സ്പിതി താഴ്‌വാരയിലേക്ക് Episode :02 നീലാകാശം - ചുവന്ന ഭൂമി | Spiti Malayalam Travelogue



"ദാ അങ്ങോട്ടു നോക്കു ,"
"അത് കണ്ടോ "
"എന്നാ വ്യൂ ആ ,"
"എന്താ ലെ?"
"ഓരോരോ സ്ഥലങ്ങൾ …"
"ഗ്രാൻഡ് കന്യോൻ പോലെയുണ്ടല്ലേ , "
"ഇത്രയ്ക്കു പ്രതീക്ഷിച്ചില്ല,"
"കിടിലൻ"
"കിടിലോസ്‌കി"
"നല്ല ഗുമ്മ് സ്ഥലം "
വഴിയിലെ കാഴ്ചകൾ കണ്ടുള്ള ഞങ്ങളുടെ രണ്ടാളുടെയും കമ്മന്റുകളാണിതൊക്കെ.
റെക്കോങ് പിയോ മുതൽ കാസ വരെയുള്ള പത്തുമണിക്കൂറോളമുള്ള ബസ് യാത്ര തന്നെ
ഒരനുഭവമാണ്. കാസയിൽ എത്തി ചേർന്നാലേ നല്ല കാഴ്ചകൾ കാണാൻ കഴിയൂ എന്ന മുൻവിധി വേണ്ട.
----------------------------------------------------------------
മുൻപത്തെ ഹിമാചൽ യാത്രകളിൽ പലയിടത്തും വേണ്ടിയിരുന്നതും എന്നാൽ കയ്യിൽ ഇല്ലാതിരുന്നതുമായ gloves ഇത്തവണ കൈയ്യിലുണ്ട്.പക്ഷേ അതിട്ടോണ്ട് മൊബൈലിൽ തോണ്ടാൻ പറ്റില്ല.തൊണ്ടണമെങ്കിൽ gloves ഊരണം.ഇതിനു പറ്റിയ gloves മാർക്കറ്റിലുണ്ടെന്നു നിലമ്പൂരുകാരൻ ബാസിലിന്റെ കമ്മന്റ്.റേഞ്ച് ഇല്ലാത്ത നാടായതുകൊണ്ടു വേറെ ഉദ്ദേശമൊന്നുമില്ല , ഫോട്ടോ എടുക്കണം . ഫോട്ടോ എടുക്കുമ്പോ ഫോക്കസ് ചെയ്യണമെങ്കിൽ നമ്മുടെ വിരൽ തന്നെ തൊടണം.
“ആ എന്തേലൊക്കെ ചെയ്യാം "
Gloves ഉം മഫ്ളറും എല്ലാമായിട്ടു ഞങ്ങൾ ബസ് സ്റ്റാൻഡിലേക്ക് നടന്നു.ആറുമണി ആവാൻ ഇനിയും സമയമുണ്ട്.ആറു മണി മുതലേ കാസ ബസ്സിന്‌ ടിക്കറ്റ് കിട്ടൂ എന്ന് കൗണ്ടറിലെ ചേട്ടൻ പറഞ്ഞു.ടിക്കറ്റ് കിട്ടുമെന്ന് ഉറപ്പായിരുന്നു.പക്ഷെ വിൻഡോ സീറ്റ് കിട്ടുമോ അതും ഇടതു വശത്തു ? അതാണ് ഞങ്ങളുടെ ഭയം .സമയമായപ്പോൾ ഒരു കിളവൻ മുൻപിൽ കയറി നിന്ന് ഫൗൾ കാണിച്ചു.പഹാഡികൾക്കിടയിലും ഊടായിപ്പോ ?
ഷിംലയിൽ നിന്നും വൈകുന്നേരം ആറരയ്ക്ക് പുറപ്പെടുന്ന റെക്കോങ് പിയോ ബസ്സിന്‌ വന്നവർക്കാണ് മുൻഗണന .അതേ ബസ്സാണ് കാസയ്ക്കും പോകുന്നത്.അതെല്ലാം കഴിഞ്ഞപ്പോ ഞങ്ങളുടെ ഊഴം എത്തി .
“സർ ഇടതു വശത്തു വിൻഡോ സീറ്റ് കിട്ടുമോ ? രണ്ടു കാസാ ?
“മിച്ചമുള്ള രണ്ടു സീറ്റ് തരാം അഞ്ചും ആറും. വേറൊന്നും ചോദിക്കരുത്”
ഇനിയിപ്പോ ഒന്നും പറയാനില്ല. വേഗം പോയി അവിടെ കിടന്ന ഒരു ബസ്സിന്റെ അകത്തു കയറി ഈ സീറ്റ് എവിടെയായിട്ടു വരുമെന്ന് നോക്കി. ആറു വിൻഡോ സീറ്റാണ് അതും വലതു വശത്തു.ഡ്രൈവറുടെ തൊട്ടു പുറകിൽ.
ഇനിയിപ്പോ തിരിച്ചുവരുമ്പോ മറ്റേ വശം കാണാം .ഇരിക്കാൻ സീറ്റ് കിട്ടിയല്ലോ അതു തന്നെ ആശ്വാസം.ബസ്സ് വന്നതേ എല്ലാരും തിരക്കുണ്ടാക്കി.സാധനങ്ങൾ വയ്ക്കാനാണ് ഈ തിരക്ക്.ഒരു സുന്ദരി ആന്റിയാണ് നാലാം നമ്ബർ സീറ്റിൽ.
ഞാൻ വിൻഡോ സീറ്റിൽ ആന്റി അങ്ങേ അറ്റത്തു.ബാസിൽ നടുക്ക്.
ബസ് യാത്ര ആരംഭിച്ചു. കുറച്ചു ബാക്ക്പാക്കേഴ്സും കുറെ പച്ചത്തൊപ്പികളുമൊക്കെയായി ബസ് നിറഞ്ഞിരിക്കുന്നു .(കിന്നൗർ കാരുടെ അടയാളമാണ് പച തൊപ്പി )ബസാറിൽ പോയി അവിടെ കുറെ നേരം കിടന്നു.

ആദ്യത്തെ കുറച്ചു മിനിറ്റുകൾ ഒരു മയമുണ്ടായിരുന്നു.സാധാരണ ഹിമാചൽ യാത്രപോലെ തന്നെ .ഒരു മണിക്കൂർ ആവാറാവുമ്പോൾ ഒരു ചെക്ക്പോസ്റ്റുണ്ട് . പോലീസ് കയറി പരിശോധിക്കും.ഇന്ത്യക്കാരൻ അല്ലെങ്കിൽ ഇന്നർ ലൈൻ പെർമിറ്റ് വേണം ഇനിയങ്ങോട്ട് പോകുവാൻ.അതും കഴിയുമ്പോതൊട്ടു റോഡിൻറെ അവസ്ഥ ഭീകരമായി വരും.ഇടയ്ക്കു നല്ല റോഡുകൾ ഒക്കെ വരുമെങ്കിലും താഴേക്ക് നോക്കിയാൽ പേടിയാകും.
BRO അഥവാ ബോർഡർ റോഡ് ഓർഗനൈസേഷനു ആണ് ഈ റോഡിൻറെ ചുമതല. സംഭവം അവർ ചെയുന്ന ജോലിയൊക്കെ സമ്മതിച്ചു കൊടുത്തെ പറ്റു.ഇതുപോലുള്ള സാഹചര്യത്തിൽ ഇത്രയും ബുദ്ധിമുട്ടി ജോലികൾ നടക്കുന്നുണ്ടെങ്കിലും നല്ല കുറച്ചു ഉദ്യോഗസ്ഥർ കൂടി ഉണ്ടായിരുന്നെകിൽ പണ്ടേ ഇത് രണ്ടു വരി ആയേനെ .പിന്നേ വഴിയിൽ കണ്ട തൊഴിലാളികളിൽ കൂടുതലും സ്ത്രീകളെയാണ് കണ്ടത് എന്നും സങ്കടം തോന്നിയ കാഴ്ചകളാണ്.ബീഹാറിൽ നിന്നും ഒറീസയിൽ നിന്നും വരെ തൊഴിലാളികൾ ഇത്തരം ജോലിക്കായി വരുന്നു.അവരുടെ കുട്ടികളെയും ജോലി സ്ഥലത്തു കാണാം.
വഴിയിൽ എതിരെ വാഹനങ്ങൾ വരുമ്പോൾ നമ്മുടെ ഹിമാലയൻ പുലി ബസ് ഒന്ന് നിർത്തും എന്നിട്ടു പയ്യെ മുന്നോട്ടെടുക്കും (പുലി പതുങ്ങുന്നതു എന്തിനാ എന്നറിയാമല്ലോ ലേ ? )
എതിരെ വന്നത് ഏതവൻ ആയാലും റിവേഴ്‌സ് എടുത്തു സൈഡ് ആക്കി കൊടുക്കും.
പിന്നല്ല,പുലി വരുമ്പോഴാണോ വഴി തടയുന്നെ .
(മേൽ പറഞ്ഞ ഡയലോഗ് ആർമിയുടെ വാഹനങ്ങൾക്ക് ബാധകമല്ല )
എനിക്കാണേൽ ഭയങ്കര ദാഹം . വെള്ളം കുടിയോട് കുടി. പക്ഷേ കുഴപ്പം എന്താന്ന് വച്ചാൽഎപ്പോഴും നമ്പർ 1 നു പോണം. ഇങ്ങനെ ഒരു കുഴപ്പം ഉണ്ടാവുമെന്ന് സഞ്ചാരിയുടെ സ്വന്തം അണ്ണാച്ചി ആനന്ദ് നായർ പോകുന്നതിനു മുൻപേ എനിക്ക് മുന്നറിയിപ്പ് തന്നിരുന്നു. എങ്കിലും ഞാൻ വെള്ളംകുടി മുടക്കിയില്ല.ഇടയ്ക്കു ഉറക്കവും വന്നു കണ്ണടയുന്നു.ഇത്രയും നല്ല യാത്രയ്ക്കിടെ ഉറങ്ങുന്നതിലും ഭേദം ആ കൊക്കയിലേക്ക് എടുത്തു ചാടുന്നതാ.ഭാഗ്യത്തിന് ബസ് സ്പിലോ എന്ന സ്ഥലത്തു ബ്രേക്ഫാസ്റ് കഴിക്കാൻ നിർത്തി.ഞാൻ ഓടി പോയി കാര്യം സാധിച്ചു.നല്ല വൃത്തിയുള്ള വാഷ്‌റൂം . മുൻപിൽ ഒരു പെട്ടി വച്ചിട്ടുണ്ട്.ഇത്രയും നല്ലൊരു വാഷ്‌റൂം ഇതുവരെ കാണാണാത്തതുകൊണ്ടു ഞാൻ ഒരു പത്തു രൂപാ അതിലിട്ടു.
“ചേട്ടാ ചൗമീൻ ഉണ്ടോ ?

“ഉണ്ടല്ലോ “
“NonVeg ഉണ്ടോ ?
“ഉണ്ടല്ലോ “
അടിപൊളി
“ചിക്കൻ….?”
“നഹീ മട്ടൻ മാത്രം “
(നശിപ്പിച്ചു )
“എന്നാ രണ്ടു വേജ് ചൗമീൻ”
അതും തിന്നു വീണ്ടും വെള്ളം കുടിച്ചു ബസ്സിന്റെ അടുത്തെത്തി .ഭക്ഷണം അകത്തു കയറിയപ്പോൾ ഒന്ന് ഉഷാറായി.ഉറക്കമൊക്കെ പോയി.ഒരു മൂന്നാലു backpackers ഉം ബസ്സിലുണ്ടായിരുന്നു.അവന്മാർ വട്ടം കൂടി കത്തിയടിക്കലാണ് പരിപാടി.അവന്മാരെ കണ്ടാൽ തന്നെ അറിയാം നമ്മുക്ക് പറ്റിയ ടീമല്ല.അവരുടെ കത്തിയടി കൂടി കേട്ടപ്പോൾ തല വയ്ക്കാതിരുന്നത് നന്നായിയെന്നു തോന്നി.ബാസിലിനെ കണ്ടില്ലായിരുന്നെങ്കിൽ ഇത് കംപ്ലീറ്റ് സോളോ ആയി പോയേനേ .

ഞങ്ങളുടെ അടുത്തിരിക്കുന്ന ‌ സുന്ദരി ആന്റി ഒരു പാവമാണ്.എന്റെ ബാഗ് മുകളിൽ നിന്നും ആന്റിയുടെ മുകളിൽ വീണിരുന്നു. എങ്കിലും ആന്റി ഒന്നും പറഞ്ഞില്ല. ബാഗ് പിന്നെ ഞാൻ മുകളിൽ വച്ചില്ല .എന്റെ മുൻപിൽ വച്ചു .ഇതെങ്ങാനും ഹിന്ദി-ബെൽറ്റിൽ ആയിരുന്നു നടന്നത് എങ്കിൽ നല്ല അസ്സൽ തെറി കേൾക്കാമായിരുന്നു.
ഇടയ്ക്കു എതിരെ ഒരു ബസ്സ് വന്നു .ഡ്രൈവർമാർ കുശലം പറയുന്നതിനിടയ്ക്കു നമ്മടെ സുന്ദരി ആന്റി മറ്റേ ബസ്സിലെ ഒരു ചേച്ചിക്ക് കൈ കാണിക്കുന്നു.കൂടെ നല്ല കിടിലൻ ചിരിയും.ബസ്സ് പോവാൻ നേരത്തു വീണ്ടുമൊരു കൈ കാണിക്കലും ചിരിയും.ഇവർക്ക് എല്ലാവരെയും അറിയാം.എനിക്കാണേൽ എന്റെ മുൻപിലത്തെ ഫ്ലാറ്റിൽ ആരാ എന്നറിയില്ല.നാട്ടിൽ ആയിരുന്നെങ്കിൽ ഞാൻ കേറി മുട്ടിയേനെ.പക്ഷേ ഇവിടെ അവർക്കു താല്പര്യമില്ല നമ്മളോട് മിണ്ടാൻ.പിന്നേ ഉത്തരേന്ത്യക്കാരെ വെറുത്തു വെറുത്തു പണ്ടാരമടങ്ങി ഇരിക്കുന്ന എനിക്കും താൽപര്യമൊക്കെ പോയി.

പൂഹ് എത്തിയപ്പോൾ കേറിയ ചേച്ചി ആണേൽ നമ്മുടെ സുന്ദരി ആന്റിയുടെ വേറൊരു പരിചയക്കാരി.കണ്ടതേ ഒരു കെട്ടിപ്പിടുത്തം.പിന്നെ വിശേഷങ്ങൾ പറച്ചിൽ തുടങ്ങി രണ്ടാളും.ആന്റിയെ കാത്തു വീട്ടുകാർ നിൽപ്പുണ്ടായിരുന്നു.പുള്ളികാരത്തി ഫോൺ എടുത്തു വിളിച്ചു പറഞ്ഞിരുന്നു.ഞങ്ങളുടെ ഫോണിൽ റേഞ്ചില്ല .മാസങ്ങളായി ഓഫായി കിടന്ന bsnl സിം റീചാർജ് ചെയ്തു കൊണ്ടുവന്നത് വെറുതെയായോ ?
ആന്റിയുടെ സിം ഏതാ ? ബാസിൽ ചോദിച്ചു
“Bsnl “
ഇനിയിപ്പോ ഇവിടത്തുകാരുടെ ഫോണിന് ശീലമായതാണോ ? നമ്മൾ വരുത്തന്മാരാണല്ലോ ? നമ്മൾക്ക് റേഞ്ച് കിട്ടുന്നില്ലല്ലോ ??
ആന്റി പോയപ്പോൾ ആന്റിയുടെ കൂട്ടുകാരി ഇരിക്കണ്ടേ സീറ്റിൽ ഒരു ദുഷ്ടൻ കേറി ഇരുന്നു.അതവന്റെ സീറ്റാണത്രെ
(എപ്പോ മുതൽ ?)
കൂട്ടുകാരി ചേച്ചി ഒന്നും പറഞ്ഞില്ല (സാധാരണ ഗതിയിൽ ഒരു യുദ്ധം ഉണ്ടാവേണ്ട സീനാണ് ഒഴിവായത് .പഹാഡികൾ സൂപ്പറാ )
വലതു വശത്തെ യാത്ര ഗംഭീരമായിരുന്നു. ഇടതു വശത്തു മാത്രമാണ് കാഴ്ചകൾ എന്ന് കരുതിയ ഞങ്ങൾക്ക് തെറ്റി.സത്ലജ് നദിയുടെ അരികിലൂടെയുള്ള റോഡിലൂടെയാണ് ഞങ്ങളുടെ കാസയിലേക്കുള്ള യാത്രാ.ഡ്രൈവറുടെ ഒരു സെക്കന്റിന്റെ അശ്രദ്ധ മതി ബസ് താഴേക്ക് പതിക്കാൻ.ചെളി നിറത്തിലൊഴുകുന്ന സത്ലജിൽ ഞങ്ങളും അങ്ങ് ചെന്ന് വീഴും.ഡ്രൈവർ അണ്ണൻ പാട്ടൊക്കെ വച്ചാണ് യാത്ര.ഇടയ്ക്കു കണ്ടക്ടറോടും മിണ്ടും.ഇത്ര കൂളായി ഈ വഴിയിലൂടെ ഓടിക്കാൻ ഇവർക്കേ സാധിക്കു.ഇടയ്ക്കു ഇങ്ങേരുടെ ഇടത്തെ കൈ പൊങ്ങും . ഇഷ്ടമല്ലാത്ത പാട്ടുകൾ സ്കിപ് ചെയ്യുന്നതാണ് റിമോട്ടു വഴി.പക്ഷേ ശബ്ദം കുറയ്ക്കാൻ റിമോട്ട് പോരാ അതിനു ഇടയ്ക്കു വലത്തേ കൈ ഉയരും.പാട്ടു കേട്ടു മടുത്തപ്പോൾ ഞങ്ങൾ ഹെഡ്സെറ്റ് വച്ചു പാട്ടുകേട്ടു.
ഇടയ്ക്കു വഴിയിൽ ബോർഡ് കാണാം
“നിങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതു ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ പാതകളിലൂടെയാണ് “
ഇത്തരം പാതകളിലൂടെ സഞ്ചരിക്കുമ്പോൾ നമ്മൾ പാലിക്കേണ്ട ചില മിനിമം മര്യാദകളുണ്ട്.എതിരെ വരുന്നവൻ സൈഡ് തരണം ഞാൻ സൈഡ് തരില്ല, റിവേഴ്‌സ് എടുക്കില്ല എന്ന അഹങ്കാരമൊക്കെ വീട്ടിൽ വച്ചിട്ടു വേണം ഇങ്ങോട്ടു വരുവാൻ.ഇത്തരം റോഡിലൂടെ വണ്ടിയോടിക്കാൻ അത്യാവശ്യം സ്‌കിൽ വേണം .പക്ഷേ അത് മറ്റുള്ളവരെ കാണിക്കാൻ ആയി ഇങ്ങോട്ടു വരണമെന്നില്ല.തിരിച്ചു പോയെന്നു വരില്ല.
ഷൂട്ടിംഗ് സ്റ്റോൺസ് ആണ് മറ്റൊരു വില്ലൻ.നല്ല വേഗതയിൽ ഉയരത്തിൽ നിന്നും വരുന്ന കല്ലുകൾ നേരിടാൻ ഒരു വഴിയേ ഉള്ളു.വേഗത കുറച്ചു വണ്ടിയോടിക്കുക്ക.കല്ലുകൾ വരുന്നുണ്ടോ എന്ന് നോക്കി സാവധാനം പോവുക.ചില പ്രേത്യേക സ്ഥലനങ്ങളിലാണ് ഈ പ്രെശ്നം ഉള്ളത് അതിനു മുന്നറിയിപ്പും കൊടുത്തിട്ടുണ്ടാവും
ഇതെല്ലം സൂചിപ്പിക്കുന്ന ബോർഡുകൾ വഴിയില്ലെങ്ങും കാണാം BRO യുടെ ബോർഡുകളെ പറ്റി എഴുതാൻ തന്നെ ഒരുപാടുണ്ട് അത് വേറൊരു seperate പോസ്റ്റ് ആയിട്ടിടാം .
(ഇനീം ഒരുപാട് സഹിക്കണംഎന്നർത്ഥം )

ബസ് നാക്കോവിൽ നിർത്തി.കാസയിൽ നിന്നും എന്നും രാവിലെ ഏഴുമണിക്ക് rekong പിയോയിലേക്കു ബസ്സുണ്ട്.അതിന്റെ നേരെ മുൻപിലാണ് നമ്മടെ റെക്കോങ് പിയോ -കാസ ബസ്സ് നിർത്തിയിരിക്കുന്നത് .
രണ്ടു ബസുകളും മുഖാമുഖം.
നാക്കോവിൽ നിന്നുള്ള കാഴ്ചകൾ ഒക്കെ അതിമനോഹരം. വര്ണനകൾക്ക് അതീതം (ചുമ്മാ പറഞ്ഞതാ വർണിക്കാൻ അറിയത്തില്ല അതാണ് കാര്യം. ) ബാക്കി ഫോട്ടോസ് പറയും.
നാക്കോവിൽ ഹെലിപാഡും ഉണ്ട്. എല്ലാരും ലഞ്ച് കഴിച്ചപ്പോൾ ഞങ്ങൾ ഒരു ചായയിൽ ഒതുക്കി.നാക്കോ തടാകം കാണണമെങ്കിൽ ഗ്രാമത്തിലേക്കു ചെല്ലണം.അതിനുള്ള സമയമില്ല .
ഹെലിപാഡിന്റെ അടുത്ത് ചുറ്റി തിരിഞ്ഞപ്പോൾ കുറച്ചു അപ്പാപ്പന്മാർ വട്ടം ചുറ്റി ഇരുന്നു എന്തോ കളിയാണ്.എല്ലാരുടെയും മുൻപിൽ ആണിയും വേറെ ഏതാണ്ടൊക്കയുമുണ്ട്. ഒരാളുടെ മുൻപിൽ ഇതെല്ലം കുറവാണു.അങ്ങേരു ഒന്നുങ്കിൽ മുന്നിൽ നിൽക്കുന്നു അല്ലെങ്കി പൊട്ടി പാളീസായി ഇരിക്കുന്നു. ഒന്നും മനസിലാവുന്നില്ല .
“ഇതെന്താ കളി “
“ഇതാണ് ചോല്ലോ “

നാക്കോ അത്യാവശ്യം നല്ല ഉയരത്തിലാണ്. നാക്കോവിലേക്കുള്ള ചുരം കയറുന്നതിനു മുൻപുള്ള റോഡിൽ ശെരിക്കും പാറകൾ കൊണ്ട് മേൽക്കൂരയുള്ള റോഡാണ് .ഇതുവരെ ഹിമാചൽ ഡ്രൈവര്മാരെ കുറിച്ചുള്ള ഡോക്യൂമെന്ററിയിലെ ഇങ്ങനത്തെ റോഡൊക്കെ കണ്ടിട്ടുള്ളു.ഇതിപ്പോ അതെല്ലാം അനുഭവിച്ചു.
ചുരവും ചുരത്തിൽ നിന്നുള്ള കാഴ്ചകളും പറയാനില്ല.
നാക്കോ കഴിഞ്ഞു വേറൊരു ചുരമിറങ്ങി ചെല്ലുന്നതു sumdo വിലേക്കാണ്.
നല്ല തെളിഞ്ഞ നീലാകാശം,ചുവന്ന ഭൂമി.
( പച്ച കടൽ ഇല്ലാ, ലേശം നീല കളറിൽ സ്പിറ്റി നദി ഒഴുകുന്നുണ്ട്.)
സ്പിതിയെത്തുന്നതിനു മുൻപേ ഞങ്ങളുടെ മനസ്സ് നിറഞ്ഞു. പക്ഷേ എത്ര കണ്ടിട്ടും എത്ര ഫോട്ടോ എടുത്തിട്ടും മതിയാവുന്നില്ല .മനസിനൊപ്പം, മെമ്മറി കാർഡും നിറയുന്നു.
നാക്കോ കഴിഞ്ഞു ഒരു മുപ്പതു കിലോമീറ്റർ കഴിയുമ്പോൾ ചെക്ക്പോസ്റ് ഉണ്ട്. പ്രൈവറ്റ് വാഹനങ്ങൾ അവിടെ എൻട്രി ചെയ്യണം. അവിടെ നിന്നും കൗറിക് എന്ന സ്ഥലത്തേക്കു ഇരുപതു കിലോമീറ്റർ ഉള്ളൂ .അത് ചൈന ബോർഡർ ആണ്.ആർമിക്കു മാത്രമേ പ്രവേശനമുള്ളൂ. ഇവിടം മുതലാണ് Lahaul & Spiti ജില്ല തുടങ്ങുക.ഇത്രയും ദൂരം വന്നത് കിന്നൗർ ജില്ലയിലൂടെയായിരുന്നു.

ടാബോയിലെ ബസ് സ്റ്റാൻഡിൽ (ബസ് സ്റ്റാൻഡ് എന്ന് പറഞ്ഞാൽ ഞങ്ങളുടെ ഈ ബസ് ചെല്ലുമ്പോ സ്റ്റാൻഡിൽ ഒരു ബസ്സായി .അത്രേയുള്ളു ) എത്തിയപ്പോ രണ്ടു ചേച്ചിമാർ ഓടി വന്നു കയറി.അവരുടെ "അയ്യോ " കേട്ടപ്പോള് ബാസിലിന്റെ കമ്മന്റ് ഈ "അയ്യോ " യൂണിവേഴ്സൽ ആണല്ലേ ?
ടാബോ കഴിഞ്ഞപ്പോൾ വീണ്ടും ബസ്സ് നിർത്തി.
രണ്ടാൾക്കും വിശപ്പുണ്ട്.ഞാൻ റൊട്ടിയും ദാലും എന്തോ ഒരു ചട്ണിയും കഴിച്ചു. ഇവിടെയും മട്ടൻ മാത്രമേ കിട്ടാനുള്ളു .
ബാസിൽ “മട്ടൻ മോമോസ് “ ഓർഡർ ചെയ്തു.
ഡൽഹിയിലെ ഇത്തിരിപ്പോന്ന കുഞ്ഞു മോമോസ് തിന്നു ശീലിച്ച ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് യമണ്ടൻ മോമോസ് അതും ഒരു പത്തു പന്ത്രണ്ടെണ്ണം ഒരു പ്ലേറ്റിൽ കൊണ്ടു വന്നു. അത് കണ്ടതേ എന്നെ എങ്ങനെയെങ്കിലും സഹായിക്കണം എന്നാ ഭാവത്തോടെ ബാസിൽ എന്റെ മുഖത്തോട്ടു നോക്കി .
മട്ടൻ തിന്നാത്ത ഞാൻ എങ്ങനെ സഹായിക്കാനാണ് ? എങ്കിലും ഒരെണ്ണം ഞാൻ തിന്നു.
നല്ല മോമോസ് ആയിരുന്നു എന്നാണ് ബാസിലിന്റെ അഭിപ്രായം.

അവിടെ നിന്ന് ബസ് യാത്ര ആരംഭിച്ചപ്പോൾ മുതൽ ലാൻഡ്‌സ്‌കേപ്പിന്റെ ലെവൽ മാറി.അഡാർ എന്നൊന്നും പറഞ്ഞാൽ പോരാ. അമ്മാതിരി കാഴ്ചകൾ. അങ്ങകലെ ദൂരെ മുകളിൽ ധങ്കർ മൊണാസ്ട്രിയും കണ്ടു.സ്പിതിയിലെ ഏറ്റവും ഉയരത്തിലുള്ള മൊണാസ്ട്രിയാണ് ഇത്.

ഇത്തവണത്തെ യാത്രയിൽ ഞാൻ ഇവിടം സന്ദർശിക്കുന്നില്ല. എങ്കിലും അകലെ നിന്നെങ്കിലും ഒന്ന് കാണാൻ പറ്റി.ഇപ്പോൾ വലതു വശത്തു ചുവന്ന ഭൂമിയും ഇടതു വശത്തു വെള്ള മഞ്ഞു പുതച്ച ഭൂമിയുമാണ് .തിരിച്ചു വരുമ്പോൾ അവിടം കാണണം .
ചില മൺകൂനകളുടെ മുകളിൽ വലിയ കല്ലുകൾ ഇരിപ്പുണ്ട്.എപ്പോ വേണമെങ്കിലും അത് താഴേക്ക് വീഴാം .റോഡ് ബ്ലോക്കും ആവും .സ്പിറ്റി അനിശ്ചിതത്വത്തിന്റെ നാട് കൂടിയാണ്.
കാസായോടടുത്തപ്പോൾ സ്പിറ്റി നദിയുടെ അതെ നിരപ്പിലാണ് റോഡും .കാഴ്ചകൾ കൂടുതൽ കൂടുതൽ മനോഹരമായി വരുന്നു.


കാസ മഞ്ഞു മൂടി കിടക്കുകയാണെന്നാണ് ഞങ്ങളുടെ രണ്ടാളുടെയും ധാരണ.പക്ഷേ മഞ്ഞില്ലായിരുന്നു .അതിന്റെ ഒരു നിരാശയും ഞങ്ങൾക്ക് തോന്നിയില്ല.
ചിക്കൻ ബിരിയാണി തിന്നവന് എന്തിനാ വെജ് പുലാവ് ?
ബസ്സിറങ്ങിയതേ ഒരു ഹോംസ്റ്റേയ് മുതലാളി ഞങ്ങളെ ചാക്കിലാക്കാൻ നോക്കി
“വേറൊരു ഹോംസ്റ്റേയും തുറന്നിട്ടില്ല എന്റെ മാത്രമേ തുറന്നിട്ടുളൂ. വരുന്ന ആൾക്കാരെല്ലാം എന്റെ വീട്ടിലാണ് താമസിക്കുന്നത്. അങ്ങോട്ടു വരൂ വെറും അറുനൂറു രൂപ മാത്രം ഭക്ഷണമുൾപ്പെടെയാണിത്.റൂമിൽ ഹീറ്ററുമുണ്ട്. ഗീസറുമുണ്ട് “
( ഇത്രയും ദൂരം വന്നിട്ടു ഹീറ്റർ ഓൺ ആക്കി കിടക്കാൻ ആണെങ്കി ഈ ജാക്കറ്റും ഭാണ്ഡക്കെട്ടുമായി ഇങ്ങു വരുമായിരുന്നോ ? ഇത്തിരി ബുദ്ധിമുട്ടിയാണെങ്കിലും തണുപ്പത്ത് കിടന്നോളാം രാജാവെ )
“ഭക്ഷണം ഇല്ലാതെയാണെങ്കിലോ ?”
“എങ്കി 400 ആവും ഒരു ദിവസം , മാത്രവുമല്ല ടാക്സി കുറഞ്ഞ ചിലവിൽ ഞങ്ങൾ ഏർപ്പാടാക്കി തരികയും ചെയ്യാം “
ഇവിടെ വരുന്ന യാത്രകരെല്ലാം ഇങ്ങേരുടെ വീട്ടിലാണെങ്കിൽ ഇയാൾ എന്തിനാ ഇത്ര ബുദ്ധിമുട്ടി ഞങ്ങളെ ചാക്കിടുന്നത് ?
അയാളുടെ നമ്ബർ വാങ്ങി, ഇനി ആവശ്യം വന്നാൽ വിളിക്കാം എന്നും പറഞ്ഞു ഒഴിവാക്കി. ഇനിയെങ്ങാനും വേറെ എവിടേം കിട്ടിയില്ലെങ്കിൽ ഒരു കച്ചി തുരുമ്പായല്ലോ .
ഞങ്ങൾ ബാഗും തൂക്കി കാസ മുഴുവൻ അലഞ്ഞു. റൂമുകളൊന്നും കിട്ടുന്ന ലക്ഷണമില്ല.
ഞങ്ങൾ ഇങ്ങനെ നടക്കുമ്പോൾ അയാളുടെ കാർ കടന്നു പോയി. ബസ്സിൽ വച്ചു കണ്ട ഒരാളും കാറിലുണ്ട്
"നിങ്ങൾക്കു വേറെ എവിടേം കിട്ടില്ല , എല്ലാരും എന്റെ അടുത്ത തങ്ങുന്നേ ...."
ഇനി അങ്ങേരെ വിളിക്കേണ്ടി വരുമോ ? ഇനി വിളിച്ചാൽ അങ്ങേർക്കു നമ്മളോട് ഒരു പുച്ഛ ഭാവമായിരിക്കും . ഇനി വില പേശാനും പറ്റില്ല.
റൂം എവിടേലും കിട്ടാതിരിക്കില്ല
.ഞങ്ങൾ അലച്ചിൽ തുടർന്നു
(തുടരും )


No comments

Powered by Blogger.