Karnataka Trip 01 | Agumbe - Sringeri
മംഗലാപുരത്തു നിന്ന് സ്‌കൂട്ടർ വാടകയ്ക്ക് എടുത്തു ഉഡുപ്പി വഴി അഗുംബെ എത്തുന്നു.അവിടെ
രണ്ടു ദിവസം കറങ്ങി ഇടയ്ക്കൊന്നു ശൃംഗേരിയും പോയി തിരികെ കർക്കലയും മുടിബിദിരിയും കണ്ടു തിരികെ മംഗലാപുരത്തു എത്തി അവിടന്ന് ഇതേ ട്രെയിനിന് തിരികെ തിരുവനന്തപുരം ഇതാണ് പ്ലാൻ.
ഒടുവിൽ എറണാകുളത്തു നിന്ന് ഒരു ചേട്ടൻ കയറി. ഇനിയിപ്പോ ഇരുന്ന് മംഗലാപുരം എത്തേണ്ടി വരുമെന്ന് കരുതിയപ്പോൾ TTR വന്നു ആ ചേട്ടനോട് വേറെ സീറ്റിൽ ഇരുന്നോ എന്ന് പറഞ്ഞു. അവർ തലശ്ശേരി വരെയേള്ളൂ. അങ്ങനെ കിടക്കാനുള്ള സൗകര്യം കിട്ടി. ഇനിയൊന്നു നടുവ് നിവർത്താം. Powerbank ചാർജ് ചെയ്യാൻ ഇട്ടിട്ടുണ്ട്.അതിന്റെ കേബിൾ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ചാർജ് കേറില്ല.അതുകൊണ്ട് ഇടയ്ക്ക് എണീക്കുമ്പോഴൊക്കെ ചാർജ് ആവുന്നുണ്ടോ എന്ന് നോക്കിയാണ് കിടപ്പ്.
എട്ടിന് എത്തേണ്ടിയിരുന്ന ട്രെയിൻ ഏഴരയ്ക്ക് മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തി. സ്കൂട്ടർ റെന്റിന് എടുത്തിരിക്കുന്നത് ഒൻപതര മുതലാണ്. ഇനിയും ഒരുപാട് സമയമുണ്ട്. ഇന്ദ്ര ഭവൻ എന്ന റെസ്റ്ററന്റാണ് ബ്രേക്ക്ഫാസ്റ് കഴിക്കാൻ നോക്കി വച്ചേക്കുന്നത്. അമ്പതു വര്ഷം പഴക്കമുള്ള restaurant ആണത്.
മാപ്പും നോക്കി അവിടേക്ക് നടന്നു.റോഡിൽ എവിടെ നോക്കിയാലും സ്റ്റുഡന്റസ് ആണ്.
ഏതാണ്ടൊരു കിലോമീറ്റർ നടന്നു സ്ഥലത്തെത്തി.ഇന്ദ്ര ഭവനിൽ നിന്നും പൂരി മസാലയും കഴിച്ചു തിരികെ ഓട്ടോ പിടിച്ചു റോയൽ brothers ന്റെ ഓഫീസിലെത്തി.ഓട്ടോക്കാരൻ മീറ്റർ ഇട്ടിരുന്നു.പക്ഷേ മീറ്റർ നല്ല സ്പീഡിൽ ഓടുന്നുണ്ട്.അത് ഉടായിപ്പാണോ അതോ ഇവിടെ റേറ്റ് ഇങ്ങനാണോ എന്നറിയില്ല. എന്തായാലും അമ്പതു രൂപ കൊടുക്കേണ്ടി വന്നു.
മുൻപേ കർണാടകയിൽ എപ്പോഴൊക്കെ വണ്ടി വാടകയ്ക്ക് എടുത്തിട്ടുണ്ടോ അതെല്ലാം റോയൽ brothers ൽ നിന്നാണ്. സുസുക്കി avenis ആണ് വണ്ടി. 471 കിലോമീറ്റര് ആണ് ലിമിറ്റ്.Procedure എല്ലാം കഴിഞ്ഞു വണ്ടി കിട്ടി.പെട്രോൾ ഫുൾ ടാങ്ക് അടിച്ചു ഹൈവേയിലെത്തി.ഉഡുപ്പി വഴി നേരെ അഗുംബെ. ഏതാണ്ട് 110 കിലോമീറ്റർ ഉണ്ട്.നല്ല റോഡ് ആയതുകൊണ്ട് വൈകാതെ ഉടുപ്പിയെത്തി. ഉഡുപ്പിയിൽ നിന്ന് മണിപ്പാൽ കഴിഞ്ഞാൽ പിന്നെ തിരക്കില്ല. പക്ഷേ റോഡുപണി നടക്കുന്നതുകൊണ്ട് ഇടയ്ക്ക് ചില ബുദ്ധിമുട്ടുണ്ട്.
ഹെബ്രെ (Hebre) എത്തുന്നതിനു മുൻപൊരു കാപ്പി കുടിച്ചു ഒരു ബ്രേക്ക് എടുത്തു. മഴ പെയ്തു തുടങ്ങി. Raincoat ഇട്ടു യാത്ര തുടർന്നു. മഴക്കാലത്തു ഇടാൻ വിഷ്ണു വാങ്ങിയ raincoat ആണിത്. തിരുവനന്തപുരത്തു മഴയില്ലാത്തതുകൊണ്ട് ഉപയോഗിക്കേണ്ടി വന്നില്ല എന്നുമാത്രം.എന്തായാലും എനിക്ക് ഉപകാരപ്പെട്ടു .
ഇനി ചുരമാണ്. ഏതാണ്ട് പതിമൂന്ന് ഹെയർപിൻ വളവുകളുണ്ട്. ചുരമെല്ലാം കയറി മുകളിലെത്തി.അഗുംബെ sunset പോയിന്റിൽ തിരക്കുണ്ട്. അവിടെ ഇറങ്ങി ഒന്ന് രണ്ടു ഫോട്ടോസെടുത്തു.
അഗുംബെ എത്തി.റൂം ബുക്ക് ചെയ്‌തിരിക്കുന്നത് മല്ല്യ ലോഡ്ജിൽ ആണ്.ഓണർ സുദീപ് ഭയ്യാ അവിടില്ല. അവിടെ അഗുംബെ പാക്കേജ് നടത്തുന്ന ഒരു മലയാളി ചേട്ടനെ പരിചയപെട്ടു.അങ്ങേരാണ് റിസെപ്ഷനില് ഇരിക്കുന്നത്. സുദീപ് ഭയ്യയുടെ വീട്ടിൽ എന്തോ പൂജ നടക്കുന്നുണ്ട് അതാണ് ആളിവിടെ ഇല്ലാത്തത്.
“ഞാൻ കഴിഞ്ഞ തവണ താമസിച്ചപോളും ആളുടെ വീട്ടിൽ പൂജ ഉണ്ടായിരുന്നു“
വാട്ടർഫാൾസ് എല്ലാം ക്ലോസ്ഡ് ആണെന്ന് ആ ചേട്ടൻ പറഞ്ഞു. അപ്പൊ ആ പ്ലാൻ എല്ലാം ക്യാൻസൽ !! ജോഗിഗുണ്ടി വാട്ടർഫാൾ ഒക്കെ ഏഴുകൊല്ലം മുൻപേ കണ്ടതാണ്.പിന്നെ വന്നപ്പോഴൊക്കെ മഴ കാരണം അടവായിരുന്നു.ഒരു തവണ കൊറോണ കാരണവും.
രണ്ടായിരത്തി പതിനാറിലാണ് ഞാനും കാർത്തിക്കും ആദ്യമായി അഗുംബെ വരുന്നത്. അന്ന് താമസിച്ചത് doddumane ൽ കസ്തുരി അക്കയുടെ വീട്ടിലാണ്. കസ്തുരി അക്ക 2020 ൽ മരിച്ചു. ഇപ്പൊ അവിടെ ഹോം സ്റ്റേ പരിപാടിയില്ല. അവസാനം അഗുംബെ വന്നപ്പോൾ താമസിച്ചത് മല്ല്യ ലോഡ്ജിലാണ്.
“ഒരു 2018 വരെ അഗുംബെ കണ്ടവരെ ശരിക്കുള്ള അഗുംബെ കണ്ടിട്ടുള്ളു “
എന്നാണ് ആ ചേട്ടൻ പറഞ്ഞത്. അത് ശരിയാണ്. ആദ്യം വന്നപ്പോ ഇവിടെ കടകൾ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പൊ മല്യ ലോഡ്ജ് കൂടാതെ ഒരു ഹോട്ടൽ കൂടെ വന്നിട്ടുണ്ട്. പിന്നെ രണ്ടു മൂന്നു restaurant വന്നു. എവിടെ നോക്കിയാലും ഹോം സ്റ്റേ ബോർഡുകൾ.ശാന്തമായ ഒരു അന്തരീക്ഷം ഇപ്പോഴില്ല.
റൂം ബോയ് വിഘ്‌നേശ് വന്നു കീ തന്നു. റൂമിലെത്തി ഫ്രഷായി പുറത്തിറങ്ങി. ഭക്ഷണം കഴിച്ചു ഞാൻ നേരേ കുന്ദ്രാദിയിലേക്ക് വിട്ടു. മലനാട് കാണാൻ പ്രേത്യേക ഒരു ഭംഗിയാണ്.കഴിഞ്ഞ തവണ വന്നപ്പോൾ ബസിലായിരുന്നു യാത്ര.ഇത്തവണ സ്‌കൂട്ടർ ഉള്ളതുകൊണ്ട് ഒരു സമാധാനത്തിൽ എല്ലാം കണ്ടു പോകാം. ഞാൻ ഒരു വളഞ്ഞ വഴിയാണ് പോകുന്നത്. എല്ലാ വഴിയും explore ചെയ്യാനാണ് പ്ലാൻ.കുന്ദ്രാദി പണ്ട് നടന്നു കയറിയതെല്ലാം ഓർത്തു ഞാൻ മുകളിലെത്തി.
താഴെ ഇപ്പൊ പോലീസുകാരൻ നിപ്പുണ്ട്.അങ്ങേർക്ക് ഹിന്ദി ഇംഗ്ലീഷ് ഒന്നും ഒരു വാക്ക് പോലും അറിയാത്തതുകൊണ്ട് ഞാൻ തന്നെ ബുക്ക് വാങ്ങി അതിൽ പേരും നമ്പറും എല്ലാം എഴുതി.
മുകളിൽ രണ്ടു ചേട്ടന്മാർ മാത്രമേയുള്ളൂ. അവിടെ നിന്നാൽ മലനാടിന്റെ നല്ലൊരു വ്യൂ കിട്ടും. അതും കണ്ടു അവിടൊരു മണിക്കൂർ ഇരുന്നു. ഇവിടത്തെ ജെയിൻ ടെംപിൾ പണ്ട് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിൽ ആയിരുന്നു. ഇപ്പൊ മതിലൊക്കെ പണിതു ഗേറ്റ് ഒക്കെയുണ്ട്.
തിരികെ താഴെയെത്തിയപ്പോൾ ആ പോലീസ് എന്നോട് ഇരുപതു രൂപ ചോദിച്ചു. അങ്ങനൊരു ഫീസ് ഒന്നും ഇല്ലെന്നാണ് തോന്നുന്നത്.
അങ്ങേരോട് ഭാഷ അറിയാതെ തർക്കിക്കാൻ പറ്റാത്തതുകൊണ്ട് ഞാൻ അതും കൊടുത്തു പോന്നു.
വഴിയിലൊരു ചേച്ചിയുടെ കടയിൽ നിന്നും കാപ്പി കുടിച്ചു ആഗുമ്പേയെത്തി.
റൂമിൽ കേറാതെ നേരേ sunset പോയിന്റിലേക്ക് പോയി. ഇവിടെ ഒരുപാട് തവണ വന്നിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് നല്ലൊരു sunset കാണുന്നത്. എപ്പോഴും മഴയായിരിക്കും അല്ലെങ്കിൽ മേഘം. അതുകൊണ്ട് അവിടെ തന്നെ നിന്ന് കണ്ടു. ഇടയ്ക്ക് രണ്ടു ചെക്കന്മാർ വന്നു തകർത്തു ഫോട്ടോ എടുക്കുന്നുണ്ട്. അവന്മാർ സംസാരിക്കുന്നത് കന്നടയൊക്കെ തന്നെ.എന്നാലും ഇടയ്ക്ക് മലയാളം വാക്കുകൾ കേറി വരുന്നുണ്ട്.
ഇനിയിപ്പോ ഇവന്മാർ കാസർഗോഡ് നിന്നാകുമോ ? ചോദിച്ചേക്കാം
അവർ സംസാരിക്കുന്നത് ബ്യാരി ഭാഷ ആണത്രേ .. കർണാടകയിലേക്ക് കുടിയേറിയ മുസ്ലിംസ് സംസാരിക്കുന്നതാണത്രേ. ആളുടെ വീട് ശൃംഗേരിക്കടുത്തു കൊപ്പയിലാണ്.
ഇരുട്ടായപ്പോൾ താഴെ ചുരമിറങ്ങി ചെന്ന് പെട്രോൾ അടിച്ചു. ആവശ്യത്തിന് ആൾറെഡി ഉണ്ടാവും.എന്നാലും എങ്ങാനും തീർന്നു പോയാലോ എന്ന് കരുതിയാണ് വീണ്ടും ഫുൾ ടാങ്ക് അടിച്ചത്.
റൂമിലെത്തി കുളിച്ചു പുറത്തിറങ്ങി. Sunset ന്റെ ഫോട്ടോസ് ഞാൻ ഇൻസ്റ്റാഗ്രാമിൽ ഇട്ടപ്പോൾ ഹിതേഷ് മെസ്സേജ് അയച്ചു. കഴിഞ്ഞ തവണ കുന്ദാദ്രി നടന്നു കയറി ക്ഷീണിച്ച എനിക്ക് തിരികെ ലിഫ്റ്റ് തന്നത് ഹിതേഷ് ആണ്. ഞാൻ വീണ്ടും അഗുംബെ എത്തിയോ എന്നാണ് അവൻ ചോദിച്ചത്. അങ്ങനെ കുറച്ചു നേരം മിണ്ടിയിരുന്നു.
പുറത്തിറങ്ങി.വല്യ തണുപ്പൊന്നുമില്ല.സുധീപ് ഭയ്യാ വന്നിട്ടുണ്ട്.കുറച്ചു നേരം സംസാരിച്ചു.കവലദുർഗയെ പറ്റിയൊക്കെ ചോദിച്ചു മനസിലാക്കി. ബ്രേക്ഫാസ്റ്റും കഴിച്ചിട്ട് നേരേ വിട്ടോ എന്നാണ് ഭയ്യാ പറയുന്നത്.
രാവിലെ നേരത്തെ എണീറ്റ് ഫ്രഷായി breakfast കഴിച്ചു ഇറങ്ങി. നല്ല തണുപ്പുണ്ട്.അതുകൊണ്ട് jacket ഇട്ടു.ലിജോ ബ്രോയുടെ ജാക്കറ്റ് ആണ്.അഗസ്ത്യാർകൂടം ,ഗവി യാത്രകൾക്കും ഇതേ ജാക്കറ്റ് ആണ് ഉപയോഗിച്ചത്.
ഏകദേശം മുൻപത്തിയഞ്ചു കിലോമീറ്ററുണ്ട് അങ്ങോട്ടേയ്ക്ക്. വഴിയിലെങ്ങും ആരുമില്ല. ഇടയ്ക്കു ബസ് നോക്കി നിക്കുന്ന കുട്ടികളെ മാത്രം കാണാം. നല്ല റോഡ് ആയതുകൊണ്ട് അത്യാവശ്യം സ്പീഡിലാണ് പോകുന്നത്.
ഇടയ്ക്കൊരു നല്ല വ്യൂ കണ്ടപ്പോൾ നിർത്തി ഫോട്ടോസൊക്കെ എടുത്തു.തിരികെ വരുമ്പോൾ ഇവിടെ ഇറങ്ങണം.
ഒൻപതര ആയപ്പോൾ സ്ഥലത്തെത്തി. ഒരു കാറു കിടപ്പുണ്ട്.അപ്പോൾ ഞാൻ ഒറ്റയ്ക്കല്ല.
Jacket ഊരി വണ്ടിയിൽ വച്ചു . കുറച്ചു വെള്ളവും കുടിച്ചു നടക്കാൻ ആരംഭിച്ചു. അവിടെയുള്ള കടയിലെ ചേട്ടൻ വെള്ളം വാങ്ങുന്നോ എന്ന് ചോദിച്ചപ്പോൾ ഞാൻ വേണ്ടാന്നു പറഞ്ഞു. ഏതാണ്ട് മൂന്നു കിലോമീറ്റർ ആണ് നടക്കാറുള്ളത്. പാടത്തുകൂടിയാണ് നടത്തം തുടങ്ങുന്നത്.
എന്റെ കൂടെ രണ്ടു പട്ടികളും നടക്കാൻ കൂടിയിട്ടുണ്ട്.
നടന്നു പകുതി ആയപ്പോൾ തന്നെ ഞാൻ മടുത്തു
“വണ്ണം കുറയ്ക്കണം മോനേ എബി “
നടന്നിട്ട് കുറച്ചു കാലമായി.
“വെള്ളം ഒരു കുപ്പി വാങ്ങായിരുന്നില്ലേ ? “
ഇനി പറഞ്ഞിട്ടെന്താ കാര്യം. പോയി വരാം. പട്ടികൾ കൂടെയുള്ളത് ഒരു ധൈര്യമാണ്. ഒരു രണ്ടു കിലോമീറ്റർ ആയപ്പോൾ കോട്ടയുടെ ഭാഗങ്ങൾ കണ്ടു തുടങ്ങി.
ഒൻപതാം നൂറ്റാണ്ടിലാണ് ഈ കോട്ട ആദ്യമായി പണിതത്.പതിനാലാം നൂറ്റാണ്ടിൽ ഇത് പുനർനിർമിച്ചു. കേലാടിയിലെ നായകന്മാരുടെ കീഴിലായിരുന്നു ഇതെല്ലാം നടന്നത്. വിജയനഗര സാമ്രാജ്യം തകർന്നപ്പോൾ നായകന്മാർ സ്വതന്ത്രരായി.കേലാടി വംശത്തിന്റെ അവസാനത്തെ തലസ്ഥാനം ആയിരുന്നു കവലദുർഗ്ഗ. ഭുവനഗിരി എന്നും ഇതറിയപ്പെടുന്നുണ്ട്.
എന്തോ ശബ്ദം കേൾക്കുന്നുണ്ട്. ആ മഹാരാഷ്ട്ര കാറിൽ വന്നവരാവും. കിതച്ചു കിതച്ചു ഞാൻ സ്ഥലത്തെത്തി. ഒരു പാറയുടെ മുകളിൽ കുറച്ചു പയ്യന്മാരുണ്ട് . അവർ സംസാരിക്കുന്നത് പക്ഷേ കന്നഡയാണ്. അപ്പൊ ആ കാറിൽ വന്നത് ?
ഞാൻ മുന്നോട്ട് നടന്നു. രണ്ടു പട്ടികളും കൂടെയുണ്ട്. ഇടയ്ക് എന്തോ ശബ്ദം കേട്ടപ്പോൾ പട്ടികൾ രണ്ടും പാഞ്ഞു. ഒരു അണ്ണാൻ ആയിരുന്നു അത്. പാവങ്ങൾക്ക് നല്ല വിശപ്പുണ്ടെന്നു തോന്നുന്നു.ഇനി ഇവന്മാർക്ക് വിശന്ന് എന്നെ കടിക്കുവോ ? ഫോണിന് റേഞ്ച് ഉള്ളതുകൊണ്ട് ചാവുന്നതിനുമുമ്പേ ആരെയെങ്കിലും വിളിച്ചു കാര്യം പറയാം.
നടന്നു നടന്നു ഞാൻ ആ കുളത്തിന്റെ അവിടെ എത്തി. നല്ലോണം മടുത്തതുകൊണ്ട് ഞാൻ അവിടെ കുറച്ചു നേരം ഇരുന്നു. എന്നോട് എന്റെ സഞ്ചാരി ഫ്രണ്ട് ഫസ്‌ലു ,ഇതിന്റെ അടുത്തൊരു വ്യൂ പോയിന്റ് ഉണ്ട് അവിടെ പോകണം എന്ന് പറഞ്ഞിരുന്നു. അതിന്റെ വഴി എവിടാ എന്ന് മെസ്സേജ് അയച്ചു ചോദിച്ചു . അവന്റെ റിപ്ലൈ വരുന്നതിനു മുൻപേ ഞാൻ കുറച്ചു തിരഞ്ഞു നോക്കിയെങ്കിലും ഒറ്റയ്ക്ക് ആ കാടു കയറാൻ ചെറിയ പേടി വന്നതുകൊണ്ട് തിരികെ കുളത്തിന്റെ അവിടെ വന്നിരുന്നു. ഫസ്‌ലു ന്റെ റിപ്ലൈ വന്നു. അവിടന്നു കുറച്ചു ദൂരമേയുള്ളൂ . അടിപൊളി വ്യൂ ആണ് . അവിടം വരെ പോയതല്ലേ അതും കൂടെ കണ്ടിട്ട് വരൂ എന്ന് അവൻ.
“സംഭവമൊക്കെ ശരി തന്നെ പക്ഷേ ഒരു പാമ്പിനെ കണ്ടാൽ എന്റെ ജീവൻ പോകും. അതാ ഒരു പേടി “
എന്റെ കൂടെ വന്ന രണ്ടെണ്ണത്തിനെ കാണാനും ഇല്ല. ഫോട്ടോസൊക്കെ എടുത്തു ആ വഴി ഒന്നുടെ നോക്കിയപ്പോൾ ദാ വരുന്നു എന്റെ പട്ടികൾ. ഞാൻ ഫസ്‌ലു പറഞ്ഞ വഴി നടന്നു. ഇവന്മാർ എന്റെ മുന്നിലൂടെ പോയി. അപ്പൊ എനിക്കൊരു ധൈര്യമായി. കുറച്ചു കയറ്റയൊക്കെ കയറി ഞാൻ മുകളിലെത്തി.
അവൻ പറഞ്ഞത് വെറുതെയല്ല. നല്ല വ്യൂ ഉം നല്ല കാറ്റും. ഞാൻ അവിടെ ഏതാണ്ട് ഒരു അരമണികൂർ ഇരുന്നു. പട്ടികൾ അവിടെ കിടന്നു ഉറങ്ങി.
“പാവങ്ങൾ, ചെന്നിട്ട് ഇവന്മാർക്ക് വയറു നിറയെ ബിസ്ക്കറ്റ് വാങ്ങിച്ചു കൊടുക്കണം.”
ഞാൻ എണീറ്റപ്പോൾ അവന്മാരും എണീറ്റു.താഴെ എത്തിയപ്പോൾ രണ്ടു പയ്യന്മാരെ കണ്ടു.അവരുടെ കയ്യിൽ ബാഗുണ്ട്. എനിക്കാണേൽ ദഹിച്ചിട്ടു വയ്യ. പക്ഷേ അവരുടെ കയ്യിൽ വെള്ളമില്ല.
"പിന്നെ ആ ബാഗിൽ ഏതു തേങ്ങയാണാവോ ഇവന്മാർ ഇട്ടോണ്ട് നടക്കുന്നത്., ഇനിയിപ്പോ വെള്ളം തരാത്തത് ആണോ ? "
ഞങ്ങൾ മൂന്നും പയ്യേ നടന്നു തിരിച്ചെത്തി.
ഒരു ബോട്ടിലെ വെള്ളവും രണ്ടു പാക്കറ്റ് ബിസ്‌ക്കറ് ഉം വാങ്ങി. ഇവന്മാർ കഴിച്ചുകൊണ്ട് ഇരിക്കുമ്പോൾ വേറൊരു പട്ടി വന്നു. അവൻ ആണെന്നു തോന്നുന്നു ഇവിടത്തെ മെയിൻ. എന്റെ പട്ടികൾ മാറി നിന്ന്. പിന്നെ രണ്ടു പാക്കറ്റ് കൂടെ വാങ്ങി ഞാൻ ബിസ്ക്കറ്റ് പലയിടത്തു ഇട്ടു കൊടുത്തു.
| ഇടതു നിക്കുന്നവന്മാരാണ് നമ്മുടെ പട്ടികൾ. |
അവിടെ നിന്നൊരു ചേട്ടൻ ഇരുപതു രൂപ ചോദിച്ചു . ഇന്നലത്തെ അബദ്ധം ഇന്ന് പറ്റണ്ട എന്ന് കരുതി ഇന്ന് ഞാൻ രസീത് ചോദിച്ചു. അങ്ങേരുടെ കയ്യിൽ അതുണ്ടായിരുന്നു. അപ്പൊ ഊടായിപ്പല്ല .അതും കൊടുത്തു ഞാൻ ഇറങ്ങി.
അങ്ങോട്ട് പോകുമ്പോൾ നോക്കി വച്ച സ്ഥലത്തു ഇറങ്ങി. കവലദുർഗെയുടെ മുകളിൽ നിന്ന് നോക്കിയപ്പോൾ ഈ ഭാഗം കണ്ടിരുന്നു. അവിടെയും ഇറങ്ങി കാൽ വെള്ളത്തിൽ വച്ച് അവിടിരുന്നു.
ഇനി നേരേ ശൃംഗേരി. ഏതാണ്ട് നാൽപതു കിലോമീറ്ററുണ്ട്. ഇടയ്ക്ക് മഴ പെയ്തു. ശൃംഗേരി എത്തി. വണ്ടി പാർക്ക് ചെയ്തു അകത്തെത്തി . ഇത് മൂന്നാം തവണയാണ് ഇവിടെയെത്തുന്നത്.
ആൾകാരില്ലാതെ ഒരു ഫോട്ടോ എടുക്കാൻ നോക്കിയപ്പോൾ രണ്ടു പെൺകുട്ടികളുടെ ഫോട്ടോഷൂട് തീരുന്നില്ല.
അത് കഴിയുന്നവരെ മഴയും നനഞ്ഞു ഞാൻ വെയിറ്റ് ചെയ്തു. ഫോട്ടോസ് എടുത്തു കഴിഞ്ഞപ്പോൾ അവരുടെ റീൽസ് ഷൂട്ടിംഗ് !!! ഇവളുമാരിത് എന്തോന്ന്.
ഒടുവിൽ ഫോട്ടോസൊക്കെ എടുത്തു.അമ്പലത്തിൽ കയറി അവിടെ കുറച്ചു നേരം ഇരുന്നു.
അമ്പലത്തിൽ വലിയ തിരക്കില്ല. ഒരു ചേച്ചി വന്നു കന്നടയിൽ എന്തോ ചോദിച്ചു.
"കന്നഡ തെരിയാത്" എന്ന് പറഞ്ഞപ്പോൾ
"അപ്പൊ തമിഴ് വരുമാ "
" ആഹ് , തമിഴ്, ഹിന്ദി, മലയാളം "
പാലത്തിന്റെ അപ്പുറത്തു പോകാൻ പറ്റുമോ എന്നാണ് ചേച്ചിക്ക് അറിയേണ്ടത്. എനിക്കതു അറിയില്ലാ എന്ന് പറഞ്ഞപ്പോൾ ചേച്ചി ഒരു പുച്ഛമിട്ടു പോയി.
ശൃംഗേരി ksrtc സ്റ്റാൻഡിന്റെ അടുത്തൊരു കടയിൽ ഭക്ഷണം കഴിച്ചു. സ്റ്റാൻഡ് കണ്ടപ്പോൾ കഴിഞ്ഞ തവണ ഇവിടന്ന് ചിക്കമഗളൂർ പോയതൊക്കെ ഓർമ്മ വന്നു.
ഇനി തിരികെ അഗുംബെ.
പോകുന്ന വഴിയിൽ നിന്ന് കുറച്ചു മാറിയാൽ കുന്ദ്രാദി പോകാം .എന്നാപ്പിന്നെ അവിടെ ഒന്നുടെ പോകാം. അങ്ങനെ പോകുമ്പോ ഒരു പാമ്പ് റോഡ് മുറിച്ചു കടക്കുന്നു . ഭാഗ്യത്തിന് വണ്ടിയുടെ കണ്ട്രോൾ പോയില്ല. ഞാൻ വണ്ടി നിർത്തി അത് പോകുന്ന വരെ വെയിറ്റ് ചെയ്തു. അഗുംബെ രാജവെമ്പാലകളുടെ നാടാണ്. കണ്ടത് രാജവെമ്പാലയെ ആണോ എന്നറിയാൻ ഒന്ന് ഗൂഗിൾ ചെയ്തു അതെങ്ങനെ ഇരിക്കുമെന്ന് നോക്കാൻ പോലും ധൈര്യമില്ലത്തതുകൊണ്ട് ഞാനത് ചെയ്തില്ല.
കുന്ദാദ്രിയിൽ കുറച്ചു പേരുണ്ടായിരുന്നു. അമ്പലത്തിലെ പൂജാരി എന്നോട് നാടെവിടാ എന്നൊക്കെ ചോദിച്ചു. നാലരയ്ക്ക് താഴെ ഗേറ്റ് പൂട്ടും അതിനുമുമ്പേ വരണം എന്നും പറഞ്ഞു ആൾ പോയി. കുറച്ചു നേരം ഞാൻ ഒറ്റയ്ക്കായിരുന്നു. ഇറങ്ങാം എന്ന് കരുതിയപ്പോൾ ഒരു വാൻ നിറയെ ആൾകാർ വന്നു. രാജസ്ഥാനക്കാരാണ്. കുടുംബമാണ്.അവർ ശൃംഗേരി എന്ന് കേട്ടിട്ടുപോലുമില്ല. പിന്നെ എങ്ങനെ ഇവിടെ എത്തിപ്പെട്ടു എന്നറിയില്ല.
ചെറുതായൊന്നു മഴ പെയ്തപ്പൊ കുന്ദ്രാദിയുടെ വിശ്വരൂപം പുറത്തുവന്നു. വേഗം കോട വന്നു നിറഞ്ഞു. ഇതൊന്നു കാണാനാണ് ഞാൻ ഇന്നലെയും ഇന്നും വന്നത്. സന്തോഷം!
താഴെ എത്തിയപ്പോൾ ആ പൂജാരി എന്താ ഇത്ര ലേറ്റ് ആയേ എന്ന് ചോദിച്ചു (എന്നാണ് ഞാൻ ഊഹിച്ചത് )
ഗേറ്റ് തുറന്നു തന്നു. അങ്ങേര് പൈസ ഒന്നും വാങ്ങിച്ചില്ല. ഇന്നലെ പൈസ വാങ്ങിയ പോലീസുകാരനെ സ്മരിച്ചു ഞാൻ വണ്ടി വിട്ടു. വഴിയിലൊരു ചേട്ടന് ലിഫ്റ്റ് കൊടുത്തു.
"ആദ്യമായിട്ടാണോ വരുന്നത് ?" (first time എന്ന വാക്ക് വച്ചിട്ട് ഞാൻ ഊഹിച്ചു )
"അഞ്ചാമത്തെ തവണ " (ഞാൻ കൈകൊണ്ട് ആംഗ്യം കാട്ടി)
ഒരു ജംഗ്ഷനിൽ എത്തിയപ്പോ ചേട്ടൻ അവിടിറങ്ങി.ഞാൻ നേരേ sunset പോയിന്റിലേക്ക് പോയി.
ഇന്ന് sunset അത്ര പോരാ, അതുകൊണ്ട് അധിക നേരം sunset പോയിന്റിൽ നിന്നില്ല. തിരികെ വരുമ്പോൾ ഒരു ചായയും ചോളവും കഴിച്ചു. അവിടെ ഇരുവശത്തും ഗ്രൗണ്ട് ഉണ്ട്. രണ്ടിലും നിറയെ കുട്ടികൾ കളിക്കുന്നുണ്ട്. ഇതിനുമാത്രം കുട്ടികൾ ഈ ഗ്രാമത്തിലുണ്ടോ ?
റൂമിലെത്തി കുളിച്ചു ഒരു ചായ കുടിക്കാൻ കയറി. മമ്മിയെ വീഡിയോ കാൾ ചെയ്തു സംസാരിച്ചിരുന്നു.
“എന്താടാ നിന്റെ ചുണ്ട് ചുമന്നിരിക്കുന്നത് ? “
“ഒന്നും പറയണ്ട ഒരു ചോളം കഴിച്ചതാണ്. അതിൽ പുരട്ടിയ മുളകും നല്ല ചൂടും കാരണം ഇങ്ങനയായി”
പിന്നീട് ഭക്ഷണവും കഴിച്ചു റൂമിലെത്തി.
ഇനി നാളെ എന്ത് ചെയ്യും ? അതാണ് ആകെ കൺഫ്യൂഷൻ. ഷിമോഗയിലൊരു ടെംപിൾ നോക്കി വച്ചിട്ടുണ്ട്. പക്ഷേ ഏതാണ്ട് നൂറു കിലോമീറ്റര് വണ്ടി ഓടിക്കണം. ജോഗ് ഫാൾസ് കൂടെ കാണാം എന്ന് കരുതിയാൽ അതിനു വീണ്ടും അറുപതു കിലോമീറ്റർ പോണം. കുടജാദ്രിയും പ്ലാനിൽ കയറി വന്നു. ഒടുവിൽ ഇനി അത്രയും ദൂരം വണ്ടി ഓടിക്കണ്ട എന്ന തീരുമാനത്തിലെത്തി.
എന്റെ മറ്റന്നാളത്തെ പ്ലാൻ ഞാൻ നാളത്തേക്ക് മാറ്റി. നേരെ കർക്കല അവിടന്ന് മൂഡുബിദിരി അവിടന്ന് വൈകുന്നേരം manglore . എന്നിട്ട് ശനിയാഴ്ച മംഗലാപുരത്തു ഒരു ഫുഡ് ടൂർ നടത്താം.
രണ്ടാം ഭാഗം ഇവിടെ വായിക്കാം : Click here







Abi....
ReplyDelete