Varanasi Trip During Demonetisation 04 | 55 Hours General Class Train Journey

 




 ഒന്നാം ഭാഗം : Click Here 

രണ്ടാം ഭാഗം  : Click Here 

മൂന്നാം ഭാഗം  : Click Here 

Varanasi- Ernakulam
—————————————————————
എന്നിലെ സഞ്ചാരിയെ മാറ്റി മറിച്ച യാത്ര.അതായിരുന്നു വാരാണസി യാത്ര .അങ്ങോട്ടു പോയപ്പോൾ മോദിജിയുടെ വക നോട്ടു നിരോധിച്ചു അഗ്നിപരീക്ഷണം."ഒരു വഴിക്കു പോവുകയല്ലേ കുറച്ചു കൂടുതൽ പൈസ കയ്യിലിരിക്കട്ടെ" എന്നും പറഞ്ഞു കൈയിൽ പപ്പ വച്ചു തന്ന കാശു അതേപോലെ കയ്യിലിരിപ്പുണ്ട്.മാറ്റിയെടുത്ത കുറച്ചു പൈസയും കാർഡും വച്ചു കാശിയെന്ന വാരാണസി ഭംഗിയായി കണ്ടു തീർത്തു തിരികെ വരാൻ നേരത്തു ടിക്കറ്റു കൺഫേം ആവാതെ അടുത്ത അഗ്നിപരീക്ഷണം.!!
പട്ന-എറണാകുളം ട്രെയിൻ (16360) 15/11/2016
മുൻപ് യാത്ര ചെയ്തിട്ടുണ്ട് അതിൽ.തിങ്ങി നിറഞ്ഞ ജനറൽ കമ്പാർട്മെന്റ് പണ്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ട്.കിട്ടാവുന്ന കമ്പികളിലെല്ലാം പുതപ്പു വലിച്ചു കെട്ടി അതിൽ കിടന്നുവരെ ബീഹാറികളെ കണ്ടിട്ടുണ്ട്.അതിൽ ഒന്നും രണ്ടുമല്ല അൻപതിലധികം മണിക്കൂറുകൾ ഇരുന്നും നിന്നും നിലത്തു കിടന്നും വാരണാസിയിൽ നിന്നും എറണാകുളം വരെ ഒരിക്കലും മറക്കാൻ പറ്റാത്ത യാത്ര.ഒരുപാട് യാത്രകൾ ധൈര്യമായി ചെയുവാൻ ധൈര്യം തന്ന യാത്ര.My personal favorite Journey
_______________________________________
നോട്ടുനിരോധനകാലത്തേ കാശിയാത്ര
#varanasi #Demonetisation ഭാഗം 4
----------------------------------------------
ഒരാവേശത്തിനു നാടുവിട്ടാൽ അതിന്റെ ഇരട്ടി ആവേശം കൊണ്ട് തിരികെ എത്താൻ പറ്റിയെന്നു വരില്ല.വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് ഒരാഴ്ചയാവുന്നു.ടിക്കറ്റിപോഴും വെയ്റ്റിംഗ് ലിസ്റ്റിൽ തന്നെ.എങ്കിലും ഒരു RAC എനിക്കിലും കിട്ടാതിരിക്കില്ല .
ഇതറിയണമെങ്കിൽ ആദ്യം റിസർവേഷൻ ചാർട്ട് ഇടണം.വൈകുന്നേരം നാലുമണിക്കാണ് എറണാകുളം -പട്ന ട്രെയിൻ യാത്ര ആരംഭിക്കുക.വരണാസിയെത്തുമ്പോൾ ഒന്പതരയാവും.ഒരു പന്ത്രണ്ടു മണിക്കു എങ്കിലും ചാർട്ട് ഇടുമായിരിക്കും.ഇല്ലെങ്കിൽ പ്ലാൻ ബി പ്ലാൻ സി നടപ്പിലാക്കണം.അതായതു കിട്ടുന്ന നാഗ്പുർ അല്ലെങ്കി ഇറ്റാർസി ട്രെയിനിൽ പോവുക.പ്ലാൻ സി ഹൈദെരാബാദിലേക്കു പോവാനായിരുന്നു.അവിടെ ഗേറ്റ് പഠിക്കാൻ പോയവന്മാരുടെ കൂടെ അവിടന്നു നാട്ടിലേക്കു പോവുക.അവിടെ എല്ലാവര്ക്കും ചിക്കൻ പോക്സ് ആണ് അങ്ങോട്ടു വരണ്ട എന്നറിയിപ്പു കിട്ടി.പാപി ചെല്ലുന്നിടം പാതാളം എന്ന് കേട്ടിട്ടുണ്ട് ഇത് പോവാൻ പ്ലാനിട്ടപ്പോഴേക്കും അവന്മാർക്കിട്ട് പണി കിട്ടി.


രാവിലെ റൂം ചെക്കോട്ട് ചെയ്തു.ബാഗും തൂക്കി അസ്സി ഘാട്ടിൽ ഒന്നുടെ പോയി.ഒരു ലെമൺ ടീ കൂടി കുടിച്ചു.തിരികെ വീണ്ടും വരണം എന്നു മനസ്സിൽ പറഞ്ഞു ഞാൻ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു.സമയം ഒരുപാടുണ്ടല്ലോ അതുകൊണ്ട് ഓട്ടോ വിളിച്ചു വേഗം പോവണ്ട കാര്യമില്ല.
സമയം പത്തുമണി
-----------------------
ചാര്ട്ടിട്ടിലില്ല.ഒരു പതിനൊന്നു ആവുമ്പോൾ നോക്കാം.സ്ലീപ്പർ ക്‌ളാസ് വെയ്റ്റിംഗ് റൂം നോക്കിയിട്ടു കണ്ടില്ല.ഹാളിൽ വെള്ളത്തിൽ കുതിർത്തിയ കടല കുപ്പിയിലാക്കി കൊണ്ടുപോവുന്ന ഭായിമാരുടെ കൂടെ നിലത്തിരുന്നു.കുറച്ചു കഴിഞ്ഞു അവരും പോയി.ഒരു ചെറിയ കുടുംബം വന്നു.ചെറിയ ചെക്കനും അവന്റെ ചേച്ചിയും കൂടി കളി തുടങ്ങി.ഇടയ്ക്കു പിണങ്ങിയും ഇണങ്ങിയും അവർ കളിതുടർന്നു .അതും കണ്ടിരുന്നു കുറച്ചു സമയം പോയി



സമയം പന്ത്രണ്ടു മണി
---------------------------
ചാർട്ട് ഇട്ടിട്ടില്ല.ഒരു മണിക്ക് ഇടുമായിരിക്കും.നാലരയ്ക്ക് ട്രെയിൻ എടുക്കുമല്ലോ.ഇനി പോവുന്ന ട്രെയിനുകൾ നോക്കി.പ്ലാൻ ബി നടത്തണമെങ്കിൽ എന്റെ ടിക്കറ്റിന്റെ കാര്യം തിരുമാനമാകണം.
രണ്ടുമണി
-----------
Chart not Prepeared
രണ്ടരയ്ക്കുള്ള ഒരു നാഗ്പുർ ട്രെയിനിൽ പോകാമായിരുന്നു.പക്ഷേ എങ്ങാനും ടിക്കറ്റു കൺഫേം ആയാലോ? എന്നാലും ഇതെന്താ ഇത്രയും നേരമായിട്ടും ചാർട്ട് ഇടാത്തത്?. “എസ് കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥ” രാവിലെ മുതൽ തുറന്നു കയ്യിൽ പിടിച്ചിട്ടുണ്ടെങ്കിലും ടെൻഷൻ കാരണം ഒരു പേജ് പോലും മറിച്ചിട്ടില്ല.എങ്കിലും സമയം കളയാൻ വേറെ വഴിയില്ലാത്തതുകൊണ്ടു വീണ്ടും വായന തുടങ്ങി.


രണ്ടര
----------
വെയ്റ്റിങ് ലിസ്റ്റിനും മാറ്റമില്ല ചാർട്ടും ഇട്ടിട്ടില്ല.എന്നാൽ ഇനി വേറെ വഴി നോക്കാം.ജനറൽ ടിക്കറ്റെടുക്കാൻ പോയി ക്യു നിന്നു.മൊബൈലിൽ നാഗ്പൂരിൽ നിന്ന് നാട്ടിലേക്കുള്ള ട്രെയിൻ നോക്കുമ്പോൾ എങ്ങനെ പോയാലും ഈ എറണാകുളം -പട്ന ട്രെയിനിൽ തന്നെ നാഗ്പൂരിൽ നിന്ന് കയറേണ്ടി വരുമെന്നു മനസിലായി.എന്റെ ഊഴം ആവാറായപ്പോൾ ഞാൻ പുറകിൽ നിന്നവരോട്മു ൻപിൽ പറഞ്ഞു പുറകിലേക്കു നിന്നു.ഇങ്ങനെ പോവാനാണെങ്കിൽ ഈ പട്ന-എറണാകുളം ട്രെയിന് തന്നെ ജനറൽ ടിക്കറ്റു എടുത്താൽ പോരെ ? എന്നാൽ ചാർട്ട് ഇടട്ടെ എന്നിട്ടു ആകാം.
മൂന്നുമണി
--------------
Chart not prepared
നാലുമണിക്ക് എടുക്കണ്ട ട്രെയിനിന്റെ ചാർട്ട് ഇപ്പോഴും ഇട്ടിട്ടില്ല.ഇനി ട്രെയിൻ കാൻസൽ ചെയ്തോ ?.ഇപ്പോൾ ഉള്ള ധൈര്യമൊന്നും അന്നില്ല.നല്ല പേടി തോന്നി.അലഹബാദിലെ ആന്റിയുടെ അടുത്തേക് പോയാലോ ? പോയിട്ടും കാര്യമില്ല.ഇനി അടുത്ത ട്രെയിൻ അടുത്ത ആഴ്ചയാണ്.വാരണാസി എയർപോർട്ടിൽ നിന്ന് കൊച്ചിയിലേക്കു ടിക്കറ്റു ഉണ്ടോ എന്ന് വരെ നോക്കി (കയ്യിൽ പൈസ ഉണ്ടായിട്ടല്ല എങ്കിലും എങ്ങനെയെങ്കിലും വീടെത്തിയാൽ മതിയെന്നായിരുന്നു ചിന്ത )
നാലുമണി
---------
Chart Prepared .വെയ്റ്റിംഗ് ലിസ്റ്റ് 4 .പോരാത്തതിന് ട്രെയിൻ ആറുമണിക്കെ എടുക്കു എന്ന അറിയിപ്പും .
അടിപൊളി!
അപ്പൊ അക്കാര്യത്തിൽ ഒരു തീരുമാനമായി.വീണ്ടും പോയി ക്യു നിന്നു.ഇനി പ്ലാൻ ബിയും ഇല്ല,ഒരു തേങ്ങാക്കൊലയുമില്ല.ജനറൽ ടിക്കറ്റു എടുക്കാൻ പഴയ ആയിരം രൂപയുടെ പഴയ നോട്ട് ഉപയോഗിച്ചു.
രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല എന്ന് അപ്പോഴാണ് ഓർത്തത് .
പേടി കാരണം വിശപ്പൊക്കേ പോയി.മമ്മിയെ വിളിച്ചു.
"മമ്മി, ടിക്കറ്റു കൺഫേം ആയിട്ടില്ല.ഞാൻ ജനറലിനാ വരുന്നേ".
മമ്മി ഞെട്ടിയില്ല."എന്നാൽ ശരി" എന്നും പറഞ്ഞു ഫോൺ വച്ചു.ഞാൻ എങ്ങനെയെങ്കിലും എത്തിക്കോളും എന്ന് മമ്മികറിയാം.പക്ഷെ ഇത് മുൻപ് കളിച്ചിട്ടുള്ള കളിയല്ല.നാട്ടിൽ നിന്ന് മൂവായിരത്തോളം കിലോമീറ്റർ അകലെയാണ് ഞാൻ.അവർ സമാധാനത്തോടെ ഇരുന്നോട്ടെ ഇനി ഞാൻ വിളിച്ചു പേടിപ്പിക്കണ്ട.
ഏഴുമണി
------------
വേജ് ഫ്രിഡ്‌റൈസ്‌ കഴിച്ചു.വിശപ്പുണ്ടായിട്ടു കഴിച്ചതല്ല.ഇനി നല്ല ഫുഡ് വീടെടുന്നതിനു മുൻപേ കിട്ടില്ല അതുകൊണ്ട് കുറച്ചു അഡ്വാൻസ് കഴിച്ചതാ .വേഗം ഇരുട്ടായി.എല്ലാവരും തറയിൽ പേപ്പറും ബെഡ്ഷീറ്റും വിരിച്ചു കിടക്കാൻ തുടങ്ങി.എല്ലാവർക്കും ആരെങ്കിലും കൂട്ടുണ്ട്.ഒരു കുടുംബം ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു.അതൂടെ കണ്ടപ്പോ എങ്ങനെയെങ്കിലും വീടെത്തിയാൽ മതിയെന്നു തോന്നി.ഞാൻ ആണെങ്കിൽ തനിച്ചു ഒരു മൂലയ്ക്ക് കുത്തി ഇരിക്കുന്നു.ഇടയ്ക്കു ഉറക്കം വന്നു കണ്ണടഞ്ഞും പോകുന്നുണ്ട്.പക്ഷേ എങ്ങാനും ട്രെയിൻ മിസ് ആയാലോ എന്ന് കരുതി ഉറങ്ങാണ്ടിരുന്നു.


സമയം പതിന്നൊന്നര
----------------------------
ട്രെയിനിന്റെ സ്റ്റാറ്റസ് നോക്കുവാൻ വേണ്ടി മാത്രം ഇടയ്ക്കു മൊബൈൽ എടുത്തു.ട്രെയിൻ പിന്നെയും ലേറ്റ് ആയി.പതിനൊന്നരയായപ്പോൾ അന്നൗൻസ്മെന്റ് വന്നു.ട്രെയിൻ ഉടനെ ഒന്നാം നമ്പർ പ്ളാറ്ഫോമില് വരും.ഞാൻ തണുപ്പുകാരണം ജക്കാട് എല്ലാം ഇട്ടു പ്ളാറ്ഫോമില് ചെന്നു. തണുത്തിട്ടാണോ പേടിച്ചിട്ടാണോ എന്നറിയില്ല നല്ലപോലെ വിറച്ചു.എങ്ങനെയെങ്കിലും ട്രെയിനിൽ കയറിപ്പറ്റാൻ കഴിഞ്ഞാൽ തന്നെ ഭാഗ്യം.ട്രെയിനിന്റെ അവസാന ബോഗി രണ്ടും ഫുൾ.അകത്തു നിന്ന് അടച്ചിരിക്കുകയാണ്.അത് തുറക്കാൻ വേണ്ടി ആൾകാർ ബഹളം തുടങ്ങി.ഞാൻ അതിനു കാത്തു നിൽക്കാതെ ട്രെയിനിന്റെ മുൻപിലേക്ക് ഓടി.രണ്ടു കാലുകൾ അകത്തു വയ്ക്കാൻ പറ്റി.വേറൊരു ഗ്രൂപ്പ് വന്നപ്പോൾ എന്നെ തള്ളി അകത്തേക്കു കയറ്റി.
ആശ്വാസം
അകത്തു കയറിയല്ലോ.
ബാഗ് സൈഡിൽ തൂക്കിയിടാൻ ഒരു ചേട്ടൻ പറഞ്ഞു.കുറെ നേരം നിലേക്ണ്ടി വന്നു.അവസാനം ട്രെയിൻ സ്റ്റാർട്ട് ചെയ്തപ്പോൾ സമയം ഒരുമണി കഴിഞ്ഞിരുന്നു.ഈ സമയത്തും ഉറങ്ങാതെ രണ്ടു വയസ്സന്മാരിരുന്നു വർത്തമാനം പറയുന്നു.എവിടാ ഇറങ്ങുന്നേ എന്ന് ചോദിച്ചപ്പോൾ അലഹബാദിൽ ഇറങ്ങുമെന്ന് മറുപടി.അത് കേട്ടപ്പോൾ തോന്നിയ ആശ്വാസം പറഞ്ഞറിയിക്കാൻ വയ്യ.അങ്ങനെ അവരുടെ ഒരു സീറ്റ് ഉറപ്പിച്ചു അത് നഷ്ടപ്പെടാണ്ടിരിക്കാൻ അവിടെ തന്നെ നിന്നു.ഒരു നാല് മണിക്കൂർ എടുത്തു അലഹബാദ് എത്താൻ.ഒടുവിൽ സീറ്റായി.ഇനിയുമുണ്ട് ഏതാണ്ട് അമ്പതു മണിക്കൂറോളവും .
____________
ഒന്നാം ദിവസം
--------------------
എന്നോട് ബാഗ് തൂക്കി ഇടാൻ പറഞ്ഞ ചേട്ടനും സീറ്റ് കിട്ടി.രണ്ടു തമിഴ് ചേട്ടന്മാർ നിൽക്കുന്നുണ്ട് .തമിഴ് കേട്ടപ്പോൾ എനിക്ക് സ്വന്തം നാട്ടുകാരെ കണ്ട ഫീൽ.കൂടെയുള്ളവരെല്ലാം ബീഹാറികൾ.അവർ കേരളത്തിലേക്കാണെന്നു തോന്നുന്നു.ഇനി രണ്ടു ദിവസം ഇവരുടെ കൂടെയാണ്.ഞാൻ 'ഒരു ദേശത്തിന്റെ കഥ' പുറത്തെടുത്തു.ചാർജിങ് പോയിന്റ് പോലുമില്ലാത്ത കോച്ച് ആയിരുന്നതുകൊണ്ട് മൊബൈൽ ഓഫാക്കി വച്ചു .ഇടയ്ക്കു എടുത്തു ആന്റിയ്ക്കും ചേച്ചിയ്ക്കും sms അയക്കും.ബുക്ക് വായിച്ചു രസം പിടിച്ചിരുന്നു.ഒന്നാം ദിവസത്തിന്റെ ഉച്ച കഴിഞ്ഞപ്പോഴാണ് എല്ലാവരും ചെറുതായി മിണ്ടി തുടങ്ങിയതു.ഇടയ്ക്കു ഞാൻ വീട്ടിലേക്കു വിളിച്ചത് ശ്രെദ്ധിച്ചാവണം .മുന്പിലിരുന്ന ഏട്ടൻ എവിടുന്നാ എന്താ എന്നൊക്കെ അന്വേഷിച്ചു.അയാൾ 1980 മുതലേ കേരളത്തിൽ ജോലി ചെയുന്നു.മലയാളം മനസിലാവും പക്ഷെ പറയാൻ ഇതുവരെ പഠിച്ചിട്ടില്ല.എന്റെ കോളേജിന്റെ അടുത്തുള്ള സ്റ്റീൽ കമ്പനിയിലും ജോലി ചെയ്തിരുന്നു .ഇപ്പോൾ കഞ്ചിക്കോട് ഒരു ഫാക്ടറിയിലാണ്.ഒരാളോടെങ്കിലും കൂട്ടായപ്പോൾ എന്റെ പേടിയൊക്കെ മാറി.(ഈ ചേട്ടന്റെ പേര് മറന്നു പോയി )



തമിഴിൻമാരിൽ ഒരാൾക്കു സീറ്റ് കിട്ടി.അയാളുടെ പേര് ഭാസ്കർ.മറ്റേ അണ്ണന്റെ പേര് മുത്തു .രണ്ടാളും കാശിയ്ക്കു പോയതാണ് പക്ഷേ കയ്യിലെ പൈസ മാറാൻ പറ്റിയില്ല അതുകൊണ്ടു തിരികെ പോരുന്നു.ഇടയ്ക്കു നല്ല ഓറഞ്ച് വന്നപ്പോൾ ഞാൻ അത് വാങ്ങി.പിന്നെ കൈയിലുള്ള ബിസ്കറ്റും അതായിരുന്നു എന്റെ ഭക്ഷണം.
ഒരു ദേശത്തിന്റെ കഥ ഏതാണ്ട് പകുതിയോളമെത്തിച്ചു.
രാത്രിയിൽ അടുത്തിരിക്കുന്ന ഏട്ടൻ ഒന്ന് അഡ്ജസ്റ് ചെയ്തു ഇരുന്നു.എനിക്കൊന്നു ചെരിഞ്ഞു ഇരുന്നു ഉറങ്ങാം.കുറച്ചു കഴിയുമ്പോൾ നമ്മളും അതേപോലെ അഡ്ജസ്റ്റ് ചെയ്തു കൊടുക്കണം.ഒരു മുച്യൽ എഗ്രിമെന്റ്.ഇന്നലെ രാത്രിയിൽ നിൽകുമ്പോൾ ഈ സ്‌കീം ശ്രെദ്ധിച്ചിരുന്നു. തലേന്ന് ഉറങ്ങാത്ത എനിക്ക് എന്റെ ഊഴം കഴിഞ്ഞപോളും ഉറക്കം ഒട്ടും പോയില്ല.നിലത്തു കിടക്കാൻ ഒട്ടും സ്ഥലമില്ലാ.ഇടയ്ക്കു എവിടെയോ ട്രെയിൻ നിർത്തിയപ്പോൾ ഒരു എന്തോ ഭക്ഷണം വിൽക്കുന്നയാൽ കയറി.വാതിലിൽ ഉച്ചത്തിൽ അടിച്ചു അയാൾ എല്ലാവരെയും ഉണർത്തുകയാണ്.വിജയവാഡ വിജയവാഡ എന്നും പറയുന്നുണ്ട്.പലരും ഞെട്ടി എണീക്കുന്നു.അത് ശരിക്കും എല്ലാവരെയും എണീപ്പിക്കാനുള്ള ആൾടെ നമ്പർ ആയിരുന്നു.അയാളുടെ ഷോ കഴിഞ്ഞപ്പോൾ നിലത്തു കിടന്ന ഒരാൾ എണീറ്റ് പോയി.
ഞാൻ ബാഗിൽ നിന്നും പുതപ്പെടുത്തു നിലത്തു വിരിച്ചു. നടുവ് നിവർത്തി സുഖമായി കിടന്നു.കിടന്നതു മാത്രം ഓർമയുണ്ട്.അപ്പൊ തന്നെ ഉറങ്ങിപ്പോയി.രാവിലെ എണീറ്റപ്പോൾ തിരക്ക് അത്യാവശ്യം കുറഞ്ഞിട്ടുണ്ട്.നിലത്തു കിടക്കുന്നത് ഞാൻ മാത്രം.ക്ഷീണം കാരണം ഉറക്കം പോയില്ല.ഞാൻ വീണ്ടും കിടന്നു.
____________
രണ്ടാം ദിവസം
-------------------
വിജയവാഡ എത്തിയപ്പോൾ എട്ടു മണിയായി.അപ്പോൾ എണീറ്റു .സീറ്റ് പോകുമോ എന്ന പേടി ഒട്ടുമില്ലായിരുന്നു.ഒന്നാം ഭാഗത്തിൽ പറഞ്ഞപോലെ ഇന്ത്യൻ റെയിൽവേയുടെ അലിഖിത നിയമമനുസരിച്ചു ഈ ബീഹാറികൾ എന്റെ സീറ്റ് നോക്കിക്കോളും.സീറ്റ് അന്വേഷിച്ചു വരുന്നവരെയൊക്കെ അവർ തടഞ്ഞോളും കാരണം ഞാനും അവരിൽ ഒരാളാണ്.ഏതോ ബോഗിയിൽ ഉറങ്ങാൻ പോയ മുത്തു അണ്ണൻ തിരികെ വന്നു.ഇതിന്റെ ഇടയിൽ മുത്തു അണ്ണനും എന്റെ മുൻപിൽ ഇരുന്ന ബീഹാറി ചേട്ടനും കൂട്ടുകാരായി .രണ്ടാൾക്കും ഭാഷ അറിയില്ല പക്ഷേ അവർ കൂട്ടുകാരായി.എല്ലാ സ്റ്റേഷൻ എത്തുമ്പോളും മുത്തു അണ്ണൻ പുറത്തിറങ്ങും ഇടയ്ക്കു ഇവർ രണ്ടും കൂടെ ഒരുമിച്ചു പോവുന്നത് കാണാം.ഞാൻ വാരാണസി കണ്ടിട്ടാണ് വരുന്നത് എന്നറിഞ്ഞപ്പോൾ മുതൽ ഭാസ്കർ അണ്ണൻ പറയുന്നതാണ് ഫോട്ടോസ് കാണിക്കാൻ.വിജയവാഡ എത്തിയ സന്തോഷത്തിൽ ഞാൻ ഫോട്ടോസ് കാണിച്ചു കൊടുത്തു.whatsapp ചെയ്യാൻ പറഞ്ഞു ഭാസ്കർ അണ്ണൻ നമ്പർ തന്നു.
ഇതുവരെ ആന്ധ്ര പോയിട്ടില്ലെങ്കിലും ആന്ധ്രാ എത്തിയപ്പോൾ കേരളം എത്തിയതുപോലെയായിരുന്നു.ഒരു ദേശത്തിന്റെ കഥ പകുതി കഴിഞ്ഞു.തിരുപ്പതിയിൽ നിന്ന് വലിയൊരു തമിഴ് കുടുംബവും കയറി.അതോടെ മുത്തു അണ്ണന് വലിയ സന്തോഷമായി.
രാത്രി ഒരു ഏഴുമണി കഴിഞ്ഞപ്പോൾ സേലം എത്തി.മുത്തു അണ്ണനും ഭാസ്കർ അണ്ണനും ഞങ്ങൾ എല്ലാരോടും യാത്ര പറഞ്ഞു.മുത്തു അണ്ണൻ അറിയാവുന്ന കുഞ്ഞു ഹിന്ദി-ഇംഗ്ലീഷ് വാക്കുകൾ കൊണ്ട് ബീഹാറി ചേട്ടനോട് യാത്ര പറഞ്ഞു.തമിഴ്-ഹിന്ദി വിദ്വേഷമൊന്നും ഞാൻ ആ ട്രെയിനിൽ കണ്ടില്ല.മുത്തു അണ്ണൻ കൈയിൽ പിടിച്ചു ബീഹാറി ചേട്ടനോട് യാത്ര പറയുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.എന്റെ നമ്പർ മുത്തു അണ്ണൻ ഒരു പേപ്പറിൽ എഴുതി വാങ്ങി.ആൾടെ മൊബൈളിൽ ചാർജില്ല.മധുരയാണ് ആൾടെ സ്വദേശം.ജെല്ലിക്കെട്ടിനു വരണമെന്നും ഞാൻ വിളിക്കാം എന്നും പറഞ്ഞു അവരിറങ്ങി.പകരം കേറിയത് പാലക്കാട് ലീഡ് കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ്.എന്റെ കോളേജിന് അടുത്താണ് ആ കോളേജ്.ഷമാസ് ചേട്ടനോടും ബാക്കിയുള്ളവരോടും സംസാരിച്ചു പാലക്കാട് എത്തിയത് അറിഞ്ഞില്ല.ഒറ്റയ്ക്കു വാരണാസി പോയിട്ട് വരുവാണെന്നറിഞ്ഞപ്പോൾ അവർക്കത്ഭുതം.ഈ ട്രെയിനിൽ ഇവിടം വരെ കേടുകൂടാതെ എത്തിയല്ലോ എന്നോർത്താണ് എനിക്ക് അത്ഭുതം.
ഉപയോഗിക്കാതെ വച്ചിരുന്ന power bank പുറത്തെടുത്തു.രണ്ടു ദിവസമായി ഇന്റർനെറ്റ് ഉപയോഗിച്ചിട്ട്.ഭാസ്കർ അണ്ണന് ഫോട്ടോസ് അയച്ചു കൊടുത്തു.വീട്ടിലേക്കു വിളിച്ചു പാലക്കാട് എത്തി, നാളെ രാവിലെ വീടെത്തും എന്ന് പറഞ്ഞു.
ബീഹാറികളിൽ ഭൂരിഭാഗവും കോയമ്പത്തൂരിൽ ഇറങ്ങിയിരുന്നു.ബിഹാരി ചേട്ടൻ പാലക്കാടിറങ്ങി.വാരണാസിയിൽ ബാഗും തൂക്കി ട്രെയിനിൽ നിന്നപ്പോൾ മുതൽ പാലക്കാട് വരെ ഈ ചേട്ടന്റെ ഒരു കണ്ണ് എന്റെ മുകളിൽ ഉണ്ടായിരുന്നു.അതെനിക്കൊരു ആശ്വാസവുമായിരുന്നു.എന്തെങ്കിലും പ്രേശ്നമുണ്ടായാൽ ഈ ഏട്ടൻ ഉണ്ടല്ലോ എന്നൊരു ആശ്വാസം.
തൃശൂർ എത്തിയപ്പോൾ ഒരു ദേശത്തിന്റെ കഥ വായിച്ചു തീർന്നിരുന്നു.
തൃശൂർ മുതൽ എറണാകുളം വരെ കാലും നടുവും നിവർത്തി ശരിക്കുറങ്ങി.എറണാകുളം എത്തിയത് രാവിലെ അഞ്ചുമണിക്ക്.
എന്തോ ലോകം കീഴടക്കിയ ഭാവത്തിൽ ഞാൻ സ്റ്റേഷനിൽ ഇറങ്ങി.ഒരാഴ്ച മുൻപ് നല്ല പേടിയോടെ ഇതേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കേറുമ്പോൾ എനിക്ക് ഉറപ്പായിരുന്നു.തിരികെ വരുമ്പോൾ പോയ ഞാൻ ആയിരിക്കില്ല തിരികെ വരിക എന്ന്.ജനറലിൽ വരുമെന്നു പ്രതീക്ഷിച്ചില്ല.RAC എങ്കിലും കിട്ടുമെന്ന് ഉറപ്പായിരുന്നു.പക്ഷേ ഒരു നിയോഗം പോലെ അന്പത്തിയഞ്ചു മണിക്കൂർ ജനറലിൽ യാത്ര ചെയ്യേണ്ടി വന്നു.വെറുമൊരു ameature യാത്രികനായിരുന്ന ഞാൻ പലതും പഠിച്ചിട്ടാണ് തിരികെ വന്നിരിക്കുന്നത്.
പിന്നീട് നടത്തിയ ഒരുപാട് യാത്രകൾക്ക് ഊർജം കിട്ടിയത് ഈ ട്രെയിൻ യാത്രയിൽ നിന്നാണ്.ഇപ്പോൾ എവിടെ എപ്പോ കൊണ്ടുപോയി വിട്ടാലും തിരികെ വീടെത്താൻ ഒരു ഭയവുമില്ല.ഭാഷയറിയാത്ത ഒറീസ്സയിലും ബംഗാളിലും പോയപ്പോഴും ഒരിക്കലും പേടി തോന്നിയിട്ടില്ല.ജനറൽ കമ്പാർട്മെന്റിലെ തിരക്ക് കണ്ടു ഒരിക്കലും പേടിച്ചിട്ടില്ല.എവിടെയും ഒറ്റയ്ക്കു പോയി വരുവാനുള്ള ധൈര്യം എനിക്ക് കിട്ടിയത് 16360 പട്ന-എറണാകുളം ട്രെയിനിൽ നിന്നാണ്.
( അവസാനിച്ചു )

No comments

Powered by Blogger.