ആനക്കുളം 2024 | Aanakulam 2024 | Munnar
ആനക്കുളത്ത് ഒന്നൂടെ പോണം. കഴിഞ്ഞ വർഷം പോയതുപോലെ മുന്നാറിൽ നിന്നും സ്‌കൂട്ടർ വാടകയ്ക്കു എടുത്തു ലക്ഷ്മി എസ്റ്റേറ്റ് വഴി ആനക്കുളം പിടിക്കാം. സുധീർ ഭായിയോട് ചോദിച്ചപ്പോൾ സ്‌കൂട്ടർ ഇല്ലാ , ഏതെങ്കിലും റിട്ടേൺ വന്നാൽ തരാമെന്ന് പറഞ്ഞു. അതില്ലെങ്കിൽ വേറെ ഷോപ് നോക്കാമല്ലോ എന്ന് ഞാൻ കരുതി. ആനക്കുളത്ത് ബാബു ചേട്ടനെ വിളിച്ചു റൂം ഉണ്ടോന്ന് തിരക്കി, ഇങ്ങു പോരേ റൂമുണ്ട് എന്ന് ബാബു ചേട്ടൻ.
രാവിലെ ഇറങ്ങി ഫസ്റ്റ് ബസിനു തൊടുപുഴ എത്തി. ദാ കിടക്കുന്നൊരു അടിമാലി ബസ്. അതിൽ കേറി അടിമാലി ഇറങ്ങി പൊറോട്ടയും കടല കറിയും കഴിച്ചു മൂന്നാർ ബസിന് കേറി. മൂന്നാറിൽ ചെന്നിട്ട് ഒരു കടയിലും സ്കൂട്ടർ കിട്ടാനില്ല. ഈ ബുധനാഴ്ച ഇത്ര തിരക്കുണ്ടാവുമെന്ന് ഞാൻ കരുതിയോ
…..
വെറുതെ ഒരു ബസിൽ കയറി ഗ്യാപ് റോഡിലൂടെ കാഴ്ചകളും കണ്ടു ചിന്നകനാലിൽ ഇറങ്ങി. പഴയ ഹിമാലയൻ യാത്രകളുടെ ഓർമ പുതുക്കാനൊരു മാഗ്ഗി പറഞ്ഞു. ആ ചേച്ചി ചേച്ചിയുടെ വിഷമങ്ങൾ ഒരു മുക്കാൽ മണിക്കൂർ എന്നോട് പറഞ്ഞു.ബസ് വരാൻ അത്രയും നേരമെടുത്തിരുന്നു. ആരോടേലും ഒന്ന് പറയാൻ കാത്തിരിക്കുകയായിരുന്നു എന്ന് തോന്നുന്നു.
| അടിമാലി ബസ് സ്റ്റാൻഡ് |
| മൂന്നാർ ബസ് |
| ചേച്ചി |
എല്ലാരും എന്നോടാണ് അവരുടെ വിഷമങ്ങൾ പറയുക, ഞാനോ ദുർബലൻ .. എന്നിട്ടാണ് എന്നോട് ഇങ്ങനെ .. ചേച്ചിക്ക് എല്ലാം ഒന്ന് പറഞ്ഞു തീർക്കണമെന്നേ ഉണ്ടായിരുന്നുള്ളു . ബസ് വന്നപ്പോൾ അതിൽ കയറി മൂന്നാർ എത്തി.
Ripple Tea ൽ കയറി ചായ കുടിച്ചു. അറിയാവുന്ന എല്ലാരോടും ചോദിച്ചിട്ടും സ്‌കൂട്ടർ കിട്ടുന്ന ലക്ഷണമില്ല. ബാബു ചേട്ടനാണേൽ എവിടെത്തി എന്നും ചോദിച്ചു വിളിക്കുകയും ചെയ്തു.
ഇനിയിപ്പോ വൈകിക്കണ്ടാ, ബസിൽ പോയേക്കാം , ഒരു കല്ലാർ ബസ് നോക്കി നിന്നു നിന്ന് അവസാനം ഒരെണ്ണം കിട്ടി. കല്ലാർ ഇറങ്ങിയപ്പോ മാങ്കുളം ബസ് ഇപ്പോ വരുമെന്ന് ഒരു അമ്മച്ചി പറഞ്ഞു.
അങ്ങനെ മാങ്കുളം ബസിൽ കയറി മാങ്കുളത്ത് ഇറങ്ങി. പണ്ട് കയറിയ ഹൈറേഞ്ച് ഹോട്ടലിന്റെ പേര് മാറ്റി. അവിടന്ന് ഒരു ബോളിയും (ഞങ്ങളുടെ പഴംപൊരി) ചായയും കുടിച്ചു . ആനകുളത്തേക്ക് അടുത്തെങ്ങും ബസില്ല എന്ന് 3 പേരോട് ചോദിച്ചു ഉറപ്പുവരുത്തി അവസാനം ഓട്ടോയിൽ കയറി . അവിടെത്തി ബാബു ചേട്ടന്റെ അടുത്ത് ചെന്ന് ഇരുന്നതും ദാ ഒരു ബസ് !!
ആനക്കുളത്ത് ഒരു ജനക്കൂട്ടം തന്നെയുണ്ട്. ഇന്നലെ രാത്രി ഏഴിന് ആന വന്നിരുന്നു. ഞാൻ പയ്യെ ഫോൺ ഒക്കെ ചാർജ് ചെയ്തു ഇറങ്ങി.
ഒന്ന് രണ്ടു കട്ടൻ കാപ്പിയും ബോളിയും ഒക്കെ കഴിച്ചു ഇരുന്നു. സ്‌കൂട്ടർ ഉണ്ടായിരുന്നെങ്കിൽ പണ്ട് വന്നപ്പോ പോയ സ്ഥലമൊക്കെ ഒന്ന് പോയി വരാമായിരുന്നു . .. അടുത്ത തവണയാകട്ടെ...
ഇടയ്ക്കൊരു പാലക്കാട് ഗാങ് ഉണ്ടായിരുന്നു. ടെലെഗ്രാമിൽ ആന വന്നാൽ അറിയാവുന്ന പരിപാടി ഞാൻ അവർക്ക് പറഞ്ഞു കൊടുത്തു.
ഒരു ഏഴ് ആയപ്പോ ഞാൻ ഭക്ഷണം വാങ്ങാൻ പോയി. പള്ളിയുടെ നേരെ എതിർവശത്താണ് ഹോട്ടൽ. പണ്ട് ഇവിടന്ന് ഉച്ചയ്ക്ക് നല്ല ഒന്നാന്തരം ഊണും രാത്രി പൊറോട്ടയും കടലയും കഴിച്ചതാണ്. ഇത്തവണ കടല ഇല്ല, നല്ല ചൂട് ചിക്കൻ കറി ഉണ്ട്. ഉച്ചയോടെ എത്തി ചോറുണ്ണണം എന്നായിരുന്നു പ്ലാൻ.ആനയെ കാണുന്നതോടൊപ്പം ഇവിടത്തെ ഫുഡും ആനക്കുളം വരാനൊരു കാരണമാണ്.
റൂമിൽ വന്നു.ബാബു ചേട്ടൻ പ്ലേറ്റും വെള്ളവും എടുത്തു തന്നു. നല്ല ഒന്നാന്തരം ചിക്കൻ കറി.അതെല്ലാം കഴിച്ചു ഞാൻ വീണ്ടും ആനക്കുള്ളത്തിലേക്ക് ഇറങ്ങി. ആൾ കുറഞ്ഞു. കട്ടൻ കാപ്പി കുടിച്ചു പത്തര വരെ അവിടെ ഇരുന്നു.
രാത്രിയിൽ മുഴുവൻ അലാറം വച്ച് കിടക്കാൻ വേണ്ടി റൂമിൽ ചെന്നതും ബാബു ചേട്ടൻ പറഞ്ഞു ആനകൾ വന്നിട്ടുണ്ടെന്ന്.
ചെന്നപ്പോ ദാ ഒരു പത്തെണ്ണം . ഞാനും വേറെ രണ്ടു പയ്യന്മാരും ഉണ്ട് .
ടെലെഗ്രാമിൽ സംഗതി അപ്ഡേറ്റ് ആയിട്ടില്ല
ഇനി ആ പാലക്കാട് പയ്യന്മാർ ആന വന്നത് അറിഞ്ഞാൽ എന്നെ പ്രാകുമല്ലോ
കുറച്ചു പേര് ജീപ്പിൽ വന്നു,
ആനകൾ വരി വരിയായി ദാ വരുന്നു.
ജീപ്പിൽ വന്ന ഒരു ചേച്ചി ഇരുന്നു എന്നുമുണ്ട്.
ആകെ ഏതാണ്ടൊരു മുപ്പതെണ്ണം
പിന്നെന്നാ വേണം
കുറച്ചു കഴിഞ്ഞപ്പോൾ ഞാനും പത്തനംതിട്ടയിൽ നിന്നുള്ള രണ്ടു പേരും മാത്രം .
പാലക്കാട് ടീം ദാ എവിടുന്നോ ചാടി വരുന്നു. അവർ ടെലെഗ്രാമിൽ കണ്ടത്രേ … എന്നോട് താങ്ക്‌സും പറഞ്ഞു
(കുറച്ചു ലേറ്റ് ആയിട്ടാണ് അതിൽ അപ്ഡേറ്റ് ആയേ )
“നിങ്ങൾ എന്നെ പ്രാകുമല്ലോ എന്ന് കരുതി ഇരിക്കുവായിരുന്നു ഞാൻ”
എല്ലാര്ക്കും നല്ല കൊമ്പനെ ആണ് കാണേണ്ടത്
ആനകളുടെ കൂട്ടത്തിൽ മൂത്ത കൊമ്പൻ ഉണ്ടാവില്ല എന്ന് ഇവർക്കു അറിയില്ല.
ആനക്കൂട്ടത്തിലെ രണ്ടു കൊമ്പൻ കുട്ടന്മാർ കുറെ നേരമായിട്ട് അടിയാണ്.
കുറച്ചു കഴിഞ്ഞപ്പോൾ ദാ വീണ്ടും ആനകൾ
ഒരു ഒന്നര ആയപ്പോൾ പലരും പോകാൻ തുടങ്ങി
ഞങ്ങളും പോന്നു.
രാവിലെ ആറിന് എണീറ്റപ്പോൾ ആനകളുണ്ട്.
നേരെ പോയി അവിടിരുന്നു.
ബാബു ചേട്ടൻ ദാ വരുന്നു.
ഇന്നലെ രണ്ടു വരെ ആന ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോൾ
“ അപ്പോൾ ഇന്നലെ ഉറങ്ങിയില്ല അല്ലേ ,.. അവിടെ ആയിരുന്നു അല്ലേ “
അതിനാണല്ലോ വന്നത്. ഇനിയും വരണം
ഞാൻ വന്നു കുറച്ചൂടെ ഉറങ്ങി . ഒൻപതിന് ഒരു ബസ്സ് ഉണ്ട്. അതിൽ കയറി അടിമാലിയിൽ ഇറങ്ങിയപ്പോഴാണ് മമ്മി മുന്നാറിൽ നിന്നും തേയില വാങ്ങാൻ പറഞ്ഞത് ഓർത്തത്. ഇനിയിപ്പോ ഓൺലൈനിൽ വാങ്ങി കൊടുക്കാം.അല്ലെങ്കിൽ ഉടനെ ഒന്നുടെ ആനക്കുളം വരാലോ ......
ഒരു കൊതിക്ക് പൊറോട്ടയും ബീഫും പറഞ്ഞെങ്കിലും , ആ ബിഫോരു ദുരന്തമായിരുന്നു . ഇനിയിപ്പോ മമ്മിയോട് ഉണ്ടാകാൻ പറയാം .
അടിമാലിയിൽ നിന്ന് തൊടുപുഴ ബസിൽ കയറി അവിടന്ന് വീട്ടിലേക്ക് ……




















❤️
ReplyDelete❤️
Delete