സ്പിതി താഴ്‌വാരയിലേക്ക് Episode 01 : 20 Hours Ordinary Bus Journey | Delhi-Reckong Peo | Spiti Malayalam Travelogue
20 Hours Ordinary Bus Journey #Episode 1
---------------------------------
ഇവൻ മലയാളിയാണോ ? കണ്ടാൽ ഒരു മലയാളി ലുക്കുണ്ട്.എന്നാലും ഉറപ്പിക്കാൻ വയ്യ
ഡൽഹിയിൽ നിന്നും റെക്കോങ് പിയോയിലേക്കുള്ള മാരത്തൺ യാത്രയുടെ ഇടവേളയിൽ ബ്രെക്ഫാസ്റ് കഴിക്കാൻ നിർത്തിയപ്പോ ശ്രെദ്ധിച്ചതാണ് ഇവനെ .
എങ്ങനെ ഒന്ന് ചോദിക്കും ? ഒരു മടി . അല്ലെങ്കിൽ വേണ്ട സ്ഥിരം ടെക്നിക്ക് എടുക്കാം .
വീട്ടിലേക്കു വിളിച്ചു ലേശം ഉച്ചത്തിൽ മലയാളത്തിൽ സംസാരിക്കുക. മലയാളിയാണെങ്കിൽ അതിൽ വീഴും.സംസാരിക്കാൻ ഇഷ്ടമുള്ള ജാഡക്കാരൻ അല്ലെങ്കി നമ്മടെ മലയാളം കേട്ടു ഇങ്ങോട്ടു വന്നു മിണ്ടികൊള്ളും .ജാഡക്കാരൻ മലയാളി ആണെങ്കിൽ മിണ്ടില്ല.അവന്മാരോട് മിണ്ടാൻ എനിക്കും താല്പര്യമില്ല.
പെസഹാ വ്യാഴാഴ്ചത്തെ കുർബാനയും കഴിഞ്ഞു വന്ന മമ്മിയുമായി കുറച്ചു സംസാരിച്ചു ഫോൺ വച്ചപ്പോൾ അവന്റെ ചോദ്യം
"നാട്ടിൽ എവിടാ ?" ( സംഗതി ഏറ്റു )
"ഞാൻ തൊടുപുഴ , എനിക്ക് തോന്നിയായിരുന്നു ഇങ്ങള് മലയാളിയാണോ എന്ന് "
ബാസിൽ നിലമ്പൂരുകാരനാണ് .ഡൽഹിയിൽ ജോലി ചെയുന്നു.സ്പിറ്റിയാണ് ബാസിലിന്റെയും ലക്‌ഷ്യം.
എവിടെയൊക്കെ സോളോ പോയിട്ടുണ്ടോ അവിടെയൊക്കെ ആരെയെങ്കിലും കണ്ടുമുട്ടും.ഭാഗ്യത്തിന് കണ്ടു മുട്ടുന്നവരൊക്കെ ഏതാണ്ട് ഒരേ mindset ഉള്ളവരാകും.ബാസിലും ആൾ കൊള്ളാം . അങ്ങനെ രണ്ടു സോളോ ബാക്ക്പാക്കേഴ്സ് കണ്ടു മുട്ടുകയാണ് സൂർത്തുകളേ ...കണ്ടുമുട്ടുകയാണ്.
*********************************************************************
സ്പിറ്റി യെ പറ്റി കൂടുതൽ പറയണ്ട ആവശ്യമില്ല എന്ന് തോന്നുന്നു .എവിടെ നോക്കിയാലും Breathtaking Landscape കാണുന്നയിടം.ശെരിക്കൊന്നു ആസ്വദിച്ച് കാണണമെങ്കിൽ മിനിമം പത്തു ദിവസമെങ്കിലും വേണം.അതിനുള്ള സമയം ഇപ്പോൾ കയ്യിലില്ല.എങ്കിലും സ്പിറ്റി കാണാതിരിക്കാനും വയ്യ.കുറച്ചു സമയം കൊണ്ട് നടത്തിയ ക്യാപ്സ്യൂൾ യാത്രയാണിത്.
സ്പിറ്റി യെ പറ്റി കൂടുതൽ പറയണ്ട ആവശ്യമില്ല എന്ന് തോന്നുന്നു .എവിടെ നോക്കിയാലും Breathtaking Landscape കാണുന്നയിടം.ശെരിക്കൊന്നു ആസ്വദിച്ച് കാണണമെങ്കിൽ മിനിമം പത്തു ദിവസമെങ്കിലും വേണം.അതിനുള്ള സമയം ഇപ്പോൾ കയ്യിലില്ല.എങ്കിലും സ്പിറ്റി കാണാതിരിക്കാനും വയ്യ.കുറച്ചു സമയം കൊണ്ട് നടത്തിയ ക്യാപ്സ്യൂൾ യാത്രയാണിത്.
ഈ സമയത്തു ആര് സ്പിറ്റി പോവാനാ , അതും ബുധനാഴ്ച്ച ? സ്പിറ്റി പോവുന്നതിനെ പറ്റി ഒരു ഗവേഷണം തന്നെ നടത്തിയെങ്കിലും ടിക്കറ്റു ബുക്ക് ചെയ്യാൻ മാത്രം മടി പിടിച്ചിരുന്നു.അവസാനം തിങ്കളാഴ്ച നോക്കിയപ്പോഴുണ്ട് ഏതാണ്ട് മിക്ക സീറ്റും ബുക്ക് ചെയ്തു കഴിഞ്ഞിരിക്കുന്നു .ഭാഗ്യത്തിന് ഒരു വിൻഡോ സീറ്റ് ഒഴിവുണ്ട്.സീറ്റ് നമ്പർ 20. അന്നേരം ബുക്ക് ചെയ്തില്ലായിരുന്നെകിൽ ഡൽഹി മുതൽ റെക്കോങ് പിയോ വരെയുള്ള ഡയറക്റ്റ് ബസ്സിൽ നിന്ന് പോവേണ്ടി വന്നേനെ.രാത്രി എട്ടു പത്തിന് ഡൽഹിയിൽ നിന്നും യാത്ര ആരംഭിക്കുന്ന ബസ്സ് പിറ്റേ ദിവസം ഒരു നാല് നാലരയ്ക്ക് റെക്കോങ് പിയോ എത്തും.രാത്രി അവിടെ തങ്ങി അടുത്ത ദിവസം രാവിലെ ഏഴു മണിക്കുള്ള കാസ ബസ്സിൽ കയറി കാസ പോവാം . കൊണ്ടുപോവേണ്ട വസ്ത്രങ്ങൾ , AMS നുള്ള മരുന്ന്.ടോയ്‌ലറ്റ് പേപ്പർ ,പിന്നെ ഹിക്കിമിലെ പിള്ളേർക്കുള്ള ചോക്ലേറ്റ് ,ബിസ്കറ്റ് , പോസ്റ്റ് കാർഡ് , സ്റ്റാമ്പ് കുന്തം കുടചക്രം എല്ലാം റെഡി.
ഡൽഹിയിൽ നിന്ന് ഒരേയൊരു ബസ് മാത്രമേ റെകോങ് പിയോയ്ക്കു നേരിട്ടുള്ളു.അല്ലെങ്കിൽ ഷിംല പോയി അവിടന്ന് ബസ്സ് മാറി കയറണം.ബുധനാഴ്ച്ച അതായത് മാർച്ച് 28 ആം തിയതി രാത്രി കാശ്മീരി ഗേറ്റ് ബസ്സ് സ്റാൻഡിയിലെത്തി. വ്യാഴാഴ്ച ഉത്തരേന്ത്യക്കാരുടെ എന്തോ സംഭവം ആണ് അതുകൊണ്ടു വേണമെങ്കിൽ flexi ലീവെടുക്കാം.എന്റെ ബോസ്സ് ഒരു തങ്കക്കുടം ആയതുകൊണ്ട് "നീ എടുത്തോടാ സാരമില്ല" എന്ന് പറഞ്ഞു.ആൾക്കറിയാം ഞാൻ കറങ്ങാൻ പോവാനാ ചോദിക്കുന്നേ എന്ന്.മുൻപ് ഇങ്ങനെ എടുത്തിട്ടും ഇല്ല.അതുകൊണ്ടു ചോദിച്ചപ്പോൾ അങ്ങേരു സമ്മതിച്ചു.വെള്ളിയാഴ്ച ദുഃഖവെള്ളിയാണ് പിന്നെ തിങ്കളാഴ്ച easter monday എന്ന് പറഞ്ഞ ആചാരം ജോലി ചെയുന്ന കുത്തകയുടെ ആസ്ഥാനമായ ബ്രിട്ടനിൽ ഉള്ളതുകൊണ്ട് അതും അവധി.ഒന്നോ രണ്ടോ സിക്ക് ലീവും കൂടി ചേർത്ത് പ്ലാനിങ് പണ്ടേ തുടങ്ങിയതാ.ഈ flexi ശെരിക്കും ഒരു ലോട്ടറിയായിരുന്നു.
ഒരേയൊരു reckong peo ബസ്സ് മാത്രമേ ഉള്ളതുകൊണ്ട് കണ്ടു പിടിക്കാൻ ബുദ്ധിമുട്ടിയില്ല.ഇരുപതാം നമ്പർ വിൻഡോ സീറ്റിൽ കയറിയിരുന്നു.കുറേ ചെക്കന്മാരും ബാഗുമായി കയറുന്നുണ്ട് ഇവന്മാരെല്ലാം സ്പിറ്റിയ്ക്കു പോകുന്നവരാകും .ഒരു ആന്റിയാണ് ആദ്യം കയറിയത്.എങ്കിലും ഇരുപ്പുറപ്പിച്ചിട്ടില്ല.കൈയിലുള്ള ബാഗുകളെല്ലാം ബസ്സിന്റെ മൂക്കിനും മൂലയ്ക്കും വയ്ക്കുകയാണ്.ഞാൻ നേരത്തെ വന്നത് നന്നായി അല്ലെങ്കിൽ എന്റെ ബാഗ് വയ്ക്കാനുള്ള സ്ഥലവും ആന്റി കയ്യേറിയേനെ.
ഒരു ചേട്ടൻ ഒരു വലിയ കുടുംബവുമായി കയറി.സീറ്റ് നമ്പരൊക്കെ നോക്കിയിട്ടു എന്റെ നേരെ ഒരു നോട്ടം.
എന്താ ഞങ്ങളുടെ സീറ്റിൽ നീ കയറി ഇരിക്കുന്നേ എന്ന ഭാവത്തിൽ .
"ഇതെന്റെ സീറ്റാണ് ഭായി . സീറ്റ് നമ്പർ ഇരുപതു "
ആൾ ഒന്നുടെ ടിക്കറ്റെല്ലാം നോക്കി.
"ഓഹ് ഇത് 2*2 സിറ്റിംഗ് അല്ലേ രണ്ടു വശത്തും ? redbus ൽ അങ്ങനെയാണാല്ലോ കാണിച്ചത് ? ഇതെന്തു ഡ്രാമയാണ് .എനിക്കൊന്നും മനസിലാകുന്നില്ല."
(ഒരു ഹിമാചൽ ഓർഡിനറി ബസ്സിലും ഇരുവശത്തും 2 *2 സിറ്റിംഗ് ഉള്ളത് ഞാൻ കണ്ടിട്ടില്ല. ഒരു വശത്തു രണ്ടും മറുവശത്തു മൂന്നും ആണ് ഉണ്ടാവുക.ഇങ്ങേര് ആദ്യമായിട്ടാണോ ബസ്സിൽ ? )
"വിൻഡോ സീറ്റ് നോക്കി എല്ലാവര്ക്കും എടുത്തതാണ് . ഇതിപ്പോ ഇങ്ങനെയായി .ഇതെന്തു ഡ്രാമയാണ്. കണ്ടക്ടർ എവിടെ ?"
അവർ ഒരു അഞ്ചെട്ടു പേരുണ്ട്. പക്ഷേ ഒരു ഇരുപതു ആൾക്കാരുടെ ലഗേജ് കാണും .ഉത്തരേന്ത്യക്കാർ അങ്ങനെയാണ്.കണ്ടാൽ തോന്നും വീട് മാറി സാധനങ്ങൾ എല്ലാം എടുത്തു പോവുകയാണെന്ന്.അത് വല്ല oneday ട്രിപ്പിന് പോവുന്നതാവും.ബാക്കിയുള്ളവരെല്ലാം വെറുപ്പിച്ചു ബാഗെല്ലാം പലയിടത്തും തിരുകി കേറ്റി അവർ ഇരുന്നു.എന്റെ അടുത്ത സീറ്റും അവരുടേതാണ്.പുറകിലെ സീറ്റിൽ ഇരുന്നു പിള്ളേർ പറയുന്നുണ്ട്.
"ഞാൻ കരുതി അങ്കിൾ AC ബസ്സാ ബുക്ക് ചെയ്തേ എന്ന് .ഇതിപ്പോ ഇതിൽ എങ്ങനെ ഇരുന്നു പോകും ഇത്രേം ദൂരം .ഷിംല വരെ ഇരിക്കണ്ടേ ഇനി '
അത് ശരി അപ്പൊ ഷിംല വരെ പോവാനാണ് അമ്മാവൻ ദിവസം ഒരു തവണ മാത്രം പോവുന്ന reckong peo ബസ്സിൽ സീറ്റ് ബുക്ക് ചെയ്തിരിക്കുന്നേ ? ഇഷ്ടംപോലെ ഷിംല ബസ്സുണ്ട് , വോൾവോ ഉണ്ട്,ഡീലക്സ് ഉണ്ട്, ഇതൊന്നും പോരെങ്കിൽ പ്രൈവറ്റ് ബസ്സുകളും കിട്ടും.ഈ വലിയ കുടുംബത്തെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്ന ഇങ്ങേർക്ക് ഇന്ന് ഉറക്കം കിട്ടല്ലേ എന്റെ ഡിങ്കാ .
എട്ടേകാലിനു യാത്ര ആരംഭിച്ചു.ഞാൻ പദ്മാവതി സിനിമയും കണ്ടിരുന്നു. അയ്യോ സോറി "പത്മാവദ് "കണ്ടിരുന്നു.
ഭക്ഷണം കഴിക്കാൻ ഒരിടത്തു നിർത്തി.അവിടെ വില കൂടുതലാണ് എന്നും പറഞ്ഞു അമ്മാവൻ തിരികെ വന്നു
"അവിടെന്തു കത്തി റേറ്റ് ആണ് ഇവരൊക്കെ എന്ത് ഡ്രാമയാണ് കാണിച്ചു കൂട്ടുന്നതു "
ഏന്തു പറഞ്ഞാലും അങ്ങേരുടെ ഒരു ഡ്രാമ. ഇയാളെന്താ KPAC ലെ പൂർവ വിദ്യാര്ഥിയോ ? അതോ ഷിംലയിൽ നാടകം കളിയ്ക്കാൻ പോവുകയാണോ ?
ഷിംലയിൽ നിന്നും കയറിയ കുറച്ചു ആൾക്കാർ (ബീഹാറികൾ ആണെന് തോന്നുന്നു ) കുറച്ചു കഴിയാറായപ്പോഴേക്കും omitting തുടങ്ങി.അങ്ങനെ എന്റെ വിൻഡോ സീറ്റ് പോയി .വേറെ എന്ത് പറഞ്ഞാലും കൊടുകാണ്ടിരിക്കാമായിരുന്നു .ഈ കേസിൽ പിന്നെ കൊടുത്തല്ലേ പറ്റു .
ഭായി വിന്ഡോ തുറന്നിട്ട് പരിപാടി തുടങ്ങി .സംഭവം കഴിഞ്ഞാൽ അതൊന്നു അടച്ചൂടെ മനുഷ്യാ .തണുത്ത കാറ്റടിച്ചു വിറയ്ക്കുന്ന എന്നെ കണ്ടിട്ടെങ്കിലും ?
കയ്യിലുള്ള മഫ്ളർ കൊണ്ട് മുഖം മറച്ചു ഒരു അന്ധനെപോലെ ഇരുന്നു ഞാൻ ഉറങ്ങി.കണ്ണ് വരെ മൂടിയിരിക്കുകയായതുകൊണ്ടു ഇടയ്ക്കു വണ്ടി വളവു തിരിയുമ്പോ ഞാൻ വീഴാൻ തുടങ്ങും.ഏതേലും കമ്പി കയ്യിൽ കിട്ടിയാൽ പിടിച്ചു വീഴാതെ നോക്കും.
ഭായി കലാപരിപാടികൾ തുടർന്ന് കൊണ്ടേ ഇരുന്നു.ഉയരത്തിലൊക്കെ യാത്ര ചെയ്യുമ്പോ നല്ലപോലെ വെള്ളം കുടിക്കണം അല്ലെങ്കിൽ ഇങ്ങനെ പല പ്രേശ്നങ്ങളും ഉണ്ടാവും എന്നൊക്കെ ഞാൻ തട്ടിവിട്ടു എല്ലാം മൂളി കേട്ടതല്ലാതെ ഒരു തുള്ളി വെള്ളം അങ്ങേര് കുടിച്ചില്ല.
ബ്രേക്ഫാസ്റ് കഴിക്കാൻ നിർത്തിയപ്പോഴാണ് നമ്മടെ നിലബൂറുകാരനും സഞ്ചാരി മെമ്പറുകൂടിയായ ബാസിലിനെ കണ്ടു മുട്ടിയത്.
ബസ്സ് പിന്നെയും നിർത്തി.ഞങ്ങൾ കയ്യിലുള്ള ബിസ്കറ്റും എടുത്തു ഒരു ചായ കുടിക്കാൻ കടയിൽ കയറി.ഞങ്ങളുടെ ഭാഷ കണ്ടപ്പോ അവിടത്തെ വയസ്സന് സംശയം .
സൗത്തിൽ ഭയങ്കര ചൂടാണോ ? അതുകൊണ്ടാണോ എല്ലാരും കറുത്തിരിക്കുന്നെ ? അങ്ങനെ കേട്ടിട്ടുണ്ട് .
തൊട്ടപ്പുറത്തിരുന്ന സ്വാമിയും സംഭാഷണത്തിൽ കൂടി.
അങ്ങനെയൊന്നുമില്ല കറുത്തവരും വെളുത്തവരുമെല്ലാം അവിടുണ്ട് .പിന്നെ നോർത്തിലെ ചൂടിന്റെ അത്രയുമൊന്നും അവിടില്ല.
ആ സ്വാമിയുടെ നിറമാണേൽ നല്ല കറുത്തിട്ടാണ് .അങ്ങേരെ ഉദാഹരണമാക്കി ഞങ്ങളുടെ പോയിന്റ് സമർത്ഥിച്ചാലോ എന്നൊരു ചിന്ത ഉണ്ടായിരിന്നു.ഇനി ആള്ടെ ശാപം തലയിൽ കയറ്റണ്ട എന്ന് കരുതി അതിനു മുതിർന്നില്ല.കടയിലെ വയസ്സന് കേരളത്തെ പറ്റി നല്ല മതിപ്പൊക്കെ ഉണ്ട്.പിന്നെ ഇങ്ങനെ ഒരു സംശയം ഞങ്ങളോട് ചോദിച്ചു എന്ന് മാത്രം
Tapril എന്ന സ്ഥലം കഴിഞ്ഞപ്പോ തൊട്ടു റോഡിൻറെ അവസ്ഥയൊക്കെ മാറി.വലിയ പാറകൾക്കിടയിലൂടെയൊക്കെയാണ് ബസ് പോവുന്നത്.കുറച്ചു കഴിഞ്ഞപ്പോ റോഡ് നല്ലതായി.
ഇരുപതു മണിക്കൂർ നീണ്ട ഓർഡിനറി ബസ്സ് യാത്രയുടെ ക്ഷീണം മാറ്റാൻ പറ്റുന്ന കാഴ്ചകളാണ് റെക്കോങ് പിയോയിലേക്കുള്ള അവസാന കയറ്റം കയറിയപ്പോൾ കണ്ടത്. മഞ്ഞിനാൽ മൂടി കിടക്കുന്ന കിന്നൗർ മലനിരകൾ.
ഇതിലും നല്ല വ്യൂ ഉള്ള ബസ് സ്റ്റാൻഡ് സ്വപ്നങ്ങളിൽ മാത്രം.
ഇതിലും നല്ല വ്യൂ ഉള്ള ബസ് സ്റ്റാൻഡ് സ്വപ്നങ്ങളിൽ മാത്രം.
നൂറു രൂപയ്ക്കു കിട്ടുന്ന റൂം ഞാൻ കണ്ടു വച്ചിരുന്നു.ഹോട്ടൽ സായ്‌രാഗ് .
"ഇരുന്നൂറ് ആവും മുകളിൽ താഴത്തെ നിലയിലെ റൂം തരാം. പക്ഷേ അത് അത്ര നല്ലതല്ല."
"സാരമില്ല ഞങ്ങൾക്ക് അത് മതി. "
കുറച്ചു കഴിഞ്ഞപ്പോൾ വേറെ ആൾ വന്നു മുകളിൽ തന്നെ കിടന്നോളു നൂറു മതി .
(അങ്ങനെ വഴിക്കു വാ ചേട്ടാ )
ഒന്ന് ഫ്രഷായി ഞങ്ങൾ നടക്കാനിറങ്ങി.ഒരു സ്റ്റെപ്പ് കണ്ടപ്പോ അത് താഴത്തെ ടൗണിലേക്കുള്ളതാ എന്ന് ഞാൻ അങ്ങ് കാച്ചി ( മുൻപേ വന്നിട്ടുള്ളതുപോലെ )
ബാസിലിനു ചെറിയ വിശാസ കുറവുണ്ടായിരുനെകിലും ഞങ്ങൾ ടൗണിൽ തന്നെയെത്തി .
ചാച്ചാ ചിക്കൻ കോർണറിൽ നിന്നും പൊരിച്ച ചിക്കൻ വാങ്ങി കഴിച്ചു.കിലോ 280 ആണ് വില.ചാച്ചാജി ഒരു പരുക്കൻ ആണ്.എന്ത് ചോദിച്ചാലും എന്തോ പൂർവ വൈരാഗ്യം ഉള്ളതുപോലെ .പരുക്കൻ പൊരിച്ച ചിക്കൻ കൊള്ളാം . പിന്നെ ഒരു കടയിൽ thukpa കഴിക്കാൻ കയറി.ഇവനന്മാര്ടെ പ്രധാന ഐറ്റം ആണ് തുക്ക്പ്പാ .
സംഭവം എന്താ എന്ന് രണ്ടാൾക്കും പിടിയില്ല.കഴിക്കാൻ ചെന്നപ്പോ പണി പാളി. വെജ്ജും മട്ടണും ഉള്ളു .ചിക്കൻ ഇല്ലത്രെ . ഞാനിതെങ്ങനെ സഹിക്കും ..
മട്ടൻ ആണെങ്കിലും നാല്പതു രൂപയ്ക്കു ഒരുപാട് കിട്ടും. ബാസിലിനു സംഭവം ഇഷ്ടായി. നൂഡിൽസ് ഒരു സൂപ്പിലിട്ടാൽ എങ്ങനെ ഇരിക്കും ? അതാണ് തുക്ക്പ്പാ . ഞാൻ നൂഡിൽസ് മാത്രം അകത്താക്കി.
തിരികെ റൂമിലെത്തി.
നാളെ രാവിലെ ആറുമണിക്ക് സ്റ്റാൻഡിൽ ചെന്ന് ഏഴുമണിക്കുള്ള കാസാ ബസ്സിന് ടിക്കറ്റെടുക്കണം.രണ്ടാളും അലാറം വയ്ക്കാൻ മറന്നു. പാതി രാത്രി മൂന്നരയ്ക്കും ലോഡ്ജിന്റെ അങ്ങേരു എഴുനേറ്റു നടക്കുന്നു അപ്പോഴാണ് ഞങ്ങൾ അലാറം വയ്ക്കുന്നതു.
രാവിലെ എഴുനേറ്റു കൈയിലുള്ള എല്ലാം എടുത്തിടുമ്പോൾ ലോഡ്ജ് ഉടമയുടെ ചോദ്യം
"തണുപ്പുണ്ടായിരുന്നോ രാത്രിയിൽ "
ആളെ കളിയാക്കുവാണോ ഇയാൾ
"നല്ല തണുപ്പായിരുന്നല്ലോ "
"ഇതൊക്കെ ഒരു തണുപ്പാണോ .ഇപ്പൊ തണുപ്പ് കുറവാണു "
കാസയിൽ ഇതിന്റെ അപ്പുറത്തെ തണുപ്പ് കാണണമല്ലോ എന്നോർത്ത് ഞങ്ങൾ ബസ് സ്റ്റാൻഡിലേക്ക് നടന്നു.

nive
ReplyDelete