽ സ്‌കൂളിൽ പഠിപ്പിച്ചു. മകൾ ഇപ്പൊ അമേരിക്കയിൽ ജോലി ചെയുന്നു. അവരിങ്ങനെ യാത്ര ചെയ്യാറുള്ളതാണത്രേ . ഗോവയിലാണ് അവസാനം പോയത്. അങ്കിൾ എഞ്ചിനീയർ ആണ്. ഒരു കാട്ടുപോത്തിനെ ലിജേഷ് ചേട്ടൻ കണ്ടു പിടിച്ചു. കൊളിൻറെ വിഡിയോയിൽ ഒരുപാട് മൃഗങ്ങൾ ഉണ്ടായിരുന്നു. ഞങ്ങൾക്ക് ഭാഗ്യമില്ലാത്തതുകൊണ്ട് വേറെ ഒന്നും അങ്ങനെ കണ്ടില്ല. വേറൊരു കാട്ടുപോത്തിനേയും കണ്ടു. ഇരുട്ടായി തുടങ്ങി. 

അകലെ നിന്ന് ഒരു വണ്ടി മലകയറി വരുന്നുണ്ട്.അങ്കിളിനു മസിൽ പിടിച്ചു അതുകൊണ്ട് നടക്കാൻ വയ്യാ അതാണ് വണ്ടി വരുന്നത്. ശെരിക്കും ഞങ്ങൾ ഇപ്പോഴ് താഴെ എത്തേണ്ടതാണ് . അങ്കിൾ നു വയ്യാത്തതുകൊണ്ട് സ്ലോ ആയതാണ്. പക്ഷെ അതുകൊണ്ട് ഞങ്ങൾക്ക് സാവധാനം ഫോട്ടോയൊക്കെ എടുത്തു നടക്കാൻ പറ്റി. പിക്ക് അപ്പ് ആണ് വണ്ടി. ഞാനും ജെസ്വിനും പുറകിൽ കയറി. ശരണയ്ക്കും കയറണം എന്നുണ്ടായിരുന്നു എന്ന് തോന്നുന്നു . അപ്പോഴേക്കും നല്ല ഇരുട്ടായി. പ്രദീഷ് ചേട്ടനും ഞങ്ങളുടെയൊപ്പം കൂടി. 







 ജീപ്പ് വളരെ വേഗത്തിൽ കാംപിലെത്തി. വരുന്ന വഴി അവിടെ നടക്കുന്ന ഒരു ക്യാംപിനെ പറ്റി പ്രദീഷ് ചേട്ടൻ പറഞ്ഞിരുന്നു. അവർക്കു രാത്രി കാണിക്കുന്ന ഒരു വീഡിയോ കാണാൻ ഞങ്ങളോടും വരാൻ പറഞ്ഞിരുന്നു. ഞങ്ങൾ ടെന്റിലെത്തി ഒന്ന് ഫ്രഷായി വീഡിയോ കാണാൻ ചെന്നു. എന്റെ കയ്യിൽ പനകൽക്കണ്ടം ഉണ്ടായിരുന്നു . പ്രദീഷ് ചേട്ടനും ലിജേഷ് ചേട്ടനും അതെടുത്തു . വീഡിയോ കാണാൻ നല്ല രസമുണ്ട് . പക്ഷേ പാമ്പിന്റെ ഭാഗം എത്തിയപ്പോ ഞാനും ജെസും കണ്ണടച്ചിരുന്നു . 




 ഇനി ഭക്ഷണം കഴിക്കണം. ശാന്തി ആന്റിയുടെ ഫാമിലി വെജിറ്റേറിയൻ ആണ്. ഞങ്ങൾ നോൺ വെജ് ഫുഡാണ് പറഞ്ഞിരിക്കുന്നേ . ചപ്പാത്തിയും ചിക്കൻ കറിയും ചോറും തോരനും ഉണ്ട്. രണ്ടു ദിവസം മുൻപ് പത്തു ദോശ കഴിച്ച ജെസ് അത് മനസ്സിൽ വച്ചുകൊണ്ട് ചപ്പാത്തി തിന്നു തുടങ്ങി. ഈ വച്ചിരിക്കുന്ന ചിക്കൻ മുഴുവൻ നമ്മുക്കാണോ എന്ന് ചോദിച്ച ജെസ് അതും പോരാഞ്ഞിട്ട് വീണ്ടും ചിക്കൻ ചോദിച്ചു വാങ്ങി. അഞ്ചല്ല,ആറല്ല , ഏഴല്ല എട്ടു ചപ്പാത്തിയിൽ ആള് നിർത്തി (അത്രയേ ആ പാത്രത്തിൽ ഉണ്ടായിരുന്നുള്ളൂ). ട്രെക്കിങ് മിസ്സായ ഗ്രൂപ്പ് ഒരു തെലുഗു ഗാങ് ആണ്. അവരും ഭക്ഷണം കഴിക്കാനനുണ്ട്. ഭക്ഷണം കഴിച്ചു ഞങ്ങൾ ടെന്റിലെത്തി . തലേദിവസം ഉറങ്ങാത്തോണ്ടു ഇന്ന് ഉറങ്ങിയേ പറ്റു . കാരണം അടുത്ത ദിവസം തിരുവനന്തപുരത്തേക്ക് ബസിൽ പോകാനുള്ളതാണ്.അപ്പൊ ഉറക്കം ശെരിയാവില്ല. 

 ഇടയ്ക്കൊന്ന് പുറത്തിറങ്ങിയപ്പോൾ തെലുഗു ഗ്യാങിലെ റഹീമിനെ പരിചയപെട്ടു.അവർ ഹൈദരാബാദിൽ നിന്ന് മൂന്നാറിലേക്ക് റോഡ് ട്രിപ്പ് വന്നവരാണ്. പക്ഷേ കൊളുക്കുമലയോ മീശപുലിമലയോ കണ്ടില്ല. ഒരു ഒൻപതു കഴിഞ്ഞപ്പോൾ ഞങ്ങൾ ഉറങ്ങി. പാമ്പിനെ പേടിയുള്ളതു കൊണ്ട് ടെന്റ് എല്ലാം ഞങ്ങൾ നല്ലപോലെ അടച്ചു എന്നുറപ്പു വരുത്തി. സ്ലീപ്പിങ് ബാഗ് മുഴുവൻ ആയി അടയ്ക്കാൻ പറ്റുന്നില്ല. അതിലെ പാമ്പ് കേറുന്നതൊക്കെ ആലോചിച്ചു കൂട്ടിയാണ് ഞാൻ കിടക്കുന്നത്. ഞാൻ നല്ല കൂർക്കം വലി ആയിരുന്നു എന്നാണ് ജെസ് പറഞ്ഞത്. 



 രാവിലെ ആറിന് എണീറ്റ് ഫ്രഷായി ഞങ്ങൾ കാപ്പി കുടിക്കാൻ ചെന്നു . അപ്പോൾ ആനയുടെ ചിന്നംവിളി കേട്ടു. കാപ്പിയും കുടിച്ചു ഉഷാറായി ഞങ്ങൾ റോഡിലേക്ക് നടന്നു. പ്രദീഷ് ചേട്ടനാണ് ഞങ്ങളുടെ കൂടെ വരുന്നത്. ആ തെലുഗു ഗാങ് കുറച്ചു ലേറ്റ് ആക്കി. ഒരു പത്തു മിനിറ്റ് അങ്ങനെ പോയി . ഞങ്ങൾ ഇന്നലെ ബസിൽ വന്ന വഴിയാണ് സഫാരി.ലേറ്റ് ആയാൽ മൃഗങ്ങളെ കാണാനുള്ള സാധ്യത കുറയും.

 പിന്നെയാണ് ഒരു മലയാളി അലമ്പ് ഗാങ് വരുന്നത്. അവരുടേ ടിക്കറ്റ് ഉള്ള ആളെ കാണാനില്ല.കണ്ടപ്പോഴും അങ്ങേര് സ്ലോ മോഷനിൽ വന്നു ടിക്കറ്റ് ഇപ്പോ എടുത്തോണ്ട് വരാമെന്നു പറഞ്ഞു അവർ പയ്യെ എങ്ങോട്ടോ പോയി. എനിക്ക് ഈ ടൈം പാലിക്കാത്തവരോട് നല്ല ദേഷ്യം വരും. ഞാൻ പല്ലു കടിച്ചു അവിടെ ഇരുന്നു. അതിൽ ഒരാൾ ശ്രീവ്യാസിന്റെ അടുത്താണ് ഇരിക്കുന്നത്. ശ്രീവ്യാസ് തമിഴ്‌നാട്ടിൽ നിന്നാണ്.ആളൊരു ശാന്തനാണ്. കാമറയുമൊക്കെ കൈയ്യിലുണ്ട്. ബാക്കിയുള്ളവർ പുറകിലോട്ടു പോയി. ഒടുവിൽ ടിക്കറ്റ് ആയിട്ട് ആള് വന്നു. പ്രദീഷ് ചേട്ടനും ദേഷ്യം വന്നെന്നു തോന്നുന്നു . നീലഗിരി ലങ്കുർ (കരികുരങ് ) നെ ആണ് ആദ്യം കണ്ടത്. ഈ അലമ്പ് ഗാങ് നല്ല ശബ്ദം ഉണ്ടാക്കുന്നുണ്ട്. അനാവശ്യ കമന്റുകളും എല്ലാം. പിന്നെ ഒരു സാംബാർ ഡീർ നെ കണ്ടു. ആൾ ഒറ്റയ്ക്കാണ്.



 
സാംബാർ ഡീർ 

എന്തോ ശബ്ദവും ഉണ്ടാക്കുന്നുണ്ട്. പ്രദീഷ് ചേട്ടൻ പറയുന്നേ അതിനെ ആരോ വേട്ടയാടാൻ സാധ്യതയുണ്ട് , അതാണ് ഈ ശബ്ദം ഉണ്ടാക്കുന്നെ എന്നാണ് . പിന്നെ കണ്ടത് ഒരു ആനക്കൂട്ടത്തെ ആണ്. 
ആനക്കൂട്ടം 





ഈ അലമ്പ് ഗാങ് വിസിലൊക്കെ അടിക്കുന്നുണ്ട്. വഴിയിൽ വേറെ മൃഗങ്ങളെ കാണാത്തതു ലേറ്റ് ആയതുകൊണ്ടാവും എന്നാണ് ഞാൻ കരുതുന്നത്. കോളിൻ വന്നപ്പോൾ ആകെ കുറച്ചുപേരെ ഉണ്ടായിരുനള്ളൂ . അതുകൊണ്ട് ആറരയ്ക്ക് മുൻപേ അവർ ഒരു ജീപ്പിൽ പോയി.കുറെ മൃഗങ്ങളെയും കണ്ടു. ഗവിയിലെത്തിയപ്പോൾ ബസ് നിർത്തി. ഞങ്ങൾ ഇന്നലെ കണ്ട ഗവി ഡാം ചുറ്റി കണ്ടു. താഴെ ഒരു കടുവയുടെ കാൽപാടും ആനയുടെ കാൽപാടും കണ്ടു.


കടുവയുടെ കാൽപാദം 

ആനയുടെ കാല്പാദം കാൽപാദം 



പിന്നെ തിരികെ വള്ളക്കടവിലേക്ക് പോകുമ്പോൾ കരികുരങ്ങിനെയും ഒരു കാട്ടുപോത്തിനേയും കണ്ടു. ബ്രേക്ഫാസ്റ് ഇഡ്ഡലിയും ചമ്മന്തിയും സാമ്പാറുമാണ്. ഞങ്ങൾ നോൺ വെജ് പറഞ്ഞത്കൊണ്ട് മുട്ട പുഴുങ്ങിയതുമുണ്ട്. പക്ഷേ ഞാനും ജെസ്സും  മുട്ട പുഴുങ്ങിയത് തനിയെ കഴിക്കാറില്ല. ഇത് ആണേൽ ഞങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയതാണ്. ജെസ്സ് ആദ്യമൊരു നാലെണ്ണം കഴിച്ചു.



 “ ഞാനൊരു രണ്ടെണ്ണം കൂടി എടുത്തു വരാം “ 

 പക്ഷേ ആള് മൂന്നെണ്ണം എടുതോണ്ടാണ് വന്നേ 

 “മൂന്നാണ് എന്റെ ലക്കി നമ്പർ “ 

 “ ഇന്നലത്തെ പോലെ ഒരെണ്ണം കൂടി കഴിച്ചു എട്ട് ആക്കു “


 ഇനി ബേർഡ് വാച്ചിങ് ആണ് അടുത്ത പരിപാടി. കാമ്പിന്റെ ചുറ്റുമുള്ള വേലി കുറച്ചു മാറ്റി പെരിയാറിന്റെ സൈഡിലൂടെയാണ് നടക്കുന്നത് . ക്യാമ്പിന്റെ തൊട്ടടുത്ത് തന്നെ ഒരുപാട് ആനപിണ്ടങ്ങൾ കാണാം . രാവിലെ കേട്ട ചിന്നം വിളി ഇവിടെ വന്ന ആനയുടേതാവാം . ചിന്നം വിളി കേട്ടപ്പോ ഇങ്ങോട്ട് വന്നാൽ മതിയാർന്നു അപ്പോ കാണാമായിരുന്നു എന്ന് പ്രദീഷ് ചേട്ടൻ പറഞ്ഞു . അതിനുള്ള ധൈര്യമൊക്കെ ഞങ്ങൾക്കുണ്ടോ? ആനയ്ക്കു വേലി പൊളിക്കാനുള്ള ശക്തി ഉണ്ടല്ലോ എന്നാണ് ശാന്തി ആന്റി പറയുന്നത് . ഒരുപാട് നേരം നടന്നെങ്കിലും പക്ഷികളെ ഒന്നും കണ്ടില്ല . കിളികളുടെ ശബ്ദം കേൾക്കാം. 



കുന്തിരിക്കം 


ആനപ്പിണ്ടം 



 ഞങ്ങളുടെ കൂട്ടത്തിലെ തെലുഗാൻമാരിൽ രണ്ടുപേരുടെ സംസാരം ഇച്ചിരെ ഉച്ചത്തിലാണ് . ശബ്ദം കേട്ട് കിളികളൊക്കെ പോകില്ലേ എന്നാണ് എന്റെ പേടി.എങ്കിലും ആ അലമ്പ് മലയാളി ഗാങ്ങിനെക്കാളും ഭേദമാണ് . ഇടയ്ക്കു ശാന്തി ചേച്ചി ഞങ്ങളുടെ അടുത്തെത്തിയപ്പോൾ അവർ രാജവെമ്പാലയുടെ കൂടു കണ്ട കാര്യം പറഞ്ഞു . ഇടയ്ക്ക് പ്രദീഷ് ചേട്ടൻ കുന്തിരിക്കം മരം കാണിച്ചു തന്നു . അതിൽ ആദിവാസികൾ വന്നു മുറിവ് ഉണ്ടാക്കും . അതിന്റെ പശ ഉണങ്ങി കുന്തിരിക്കം ആവും . പിന്നെ കണ്ടത് ഒരു കടുവ  മാന്തിയ മണ്ണ് ആണ് . ആതു കേട്ടതും ശാന്തി ആന്റി ഓടി വന്നു . തെലുഗാൻമാർ ഇത് കണ്ടില്ല 


കടുവ മാന്തിയത് 

 “ അവർ കാണണ്ട , നമ്മൾ മാത്രം കണ്ടു എന്ന് പറയാൻ എന്തേലും വേണ്ടേ “ 

 അതാണ് ശാന്തി ആന്റിയുടെ ലൈൻ . 

 “രാജവെമ്പാലയുടെ കൂടു കണ്ടതുപോലെ അല്ലേ ?” 


 ഇന്നലെ കാമ്പിനു വന്ന പിള്ളേരെ ഒരിടത്തു വച്ച് കണ്ടു . അവർ ഒരുപാട് ദൂരം പോകും . അതിന്റെ ഇടയിൽ വിശ്രമിക്കുകയാണ് . ഞങ്ങളോടും കുറച്ചു നേരം വിശ്രമിക്കാൻ പ്രദീഷ് ചേട്ടൻ പറഞ്ഞു . ഞങ്ങൾ ഇരുന്നതും അടുത്ത് ആനയുണ്ട് എന്ന വിവരം കിട്ടി . ശബ്ദം ഉണ്ടാകാതെ വരാൻ പറഞ്ഞു .ഞാൻ ആ തെലുഗാൻമാരോട് പോയി ശബ്ദം ഉണ്ടാകരുതെന്ന് പ്രദീഷ് ഏട്ടൻ പറഞ്ഞു എന്ന് പറഞ്ഞു . കുറെ ദൂരം നടന്നപ്പോ ഒരു കുഞ്ഞു ആനയെ അകലെ ഞങ്ങൾ കണ്ടു . പക്ഷേ ഉടനെ തന്നെ അത് പുല്ലിന്റെ ഇടയിൽ കയറി . ആ പിള്ളേർ ഇനിയും പോകും പക്ഷേ നമ്മുടെ സമയം കഴിഞ്ഞത് കൊണ്ട് തിരികെ പോകാമെന്ന് പ്രദീഷ്. ചേട്ടൻ പറഞ്ഞു.


 തിരികെ പോകുമ്പോൾ ആദ്യം സുബ്രമണ്യൻ ചേട്ടന്റെ കാലുളുക്കി . 

 പിന്നെ ഒരു അരുവിയിൽ ശരണ്യ വീണു . 

 “ഇനി ശാന്തി ആന്റി കൂടെ വീണാൽ എല്ലാരും ആയി “ Jess പറഞ്ഞു. 

 ഒരു ചെറിയ അരുവി കൂടെ cross ചെയ്യാനുണ്ട് . ശരണ്യ അതിലും വീണു . ഇനി ശാന്തി ആന്റിയാണ് . ഞങ്ങൾ ആകാംഷയോടെ നോക്കി നിന്നു . ആൾ സ്മാർട്ട് ആണ് . നൈസായി ആൾ cross ചെയ്തു . കൈ ഉം പൊക്കി ആൾ സന്തോഷം പ്രകടിപ്പിച്ചു . 


 ശ്രീവ്യാസ് ആളൊരു പാവം ആണ് . ഒരു അലമ്പും ഇല്ലാതെ ആൾ അതിലെ പൊയ്ക്കോളും . ഉത്തരവാദിത്തമുള്ള സഞ്ചാരി ആണെന്ന് കണ്ടാലേ മനസിലാവും. തിരികെ tent ൽ എത്തി ഫ്രഷായി . ശ്രീവ്യാസിനോട് യാത്ര പറഞ്ഞു ഞങ്ങൾ ചോറുണ്ണാൻ പോയി . ശ്രീവ്യാസ് ആള് ക്യാമറയിൽ എടുത്ത ഫോട്ടോസൊക്കെ അയച്ചു തരാമെന്നു പറഞ്ഞു.മീൻ വറുത്തത് ആണ് സ്പെഷ്യൽ. ഞാൻ മീൻ കഴിക്കില്ല. ജെസ്സിനോട് അതും കൂടെ എടുക്കാൻ പറഞ്ഞിട്ട് അവൻ പകുതിയേ എടുത്തുള്ളൂ . ഭക്ഷണം കഴിച്ചു അവിടത്തെ ചേച്ചിമാരോട് യാത്രയും പറഞ്ഞു ഞങ്ങൾ ഇറങ്ങി . വഴിയിൽ വച്ച് പ്രദീഷ് ചേട്ടനെയും ലിജേഷ് ചേട്ടനെയും കണ്ടു . 


ഞങ്ങളുടെ ടെന്റ് 



പ്രദീഷ് ചേട്ടൻ 



 വള്ളക്കടവിൽ നിന്ന് ബസ് വല്ലപ്പോഴുമേ ഉള്ളൂ . ഞങ്ങൾക്ക് വേഗം തേക്കടിയിൽ എത്തണം . അതുകൊണ്ട് ഓട്ടോ വിളിച്ചു ഞങ്ങൾ വണ്ടിപെരിയാറിലെത്തി . വഴിയിൽ കാണുന്ന വണ്ടികൾക്കെല്ലാം പേര് എവേ മരിയ എന്നാണ് . അതെന്താണോ അങ്ങനെ ? വണ്ടിപ്പെരിയാറിൽ ചെന്നതും കുമളിയിലേക്ക് ബസ് കിട്ടി . അടുത്തിരുന്ന പയ്യൻ പറഞ്ഞു തന്ന സ്റ്റോപ്പിൽ ഇറങ്ങി . ഞാൻ ഇടുക്കികാരൻ ആണെങ്കിലും തൊടുപുഴ വിട്ടു ഞാൻ പോയിട്ടില്ല . കുമളി ടൗണിലൂടേ ഞങ്ങൾ നടക്കുവാണ് . എല്ലാടത്തും സ്‌പൈസസ് കടകൾ ആണ് എല്ലായിടത്തും. അതുകൊണ്ട് തന്നെ നല്ല മണമുണ്ട് .

 “കണ്ടോടാ ഞങ്ങളുടെ നാടിന്റെമണം ?"

ഒരു റിസോർട് കണ്ടപ്പോൾ ജെസ് പറഞ്ഞു അത് കൊള്ളാമെന്ന് . 

 “ആ ഞങ്ങളുടെ നാട്ടിലെ റിസോർട്ട് എല്ലാം അങ്ങനെയാ “

 “കണ്ടോ ഞങ്ങളുടെ നാട്ടിലെ പാനി പൂരി കട, എന്ത് ക്ലീൻ ആണ് “ 

 അങ്ങനെ ഞാൻ ജെസ്സിനെ വെറുപ്പിച്ചു. ഒരു കടയിൽ സൂപ്പർ ഗ്ലു വാങ്ങാൻ കയറി അവിടെ കിട്ടിയില്ല. പക്ഷേ അവിടെ നിന്ന ഒരു ചേട്ടൻ ബോട്ടിങ്ങിനു പോകണ്ട സ്ഥലം പറഞ്ഞു തന്നു. വേറൊരു കടയിൽ നിന്നും സൂപ്പർ ഗ്ലൂ ഉം വാങ്ങി ഞങ്ങൾ പാർക്കിങ് സ്ഥലത്തേക്ക് നടന്നു. അവിടുന്നൊരു ചായയും കുടിച്ചു ഞാൻ എന്റെ ഷൂ ഒട്ടിക്കാൻ ശ്രമിച്ചു പരാജയപെട്ടു.

 ബോട്ടിങ്ങിനു ടിക്കറ്റ് എടുക്കാൻ നല്ല തിരക്കുണ്ട്. ഞങ്ങൾക്ക് ജംഗിള് ക്യാംപിന്റെ ടിക്കറ്റ് കാണിച്ചാൽ മതി. ഇവിടന്നു ബസിലാണ് ബോട്ടിംഗ് സ്ഥലത്തേക്ക് കൊണ്ടു പോകുന്നത്. കൂടുതലും നോർത്ത് ഇന്ത്യൻസാണ് അവിടെ വരുന്നത്. കുറച്ചു വിദേശികളും കുറച്ചു തമിഴരും. മലയാളികൾ കുറവാണു. 




 നാല് ബോട്ടുകളാണ് അവിടെ ബോട്ടിംഗ് നു ഉള്ളത്. പെരിയാർ , ജലയാത്ര,ജലജ്യോതി,പിന്നെ വന ജ്യോത്സന എന്നീ ബോട്ടുകൾ.ഞങ്ങളുടെ ബോട്ടിന്റെ പേര് വനജ്യോത്സന എന്നാണ്. സീറ്റ് നമ്പർ ഉണ്ട്. ഞങ്ങളുടെ എടുത്തിരിക്കുന്നത് ഒരു ഗുജറാത്തി അമേരിക്കൻ ഫാമിലിയാണ് . പിന്നൊരു വലിയ മലയാളി ഗ്രൂപ്പ് വന്നു.അതിലൊരു ചേട്ടൻ വിചാരിച്ചിരുന്നത് ബോട്ടിംഗ് ഭാരതപ്പുഴയിലാണ് നടക്കുന്നതെത്രെ .(അപ്പൊ ഇടുക്കി ഡാം എന്ന് വിചാരിച്ച ഞാൻ അത്ര മണ്ടൻ അല്ല.) അതേ ചേട്ടൻ തട്ടേക്കാട് ബോട്ട് ദുരന്തത്തെപ്പറ്റിയും സംസാരിക്കുന്നുണ്ട്. ആള് കൊള്ളാം 🙂 



ദുരന്തം ചേട്ടൻ 




 ഞങ്ങളുടെ തൊട്ടുമുന്പിൽ ഒരു നോർത്ത് ഇന്ത്യൻ ഫാമിലി വന്നു. സ്വന്തം ഭാഷ ഇടയ്‌ക്കേ അവർ പറയുന്നുള്ളൂ ഇംഗ്ലീഷ് ആണ് കൂടുതലും. അത് കേൾക്കാനും വല്യ സുഖമില്ല. ബാക്കിയെല്ലാ ബോട്ടിലും ലൈഫ് ജാക്കറ്റ് കൊടുക്കുന്നുണ്ട്. ഞങ്ങൾക്ക് മാത്രമില്ല. ഇതിന്റെയിടയിൽ റേഞ്ച് ഇല്ലാത്തോണ്ട് ഞാൻ കേരള സർക്കാരിന്റെ വൈഫൈ കണക്ട് ചെയ്യാൻ നോക്കി . കണക്ട് ആവും പക്ഷേ ഒരു കുഴപ്പമുണ്ട് ലോഗിൻ ചെയ്യാൻ otp വേണം അത് കിട്ടണമെങ്കിൽ റേഞ്ച് വേണം !! അതില്ലാത്തോണ്ട് ആണല്ലോ വൈഫൈ ഉപയോഗിക്കാൻ നോക്കിയത് ?. 

 സെൽഫി സ്റ്റിക്ക് ഒക്കെയായി യാത്ര ചെയുന്ന ആൾക്കാർ ഇപ്പോഴുമുണ്ടെന്നു മനസിലായി.ഹണിമൂണിന് വന്ന ഒരു യുവ ദമ്പതികളുടെ കയ്യിലാണ് അതു കണ്ടത്.
 ബോട്ട് യാത്ര തുടങ്ങി. മൃഗങ്ങളെയൊന്നും അങ്ങനെ കണ്ടില്ല , ഇടയ്ക്കൊരു സാംബാർ ഡീർ , ഒരു ചെറിയ ആമ , കുറച്ചു പക്ഷികൾ, പിന്നേ കുറേ നീർകാക്കകൾ. 


 “ ജസ്സു ഈ നീർകാക്കകളെയാണ് കോളിൻ തന്റെ കാമറയിൽ ഒപ്പിയെടുക്കുന്നത് “ 

 “ അതെന്താ കോളിന്റെ ക്യാമറ തുണിയാണോ ഒപ്പിയെടുക്കാൻ ..”

 മുൻപിലിരിക്കുന്ന ഉത്തരേന്ത്യൻ ദമ്പതികളുടെ കുഞ്ഞു നല്ല കരച്ചിൽ. അവർ ആണെങ്കിൽ കൊച്ചിനെ ദേഹത്തോട് ചേർത്ത് വാ പൊത്തുന്നപോലെ പിടിച്ചാണ് കരച്ചിൽ നിർത്താൻ നോക്കുന്നത്. പാല് കൊടുക്കാനോ ഉറക്കാനോ അവർ ആലോചിച്ചിട്ടു പോലുമില്ല. ആ ചേച്ചി കുഞ്ഞിനോട് ദേഷ്യപെടുന്നുണ്ട് !!! ഞാനും ജെസും ഇതും നോക്കി ഇരിക്കുവാണ്. കുറെ നേരം കഴിഞ്ഞപ്പോ ആ ചേച്ചി ഒരു കുപ്പിയിൽ വെള്ളം ഒഴിച്ച് കൊടുക്കുന്നു. അപ്പൊ പാൽ സ്റ്റോക്കില്ല. ഇടയ്ക്ക് കൊച്ചിന്റെ വായിലെ വെള്ളം ദേഹത്തു വീണപ്പോൾ ആ ചേച്ചിക്ക് ധൃതി അത് തുടയ്ക്കാൻ ആണ് അല്ലാതെ കൊച്ചിനെ നോക്കാനല്ല. ഞങ്ങൾ ബോട്ടിങ്ങിനു വേണ്ടി വെയിറ്റ് ചെയ്തപ്പോഴും ഒരു കുട്ടിയെ ശ്രദ്ധിച്ചിരുന്നു. കുട്ടി അപകടമുള്ള സ്ഥലത്തൊക്കെ പോകുന്നുണ്ടെങ്കിലും അമ്മയും അപ്പൂപ്പനും വല്യ കാര്യമാക്കുന്നില്ല. ഉത്തരേന്ത്യൻ പേരെന്റിങ് ഇങ്ങനെയാവുമെന്ന് ഞങ്ങൾ കരുതി.




ഇടയ്ക്കു ആ സെൽഫി സ്റ്റിക്ക് ദമ്പതികളെ തടാകത്തിനു നടുവിലുള്ള ലേക് പാലസ് ഇരിക്കുന്ന ദ്വീപിൽ ഇറക്കി.അവർ ഇടപാളയം വാച്ച് ടവറിൽ താമസിക്കാൻ പോകുന്നവരാണ്.കോളിന്റെ വിഡിയോയിൽ അവിടത്തെ കാഴ്ചകൾ ഞാൻ കണ്ടിട്ടുണ്ട്.

 ബോട്ടിംഗ് കഴിഞ്ഞു തിരിച്ചെത്തി. കുരങ്ങന് ബിസ്കറ്റ് കൊടുക്കാൻ വേണ്ടി ഒരമ്മ കുട്ടിയോട് പറഞ്ഞെങ്കിലും കുട്ടി കൊടുക്കാൻ തയ്യാറല്ല. കുരങ്ങൻ ആണേൽ അതെടുക്കാൻ എടുത്തേക്കും വരുന്നു. “ദേദോ ബെഹ്‌കൂഫ്‌” എന്നും പറഞ്ഞു ആ ചേച്ചി ബിസ്കറ് വാങ്ങി കുരങ്ങന് കൊടുത്തു. ആ കുട്ടി ആണേൽ കരച്ചിലോടു കരച്ചിൽ. 







 തിരികെ കുമളിയിലെത്തി ഞങ്ങൾ ബിസ്കറ്റ് ചായയും ഒരു ഷവർമ വാങ്ങി പകുതിയും കഴിച്ചു. പിന്നെ ബസ് നോക്കി നടപ്പാണ്. കോട്ടയംബസിൽ കയറി മുണ്ടക്കയം ഇറങ്ങാൻ ആണ് പ്ലാൻ. ബസ് സ്റ്റാന്റിലെത്തിയപ്പോ ഒരു കോട്ടയം ബസ്സുണ്ട്. അത് മുണ്ടക്കയത്തു എത്തുമ്പോൾ ഒരു തിരുവനന്തപുരം ബസ്സുണ്ട് എന്ന് കണ്ടക്ടർ പറഞ്ഞു. കോട്ടയം വഴി പോയാൽ ചുറ്റാണ് . ബസ് കുറച്ചു പോയപോഴെകും ജെസ്സ് ഉറക്കം തുടങ്ങി.മുണ്ടക്കയത്ത് എത്തിയപ്പോൾ തിരുവനന്തപുരം ബസ് കിടപ്പുണ്ട്. ഈ ബസും കാഞ്ഞിരപ്പിള്ളി വഴി ചെറുതായി ഒന്ന് ചുറ്റിയാണ് പോകുന്നത്. രാത്രി ഒന്നരയ്ക്ക് ഞങ്ങൾ തിരുവനന്തപുരത്തെത്തും. ഇടയ്ക്ക് കോന്നിയിൽ ബസ് നിർത്തിയപ്പോൾ നല്ല ഡബിൾ ഓംലെറ്റും കട്ടൻ കാപ്പിയും കുടിച്ചു. നാളെയാണ് ആഗസ്ത്യാർകൂടം ട്രെക്കിങ്ങിനു ബുക്കിംഗ് തുടങ്ങുന്നത്. അതിന്റെ ടെൻഷൻ മനസ്സിലുണ്ട്. റ്റിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടാണ്.

4 comments:

  1. Bro.. എഴുത്ത്‌ ഇഷ്ടായി 😍 കാഴ്ചകൾ കണ്ട അതേ ഫീലുണ്ട്‌

    ReplyDelete
  2. Thanks Cholin ❤️

    ReplyDelete
  3. എഴുതിയത് ഒരുപാട് ഇഷ്ടമായി വായിച്ചതിന് ശേഷം ഗവിക്ക് പോകാൻ തോന്നുന്നു ഞാനും ഒരു ഇടുക്കികാരൻ ആണെന്നതിൽ അഭിമാനിക്കുന്നു എന്റെ പ്രിയ കൂട്ടുകാരന് ഇനിയും ഒരുപാട് യാത്രകൾ പോയി അതിന്റെ അനുഭവങ്ങൾ പങ്കുവെക്കാൻ സാധിക്കട്ട💕💕

    ReplyDelete
  4. This writing is beautiful tooo like all your videos❣️

    ReplyDelete

Powered by Blogger.