Varanasi Trip During Demonetisation 02 | Banaras



ഒന്നാം ഭാഗം : Click Here

ഇത് നമ്മടെ സുലൈമാനി അല്ലെ ?ഏതാണ്ടൊരു വൃത്തികെട്ട മസാല ഇട്ടില്ലായിരുന്നെങ്കിൽ സുലൈമാനി തന്നെ.

“ഇത് ഞങ്ങളുടെ നാട്ടിലും ഉണ്ട് പക്ഷെ ഈ മസാല ഇടില്ല “
“അതെയോ”
“സുലൈമാനി എന്നാണ് ഞങ്ങൾ പറയുക”
“എന്ത്”
“യെ ടീ കോ സുലൈമാനി ബോൽത്താ ഹേ , ബിനാ മസാല”
എന്തോ പുള്ളിക്ക് ഞാൻ പറഞ്ഞത് മനസിലായില്ല”.(ഹിന്ദി സിനിമകൾ ഇനിയും കാണേണ്ടിയിരിക്കുന്നു )
നാട്ടുകാരുടെ ശല്യം കാരണം നാടുവിട്ട ഞാൻ ഗംഗയും നോക്കി ഒരു ലെമൺ ടീയും കുടിച്ചിരുപ്പാണ്.ഇതിപ്പോ ഇന്നത്തെ മൂന്നാമത്തെ ആണ് ആദ്യം കുടിച്ചപ്പോ തുപ്പി കളയാൻ തോന്നി.പിന്നെ രുചി ഇഷ്ടായി.ഗംഗ മുന്നിലൂടെ ഇങ്ങനെ ഒഴുകുമ്പോ രുചി കൂടും.നാട്ടിൽ നിന്ന് ഇത്രയും ദൂരം ഒറ്റയ്ക്കു വന്നതിന്റെ പേടി ഇപ്പോഴാണ് മാറിയത്.റൂമിലെത്തിയതും ഇറങ്ങിയതാണ്.അസി ഘാട്ടിനു അടുത്താണ് റൂം.അസിഘട്ട് മുതൽ രാജ് ഘട്ട് വരെ നൂറോളം ഘാട്ടുകൾ ചേർന്നതാണ് കാശി അഥവാ വാരാണസി അഥവാ ബനാറസ്..ഈ ഘാട്ട് എന്ന് ലളിതമായി പറഞ്ഞാൽ കടവ് എന്ന അർത്ഥമാണ്.വാരാണസിയിൽ കിട്ടുന്ന പോസിറ്റീവ് എനർജിയെ പറ്റി വായിച്ചിട്ടുണ്ട്.അതൊക്കെ കണ്ടാണ്‌ നാടുവിടലിനു കാശി തന്നെ തിരഞ്ഞെടുത്തത്.അത് ചുമ്മാ ഇവിടെ ഇരിക്കുമ്പോൾ തന്നെ മനസിലാവും.എന്തോ ഒരു പ്രേത്യേകത ഉണ്ടിവിടെ.ദൈവത്തിലൊന്നും വിശ്വാസമില്ലാഞ്ഞിട്ടും എന്തോ ഒരു positive vibe ഫീൽ ചെയ്തു.
കാശി സ്റ്റേഷനിലെത്തിയപ്പോൾ ഓട്ടോക്കാർ വന്നു പൊതിഞ്ഞു..ഞാൻ ഓല ബുക്ക് ചെയാൻ നോക്കി.കയ്യിലെ പൈസ കളയാതെ ഓണ്ലൈനിൽ നിന്ന് മുടക്കാൻ പറ്റുന്നപോലെ മുടക്കുക അതാണ് ഉദ്ദേശം.ഓല ഓട്ടോയ്ക്ക് 29 രൂപ മാത്രം.അവർ വാരണാസിയിൽ ഓട്ടോ സർവിസ് തുടങ്ങിയതേ ഉള്ളു.അഞ്ചു കിലോമീറ്റർ വരെ 29 മാത്രം.ഇനിയിപ്പോ ഓട്ടോയിൽ തന്നെ പോവാം .ഞാൻ ബുക്ക് ചെയ്ത അടുത്തു തന്നെയാണ് ഓട്ടോക്കാരൻ നിന്നതു അതുകൊണ്ടു രക്ഷപെട്ടു.പോവണ്ട സ്ഥലം പറഞ്ഞപ്പോൾ ആളെനിക്ക് വേറെ പല ഹോട്ടലുകളും സജ്ജസ്റ് ചെയ്തു.വേണമെങ്കിൽ എനിക്ക് വേണ്ടി അയാൾ പ്രേത്യേകം പറഞ്ഞു നല്ല മുറി ഏർപ്പാടാക്കി തരാമെന്നു വരെ !! ഇങ്ങനെ സ്നേഹിച്ചു കൊല്ലല്ലേ അണ്ണാ.നേരത്തെ ബുക്ക് ചെയ്ത ഹോട്ടലിലെത്തി.റൂമൊന്നും അത്ര പോരാ.കിടന്നു ഉറങ്ങാനും രാത്രി മൊബൈൽ ചാർജ് ചെയ്യാനും മാത്രമാണ് റൂം വേണ്ടതു.അതുകൊണ്ടു അഡ്ജസ്സ്റ് ചെയ്യാം.അപ്പോൾ തന്നെ ചാടിയിറങ്ങിയതാണ് പുറത്തേക്കു.അസ്സി ഘട്ടിലേക്കു അഞ്ചു മിനിട്ടു നടന്നാൽ മതി.
അസ്സി-വരുണ, ഗംഗയുടെ ഈ രണ്ടു പോഷകനദിയുടെ പേരിൽ നിന്നാണ് വാരണാസി എന്ന പേര് വന്നതു.ഇതെനിക്ക് pizeriya കടയിലെ ചേട്ടൻ പറഞ്ഞു തന്നതാണ്.അവിടെ പിസ കഴിക്കാൻ കേറിയതാ.ഈ പൈസ ഇല്ലാത്ത സമയത്തു ചെക്കൻ പിസ കഴിക്കാൻ പോയേക്കുന്നു എന്ന് കരുതരുത്.അവിടെ കാർഡ് എടുക്കും.ഇതുപോലൊരു ലോങ്ങ് യാത്ര ഒറ്റയ്ക്കു പോവുമ്പോ വലിയ പ്ലാനിങ്ങുകൾ ഒക്കെ നടത്തിയിരുന്നു..
(മോദിജിയുടെ മാസ്റ്റർ പ്ലാൻ അതിലും വലുതായിരുന്നു!)



pizeriya ൽ നിന്ന് പിസ ,ആലൂ ചാറ്റ് ,BHU ൽ നിന്നും ചോള സമോസ അങ്ങനെ പലതും ലിസ്റ്റിലുണ്ട്. ഇവിടത്തെ പിസ ഫേമസ് ആണ്.അന്നൊക്കെ യാത്രകൾ ചെയ്തു തുടങ്ങിയതേയുള്ളു.മുൻപ് പോയവരുടെ യാത്ര അതേപടി പിന്തുടരുക അവരുടെ പ്ലാനുകൾ അതേപോലെ ഞാനും ചെയുക എന്നൊക്കെയുള്ള തെറ്റിദ്ധാരണകൾ മനസ്സിൽ ഉണ്ടായിരുന്നു.അങ്ങനെയാണ് പിസ ഇഷ്ടമല്ലാത്ത ഞാൻ പിസ കഴിക്കാൻ കേറിയതു.പിസ കഴിച്ചു കഴിഞ്ഞപ്പോളാണ് ആ ചേട്ടൻ പറഞ്ഞത് pos മെഷീൻ കേടാണ്.പൈസ തന്നെ വേണമെന്നു.
തുടക്കം തന്നെ പാളിയല്ലോ.(എന്നാലും എന്റെ മോദിജി അങ്ങയുടെ മണ്ഡലത്തിലേക്കു വന്നപ്പോ പണികൾ മാത്രമാണലോ കിട്ടുന്നത്.എനിക്ക് താങ്കളെ ഇഷ്ടമല്ല എന്നൊക്കെ ശെരി തന്നെ എന്നാലും ഞാനും ഒരു പ്യാരാ ദേശവാസിയല്ലേ )

വൈകുന്നേരം ആറു മണിക്ക് വീണ്ടും അസി ഘാട്ടിൽ വന്നു.ഗംഗ ആരതി കാണണം.അസ്സി ഘട്ട്, ദശ്വമേശ്വര ഘട്ട് ഈ രണ്ടിടത്തുമാണ് ഗംഗ ആരതി നടക്കുക.ഇന്ന് ഇവിടെ കാണാം നാളെ അവിടെയും കാണാം.അതായിരുന്നു പ്ലാൻ.നാട്ടുകാരും വിദേശികളും എല്ലാവരും ആരതി കാണാൻ വരും.നേരത്തെ പോയില്ലെങ്കിൽ നല്ല സീറ്റ് കിട്ടില്ല.അർത്ഥമൊന്നും മനസിലായില്ലെങ്കിലും നല്ലൊരു അനുഭവമായിരുന്നു.നല്ല ഭാരമുള്ള വിളക്കുകളാണ് ഇവർ കൂളായി എടുത്തു പൊക്കി ഉപയോഗിക്കുന്നത്.ആരതി കഴിഞ്ഞു ഞാൻ ഒരു അഞ്ചാറു ഘട്ട് വരെ പോയി.ചുമ്മാ നടന്നു.ഇടയ്ക്കു ലെമൺ ടീയും കുടിക്കും.





പാപമോചനത്തിനായി ഗംഗയിൽ മുങ്ങുന്നവരും ,തുണിയലക്കുന്ന ദോബികളും ,ഗംഗയിൽ ബോട്ടിങ് നടത്തുന്നവരുമെല്ലാമായി വാരാണസി എപ്പോഴും ആക്റ്റീവ് ആണ്.വിദേശിയരെ ഒരുപാട് കാണാം .തദ്ദേശീയ വസ്ത്രധാരണമാണ് പലർക്കും.ചില സായിപ്പ് സ്വാമിമാരെയും കാണാം.അഗോറയെ മാത്രം കണ്ടില്ല.അവരെയും കാണാതിരിക്കില്ല.
അടുത്ത ദിവസം നേരത്തെ എണീറ്റു .രാത്രി മുഴുവൻ പാട്ടുകൾ കേൾക്കാമായിരുന്നു.അഞ്ചു മണിക്ക് നടത്തം തുടങ്ങി.അസി ഘട്ട് മുതൽ രാജ് ഘട്ട് വരെ നടക്കുക.ഒരു നാലഞ്ചു കിലോമീറ്റർ ഉണ്ടാവും.ഇടയിൽ ദശ്വമേശ്വര ഘട്ടിൽ നിന്നും പുറത്തേക്കു കയറി കാശി വിശ്വനാഥ ക്ഷേത്രത്തിൽ കയറണം.പിന്നെ മണികര്ണിക ഘട്ടും.ഇതാണ് ഉദ്ദേശം.


ഇത്ര രാവിലെയും വാരാണസി സജീവമാണ്.തുണി അലക്കുന്നവരാണ് കൂടുതലും.നടക്കാൻ വരുന്നവരും ഉണ്ട്.ഒരു മൃതദേഹം കത്തിക്കാനുള്ള പരിപാടിയിലാണ് കുറച്ചുപേർ.അത് കാണാമെന്നു കരുതി ഞാൻ അവിടെ നിന്നു.കൂട്ടത്തിൽ ഒരു ഫ്രഞ്ച് സായിപ്പും കൂടി.കുറെ നേരം കഴിഞ്ഞിട്ടും കത്തിക്കുന്ന ലക്ഷണമില്ല.ഞാൻ സുല്ലിട്ടു.സായിപിനോട് ബൈ പറഞ്ഞു ഞാൻ പോയി.സായിപിന് സുല്ലു പറയാൻ ഉദ്ദേശമില്ല.
ദാ ഒരു അഗോറ ഇരിക്കുന്നു.
കണ്ടാലേ പേടിയാകും.എങ്ങനെ ഒരു ഫോട്ടോ ഒപ്പിക്കും ? ഫോട്ടോ എടുക്കുന്ന കണ്ടാൽ ഇനി എന്നെ ശപിക്കുവോ ? എങ്ങാനും എന്തേലും ചെയ്താലോ ?മൃതദേഹം തിന്നുന്ന ആൾക്കാരാണ് എന്നൊക്കെ കേട്ടിട്ടുണ്ട്.ഇവർ ഇനി അതുപോലത്തെ അഗോറ ആയിരിക്കുമോ ? അത് വ്യാജൻ ആണോ ? അറിയാൻ വഴിയില്ല.പോയി മിണ്ടാനുള്ള ധൈര്യവുമില്ല.
ഒറ്റ വഴിയേയുള്ളു
“ഒളി ക്യാമറ “


അഗോറ ഇരിക്കുന്നത് ഒരു നടയിലാണ് .ഞാൻ ചുമ്മാ മുകളിലോട്ടു പോവുന്നു തിരികെ വരുന്നു ഇതിട്നെ ഇടയിൽ കയ്യിൽ ഉള്ള ഫോണിൽ കുറച്ചു ഫോട്ടോ കാച്ചുന്നു.ഫോട്ടോ കിട്ടിയെങ്കിലും അത്ര പോരാ.ഇനി ഒന്നുടെ ഇങ്ങനെ പോയി കുറച്ചൂടെ ഫോക്കസ് ചെയ്തു എടുക്കാനുള്ള ധൈര്യം പോരാത്തോണ്ടു ഞാൻ എന്റെ നടത്തം തുടർന്നു.
ബോട്ടിൽ കയറണമെന്നു ഇന്നലെ തന്നെ ആഗ്രഹിച്ചതാണ്.തനിച്ചായതുകൊണ്ട് തനിയെ പോയാൽ നല്ല കാശാവും.വേറെ ഏതെങ്കിലും ഗ്രൂപ്പിന്റെ കൂടെ കയറാമെന്നു വച്ചാൽ ആരെയും കിട്ടുന്നുമില്ല.നോട്ടു നിരോധിച്ച സ്ഥിതിക്ക് എങ്കിലും ഇവർക്കു റേറ്റ് കുറച്ചൂടെ?
സൂര്യോദയം കണ്ടു ഒരിടത്തു ഇങ്ങനെ ഇരിക്കുമ്പോഴാണ് ഗംഗയുടെ മറുവശത്തു വരെ പോകാൻ ബോട്ട് ഉണ്ടെന്നു മനസിലായത്.അറുപതു രൂപ മാത്രം.തത്കാലം അതിൽ കയറാം.ഞാനും ഒരു ചേട്ടനും ഒരു മൂന്നാലു പെൺപിള്ളേരും കൂടി കയറി.അവിടെ കുറച്ചൂടെ വെള്ളം ശുദ്ധമായിരിക്കും അതുകൊണ്ടു പലരും അവിടെയാണ് പാപമോക്ഷത്തിനായി മുങ്ങുക.


കൂടെയുണ്ടായിരുന്ന ചേട്ടൻ മാത്രമേ മുങ്ങിയുള്ളു.പെൺപിള്ളേർ ഫോട്ടോയെടുത്തു കളിച്ചു.അര മണിക്കൂർ കഴിഞ്ഞു തിരികെ പോരും.ബോട്ടിൽ ഇരുന്നപ്പോഴാണ് വരാണസിയുടെ വിശ്വരൂപം കണ്ടത്.ഇതിനു വേണ്ടി കുറച്ചു പൈസ മുടക്കിയാലും സാരമില്ല.പക്ഷെ അവസാന ദിവസം നടത്താം .ഇപ്പൊ ഒരു ആവേശത്തിന് കേറി പൈസ മുടക്കിയാൽ ചില്ലപോൽ പണിയാകും .(അല്ലെങ്കിൽ തന്നെ മുട്ടൻ പണി കിട്ടിയിരിക്കുവാണല്ലോ എല്ലാരും ).
വീണ്ടും നടത്തം ആരംഭിച്ചു.ദശ്വമേശ്വര ഘട്ട് എത്തി.ഒരു ചായയും കുടിച്ചു.നല്ല ഇഞ്ചി ഇട്ട കിടിലൻ ചായ.ഒരു മസാലദോശയും കഴിച്ചു നടന്നപോലുണ്ട് ദാ നിൽക്കുന്നു അടുത്ത അഗോറ


വീണ്ടും ആരും അറിയാണ്ട് ഒരു ഫോട്ടോ എടുക്കാൻ ഒരു പാഴ്‌ശ്രമം നടത്തി.ഇതുപോലെ പലതും ആദ്യമായിട്ട് കാണുന്ന കാഴ്ച്ചകളാണ്.ചിലതൊക്കെ കാണുമ്പോൾ ചെറിയൊരു ഭയവും ഇല്ലാതില്ല.
അമ്പലത്തിലേക്കു അടുത്തപ്പോൾ വഴിയുളള രണ്ടു കടയിലെ ചേട്ടന്മാരും പറയും.“ചെരുപ്പും ബാഗും ഒന്നും അകത്തു കയറ്റില്ല .എല്ലാം ഇവിടെ വച്ചോളു ഫ്രീ ആണ് “ഞാൻ ഇതൊന്നും ശ്രെദ്ധിക്കാതെ നടന്നു.ഒടുവിൽ തൊട്ടടുത്തെത്തി.ഒന്നും അകത്തേക്ക് കയറ്റില്ല.പൈസ വേണമെങ്കിൽ പോക്കറ്റിൽ ഇടാം (അതൊരിക്കലും തടയില്ലല്ലോ തടഞ്ഞാൽ എങ്ങനെ നേര്ച്ച കിട്ടും ).മനസില്ലാ മനസോടെ ഞാൻ എന്റെ ബാഗും ഫോണും എല്ലാം ഒരു കടയിൽ വച്ചു.ചേട്ടന്മാർ പറഞ്ഞപോലെ ഈ സേവനം “തികച്ചും സൗജന്യമാണ്” പക്ഷെ ഒരു പൂമാലയും കുറച്ചു മധുരം അടങ്ങിയ ബോക്‌സും നമ്മൾ പൈസ കൊടുത്തു വാങ്ങണം .എങ്കിലേ മുകളിൽ പറഞ്ഞ സേവനം ഫ്രീ ആയി ലഭിക്കു.
അടിപൊളി.നൂറ്റമ്പതു രൂപ അങ്ങനെ പോയിക്കിട്ടി.
ഈ ബോക്‌സും പൂമാലയും എന്ത് ചെയ്യണമെന്ന് ഒരു ഐഡിയയും ഇല്ലാതെ ഞാൻ ക്യു നിൽക്കാൻ പോയി.ക്യു എന്ന് പറഞ്ഞാൽ ഒരു ഒന്ന് രണ്ടു കിലോമീറ്റർ നീണ്ടു നിൽക്കുന്ന ക്യൂ.ക്യുവിന്റെ അറ്റം കണ്ടു പിടിക്കാൻ തന്നെ പാടുപെട്ടു.
ഒടുവിൽ അറ്റത്തു ചെന്ന് നിന്നു.ക്യു ഒരടി മുൻപോട്ടു വയ്ക്കാൻ ഒരു അഞ്ചു മിനിട്ടു നിൽക്കണം.എന്റെ സകല പ്ലാനിങ്ങും തവിടുപൊടിയാവുന്ന ലക്ഷണമാണ്.എങ്കിലും ഇത് കണ്ടിട്ടേ പോവുന്നുള്ളു.പല മുസ്ലിം രാജാക്കന്മാരും തകർക്കാൻ ശ്രെമിച്ച ക്ഷേത്രമാണ് കാശി വിശ്വനാഥ ക്ഷേത്രം.അതിനോട് ചേർന്നു ഔറങ്ങസേബ് പണിത മോസ്‌കും ഉണ്ട്.
മുൻപിൽ നില്കുന്നത് തെലുങ്കാനയിൽ നിന്നും വന്ന ചേച്ചിമാരുടെ സംഘമാണ്.അവർ വർത്തമാനമെല്ലാം പറഞ്ഞു ചിരിച്ചു നില്കുന്നു .ഞാൻ ഒരു ഇവർ പറയുന്നത് ഒന്നും മനസിലാവാതെ നിന്നു.എത്ര മണിക്കൂർ ഇങ്ങനെ നിന്നാലാ എന്നാലോചിച്ചു നിൽകുമ്പോൾ മുൻപിൽ നിന്ന ചേച്ചി എന്നോട് സംസാരിച്ചു.പുള്ളിക്കാരി തമിഴ്‌നാട് ബോർഡറിലാണ് താമസിക്കുന്നത് അതുകൊണ്ടു തമിഴ് അറിയാം .എന്റെ മുറി തമിഴ് വച്ച് സംസാരിച്ചു.അങ്ങനെ കുറച്ചു ബോറടി പോയി കിട്ടി.അവർ അഞ്ചാം തവണയാണ് വാരാണസി വരുന്നത്.ചേച്ചിയുടെ പേര് ലക്ഷ്മി.വഴിയിൽ എല്ലാവരും ഓരോ ഗ്ലാസ് പാലും വാങ്ങുന്നുണ്ട് (അതിൽ പകുതി വെള്ളമാണ്).എന്നോടും വാങ്ങാൻ ലക്ഷ്മി ചേച്ചി പറഞ്ഞു.ഞാനും വാങ്ങി .ഇനി ഇതുവച്ചു എന്ത് കാണിക്കുമോ എന്തോ.
ഒരു രണ്ടു മണിക്കൂർ വേണ്ടി വന്നു അകത്തു കയറാൻ .ശബരിമലയിലെ പോലെ തന്നെ പെട്ടെന്നു പെട്ടെന്ന് കണ്ടു പോകണം.എവിടെയും നില്ക്കാൻ പാടില്ല.അത്ര തിരക്കാണ്.എന്റെ കൈയിലുള്ള മാലയൊക്കെ ലക്ഷ്മി ചേച്ചി പറഞ്ഞപോലെ ഒരു സ്ഥലത്തു ഇട്ടു.പാലും അതുപോലെ തന്നെ ഒരിടത്തു ഒഴിച്ചു.ലക്ഷ്മി ചേച്ചിയുടെ ഒരു കണ്ണ് എന്റെ മേൽ എപ്പോഴുമുണ്ടായിരുന്നു.സ്വന്തം മകനെ നോൽകുന്നപോലെ. അവിടെ കുറച്ചു കഴിഞ്ഞു ഭക്ഷണം ലഭിക്കും അത് കഴിച്ചിട്ടു പോവാമെന്നു ലക്ഷ്മി ചേച്ചി പറഞ്ഞു.പക്ഷെ സമയമില്ലാത്തതുകൊണ്ടു ഞാൻ അവരോട് യാത്ര പറഞ്ഞു ഇറങ്ങി.അമ്പലം ശെരിക്കൊന്നു കാണാനൊത്തില്ല.ഇനി തിരക്കില്ലാത്ത സമയം നോക്കി പിന്നീടൊരിക്കൽ വാരാണസി വരണം.
ഫോണും ബാഗുമെല്ലാം അവിടെ തന്നെ ഉണ്ടാവണേ എന്നൊരു പ്രാർത്ഥന മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു .എല്ലാം കിട്ടി.ഭാഗ്യം.വീട്ടുകാരേക്കാളും പേടി അലഹബാദിലുള്ള ആന്റിയ്ക്കാണ്.ഇടയ്ക്കു ഇടയ്ക്കു ഞാൻ ഓരോ sms അയക്കും.അമ്പലത്തിൽ കേറുന്നതിനു മുൻപേ sms അയക്കാൻ മറന്നു പോയി.അതിന്റെ ടെൻഷൻ ഉണ്ടായിരുന്നു.ഫോൺ കിട്ടിയപ്പോ തന്നെ sms അയച്ചു.



മണികർണികാ ഘട്ടിലെക്കു നടന്നു.മണികര്ണിക ഘാട്ടിനെപ്പറ്റി കഥകൾ പലതാണ്.കർണിക എന്ന് പറഞ്ഞാൽ കമ്മൽ.ശിവൻ കലി തുള്ളി ഡാൻസ് കളിച്ചപോൾ ഒരു കമ്മൽ ഇവിടെ വീണു എന്ന് ഒരു കൂട്ടർ.ശിവൻ destroyer ആണല്ലോ,കാശി മാത്രം നശിപ്പിക്കരുത് എന്നും പറഞ്ഞു വിഷ്ണു തപസ്സ് ചെയ്തു.ഒടുവിൽ വിഷ്ണുവിനെ കാണാൻ ശിവനും പാർവതിയും വരാമെന്നേറ്റു.അവിടെ അവർക്കു കുളിക്കാൻ വേണ്ടി വിഷ്ണു ഒരു കിണർ കുഴിച്ചു (kund) അവിടെ കുളിച്ചുകൊന്നിരുന്നപ്പോൾ ശിവന്റെ കമ്മൽ താഴെ വീണു വേറൊരു കൂട്ടർ.കഥകൾ ഇനിയും ഒരുപാടുണ്ട്.മണികര്ണിക ഘട്ട് വാരണാസിയിലെ പ്രധാന burning ghat ആണ്.ഒരു ദിവസം കുറഞ്ഞത് ഒരു എഴുപതു മൃതദേഹമെങ്കിലും കത്തിക്കുന്നു.ഈ ചാരമെല്ലാം ഗംഗയിലേക്കാണ് ഒഴുക്കി വിടുന്നത്.കത്തിക്കാൻ ഉപയോഗിക്കുന്ന തടി പല തരമുണ്ട്.ചന്ദനത്തിലാണ് ഏറ്റവും വില കൂടുതൽ.(എന്ത് ആയാലെന്താ കത്തിയാൽ പോരെ ?”).ഒരു ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ ചായക്കടക്കാരൻ പറഞ്ഞു ചന്ദനമൊക്കെ കൊണ്ടുവരുന്നത് കർണാടകത്തിൽ നിന്നാണെന്നു.



ഞാൻ ചെന്നപ്പോൾ ഒരെണ്ണം കത്തിക്കാൻ തുടങ്ങുകയാണ്.ഫോട്ടോ എടുത്താൽ ചിലപ്പോൾ പണി കിട്ടും.ഫോട്ടോ എടുക്കുന്നത് ആത്മാവിന്റെ സ്വർഗത്തിലേക്കുള്ള യാത്ര തടസ്സപ്പെടുത്തും എന്നൊരു പുതിയ വിശ്വാസം ചിലർ കണ്ടുപിടിച്ചിട്ടുണ്ട്.ആ പേരും പറഞ്ഞു ഫോട്ടോ എടുക്കുന്നവരെ ഭീക്ഷണിപ്പെടുത്തി ഒരു അനാഥ മൃതദേഹം കത്തിക്കാനുള്ള ചിലവ് എന്നും പറഞ്ഞു അവർ കാശു വാങ്ങിച്ചെടുക്കും.ഈ കാശില്ലാത്ത സമയത്തു കയ്യിലെ പൈസ വച്ചൊരു കളിക്കു ഞാനില്ല.
അതുകൊണ്ടു ഞാൻ ആദ്യം ഫോട്ടോ എടുത്തില്ല.കുറച്ചു പേർ എടുക്കുന്നുണ്ട്.അവിടെ നിന്ന നാട്ടുകാരൻ എന്ന് തോന്നിക്കുന്ന ഒരു ചേട്ടനോട് ചോദിച്ചിട്ടു ഞാനും എടുത്തു.നിങ്ങൾ എന്ത് സംഭവമാണെങ്കിലും ആണെങ്കിലും ദാ ഇതുപോലെ കത്തി തീരാവുന്നതെയുള്ളൂ.അവിടെ കണ്ട ഒരു പഴയ കെട്ടിടത്തിലേക്ക് ഞാൻ കയറി.ആരെങ്കിലും വഴക്കു പറയുമോ എന്നൊരു പേടി ഇല്ലാതില്ല.മുകളിൽ ഒരു മദാമ്മ ഏതോ ഒരു സംസ്‌കൃത ശ്ലോകം നല്ല അസ്സൽ ഉച്ചാരണത്തോടെ ചെല്ലുന്നു. (സ്വയം നാണം കേട്ട് ഗംഗയിലേക്കു എടുത്തു ചാടാൻ തോന്നി)അതുപോലത്തെ കുറെ പേരെ കാശിയിൽ കാണാം.അവർ ഇവിടെ വന്നു താമസിച്ചു പലതും പഠിച്ചിട്ടു തിരികെ പോവുന്നു.
ഞാൻ താഴേക്കിറങ്ങി.മൃതദേഹങ്ങൾ അപ്പോഴും വന്നുകൊണ്ടേയിരിക്കുന്നു.
വാരാണസിയിലെ ഗള്ളികളിലൂടെ ഒരുപാട് നടന്നു.പശുക്കളും നായ്ക്കളും വഴിയിൽ ഉണ്ടെങ്കിലും നമ്മൾക്ക് അവർ വഴിമാറി തരും.അതെനിക്ക് തോന്നിയതാണോ അതോ അവർക്കതു ശീലമായതാണോ എന്നറിയില്ല.തിരിച്ചു വീണ്ടും ഗംഗയുടെ തീരത്തെത്തി.വരാണസിയുടെ അറ്റം വരെ നടന്നു.വഴിയിൽ കുഞ്ഞു പിള്ളേർ പെയിന്റ് അടിക്കുന്നുണ്ട്.ദേവ് ദിവാലിയുടെ ഒരുക്കമാണ്.അംഗൻവാടിയിൽ പോവണ്ട പ്രായമാണ് പിള്ളേർക്ക് !!
ഗംഗയും വരാണസിയും മാലിനാമാണെന്നു പ്രേത്യേകം പറയണ്ടല്ലോ.ഗംഗ ആക്ഷൻ പ്ലാനിന്റെ ഒരു “ആക്ഷനും “ കണ്ടു .മോട്ടോർ പമ്പ് ഉപയോഗിച്ചു ഗംഗയിൽ നിന്ന് വെള്ളമെടുത്തു നല്ല ശക്തിയിൽ വെള്ളം ചീറ്റി ഘാട്ടുകളിലെ മാലിന്യം ഗംഗയിലേക്കു ഒഴുക്കുന്നു.വിശുദ്ധം എന്ന് കരുതുന്ന ഒരു സ്ഥലം വിശുദ്ധമായി സൂക്ഷിക്കാൻ പോലും നമ്മൾക്കറിയില്ല.ഇനി നമ്മളത് പഠിക്കുമെന്നു ഒരു പ്രതീക്ഷയുമില്ല.


ഇനി തിരിച്ചു അസി ഘട്ടിലെത്തണം.ഒരു ഓല ബുക്ക് ചെയ്തു.വാരണാസിയിൽ ഓല ബുക്ക് ചെയ്താൽ ഡ്രൈവറുടെ ലൊക്കേഷൻ നോക്കി നമ്മൾ അവിടെ എത്തണം .അവർ മാപ്പ് നോക്കി നമ്മളുടെ അടുത്ത് എന്നും കരുതി ഇരുന്നാൽ അവിടെ ഇരിക്കത്തെയുള്ളൂ.
ബനാറസ് ഹിന്ദു സർവകലാശാലയാണ് അടുത്ത ലക്‌ഷ്യം .പ്രൊട്ട്രാക്ടറിന്റെ ആകൃതിയിൽ ആയിരത്തി മുന്നോറോളം ഏക്കറിലായി പരന്നു കിടക്കുന്ന ക്യാംപസ് ഏഷ്യയിലെ ഏറ്റവും വലുതാണ്.ഗൂഗിൾ മാപ്പിൽ നോക്കുമ്പോഴേ അറിയാം പ്രൊട്രാക്ടറിന്റെ ആകൃതി.ചോളാ സമോസ ആദ്യമായിട്ടു കഴിക്കുന്നത് അവിടുന്നാണ് .പതിനഞ്ചു രൂപ.അവിടെ പഠിക്കുന്ന ഒരു കുട്ടി qoura ൽ ഇട്ടതു കണ്ടു കഴിക്കാൻ ആഗ്രഹം തോന്നിയതാണ്.കുറച്ചു ഓടിച്ചു കണ്ടിട്ടു തിരികെ അസ്സി ഘട്ടിലേക് നടന്നു ഓല ബുക്ക് ചെയ്യുന്നതിലും ഭേദം ഇതാണ്.കാശും ലാഭവും.എന്തെങ്കിലും നല്ലതുപോലെ കഴിക്കണം.കാർഡ് എടുക്കുന്ന ഒരു ഹോട്ടൽ തപ്പി പോയി പോയി അവസാനം ഒരെണ്ണം കണ്ടു പിടിചു.എന്തോ ഒരു പുലാവ് കഴിച്ചു.രുചി ഇഷ്ടമായില്ല.


ദശ്വമേശ്വര ഘട്ടിലേക്കു പോവാൻ സമയമില്ലാത്തതുകൊണ്ടു ഇന്നും ആരതി കാണുന്നത് അസി ഘട്ടിലാക്കി.നാളെ അവിടെ കാണാം.തുടങ്ങാൻ ഇനിയും സമയമുണ്ട്.ഞാൻ ഫോണിൽ കുത്തി ഇരിക്കുന്നത് ഒരു ചെക്കൻ വരച്ചു. കൊള്ളാം.





“മൊബൈൽയുഗത്തിൽ മൊബൈൽ കുത്തി കുത്തി കഴുത്തു വളഞ്ഞു പോയ മനുഷ്യൻ എന്ന അടിക്കുറിപ്പും കൂടി ഇട്ടാൽ പൊളിക്കും“
അവൻ അത് എന്നെ കാണിച്ചതുമില്ല .ഞാൻ യാദൃശികമായി കണ്ടതാണ് .BHU ൽ പഠിക്കുന്നവരാണ് ഇവരെല്ലാം.അസി ഘാട്ടിൽ ഇതുപോലെ ഒരുപാട് പേരെ കാണാം .വരച്ചു പഠിക്കാൻ വന്നിരിക്കുന്നവരും പൈസക്ക് വരച്ചു കൊടുക്കുന്നവരുമുണ്ട്.ആരതി കഴിഞ്ഞു തിരികെ പോയപ്പോൾ ആലൂ ചാട്ട് കഴിച്ചു.



അപ്പോഴുണ്ട് ഒരു മദാമ്മ
“ആലൂ ചാട്ട് സൂപ്പറായിരുന്നു ഭായി. എത്രയായി “
എന്ന് നല്ല ഒന്നാന്തരം ഹിന്ദിയിൽ പറയുന്ന കേട്ടപ്പോൾ പകച്ചു പണ്ടാരമടങ്ങി പോയി.
ഇങ്ങനെയും മനുഷ്യർ !!
റൂമിൽ വന്നു കിടക്കുമ്പോൾ ദാ എവിടുന്നോ മലയാളം കേൾക്കുന്നു .
എനിക്ക് തോന്നിയതാണോ ? അല്ല മലയാളം തന്നെ.ഏതോ മലയാളിയും നാടുവിട്ടിരിക്കുന്നു!! കണ്ടിട്ട് തന്നെ കാര്യം.
ഞാൻ വേഗം വാതിൽ തുറന്നു നോക്കിയപ്പോൾ ഒരാൾ ഫോൺ വിളിക്കുന്നു.സംസാരം കഴിഞ്ഞപ്പോൾ ഞാൻ പോയി മുട്ടി.
ആൾ ഡൽഹിയിൽ ജോലി ചെയുന്നു.പേര് അജയ് .തിരുവനന്തപുരം സ്വദേശി.
അടുത്ത ദിവസം സാർനാഥ് പോവാനാണ് ആൾടെ പരിപാടി.എന്റെയും അതു തന്നെ.
ഒരുമിച്ചു പോവാമെന്നു തീരുമാനിച്ചു.പൈസ പലയിടത്തും ലാഭിക്കാം.ഈ സമയത്തു അതാണല്ലോ ഏറ്റവും പ്രധാനം.
അടുത്ത ദിവസമാണ് ദേവ് ദിവാലി ഉത്സവം .രാവിലെ സർനാഥ് പോയിട്ടു ഉച്ച കഴിഞ്ഞു തിരികെ വാരണാസിയിൽ എത്തുന്നു.അതാണ് പ്ലാൻ.
(തുടരും )

മൂന്നാം ഭാഗം : Click Here

No comments

Powered by Blogger.