Varanasi Trip During Demonetisation 01 | Ernakulam - Allahabad- Varanasi





2016 നവംബർ എട്ടാം തീയതി ഓർമ്മയുണ്ടോ ? മറക്കാൻ പറ്റുവോ ല്ലേ.മോദിജി പണി തന്ന ആ രാത്രി അതൊന്നും അറിയാതെ ഞാൻ കേരള എക്സ്പ്രെസ്സിൽ മോദിജിയുടെ മണ്ഡലംവാരാണസിയും സ്വപ്നം കണ്ടു ഇരിക്കുകയായിരുന്നു.ഇറ്റാർസിയിൽ ഇറങ്ങി അവിടന്ന് ജനറൽ കേറി വാരാണസി പോവാനായിരുന്നു പ്ലാൻ.
ജോയിനിംഗ് ലെറ്റർ നോക്കി ഇരിക്കുന്ന സമയം.അത്ര പെട്ടെന്ന് ജോലിക്കു കയറണമെന്നു ആഗ്രഹമൊന്നും ഇല്ലായിരുന്നു.കോളേജ് കഴിഞ്ഞു വീട്ടിൽ ഇരികുന്നപോലെ ഇനി ഒരിക്കലും ഇങ്ങനെ ഇരിക്കാൻ പറ്റില്ല.പക്ഷെ നാട്ടുകാർക്ക് അതറിയണ്ട കാര്യമില്ലല്ലോ.അവർക്കു എന്നെ എവിടേലും പറഞ്ഞു വിടാതെ ഉറക്കം വരില്ല.എപ്പോ കണ്ടാലും എന്നാ പോകുന്നെ ? ശരിക്കും ജോലി ഉള്ളതാണോ ?ശമ്പളം എത്ര ......ഒരു നൂറു ചോദ്യങ്ങൾ ആണ് .ആൾക്കാർ അധികം ഇല്ലാത്ത വഴിയും സമയവും നോക്കിയാണ് ഞാൻ പുറത്തിറങ്ങി കൊണ്ടിരുന്നത്.ജോലി കിട്ടി ജോയിനിങ് ലെറ്റർ നോക്കി ഇരിക്കുന്ന എന്റെ അവസ്ഥ ഇതാണെങ്കിൽ ജോലി ഇല്ലാത്തവരുടെയോ എന്റെ ഡിങ്കാ ആലോചിക്കാൻ വയ്യ.ഒടുവിൽ നാട് വിടാൻ തിരുമാനിച്ചു.നാടുവിടുക എന്നൊക്കെ പറഞ്ഞാൽ പണ്ടത്തെ ആൾക്കാർ പറയുംപോലെ കാശി തന്നെ.കാശിയെങ്കിൽ കാശി.
എന്നെ വേണ്ടാത്ത നാട്ടുകാരെ എനിക്കും വേണ്ട .
വാരണാസി വരെ തനിയെ പോവാൻ ആദ്യം മമ്മി സമ്മതിച്ചില്ലെങ്കിലും പപ്പ കട്ട സപ്പോർട്ടാർന്നു. എനിക്കും ലേശം പേടിയൊക്കെ ഉണ്ടായിരുന്നു.ഏതെങ്കിലും ഫെസ്റ്റിവൽ വരുന്നുണ്ടോ എന്ന് നോക്കിയപ്പോൾ ദാ ഒരെണ്ണം.ദേവ് ദിവാലി . ദീപാവലി കഴിഞ്ഞു പതിനാലാം ദിവസം നടത്തുന്ന ഉത്സവമാണ് ദേവ് ദിവാലി.വാരാണസിയിലെ ഏറ്റവും വലിയ ഉത്സവം. ആഹാ അടിപൊളി.ആദ്യമായിട്ട് കേൾകുന്നതാണെകിലും അതിനു തന്നെ പോവാം.എറണാകുളത്തു നിന്നു ഒരു ട്രെയിൻ മാത്രമേ ഉള്ളു.എറണാകുളം-പട്ന .അതും ആഴ്ചയിൽ രണ്ടു തവണ.നാടുവിടൽ പ്ലാനൊക്കെ ഞൊടിയിടയിൽ ആയിരുന്നത് കൊണ്ട് ടിക്കറ്റൊന്നും ലഭ്യമല്ല.ഗൂഗിൾ മാപ്പ് വച്ച് വേറൊരു പ്ലാൻ കണ്ടുപിടിച്ചു .ഏതെങ്കിലും ഡൽഹി ട്രെയിനിൽ കയറി ഇറ്റാർസി വരെയെത്തുക, അവിടന്ന് ജനറലിൽ കയറി വാരാണസി പിടിക്കാം..ഇടയ്ക്കു അലഹബാദിൽ ആന്റിയുടെ അവിടെയും കയറി മുഖം കാണിക്കണം.അങ്ങനെ കേരള എക്സ്പ്രെസ്സിൽ ടിക്കറ്റു കിട്ടി.തിരിച്ചു എറണാകുളം-പട്നയിൽ നിന്ന് നേരിട്ടു ബുക്ക് ചെയ്തു.വെയ്റ്റിംഗ് ലിസ്റ്റ് ആയിരുന്നു.എങ്കിലും കിട്ടുമായിരിക്കും എന്ന് കരുതി ബുക്ക് ചെയ്തു.
വല്യ ധൈര്യമൊക്കെ പുറമെ കാണിച്ചു വീട്ടിൽ നിന്നിറങ്ങി.റെയിൽവേ സ്റ്റേഷൻ എത്തിയപ്പോ തന്നെ എന്റെ നെഞ്ചിടിപ്പ് കൂടി.എന്റെ ഹിന്ദി കൊണ്ട് എന്തേലും നടക്കുവോ ?എന്റെ പഴ്സ് കാണാതെ പോയാൽ എന്ത് ചെയ്യും ?ഇറ്റാർസിയിൽ നിന്ന് ട്രെയിൻ കിട്ടുമോ ?അങ്ങനെ പലതും.എങ്കിലും ഒന്ന് ഉറപ്പായിരുന്നു.പോയി വരുമ്പോൾ ഇങ്ങനെ ആവില്ല തിരികെ വരിക.ആ ഒറ്റ ആശ്വാസത്തിലാണ്‌ ഇറങ്ങിപുറപ്പെട്ടത്‌.മലയാളികളെ കത്തിയടിച്ചു കൊല്ലാം എന്ന് കരുതി ട്രെയിനിൽ കയറിയ എന്റെ ബോഗിയിൽ കൂടുതലും മധ്യപ്രദേശിൽ നിന്നുള്ള പിള്ളേരായിരുന്നു. എന്തോ മത്സരത്തിൽ പങ്കെടുക്കാൻ വന്നതാണ്.കൂടെയുള്ള കുടവയറൻ സാർ നല്ലപോലെ ഭക്ഷണം കഴിക്കുന്നുണ്ട് പിള്ളേർക്ക് ഫുൾ അഡ്ജസ്റ്റ്മെന്റ് ആണ്.വെറുതെ അല്ല പിള്ളേർ കയും വീശി തിരികെ പോണത്. രാത്രിയിൽ വീട്ടിലെ ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടക്കുമ്പോൾ ഫോണിൽ whatsapp ഗ്രൂപ്പിൽ ഒരു ബഹളം.ഞങ്ങളുടെ ജോയിനിംഗ് ലെറ്റർ വന്നു.ട്രെയിനിങ് തിരുവന്തപുരത്തു.എനിക്ക് ഹൈദരാബാദ് വേണമെന്നായിരുന്നു.ആന്ധ്ര കറങ്ങാമല്ലോ (ഏതു ?).ഇത്രേം നാളും നോക്കി ഇരുന്നിട്ട് ഇതിനു വരാൻ കണ്ടത് ഞാൻ കാശിക്കു പോവുമ്പോൾ.whatsapp ഗ്രൂപ്പിൽ ഇരുന്ന ഞാൻ വാർത്ത നോക്കിയിരുന്നേൽ കൈയിലുള്ള ഒരു അഞ്ഞൂറ് രൂപ എങ്കിലും റെയിൽവേ കേറ്ററിങ്ങിൽ നിന്ന് മാറാമായിരുന്നു (അവരൊക്കെ അറിഞ്ഞു വരുന്നതിനു മുൻപേ).
പിറ്റേ ദിവസം രാവിലെ മമ്മി വിളിച്ചു ആ വാർത്ത പറഞ്ഞു ,
"ഡാ നീ അറിഞ്ഞോ ?"
"എന്ത് "?
"വാർത്ത നോക്ക് ആയിരവും അഞ്ഞൂറിന്റെയും നോട്ടു നിരോധിച്ചു."
"നിൻറെ കയ്യിൽ വേറെ പൈസ ഉണ്ടോ "?
"എണ്ണി പറക്കിയാൽ ഒരു 250 രൂപ കാണും .അതിപ്പോ ഇറ്റാർസിയിൽ നിന്ന് ടിക്കറ്റെടുക്കാനും വേണ്ടേ "?
"അത് സാരമില്ല ട്രെയിൻ ടിക്കറ്റു എടുക്കാൻ അഞ്ഞൂറ് ഉപയോഗിക്കാം "
എന്നാലും എന്റെ മേരാ പ്യാര മോദിജി , ഇന്ന് തന്നെ ഈ പണി തന്നല്ലോ.ഒന്നുമില്ലെങ്കിലും അങ്ങയുടെ മണ്ഡലത്തിലേക്ക് അല്ലേ ഈ ദേശവാസി പോവുന്നത്.
ഇറ്റാർസിയിൽ നിന്ന് എത്ര രൂപ ആവും ടിക്കറ്റിനു എന്ന് അറിയില്ല.അലഹബാദ് ആന്റി ഉണ്ട്.അവിടം വരെ എങ്ങനെയെങ്കിലുംഎത്തണം .വീട്ടിൽ നിന്ന് കൊണ്ടുവന്ന ലൈം റൈസ് ഉള്ളതുകൊണ്ട് ഭക്ഷണം കഴിച്ചിലായി.വെള്ളം മാത്രം വാങ്ങി.ചായയും ഭക്ഷണവും കൊണ്ടുവരുന്നരൊക്കെ അഞ്ഞൂറ് എടുക്കുന്നത് നിർത്തി.കയ്യിൽ കുറച്ചു ബിസ്കറ് ഉള്ളതുകൊണ്ട് ഭക്ഷണം വല്യ പേടി ഇല്ലായിരുന്നു.ഇനി ടിക്കറ്റിനു എങ്ങാനും 250 ആയാലോ ? പിന്നെന്തു ചെയ്യും ?.ഇടയ്ക്കൊരു ചാർജർ വെറുതെ വാങ്ങി അഞ്ഞൂറ് മാറാൻ ചെറിയൊരു ശ്രെമം നടത്തി.പക്ഷേ പാളി ആൾക്ക് കാര്യം മനസിലായി.

നട്ട പാതിരാ രാവിലെ രണ്ടുമണിക്ക് ഇറ്റാർസി എത്തി.നല്ല തണുപ്പ് .ടീഷർട്ടിന്റെ പുറമെ ഒരു ഷർട്ടും അതിനെ മോളിൽ sweatshirt ഉം ഇട്ടു.പട്ടികളും പശുക്കളും മനുഷ്യരും കിടന്നുറങ്ങുന്ന ഹാളിലുടെ ആരെയും ചവിട്ടാതെ ടിക്കെറ്റെടുക്കാൻ പോയി.മുൻപിൽ നിന്ന എല്ലാവരുടെയും കൈയിൽ അഞ്ഞൂറാണ്.ടിക്കറ്റു തരുന്നയാൾ അത് എടുക്കുന്നുമില്ല തിരികെ തരാൻ ചില്ലറയല്ല.പലരും വഴക്കിടുന്നു .പക്ഷെ പ്രയോജനമൊന്നുമില്ല.ഇനിയിപ്പോ വഴിക്കിടണം എന്ന് വച്ചാലും എനിക്കത്ര ഹിന്ദി വിജ്ഞാനം പോരാ.അതുകൊണ്ടു അഞ്ഞൂറ് പോക്കറ്റിലിട്ടു.
ടിക്കറ്റെടുത്തു.
195 രൂപ
ഹാവു ഇനി അറുപതു രൂപ കൈയിലുണ്ട്.
രണ്ടു ട്രെയിൻ ഞാൻ നോക്കി വച്ചിരുന്നു .
ലോക്മാന്യതിലക്-അസംഗഡ് ഉം പൂനൈ-ദർബംഗാ ട്രെയ്നയും .
ടിക്കറ്റെടുത്തു വന്നപ്പോൾ അസംഗഡ് കിടപ്പുണ്ട് പക്ഷേ അത് വൈകുന്നേരം ആറുമണിക്കെ അലഹബാദിലെത്തു.ദർബംഗാ ഇപ്പൊ വരും അത് നാലുമണിക്ക് എത്തും.അതിനു പോവാം .ആ മണ്ടൻ തീരുമാനത്തിന് വലിയ വില കൊടുക്കേണ്ടി വന്നു.ദർബംഗയിൽ കയറാൻപോലും സ്ഥലമില്ല.ഒരുവിധം എന്റെ രണ്ടു കാലു വാതിലിനരികിൽ വച്ചു.ത്രീവവാദി പോലൊരു ചേട്ടൻ വന്നപ്പോൾ ഞാൻ അയാളുടെ പുറകിൽ ആയി.എങ്കിലും കൈ പിടിക്കുന്നത് വാതിലിനു പുറത്തുള്ള കമ്പിയിലാണ്.അയാൾ കയ്യിൽ gloves ഇട്ടിട്ടുണ്ട്.തലയിൽ ഒരു തൊപ്പി മുഖം മൊത്തം തൂവാല കൊണ്ട് മറച്ചിരിക്കുന്നു.കണ്ണ് മാത്രം കാണാം .ഈ ലുക്ക് ഒന്നും പോരാഞ്ഞു "ഈ ട്രെയിൻ ദർബംഗായല്ലേ "എന്ന് ഒരുമാതിരി ശബ്ദത്തിൽ ചോദിച്ചപ്പോ എന്റെ ഉള്ള ജീവൻ പോയി.
ട്രെയിൻ യാത്ര തുടങ്ങി.കാറ്റടിക്കുമ്പോൾ നല്ല തണുപ്പ്.എന്റെ കൈ തണുത്തു മരവിച്ചു.രണ്ടു കൈയും മാറി മാറി പിടിച്ചു കമ്പിയിൽ.മറ്റേ അണ്ണൻ ഒരു കൂസലുമില്ലാതെ നിൽക്കുന്നു.ഞാനും ഒരു ത്രീവവാദി വേഷം കെട്ടേണ്ടിയിരിക്കുന്നു.പക്ഷെ അതിനുള്ള സാമഗ്രികൾ ഒന്നും കൈയിലില്ല.ശരിക്കൊന്നു നിൽക്കാൻ കൂടി സ്ഥലമില്ല.നിലത്തു ഇരിക്കാമെന്നു വച്ചാൽ അതിനു സ്ഥലമില്ല.രണ്ടു കാൽ എങ്ങനെയോ താഴെ ഉള്ളതുകൊണ്ട് നിന്ന് പോവുന്നു.ബീഹാറികൾ തമാശയും പറഞ്ഞു ഇരിപ്പാണ് .ചിലർ ഭോജ്പുരി പാട്ടിന്റെ വീഡിയോസ് കണ്ടിരിക്കുന്നു .നമ്മളിതെത്ര കണ്ടതാ എന്ന ഭാവമാണ് അവർക്കു.

ഇതൊന്നും പോരാഞ്ഞിട്ടു ഇടയ്ക്കു ട്രാൻസ്ജെൻഡർസ് കേറി വരും.അവർ സ്ഥലമൊക്കെ ഉണ്ടാക്കി അവരുടെ പിരിവ് എങ്ങനെയെങ്കിലും നടത്തും.പത്തു രൂപ ആ വഴി പോയി. അവരുടെ കൈ നിറയെ പത്തും ഇരുപതും നോട്ടുകൾ.അവരാവും ഇപ്പോൾ ഈ ട്രെയിനിലെ ധനികർ.ഇതുപോലെ ഒരു അഞ്ചാറെണ്ണം വന്നാൽ എന്തോ ചെയ്യും ? (മേരേ പ്യാരാ മോദിജീ )
നിന്ന് കാലു കഴച്ചു.അസംഗഡ് ട്രെയിനിനെ ഈ ട്രെയിൻ എവിടെയോ വച്ചു പിന്നിലാക്കി.അതിന്റെ സ്റ്റാറ്റസ് നോക്കികൊണ്ടേയിരുന്നു.ജബൽപൂർ എത്തിയപ്പോൾ ഞാൻ സുല്ലിട്ടു .അസംഗഡ് ട്രെയിൻ പുറകെ വരുന്നുണ്ട് .ഞാൻ ജബല്പൂരിലിറങ്ങി ഓടി പോയി പ്ലാറ്റുഫോം അന്വേഷിച്ചു .തിരികെ ഓടി വന്നപ്പോഴേക്കും ട്രെയിൻ വന്നു. മറ്റേ ട്രെയിൻ അപേക്ഷിച്ചു തിരക്ക് ഒട്ടുമില്ല.പക്ഷെ സീറ്റില്ല .
ആർക്കു വേണം സീറ്റ് ,നേരെ ചൊവ്വേ നിൽക്കാൻ പറ്റുമല്ലോ അത് തന്നെ ധാരാളം.ഒരു ചെക്കൻ വാതിൽക്കൽ ഇരിക്കുന്നു.ഞാനും കൂടെ ഇരുന്നു .അവൻ പൂനയിൽ ജോലി ചെയുന്നു.ഇടയ്ക്കു ഇടയ്ക്കു നിർത്തി നിർത്തിയാണ് ട്രെയിൻ പോവുന്നത്.എത്ര ലേറ്റ് ആയാലും ദർബംഗയിൽ പോവുന്നതിനേക്കാൾ ഭേദം.ട്രെയിൻ നിർത്തുമ്പോ വഴിയിൽ എവിടെന്നെകിലും പാൻ പരാഗും ചായയും അതും ഇതും ഒക്കെയായിട്ടു പലരും വരും .ഇവരൊക്കെ എങ്ങനെ അറിയുന്നു ഇവിടെ ട്രെയിൻ നിർത്തും എന്ന് ?
കൂടുതലും കുട്ടികളാണ് വരുന്നത്.കണ്ടാൽ സങ്കടം തോന്നും. അടുത്തിരുന്നവനോട് ഇവരൊന്നും സ്‌കൂളിൽ പോവാറില്ലേ എന്ന് ഒരു പൊട്ട ചോദ്യം ചോദിച്ചു.അവൻ ഒന്ന് ചിരിച്ചു . അവൻ എട്ടാം ക്ലാസിൽ വച്ച് നിർത്തിയതാണത്രേ .

നേരത്തെ ട്രെയിനിൽ കയറിയപ്പോൾ കണ്ട സീറ്റിൽ ഇരിക്കാൻ ചെന്നപ്പോൾ ഒരു കിളവൻ എന്നോട് ചൂടായി അവിടെ വേറെ ആരോ ഉണ്ടത്രേ.ഇപ്പോൾ ആ സീറ്റ് ഫ്രീ ആയി .ഞാൻ അവിടിരുന്നു.കൈയിലുള്ള ബിസ്കറ് എടുത്തു ആ കിളവനും കൊടുത്തു.ഇന്ത്യൻ റയിൽവെയുടെ ഞാൻ കണ്ടുപിടിച്ച അലിഖിത നിയമം ഇതാണ്.
"സീറ്റുള്ളവരെല്ലാം ഒറ്റ കേട്ടാണ്.പുതുതായി വരുന്നവരെ അവർ ഒരുമിച്ചു നേരിടും .എന്നാൽ അവർക്കു പിന്നീട് സീറ്റ് കിട്ടിയാലോ ആദ്യം വഴിക്കിട്ടതൊക്കെ മറന്നു എല്ലാരും ഒന്നാവും"
അങ്ങനെ അവരിൽ ഒരാളായി ഇരുന്നു ഇരുന്നു അലഹബാദ് എത്താറായപ്പോളാണ് ഒരു ചായ കുടിക്കുന്നത്.അവിടെ ആന്റി ഉണ്ടല്ലോ എന്ന ധൈര്യത്തിൽ.
അടുത്ത ദിവസം അലഹബാദ് sbi ൽ പോയി.ഒടുക്കത്തെ തിരക്ക്.എനിക്ക് കിട്ടിയ ഫോം ഹിന്ദിയിലുള്ളതായിരുന്നു.ഇംഗ്ലീഷ് തീർന്നു കോപ്പി എടുക്കാൻ ആൾ പോയിട്ടുണ്ട്.സ്‌കൂളിൽ പഠിപിച്ച സകല ഹിന്ദി ടീച്ചർമാരെയും മനസ്സിൽ ധ്യാനിച്ച് പൂരിപ്പിച്ചു.അവിടെ ഉള്ള രണ്ടു മൂന്ന് പേർക്കും പൂരിപ്പിച്ചു കൊടുത്തു.
"എല്ലാവരും പേര്,വിലാസം ,ബാങ്ക് അക്കൗണ്ട് നമ്പർ,....ഫോമിൽ എഴുതേണ്ടതാണ്"
ഒരു ബാങ്കിലെ ക്ലാർക്ക് ഇങ്ങനെ പറയുന്നുണ്ട്.ഇത് കേട്ട് ചിലർ എഴുതിയത് അപ്ലിക്കേഷൻ ഫോമിന്റെ പുറകു വശത്താണ്.മുകളിൽ പറഞ്ഞതെല്ലാം അടുപ്പിച്ചു എഴുതിയിരിക്കുന്നു!!
പലർക്കും വേറെ ആളുകൾ എഴുതി കൊടുക്കുന്നതാണ്.ഇവരുടെ അടുത്താണ് ഡിജിറ്റൽ ബാങ്കിങ് കൊണ്ടുവരുന്നത് !!!!
എന്റെ ബാങ്ക് കേരളത്തിൽ ആയതുകൊണ്ട് പൈസ മാറാൻ പറ്റുമോ എന്ന് പേടിയുണ്ടായിരുന്നു.എങ്കിലും മാറിക്കിട്ടി .
നാലായിരം രൂപ !!
അപ്പൊ കാശി കാണാനുള്ളതായി.റൂം നേരത്തെ ബുക്ക് ചെയ്തിട്ടുണ്ട് .ആദ്യത്തെ makemytrip ഉപയോഗം ആയിരുന്നതുകൊണ്ട് നല്ല ഓഫറും കിട്ടി.നാലായിരം കിട്ടിയ സന്തോഷത്തിൽ അലഹബാദ് മാർക്കറ്റ് മുഴുവൻ നടന്നു കണ്ടു.വളരെ സൂക്ഷിച്ചു ചിലവാക്കിയില്ലെങ്കിൽ പണിയാവും അതുകൊണ്ടു ഒന്നും വാങ്ങിയില്ല.കുസ്രു ബാഗിലും കയറിയിറങ്ങി.

ഒരു ദിവസം ആന്റിയുടെ കൂടെ നിന്നിട്ടു അടുത്ത ദിവസം വരാണസിയ്ക്കു ട്രെയിൻ കയറി.ഇവിടന്നു വരാണസിയിലേക്കു മൂന്ന് മണിക്കൂർ മാത്രം.
എന്താകുമോ എന്തോ
(തുടരും)

രണ്ടാം ഭാഗം : Click Here 

No comments

Powered by Blogger.