Munnar Memories 01 | ആനക്കുളം | Idukki
ഹിമാചൽ അടക്കം ഏതാണ്ട് പതിനാറു സംസ്ഥാനത്തു പോയിട്ടുണ്ടെകിലും സ്വന്തം ജില്ലയായ ഇടുക്കി കാണാത്തവൻ എന്ന ചീത്തപ്പേര് മാറ്റാൻ തീരുമാനിച്ചത് പികോളിൻസ് വൈബ് (Pikolins Vibe ) എന്ന യൂട്യൂബ് ചാനലിലെ വീഡിയോസ് കാണുമ്പോഴാണ്. ആ ചാനലിലെ കോളിൻ ഇടുക്കിയിലെ ഓരോ സ്പോട്ടും അരിച്ചുപെറുക്കി അടിപൊളി വീഡിയോസ് ഇടും. അതെല്ലാം കണ്ടു കൊതി വരും. അതിൽത്തന്നെ ആനക്കുളം വീഡിയോ എന്റെ ഫേവറേറ്റ് ആണ്.
ഒരു ഒന്ന് ഒന്നര കൊല്ലം മുൻപേ കോളിൻ തന്നെ ഇട്ട വീഡിയോ കണ്ടപ്പോഴേ ആനക്കുളം മനസ്സിൽ കയറിയതാണ്. ഓഗസ്റ്റിൽ പോകാൻ തിരുമാനിച്ചപ്പോ ഇടുക്കിയിൽ റെഡ് അലെർട്. പിന്നെ വീണ്ടും ആനക്കുളം വീഡിയോ കണ്ടപ്പോൾ എന്തായാലും പോണമെന്നു ഉറപ്പിച്ചു.
കോളിൻ ആ വിഡിയോയിൽ മുന്നാറിൽ നിന്ന് ലെച്മി എസ്റ്റേറ്റ് വഴിയാണ് മാങ്കുളത്തേക് പോകുന്നത്. എന്നാൽ അതുപോലെ തന്നെ പോകാമെന്നു കരുതി ഞാൻ മുന്നാറിൽ നിന്നും സ്കൂട്ടർ വാടകയ്ക്ക് ബുക്ക് ചെയ്തു.
തിരുവനന്തപുരത്തു നിന്നും രാത്രി മിന്നലിനു കയറി രാവിലെ മൂന്നാർ എത്തി നേരെ മാങ്കുളം വഴി ആനക്കുളം .അവിടെ ഒരു ദിവസം നിന്ന്,ആനയെ കണ്ടു അടുത്ത ദിവസം രാവിലെ അവിടെ നിന്നിറങ്ങി മൂന്നാർ വന്നു മറയൂർ,കാന്തല്ലൂർ പോയി തിരികെ വന്നു മുന്നാറിൽ സ്റ്റേ. അടുത്ത ദിവസം ഗ്യാപ് റോഡ് വഴിയൊന്നു കറങ്ങി യാത്ര അവസാനിപ്പിച്ചു തിരികെ തിരുവനന്തപുരത്തേക്ക്. ഇതാണ് പ്ലാൻ. അങ്ങനെ ആനക്കുളം യാത്രവഴി മൂന്നാറും ഒന്ന് കറങ്ങാം.
മിന്നലിൽ അധികം ആളുണ്ടായിരുന്നില്ല.കുറച്ചു വൈകി ഒരു ആറര ആയപ്പോൾ ksrtc സ്റ്റാൻഡ് എത്തി. ഞാൻ സ്കൂട്ടർ വിളിച്ചു പറഞ്ഞ കട ഓപ്പൺ ആണ്. പക്ഷേ അവിടെ റിവ്യൂ മോശമാണ്. നല്ല റിവ്യൂ ഉള്ള ഗോകുലം ബൈക്ക് റെന്റൽസ് അടുത്തുണ്ട്. അവിടെ വിളിച്ചപ്പോൾ വണ്ടി ഉണ്ട്. പക്ഷേ തുറക്കാൻ എട്ടു മണിയാകും.ഞാനൊരു ചായയൊക്കെ കുടിച്ചു എട്ടുമണിയാക്കി.
സ്കൂട്ടർ എടുക്കണമെങ്കിൽ റൂം ബുക്ക് ചെയ്തതിന്റെ പ്രൂഫ് വേണമത്രേ, ഞാൻ ആനക്കുളം ആണ് പോകുന്നേ , അവിടെ ചെന്നിട്ട് റൂം നോക്കാനാണ് പ്ലാൻ എന്നൊക്കെ പറഞ്ഞെങ്കിലും അവർ സമ്മതിക്കുന്നില്ല.ഓണറോട് ചോദിക്കട്ടെ എന്നും പറഞ്ഞു അവർ ഫോൺ എടുത്തപ്പോ ഞാൻ ഇതേ ജില്ലക്കാരനാണ് എന്നൊക്കെ പറഞ്ഞു നോക്കി.അതുകൊണ്ട് ആണോ എന്തോ വണ്ടി കിട്ടി.
ബ്രേക്ക്ഫാസ്റ്റ് വഴിയിൽ നിന്നാവാം. ലെച്മി എസ്റ്റേറ്റ് വഴി ചെറുതാണ്.എങ്കിലും നല്ല റോഡാണ്. ആദ്യമായിട്ട് ആണ് തേയില തോട്ടത്തിലൂടെ വണ്ടി ഓടിച്ചു പോകുന്നത്. ഒരു കിലോമീറ്റർ പോലും വണ്ടി നിർത്താതെ ഓടിച്ചിട്ടില്ല. അത്രയും തവണ വണ്ടി നിർത്തി ഫോട്ടോ എടുത്തിട്ടുണ്ട്.

ഇടയ്ക്ക് ആൾതാമസം ഉണ്ട്. എസ്റ്റേറ്റിലെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളും, ചെറിയ സ്കൂളുകളും, കാന്റീനും എല്ലാം കാണാം.
രാവിലെ സ്കൂളിൽ പോകുന്ന പിള്ളേരൊക്കെ വഴിയിലുണ്ട്.ഈ റോഡ് അധികം ആൾക്കാർ പോകുന്ന വഴിയല്ല അതുകൊണ്ട് തന്നെ അധികം തിരക്കില്ല. സമാധാനമായി വണ്ടി ഓടിച്ചു കാഴ്ചകൾ ഒക്കെ കണ്ടു പോകാം. നല്ല തണുപ്പുമുണ്ട്.ആദ്യ അരമണിക്കൂറിൽ തന്നെ മൂന്നാർ എനിക്കിഷ്ടായി.
(എന്നാലും എന്റെ സാറേ നമ്മളിത് അറിയാതെപോയല്ലോ ….)

എസ്റ്റേറ്റ് കഴിയാറാവുമ്പോ ഇറക്കമാണ്.അവിടെ മാത്രം റോഡ് ഇച്ചിരെ മോശമാണ്.താഴേക്ക് ഇറങ്ങി മാങ്കുളം റോഡിലേക്ക് കയറി. നല്ല അടിപൊളി റോഡ് ആണ് ഇനി. ഇടയ്ക്ക് ടൈഗർ കേവ് എന്നൊരു ബോർഡ് കണ്ടപ്പോ അവിടെ നിർത്തി. അവിടെ നിന്നും ടൈഗർ കേവിലേക്കും അതും കഴിഞ്ഞു നക്ഷത്രകുത്ത് എന്ന വെള്ളച്ചാട്ടത്തിലേക്കും പോകാം. വെള്ളച്ചാട്ടത്തിലേക്ക് ഇപ്പോൾ പ്രേവശനമില്ല.മഴക്കാലം ആയതുകൊണ്ട് റിസ്ക് ആണത്രേ, പിന്നെ ആനയുടെ ശല്യവും ഉണ്ട്.അപ്പോൾ ടൈഗർ കേവ് മാത്രം കാണാം.
ടിക്കറ്റും എടുത്തു നടന്നു.ഞാൻ മാത്രമേയുള്ളു.കുറച്ചു പോയപ്പോ ഗൈഡ് അജയിനെ കണ്ടു. അവൻ എന്റെകൂടെ വഴി കാണിക്കാൻ വന്നു. ഓരോ പാറ കാണുമ്പോഴും അവൻ അകത്തേക്ക് പൊയ്ക്കോ പൊയ്ക്കോ എന്ന് പറഞ്ഞോണ്ടിരുന്നു. അകത്തോടെ നിരങ്ങി നിരങ്ങി അവസാനം എത്തി. എന്റെ ഫോട്ടോ എടുത്തുതരാൻ അവനെന്തോ നിർബന്ധം ഉള്ളതുപോലെ. അങ്ങനെ രണ്ടു മൂന്നു ഫോട്ടോസെടുത്തു. ഞാൻ ഒരു ആംഗിൾ പറഞ്ഞു എടുപ്പിച്ച ഫോട്ടോ കൊള്ളാമെങ്കിലും തലേദിവസം ട്രിം ചെയ്തപ്പോ സംഭവിച്ച ദുരന്തം കാരണം മോന്ത കാണാൻ നല്ല ഭംഗിയായിട്ടുണ്ട് എന്ന് പിന്നെ ആ ഫോട്ടോ എടുത്തു നോക്കിയപ്പോ മനസിലായി.
അവനോട് യാത്ര പറഞ്ഞു ഞാൻ നേരെ മാങ്കുളത്തു എത്തി. ഹോട്ടൽ ഹൈറേഞ്ച് ൽ കയറി. രണ്ടു പൊറോട്ടയും കടലക്കറിയും പറഞ്ഞു.
“ചേട്ടാ കാപ്പിയുണ്ടോ ? “
“ഉണ്ടല്ലോ “
“ബ്രൂ അല്ലാലോ “
“രണ്ടും ഉണ്ട് “
“അപ്പൊ, സാദാ കാപ്പി മതി “
നാട്ടിലെ കാപ്പിയാണ് എനിക്കിഷ്ടം. ബ്രൂ ഇഷ്ടമല്ല . അതുകൊണ്ട് എപ്പോ നാട്ടിൽ വന്നാലും കാപ്പി പരമാവധി കുടിക്കും. ഇതിപ്പോ യാത്ര ആണെങ്കിലും സ്ഥലം സ്വന്തം നാട് തന്നെയാണല്ലോ.അതുകൊണ്ട് നല്ല കാപ്പി കുടിക്കാം.
അവിടെ ടിവിയിൽ ഉത്തരാഖണ്ഡിലെ ടണലിൽ കുടുങ്ങി കിടക്കുന്നവരുടെ വാർത്തയാണ്. ഉച്ചയോടെ അവർ പുറത്തെത്തുമത്രേ.
ആഹാ കൊള്ളാലോ
ഞാൻ അവിടെ നിന്നിറങ്ങി ഒരു തോർത്ത് വാങ്ങി. 33 വാട്ടർഫാൾസിൽ കുളിക്കാനാണ് ഉദ്ദേശം. കോളിന്റെ വീഡിയോയിൽ തന്നെ കണ്ടതാണ് ഈ വെള്ളച്ചാട്ടവും .അതിലേക്കുള്ള വഴി ഇച്ചിരെ ബുദ്ധിമുട്ടായിരുന്നു.നല്ല കുത്തനെയുള്ള ഇറക്കം കുറെയുണ്ടായിരുന്നു. പിന്നെ നല്ല കയറ്റം.
വഴിയിൽ ഉണക്കാനിട്ടിരിക്കുന്ന റബ്ബർ ഷീറ്റും, കാപ്പിക്കുരുവും , കൊക്കോകയും , പുല്ലരിയുന്ന ചേട്ടനും എല്ലാം ഒരു ഇടുക്കി ഫീൽ തരുന്നുണ്ട്.
വെള്ളച്ചാട്ടത്തിൽ മലപ്പുറത്തുകാർ രണ്ടുപേരുണ്ട്.നല്ല തണുത്ത വെള്ളത്തിൽ കുളിയും പാസാക്കി, ഹാങ്ങിങ് ബ്രിഡ്ജും കണ്ടു നേരെ ആനകുളത്തേക്ക് പോയി. 'കുവൈറ്റ് സിറ്റി' കഴിഞ്ഞുവേണം ആനക്കുളം എത്താൻ .
ആന ഇപ്പോഴില്ല. ആന സാധാരണ വൈകുന്നേരം വന്നു ഒരു മൂന്ന് മണിക്കൂർ നിന്ന് രാത്രിയിൽ തിരികെ പോകും. പിന്നെ അതിരാവിലെ രണ്ടിനോക്കെ വന്നു ഒരു അഞ്ചാകുമ്പോ പോകും.
കോളിൻ എനിക്ക് റേഷൻ കടയുടെ മുകളിൽ റൂം ഉണ്ടെന്നു പറഞ്ഞു തന്നിരുന്നു. ഞാൻ അങ്ങോട്ട് പോയി ബാബു ചേട്ടനെ വിളിച്ചു. മുകളിൽ റൂം കാണിച്ചു തന്നു. നല്ല റൂം. കുറച്ചു നേരം ഞാനൊന്നു ഉറങ്ങി. എഴുന്നേറ്റ് കുളിച്ചു ഊണ് കഴിക്കാൻ പോയി. പള്ളിയുടെ ഓപ്പോസിറ്റ് കാണുന്ന കടയിലും പിന്നെ ജനകീയ ഹോട്ടലിലും മാത്രമേ ഭക്ഷണം ലഭിക്കു. പള്ളിയുടെ മുൻപിലുള്ള കടയിൽ മാത്രമേ രാത്രി ഭക്ഷണം കിട്ടു എന്ന് കോളിൻ പറഞ്ഞിരുന്നു. അവിടേക്കാണ് ഞാൻ പോയത്.
നല്ല കുത്തരി ചോറും വൻപയറും . പിന്നെന്നാ വേണം ?
ഒരു ഓംലെറ്റും കൂടെ ആയപ്പോൾ കുശാലായി. കുറച്ചു ചോറും കൂടെ വാങ്ങി പുളിശ്ശേരി ഒഴിച്ചു . ഓഹ് എന്താ ടേസ്റ്റ്, വീട്ടിൽ മമ്മി ഉണ്ടാകുന്നതു പോലെ തന്നെ. നല്ല പുളിയുണ്ട്.
വയറും മനസും നിറഞ്ഞു. പുറത്തു നല്ല മഴ. അവിടെ നിന്നൊരു കാപ്പിയും വാങ്ങി അവിടിരുന്നു.
മഴ കുറഞ്ഞപ്പോൾ ആനകുളത്തേക്ക് പോയി. ആൾക്കാർ വന്നു തുടങ്ങുന്നതേയുള്ളൂ.ചെറുതായി ചാറ്റൽ മഴയുണ്ട്. ഞാൻ തോടിന്റെ അടുത്തൊക്കെ പോയി വന്നു. ഒരു കട്ടൻകാപ്പി കുടിക്കാൻ ഒരു കടയിൽ കയറിയപ്പോൾ കടി ഒന്നും എടുക്കുന്നില്ലേ എന്നൊരു ചോദ്യം
ചൂട് ബോളി വറുത്തു കോരുന്നത് കണ്ടപ്പോൾ ഒരെണ്ണം കഴിക്കാമെന്നു കരുതി. കഴിച്ചപ്പോ നല്ല ടേസ്റ്റ്. ഒരെണ്ണം കൂടെ കഴിച്ചു. പഴംപൊരി എന്ന് എല്ലാരും പറയുന്നതിനെ ഞങ്ങൾ വിളിക്കുന്നേ ബോളി എന്നാണ്. പേരിൽ മാത്രമല്ല ടേസ്റ്റിലും വ്യത്യാസം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.തിരുവനന്തപുരത്തു കിട്ടുന്നതൊക്കെ ഇതിന്റെ അടുത്ത് വയ്ക്കാൻ കൊള്ളത്തില്ല.
വാർത്ത നോക്കിയപ്പോൾ ഉത്തരാഖണ്ഡിലെ ടണലിൽ കുരുങ്ങിയവരെ പുറത്തെടുക്കാൻ രാത്രിയാകുമത്രേ. എന്നാലെന്താ ഇന്ന് പുറത്തിറങ്ങാമല്ലോ അവർക്ക്. ഇടയ്ക്ക് ഞാൻ കുറച്ചു ദൂരം പോയി കരിന്തിരിയാർ ഈ ആനക്കുളത്തു നിന്നു വരുന്ന തോടും കൂടി ചേരുന്ന സ്ഥലത്തേക്ക് പോയി വന്നു.
ഒരു വണ്ടിയിൽ മഹാരാഷ്ട്രക്കാർ വന്നു. സായിപ്പും മദാമ്മയും വന്നു. തമിഴരും കര്ണാടകക്കാരും ഉണ്ട്. ബുധനാഴ്ച ആയതുകൊണ്ടാണ് ഇത്രയും ‘കുറവ് ‘ ആൾക്കാർ അല്ലെങ്കിൽ ഒരുപാട് ഉണ്ടാവാറുണ്ട് എന്നാണ് ഒരു ജീപ്പ് ഡ്രൈവർ പറഞ്ഞത്. ഞാൻ തോടിന്റെ അടുത്തൊക്കെ പോയി വന്നു.
ആനകുളത്തിന്റെ ഐഡന്റിറ്റി തന്നെ ഈ ആനകൾ ആണ്.അത് കാണാൻ കാണാൻ വേണ്ടി മാത്രം ആൾകാർ വരുന്നു. അങ്ങനെ കുറച്ചു വരുമാനം എല്ലാവര്ക്കും കിട്ടുന്നു. ഇവിടെ വരുന്ന ആനകൾ അങ്ങ് അതിരപ്പള്ളിയിൽ നിന്നും അങ്ങ് നെല്ലിയാമ്പതിയിൽ നിന്നും വരെ വരുന്നവരാണ്.ഒരു ഉപ്പുരസമുള്ള ഉറവയിലെ വെള്ളം കുടിക്കാനാണ് ഇവർ ഇത്രയും ദൂരം നടന്നു വരുന്നത്.
വന്ന കുറേ പേര് തോടിന്റെ അടുത്തേക്ക് പോയി . മഹാരാഷ്ടക്കാരിലെ പയ്യൻ ഒരു ചിപ്സ് പാക്കറ്റ് ആയിട്ട് പോകുന്ന കണ്ടപ്പോഴേ ഞാൻ ഓർത്തു ഇവൻ ആ പ്ലാസ്റ്റിക് അവിടെ ഇടുമെന്നു.അതുപോലെ തന്നെ സംഭവിച്ചു.
അവന്റെ രണ്ടു ബന്ധുക്കൾ അവിടെ നിപ്പുണ്ട്.ഞാൻ അവരോട് പോയി പറഞ്ഞാലോ എന്നോർത്തു .എനിക്ക് നല്ല ദേഷ്യം വന്നിരുന്നു.അവരോട് ഹിന്ദിയിലും ഇംഗ്ലീഷിലും പറയാനുള്ള ഡയലോഗ് ഞാൻ മനസ്സിൽ പറഞ്ഞു സെറ്റ് ആക്കി. അവന്റെ ചേച്ചിയും ഒരു പാക്കറ്റ് വാങ്ങി പോയിട്ട് അതും അവിടെ ഇട്ടു. ഇനി എന്തായാലും പറയാതെ വയ്യ. ഞാൻ ധൈര്യം സംഭരിച്ചു ചെന്ന് പറഞ്ഞു. അവർക്ക് കാര്യം മനസിലായി. ആ ചേച്ചി അത് തിരിച്ചു എടുപ്പിക്കാം എന്നും പറഞ്ഞു.
പക്ഷേ എന്റെ സംസാരം കേട്ടിട്ടു അവർക്ക് തോന്നിക്കാണും എനിക്ക് ഇംഗ്ലീഷും ഹിന്ദിയും അറിയില്ല എന്ന്. നേരത്തെ ഉദ്ദേശിച്ച പോലൊന്നുമല്ല പറഞ്ഞത്.
അപ്പോഴാണ് ഒരു ചെക്കൻ, ഞാൻ വെള്ളം കുടിച്ചു നോക്കി, ഉപ്പുരസമുണ്ട്. വേണേൽ എന്റെ കൈ നക്കി നോക്കിക്കോ എന്നും പറഞ്ഞു വന്നത്. എനിക്ക് ചിരി വന്നു. ഞാൻ ചിരിച്ചത് അവർ .കേട്ടു . അവന്റെ പേര് ജാൻ എന്നാണ്. അവന്റെ അച്ഛന്റെ ഹോം സ്റ്റേയിലെ ഒരു മദാമ്മ ആയിട്ട് വന്നതാണ് അവൻ. അവനായിട്ടു കമ്പനിയായി. നല്ല വൈബ് ചെക്കൻ.
ഞങ്ങൾ കുറെ നേരം സംസാരിച്ചിരുന്നു. അവൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്നു
“ഏഴിലോ ? പോടാ അവിടന്ന് “
“അതേന്നേ …പൊക്കമില്ല എന്നേയുള്ളു ഞാൻ ഏഴിലാ പഠിക്കുന്നേ “
“അപ്പൊ ഇന്ന് സ്കൂൾ ഇല്ലേ ? “
“ഓ ഞാൻ പോയില്ല “
“അതെന്നാ ? “
“അച്ഛനും അമ്മയും വീട്ടിൽ ഇല്ലായിരുന്നു “
“അവരില്ലെങ്കിൽ എന്താ നിനക്ക് പൊയ്ക്കൂടേ “
“അല്ല 'അമ്മ ടീച്ചർ ആ, അമ്മയുടെ കൂടെയ ഞാൻ പോണേ , അപ്പൊ ഞാൻ അമ്മ ഇല്ലാലോ എന്നൊക്കെ പറഞ്ഞു ഞാൻ പോയില്ല “
ഇവൻ ആണ് മദാമ്മയോടു മിണ്ടുന്നതെല്ലാം.
“നീ ഇംഗ്ലീഷ് പറഞ്ഞു മദാമയെ പറ്റിക്കുവല്ലേടാ ?”
“ഞാൻ ഈസ്റ്റേൺ സ്കൂളിലാ പണ്ട് പഠിച്ചേ, അങ്ങനെ എനിക്ക് ഇംഗ്ലീഷ് അറിയാം “
മദാമ്മ ചിപ്സ് വാങ്ങാൻ 200 കൊടുത്തിട്ട് ചെക്കൻ നാൽപതു രൂപയുടെ ചിപ്സ് ആണ് വാങ്ങിയത്. ബാക്കി മദാമ്മ കൂടെയുള്ളവർക് എന്തെങ്കിലും വാങ്ങിച്ചോളാൻ പറഞ്ഞത്രേ
“എന്നിട്ട് നീ എന്ത് ചെയ്തു ?”
“ ഞങ്ങൾ ബോളിയും ചായയും വാങ്ങി “
ബാക്കി അമ്പതു അവന്റെ പോക്കറ്റിലുണ്ട്.
ഞാൻ തൊടുപുഴയിൽ നിന്നാണ് എന്ന് പറഞ്ഞപ്പോ ചെക്കന് തൊടുപുഴ ഇടുക്കിയിലാണ് എന്നറിയില്ല.
“ഇടുക്കിയിലെ ഏറ്റവും വലിയ സിറ്റി ഏതാണ് പറ “
“എനിക്കറിയില്ല ചേട്ടായി “
“എന്നാ കേട്ടോ തൊടുപുഴയാ “
പാലാ എവിടാന്ന് ചോദിച്ചപ്പോ ചെക്കനൊരു ഗസ് എടുത്തു. ഉത്തരം മലപ്പുറം
“നീയൊരു മണ്ടൻ തന്നെ “
അവനു കേരളത്തിലെ ജില്ലകളോ ഒന്നും അറിയില്ല
“നീ ഏഴാം ക്ലാസ്സിൽ ഇരിക്കേണ്ടവനല്ല ,നീ സത്യം പറഞ്ഞോ നീ നാലാം ക്ളാസിൽ അല്ലേ പഠിക്കുന്നെ ? അല്ലെങ്കിൽ നീന്റെ പ്രിൻസിപ്പാലിനോട് പറഞ്ഞു നിന്നെ നാലിൽ കൊണ്ടിരുത്തണം “
“പോ ചേട്ടായി “
മഴ ചെറുതായി വീണ്ടും പൊടിഞ്ഞപ്പോൾ അവൻ raincoat ഇട്ടുവന്നു.കയ്യിലൊരു കുർകുറെയും ഉണ്ട്.
“എടാ മാഗ്ഗി ഉണ്ടാക്കി കഴിഞ്ഞു ലെയ്സ് ഓ കുർകുറെയോ ഇട്ടാൽ നല്ലതാണ് “
“ആണോ ? “
“അതെ നീ ട്രൈ ചെയ്തു നോക്ക് “
ഞങ്ങൾ ഇങ്ങനെ സംസാരിച്ചു ഇരിക്കുമ്പോഴും നോട്ടം ആന വരുന്നുണ്ടോ എന്നാണ് . ഇടയ്ക്കൊന്നു കറന്റ് പോയി അപ്പോ himax ലൈറ്റ് ഓഫായി. ഉടനെ തന്നെ വന്നു
“എടാ, ഞാൻ പിള്ളേരെ പിടുത്തകാരനാ , നിന്നെ ഞാൻ തട്ടികൊണ്ട് പോകാനാ പ്ലാൻ. അടുത്ത തവണ കറന്റ് പോകുമ്പോ നിന്നെ ഞാൻ ഇവിടന്ന് പോക്കും “
“ചേട്ടായി ചുമ്മാ പറയുവാ ..”
“നിന്നെയൊക്കെ തട്ടിക്കൊണ്ടു പോയാ അവർ നിന്നെ സഹിക്കാൻ വയ്യാതെ തിരികെ കൊണ്ടുവിടും “
അവന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ കൊടുത്തിരിക്കുന്നത് ആൾസോ നോൺ ആസ് ലുട്ടാപ്പി എന്നാണ്.
"എന്നാലും നീ ആ വെള്ളം കുടിച്ചല്ലോടാ "
"ചേട്ടായി, ഞാൻ വെറുതെ പറഞ്ഞതാ ,ഞാൻ കുടിച്ചൊന്നുമില്ല "
"പോടാ അവിടന്ന്. നീ കുടിച്ചെന്നു ഉറപ്പാ "
സമയം ഏഴു കഴിഞ്ഞു. എനിക്ക് കുറച്ചു ജോലി ചെയ്യാനുണ്ട്. പിന്നെ ഭക്ഷണം വാങ്ങി വയ്ക്കണം. ഞാൻ ഇപ്പോ വരാമെന്ന് പറഞ്ഞു ഞാൻ പോയി ഭക്ഷണം വാങ്ങി റൂമിൽ വച്ചു . powerbankum ടാബും എടുത്തു വന്നപ്പോ ജാൻ പോകുവാണ്. പിന്നെ ഒരിക്കെ കാണാമെന്നു പറഞ്ഞു ഞങ്ങൾ പിരിഞ്ഞു.
ആന വരുന്ന ലക്ഷണമില്ല. പലരും പോയി തുടങ്ങി. ഞാൻ ഒരിടത്തിരുന്നു ജോലി ചെയ്യാനുള്ളത് തീർത്തു. സമയം എട്ടര കഴിഞ്ഞു . റൂമിലെത്തി ഭക്ഷണം കഴിച്ചു. അടുത്ത റൂമിൽ ഒരു തലശേരി ഗ്യാങ് ഉണ്ട്. അവരോട് രാത്രി പോകുന്നുണ്ടെകിൽ എന്നെയും വിളിക്കണേ എന്ന് പറഞ്ഞു.
ഞാൻ രാത്രിയിൽ പല സമയത്തും അലാറം വച്ചു . ഈ യാത്രയുടെ പ്രധാന ഉദ്ദേശം ആനയെ കാണുക എന്നുള്ളതാണ്. ഇന്ന് രാത്രിയും കാണാൻ പറ്റിയില്ല എങ്കിൽ നാളെയും ഇവിടെ നിക്കേണ്ടി വരും.എന്റെ പ്ലാനുകൾ മൊത്തം പാളും .
ഗൂഗിൾ മാപ് എടുത്തു പല പദ്ധതികൾ ഇടാൻ നോക്കിയെങ്കിലും ഒന്നും നടന്നില്ല.ഭക്ഷണം കഴിച്ചു കിടന്നപ്പോഴേക്കും ബാബു ചേട്ടൻ വന്നു വിളിച്ചു. ആന വന്നിട്ടുണ്ടത്രെ. ഫോൺ ഉം എടുത്തു ഞാൻ ഓടി ചെന്നു. തലശേരി ഗാങ്ങും ഞാനും മാത്രമേയുള്ളൂ.
ഉടനെ തന്നെ കുറച്ചു പേര് അടുത്തുള്ള ഹോം സ്റ്റേയിൽ നിന്നെത്തി.
ഏതാണ്ട് ഒൻപതു ആനകളുണ്ട്. ചെറുതും വലുതും എല്ലാമുണ്ട്. തലശേരി ഗ്യാങിലെ ഒരു ചേട്ടൻ ഒരാന പ്രസവിക്കുവാണോ എന്നൊക്ക ചോദിക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞപോൾ തീരെ ചെറിയ ഒരാനയെ കണ്ടപ്പോ ആ ചേട്ടൻ പറയുന്നേ അതിനെ ഇപ്പൊ പ്രസവിച്ചേ ഉള്ളെന്നാ ..
“അങ്ങ് സമ്മതിച്ചു കൊടുക്ക് ചേട്ടാ “ എന്ന് ഞാൻ എന്റെ അടുത്തിരുന്ന ചേട്ടനോട് പറഞ്ഞു. എന്റെ അടുത്തിരുന്ന ചേട്ടന് ആനകളെപ്പറ്റി കുറച്ചു അറിവുണ്ട്. ആളും pikolin vibe ഫാൻ ആണത്രേ.
ആനകൾ വന്നാൽ കുറേ സമയം ഇവിടുണ്ടാകും. ഫോട്ടോയിൽ കാണുന്നതിലും തൊട്ടടുത്താണ് നമ്മൾ ഇവരെ കാണുന്നത്. കൺകുളിർക്കെ നോക്കി നിന്നു . നല്ല രണ്ടു ഫോട്ടോയും കിട്ടിയപ്പോൾ ഡബിൾ ഹാപ്പി. ഇനിയിപ്പോ നാളെ എന്റെ പ്ലാൻ പോലെ പോകാമല്ലോ . ആ ഫോട്ടോ ഞാൻ കുറേ പേർക്ക് അയച്ചു കൊടുത്തു.
പത്തു മുതൽ പതിനൊന്നര വരെ അവിടെ നിന്നു . എല്ലാരും പോയപ്പോ ഞാനും റൂമിലെത്തി. രാത്രി രണ്ടരയ്ക്ക് എണീറ്റ് ചെന്ന് ഞാൻ നോക്കിയപ്പോൾ രണ്ടെണ്ണമുണ്ട്. പക്ഷേ himax ലൈറ്റ് ഓഫാണ്. അതുകൊണ്ട് ഞാൻ തിരികെ പോന്നു.
രാവിലെ എണീറ്റ് ബാബുചേട്ടനോട് യാത്ര പറഞ്ഞു ഞാൻ മൂന്നാറിലേക്ക് പോയി. Letchmi എസ്റ്റേറ്റ് വഴി തന്നെയാണ് പോകുന്നത്.വന്നപോലെ തന്നെ നിർത്തി നിർത്തി ഫോട്ടോ എടുത്താണ് എന്റെ പോക്ക്.









❤️യാ അടിപൊളിയായിരിക്കുന്നു
ReplyDeleteആരാണേലും താങ്ക്സ്
Delete❤️❤️
ReplyDelete