Backpacking Bliss in Tamil Nadu | Day 02 | Madurai

 


ഒന്നാം ഭാഗം ഇവിടെ വായിക്കാം : click here 


രാവിലെ എണീറ്റു വന്നപ്പോൾ എട്ടുമണിയായി. രാവിലെ വിശാലം കോഫി കുടിച്ചു ഗോപു അയ്യങ്കാറിൽ നിന്നും ബ്രേക്ഫാസ്റ് കഴിക്കാൻ ആയിരുന്നു പ്ലാൻ. പക്ഷേ മാപ് നോക്കിയപ്പോൾ മുരുഗൻ ഇഡ്‌ഡലി തൊട്ടടുത്താണ് എന്ന് മനസിലായി. എന്നാ അവിടുന്നാവാം ബ്രേക്ഫാസ്റ്റ്. എന്നിട്ട് അമ്പലത്തിൽ കയറണം. 


പോകുന്ന വഴി ‘ഇറാനി ചായ’ കിട്ടുന്ന കട കണ്ടു. ഹൈദരബാദ് പോയി കഴിക്കാൻ പറ്റിയില്ല. എന്നാ ഇവിടുന്ന് എങ്കിലും കുടിക്കാം. ഒരെണ്ണം കുടിച്ചു. കൊള്ളാം .

                                                  

അത് കഴിഞ്ഞു നേരെ ഇഡ്‌ഡലി കഴിക്കാൻ പോയി. അവിടത്തെ പ്രസിദ്ധമായ ‘ഗീ പൊടി ഇഡലി ‘കഴിച്ചു. ഇനി അമ്പലത്തിലേക്ക്.



                                        



സൗത്ത് ഗേറ്റ് വഴിയാണ് ഞാൻ കയറുന്നത്.ഏറ്റവും തിരക്കുള്ള ഗേറ്റ് ഉം ഇതാണെന്നു തോന്നുന്നു. മൊബൈൽ സെപ്പറേറ്റ് ലോക്കറിലാണ് വയ്ക്കേണ്ടത്. ചെരുപ്പും അകത്തേക്ക് കയറ്റില്ല. ഞായറാഴ്ച ആയതുകൊണ്ടാവണം നല്ല തിരക്ക്. 


അകത്തേക്ക് കയറിയാൽ സാധാരണക്കാരുടെ ക്യു ഉണ്ട്. പൈസ കൊടുക്കുന്നവരുടെ വേറെയും ക്യു ഉണ്ട്. അതിന്റെ ലോജിക് എന്താണെന്നു ഞാൻ ഇവിടെ വരുമ്പോഴൊക്കെ ആലോചിക്കും. എന്തിനാ ഇവിടെ അങ്ങനൊരു വേർതിരിവ് ? പിന്നെ ഭക്തി കൂടി വട്ടായവർ എന്ത് കഷ്ടപ്പാടും സഹിക്കുമല്ലോ. അതുകൊണ്ട് അവരോട് ചോദിച്ചിട്ടും കാര്യമില്ല.


അങ്ങനെ ഇപ്പോ മധുരൈ മീനാക്ഷിയെ എനിക്ക് കാണണ്ട. ഞാൻ നോക്കുന്നത് thousand pillar മണ്ഡപം ആണ്. അവിടെ പോയി കുറച്ചു നേരം meditate ചെയ്യണം. 


അവിടെ മ്യൂസിയം ആക്കി മാറ്റിയിരിക്കുകയാണ്. പത്തു രൂപ ടിക്കെറ്റെടുക്കണം. അകത്തു നല്ല ബഹളമാണ്. മെഡിറ്റേഷൻ പോയിട്ട് സ്വസ്ഥമായിട്ട് ഇരിക്കാൻ പറ്റില്ല. എങ്കിലും ഒരു മൂല കണ്ടുപിടിച്ചു അവിടെ കുറച്ചു നേരം ഇരുന്നു. പിന്നെ അമ്പലമൊക്കെ ഒന്നുടെ ചുറ്റിക്കണ്ടു പുറത്തിറങ്ങി. 


ഇത് മൂന്നാം തവണയാണ് ഇവിടെ വരുന്നത്. പണ്ട് ഞാനും അമൃതും തടിയനും കോളേജിൽ പഠിക്കുമ്പോൾ പൊള്ളാച്ചി വഴിയുള്ള പാസഞ്ചർ ട്രെയിനിൽ കയറി വന്നു. പിന്നെ ഞങ്ങൾ മൂന്ന് പേരും മുത്തും കൂടി തിരുവനന്തപുരത്തു നിന്നു വന്നു. ഇപ്പൊ ഞാൻ ഒറ്റയ്ക്ക്.

പുറത്തിറങ്ങി വിശാലം കോഫിയുള്ള സ്ഥലത്തേക്ക് പോയപ്പോൾ അവിടെ കടയില്ല. അടുത്തുള്ള ചേട്ടനോട് ചോദിച്ചപ്പോൾ അവർ അത് നിർത്തി എന്ന് പറഞ്ഞു. പുറകിൽ വേറൊരു കടയിൽ കോഫി കിട്ടുമെന്ന് പറഞ്ഞു. ആ അണ്ണൻ ഞാൻ എവിടുന്നാ എന്നൊക്കെ ചോദിച്ചു. കോട്ടയത്തു നിന്നാണോ എന്നാണ് അറിയേണ്ടത് 


അതിന്റെ കൂടെ കേരളത്തിൽ ലോട്ടറി അടിച്ചത് ആർക്കാ എന്നും ചോദിച്ചു. ഞാൻ എങ്ങനെ അറിയാനാണ് ? എനിക്കറിയില്ല എന്നും പറഞ്ഞു ഞാൻ പുറകിലെ അവർ പറഞ്ഞ കടയിൽ പോയി. എന്നാലും എന്താവും ഈ ലോട്ടറി ?


എന്നോട് എവിടുന്നാ എന്ന് ചോദിക്കുന്ന എല്ലാരോടും ഞാൻ തിരുവനന്തപുരം എന്നാണ് പറയുന്നത് . കുറേ കാലമായിട്ട് തിരുവനന്തപരം ആയതുകൊണ്ടാണോ ആവോ ? അതോ ഇപ്പൊ വരുന്നത് അവിടെ നിന്നായതുകൊണ്ടാണോ ?  തിരുവനന്തപുരം എന്ന് പറഞ്ഞു കഴിഞ്ഞാണ് അതല്ലല്ലോ എന്റെ നാട് എന്നോർക്കുന്നത്.

ആ ചേട്ടൻ പറഞ്ഞ കട കണ്ടു. പഴയ കടയാണ് പക്ഷേ വിശാലം കോഫിയല്ല അവിടത്തെ. 


അപ്പോ ആ പ്ലാൻ പാളി. 


എന്നാ ഒരു ജിഗർതണ്ടയാവാം . ഗൂഗിൾ മാപ്പിൽ 'ഫേമസ് ജിഗർത്തണ്ട' ഇട്ടു നടക്കാൻ തുടങ്ങി. നല്ല വെയിലുണ്ട്. ജിഗർത്തണ്ട കുടിച്ചു ദാഹം പോകാത്തൊണ്ടു ഒരു കുപ്പി വെള്ളം വാങ്ങി കുടിച്ചു. ഇനി പ്രേത്യേകിച്ചു പ്ലാനൊന്നുമില്ല. ഉച്ചയ്ക്ക് ഒന്നും കഴിക്കാനുള്ള വിശപ്പില്ല. ഇന്നലെ നടന്ന മാർക്കറ്റിലേക്ക് പോകണം. ഇനി നടക്കാൻ വയ്യ. ഓല സ്കൂട്ടറിൽ പോയി. 



        









മാർക്കറ്റിലൂടെ കുറെ നടന്നു കുറച്ചു ഫോട്ടോസ് എടുത്തു. ഇതിന്റെ ഇടയിൽ ഒരു ചേച്ചി ഒരു ചുമട് തലയിൽ കയറ്റാൻ സഹായം ചോദിച്ചു. ഇന്നലെ atm ,phone , ഇന്ന് ചുമട്. ഞാൻ തമിഴ്‌നാട്ടിൽ സാമൂഹ്യ സേവനത്തിനു വന്നതാണോ ?




                        

ഇന്നലെ ജിഗർത്തണ്ട കുടിച്ച സ്ഥലത്തു എത്തി ഒന്നുടെ കുടിച്ചു. പിന്നെ ബസ് കയറി പെരിയാർ ബസ് സ്റ്റാൻഡിനു മുൻപുള്ള സ്റ്റോപ്പിൽ ഇറങ്ങി റൂമിലേക്ക് നടന്നു.അഞ്ചു മണി ആകുമ്പോൾ ചെക്ക് ഔട്ട് ചെയ്യണം.അല്ലെങ്കിൽ അടുത്ത ദിവസത്തെ വാടക കൊടുക്കണം. നാലര വരെ ഞാൻ ഉറങ്ങി. കാരണം ഇന്ന് രാത്രി ഉറക്കമുണ്ടാവില്ല.

പഴനിയിലേക്ക് വല്യ ദൂരമില്ല.അതുകൊണ്ട് രാത്രി ബസിൽ ഇരുന്നും ഉറങ്ങാൻ പറ്റില്ല.


നാലരയ്ക്ക് എണീറ്റ് കുളിച്ചു. ക്രിക്കറ്റ് ഉണ്ടെന്ന് അപ്പോഴാണ് ഓർത്തത്.

ഇനി രാത്രിവരെ എന്ത് ചെയ്യുമെന്ന് ഒരു ഐഡിയ ഇല്ല. ഏതേലും കഫേയിൽ പോയൊരു കാപ്പി കുടിച്ചു സമയം കളയുമെന്ന് കരുതി നോക്കിയപ്പോൾ എല്ലാം കുറച്ചു ദൂരെയാണ്. എങ്ങനെ പോകണമെന്ന് ഒരു ഐഡിയ ഇല്ല. മധുര മാപ് എനിക്ക് ശെരിക്കു മനസിലായിട്ടില്ല. പോരാത്തതിന് മൂന്നാലു ബസ് സ്റ്റാൻഡ്. അതുകൊണ്ട് ബുദ്ധിമുട്ടാണ്. ഇതിന്റെ ഇടയ്ക്ക് കോഹ്ലി ഔട്ട് ആയി. അപ്പോ ഇനി അത് കാണണ്ട.



                                                   

ചെക്ക് ഔട്ട് ചെയ്തു ഇറങ്ങി അവിടുള്ള ഒരു ഫേമസ് കടയിൽ നിന്നും തിരുനൽവേലി ഹൽവ വാങ്ങി. പെരിയാർ ബസ് സ്റ്റാൻഡിൽ പോയി കുറെ നേരം നിന്നു . പിന്നെ അവിടന്ന് ഇറങ്ങി ഒരു പള്ളിയിൽ കേറി ഇരുന്നു. 


പള്ളിയിലേക്ക് കയറിയപ്പോൾ ഒരു ചേച്ചി 


“മോനേ  ഈ വചനം ഒന്ന് വായിക്കൂ “


അവിടെ ഒരു ബോർഡിൽ എന്തോ ഒരു വചനം തമിഴിൽ എഴുതി വച്ചിട്ടുണ്ട്.


“എനിക്ക് തമിഴ് വായിക്കാൻ അറിയില്ല “


“തമിഴ് അറിയില്ലാ എന്ന് തമിഴിൽ പറയുന്നു,അത് വായിക്കൂ “


“എനിക്ക് അറിയില്ല ചേച്ചി “


ഭാഗ്യത്തിന് ഒരു ചേട്ടൻ വന്നു അത് വായിച്ചു കൊടുത്തു. 



                                                    
                                                   


പള്ളിയുടെ അകത്തു നല്ല ചൂട്. അവിടെ അധിക നേരം ഇരുന്നില്ല. 


‘Cine സുവൈ’ എന്നൊരു ഹോട്ടൽ കണ്ടു പിടിച്ചു. 


ഓല സ്‌കൂട്ടറിൽ അങ്ങോട്ട് പോയി. 


സിനിമ എന്ന തീമിലാണ് ആ ഹോട്ടൽ. സൈഡിൽ ഒരു തീവണ്ടി ബോഗി ഉണ്ട്.



അവിടെ ഇരുന്നു ഞാനൊരു കാപ്പി കുടിച്ചു അര മണിക്കൂർ കളഞ്ഞു. തമിഴ് സിനിമയിലെ തീവണ്ടി രംഗങ്ങൾ ഒക്കെ അവിടെ വച്ചിട്ടുണ്ട്. ബില്ല് തരുന്നത് പണ്ട് റീല് സൂക്ഷിച്ചിരുന്ന ബോക്സിലാണ്.ബില് കൊടുക്കുന്ന സ്ഥലം ‘ബോക്സ് ഓഫീസ്’.




                                          





സിനിമ സീൻ കണ്ടതുകൊണ്ടാണോ എന്നറിയില്ല, രാത്രി സമയം കളയാൻ ഒരു സിനിമ കാണാം എന്നൊരു ഐഡിയ കിട്ടി. അതെന്താ ആദ്യം തോന്നാതിരുന്നത് ?

രാത്രി പഴനിയ്ക്ക് പോകുന്ന ബസ് കിട്ടുന്നത് ആരപ്പാളയം ബസ് സ്റ്റാൻഡിലാണ്. അതുകൊണ്ട് സിനിമ കഴിഞ്ഞു അവിടെ എത്താൻ  പറ്റണം. അങ്ങനെ തപ്പി തപ്പി ഒരു തീയേറ്ററും സിനിമയും കണ്ടുപിടിച്ചു. 


ഒരു മാൾ ആ വഴിക്കു കണ്ടു പിടിച്ചു. ഓല സ്‌കൂട്ടറിൽ അവിടെ പോയി.


                                                  


കേറിയപ്പോൾ സെക്യൂരിറ്റി ചേട്ടൻ : ഭക്ഷണം എന്തെങ്കിലും ഉണ്ടോ ബാഗിൽ ?”


“ഹൽവ ഉണ്ട് “


“എന്നാ ആർക്കും കൊടുക്കണ്ട . തനിയെ തിന്നാൽ മതി.”

“ഹഹ “


അവിടൊരു atm ഔട്ട് ഓഫ് ഓർഡർ എന്ന് എഴുതിയിരിക്കുന്നു. ഒരെണ്ണം അല്ലേ ഉള്ളൂ . പിന്നെ എന്ത് ഓർഡർ ?



                                            

നേരെ ഫുഡ് കോർട്ടിലേക് പോയി. 


കേറി ചെല്ലുമ്പോൾ ഒരു ഷോപ്പിന്റെ പേര് 


‘ഫ്രഷ് കോർണർ ‘  അതെന്താ ആ കോർണർ ഇപ്പൊ ഉണ്ടാക്കിയെ ഉള്ളോ ?



                                            

വേറൊരു ഷോപ് ചാറ്റ് കോർണർ . ഇവിടെ ആണോ എല്ലാരും ചാറ്റ് ചെയ്യുന്നേ ?

വേറൊന്ന് AIbaik  AI ആണോ അവിടെ ബേക് ചെയ്യുന്നേ ?


                                            

 ‘ഡെസേർട്ട്’ എന്ന കടയിൽ ഇരുന്നു എല്ലാരും ഐസ് ക്രീം കഴിക്കുന്നു. ചൂട് ആയതുകൊണ്ടാവും.


                                              

Omg എന്റെ ചളി മൂഡ് ഓൺ ആയി. 


(ഓഫാക്കു എബി )



ഞാനൊരുചായ വാങ്ങി ഒരു മൂലയിൽ ഇരുന്നു. tissue ഇല്ലാ , എന്റെ കൈയിൽ ടീ ഉണ്ട്, ഒരു ഇഷ്യൂ ഉണ്ടാക്കിയാൽ tissue ആവില്ലേ ? ഇല്ലേ ?


ഏതാണ്ട് ഒരു മണിക്കൂർ അവിടെ ഇരുന്നു.ചേച്ചിയെ ഫോൺ വിളിച്ചു അര മണിക്കൂർ കളഞ്ഞു.


പിന്നെ രാത്രി ഫുഡ് കഴിക്കാൻ നോക്കി വച്ച കടയിലേക്കു പോയി. ആദ്യം ഈ ചേട്ടൻ ഒൺ വേ റോഡിലൂടെ ഓപ്പോസിറ്റ് ദിശയിൽ പോയി . പിന്നെ വേറൊരു ഒൺ വേ എത്തിയപ്പോൾ അവിടെയും ഓപ്പോസിറ്റ് സൈഡിലൂടെ പോകുന്നു. ചോദിക്കാനും പറയാനും ഇവിടെ ആരുമില്ല.


കൊണാർ കടയിൽ നിന്നും കഴിക്കാമെന്നാണ് ഞാൻ വിചാരിച്ചത്. 

 

അതിന്റെ അടുത്ത് സുൽത്താൻ ഹോട്ടൽ കണ്ടു. മൃണാലിന്റെ ബ്ലോഗിൽ അത് കണ്ടിരുന്നു. എന്നാ അവിടുന്നാവാം. പക്ഷേ സമയം എട്ടര ആയിട്ടേ ഉള്ളൂ . സിനിമ പത്തരയ്ക്കാണ്.


ഹോട്ടലിന്റെ അടുത്തിരുന്നു ഞാൻ അഞ്ജലിയെ ഫോൺ വിളിച്ചു. ഏതാണ്ട് ഒരു കൊല്ലം മുൻപേ വിളിച്ചതാണ്. അങ്ങനെ ഒരു അര മണിക്കൂർ പോയിക്കിട്ടി. കൊതുകളുടെ ശല്യം സഹിക്കാൻ വയ്യ. സംഘം ചേർന്നു ആക്രമിക്കുന്നു.


മധുരൈ ആയതുകൊണ്ട് ആവുമോ ? ഇവിടെ ആണല്ലോ പണ്ട് ‘സംഘം’ നടന്നത് (ഹുഹുഹുഹു )





   



ഹോട്ടൽ സുൽത്താനിൽ കയറി കൊത്തു പൊറോട്ട കഴിച്ചു. കൊത്തു പൊറോട്ട എന്നൊക്കെ പറഞ്ഞാൽ ഇതാണ് ഐറ്റം. അല്ലാതെ നാട്ടിൽ കിട്ടുന്ന പൊറോട്ട കീറിയിട്ട് ചിക്കന്റെ ഗ്രേവി ഒഴിച്ചു തരുന്നതല്ല. 


ഇനി തിയേറ്ററിൽ പോയി വെറുതെ ഇരിക്കാം . ഓല സ്‌കൂട്ടർ ബുക്ക് ചെയ്തു. 


ആൾ എന്നെ വിളിച്ചു സ്ഥലമൊക്കെ ചോദിച്ചു. എന്നിട്ട് പറയുവാ 


“ഞാനൊരു ചായ കുടിക്കുവാ, അത് കഴിഞ്ഞു വരാമെന്ന് “


എന്ത് കോൺഫിഡന്റ് ആയിട്ടാണ് ലേറ്റ് ആവുമെന്ന് അങ്ങേര് പറയുന്നത് . 


അങ്ങേർക്ക് വേണ്ടത് സമയം ,എന്റെ കൈയിൽ  ആവശ്യത്തിൽ അധികം ഉള്ളതും സമയം. അതുകൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല. 


തിയേറ്ററിൽ ചെന്നപ്പോ പത്തു ആകാതെ അകത്തു കയറ്റില്ലത്രേ. അതുവരെ പുറത്തിരിരുന്നു.ഇതിന്റെ ഇടയിൽ അജോ വിളിച്ചു. ആളിപ്പോ കേരളത്തിലുണ്ട്. ഫോൺ വിളിച്ചു കഴിഞ്ഞപ്പോൾ പത്തായി .


നമ്മൾ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടാണ് അകത്തേക്ക് കയറ്റുന്നത്. അത് എന്തായാലും നന്നായി.







‘ആയുധി’ എന്നൊരു പടത്തിനാണ് കയറിയിരിക്കുന്നത്.ശശികുമാർ ആണ് നായകൻ. അയോദ്ധ്യയിലെ ഒരു കുടുംബം. കാർന്നോർ നല്ല കലിപ്പൻ . 'അമ്മ ഒരു പാവം. മക്കൾ രണ്ടു പേര് ഒരു പെൺകുട്ടി ഒരു കുഞ്ഞു അനിയൻ. അമ്മയുടെ ആഗ്രഹമാണ് രാമേശ്വരത്തിൽ വരണമെന്ന്. കലിപ്പൻ തന്ത അവസാനം ടിക്കറ്റു ബുക്ക് ചെയ്തു . മധുരയിൽ എത്തിയപ്പോൾ അപകടം പറ്റി 'അമ്മ മരിച്ചു. തന്ത സംഘി കൂടിയാണ് . ശശികുമാറും കൂട്ടരും അവരുടെ ബോഡി തിരികെ അയോധ്യയിലേക്ക് അയക്കുന്ന ഫോര്മാലിറ്റിസിന് വേണ്ടി ഓടി നടക്കുന്നതാണ് കഥ. ആണ് ദീപാവലി ആണ്.  


ഞാൻ ശശികുമാറിന്റെ ഒരു പടം കണ്ടിട്ടുണ്ട്. അതിൽ അങ്ങേര് ഒരു കമിതാക്കളെ വണ്ടി കയറ്റി വിടാൻ ഓടി നടക്കുവായിരുന്നു. ഇതിൽ ബോഡി കയറ്റി അയക്കാൻ ഓടി നടക്കുന്നു. ഇങ്ങേരുടെ ബാക്കി പടങ്ങളും ഇങ്ങനെയാണോ ?അടുത്ത വിമാനം നാല് ദിവസം കഴിഞ്ഞേ ഉള്ളൂ . അതിനാലാണ് ഇത്ര ധൃതി. ഞാൻ ആലോചിക്കുന്നത് നാല് നാൾ ഫ്രീസറിൽ വച്ചാൽ പോരെ എന്നാണ് ?


ഇതിന്റെ ഇടയിലൂടെ kalippan തന്ത ബോഡി പോസ്റ്റ് മാർട്ടം ചെയ്താൽ ആത്മാവ് പോകും എന്നൊക്കെ പറഞ്ഞു സീൻ ഉണ്ടാക്കും. 


സിനിമയുടെ അവസാനം എല്ലാം ശെരിയാകുമെന്ന് പ്രേത്യേകം പറയണ്ടല്ലോ. പോരാത്തതിന് തന്തയ്ക്ക് മനസാന്തരവും ഉണ്ടാവും. അവസാനം ട്വിസ്റ്റ് കുറച്ചു മത സൗഹാർദ്ദം ആണ്.


നല്ല ഊള പടം.


പടം കഴിഞ്ഞപ്പോൾ ഒന്നരയായി. ഞാൻ നടന്നു നടന്നു ബസ് സ്റ്റാന്റിലെത്തി. പോകുന്ന വഴി നല്ല ഡാർക്ക് ആണ്. ചേച്ചിയെ വിളിച്ചപ്പോ ആൾക്ക് ഡ്യൂട്ടി ആണ്. പിന്നെ ഞാൻ അങ്ങ് നടന്നു.


വഴിയിൽ വരുന്ന ബസിന്റെ ബോർഡ് ഞാൻ നോക്കിയപ്പോൾ ദിണ്ടുങ്ങൽ എന്നാണ്. പക്ഷേ എങ്ങാനും കൈ കാണിച്ചു നിർത്തിയിട്ട് അതെങ്ങാനും അല്ലെങ്കിൽ രാത്രി തമിഴ് തെറി കേൾക്കേണ്ടി വരും. എനിക്ക് സമയമുണ്ടല്ലോ.






പഴനി ബസ് കിടപ്പുണ്ട്. ദിണ്ടുങ്ങൽ ചെന്ന് മാറി കേറണ്ട ആവശ്യമില്ല അപ്പോൾ.അതിലിരുന്നപ്പോൾ മിന്നു തിരികെ വിളിച്ചു. ഡ്യൂട്ടി കഴിഞ്ഞു ആളുടെ. ഇനി ഞാൻ പോകുന്ന സ്ഥലത്തെ ഓരോ അപ്ഡേറ്റ് ഉം whatsapp വഴി അറിയിക്കണമത്രേ. പേടി.. പേടി ..

   


ഒരു രണ്ടര മണിക്കൂർ മതിയാകും അവിടെത്താൻ. കഷ്ടിച്ച് ഒരു മണിക്കൂർ ഉറങ്ങികാണും. അപ്പോഴേക്കും പളനി എത്തി.


മൂന്നാം ഭാഗം ഇവിടെ വായിക്കാം : Click here

No comments

Powered by Blogger.