Varanasi Trip During Demonetisation 03 | Sarnath | Dev Diwali
ഒന്നാം ഭാഗം Click Here
രണ്ടാം ഭാഗം Click Here
"കേരളത്തിലെ ഓട്ടോക്കാർ വരെ ഇംഗ്ലീഷ് പറയും മണ്ടാ , അവർക്കു സാക്ഷരതാ നൂറു ശതമാനമാണ് .നീയൊക്കെ പോയാൽ ഒലത്തും "
വിമലേഷ് തിവാരിയുടെ ചങ്ക് ബ്രോ അവനെ കളിയാക്കുകയാണ്.കേരളത്തിൽ എൻജിനീയറിംഗിന് ആറായിരം രൂപയെ വാർഷിക ഫീസുള്ളൂ എന്ന് ഞാൻ പറഞ്ഞപ്പോൾ വിമലേഷിന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.എന്നാൽ നമ്മൾക്ക് കേരളത്തിൽ പോയി എൻട്രൻസ് എഴുതിയാലോ എന്ന ഐഡിയ ചെക്കൻ കൂട്ടുകാരോട് പറഞ്ഞു.അപ്പൊ ചങ്ക് ബ്രോ കൊടുത്ത മറുപടിയാണ് ആദ്യം.അസ്സി ഘാട്ടിലെ എന്റെ അവസാനത്തെ ദിവസം ലൈം ടീയും കുടിച്ചു എന്റെ നാടുവിടൽ ഞാൻ അയവിറക്കി.ദർബംഗാ ട്രെയിനിൽ ത്രീവവാദി ലുക്കുള്ള ചേട്ടന്റെ കൂടെ തണുത്തു വിറച്ചു വാതിലിനരികെ യാത്ര ചെയ്തതും പൈസ മാറാൻ ക്യു നിന്നതും, ഹിന്ദിശരിക്കറിയാത്ത ഞാൻ ഹിന്ദിയിൽ അപ്ലിക്കേഷൻ പൂരിപ്പിച്ചു കൊടുത്തതും,ജബൽപ്പൂരിലിറങ്ങി ട്രെയിൻ മാറി കയറിയതും അഗോറയെ കണ്ടതും കാശി അമ്പലത്തിൽ കയറാൻ ക്യുനിന്നതുമെല്ലാം ആലോചിച്ചു ഇരുന്നപ്പോഴാണ് വിമലേഷും പിള്ളേരും അവരുടെ ഫോട്ടോ എടുക്കാമോ എന്നും ചോദിച്ചു വന്നത്.
ഫോട്ടോ എടുത്തു കഴിഞ്ഞപോ അവന്മാർ എന്റെയടുത്തു ഇരുന്നു.എവിടുന്നാ എന്തിനാ വന്നേ എന്നൊക്കെ ചോദിച്ചു.അവന്മാർ ഐഐടി എൻട്രൻസിന് തയ്യാറെടുത്തു കൊണ്ടിരിക്കുന്നു.എഞ്ചിനീയറിംഗ് കഴിഞ്ഞു ജോലിക്കു കേറാൻ നിക്കുവാ എന്ന് കേട്ടപ്പോൾ അവന്മാർക്ക് കേരളത്തിലെ കോളേജുകളെ പറ്റി അറിയണം .വാർഷിക ഫീസ് വെറും ആറായിരം എന്ന് കേട്ടപ്പോ വിമലേഷിൻറെ കിളി പോയി. അതാണ് മുകളിൽ കേട്ടത്.അവൻ എന്നെകൊണ്ട് നിർബന്ധിപ്പിച്ചു സെൽഫി എടുപ്പിച്ചു.അപ്പൊ തന്നെ അത് വാങ്ങി ഫേസ്‌ബുക്കിലിട്ടു.എന്നെകൊണ്ട് അപ്പൊ തന്നെ കമ്മന്റും ചെയ്യിപ്പിച്ചു വെറുപ്പിച്ചു (നിനക്ക് ഐഐടി ഇപ്പം കിട്ടുമെടാ ചെക്കാ ).
ഫേസ്ബുക്കിൽ വെറുപ്പിക്കൽ ആണ് ചെക്കന്റെ പ്രധാന പരിപാടി .കേരളത്തിൽ നിന്നും ലൈക്ക് ഒപ്പിക്കാനാണെന്നു തോന്നുന്നുഎല്ലാത്തിലും എന്നെയും പിടിച്ചു ടാഗ് ചെയ്യും.ഇപ്പോൾ ഐഐടി ഒന്നും കിട്ടാതെ ഏതോ കോളേജിൽ പോയി ചേർന്നു എന്ന് ഫേസ്ബുക് വഴി അറിഞ്ഞു.ഇന്നാള് അവന്റെ ഫോട്ടോ കണ്ടിട്ടും ലൈക് ചെയ്യാത്തവരെ തെറി വിളിച്ചുകൊണ്ടു ഒരു പോസ്റ്റ് കണ്ടു .ലൈക്ക് അടിച്ചില്ലെങ്കിൽ ഇനി അവൻ കേരളത്തിൽ വന്നു തല്ലുമോ എന്ന് ഭയന്നു ഞാൻ അവനെ ഒഴിവാക്കി.
കഴിഞ്ഞ ദിവസങ്ങളെപോലെ ഇന്നും രാവിലെ എണീറ്റു നടക്കാനിറങ്ങി.ഞാനും അജയ്‌യും കൂടെ സാർനാഥ് പോവാൻ പ്ലാനിട്ടിരിക്കുന്നതു ഒരു ഒൻപതു മണിക്കാണ്.അതിനു മുൻപേ തിരിച്ചെത്താം എന്ന് കരുതി ഇറങ്ങിയതാണ്.ദേവ് ദിവാലി കാണാൻ സായിപ്പും സ്വാമിമാരും മാത്രമല്ല ഭിക്ഷക്കാരും വന്നിട്ടുണ്ട്.ഒരു രണ്ടു പാണ്ടി ലോറി കയറ്റാനുള്ള ആൾക്കാരുണ്ട് അസ്സി ഘാട്ടിൽ മാത്രം.അസി ഘട്ടിലേക്കു കയറാൻ തന്നെ പാട് പെട്ടു.
ഭിക്ഷക്കാർ നൈസ് സ്‌കീം ആണ്.നാട്ടിലെപോലെ പൈസ മാത്രമല്ല.അരിയും ഇവിടെ എടുക്കും.എല്ലാവരുടെയും മുൻപിൽ കുറച്ചു സാംപിൾ അരിയുണ്ടാവും.ഓരോരുത്തർ ഇടുന്നതനുസരിച്ചു അവരതു അവരുടെ പുറകിൽ ഇരിക്കുന്ന ചാക്കിലേക്കു മാറ്റും.കുട്ടി ഭിക്ഷക്കാരും ഇത് തന്നെ സ്‌കീം.കാണുമ്പോൾ കഷ്ടം തോന്നും.(ഇടയ്ക്കിടയ്ക്ക് ഓൾഡ് ഡൽഹി പോവാറുണ്ട് അതുകൊണ്ടിപ്പോൾ ഇതുപോലെ പലതും കാണുമ്പോൾ ഞെട്ടാറില്ല).തിരക്കെന്നു പറഞ്ഞാൽ പോരാ മുടിഞ്ഞ തിരക്ക്.നോർത്ത് ഇന്ത്യ മൊത്തം ഇവിടുണ്ടോ എന്ന് തോന്നി പോവും.കച്ചവടക്കാരും എത്തിയിട്ടുണ്ട്.
ഞാനൊരു കുള്ളർഡ്(മണ്ണും കൊണ്ട് ഉണ്ടാക്കിയ ഗ്ലാസ് ) ചായ കുടിച്ചു.കുള്ളർഡിൽ കുടിച്ചതു കൊണ്ടാണോ അതോ ചായ നല്ലതായതുകൊണ്ടാണോ എന്നറിയില്ല നല്ല രുചി.ഞാൻ ഒന്നുടെ പറഞ്ഞു.കുള്ളർഡ് തിരിച്ചു കൊടുക്കണോ അതോ കളയാവോ എന്ന് എനിക്ക് അറിയില്ലായിരുന്നു.ചിലർ ഗ്ലാസ്സിലാണ് വാങ്ങുന്നത്.അവിടെ ഇരിക്കുന്ന ആരെങ്കിലും കുള്ളാർഡ് ചായ കുടിച്ചു കഴിയുന്നത് വരെ വെയിറ്റ് ചെയ്തു.സംഭവം കളയും.അപ്പൊ തിരിച്ചു കൊടുത്തു നാണം കെടണ്ട.പാവങ്ങളുടെ ലെയ്സ് എന്ന് തോന്നിപ്പിക്കുന്ന ഒരു സംഭവം കണ്ടു.അതും വാങ്ങി ഒരെണ്ണം.സംഭവം പറ്റിപ്പാർന്നു.
തിരികെ റൂമിൽ വന്നു.അജയ് റെഡിയായി.ബ്രേക്ഫാസ്റ് കഴിക്കാൻ ഒരു സ്ഥലത്തു കയറി.ബ്രഡ് ഓംലെറ്റും കഫേ മോച്ചയും കുടിച്ചു (നമ്മടെ കട്ടൻ ചായ ).കാർഡ് പേയ്മെന്റ് നോക്കി പോയതാണ്.ഇല്ലെങ്കിൽ ഒരു ചോളെ ബട്ടൂര കഴിക്കാർന്നു.
സാർനാഥിലെക്കു കാറിനു പോവാൻ തീരുമാനിച്ചു.ഓല ബുക്ക് ചെയ്തു.രണ്ടു കൊല്ലമായി ഡൽഹിയിൽ ജോലി ചെയുന്നു എന്നൊക്കെ കേട്ടപ്പോൾ അജയ് ഹിന്ദി വിദ്വാൻ ആയിരിക്കും എന്നൊക്കെയായിരുന്നു എന്റെ ധാരണ.ഓല ഡ്രൈവറെ സ്ഥലം പറഞ്ഞു ഇങ്ങെത്തിക്കണമല്ലോ.മുംബൈയിൽ ഉബെർ ബുക്ക് ചെയ്തിട്ടു “ഭയ്യാ ലൊക്കേഷൻ മേം ആജാ “ എന്ന് പറഞ്ഞാൽ മതി അവർ നമ്മൾ കൊടുത്ത ആ പോയിന്റിൽ വരും .ഇവിടെ അതല്ലലോ സ്ഥിതി.
എന്നോട് സംസാരിക്കാൻ പറഞ്ഞു അജയ്.!!
ഒരാവേശത്തിനു നോർത്ത് ഇന്ത്യയിലേക്കു കുറ്റിയും പറിച്ചു വണ്ടി കയറിയ എന്നോടോ ബാലാ ?
ഞങ്ങൾ നിൽക്കുന്ന സ്ഥലം ഏതാണെന്നു ഒരു ഐഡിയയും ഇല്ല .
“ഞങ്ങൾ ചൗക്കിൽ നില്കുന്നു .ഇങ്ങോട്ടു വായോ “ അജയ് ഡ്രൈവറോട് പറഞ്ഞു .
"ഏതു ചൗക്ക് "
“ഞങ്ങൾ ചൗക്കിൽ നില്കുന്നു .ഇങ്ങോട്ടു വായോ “(2)
(ചൗക്ക് എന്ന് പറഞ്ഞാൽ ജംഗ്ഷൻ . ജങ്ഷൻ ഇല്ലാത്ത സ്ഥലമില്ലലോ)
ഇത് തന്നെ പറഞ്ഞു പറഞ്ഞു അവസാനം ഡ്രൈവർ അണ്ണൻ എങ്ങനെയോ ഞങ്ങൾ നിൽക്കുന്ന സ്ഥലത്തെത്തി.
ഉത്തർപ്രദേശിൽ വേറെയെവിടെയും കാണാത്ത ഒന്ന് സർനാഥിലുണ്ട്.എന്താണെന്നറിയുവോ ?
"വൃത്തി "
ബുദ്ധന്മാരുടെ സ്ഥലമായതുകൊണ്ടാവും അവരതു വൃത്തിയായി സൂക്ഷിക്കുന്നു.
ആദ്യം കയറിയത് മ്യൂസിയത്തിലാണ്.അജയ് ഒരു മ്യൂസിയം പ്രാന്തനാണെന്നു ക്രെമേണ ഞാൻ മനസിലാക്കുകയായിരുന്നു.ഹിന്ദുക്കൾക്ക് വാരാണസി എങ്ങനെയാണോ അങ്ങനെയാണ് ബുദ്ധമക്കാർക്കു സർനാഥ് . Enlightenment കിട്ടിയ ശേഷം ബുദ്ധൻ പഠിപ്പിച്ചിരുന്നത് സാർനാഥിലാണ്അശോക സ്തുപവുംDhamek Stupa യും ഒരു ടിബറ്റൻ അമ്പലവുമെല്ലാം കണ്ടു ഞങ്ങളിവിടെ ഇരുന്നു ഒരുപാടു മിണ്ടി.പുതിയ കൂട്ടുകാരനെ കാണുമ്പോൾ ഒരുപാട് മിണ്ടാൻ ഉണ്ടാവുമല്ലോ.വിശന്നപ്പോൾ കാർഡ് എടുക്കുന്ന ഹോട്ടൽ നോക്കി നടന്നു ഒരെണ്ണം കണ്ടു പിടിചു.പനീർ മസാലയും കുറെ റൊട്ടിയും കഴിച്ചു.
Baba keenaram sthal എന്ന സ്ഥലത്തേക്യ്ക്കാണ് പോയത്. അഗോറയെ കാണാമെന്നും പറഞ്ഞു പോയതാ മുക്കും മൂലയും അരിച്ചു പെറുക്കിയെങ്കിലും ഒരൊറ്റ അഗോറയെയും കണ്ടില്ല.ഇവരൊക്കെ എവിടെ പോയി കിടക്കുന്നു.ചുമ്മാ നടന്നത് മിച്ചം.
ഏതോ ഒരു ഘാട്ടിലുടെ ഗംഗയുടെ തീരത്തേക്കിറങ്ങി.തിരക്കെന്നു പറഞ്ഞാൽ പോരാ കാലു കുത്താൻ സ്ഥലമില്ല.ഫോണും പേഴ്സും എല്ലാം ഒരു പോക്കറ്റിലിട്ടു.എന്നിട്ടു ആ പോക്കറ്റിൽ ഒരു കൈയും.ഏതു വിശുദ്ധ സ്ഥലത്തു പോയാലും കള്ളന്മാരെ പേടിക്കണം.ഒരു ദൈവവും അതിനു സഹായിക്കില്ല .അതുകൊണ്ട് നിങ്ങൾ സൂക്ഷിച്ചാൽ നിങ്ങൾക്കു കൊള്ളാം
വാരാണസി മുഴുവൻ ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്.ചിരാതുകളും led ബൾബുകളും കൊണ്ട് മിക്ക ഘാട്ടുകളിലും നിറഞ്ഞിരിക്കുന്നു.
ഇവിടന്നു അസ്സി ഘട്ട് വരെ നടക്കണം.പറ്റിയാൽ ബോട്ടിങ്ങും നടത്തണം.ഒരു ബോട്ടിംഗുകാരനെ കിട്ടി.രണ്ടാൾക്കും കൂടി 250 രൂപ.വേറെ ആളുകളുമായി ഷെയർ ചെയ്യണം .400 ഞങ്ങൾ പറഞ്ഞു പറഞ്ഞു 250 ആക്കിയതാണ്.കുറച്ചൂടെ ഹിന്ദി അറിയുമായിരുനെകിൽ 200 ൽ ഒതുക്കാമായിരുന്നു.ഞങ്ങൾ രണ്ടാളും ഒരു സായിപ്പും മദാമ്മയും അവരുടെ ഗൈഡും പിന്നെ ഒരു കുടുംബവുമുണ്ട് ഞങ്ങളുടെ ബോട്ടിൽ.തുഴയുന്ന ബോട്ടാണിത്.മോട്ടോർ ഘടിപ്പിച്ച ബോട്ടിൽ പോയാൽ ഒരു സുഖം കിട്ടില്ല എന്നാണ് എന്റെ ഒരു ഇത്.ഇതാവുമ്പോൾ സാവധാനത്തിൽ കാഴ്ചകൾ ഒക്കെ കണ്ടു പൊവ്വാം.
എന്റെ നാടുവിടൽ ധന്യമായ നിമിഷങ്ങൾ.കാർത്തിക മാസത്തിലെ പൗർണമി ദിവസത്തിലാണ് ദേവ് ദിവാലി ആഘോഷിക്കുന്നത്.ദിപാവലി കഴിഞ്ഞു പതിനഞ്ചു ദിവസം കഴിഞ്ഞാണ് ഈ ദിവസം.ഫോണിൽ ശെരിക്കു കിട്ടാത്തതിനാൽ എനിക്ക് നല്ല ഫോട്ടോ എടുക്കാൻ പറ്റിയില്ല.അജയ്‌യുടെ കൈയിൽ ക്യാമറ ഉണ്ടായിരുന്നു .ഞങ്ങൾ രണ്ടു ഫോട്ടോസൊക്കെ എടുത്തു.
മദാമ്മയുടെ ഒരു നല്ല ഫോട്ടോയും പെട്ടു .
ഫേസ്ബുക്കിൽ ഇട്ടാൽ അഞ്ഞൂറ് ലൈക് ഉറപ്പ്.ഞാൻ മദാമ്മയെ കാണിച്ചു കൊടുത്തു.
(മെയിൽ ഐഡി കിട്ടിയാൽ ഫോട്ടോ അയക്കാൻ ഞങ്ങൾ റെഡി).
പക്ഷേ പുള്ളിക്കാരി ഫോട്ടോ നന്നായിരിക്കുന്നു എന്ന് മാത്രം പറഞ്ഞു .
അല്ലെങ്കിലും ഫോട്ടോ പ്രാന്ത് നമ്മളെപ്പോലെ എല്ലാര്ക്കും കാണില്ലലോ.
ഒന്നര മണിക്കൂർ കഴിഞ്ഞു ഞങ്ങൾ തിരിച്ചെത്തി.അജയ് ആദ്യം ഇറങ്ങി പുറകെ ഞാനും.
അതാ മദാമ്മ കൈ നീട്ടുന്നു .
ഫോട്ടോ എടുത്തതിനു താങ്ക്സ് പറയാനാണോ ഇനി .
ഞാൻ ഒരു ഷെയ്ക് ഹാൻഡ് കൊടുത്തു.പുള്ളിക്കാരി എന്തോ പറഞ്ഞായിരുന്നു ഞാൻ ചിരിച്ചുകൊണ്ട് കൈ കൊടുത്തിട്ടു വിട്ടു.
പിന്നെയാണ് മനസിലായത് പുള്ളികാരത്തിക്കു ഇറങ്ങാൻ വേണ്ടി സഹായം ചോദിച്ചതാ.
(നാണംകെട്ടല്ലോ )
ജാള്യത ഒരു ചിരിയിൽ ഒതുക്കി മദാമ്മയെ കൈ പിടിച്ചു ഇറക്കാൻ സഹായിച്ചു.
നല്ല തിരക്കിനിടയിലൂടെ നടന്നു ഞങ്ങൾ അസ്സി ഘാട്ടിലെത്തി.അലമ്പ് ടീമുകളും ഒരുപാടുണ്ട്.അജയ്‌യുടെ ട്രെയിൻ ഇന്ന് രാത്രിയിലാണ്.അജയ്‌യുടെ കൂടെ ഒരാളും കൂടി വരാനിരുന്നതാ പക്ഷേ അവസാന നിമിഷം ആൾ തേച്ചു.അങ്ങനെ സോളോ ആയി.അതുകൊണ്ടു എനിക്ക് ഒരു ദിവസം ഒരാളെ കൂട്ടിനു കിട്ടി.തുളസി ഘാട്ടിലിരുന്നു ഞങ്ങൾ ഒരുപാട് സംസാരിച്ചു.ഡൽഹിയിൽ ജോലിക്കായി വന്നു പിന്നീട് സഞ്ചാരം തുടങ്ങിയ ആളാണ് അജയ്.ജോയിനിംഗ് ലെറ്റർ വന്നതേയുള്ളു .ട്രെയ്നിങ് കഴിഞ്ഞു ഡൽഹി കിട്ടുമാണെങ്കിൽ ഡൽഹിയിൽ വച്ചു കാണാം എന്നും പറഞ്ഞു ഞങ്ങൾ പിരിഞ്ഞു.അങ്ങനെ എന്റെ കാശി യാത്ര അവസാനിച്ചു.അവസാന ദിവസം ഒരു മലയാളിയെ അതും ഒരേ mindset ഉള്ള സുഹൃത്തിന്റെ കൂടെ കറങ്ങാൻ സാധിച്ചതും ഭാഗ്യമായി.ഭാവിയിൽ ഞങ്ങൾ ഒരുമിച്ചു യാത്ര ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
എന്റെ മടക്ക യാത്ര നാളെ വൈകുന്നേരമാണ്.നാളെ രാവിലെ മുറി ഒഴിയണം.ടിക്കറ്റിപോഴും വെയ്റ്റിംഗ് ലിസ്റ്റിൽ തന്നേ.confirm ആയില്ലെങ്കിൽ ജനറലിൽ നേരത്തെ വേറെ ട്രെയിനിൽ കയറി പോവാനുള്ള പ്ലാൻ ബി പ്ലാൻ സി ഒക്കെ ആയിട്ടാണ് വന്നിരിക്കുന്നത്.എന്താണെങ്കിലും നാളെ രാവിലെ സ്റ്റേഷനിലേക്ക് വിടണം.
ഇനി നാട്ടുകാർ ചോദിച്ചാൽ ജോയിനിങ് ലെറ്റ്റർ വന്നു എന്ന് പറയാമല്ലോ എന്നൊരു ആശ്വാസവും മനസിലുണ്ട്

Leave a Comment