Backpacking Bliss in Tamil Nadu | Day 01 | Kanyakumari -Tirunelveli-Madurai



മേഘം വന്നു മൂടി സൺ റൈസ് കുളമാകും എന്ന് കരുതിയാണ് ഞാൻ ബസ് കയറിയത്.അതങ്ങനെയേ വരൂ. ഞങ്ങൾ എവിടെ  പരിപാടി അവതരിപ്പിച്ചാലും അത് അവസാനം മുടങ്ങും.ഇന്നലെ ഞാനും ജെസും ഒരു സോഡാ നാരങ്ങാ വെള്ളം കുടിക്കാൻ ആഗ്രഹിച്ചു മലബാർ ബൈട്സിൽ പോയപ്പോൾ അവിടെ സോഡ തീർന്നു എന്ന് !.  ഞങ്ങൾ ചായ കുടിക്കാനാണ് പോയത് എങ്കിൽ ഉറപ്പാണ് അവിടെ പാൽ ഉണ്ടാവില്ല. ഒരു പ്രതീക്ഷ വച്ചു പോവുക തന്നെ. പിന്നെ തമിഴിനാട്ടിലേക്ക് പോകുമ്പോ കന്യാകുമാരി വഴിയാണ് പോകുന്നത്.അപ്പോ സൺറൈസ് കാണുന്ന രീതിയിൽ പ്ലാൻ ചെയ്തതാണ്.

കന്യാകുമാരിയിൽ ബസിറങ്ങിയപ്പോൾ ഒരു വല്യ കൂട്ടം പോലീസ്. ഇതെന്താ ഇവിടെ രാത്രി ഇത്ര സെക്യൂരിറ്റിയോ ? നോക്കിയപ്പോൾ അടുത്ത് പോലീസ് സ്റ്റേഷൻ. ഓഹോ അപ്പൊ അതുകൊണ്ടാവും.


ഒരു തമിഴ് ഗാങ് സൺറൈസ് പോയിന്റിലേക്ക് പോകുന്നുണ്ട്.ഞാൻ അവരുടെ പുറകെ നടന്നു.വഴിയിലെല്ലാം പോലീസ്.പക്ഷേ ഞങ്ങളോട് ഒന്നും ചോദിക്കുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ പോലീസ് ഞങ്ങളെ തടഞ്ഞു. രാഷ്ട്രപതി വരുന്നുണ്ട് അതുകൊണ്ട് ഇന്ന് സൺ റൈസ് പോയിന്റിലേക് പ്രേവേശനമില്ല.ഒരു മണി വരെ ബോട്ടിങ്ങും ഇല്ല. 


Okay!

അപ്പോ മേഘം വന്നു സൺറൈസ് മുടങ്ങുമെന്ന്  കരുതി വന്നപ്പോ അങ്ങ് ഡൽഹിയിൽ നിന്ന് രാഷ്ട്രപതി ദ്രൗപതി മുർമു വന്നു പണി തന്നല്ലോ .


ഒരു അണ്ണൻ കോവളം ബീച്ചിലേക്ക് പോയി അവിടെ നിന്ന് കാണു എന്ന് പറഞ്ഞു. പക്ഷെ അത് മറുവശത്താണ്. ആ ചെക്കന്മാർ അങ്ങോട്ട് നടന്നു. അവിടെ നിന്നാൽ രസമുണ്ടാവില്ലെന്ന് ഉറപ്പാണ്.


കുറച്ചു പേര് ഒരു അമ്പലത്തിലേക്ക് പോകുന്നുണ്ട്. ഞാൻ ആ കൂട്ടത്തിൽ കൂടി. അമ്പലം കഴിഞ്ഞു സൺറൈസ് കാണാൻ പറ്റിയ സ്ഥലമുണ്ട്. അവിടെല്ലാം ആൾകാർ വെയ്റ്റിംഗ് ആണ്. സമയം നാലര ആയിട്ടേ ഉള്ളു. ഞാൻ അവിടെ ഒരു സ്ഥലം പിടിച്ചു ഇരുന്നു. ഇനി ഇവിടെ നിന്ന് പോലീസ് ഞങ്ങളെ ഒഴിപ്പിക്കുവോ എന്ന പേടിയുമുണ്ട്.


                                          



നോർത്ത് ഇന്ത്യൻസാണ് കൂടുതലുമെന്നു തോന്നുന്നു. 


‘അത് ആരുടെ പ്രതിമയാണ് ? “


“തമിഴിലെ ഏതെങ്കിലും പണ്ടിറ്റിന്റെയാവും , എല്ലാടത്തും പണ്ഡിറ്റുകൾ ഉണ്ടാവുമല്ലോ അങ്ങനെ ഒരാളുടെ ആവും “


ഒരു നോർത്ത് ഇന്ത്യൻ ചേട്ടൻ ആളുടെ ഭാര്യയോട് പറയുന്നതാണ് അത്. തിരുവള്ളുരുടെ പ്രതിമയാണ് ഇവർ ഉദ്ദേശിക്കുന്നത്.


അമൃത ശ്രീ കാനഡയിൽ നിന്നും വിളിച്ചു. 


“എബി സൺറൈസ് ടൈംലാപ്സ് എടുക്കു “


“ഫോൺ അനങ്ങാതെ വയ്ക്കാൻ സ്ഥലമില്ല “


“എബി , കഴിവ് പുറത്തെടുക്ക് “


“ കഴിവല്ല ഞാൻ വേണേൽ ഒരു ഫോൺ പുറത്തെടുക്കാം “


ഒരു ഫോൺ എടുത്തു അതൊരു കയ്യിൽ അനങ്ങാതെ ഏഴുമണി വരെ ഞാൻ പിടിച്ചു ഇരുന്നു.

വിവേകാനന്ദ പാറയിലും തിരുവള്ളൂർ പാറയിലും വെട്ടമുണ്ട്. രാത്രി കാണാൻ നല്ല രസമുണ്ട്. 

ഉറക്കം വരുന്നുണ്ട്. ഒരു കാപ്പി കുടിക്കാം എന്ന് കരുതിയപ്പോൾ എന്റെ കൈയിൽ പൈസയില്ല. ഉള്ളത് അഞ്ഞൂറ് രൂപയാണ്. കാപ്പി കൊണ്ട് വരുന്ന അണ്ണനോട് എങ്ങനെ അഞ്ഞൂറ് കൊടുക്കും.? ബാഗ് മൊത്തം തപ്പി പതിനേഴു രൂപ കിട്ടി. അതുവച്ചൊരു കാപ്പി വാങ്ങി. സൈക്കോ സനിക നാട്ടിൽ നിന്നും കൊണ്ടുവന്നു തന്ന ചക്ക വറുത്തതും എടുത്തു ഞാൻ കഴിച്ചു.

                                                 

എന്റെ അടുത്തിരിക്കുന്നവർ ഛത്തീസ്ഗട്ടിൽ നിന്നുള്ളവരാണ്.നേരം വെളുക്കുന്തോറും ആൾ കൂടുന്നുണ്ട്.


കുറെ നാളായി വെറുതെ തമിഴ്‌നാടിലൂടെ ബസിൽ യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. അങ്ങനെയാണ് ഈ യാത്രയുടെ പ്ലാനിങ് തുടങ്ങുന്നത്. തിരുവനന്തപുരത്തുന്നു നിന്നു കന്യാകുമാരി വന്ന് സൺ റൈസ് കാണുന്നു. എന്നിട്ട് ബസ് കയറി തിരുനൽവേലി ഇറങ്ങുന്നു.അവിടെ നിന്ന് ലഞ്ച് കഴിക്കുന്നു.പിന്നെ മധുരയ്ക്ക് ചെന്ന് അവിടെ ഒരു ദിവസം മുഴുവൻ ഓടി നടന്നു ഭക്ഷണം കഴിക്കുന്നു. അതും കഴിഞ്ഞു പളനി പോയി ‘നൻപകൽ നേരത്തു മയക്കം’ സിനിമ ഷൂട്ട് ചെയ്ത സ്ഥലത്തു പോണം. പിന്നെ  അവിടെ നിന്ന് അമൃത എക്സ്പ്രസ് ട്രെയിനിൽ കയറി തിരുവനന്തപുരത്തേക്ക് മടക്കം. ഇതാണ് പ്ലാൻ. 









രാത്രി ജെസ് തമ്പാനൂർ കൊണ്ടുവിട്ടു. നല്ല വിശപ്പുണ്ട്. ഒരു ഓംലെറ്റും കട്ടൻ ചായയും കുടിച്ചു നാഗർകോവിൽ ബസ് നോക്കി ഇരുന്നു. തമിഴ്നാട് ബസിൽ പോകണമെന്നായിരുന്നു ആഗ്രഹം.ബസ് വന്നത് നമ്മുടെ ksrtc ആണ്.


“ചേട്ടാ ഒരു നാഗർകോവിൽ “


“വടസേരി അല്ലേ ? “

“നാഗർകോവിൽ ബസ് സ്റ്റാൻഡ് “


(വടശേരി എന്താ എന്നെനിക്കു മനസിലായില്ല)

ടിക്കറ്റ് എടുത്തു കുറച്ചു നേരം പാട്ടൊക്കെ കേട്ടിരുന്നു. ഒന്ന് ഉറങ്ങി വന്നപ്പോഴേക്കും സ്ഥലമെത്തി. 

ബസ് സ്റ്റാൻഡിന്റെ പേരാണ് വടശേരി . ഓഹോ അപ്പോ അതാണ് കണ്ടക്ടർ അങ്ങനെ ചോദിച്ചത് 

നല്ല വിശാലമായ ബസ് സ്റ്റാൻഡ്.  ഒരു അഞ്ചാറ് കൊല്ലം മുൻപ് കന്യാകുമാരി പോയിട്ട് വന്നപ്പോൾ ഇവിടെ ഇറങ്ങിയിരുന്നു. പക്ഷേ ഉടനെ ബസ് കയറി പോയതുകൊണ്ട് ശെരിക്കു കണ്ടില്ല.




തളളി മാറിക്കുവാണ് കിളവൻസ് 

കന്യാകുമാരി ബസ് എവിടെ വരുമെന്ന് ഒരു അണ്ണനോട് ചോദിച്ചു ഞാൻ ഒരു മൂലയിലേക് നടന്നു. കന്യാകുമാരി എന്ന് മാത്രം ഇംഗീഷിൽ എഴുതിയിട്ടുണ്ട്. ബാക്കിയെല്ലാം തമിഴിൽ തന്നെയാണ് എഴുതിയിരിക്കുന്നത്.|

രണ്ടു കിളവന്മാർ ഈ രാത്രിയിലും നല്ല കത്തി അടിക്കുന്നുണ്ട്. അതും കേട്ട് ഞാൻ അവിടെ ഇരുന്നു. കൊതുകിന്റെ ആക്രമണം ശക്തമാണ്. ഞാൻ കയ്യും കാലും ആട്ടി കൊതുകിനെ ഓടിച്ചു. 


ഇതാണോ ഈ “ആട്ടിയോടിക്കൽ” ?  


കിളവന്മാർ ഒരു ബസിൽ കയറി പോയി.

കുറച്ചു കഴിഞ്ഞപ്പോൾ ഒരു കന്യാകുമാരി ബസ് വന്നു. ഇവിടെ നിന്നും വല്യ ദൂരമില്ല. അതുകൊണ്ട് ഉറങ്ങാൻ നേരമില്ല.എന്റെ സീറ്റിന്റെ പുറകിൽ ഇരുന്നു ഒരു അണ്ണൻ എന്തോ സീരിയൽ കാണുന്നു. ഇങ്ങേർക്കൊരു ഹെഡ്സെറ്റ് വച്ചൂടേ ? 


ഒരു ഫോണിന് ഇത്ര സൗണ്ട് ഒക്കെ ഉണ്ടോ ? ആളുടെ ലുക്ക് കണ്ടു പേടിച്ചു ഞാനൊന്നും ചോദിക്കാൻ പോയില്ല.

കുറെ നേരം കഴിഞ്ഞപ്പോൾ അങ്ങേര് നിർത്തി. അപ്പോ ബസിൽ പാട്ടു വച്ചു.


കൊള്ളാം !


ഈ ബസിൽ ഒരു തമിഴ് പയ്യന്സിന്റെ ഗാങ് ഉണ്ട്. അവരെയാണ് ഞാൻ പിന്തുടർന്നത്.

ആറുമണി ആവാറായപ്പോൾ  സൂര്യൻ ചെറുതായി പൊങ്ങി വരുന്നുണ്ട്. അപ്പൊ ഇന്ന് എന്തായാലും സൂര്യോദയം കാണാം .എനിക്കിത്ര ഭാഗ്യം ഇല്ലല്ലോ ? ഇന്നെന്തുപറ്റി ?


ഇനി കൃത്യം സമയമാകുമ്പോൾ പോലീസ് വന്നു ഒഴിപ്പിക്കുവോ ? ഞാൻ ആയതുകൊണ്ട് അങ്ങനെയൊരു സാധ്യതയും തള്ളി കളയുന്നില്ല.വിവേകാനന്ദ പാറയിലേക്ക് രണ്ടു ബോട്ട് നിറയെ പോലീസ് പോകുന്നുണ്ട്.



സെൽഫി സ്റ്റിക് വില്പനയ്ക്ക് ആളുണ്ട്. “ഇതൊക്കെ ഇപ്പോഴും ഉപയോഗിക്കുന്നവരുണ്ടോ ?”

പണ്ട് കന്യാകുമാരി വന്നപ്പോൾ സൂര്യാസ്തമയം ആയിരുന്നു കണ്ടത്.അത് അത്ര രസമുണ്ടായിരുന്നില്ല. ഇന്നത്തെ സൂര്യോദയം എന്തായാലും കൊള്ളാം.ഉത്തരാഖണ്ഡിലെ ചന്ദ്രശിലയിൽ വച്ച് കണ്ടതാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സൺറൈസ്.അത് കഴിഞ്ഞാൽ ഇതാണ്. ഇടയ്ക്കു ഞാൻ ചെന്നൈ സിസ്റ്റേഴ്സിന്റെ സുപ്രഭാതം ഹെഡ്സെറ്റ് വച്ചു കേട്ടു.


ആഹാ എന്താ ഫീൽ  

         





         


         


ഏതാണ്ട് ആറര കഴിഞ്ഞപ്പോൾ സൂര്യോദയം പൂർത്തിയായി. ആൾകാരെല്ലാം പോയി തുടങ്ങി. പോലീസ് വന്നു എല്ലാരേയും ഒഴിപ്പിച്ചു. ഇതിന്റെ ഇടയിൽ ഞാൻ ഒരു മൂന്നാലു ഫാമിലിയ്ക്ക് ഫോട്ടോ എടുത്തു കൊടുത്തു. ഒരു അണ്ണനെകൊണ്ട് ഞാനും ഒരു ഫോട്ടോ എടുത്തു. 


                                           

എന്തായാലും നല്ലൊരു സൂര്യോദയം കണ്ടു. സന്തോഷമായി. ഇനി എന്തെങ്കിലും കഴിക്കണം എന്നിട്ട് തിരുനൽവേലിക്ക് പോകണം. 


രാഷ്ട്രപതിയുടെ സന്ദർശനം ഉള്ളതുകൊണ്ട് ഒരുമണി വരെ എല്ലാം അടവാണ്. ഞാൻ ഗൂഗിൾ മാപ് നോക്കി പല ഹോട്ടലിൽ പോയെങ്കിലും എല്ലാം അടവായിരുന്നു. എല്ലാടത്തും പോലീസ് ആണ്. ഞാൻ ഇങ്ങനെ ഓരോ വഴിയും അലഞ്ഞു തിരിയുന്നത് ആരെങ്കിലും ശ്രദ്ധിച്ചാൽ എന്നെ പോലീസ് ചോദ്യം ചെയ്യാൻ നല്ല സാധ്യതയുണ്ട്. ഇന്നലെ രാഷ്‌ട്രപതി തിരുവനന്തപുരത്തായിരുന്നു.ഇന്ന് ഇവിടെ. ഞാനും അതുപോലെ അവിടെ നിന്ന് ഇവിടെ വന്നു അലഞ്ഞു തിരിഞ്ഞു നടക്കുന്നു.


അവസാനം ഒരു ഹോട്ടൽ കണ്ടു.ദോശയും കഴിച്ചു ഇറങ്ങിയപ്പോൾ അവിടത്തെ അണ്ണനോട് ‘വട്ടയ് കോട്ട’ പോകുന്ന വഴി ചോദിച്ചു. ബസ് ഉണ്ടാവില്ല, ഓട്ടോയിൽ പോകണമെന്ന് പറഞ്ഞു. അത് എന്തായാലും നല്ല പൈസ ആവും.അതുകൊണ്ട് അത് വേണ്ട എന്ന് തീരുമാനിച്ചു.


ബസ് സ്റ്റാൻഡിലേക്ക് നടന്നു. വഴിയിലൊരു ksrtc 


“ചേട്ടാ സ്റ്റാൻഡിലേക്ക് പോകുവോ “

“പോകും പക്ഷേ ടിക്കറ്റ് എടുക്കണം “


(പിന്നെ വെറുതെ പോകാൻ പറ്റുവോ ? )

“ഓ എടുക്കാം എന്നും പറഞ്ഞു ഞാൻ കയറാൻ തുടമ്പോഴാണ് ഞാൻ അതോർത്തത് . എന്റെ കയ്യിൽ ആകെ അഞ്ഞൂറ് രൂപ നോട്ട് മാത്രം ഉള്ളൂ . അത് എടുത്തു കൊടുത്താൽ കണ്ടക്ടർ ചീത്ത പറയും. 


ബസിൽ കയറാതെ ഞാൻ ATM തപ്പി നടന്നു.ഒരു atm ൽ കയറിയപ്പോൾ അവിടെ നൂറു രൂപ ഇല്ല. വേറൊരിടത്തു നിന്ന് നൂറു രൂപ കിട്ടി. ബസ് കയറി ബസ് സ്റ്റാന്റിലെത്തി.

വീണ്ടും ksrtc ബസിൽ തന്നെ കയറേണ്ടി വന്നു. ഇത്തവണ ‘വടശേരിക്ക്’ തന്നെ ടിക്കെറ്റെടുത്തു.


ഇത്തവണ യാത്ര പോകുന്നത് മുഴുവൻ ഇൻസ്റ്റാഗ്രാമിൽ സ്റ്റാറ്റസ് ഇട്ടു വെറുപ്പിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു.അതുകൊണ്ട് ടിക്കറ്റ്, സൂര്യോദയം ഇതെല്ലം സ്റ്റാറ്റസ് ഇട്ടു. 


പൃഥ്വി അരുണിന് (അവന്റെ നാട് നാഗർകോവിൽ ആണ് ) ഫോട്ടോ അയച്ചപ്പോൾ അവൻ ഇരുന്നു തള്ളാൻ തുടങ്ങി. ഇതാണ് ലോകത്തിലെ ഏറ്റവും നല്ല സൂര്യോദയം,.ബ്ലാഹ് ബ്ലാഹ് ബ്ലാഹ് .. ഏതു ട്രെക്കിങ്ങിനെ പറ്റി പറഞ്ഞാലും നാഗർകോവിലിലെ ട്രെക്കിങ്ങ് ആണ് best എന്നും പറഞ്ഞു ഞങ്ങളെ വെറുപ്പിക്കുന്ന ആളാണ് അവൻ.ഇതിപ്പോ സൂര്യോദയം തള്ള് !!


എനിക്ക് തമിഴിലെ അത്യാവശ്യം അക്ഷരങ്ങൾ അറിയാം അതുകൊണ്ട് സ്ഥലപ്പേര് കുറച്ചൊക്കെ വായിച്ചെടുക്കാം. തിരുനൽവേലിക്ക്ക് ബെപാസ് റൈഡർ ബസ്, പ്രൈവറ്റ് ബസ് ഒക്കെയാണ് കിടക്കുന്നത്. എനിക്ക് സാധാ ഓർഡിനറിയ്ക്ക് പോകാൻ ആണ് പ്ലാൻ. അതും നോക്കി ഞാൻ അവിടെ ചുറ്റിപറ്റി നിന്നു . ഇടയ്ക്കൊരു അക്ക atm ൽ നിന്ന് പൈസ എടുത്തു കൊടുക്കാമോ എന്ന് ചോദിച്ചു.അതെടുത്തു കൊടുത്തു വന്നപ്പോൾ ഒരു ബസ് കണ്ടു. 






തിരുനൽവേലിയ്ക്ക് പോകുന്ന വഴി കാറ്റാടി പാടങ്ങൾ കാണാം .പ്രീതി മെസ്സേജ് അയച്ചു വെറുപ്പിക്കുവാണ് . “ഡ്രൈവറോട് പാട്ടു ഇടാൻ പറയ്. പോകുന്ന വഴി വ്യൂ നല്ലതാണു………”


ഇടയ്ക്ക് എന്റെ മുന്നിൽ ഇരുന്ന ദമ്പതികൾ മുഖം കഴുകി എന്റെ ദേഹത്തു വെള്ളം തെറിച്ചു. ഞാൻ സീറ്റ് മാറി ഇരുന്നു. ഇനി അവർ സൗകര്യമായിട്ട് മുഖം കഴുകട്ടെ.

  
                                               





പതിനൊന്ന് ആയപ്പോഴേക്കും തിരുനൽവേലി എത്തി. ഇവിടെ നിന്നൊരു ബിരിയാണി കഴിക്കാനാണ് പ്ലാൻ. പ്രിഥ്വിയോട് ചോദിച്ചപ്പോൾ മേലപ്പാളയം  ബിരിയാണി കഴിക്കാനാണ് പറഞ്ഞത്. ഞാനൊരു കാപ്പി കുടിക്കാൻ കയറി. അവിടത്തെ അണ്ണനോട് ചോദിച്ചപ്പോൾ ദിണ്ടുങ്കൽ തലപ്പാകെട്ടി ബിരിയാണി കൊള്ളാമെന്ന് പറഞ്ഞു. അത് തിരുവനന്തപുരത്തു നിന്ന് കഴിച്ചതാണ്. പൃഥ്വി അയച്ചു തന്ന കടയിൽ തന്നെ മേലപ്പാളയം ബിരിയാണി കിട്ടുമെന്ന് ആ അണ്ണനും പറഞ്ഞു. ബസ് സ്റ്റാൻഡ് വളരെ വലുതാണ്. തമിഴ്‍നാട്ടിലെ ബസ് സ്റ്റാൻഡുകൾ എല്ലാം ഇത്ര വലുതാണല്ലേ ? എല്ലാ കടയിലും തിരുനൽവേലി ഹൽവ വിൽക്കാൻ വച്ചിട്ടുണ്ട്.


ഇതിന്റെ ഇടയിൽ പ്രിത്വി വിളിച്ചു.


“ഡേയ് തിരുനൽവേലി ഹൽവ ട്രൈ  പണ്ണ്., ഇരുട്ട് കടയ്ൽ താ സെമ്മയാ കിടക്കും 


ഇരുട്ട് ന്നാ ഇരുട്ട്, കടയ് നാ കട .”


“മലയാളത്തിലും അങ്ങനെ ആണ് , പോടാ ചെക്കാ “


പക്ഷേ അവിടെ വൈകുന്നേരമേ തുറക്കൂ . അത്രയും നേരം ഞാൻ ഇവിടെ ഉണ്ടാവില്ല. ഓട്ടോ പിടിച്ചു ഞാൻ NSK ബിരിയാണി കടയിൽ ചെന്നു. 


         

മേലപാളയം ബിരിയാണി 


ബിരിയാണി നല്ലതായിരുന്നു. അതിന്റെ കൂടെ അവർ തിരുനൽവേലി ഹൽവ തന്നു. പൊതുവെ മധുരം അത്ര ഇഷ്ടം അല്ലാത്ത ഞാൻ വെറുതെ ടേസ്റ്റ് ചെയ്തു നോക്കിയതാണ്.. സംഭവം കൊള്ളാം. പോകുമ്പോൾ ഇത് വാങ്ങിക്കൊണ്ട് പോകാം.


തിരികെ ബസ് സ്റ്റാൻഡിലേക്ക് ഷെയർ ഓട്ടോയിലാണ് വന്നത്. അവർ എന്നെ വേറെ ഏതോ ബസ് സ്റ്റാൻഡിലാണ് വിട്ടത്. 

  
ഷെയർ ഓട്ടോ 

ഒരു ചെറിയ പെൺകുട്ടി വന്നു 


“വീട്ടിലേക്ക് ഫോൺ വിളിക്കണം ഫോൺ തരൂ “ എന്ന് പറഞ്ഞു. 


'തരാമോ' എന്നല്ല , എന്തോ ആൾടെ ഫോൺ എന്റെ കൈയിൽ ഉള്ളപോലെ ആണ് ചോദ്യം.

ഫോൺ കൊടുത്തു. അമ്മയെ ആണ് ഫോൺ വിളിക്കുന്നത്. കേട്ടിട്ടു 'അമ്മ വന്നാലേ ആൾ സ്‌കൂളിൽ കയറും എന്ന് തോന്നുന്നു .അപ്പൊ എന്തോ ഒപ്പിച്ചു വച്ചിട്ടുണ്ട്.


രാവിലെ ഒരു ചേച്ചിക്ക് പൈസ എടുത്തു കൊടുത്തു, ഇപ്പോ ഈ കൊച്ചിന് ഫോൺ കൊടുത്തു.ഞാൻ തമിഴ്നാട്ടുകാർക്ക് ഹെല്പ് ചെയ്യാൻ വന്നതാണോ ?



അവിടെ നിന്ന് വേറൊരു ബസ് കയറി മെയിൻ ബസ് സ്റ്റാന്റിലെത്തി. 


അവിടെ ദാ ‘India ATM’.ഇതേതു ബാങ്ക് ? ബാങ്ക് അല്ല, ATM  സർവീസ് പ്രൊവൈഡർ ആവും. രാവിലെ ഒരു ചേച്ചിക്ക് പൈസ എടുത്ത atm ഉം ഇന്ത്യ atm ആയിരുന്നു.

   

  

മധുരയ്ക്ക് ബസ് കയറി. ഞാൻ ഇരുന്ന സീറ്റിന്റെ വിൻഡോ ഗ്ലാസ് ആണ്. കാറ്റ് കയറാൻ വേണ്ടി കുറച്ചൊന്ന് അഡ്ജസ്റ്റ് ചെയ്തപ്പോ മുന്നിൽ ഇരുന്ന കിളവി എന്റെ സൈഡിലേക്ക് ഗ്ലാസ് നീക്കി. എനിക്ക് കാറ്റു കയറാൻ ഒരു ഇഞ്ചു സ്ഥലമില്ല. കിളവിക്ക് മുന്നിൽ ഗ്ലാസ് തുറന്നു കിടപ്പുണ്ട് അത് പോരാഞ്ഞിട്ടാണ് എന്റെ ഗ്ളാസ്സും നീക്കണം. 



മുന്നിൽ നിന്ന് കാറ്റു വരുമല്ലോ എന്നൊക്കെ ഞാൻ പറഞ്ഞു നോക്കിയെങ്കിലും ആള് സമ്മതിച്ചില്ല. എനിക്ക് പുറകിൽ നിന്ന് കാറ്റും വരുമെന്നാണ് കിളവി പറയുന്നത്.


ഞാൻ സുല്ലിട്ടു. 


മാസ്ക് വച്ചിട്ടുണ്ട് കിളവി. എന്നാൽ മൂക്കിന് താഴെയാണ് വച്ചിരിക്കുന്നത്.

അങ്ങനെ കുറെയെണ്ണം ഇപ്പോഴുമുണ്ട്. കൊറോണ പോയെങ്കിലും ചിലർ ഇപ്പോഴും മാസ്ക് വയ്ക്കും . നല്ലതു തന്നെ. എന്ന മൂക്ക് മൂടാതെ വാ മൂടിയിട്ട് എന്താ കാര്യം ? ഇതാരെ കാണിക്കാൻ ആണ് ?


കിളവി യൂട്യൂബ് ൽ എന്തോ കാണാൻ തുടങ്ങി. മൊത്തത്തിൽ നല്ല ശല്യം !!! 


കുറച്ചു കഴിഞ്ഞപ്പോ ആൾ എണീറ്റു . 


ഓഫോ ഈ രണ്ടു സ്റ്റോപ്പ് പോകാൻ ആണോ അമ്മാതിരി ബിൾഡ് അപ്പ് ?


അല്ല കിളവി ഇറങ്ങുവല്ല , എന്നോട് കലിപ്പിട്ട് സീറ്റ് മാറിയിരുന്നതാണ്. എന്നെ ഒരു കലിപ്പ് നോട്ടം നോക്കി. 


ഒരു ചേട്ടൻ വന്നു വെള്ളം ചോദിച്ചു. ആൾ നല്ല ‘തണ്ണിയാണ്’. വെള്ളമടിച്ച ചേട്ടന് എന്തിനാ വെള്ളം ? ഞാൻ കൊടുത്തില്ല.


കുറച്ചു കഴിഞ്ഞപ്പോൾ എല്ലാരും ഉറങ്ങി തുടങ്ങി. ബസ് സ്ലീപ് മൂഡിലായി. ബിരിയാണി വയറു നിറയെ കഴിച്ചിട്ട് കയറിയതല്ലേ, പോരാത്തതിന് ഞാൻ ഇന്നലെ ഉറങ്ങിയിട്ടുമില്ല.ഞാനും ഉറങ്ങി. 


                                             

മധുരയിൽ എത്തി. ഗൂഗിൾ മാപ് നോക്കിയപ്പോൾ അമ്പലത്തിനു അടുത്തുള്ള ബസ് സ്റ്റാൻഡ് അല്ല ഇത് .കുറച്ചങ്ങു മാറിയാണ്. പുറത്തിറങ്ങി വഴി ചോദിച്ചത് ഓട്ടോ ഡ്രൈവേഴ്‌സിനോട് ആണ്. അങ്ങോട്ട് ബസ് ഇല്ല, ഓട്ടോയിൽ പോകാം, ഇരുന്നൂറ് രൂപയെ ഉള്ളു എന്ന് !! 


പിന്നെ മധുരയിൽ വന്നിട്ട് അമ്പലത്തിലേക്ക് ബസ് ഇല്ലാതെ ഇരിക്കുമോ ?


വേണ്ട ചേട്ടാ എന്നും പറഞ്ഞു ഞാൻ ബസ് അന്വേഷിച്ചു കണ്ടു പിടിച്ചു ബസിൽ കയറി. ഏതോ ഒരു സ്റ്റോപ്പ് എത്തിയപ്പോ കണ്ടക്ടർ ഇറങ്ങാൻ പറഞ്ഞു. ഞങ്ങൾ പണ്ട് മധുര വന്നപ്പോ താമസിച്ച ഹോട്ടലിലേക്കു പോകാമെങ്കിൽ ഇനിയും കുറച്ചു ദൂരമുണ്ട്. ഞാൻ ഗൂഗിൾ മാപ്പിട്ട് നടന്നു . പോകുന്ന വഴി മധുര മാർക്കറ്റിലൂടെയാണ് പോകുന്ന വഴി ജിഗർത്തണ്ട ഷോപ് ഉം ഞാൻ നോക്കി വച്ചിട്ടുണ്ട്. 





ജിഗർത്തണ്ട മധുരൈ സ്പെഷ്യൽ ആണ്. ‘ഫേമസ് ജിഗർത്തണ്ട’ എന്ന ഷോപ് ആണ് ഏറ്റവും ഫേമസ്. അവിടെ പോയി ഒരെണ്ണം കുടിച്ചു. എന്താ ടേസ്റ്റ്. നാളെ ഇനിയും കുടിക്കണം.


ജിഗർത്തണ്ട കുടിച്ചു, പെരിയാർ ബസ് സ്റ്റാൻഡിലേക്ക് ബസ് കയറി. ഈ ബസിൽ മെട്രോയിൽ ഉള്ളതുപോലെ ഓരോ ബസ് സ്റ്റോപ്പ് ഉം അന്നൗൻസ് ചെയുന്നുണ്ട്.ഒരിടത്തു  ഇറങ്ങി ഞാൻ റൂമിലേക്ക് നടന്നു. പണ്ട് ഞാനും അമൃതും മുത്തും തടിയനും വന്നപ്പോ താമസിച്ച അതേ ഹോട്ടൽ ആണ്.


                                                

                                                

ഒരു രണ്ടു മണിക്കൂർ കിടന്നുറങ്ങി. ഒരു ഏഴു മണി കഴിഞ്ഞപ്പോൾ പുറത്തിറങ്ങി. ഞങ്ങൾ പണ്ട് കൊത്തു പൊറോട്ട കഴിച്ച കടയിൽ പോയി bun പൊറോട്ടയും, ചിക്കൻ ചുക്കയും കഴിക്കണം. ഒല ബൈക്കിൽ സ്ഥലത്തെത്തി.


‘രണ്ടു ബൺ പൊറോട്ട, ഒരു ചിക്കൻ ചുക്കാ, ഒരു ചിക്കൻ കറി ദോശ’




ബൺ പൊറോട്ട 

ചിക്കൻ ചുക്ക 

ചിക്കൻ കറി ദോശ 


ഇതെല്ലം കഴിച്ചു വയർ നിറഞ്ഞു. മധുരൈ തമിഴ്‌നാടിന്റെ ഫുഡ് ക്യാപിറ്റൽ എന്ന് പറയാം. ഒന്നു രണ്ടു ദിവസം കഴിക്കാറുള്ളത് ഇവിടെയുണ്ട്. ഇനിയും വരണം.


അവിടെ നിന്നിറങ്ങി തിരികെ പെരിയാർ ബസ് സ്റ്റാണ്ടിലേക് ബസ് നോക്കി നടന്നു. ഇടയ്ക്കൊരു പയ്യനും പെൺകുട്ടിയും നിക്കുന്ന കണ്ടു. അവരോട് ചോദിച്ചപ്പോൾ ബസ് വരും എന്ന് പറഞ്ഞു. കുറെ നിന്നിട്ടും ബസ് വന്നില്ല. ഓല നോക്കിയപ്പോൾ ആരും വരാൻ റെഡി അല്ല, വേറൊരു അണ്ണനോട് ചോദിച്ചപ്പോൾ കുറച്ചൂടെ മുന്നോട്ട് പോയി നിന്നാൽ ഷെയർ ഓട്ടോ കിട്ടുമെന്ന് പറഞ്ഞു. ഞാൻ നടന്നു നടന്നു അവിടെയെത്തി.


ആദ്യം കണ്ട പെൺകുട്ടി അവിടെ നിക്കുന്നു.


ഇനി ഞാൻ അവരെ പിന്തുടർന്നു എന്നൊക്കെ അവർക്കു തോന്നുവോ? അവരെ എന്നെ നോക്കിയപ്പോൾ : 


“ഒരു അണ്ണൻ പറഞ്ഞു ഇവിടെ വന്നു നിക്കാൻ അങ്ങനെ വന്നതാ എന്ന് ഞാൻ പറഞ്ഞു ഒപ്പിച്ചു “


അവരും അങ്ങനെ വന്നതത്രെ.


ആൾടെ പേര് കാഞ്ചന. പാതി മലയാളി ആണ്. കുമളി ആണ് സ്വദേശം 


അപ്പൊ എന്റെ ജില്ലക്കാരിയാണ്. ഇപ്പോ അവർ തേനിയിലാണ് settled. ആൾ നേഴ്സ് ആണ്. മധുരയിൽ ജോലി ചെയുന്നു. ആളും ഫ്രണ്ട് ഉം പളനി പോയി വന്നതാണ്.കാഞ്ചന കല്യാണം കഴിക്കാൻ പോകുന്നയാളാണ് അത്.


കുറെ നേരം നിന്നിട്ടും ബസ് / ഷെയർ ഓട്ടോ വരുന്നില്ല, സമയം പതിനൊന്ന് ആവുന്നു. ഓല ഓട്ടോ വിളിച്ചാൽ ഒരുമിച്ചു പോകാം. രണ്ടാൾക്കും പെരിയാർ ബസ് സ്റ്റാൻഡിലാണ് പോകേണ്ടത്. കാഞ്ചനയും ഓട്ടോ വിളിക്കാമെന്ന് പറഞ്ഞു. ഞാൻ ബുക്ക് ചെയ്യാൻ നോക്കിയപ്പോഴേക്കും ഷെയർ ഓട്ടോ വന്നു.


കാഞ്ചനയ്ക്ക് മലയാളം നല്ലപോലെ അറിയാം. ഞങ്ങൾ കുറെ സംസാരിച്ചു.


OET വല്ലോം എഴുതി പുറത്തു പൊയ്ക്കൂടേ എന്ന് ഞാൻ ചോദിച്ചു. ആൾക്ക് അത് അത്ര ഐഡിയ ഇല്ലെന്ന് തോന്നുന്നു . എന്റെ ചേച്ചിമാർ നഴ്സ് ആണെന്നും അവർ അങ്ങനെയാണ് പുറത്തു പോയതെന്നും പറഞ്ഞപ്പോൾ ആൾക്കും ഏതാണ്ടൊക്കെ മനസിലായി. ആൾ എന്റെ നമ്പർ ഒക്കെ വാങ്ങി.ഒരു ഫോട്ടോ എടുത്തെങ്കിലും ഓട്ടോയിലെ കുലുക്കം കാരണം ശെരിക്കു കിട്ടിയില്ല.






ബസ് സ്റ്റാന്റിലെത്തി ഒരു ജിഗർത്തണ്ട കുടിക്കാൻ നോക്കിയപ്പോ കട അടച്ചു. എനിക്ക് ചെറിയ ജലദോഷമൊക്കെ ഉണ്ട്. അതുകൊണ്ട് ഈ യാത്ര നടക്കുമോ എന്നുറപ്പില്ലായിരുന്നു.എങ്കിലും വല്യ കുഴപ്പമില്ലാത്തതുകൊണ്ട് ഇറങ്ങിയതാണ്. ജിഗർതണ്ട കുടിക്കുമ്പോ ജലദോഷമൊന്നും നോക്കാറില്ല.


റൂമിലെത്തിയതും ഞാൻ ഉറങ്ങി. നല്ല ക്ഷീണമുണ്ട്.ഒരു പാരസെറ്റമോളും കഴിച്ചു.ഡോളോ കഴിച്ചു സോളോ പോയി വരാമെന്നും പറഞ്ഞാണ് ഞാൻ ഈ യാത്രയ്ക്ക്ടു ഇറങ്ങിയത്. അടുത്ത ദിവസം എന്തായാലും ഉറങ്ങില്ല. അതുകൊണ്ട് ഇന്ന് നല്ലപോലെ ഉറങ്ങണം. അമ്പലം ഒൻപതു മണിക്കേ തുറക്കു. അതുകൊണ്ട് പയ്യെ എണീറ്റാൽ മതി.


രണ്ടാം ഭാഗം ഇവിടെ വായിക്കാം : click here 






No comments

Powered by Blogger.