Backpacking Bliss in Tamil Nadu | Day 03 | Manjanaickenpatti
പളനിയിൽ ഞാൻ ബസ്സിറങ്ങിയപ്പോൾ സമയം നാലര ആയിട്ടേയുള്ളൂ. ഇന്ന് മുഴുവൻ ഒരൊറ്റ പ്ലാൻ ആണ് ഉള്ളത്. മഞ്ജനനായ്ക്കപ്പെട്ടി ഗ്രാമത്തിൽ പോകുക. ‘നൻപകൽ നേരത്തു മയക്കം’ ഷൂട്ട് ചെയ്ത സ്ഥലങ്ങൾ കാണുക. പഴയ സഞ്ചാരി ഫ്രണ്ട്സ് ആയ ജിതിനും സജിനും ഇവിടെ പോയിരുന്നു.അതിന്റെ ഫോട്ടോ കണ്ടാണ് ഞാൻ മധുരൈ വരെയുള്ള പ്ലാൻ ഇങ്ങോട്ട് നീട്ടിയത്. വരുന്നതിനു മുൻപേ ജിതിനോട് ചോദിച്ചിരുന്നു വിവരങ്ങൾ. ഗ്രാമത്തിൽ ആരെങ്കിലും എന്തേലും ചോദിച്ചാൽ പറയാനൊരു കാരണം നോക്കി വച്ചോ എന്ന് അവൻ പറഞ്ഞിരുന്നു. അവരോട് ഒന്ന് രണ്ടു പേര് ചോദിച്ചപ്പോൾ അവർ സിനിമയ്ക്ക് ലൊക്കേഷൻ നോക്കാൻ വന്നവരാ എന്നാണ് പറഞ്ഞത്. ഒരു ഗ്രാമത്തിലേക്ക് വെറുതെ കേറി ചെന്ന് ഫോട്ടോ എടുത്താൽ ആരെങ്കിലും ചോദ്യം ചോദിക്കാൻ ചാൻസ് ഉണ്ടല്ലോ .
മാത്രമല്ല മലയാളികൾ ഈ ഗ്രാമത്തിലേക്ക് വന്നു അവരെ വെറുപ്പിക്കാൻ ചാൻസ് ഉണ്ട്. അതിനു മുൻപേ പോയി വരണം.അതുകൊണ്ടാണ് ഇപ്പൊ തന്നെ പ്ലാനിട്ടത്. വേറെ വഴിയൊന്നുമില്ലെങ്കിൽ ഞാൻ ബ്ലോഗർ ആണെന്ന് പറഞ്ഞു ഈ ബ്ലോഗ് കാണിക്കാൻ ആണ് ഉദ്ദേശം. അവർക്ക് മലയാളം അറിയില്ലല്ലോ.
പളനി ബസ് സ്റ്റാൻഡിൽ നല്ല ഉച്ചത്തിൽ പാട്ടു വച്ചിട്ടുണ്ട്.രണ്ടു മൂന്ന് ചായക്കടകൾ ഉണ്ട്. അവർ ഉറങ്ങാണ്ട് ഇരിക്കാൻ അവരു തന്നെ ഉച്ചത്തിൽ പാട്ടു വച്ചതാണോ എന്തോ
ഞാനൊരു കാപ്പി കുടിച്ചു ആ ചേട്ടൻ ആയിട്ട് പരിചയപെട്ടു.ഗ്രാമത്തിൽ പോകുന്നതിൽ കുഴപ്പമൊന്നും ഇല്ലെന്നും ഞാൻ സിനിമയിൽ നിന്നാണോ എന്നൊക്കെ ആ ചേട്ടൻ ചോദിച്ചു.
അവിടെ ഏതാണ്ട് ഒരു മണിക്കൂർ ഇരുന്നു സമയം കളഞ്ഞു. അതിന്റെ ഇടയിൽ മഞ്ജനനായ്ക്കപ്പെട്ടി ഗ്രാമത്തിലെ ഒരു ചേട്ടനെ ഇൻസ്റ്റാഗ്രാമിൽ കണ്ടു പിടിച്ചു. മെസ്സേജ് അയച്ചിട്ടു .
ഒരു ആറു മണി ആയപ്പോ ബസ് നോക്കി നടന്നു. പളനി ബസ് സ്റ്റാൻഡിൽ ഒരു വൃത്തിയുമില്ല. രാവിലെ ക്ലീൻ ചെയ്യാൻ ജോലിക്കാർ വന്നിട്ടുണ്ട് . എങ്കിലും നല്ല മോശമാണ് അവസ്ഥ.
ബസ് സ്റ്റാൻഡിന്റെ വേറൊരു മൂലയിൽ പോയി ഒരു കാപ്പി കുടിച്ചു അവിടെ ഇരുന്നു. അല്ലാതെ ഇരിക്കാൻ അവിടെങ്ങും സ്ഥലമില്ല. കുറച്ചു ചക്ക വറുത്തതും എടുത്തു. ഞാൻ മെസ്സേജ് അയച്ച ചേട്ടൻ റിപ്ലൈ അയച്ചു. ഇത്ര രാവിലെ അങ്ങേര് ഇൻസ്റ്റാ നോക്കുമെന്ന് കരുതിയില്ല. ആൾ ആ നാട്ടുകാരൻ ആണ്. പക്ഷേ ഇപ്പൊ സ്ഥലത്തില്ല.എന്നോർ എന്ന സ്ഥലത്താണ്.ഫയർ ഫോഴ്സിലാണ് ജോലി. സ്ഥലത്തുണ്ടായിരുന്നു എങ്കിൽ ആ അണ്ണൻ തന്നെ എല്ലാം കാണിച്ചു തന്നേനെ എന്ന് പറഞ്ഞു. എന്തേലും ഉണ്ടെങ്കിൽ വിളിച്ചാൽ മതിയെന്ന് പറഞ്ഞു ആൾ നമ്പർ തന്നു. ഒരു സമാധാനം.
ഏതാണ്ട് ആറേമുക്കാൽ ആയപ്പോൾ മഞ്ജനനായ്ക്കപ്പെട്ടി ബസ് വന്നു. കണ്ടക്ടാരോട് ഒന്നുടെ ചോദിച്ചു ഉറപ്പുവരുത്തി ബസിൽ കയറി. കണ്ടക്ടർ നല്ല കമ്പനി ആയിരുന്നു.ഒരുപാട് മിണ്ടി. സ്ഥലമെത്തുമ്പോ പറയണം എന്ന് ഞാൻ കയറിയപ്പോഴേ പറഞ്ഞിരുന്നു.എന്നാലും ഞാൻ ഗൂഗിൾ മാപ് നോക്കി ഇരിക്കും. എപ്പോഴും അതാണ് പതിവ്. പക്ഷേ ഈ ചേട്ടൻ മറക്കില്ല എന്നുറപ്പായപ്പോൾ ഞാൻ മാപ് നോക്കിയില്ല.
“കഴിഞ്ഞ ആഴ്ച രണ്ടു പയ്യന്മാർ വന്നിരുന്നു. സിനിമ ലൊക്കേഷൻ നോക്കാനാണ് അവർ വന്നത്. അറിയുമോ ?”
ജിതിനും സജിനും ആയിരിക്കും
“അതെ അറിയും. എന്റെ കൂട്ടുകാരാണ് . അത് കണ്ടാണ് ഞാൻ വന്നത്. “
“അവർ ബസിൽ ഇരുന്നു ഒരു കിളവിയുടെ ഫോട്ടോ ഒക്കെ എടുത്തിരുന്നു”.
വഴിയിൽ കാണുന്നവരെയൊക്കെ ഈ ചേട്ടന് അറിയാം. ഇടയ്ക്കു കുറച്ചു കിളവികൾ കയറി. ചേട്ടൻ അവരെ വെറുതെ ചൊറിയുന്നുണ്ടാർന്നു. കിളവികളും വിട്ടു കൊടുക്കുന്നില്ല. (തമാശയ്ക്കാണ്)
ഒടുവിൽ മഞ്ജനനായ്ക്കപ്പെട്ടി എത്തി. ഞാൻ ബസിറങ്ങി. ആ ചേട്ടനോട് താങ്ക്സ് പറഞ്ഞു. ബസ് ഇറങ്ങിയതും ജിതിൻ ഇട്ട ഫോട്ടോയിലെ ചായക്കടയാണ് കണ്ടത്.

ഞാൻ അകത്തു കയറി ഒരു ചായ കുടിച്ചു. നാട്ടിലെ കാർന്നോർ കുറച്ചു പേരുണ്ട് അവിടെ. എന്നെ കണ്ടിട്ട് അവർക്കു ഞാൻ ഈ നാട്ടുകാരാൻ അല്ല എന്ന് മനസിലായി. എന്നോട് എന്താ എവിടുന്നാ എന്നൊക്കെ ചോദിച്ചു.
ഞാൻ കാര്യം പറഞ്ഞപ്പോൾ അവർക്കും സന്തോഷം. ഞാൻ ഫോട്ടോസ് കാണിച്ചു ഓരോ സ്ഥലത്തും ഏതാണ്ട് എവിടാ എന്ന് മനസിലാക്കി. അതിലൊരു ചേട്ടൻ എല്ലാം കാണിച്ചു തരാൻ ഒരാളെ ഏർപ്പാടാക്കി തരട്ടെ എന്ന് ചോദിച്ചു.
അതിൽ കൂടുതൽ എന്ത് വേണം ?
ആദ്യം അവർ ചോദിച്ച ആൾക്ക് സ്ഥലമൊന്നും അറിയില്ല. വേറൊരു ചേട്ടനെ അവർ ശെരിയാക്കി തന്നു..
“അണ്ണന്റെ പേരെന്താ “
“സുപ്രമണി “
“അണ്ണനു ടൈം ഉണ്ടല്ലോ അല്ലേ.”
എല്ലാം സാവധാനം എടുത്തു പോകാൻ ആണ് പ്ലാൻ.
ഓരോ സ്ഥലവും ഞങ്ങൾ ഫോട്ടോ എടുത്തു. ഒരെണ്ണം സൂര്യപ്രകാശം കാരണം ശെരിക്കു കിട്ടിയില്ല.


കഥ നടക്കുന്ന പ്രധാന വീട് എത്തിയപ്പോൾ അതിനു മുന്നിൽ ഒരു കാർ. അത് മാറ്റാൻ പറ്റുമോ എന്ന് ചോദിച്ചപ്പോ സുപ്രമണി അണ്ണൻ അത് പറ്റില്ല എന്നാണ് പറഞ്ഞത്. ഇവിടം വരെ വന്നിട്ട് ഈ വീടിന്റെ ഒരു നല്ല ഫോട്ടോ എടുക്കാതെ എങ്ങനെയാണു ?
ഞാൻ ആ കാർ ആരുടെയാണ് എന്ന് ചോദിച്ചപ്പോൾ അടുത്തുള്ളവീട്ടിലെ ആണെന്നു മനസിലായി. അവിടെ നിന്ന ചേച്ചിയോട് ഞാൻ കാര്യം പറഞ്ഞു. ചേച്ചി വീട്ടിൽ പോയി ഒരു ചേട്ടനെ കൊണ്ട് വന്നു. ആൾ വണ്ടി മാറ്റി തന്നു.
ഞാൻ കുറേ ഫോട്ടോസ് എടുത്തു. ആ ചേട്ടനോട് താങ്ക്സും പറഞ്ഞു പോന്നു .
സുപ്രമണി അണ്ണന് ‘കാട്ടുവേല’ ആണ് ജോലി എന്നാണ് പറഞ്ഞത്. പത്തുമണിക്ക് പോകണമത്രേ. ഇപ്പോ സമയം എട്ടു കഴിഞ്ഞതേയുള്ളൂ. അണ്ണനെ ഞാൻ ഫോട്ടോ എടുക്കാൻ ഇതിന്റെ ഇടയിൽ പഠിപ്പിച്ചു. എനിക്ക് രണ്ടു നല്ല ഫോട്ടോസ് അണ്ണൻ എടുത്തു തന്നു.
എല്ലാ സ്ഥലത്തും പോയി കഴിഞ്ഞു ഞാൻ അണ്ണന് ഒരു നൂറു രൂപ കൊടുത്തു. അണ്ണൻ ഹാപ്പി.
| സുപ്രമണി അണ്ണൻ' |
രാവിലെ വന്ന ചായക്കടയിൽ പോയി . അവിടെ അകത്തേക്ക് കയറുമ്പോൾ ചെരുപ്പ് ഊരണം .
ദോശയും ചമ്മന്തിയും സാമ്പാറും കഴിച്ചു. ഒരു ചായയും കുടിച്ചിരുന്നു.
ഇടയ്ക്ക് ജിതിൻ മെസ്സേജ് അയച്ചു.അവനോട് മിണ്ടികൊണ്ട് ഞാൻ ഇറങ്ങി. എല്ലാടത്തുടെയും ഒന്നുടെ പോകാൻ തീരുമാനിച്ചു.
ഇപ്പൊ സ്ഥലം അറിയാമല്ലോ.
സിനിമയിൽ അമ്പലം പണിതുകൊണ്ടിരിക്കുന്നു എന്ന് പറയുന്ന സ്ഥലമുണ്ട്. അവിടെ ശെരിക്കും അമ്പലം പണിയുന്നുണ്ട്. അവിടെ പോയി ഫോട്ടോ എടുത്തു.
തിരികെ ആദ്യം ശെരിക്കും ഫോട്ടോ കിട്ടാത്ത അവിടെ പോയി. ഒരു പ്രായമായ അമ്മൂമ്മ അവിടെ പാത്രം കഴുകുന്നുണ്ട്. അവർ എന്നെ കണ്ടു ചിരിച്ചു. അപ്പുറത്തെ വീട്ടിലെ ചേച്ചിയും ഇറങ്ങി വന്നു.
“കിളവിയുടെ ഫോട്ടോയും എടുക്കു “
ഞാൻ അമ്മൂമ്മയുടെ ഫോട്ടോ എടുത്തു. എന്താ ഗൗരവം. ഒന്ന് ചിരിക്ക് എന്ന് പറഞ്ഞു ഞാൻ ചിരിപ്പിച്ചു.
മറ്റേ ചേച്ചി ഒരുപാട് സംസാരിച്ചു.
മമ്മൂട്ടിയെ കണ്ട കാര്യവും സിനിമ വിശേഷങ്ങളും എല്ലാം. മമ്മൂട്ടി ഒരു സാധാരണക്കാരനെ പോലെ ആണ് വസ്ത്രം ധരിച്ചത്, ഇവരെല്ലാം സിനിമയിൽ അവിടെ ഇവിടെ ഉണ്ട്. എന്നും ഒരേ സാരി ആണ് ഉടുക്കാൻ പറഞ്ഞത്……….
അവിടൊരു പ്രായമായ ചേട്ടൻ വന്നപ്പോൾ . അയാൾ മമ്മൂട്ടിയുടെ കൂടെ ചില രംഗങ്ങളിൽ ഉണ്ടെന്ന് പറഞ്ഞു. ആളുടെ ഒരു ഫോട്ടോയും എടുത്തു.
അവരോട് യാത്ര പറഞ്ഞു തിരിച്ചു ആ ചായക്കടയിൽ എത്തി ഒരു ചായ കൂടെ കുടിച്ചു. സിനിമ കണ്ടാണ് ഞാൻ വന്നതെങ്കിലും ഈ ഗ്രാമം അല്ലെങ്കിലും അടിപൊളി ആണ്. നല്ല വൃത്തിയുമുണ്ട് കാണാൻ നല്ല രസവും. ഈ പെയിന്റ് ചുണ്ണാമ്പിന്റെ കൂടെ കളർ ചേർത്ത് അടിച്ചതാണ് എന്നാണ് നേരത്തെ കണ്ട ചേച്ചി പറഞ്ഞത്.
ബസ് നോക്കി നിന്നപ്പോൾ കണ്ടത് മൊത്തം കിളവന്മാരെയാണ്. ചെറുപ്പക്കാർ വളരെ കുറവാണു.ബസ് വന്നപ്പോൾ കയറി പളനി എത്തി.
ഇനി വൈകുനേരം ആര് മണിക്കാണ് ട്രെയിൻ .
എന്നാ സ്റ്റേഷനിൽ പോയി വെറുതെ ഇരിക്കാം. അങ്ങനെ എവിടോ ബസ്സിറങ്ങി ഞാൻ സ്റ്റേഷനിലേക്ക് നടന്നു. നല്ല ചൂട്, ദാഹം, കയ്യിൽ വെള്ളമില്ല,
ഓട്ടോ പിടിക്കാൻ ഇവിടെ യൂബർ ഓല ഒന്നും ഇല്ല.
ഇടയ്ക് ഒരു ഓട്ടോ ചേട്ടനെ കണ്ടു.
“ചേട്ടാ സ്റ്റേഷൻ വരെ പോകാൻ എത്ര ആവും “
“എഴുപതു രൂപ “
“ഒരു കിലോമീറ്റര് അല്ലേ ഉള്ളൂ”
“മോനെ മിനിമം അറുപതാണ് “
(എങ്കിൽ അറുപതു പോരെ ? അതെങ്ങനെ പത്തു രൂപ എക്സ്ട്രാ ? )
“വേണ്ട അണ്ണാ ഞാൻ നടന്നോളാം”
പോകുന്ന വഴിക്ക് കരിക്ക് കണ്ടു . അത് കഴിച്ചപ്പോൾ ഒരു ആശ്വാസം .
സ്റ്റേഷൻ എത്താറായപ്പോ ആണ് ഓർത്തത് . എന്തായാലും സമയം ഉണ്ട് എന്നാ പിന്നേ ദിണ്ടുങ്ങൽ പോയി ബിരിയാണി കഴിച്ചാൽ എന്താ ?
കൊള്ളാലോ, അപ്പോ അത്രയും നേരം ബസിൽ ഇരിക്കുകയും ചെയ്യാം. ബസ് യാത്ര എന്നും പറഞ്ഞാണല്ലോ ഇറങ്ങിയിരിക്കുന്നത്.
ഇനിയൊപ്പോ ബസ് സ്റ്റാൻഡിലേക്ക് നടക്കണം.
കഴിഞ്ഞ രണ്ടു ദിവസമായിട്ട് ഞാൻ ഏതാണ്ട് ഇരുപതു കിലോമീറ്റർ മൊത്തം നടന്നിട്ടുണ്ട്. പോരാത്തതിന് ഉറക്ക ക്ഷീണവും. ഇനി ഒരടി നടക്കാൻ വയ്യ.
ഒടുവിൽ ഞാനൊരു ചേട്ടനോട് ലിഫ്റ്റ് ചോദിച്ചു. ചേട്ടൻ ബസ് സ്റ്റാൻഡിൽ ആക്കി തന്നു.
ബസ് ഉടനെ കിട്ടി. ബസിലിരുന്നു നോക്കിയപ്പോൾ അവിടെ ഫേമസ് വേണു ബിരിയാണിയാണ്. എന്നാ അവിടുന്നാവാം.
ദിണ്ടുങ്ങൽ ബസ് സ്റ്റാൻഡിൽ നിന്നും വീണ്ടും ഞാൻ നടന്നു. അവസാനം ബിരിയാണി കഴിച്ചു. പോരാത്തതിന് ഒരു ജിഗർത്തണ്ടയും കുടിച്ചു. മധുരയിലെ ജിഗർത്തണ്ടയുടെ അത്രയും പോരാ.
ഇനി തിരിച്ചു നടക്കുക എന്നത് impossible ആണ്.
ഓട്ടോ വിളിക്കാം
“ചേട്ടാ സ്റ്റാൻഡ് വരെ പോണം”
“എൺപതു രൂപ “
“ഇത്രയും ദൂരം അല്ലേ ഉള്ളു .”
“അറുപതു തരാം ?”
“എഴുപത് “
“ഒകായ്.”
അങ്ങനെ എഴുപതു രൂപയ്ക്കു വെറും ഒന്നര കിലോമീറ്റർ ഓട്ടോ പിടിച്ചു വന്നു.
ഇനി എന്നെ കണ്ടിട്ട് ഇവർ പറ്റിക്കുന്നതാണോ ? അതോ ഇവിടെ ഓട്ടോയ്ക് ഇത്രയും ആകുമോ ?
സാധാരണക്കാർ എങ്ങനെ താങ്ങും ?
ദിണ്ടുങ്ങൽ ആകെ മൂന്നാലു കിലോമീറ്റർ ഉള്ളൂ അതാണ് ഇത്രയും റേറ്റ് എന്നൊക്കെ ആണ് ഓട്ടോ ചേട്ടൻ പറഞ്ഞത്.
ബസ് സ്റ്റാൻഡിൽ പളനി ബസ് ഉള്ളതെല്ലാം പ്രൈവറ്റ് ആണ്. ഒടുവിൽ ഒരു സർക്കാർ വണ്ടി കിട്ടി.
കുറച്ചു കഴിഞ്ഞപ്പോൾ ദാഹം
നല്ല ചൂട്, അതുകൊണ്ട് വേഗം ഡീഹൈഡ്രേറ്റഡ് ആവുന്നുണ്ട്. പോരാത്തതിന് ബിരിയാണിയും ആണ് കഴിച്ചത്. ഇടയ്ക്കൊരു ചെറിയ സ്റ്റാൻഡിൽ ബസ് നിർത്തിയപ്പോ ഒരു ചേട്ടൻ കടല ഒകെ ആയി വിൽക്കാൻ വന്നു. വെള്ളം കൊണ്ട് ആരും വരുന്നില്ല. വേറെ വഴി ഇല്ലാത്തതുകൊണ്ട് ഞാൻ ആ ചേട്ടനോട് വെള്ളം വാങ്ങി തരുവോ എന്ന് ചോദിച്ചു. അണ്ണൻ വാങ്ങി തന്നു. കിട്ടിയപ്പോ തന്നെ ഞാൻ ആ കുപ്പി മുക്കാലും കുടിച്ചു.
ബസ് സ്റ്റാന്റിലെത്തി . ഇവിടന്ന് സ്റ്റേഷനിലേക് നടക്കണം. കുറെ നടന്നപ്പോഴാണ് കുതിര വണ്ടികൾ കാണുന്നത്. അതിനു എത്രയാണോ എന്തോ , അതിൽ കേറാമായിരുന്നു.
സ്റ്റേഷനിൽ പ്രതീക്ഷിച്ച പോലല്ല. അത്യാവശ്യം തിരക്കുണ്ട്.
| പളനി റെയിൽവേ സ്റ്റേഷൻ. |
അമൃത എക്സ്പ്രസ് വരുന്ന പ്ലാറ്റഫോം അന്നൗൻസ് ചെയ്തപ്പോൾ ഞാൻ അങ്ങോട്ട് പോയി. കുറേ മലയാളികളുണ്ട്.
ട്രെയിൻ ഒരു അരമണിക്കൂർ ലേറ്റ് ആയാണ് വന്നത്. അതിന്റെ ഒരു സ്റ്റോറി ഉം ഇട്ടു ഞാൻ എന്റെ ഇൻസ്റ്റാഗ്രാം വെറുപ്പിക്കൽ പരിപാടി അവസാനിപ്പിച്ചു.
പതിവുപോലെ സൈഡ് അപ്പർ ആണ് എന്റെ ബെർത്ത്. പാലക്കാട് നിന്നും ഫുഡ് ബുക്ക് ചെയ്തു . അതുവരെ ഞാൻ താഴെ ഇരുന്നു. ഭക്ഷണം വന്നു. അത് കഴിച്ചു. ഇവിടെ നിന്ന് അടുത്താണ് എന്റെ കോളേജ്. ഇടയ്ക്കു ഞങ്ങൾ രാത്രി ഹോസ്റ്റലിൽ നിന്നിറങ്ങി ഒലവക്കോട് (സ്റ്റേഷൻ ഇരിക്കുന്ന സ്ഥലം ) വന്നു ഭക്ഷണം കഴിക്കുമായിരുന്നു.
സമയം എട്ടര. അപ്പൊ ഉറങ്ങിയിട്ട് ഞാൻ എണീക്കുന്നത് രാവിലെ നാലേമുക്കാലിന്. എവിടെത്തി എന്ന് നോക്കുമ്പോ തിരുവനന്തപുരം !!! .
ആൾക്കാരൊക്കെ ഉറങ്ങുന്നു.
ഞാൻ ഈ സമീപ കാലത്തു ഇതുപോലെ ഒറ്റ ഉറക്കം ഉറങ്ങിയിട്ടില്ല. തമ്പാനൂർ വന്നപ്പോ ബോണക്കാട് ബസ് ഉണ്ട്. അതിൽ കയറി കവടിയാർ ഇറങ്ങി വീട്ടിലേക്ക് നടന്നു.








Had a trip to Manjanaickenpatti through u
ReplyDeleteThanks
Delete