പൊൻമുടിയും കാട്ടിലെ കടയും | Ponmudi | Trivandrum





രാവിലെ അഞ്ചിന് എഴുന്നേറ്റു റെഡിയായി പൃഥിയുടെ റൂമിന്റെ അടുത്ത് ചെന്ന് വെയിറ്റ് ചെയ്തപ്പോൾ 

അവന്റെ മെസ്സേജ് : എണീറ്റോ ?


“ഞാൻ താഴെയുണ്ട്”.


അവൻ വിശ്വസിച്ചില്ല. രാവിലെ ആറിന് പോകാമെന്നു പ്ലാൻ ചെയ്തിട്ട് അഞ്ചര കഴിയുമ്പോഴേ ഞാൻ എത്തിയിരുന്നു.


ഒരു ഫോട്ടോ എടുത്തു അയച്ചപ്പോഴാണ് അവൻ വിശ്വസിച്ചത് ഞാൻ കയറി ചെന്നു.അവൻ പല്ല് തേയ്ക്കുന്നതേയുള്ളൂ. 


എങ്കിലും ആറു മണിക്ക് തന്നെ ഞങ്ങൾ ഇറങ്ങി.


ഇന്നലെ ചായ കുടിച്ചു വരുന്ന വഴിക്ക് നല്ല മഴ പെയ്തു. അപ്പോൾ


പൃഥ്വി : ഡേയ് നല്ല മഴ, ഇപ്പൊ പൊന്മുടി പോയാൽ നന്നായിരിക്കും. 


“ എന്നാ നാളെ പോകാം ? “


പൃഥ്വി : “പോകാം”


“എന്നാ നാളെ ആറുമണിക്ക് സ്റ്റാർട്ട് ചെയ്യാം.”


അങ്ങനെ ഇട്ടതാണ് ഈ പൊന്മുടി പ്ലാൻ. പൊന്മുടി പോയി തിരികെ വരുന്ന വഴിയിൽ വിതുരയിലുളള ‘കാട്ടിലെ കട’യിൽ നിന്നും ഊണും കഴിച്ചു തിരികെ മൂന്നിന് മുൻപേ തിരികെയെത്തുന്നു. ഇതാണ് പ്ലാൻ.


പേരൂർക്കട കഴിഞ്ഞു ഞങ്ങൾ നെടുമങ്ങാടിന് തിരിഞ്ഞു.ഒരു ചായ കുടിക്കണം. നല്ലൊരു ചായക്കട കണ്ടിട്ട് നിർത്താമെന്നു കരുതി പോയി പോയി അവസാനം നെടുമങ്ങാട് എത്തുന്നതിനു മുൻപാണ് ഒരെണ്ണം കണ്ടത്.


നെടുമങ്ങാട് എത്തിയപ്പോ പെട്രോൾ അടിച്ചു.ഇന്നത്തേക്ക് അത് മതിയാകും.വിതുരയിൽ നിന്ന് breakfast കഴിക്കാനാണ് പ്ലാൻ. ഏതാണ്ട് ഏഴര ആയപ്പോൾ അവിടെത്തി.അഗസ്ത്യാർകൂടം പോയപ്പോ കേറിയ മലബാർ ഹോട്ടൽ തുറന്നിട്ടില്ല. ഗൂഗിളിൽ ഏഴിന് തുറക്കുമെന്നായിരുന്നു കൊടുത്തിരുന്നത്. അതിന്റെ അടുത്തുള്ള ഒരു ചായക്കടയിലാണ് 2018 ൽ പൊന്മുടി പോയപ്പോൾ ഞാനും അരവിന്ദനും കേറിയത്. അവിടെ തന്നെ പോകാമെന്നു വച്ചു. കടയ്‌ക്കൊരു മാറ്റവുമില്ല.


 പുട്ടും ദോശയും കടലക്കറിയും കഴിച്ചു.എല്ലാടത്തും ഗൂഗിൾ പേ ആണ്. വിതുരയിൽ നിന്നും പൈസ എടുക്കണം എന്ന് കരുതിയെങ്കിലും മറന്നു പോയി.ഞങ്ങളുടെ കയ്യിലാണേൽ അഞ്ചു പൈസയില്ല.





വിതുരയിൽ നിന്നും പൊന്മുടിയ്ക്കു പോകുന്ന വഴി കേറിയപ്പോൾ ചെറുതായി തണുപ്പ് വന്നു തുടങ്ങി.

ആദ്യത്തെ ചെക്‌പോസ്റ് ൽ ചെന്നപ്പോ അവിടെ നൂറു രൂപ കൊടുക്കണം. കാർഡ് swipe ചെയ്യുന്ന മെഷീൻ ഒരു മുറിയിൽ ലോക്ക് ആണത്രേ.അതിന്റെ ആൾ വന്നിട്ടില്ല.ഇനിയിപ്പോ  എന്ത് ചെയ്യും ? തിരികെ വിതുര വരെ പോകേണ്ടി വരുമോ ?

എന്റെ പഴ്സിൽ ഒരു രൂപയുടെ ഒരു നോട്ട് ഉം രണ്ടു രൂപയുടെ കോയിൻ ഉം ഉണ്ട്.പൃഥിയുടെ പഴ്സിന്റെ ഒരു കള്ളിയിൽ  ഏതാണ്ട് മൂന്നു കൊല്ലം മുൻപേ അച്ഛനും ചേച്ചിയും കൊടുത്ത രണ്ടായിരം രൂപയുടെ ഒരു നോട്ട് ഉം ഒരു നൂറു രൂപയും കിട്ടി. 


സമാധാനം 


മുകളിലുള്ള ചെക്ക് പോസ്റ്റിൽ പറഞ്ഞാൽ അവർ പൈസ തരും. കാർഡ് swipe ചെയ്താ മതിയെന്ന് ഇവിടത്തെ  ചേച്ചി പറഞ്ഞു.ഞങ്ങൾ അങ്ങനെ ചുരം കയറാൻ തുടങ്ങി. ഇടയ്ക്കൊക്കെ നിർത്തി കാഴ്ചകൾ ഒക്കെ കണ്ടു ഫോട്ടോ എടുത്താണ് പോകുന്നത്.പൃഥ്വി ഇടയ്ക്ക് വിഡിയോയും എടുക്കുന്നുണ്ട്.  അകലെ തിരുവനന്തപുരം കാണാൻ പറ്റുന്നുന്നുണ്ട്. 


   


   









ഞങ്ങളുടെ സ്‌കൂട്ടർ കേറുമോ എന്ന് സംശയം ഉണ്ടായിരുന്നെങ്കിലും കുഴപ്പമില്ലാതെ കയറി പോകുന്നുണ്ട്. ഞാനും തടുവും (കാർത്തിക്) അവന്റെ സ്‌കൂട്ടി പെപ്പിൽ പണ്ട് നെല്ലിയാമ്പതി പോയതാണ് ഓർമ വന്നത്.


“ഇതൊരു മനുഷ്യൻ ആയിരുന്നെങ്കിൽ നിന്നേ അത് കൊന്നേനെ ടാ “ പൃഥ്വി പറഞ്ഞു.


ശരിയാണ്. കഴിഞ്ഞ ആഴ്ചയാണ് ഇതിനേംകൊണ്ട് തെന്മല വഴി പുനലൂർ പോയി വന്നത്. ഇത് വാങ്ങി ഒരു മാസം ആകുന്നേന് മുൻപേ തെങ്കാശിയ്ക്കു കൊണ്ടുപോയി. ഇതൊക്കെ ഈ ചെറിയ വാഹനത്തോട് ചെയുന്ന അനീതി ആണല്ലോ.


മുകളിലെത്തിയപ്പോ കാർഡ് swipe ചെയ്തു പൈസ എടുക്കാൻ അവരുടെ കയ്യിൽ പൈസ ഇല്ല. പിന്നെ ഞങ്ങളുടെ അവസ്ഥ കണ്ടിട്ട് അവർ സ്വന്തം കയ്യിൽ നിന്നൊരു ഇരുനൂറു രൂപ ഒപ്പിച്ചു തന്നു. 

പൊന്മുടിയ്ക്ക് ഞാൻ ഇതിനു മുൻപ് വന്നത് അരവിന്ദന്റെ കൂടെ 2018 ൽ ആണ്. അതിനുമുമ്പേ 2016 ൽ ആണ് വന്നത്.    രണ്ടും ഡിസംബറിൽ  ആയിരുന്നു.അതുകൊണ്ട് ഇത്തവണയാണ് പൊന്മുടിക്ക് ഭംഗി കൂടുതൽ. 


ഇടയ്ക്കൊന്ന് നിർത്തിയപ്പോൾ പൃഥ്വി 


“ഡേയ് കൊളുക്കുമലൈ മാതിരി ഇറുക്ക്‌ “


“പോടാ ചെക്കാ അവിടുന്ന് , ഒരു മയത്തിലൊക്കെ തള്ളു “


അതിലെ വന്നൊരു ksrtc ബസിന്റെ വീഡിയോ ഞാൻ എടുത്തപ്പോൾ പൃഥ്വി ഡ്രൈവർക്കു റ്റാറ്റാ ഒക്കെ കൊടുക്കുന്നു.ഡ്രൈവറും കൈ കാണിച്ചു. പൃഥിയുടെ ഫോട്ടോ ഞാൻ എടുത്തിട്ട് എനിക്ക് അതുപോലെ എടുത്തു തരാൻ പറയും. എന്നാ അവൻ എടുക്കുന്നതൊന്നും എനിക്ക് പിടിക്കില്ല. അങ്ങനെ കുറെ ഫോട്ടോ എടുത്തു ഞങ്ങൾ ഒടുവിൽ മുകളിലെത്തി.





    










സ്കൂട്ടർ പാർക്ക് ചെയ്തു ഞങ്ങൾ നടന്നു. കോട എല്ലായിടത്തുമുണ്ട്.അത് നോക്കിയാണ് വന്നതും. അതിന്റെ ഒരു സന്തോഷം ഞങ്ങൾക്ക് രണ്ടാൾക്കുമുണ്ട്. പിന്നെ വ്യാഴം ആയതുകൊണ്ട് അത്ര ആൾക്കാരൊന്നും ഇല്ല. 


ഞങ്ങൾ ഒരു സ്ഥലത്തു പോയി ഇരുന്നു.താഴെ അകലെ ഒരു ഫാക്ടറി പോലെ ഒരു കെട്ടിടം കാണാം. ഞങ്ങൾ വന്ന വഴിയിൽ നിന്നും തിരിഞ്ഞു കുറച്ചു പോയാൽ അവിടെത്താം. തിരികെ പോകുമ്പോൾ അവിടെ പോകാമെന്നു കരുതി. അകലെ കാണുന്ന വെള്ളച്ചാട്ടം ഒരു ചെറിയ തോട് ആയിട്ട് വരുന്നുന്നുണ്ട്. അതിന്റെ അരികെയും ഒരു ചെറിയ കെട്ടിടം കാണാം. പിന്നേ വരുന്ന വഴിയിൽ കാടിന്റെ ഫോട്ടോ എടുത്തപ്പോഴൊക്കെ ഇടയ്ക്ക് ചെറിയ കെട്ടിടം കാണാം. ഫോറെസ്റ് ഡിപ്പാർട്മെന്റിന്റെ ആവാം അതൊക്കെ. അങ്ങനെ ഉൾക്കാടിലൊക്കെ പോകണം എന്നുള്ളത് എന്റെ ആഗ്രഹമാണ്.


ഒരു ksrtc ബസ് കയറ്റം കേറി വരുന്നത് കാണാം.

      



























    



മൊബൈൽ റേഞ്ച് കുറവാണു.എന്റെ ഫോണിൽ ആൾറെഡി ഉള്ള കുറച്ചു പാട്ടുകൾ വച്ചു. ഈ കള്ള പൃഥിക്ക് ചില മലയാളം  പാട്ടുകളുടെ വരികൾ ഒക്കെ അറിയാം. ഇടയ്ക്കു കോടമഞ്ഞു ഞങ്ങളെ പൊതിയുന്നുണ്ട്. വാച്ച് ടവർ ആണെങ്കിൽ കാണാൻ കൂടെയില്ല. കോടമഞ്ഞു വന്നപ്പോ പൃഥ്വി 


“ഡേയ് അഗസ്ത്യാർകൂടം പോയ ഫീൽ വരുന്നെടാ”


“അപ്പടിയാ രാജാകണ്ണ് “


“ആമാണ്ടാ അടിമകണ്ണ് “


പിന്നെ വെയിലായി. ഞങ്ങൾ കുറച്ചു ഫോട്ടോസൊക്കെ എടുത്തു . അവനു എടുത്തു കൊടുത്തിട്ട് എന്റെ ഫോട്ടോ എടുപ്പിച്ചപ്പോൾ ചില ഫോട്ടോയിൽ എന്റെ ഒരു ഭാഗം ഒക്കെയേ ഉള്ളൂ . പിന്നേ വീണ്ടും എടുപ്പിച്ചു.



                                        


                                        


ഇടയ്ക്ക് അവിടൊരു തമിഴ് ഗാങ് വന്നു. ഞാൻ ഇവനോട് പോയി മിണ്ടാൻ പറഞ്ഞിട്ട് ഇവൻ കേട്ടില്ല. 


“പോടാ പോയി അവരോട് പറയ് നാഗർകോവിലിൽ ഇതിലും നല്ല സ്പോട് ഉണ്ടെന്നു”


പൃഥ്വിയുടെ നാട് നാഗർകോവിലിൽ ആണ്. എങ്കിലും വളർന്നതെല്ലാം തെലുങ്കാനയിലാണ്. എങ്കിലും നാഗര്കോവിലിനെ പറ്റിയുള്ള തള്ളിനു ഒരു കുറവുമില്ല. അവിടത്തെ സൺറൈസ് ആണ് ബെസ്ററ് , അവിടെ കുറേ ട്രെക്കിങ്ങ് സ്പോട് ഉണ്ട്……ഇത് കേട്ട് കേട്ട് ഞങ്ങളൊക്കെ മടുത്തതാണ്.


ഞങ്ങൾ തിരികെ കയറി വന്നു. അടുത്തുള്ള പാറയിൽ കയറി നടന്നു. ഇതെല്ലാം കഴിഞ്ഞപ്പോൾ പൃഥ്വി മടുത്തു. 

   






ഇനി വാച്ച് ടവറിൽ പോകണ്ട എന്നൊക്കെയാണ് അവൻ പറയുന്നേ. അതൊന്നും നടക്കില്ല എന്നും പറഞ്ഞു ഞങ്ങൾ നടന്നു . മുകളിൽ നല്ല കോടയാണ്. 


ശരിക്കും കാണാൻ കൂടി വയ്യ. ഒരു ഊഹം വച്ചു നടന്നു. 


കുറച്ചു പെൺകുട്ടികൾ കോടമഞ്ഞിൽ റീൽസ് ചെയ്യുന്നുണ്ട്.  അതിന്റെ ബഹളം കേൾക്കാം. 


“പൃഥ്വി , നമ്മൾക്ക് വെറുതെ കൂവി അവരുടെ റീൽസ് അലമ്പാക്കിയാലോ ? “


“ഡേയ് ചുമ്മാ ഇരിക്ക് “



  

     





ഞങ്ങൾ അവിടെ ഒരു പാറയിൽ കിടന്നു. ഒരു അര മണിക്കൂർ അങ്ങനെ കിടന്നിട്ടുണ്ടാവും. ഇനിയും ഇവിടെ നിന്നാൽ ലേറ്റ് ആവും. റീൽസോളി പെൺകുട്ടികൾ താഴെ ഒരിടത്തു നിന്നും റീൽസ് എടുക്കുന്നുണ്ട്.എല്ലാരുടെയും തോളിൽ ബാഗുണ്ട്. ക്ലാസ് കട്ട് ചെയ്തു ഒന്ന് കറങ്ങാൻ വന്നതാവുമെന്ന് ഞങ്ങൾ പറഞ്ഞു.


ഞങ്ങൾ കാന്റീനിൽ പോയി ഒരു കട്ടൻ കാപ്പി കുടിച്ചു.പിന്നെ തിരിച്ചു ചുരമിറങ്ങി തുടങ്ങി. 

ഞങ്ങൾ പോകാൻ ഉദ്ദേശിച്ച ഫാക്ടറി ഉള്ള സ്ഥലത്തേക്ക് തിരിഞ്ഞു. റോഡൊക്കെ മോശമാണ്. 

തിരികെ വരുമ്പോ ഈ വഴിയൊക്കെ ഈ വണ്ടി കേറുമോ എന്ന പേടി ഞങ്ങൾക്ക് രണ്ടാൾക്കുമുണ്ട്. 


അതൊരു തേയില ഫാക്ടറി ആണെന്ന് അടുത്ത് ചെന്നപ്പോൾ മനസിലായി. അകത്തു കയറാൻ ആരോടെങ്കിലും പെർമിഷൻ ചോദിക്കാൻ നോക്കിയിട്ട് ആരെയും കണ്ടില്ല. പിന്നെ അവിടെ എന്തോ കിളച്ചോണ്ടിരുന്ന ഒരാളോട് ചോദിച്ചു പൃഥ്വി അങ്ങ് കേറിപോയി. ഉടനെ ഒരാൾ അവനെ പേടിപ്പിച്ചു പുറത്താക്കി. 


ആൾ ചൂടാവുന്നത് തന്നെ ചെറുതായി ചിരിച്ചോണ്ടാണ്. ചുമ്മാ കളിപ്പിക്കുന്നതാ എന്ന് മനസിലായി. ഞാൻ ചെന്ന് ഞങ്ങൾ ഒരാളോട് ചോദിച്ചു എന്ന് പറഞ്ഞപ്പോൾ ആൾ ആരാ നിങ്ങൾക്കു പെർമിഷൻ തന്നെ എന്നും ചോദിച്ചോണ്ട് ഇറങ്ങി. 


“അയ്യോ അവനെ പേടിപ്പിക്കണ്ടാ , ഞങ്ങൾ വേറെ ആരെയും കാണാത്തൊണ്ടു ചോദിച്ചതാ. “


ചെരുപ്പൂരി കേറി വരാൻ പറഞ്ഞു. ആളും ഇടുക്കിക്കാരനാണ്. കട്ടപ്പനയിലാണ് വീട്. തേയില ഇല അരക്കുന്നത് കാണിച്ചു തന്നു. ഇനി അത് ഉണക്കിയെടുക്കുമത്രേ. 1892 ൽ തുടങ്ങിയതാണ് ഈ ഫാക്ടറി . ഇവിടെ ജോലി ചെയ്യുന്നവരുടെ വീടുകളാണ് അടുത്ത് കാണുന്നതൊക്കെ. 


ആ തോടിന്റെ അടുത്തുള്ള വീട് പഴയ ബംഗ്ലാവ് ആണത്രേ. ഇപ്പോ അത് ഉപയോഗത്തിലല്ല. ഒരു പഴയ ജീപ്പ് അവിടെ മൂടി ഇട്ടിട്ടുണ്ട്.ഇവർക്കിതൊക്കെ നല്ലപോലെ നോക്കിക്കൂടെ ? ആ ബംഗ്ലാവ് ശെരിയാക്കി എടുക്കാം, ഈ ജീപ്പ് റെഡി ആക്കി എടുക്കാം, പിന്നെ അടുത്തുള്ള തേയില തോട്ടം കണ്ടാലേ അറിയാം അത്ര നല്ലപോലെയല്ല അവർ നോക്കുന്നത് എന്ന്. എല്ലാമൊന്ന് സെറ്റ് ആക്കി എടുത്തൂടെ ?


ആളോട് ബൈ ഉം പറഞ്ഞു ഞങ്ങളിറങ്ങി. 



   









                                           

ഒരുവിധം ആ കയറ്റമൊക്കെ കയറി മെയിൻ റോഡിലെത്തി. പോകുന്നവഴിക്കു കുറെ ദൂരം ഒരു ആന്ധ്ര രെജിസ്ട്രേഷൻ സ്കോഡ വണ്ടിയുടെ പുറകെ ആയിരുന്നു. അതിനെ ഒന്ന് ഒരുവിധത്തിൽ overtake  ചെയ്തപ്പോ അതാ വേറൊരു ആന്ധ്ര രെജിസ്ട്രേഷൻ വണ്ടി. ഇതൊരു Jaguar ആണ്. അതിനെ overtake ചെയ്തത് ഏതാണ്ട് ഇറക്കമെല്ലാം കഴിഞ്ഞപ്പോഴായിരുന്നു. 




ഞങ്ങളുടെ കയ്യിൽ രാവിലെ ആ ചേച്ചിമാർ തന്ന ഇരുനൂറ് രൂപയെ ഉള്ളു. ഉച്ചയ്ക്ക് ലഞ്ച് ഞങ്ങൾ ‘കാട്ടിലെ കട ‘ എന്ന കടയിൽ നിന്നാണ് കഴിക്കാൻ ഉദ്ദേശിക്കുന്നത്. അവിടെ ഗൂഗിൾ പേ ഇല്ലെങ്കിലോ ?


അതുകൊണ്ട് ഞങ്ങൾ വിതുര പോയി ATM ൽ  നിന്ന് പൈസ എടുത്തു. എന്നിട്ട് തിരികെ ഒരു 2 കിലോമീറ്റർ വന്നു പേപ്പാറ ഡാം പോകുന്ന വഴിയിൽ കയറി. അതിലൂടെ ഒരു മൂന്നു കിലോമീറ്റർ പോയപ്പോൾ കാട്ടിലെ കടയിലെത്തി.അകത്തേക്ക് കയറിയുള്ള കട ആണെങ്കിലും ഇവിടെ നല്ല തിരക്കുണ്ടാവാറുണ്ട്. കുറേ വ്ലോഗ്‌സിലും വന്നിട്ടുണ്ട്.അങ്ങനെയാണ് ഇവിടെ വരണമെന്ന് കരുതിയത്.





അവിടെ ദാ phonepe യുടെ സ്റ്റിക്കർ ഒരു മൂന്നാലു സ്ഥലത്തു ഒട്ടിച്ചു വച്ചിരിക്കുന്നു 


അപ്പൊ വിതുര വരെ പോയി പൈസ എടുത്തോണ്ട് വന്ന ഞങ്ങൾ ആരായി ?


കൂവ ഇലയിലാണ് ചോറ് വിളമ്പുക. ആദ്യം അച്ചാർ വിളമ്പി, പിന്നെ സാലഡ്,അവിയൽ,പിന്നെ കടച്ചക്ക തീയൽ . 


OMG കടച്ചക്ക !!


ഞാൻ അതൊട്ടും പ്രതീക്ഷിച്ചില്ല. ഞാൻ വീട്ടിൽ നിന്നല്ലാതെ ഇത് വേറെ എവിടുന്നു കഴിച്ചിട്ടില്ല.ലിസ്ക്കു (മമ്മി) തേങ്ങാ വറുത്തരചു കടച്ചക്ക ഉണ്ടാകും. അതിന്റെ ടേസ്റ്റ് വേറെ ലെവൽ ആണ്. 


ഇവിടത്തെ സ്പെഷ്യൽ ചിക്കൻ തോരൻ വരുന്നതിനു വേണ്ടി ഞങ്ങൾ വെയിറ്റ് ചെയ്തു. അപ്പോ തന്നെ പൃഥ്വി കടച്ചക്ക തീർത്തു 


“ഡേയ് ഇത് ഇനിയും ചോദിച്ചാൽ അവർ തരുവോ ? “ അവന്റെ ചോദ്യം  !!  


പൃഥി നത്തോലി വറുത്തതും വാങ്ങി. അവൻ മീൻ കറി കൂട്ടിലത്രേ , എങ്കിലും ഗ്രേവി വേണം. കഷ്ണം ആണ് വേണ്ടാത്തത് 


“അപ്പടിയാ രാജാക്കണ്ണ് ?”


“ആമാണ്ടാ അടിമകണ്ണ് “





കടച്ചക്ക നോക്കണ്ട, അതവൻ തീർത്തു.






ഞങ്ങൾ ചോറുണ്ടു കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ കടച്ചക്ക ഒന്നുടെ ചോദിച്ചു. 


അതും കഴിഞ്ഞു ഒന്നുടെ ചോദിച്ചാൽ ആ ചേച്ചിക്ക് വല്ലതും തോന്നുവോ എന്ന് കരുതി . അവിടെയുള്ള വേറൊരു ചേച്ചിയോട് ചോദിച്ചു . അങ്ങനെ കടച്ചക്ക ഞങ്ങൾ മൂന്നു തവണ വാങ്ങി.


നല്ല ഭക്ഷണമായിരുന്നു. 


ഇനി ഏതാണ്ട് ഒരു മണിക്കൂർ വേണം തിരുവനന്തപുരത്തു എത്താൻ.മഴ ചെറുതായി പെയ്തു തുടങ്ങിയെങ്കിലും മഴ നനയാൻ നേരത്തെ തന്നെ തീരുമാനിച്ച ഞങ്ങൾ വണ്ടി നിർത്തിയില്ല. പക്ഷേ മഴ അത്രയ്ക്ക് പെയ്തില്ല.പുനലൂർ പോയപ്പോ മഴ നനഞ്ഞു കുളിച്ചാണ് വന്നത്.



"ഡേയ് നീ ഇതെല്ലാം ബ്ലോഗിൽ ഇടുമോ "

"ആമാണ്ടാ , എനിക്ക് എന്ത് വേണേലും എഴുതാലോ നിനക്ക് മലയാളം വായിക്കാൻ അറിയില്ലല്ലോ ഹുഹുഹു"

ഇടയ്ക്കൊന്നു നിർത്തി ഒരു സർബത്ത് കുടിച്ചു. തിരുവനന്തപുരം എത്താറായപ്പോഴേക്കും നല്ല വെയിലായി. മൂന്നിന് മുൻപ് തന്നെ ഞങ്ങൾ റൂമിൽ തിരിച്ചെത്തി.

5 comments:

Powered by Blogger.