Munnar Memories 02 | Marayoor - Kanthallur | Idukki



                                    



Part 01: Click here



ബാബു ചേട്ടനോട് യാത്ര പറഞ്ഞു ഞാനിറങ്ങി. ഇനിയും ആനക്കുളം കാണാൻ വരുമെന്ന് ഉറപ്പാണ്. അപ്പോഴും ഇവിടെ തന്നെ താമസിക്കണം. ഇന്നലെ ഭക്ഷണം കഴിച്ച കടയിൽ നിന്നും ഒരു കാപ്പിയും കുടിച്ചു വണ്ടി വിട്ടു. നല്ല തണുപ്പുണ്ട്. പോകുന്ന വഴിയൊരു വെള്ളച്ചാട്ടം അകലെ കാണാം. കോളിൻ ഇതും വിഡിയോയിൽ ആക്കിയിരുന്നു. കുവൈറ്റ് സിറ്റിയും മുനിപ്പാറയും മാങ്കുളവും കഴിഞ്ഞു letchmi എസ്റ്റേറ്റിലേക്ക് കയറി.












Letchmi  എസ്റ്റേറ്റിന്റെ മുക്കും മൂലയും ഫോട്ടോ എടുത്തു ഞാൻ മൂന്നാർ ടൗണിലെത്തി.ഇന്ന് എവിടെ താമസിക്കും എന്ന് കണ്ടുപിടിക്കണം. Ksrtc യുടെ സ്ലീപ്പർ സ്റ്റേ ഉണ്ട്. അതാകുമ്പോ കുറഞ്ഞ ചിലവിൽ താമസിക്കാം. അത് ബുക്ക് ചെയ്യാൻ വേണ്ടി ksrtc സ്റ്റാന്റിലെത്തി. ഇന്ന് വ്യാഴാഴ്ച ആയതുകൊണ്ട്  ഇഷ്ടംപോലെ സീറ്റുണ്ട് അതുകൊണ്ട് ബുക്കൊനും ചെയ്യണ്ടാ , വൈകുന്നേരം ഇങ്ങു വന്നാൽ മതിയെന്ന് അവിടത്തെ സ്റ്റാഫ് പറഞ്ഞു.


നല്ല വിശപ്പുണ്ട്. ഒരു ഹോട്ടലിൽ കയറി പൊറോട്ടയും മുട്ടക്കറിയും പറഞ്ഞു.ഇരിക്കുന്ന സീറ്റിന്റെ അടുത്ത് ഏതോ ഭാഷയിൽ എന്തോ എഴുതിയിട്ടുണ്ട്. താഴെ സ്ലോവേനിയ എന്ന് കാണാം. അടുത്ത സീറ്റിലും എന്തോ എഴുതിയിട്ടുണ്ട്.


                                                  

ഭക്ഷണം വന്നപ്പോൾ ഞാൻ ചോദിച്ചു 


“ഇതെന്നതാ ചേട്ടാ ?


“ഇത് ഇവിടെ വരുന്ന ടൂറിസ്റ്റുകൾ എഴുതിയതാ. ഇത് സ്ലോവേനിയ, അത് ഹീബ്രു, അത് സ്പാനിഷ്…..  ഇപ്പൊ ഉക്രൈൻ യുദ്ധം ആയതുകൊണ്ടാ അല്ലെങ്കിൽ ഈ സമയം റഷ്യക്കാരാണ് ഇവിടെ കൂടുതൽ വരിക “


ഹോട്ടൽ വല്യ കുഴപ്പമൊന്നും ഇല്ല , പക്ഷേ സായിപ്പന്മാർ വന്നു കേറാൻ മാത്രം സംഭവം ആണെന്നു തോന്നുന്നില്ല. എന്തായാലും അവരുടെ പരിപാടി കൊള്ളാം.



വണ്ടിയെടുക്കാൻ ചെന്നപ്പോൾ അതാ ഒരു വണ്ടി . ഒരപകടവും സംഭവിക്കില്ല എന്നുറപ്പുള്ള ഒരെണ്ണം . Protected by God







മൂന്നാർ ഒരു പോയിന്റ് ആയിട്ട് സങ്കല്പിച്ചു അതിൽ നിന്നും വലത്തോട്ട് മൂന്നു വര വരയ്ക്കുക. അതിൽ മുകളിലത്തെ വരെയാണ് ഇരവികുളം-കണ്ണൻ ദേവൻ ഹിൽസ് -മറയൂർ -കാന്തല്ലൂർ റൂട്ട്. രണ്ടാമത്തെ വര - മാട്ടുപ്പെട്ടി -ടോപ് സ്റ്റേഷൻ -വട്ടവട. മൂന്നാമത്തെ വര ദേവികുളം -കൊളുക്കുമല - ആനയിറങ്കൽ ഡാം - ചിന്നക്കനാൽ (ഗാപ് റോഡ് ) ഇതാണ് മൂന്നാറിന്റെ ഒരു ഭൂമിശാസ്ത്രം.


ഇന്ന് ഞാൻ മറയൂർ വഴി കാന്തല്ലൂർ പോകാനാണ് പ്ലാൻ. കണ്ണൻ ദേവൻ ഹിൽസ് കഴിഞ്ഞു വേണം മറയൂരിലേക്ക് പോകാൻ. കയറ്റം കേറി തുടങ്ങിയതും ഞാൻ എന്റെ പരിപാടി തുടങ്ങി. വണ്ടി നിർത്തുക -ഫോട്ടോ എടുക്കുക വീണ്ടും വണ്ടി നിർത്തുക വീണ്ടും ഫോട്ടോ എടുക്കുക.


കണ്ണൻ ദേവൻ ഹിൽസ് കണ്ടപ്പോ ഇന്നലെ കണ്ട letchmi എസ്റ്റേറ്റ് ഒന്നുമല്ല എന്ന് തോന്നി.ഇരവികുളം നാഷണൽ പാർക്ക് ഇവിടെയാണ് പക്ഷേ ഒരു ടൂറിസ്റ്റ് ഏരിയ ആയതുകൊണ്ട് ഞാൻ കേറുന്നില്ല എന്ന് തീരുമാനിച്ചിരുന്നു.


    








ഫോട്ടോസ് എടുത്തു എടുത്തു പയ്യെ പയ്യെ ഹിൽസ് കഴിഞ്ഞു .അപ്പോഴേക്കും കോട വന്നു ഒന്നും കാണാൻ വയ്യാത്ത അവസ്ഥയായി.ലൈറ്റ് ഒക്കെ ഇട്ടു പയ്യെ പോയി. പോകുന്ന വഴിക്കു മാഗ്ഗി ഒക്കെ കിട്ടുന്ന കട കണ്ടു എങ്കിലും നിർത്തിയില്ല. കുറേ ദൂരം ആയിട്ടും കോട തീരുന്നില്ല. ഈ തണുപ്പത്ത് മാഗ്ഗി കഴിക്കാൻ നല്ലതാവും. കടകൾ ഒന്നും കാണുന്നില്ല . ആദ്യം കണ്ട കടയിലേക്ക് തിരികെ പോയാലോ ?


(റൊമ്പ ദൂരം പോയിട്ടേൻ എബി … എന്നാ വേണ്ടാ )







അങ്ങനെ പോകുമ്പോൾ ദാ ഒരു കട . വണ്ടി നിർത്തി ഒരു മാഗ്ഗി പറഞ്ഞു .


“മുട്ട പോടാനുംമാ”


“ആ പോടു “








ലേശം ഉപ്പു കൂടുതൽ ആയിരുന്നെകിലും നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. അത് കഴിഞ്ഞു പോകുമ്പോൾ വീണ്ടും തേയില തോട്ടങ്ങളാണ്. ഇടയ്ക്ക് ലക്കം വാട്ടർഫാൾസ്‌ ഉണ്ടായിരുന്ന. എന്നാ അവിടെ കേറാം .


അൻപത് രൂപ ടിക്കറ്റ് ഇത്തിരി കൂടുതലല്ലേ ?


അവിടൊരു ഒരു പയ്യനും പെങ്കൊച്ചും മാത്രെമേ ഉള്ളൂ. അവരെ ഫ്രെമിൽ കൊള്ളിക്കാതെ വെള്ളച്ചാട്ടത്തിന്റെ ഫോട്ടോസൊക്കെ എടുത്തു ഞാൻ തിരിച്ചു വന്നു. 







അവിടെ ചെറിയൊരു കഫേയുണ്ട്. ഒരു ചായ കുടിച്ചിരുന്നപ്പോ അവിടത്തെ ചേട്ടനോട് ഓരോന്നൊക്കെ ചോദിച്ചപ്പോ തൂവാനം വാട്ടർഫാൾസ്‌ closed ആണെന്ന് പറഞ്ഞു. ഇന്ന് ഞാൻ പോകാനിരുന്ന മെയിൻ സ്ഥലം ആയിരുന്നു അത്. പക്ഷേ ഫോറെസ്റ്റിന്റെ ഉള്ളിലൂടെ ഒരു മണിക്കൂർ ട്രെക്ക്  ചെയ്യണം. രണ്ടുമണിക്ക് മുന്നേ അവിടെ എത്തുകയും വേണം.അതുകൊണ്ട് അത് നടക്കുമോ എന്നൊരു ഡൌട്ട് ഉള്ളതുകൊണ്ട് ഞാൻ പോകണ്ട എന്നൊരു പ്ലാൻ ഇട്ടിരുന്നു. ഇനിയിപ്പോ എന്തായാലും പോകാൻ പറ്റില്ല. അവിടെ ഒരാൾ ഈയിടയ്ക്ക് മരിച്ചത്രേ അതാണ് അടച്ചിട്ടിരിക്കുന്നേ . 




കുറച്ചു കഴിഞ്ഞപ്പോൾ പയ്യെ ചാറ്റൽ മഴ തുടങ്ങി. മറയൂരിന് അടുത്ത്  കോവിൽക്കടവ് എത്തിയപ്പോ ഇറച്ചിൽപാറ വെള്ളച്ചാട്ടത്തിലേക്ക് തിരിഞ്ഞു.പണ്ടൊരു റീൽസിൽ കണ്ടതാണ് ഇത്. അവിടെ അധികം ആൾക്കാരില്ല. മഴ കനക്കുന്നുണ്ട് ഞാൻ വണ്ടി പാർക്ക് ചെയ്തു ഒരു കടയിൽ കയറി. അവിടത്തെ രണ്ടു ചേച്ചിമാർ ചോറുണ്ണുകയാണ് . അവിടെ മഴ നനയാതെ കേറി നിക്കുമ്പോൾ എന്തെങ്കിലും പറയണമല്ലോ അതിനുവേണ്ടി ഒരു ചായ പറഞ്ഞു. 


ചേച്ചിയുടെ മോളുണ്ട് അവിടെ 


“ഇന്ന് സ്‌കൂൾ ഇല്ലേ ? :”


“ഇല്ല, ടീച്ചർമാർ മൂന്നാർ പോയേക്കുവാ, അതുകൊണ്ട് സ്കൂൾ ഇല്ല “



മഴ കുറച്ചു കുറഞ്ഞപ്പോൾ ഞാൻ വെള്ളച്ചാട്ടത്തിന്റെ ഫോട്ടോ എടുത്തു. താഴേക്ക് നോക്കുമ്പോൾ വേറൊരു വലിയ വെള്ളചട്ടം കാണാം. അത് കാണാനാണ് ഭംഗി. കുറച്ചു കഴിഞ്ഞപ്പോൾ മൂന്നാലു ജീപ്പിൽ നിറയെ കോളേജ് പിള്ളേർ വന്നു. അവിടെ നല്ല തിരക്കായി.ഞാൻ പയ്യേ ഇറങ്ങി.


മഴ ചെറുതായി കൂടുന്നുണ്ടോ എന്നൊരു സംശയം. ഞാൻ raincoat ഇട്ടിട്ടുണ്ട്.മഴ തീരാൻ ചാൻസ് ഇല്ലാത്തതുകൊണ്ട് ഞാൻ നിർത്തിയില്ല. ഇടയ്ക്ക് മുനിയറയിൽ നിർത്തി.അവിടെ നിന്ന് നോക്കിയാൽ നമ്മൾ വന്ന വഴി കാണാം.അവിടെ ഫോട്ടോ എടുക്കലാണ് അവിടെ വണ്ടി നിർത്തിയവരുടെ മെയിൻ പരിപാടി. 


പത്തുരൂപ ടിക്കറ്റ് ഉണ്ട്. ടിക്കറ്റ് കൗണ്ടറും തേൻ,ചായപ്പൊടി,അങ്ങനെ കുറച്ചു സാധനങ്ങൾ വിൽക്കുന്ന ഷോപ്പും ഒരുമിച്ചാണ്. ഒരു മിടുക്കത്തിയാണ് രണ്ടും മാനേജ് ചെയുന്നത്. ഒരു അഞ്ചു മിനിട്ടു നടന്നു മുനിയറ കണ്ടു . മൂവായിരം ബിസിയിലെ ആണ് എന്നൊക്കെ കരുതപ്പെടുന്നു എന്നൊക്കെ എഴുതിയ ബോർഡും കാണാം.

    




തിരികെ വന്നു വണ്ടിയെടുത്തു കാന്തല്ലൂർക്ക് ഉള്ള കയറ്റം കേറുമ്പോൾ കോട കാരണം ഒന്നും കാണാൻ വയ്യ. തണുത്തിട്ട് ഞാൻ ചെറുതായി വിറയ്ക്കുന്നുണ്ട്. എങ്കിലും ഒരടിപൊളി എക്സ്പീരിയൻസ് ആയിരുന്നു. മുൻപിൽ ഒരു തെലങ്കാനാ വണ്ടിയും ആന്ധ്രാ വണ്ടിയും lights ഒക്കെയിട്ട് പതിയെ പോകുന്നുണ്ട്. അവർക്ക് കൊടയൊക്കെ ഒരുപാടിഷ്ടമാവും. ഞാൻ അവരുടെ പുറകെ പയ്യേ പോയി. 








അങ്ങനെ പോകുമ്പോഴൊരു ശർക്കര ഉണ്ടാകുന്ന സ്ഥലം കണ്ടു.അവിടൊരു ചേച്ചി കരിമ്പ് വെട്ടുന്നുണ്ട്. 


“ചേച്ചി ഇത് കേറി കാണാമോ ?”


“അതിനെന്താ “



ഞാൻ അകത്തു കയറി കണ്ടു.ചെറിയൊരു സ്ഥലമാണത്.കണ്ടിട്ട് പുറത്തിറങ്ങി.


“ചേച്ചി കാന്തല്ലൂർ എന്തൊക്കെയാ കാണാനുള്ളത് ? “


“അങ്ങനെ ചോദിച്ചാൽ…..”


അവിടെ നിന്ന ചേട്ടൻ പറഞ്ഞു “ഇപ്പോ strawberry സീസൺ അല്ലാ , പിന്നെ കുങ്കുമം ഉണ്ടായ സ്ഥലമുണ്ട് …. ചേച്ചിക്ക് കുറച്ചു വാങ്ങത്തില്ലാർന്നോ “


“എന്നാത്തിനാ”


“വെളുക്കാൻ “


“ഓഹ് ഉള്ള വെളുപ്പൊക്കെ മതി “


“ഹഹ “ ഞങ്ങളെല്ലാം ചിരിച്ചു.



എല്ലാം കണ്ടിറങ്ങി വണ്ടി എടുത്തപ്പോഴാണ് ഫോട്ടോസൊന്നും എടുത്തില്ലലോ എന്നോർത്തത്. ഇനിയിപ്പോ ഈ മഴയത്തു തിരികെ പോകണ്ട എന്ന് തീരുമാനിച്ചു. ഇടയ്ക് വണ്ടി ഓടിക്കാൻ പറ്റാത്ത മഴ ആയപ്പോ ഞാൻ വണ്ടി നിർത്തി ഒരു കടയിൽ കയറി നിന്നു. 



കാന്തല്ലൂർ സീസൺ അല്ല അതുകൊണ്ട് ഫാം visit ഒന്നും നടക്കില്ല.ഭ്രമരം വ്യൂ പോയിന്റ് കാണാം.ഈ കോടയിൽ വ്യൂ ഒന്നും കാണാൻ ഒരു സാധ്യതയും ഇല്ല. എങ്കിലും വേറൊരു പണിയും ഇല്ലാത്തതുകൊണ്ട് പോകാം. പിന്നെ ലക്‌ഷ്യം മാത്രമല്ലലോ യാത്രയാണല്ലോ പ്രധാന ഉദ്ദേശം.



കുത്തനെയുള്ള ഇറക്കത്തിൽ റോഡ് മോശം ആയതുകൊണ്ട് ഞാൻ വണ്ടി അവിടെ വച്ചു ഞാൻ താഴേക്ക് നടന്നു. അവിടെ ഒരു ചേട്ടൻ പശുവിനെ പുല്ലു തീറ്റിക്കുന്നുണ്ടാർന്നു . ചേട്ടനോട് മിണ്ടി കാര്യങ്ങളൊക്കെ അറിഞ്ഞു. ഡിസംബർ അവസാനം ആവുമ്പോൾ strawberry  സീസൺ ആവുമത്രെ. 



“ഞാൻ എന്നാ വ്യൂ പോയിന്റ് കണ്ടേച്ചും വരാം 

തൃശൂർ നിന്നുള്ള കുറച്ചു കോളേജ് പിള്ളേരുണ്ട് അവിടെ. അതവരുടെ സംസാരത്തിൽ നിന്ന് തന്നെ മനസിലായതാണ്. 


അവിടൊരു ചെറിയ കടയുണ്ട്. അവിടെ പോയൊരു കട്ടൻ ചായ പറഞ്ഞു.


കോടമഞ്ഞും കട്ടൻചായയും <3


അപ്പോ ഒരു പയ്യൻ വന്നു 


“ചേട്ടാ കോള ഉണ്ടോ ? “


“ഉണ്ട് “


ചേട്ടൻ ഒരെണ്ണം എടുത്തു കൊടുത്തു . 


“ഇതേ ഉള്ളോ ? തണുത്തത് ഇല്ലേ ? “


ഞാനും ആ ചേട്ടനും പരസ്പരം നോക്കി ഒന്ന് ചിരിച്ചു 


തണുത്തതു ഇല്ലെങ്കിൽ വേണ്ട എന്നും പറഞ്ഞു ആ പയ്യൻ പോയി . 


ഒന്നാമത് പല്ലു കൂട്ടിയിടിക്കുന്ന തണുപ്പാണ്. പിന്നെ ആ സ്ഥലത്തു ഫ്രിഡ്ജ് വയ്ക്കേണ്ട ആവശ്യം എന്താണ് ? എല്ലാത്തിനും ആവശ്യത്തിന് തണുപ്പുണ്ട്. എന്നിട്ടാണ് അവൻ ‘തണുത്തതു ‘ ഇല്ലെങ്കിൽ വേണ്ടാ എന്നും പറഞ്ഞു പോകുന്നത്. 





















അവിടത്തെ ചേട്ടന്മാരായിട്ട് കുറച്ചു വർത്തമാനമൊക്കെ പറഞ്ഞിരുന്നു. കോട മാറാൻ സാധ്യതയില്ല. ഞാൻ കുറച്ചു ഫോട്ടോസൊക്കെ എടുത്തു തിരികെ പോന്നു. ഇനി പരിപാടിയൊന്നുമില്ല തിരികെ മൂന്നാറിലേക്ക്. 


കാന്തല്ലൂർ ടൌൺ കറങ്ങി വണ്ടി തിരിച്ചപ്പോൾ മഴ കൂടുന്നു. എന്നാൽ ഒരു കാപ്പി  കുടിക്കാൻ കയറാം എന്ന് കരുതി ഒരു കടയിൽ കയറി. 


‘ഹോട്ടൽ രേവതിക്കുട്ടി.’






ഒരു പ്രായമായ അമ്മയുണ്ട് അവിടെ. 


“കാപ്പിയുണ്ടോ ? “


“ഉണ്ടല്ലോ “


“ബ്രൂ അല്ല, സാദാ കാപ്പി ? “


“ഉണ്ട്, പക്ഷേ പാലില്ല …”


“കട്ടൻകാപ്പി മതി “


“എന്നാ തരാം “


കട്ടൻകാപ്പി കൊണ്ട് വന്നപ്പോ അമ്മ ചോദിച്ചു കടി വല്ലതും വേണോ എന്ന് . 



“പഴംപൊരി (ബോളി ) ഉണ്ട് “


“ഇത് ഇപ്പൊ ഉണ്ടാക്കിയതാണോ ?”


“അല്ല രാവിലെ ഉണ്ടാക്കിയതാ “


“എന്നാ വേണ്ട “


പുള്ളികാരത്തി സത്യസന്ധമായി പറഞ്ഞു. അതോർത്തെങ്കിലും ഒരെണ്ണം വാങ്ങാമായിരുന്നു എന്ന് തോന്നി. അപ്പോ അവിടൊരു ചേട്ടൻ ഓംലെറ്റ് കഴിക്കുന്നു.


“എനിക്കൊരു ഓംലെറ്റ് തരാവോ “ 


“തരാലോ “


പഴയകാല ചായക്കടകളെ ഓർമിപ്പിക്കുന്ന കടയാണിത് . ഞാൻ അകത്തേക്ക് കയറി ഇരുന്നു കട്ടൻകാപ്പിയും ഓംലെറ്റും കഴിച്ചിരുന്നു.






അപ്പോ ഒരു കൂട്ടർ കേറി വന്നു 


നടുക്കിരിക്കുന്ന ചേട്ടനാണ് ഇതെല്ലാം പറയുന്നേ 



“ചേച്ചി ഊണ് ബാക്കിയുണ്ടോ ? “ (സമയം മൂന്നര ആയിരുന്നു )


“ഉണ്ട്.”


“എന്നാ പിന്നെ ഒരു ബോർഡ് വച്ചു കൂടായിരുന്നോ ? ഞങ്ങളെങ്ങനാ അറിയുന്നേ ? “


“ബോർഡ് വച്ചിട്ടുണ്ടല്ലോ “


“എവിടെ ? ഞങ്ങൾ കണ്ടില്ല, ബോർഡ് ഒളിപ്പിച്ചു വച്ചിട്ട് പറയുവാ ബോർഡ് വച്ചിട്ടുണ്ടെന്നു ……

പിന്നേയ് പഞ്ചായത്തുകാർക്ക് നിങ്ങളോട് വല്ല വിരോധം ഉണ്ടോ ? അവരോട് അടുത്ത് ഭക്ഷണം കിട്ടുന്ന കട ചോദിച്ചപ്പോ ഒന്നും ഇല്ലെന്നാ പറഞ്ഞേ , ഇടയ്ക്ക് അവർക്ക് ചായയും കടിയുമൊക്കെ കൊടുക്കു “

(തൊട്ടടുത്താണ് പഞ്ചായത്ത് ഓഫീസ് )


അവരുടെ കൂട്ടത്തിലെ ഒരാൾ എന്റെ helmat എടുത്തോണ്ട് പുറത്തേക്ക് പോയി 


“ആണ്ടേ .. ആരുടെയോ helmat എടുത്തോണ്ട് അവൻ പോയി, നിങ്ങൾടെയാണോ “ ?


എന്നോടാണ് ചോദ്യം. 


“അതെ എന്റെയാണ് , സാരമില്ല ഇപ്പൊ വരുമല്ലോ “


“നാടെവിടാ “


“ഞാൻ തൊടുപുഴ, നിങ്ങളോ ? “


“ഞങ്ങൾ പത്തനംതിട്ട “



അവരുടെ സംസാരം കേൾക്കാൻ കൊള്ളാം . മഴ കുറഞ്ഞെന്ന് കണ്ടതേ ഞാൻ ഇറങ്ങാൻ തീരുമാനിച്ചു. 



UPI സ്കാനിംഗ് കോഡിൽ പഞ്ചവർണം എന്നാണ് എഴുതിയിരിക്കുന്നേ 



“അമ്മയുടെ പേരാണോ പഞ്ചവര്ണ്ണം ? “


“അല്ല, എന്റെ മരുമോളുടെയാ “


“അപ്പൊ രേവതിക്കുട്ടി ആരാ “


“അതെന്റെ പേരക്കുട്ടി “


“അപ്പൊ അമ്മയുടെ പേരെന്താ ?”


“എന്റെ പേര് ലീലാ “



ലീലാമ്മയോട്  യാത്ര പറഞ്ഞു ഞാൻ ഇറങ്ങി. മഴ തോരുന്നില്ല.തണുത്തു വിറച്ചു നനഞ്ഞു കുളിച്ചു ഞാൻ പൊന്നു . എങ്കിലും ഇടയ്ക്ക് നിർത്തി ഫോട്ടോസ് എടുക്കാൻ മറന്നില്ല. ഇടയ്ക്ക് കോവിൽക്കടവിൽ വച്ച് മഴ വീണ്ടും ശക്തിയായപ്പോൾ ഞാൻ നിർത്തി. ഒരു കാപ്പി കൂടി കുടിക്കാം.

അപ്പോ ദാ അവിടെ കപ്പ ബിരിയാണി ഉണ്ടാകുന്നു. എന്നാ ഈ തണുപ്പത്തൊരു കപ്പ ബിരിയാണിയാകാം.



“ചേട്ടാ ഒരു കപ്പ ബിരിയാണി തരാമോ ? “


കൈ കഴുകാൻ ചെന്നപ്പോ അവിടൊരു എഴുത്തു “ വായ് കൊണ്ടും മൂക്കു കൊണ്ടും ഉള്ള മിമിക്രികൾ ഒഴിവാക്കുക “


ഹഹ കൊള്ളാലോ 

                                                    




കപ്പ ബിരിയാണി ഒരു ചേച്ചിയാണ് ഉണ്ടാകുന്നത്.അസാധ്യ ടേസ്റ്റ്. ഞാൻ ഇത്രയും നല്ലൊരു കപ്പ ബിരിയാണി കഴിച്ചിട്ടില്ല. മഴ കുറയുമെന്ന് നോക്കി ഇരുന്നപ്പോ മഴ കൂടി. ഇനിയും ഇരുന്നാൽ ഒരുപാട് ലേറ്റ് ആവുമെന്ന് കരുതി ഞാൻ ഇറങ്ങി.


ഇടയ്ക്കൊന്നു മഴ കുറഞ്ഞു. ഫോട്ടോ എടുപ്പിനു കുറവൊന്നും ഉണ്ടായില്ല.


















കാന്തല്ലൂരിലേക്ക് ഇഷ്ടംപോലെ ksrtc ബസ്സുകൾ പോകുന്നത് കണ്ടു. ഏതാണ്ട് ആറായപ്പോ മൂന്നാർ എത്തി, ksrtc സ്റ്റാന്റിലെത്തി. സമയം ആറുമണി കഴിഞ്ഞു. അവിടത്തെ സ്റ്റാഫ് നല്ല പെരുമാറ്റമായിരുന്നു. എനിക്ക് ബെർത്ത് കാണിച്ചു തന്നു. ട്രയിനിലെ ബെർത്ത് പോലുണ്ട്. കുറച്ചു congested ആണ്. എങ്കിലും നമ്മളുടെ ഉദ്ദേശം രാത്രി കിടക്കാനൊരിടം മാത്രമായതുകൊണ്ട് ഇത് ധാരാളം. 







ഡ്രസ്സ് മാറണം . എന്റെ ബാഗിലും വെള്ളം കേറിയെന്നു അപ്പോഴാണ് മനസിലായത്. എങ്കിലും അത്രയ്ക്ക് നനഞ്ഞിട്ടില്ല. ഇനിയിപ്പോ നനഞ്ഞാലും വേറെ ഒന്നും കൈയിലില്ല. ഉള്ളതെടുത്തിടാം.

ഭാഗ്യത്തിന് sweater ഒട്ടും നനഞ്ഞില്ല. ഡ്രസ്സ് മാറി ടൗണിലേക്ക് ഇറങ്ങി. 


ഞാൻ എവിടെയാണ് താമസിക്കുക എന്ന് ബൈക്ക് വാടകയ്ക്ക് എടുത്തവരെ അറിയിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. അവർക്ക് ഞാൻ മെസ്സേജ് അയച്ചു. 


ടൗണിൽ പോയൊരു ചായയൊക്കെ കുടിച്ചു ഞാൻ തിരിച്ചെത്തി. കുറച്ചു work ഉണ്ട്. അത് കഴിഞ്ഞപ്പോ സമയം പത്ത്. ഇനി ഭക്ഷണം കഴിക്കണം. പോയി ഭക്ഷണം കഴിച്ചു വന്നു.നല്ല ക്ഷീണമുള്ളതുകൊണ്ട് വേഗം ഉറങ്ങി. 


മൂന്നാം ഭാഗം : Click here


No comments

Powered by Blogger.