സ്പിതി താഴ്വാരയിലേക്ക് Episode 03 : KL >> Key - Langza | Spiti Malayalam Travelogue


    
“ഇനിയിപ്പോ എന്നാ ചെയ്യും ? “
ഡൽഹിയിൽ ജോലി ചെയുന്ന തൊടുപുഴക്കാരനും നിലമ്പൂരുകാരനും അങ്ങ് ഹിമാചലിൽ കൊടും തണുപ്പുള്ള സ്പിതി വാലിയിലെ കാസയിൽ മുഖത്തോടു മുഖം നോക്കി .

ബസ് സ്റ്റാൻഡിൽ വച്ചു ഞങ്ങളെ ചാക്കിടാൻ നോക്കിയ ആളോട് തംബോടോ എന്ന ഭാവത്തിൽ റൂം വേണ്ട എന്നും പറഞ്ഞു റൂം നോക്കി നടന്ന ഞങ്ങൾ നടന്നു നടന്നു ന്യൂ കാസയിൽ എത്തി.ഒന്ന് രണ്ടിടത്തു ചോദിച്ചു, ബാക്കിയെല്ലാം അടഞ്ഞു കിടക്കുന്നു . ഒരു രക്ഷയുമില്ല.സമയം വൈകുന്നു, തണുപ്പു കൂടുന്നു.ഇനിയിപ്പോ അങ്ങേരു പറഞ്ഞപോലെ അയാളുടെ അവിടെ മാത്രമേ ഹോംസ്റ്റേയ് ഉള്ളോ ? സീസൺ തുടങ്ങുന്നതേയുള്ളൂ അതുകൊണ്ടു റൂമില്ല എന്നാണ് പലരും പറയുന്നത്.എന്നാലും അങ്ങേരെ ഇനി വിളിച്ചാൽ അയാൾക്കു നമ്മളോട് ഒരു പുച്ഛ ഭാവമായിരിക്കും
“എവിടേലും കിട്ടാതിരിക്കില്ല .ഒന്നും നടന്നില്ലെങ്കിൽ മുട്ടു മടക്കാം , അങ്ങേരുടെ അടുത്ത് തന്നെ പോവാം “
ഒരു റൌണ്ട് ആയിക്കാണും ഇപ്പൊ ന്യൂ കാസയിൽ. അതാ ഒരു ആന്റി ടാങ്കിൽ വെള്ളം നിറയ്ക്കുന്നു.ചുമ്മാ ചോദിക്കാം.പോയാലൊരു വാക്കു , കിട്ടിയാലൊരു മുറി.
“ആന്റി ഇവിടെ താമസിക്കാൻ റൂം കിട്ടുമോ ?”
ആന്റി വന്നു ഗേറ്റ് തുറന്നു.
“റൂമൊക്കെ ഉണ്ട്. പക്ഷേ ടോയ്‌ലെറ്റിൽ പൈപ്പിൽ വെളളം വരില്ല.ടാങ്കിൽ നിന്ന് എടുക്കേണ്ടി വരും.സീസൺ തുടങ്ങുന്നതേയുള്ളൂ .അത്കൊണ്ട് എല്ലാം ശെരിയാക്കിയിട്ടില്ല ഇപ്പോൾ. ഞാൻ നിർബന്ധിക്കുന്നില്ല.”
ആന്റി റൂമും കാണിച്ചു തന്നു.മൂന്ന് കിടക്കയാണുള്ളത്.ഒരാൾക്ക് ഇരുനൂറു രൂപയാകും.
ടോയ്ലറ്റിന്റെ തൊട്ടടുത്താണ് ടാങ്ക്.ഒരു ബക്കറ്റു വെള്ളം എടുത്തോണ്ട് പോവുന്നത് ഞങ്ങളങ്ങു സഹിച്ചു.
ഡീൽ
ഞങ്ങൾ ബാഗെല്ലാം വച്ചു . അപ്പൊ തന്നെ ആന്റിയുടെ മകളോ മരുമകളോ ആരോ ഒരാൾ ചായയും കൊണ്ട് വന്നു.ചായയും കുടിച്ചിങ്ങനെ ഇരിക്കുമ്പോൾ ഞാൻ ആന്റിയോട് പേര് ചോദിച്ചു
“ദീദി , ഓ സോറി ആന്റീ , ആന്റിയുടെ പേരെന്താ “
“ദീദി അല്ലാ മോനെ മമ്മിയാണ് ഞാൻ മമ്മി . എന്റെ പേര് സോനം “
“എന്റെ മമ്മിയുടെ പേര് ലിസി എന്നാ “
മമ്മി എന്ന് കേട്ടപ്പോ എന്റെ മമ്മിയുടെ ഓർമ്മ വന്നു
“അപ്പൊ മോന്റെ അമ്മ ഇംഗ്ലീഷുകാരിയാണോ “
“അയ്യോ അല്ലാ ഞങ്ങൾ ക്രിസ്ത്യാനികളാണ്.അതുകൊണ്ടാണ് പേരൊക്കെ ഇങ്ങനെ . എന്റെ പേര് കണ്ടില്ലെ എബി മാത്യുസ് . മമ്മിയും ഇന്ത്യക്കാരി തന്നെ “
(തൊടുപുഴ താലൂക്കിലെ കോടിക്കുളം പഞ്ചായത്തിലെ തലയ്‌ക്കമ്പുറത്തു ഇരിക്കുന്ന ലിസികുട്ടി ഇത് വല്ലതും അറിയുന്നുണ്ടോ ? ഇവിടത്തെ സോനം ആന്റി ലിസികുട്ടിയെ ഇംഗ്ലീഷുകാരിയാക്കി )
ബാസിലും ഞാനും കാസ ടൗണിൽ പോയി ടാക്സി ഏർപ്പാടാക്കി . രണ്ടായിരം രൂപയ്ക്കു കീ -കിബ്ബർ -ലാങ്‌സാ-ഹിക്കിം-കോമിക് ഇത്രയും സ്ഥലങ്ങൾ കൊണ്ടുപോകും .പോസ്റ്റ് കാർഡുകൾ വാങ്ങാൻ പോയപ്പോൾ അവിടത്തെ ചെക്കൻ കാണിച്ചു തന്ന ടാക്സി യൂണിയന്റെ റേറ്റ് ഇതിലും ഭീകരമായിരുന്നു.സോനം ആന്റിയുടെ മകന്റെ കട തൊട്ടടുത്താണ്.അതും കൂടി പറഞ്ഞപ്പോഴാണ് രണ്ടായിരത്തിലേക്കു കുറഞ്ഞത്. ബുള്ളറ്റ് ഒന്നും റെന്റിനു കൊടുത്തു തുടങ്ങിയിട്ടില്ല.സീസണിലെ അത് തുടങ്ങു.വേണമെങ്കിൽ ഒരെണ്ണം ശെരിയാക്കാമെന്നും രമേഷ്ജി പറഞ്ഞു.
എങ്കിലും ഇത്തരം സാഹചര്യത്തിൽ ബുള്ളറ്റെടുക്കാൻ ബാസിലിനു ഒരു മടി.അതുകൊണ്ട് ഞങ്ങൾ ടാക്സിയിലോതുക്കി.രമേഷ്ജിയും അതാണ് പറഞ്ഞത്.ടാക്സി ആവുമ്പോൾ തണുപ്പും അടിക്കില്ല.
ടൗണിൽ നിന്നും എന്തെങ്കിലും കഴിക്കാമെന്ന ഞങ്ങളുടെ പ്ലാൻ നടന്നില്ല.ഇനിയിപ്പോ തിരികെ ചെന്ന് സോനം ആന്റിയോട് പറയാം.അവിടന്നാവാം ഭക്ഷണം.
റൂമിൽ വന്നു തണുപ്പത്തിരുന്നു കൈയിലുള്ള വിലാസങ്ങളെല്ലാം പോസ്റ്റ് കാർഡിൽ എഴുതി വച്ചു.ഇനി ഒരു മൂന്നു ദിവസത്തേക്ക് ബസ്സിൽ ഓൺലൈൻ കാണില്ല എന്ന് മനസിലാക്കിയ ബാസിലിന്റെ സുഹൃത്തുക്കൾ അവസരം മുതലെടുത്തു പണി തുടങ്ങിയിരുന്നു.ഇതിന്റെ പുറമെ റെക്കോങ് പിയോയിൽ വച്ചു കൂട്ടുകാരുടെ വിലാസം ചോദിച്ചു ആൾ ഒരു മെസ്സേജ് ഇട്ടിരുന്നു. ബാസിലിന്റെ കല്യാണമാണ് അതിനു കത്തയ്യാക്കാനാണ് വിലാസം ചോദിക്കുന്നത് എന്ന് ബാസിലിന്റെ ചങ്ക് ബ്രോസ് പറഞ്ഞു പരുത്തി.ഒരു ചങ്ക് വിളിച്ചു പറഞ്ഞപ്പോഴാണ് ബാസിൽ ഇതറിയുന്നത്.
“തിരിച്ചു വരുമ്പോൾ പണി തരാമെടാ” എന്നു പറയാനല്ലാതെ ബാസിലിനു ഒന്നും കഴിഞ്ഞില്ല.
-------------------------------------------------------------------------------------------
തലേ ദിവസം സ്പിതി ഹോളിഡേയ്‌സിലെ രമേഷ്ജിയുമായി പറഞ്ഞുറപ്പിച്ചതുപോലെ ടാക്സി കൃത്യം ഒന്പതുമണിക് കുൻസും ഹോംസ്റ്റേയുടെ മുൻപിലെത്തി.ബ്രേക്ഫാസ്റ്റും കഴിച്ചു കത്തിയടിച്ചുകൊണ്ടിരുന്ന ഞങ്ങളോട് സോനം ആന്റി വന്നു പറഞ്ഞു
‘ടാക്സി വന്നിട്ടുണ്ട് , സമയം കളയണ്ടാ ഇറങ്ങിക്കോളൂ ‘
കയ്യിലുള്ള രണ്ടു കുപ്പിയിലും വെള്ളം നിറച്ചു അത്യാവശ്യം സാധനങ്ങളുമെടുത്തു സോനം ആന്റിയുടെ കൊച്ചുമോൾ കൽദീന് റ്റാറ്റയും കൊടുത്തു ഞങ്ങൾ ഇറങ്ങി.ഡ്രൈവർ അണ്ണന്റെ പേര് ലുബ്‌സാങ് . സ്പെല്ലിങ് ചോദിക്കേണ്ടി വന്നു ഇതൊന്നു മനസിലാക്കിയെടുക്കാൻ.ബാസിൽ പുറകിൽ കയറി.ഞാൻ മുൻപിലും .
ഇവിടത്തുകാർ ഗിയർ മാറ്റുന്നതിന് മുൻപേ പാട്ടു വയ്ക്കും.എന്നിട്ടേ വണ്ടിയെടുക്കു .പെട്രോൾ ഇല്ലെങ്കിലും ഇവർ വണ്ടിയോടിക്കുമെന്നു തോന്നുന്നു. പക്ഷേ പാട്ടു നിന്നാൽ വണ്ടിയോടിക്കാൻ സാധിക്കുമെന്നു തോന്നുന്നില്ല .ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള പെട്രോൾ പമ്പിൽ നിന്നു പെട്രോളും അടിച്ചു ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസിലേക്കും ഉയരത്തിലുള്ള ഗ്രാമത്തിലേക്കുമുള്ള ഞങ്ങളുടെ യാത്ര ആരംഭിച്ചു.ഒരു കുഞ്ഞു പ്രയർ വീൽ വണ്ടിയുടെ അകത്തു വച്ചിട്ടുണ്ട്.ഞാൻ അത് കറക്കിയപ്പോൾ ലോബ്‌സാങ് പറഞ്ഞു സൂര്യപ്രകാശം അടിച്ചാൽ അത് തനിയെ കറങ്ങുമെന്നു.
വണ്ടി നേരെ കീ മൊണാസ്ട്രിയിലെക്കു വിട്ടു.പോവുന്ന വഴി സ്പിതി നദിയുടെ മറുവശത്തു കാണുന്ന ഗ്രാമത്തിന്റെ പേര് ലോബ്‌സാങ് അണ്ണൻ എത്ര പറഞ്ഞിട്ടും ഞങ്ങൾക്ക് തിരിയുന്നില്ല.ഗൺറിക്ക് എന്ന് മനസിലാക്കിയെടുത്തു (ശെരിക്കും റൺറിക്ക് എന്നായിരുന്നു പേര് )
നാളെ എനിക്ക് പ്രേത്യകിച്ചു പരിപാടിയൊന്നുമില്ല.എന്നാൽ നാളെ ആ ഗ്രാമം വരെ നടന്നിട്ടു വരാം.ബാസിലും അതാണ് പറയുന്നത്.അവൻ നാളെ രാവിലെ തിരിച്ചു പോവും.പറ്റിയാൽ നദിയിലേക്കും ഇറങ്ങു എന്നും ബാസിൽ പറയുന്നുണ്ട്.
(അവന്റെ നാട്ടിലെ പുഴയെ ബാസിൽ നന്നായി മിസ് ചെയുന്നുണ്ട് എന്ന് വൈകുന്നേരമാണ് എനിക്ക് മനസിലായതു )

കീ ഗ്രാമമെത്തിയപ്പോൾ വണ്ടി നിർത്തി.ഇവിടന്നു കീ മൊണാസ്ട്രി പൂർണമായും കാണാം.കുറച്ചു ഫോട്ടോസൊക്കെ എടുത്തു. വണ്ടിയിൽ കയറിയപ്പോൾ എന്റെ gloves കാണുന്നില്ല.അതിന്നലെ മുതൽ അങ്ങനെയാണ്.കാസ ടൗണിൽ പോയപ്പോൾ ഒരെണ്ണം കാണാനില്ല എന്നും പറഞ്ഞു നടന്നിട്ടു റൂമിൽ വന്നപ്പോൾ എന്റെ പോക്കറ്റിൽ സാധനമുണ്ടെന്നു മനസിലായി.കാറിൽ കയറിയപ്പോഴും ഞാൻ ബഹളം വച്ചു .അയ്യോ എന്റെ gloves .. പെട്ടെന്നു തന്നെ അതും കിട്ടി.ബാസിൽ അതും പറഞ്ഞു കളിയാക്കൽ തുടങ്ങി. ഇനി ഉയരും കൂടുമ്പോൾ മറവിയും കൂടുമോ ? എന്തായാലും സാധനങ്ങൾ മറക്കുന്നില്ല.മറന്നു എന്ന തോന്നലാണ് പ്രെശ്നം . കിട്ടിയ അവസരം മുതലെടുത്തു ബാസിൽ എന്നെ ആക്കി കൊന്നു.
ലോബ്‌സാങ് വഴിയിൽ കാണുന്നവരെയെല്ലാം ചിരിച്ചു കാണിക്കുന്നുണ്ട്.ഇവിടത്തുകാർക്ക് എല്ലാവരെയും പരസ്പരം അറിയാം.ഇത് കണ്ടു ഞങ്ങൾ പറഞ്ഞു.
“വേണമെങ്കിൽ ആർക്കെങ്കിലും ലിഫ്റ്റ് കൊടുത്തോളുട്ടോ “
പറയണ്ട താമസം ഒരാൾ കൈ കാണിച്ചു.അവരുടെ ഭാഷായിൽ എന്തൊക്കൊയോ വിശേഷങ്ങൾ പറയുന്നു.ഞങ്ങൾ മലയാളത്തിൽ ഏതാണ്ടൊക്കെ പറയുന്നു.അങ്ങനെ കീ മൊണാസ്റ്ററി എത്തി .
ആയിരത്തിൽ കൂടുതൽ വർഷങ്ങൾ പഴക്കമുള്ള സ്പിറ്റിയിലെ ഏറ്റവും വലിയ മൊണാസ്റ്ററി.ഏതാണ്ട് പതിനാലായിരമടി ഉയരതത്തിലാണ് ഇത് സ്ഥിതി ചെയുന്നത്.മംഗോളിയൻ അധിനിവേശവും തീപിടിത്തവും ഏറ്റവുമൊടുവിൽ ഭൂകമ്പവും നേരിട്ടതാണ് കീ മൊണാസ്റ്ററി .ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയും pwd യും ചേർന്നു പുതുക്കി പണിതതാണ് ഇന്ന് കാണുന്ന മൊണാസ്റ്ററി.ദലൈ ലാമയ്ക്കു താമസിക്കാനും കൂടാതെ ഒരു മ്യൂസിയവും കൂടി തുടങ്ങാൻ ഒരു കെട്ടിടം പണിയുന്നുണ്ട്.ലോബ്‌സാങ് ആണത് പറഞ്ഞു തന്നത്.മൊണാസ്ട്രിയുടെ ആയിരം വർഷ ആഘോഷത്തിന് ദലൈലാമ വന്നിരുന്നു ഇവിടെ.

നല്ല ഉയരത്തിലായതുകൊണ്ടു നല്ല ശക്തിയേറിയ കാറ്റാണ്.നല്ല തണുത്ത കാറ്റു.മരങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് കാറ്റിന്റെ ശക്തി ഒട്ടും കുറയുന്നില്ല.അകത്തേക്ക് കയറുമ്പോൾ കാണുന്ന പ്രയർ വീൽ ക്ലോക്ക് വൈസ് ദിശയിൽ കറക്കി ഞങ്ങൾ അകത്തേക്ക് കയറി.ആരെയും കാണാനില്ല.ഇടയ്ക്കു ചില ലാമമാർ അങ്ങോട്ടും ഇങ്ങോട്ടും പോവുന്നത് കാണാം.ഏതാണ്ടൊരു മുന്നൂറു ലാമമാർ ഇവിടെ താമസിക്കുന്നു.സമ്മറിൽ അവർ ജോലിക്കു പോവും.വിന്ററിൽ ഇതിന്റെ അകത്തു കഴിച്ചുകൂട്ടുന്നു. നമ്മൾക്കും ഇവിടെ കുറച്ചു ദിവസം താമസിക്കാം ഇരുന്നൂറ്റി അമ്പതു രൂപയാണ് കൊടുക്കേണ്ടത്.ഭക്ഷണമടക്കമാണത്.അതിന്റെ രീതി എന്താണെന്നു അറിയില്ല.പക്ഷേ അങ്ങനെ ഒരു അവസരമുണ്ട്.തണുത്തു മരവിച്ച കൈ ഗ്ലൗസിൽ നിന്നും കൈ പുറത്തെടുത്തു കുറച്ചു ഫോട്ടോസെടുത്തു.മഞ്ഞു മൂടിയ മല നിരകൾ റൺറിക്ക് ഗ്രാമത്തിനു പുറകിലായി കാണാം .വേറൊരു വഴിയിലൂടെ താഴേക്കിറങ്ങി.താഴെ നിലയിലാണ് സ്റ്റോറേജ് .ചെറിയ ചെറിയ പെട്ടികൾ പോലുള്ള മുറികളിൽ ലാമമാർ താമസിക്കുന്നു.
ലോബ്‌സാങ്ങും ഞങ്ങൾ ലിഫ്റ്റ് കൊടുത്തയാളും ഞങ്ങളെ കാത്തു നിൽക്കുന്നുണ്ട്. ഇനി കിബ്ബറിലേക്കാണ് യാത്ര .പ്രയർ വീൽ ഇപ്പോൾ സൂര്യപ്രകാശമേറ്റു കറങ്ങി തുടങ്ങിയിരിക്കുന്നു. യാത്ര തുടങ്ങി ഒരു രണ്ടു കിലോമീറ്റർ കണ്ടപ്പോഴേ അതിലൊരു തീരുമാനമായി.പാറയിടിഞ്ഞു ചാടി റോഡ് ബ്ലോക്ക് ആയിരിക്കുന്നു.വണ്ടി തിരിച്ചു.ഇനിയിപ്പോ അടുത്ത ദിവസം എന്തെങ്കിലും വഴിയുണ്ടോ എന്ന് നോക്കാം.
തിരികെ പോവുന്ന വഴിയിൽ JCB നിരങ്ങി നിരങ്ങി വരുന്നുണ്ട്
“ഇത് ഇങ്ങനെയാണ് പോവുന്നതെങ്കിൽ അങ്ങ് ചെല്ലുമ്പോൾ നാളെയാവും “
ലോബ്‌സാങ് അണ്ണന്റെ കോമഡി .
പുറകിൽ ഇരിക്കുന്ന കക്ഷിയുടെ പേര് ദിർജിങ് മോങ്‌യാൽ . ആൾ wildlife ഡിപ്പാർട്മെന്റിലാണ് ജോലി ചെയുന്നത്. നമ്മടെ പെരിയാർ wildlife sanctuary ൽ വന്നിട്ടുണ്ട്. കേരള ഓർമ്മകൾ അദ്ദേഹം അയവിറക്കാൻ തുടങ്ങി
“കേരളമെന്തു രസാ , എന്ത് നല്ല ആൾക്കാർ, അവിടെയെയൊന്നും പോലീസിന്റെ ആവശ്യം പോലുമില്ല . ഞാൻ ഒരൊറ്റ പോലീസിനെയും വഴിയിൽ കണ്ടില്ല, എനിക്ക് ഒത്തിരി ഇഷ്ടായി ………..”
(ഇദ്ദേഹം കേരളത്തിൽ തന്നെയല്ലേ വന്നത്. സംഭവം ഇന്ത്യയിൽ തമ്മിൽ ഭേദം നമ്മളൊക്കെ തന്നേ .പക്ഷേ ഇത്രയ്‌ക്കൊക്കെ ഉണ്ടോ ?ആൾട്ടോയിലെ ചെറിയ സീറ്റിൽ ഞങ്ങളൊന്ന് ഞെളിഞ്ഞിരുന്നു )
അയാൾ ഒരു സംസാര പ്രിയനാണ്.
“ഇവിടെ വരുന്ന ചിലർക്ക് മിണ്ടാൻ മടിയാണ് , അവരൊക്കെ മിണ്ടിയാലല്ലേ അവരെപ്പറ്റി നമ്മൾക്കും നമ്മളെ പറ്റി അവർക്കും മനസിലാക്കാൻ സാധിക്കൂ “?
(ദദ്‌ പോയിന്റ്.ഇതുപോലുള്ളവരെയാണ് എനിക്കും ഇഷ്ടം. )
ഡൽഹിയിൽ നിന്ന് വരുന്ന ‘ടൂറിസ്റ്റുകളെ’ ഇവർക്കത്ര താല്പര്യമില്ല. ഞാൻ പിന്നേ പണ്ടേ വെറുത്തതാണ് ആ ടീമിനെ.എവിടെയെങ്കിലും സ്വസ്ഥമായിരുന്നു ശാന്തത അനുഭവിച്ചിരിക്കുമ്പോഴായിരിക്കും ഡൽഹിയിൽ നിന്നുള്ള “ട്രാവല്ലേഴ്‌സ്” ബ്ലൂടൂത്തു സ്‌പീക്കറിൽ ഒരുമാതിരി പാട്ടും വച്ചോണ്ട് വരുന്നത്.
“സാർ snow leopeard നെ കണ്ടിട്ടുണ്ടോ” ബാസിൽ ചോദിച്ചു
“ഒരു ദിവസം ഞാൻ രാത്രീ ഈ വഴി വരുവായിരുന്നേ അപ്പോഴുണ്ട് ഒരെണ്ണം മുൻപിൽ.പെട്ടെന്ന് തന്നെ അവൻ ഓടി കളഞ്ഞു. ഞാനിതു നാട്ടുകാരോട് പറഞ്ഞു അവരെന്നെ കളിയാക്കി കൊന്നു.ഞാൻ പുളുവടിച്ചുവെന്നാ അവർ കരുതിയെ”.
കുലുങ്ങി ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു.അയാളുടെ സംസാരം നല്ല രസമാണ് കേൾക്കാൻ .നല്ല ചിരി വരും.ഒരു ശുദ്ധൻ .
ഞങ്ങൾക്കിനി പോകേണ്ടത് ലാങ്‌സാ ഗ്രാമത്തിലേക്കാണ്. അവിടേക്കു തിരിയുന്ന വഴിയുടെ അവിടെ അദ്ദേഹം ഇറങ്ങി. കാസ ടൗണിൽ വിടാമെന്ന് ലോബ്‌സാങ് പറഞ്ഞു (അവരുടെ ഭാഷയിൽ പറഞ്ഞത് ഇതാവും എന്ന് ഊഹിച്ചതാണ് )
ഇനി വീണ്ടും കാണാം എന്നും പറഞ്ഞു അദ്ദേഹം കാസയിലേക്കു നടന്നു. ഞങ്ങളുടെ ആൾട്ടോ ലങ്‌സായിലേക്കുള്ള ചുരം കയറി തുടങ്ങി.

ചുരം കഴിഞ്ഞു ഞങ്ങൾ വീണ്ടും ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്കു പോയ്കൊണ്ടിരിക്കുന്നു.നല്ലൊരു സ്ഥലം എത്തിയപ്പോൾ ഞങ്ങൾ വണ്ടി നിർത്താൻ പറഞ്ഞു . കുറച്ചു ഫോട്ടോസൊക്കെ എടുത്തു ഇങ്ങനെ നിക്കുമ്പോൾ അണ്ണൻ വഴിയിലേക്കു മാറി നിന്നു നമ്പർ വണ്ണിന് പോയി. കുറച്ചു മഞ്ഞെടുത്തു കൈ കഴുകി. (thug ലൈഫ് ). എങ്ങോട്ടു നോക്കിയാലും മഞ്ഞു മലകൾ കാണാം.എന്ത് ഭംഗിയാണ് എന്ന് ഞങ്ങൾ രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും എത്ര പറഞ്ഞിട്ടും മതിയായില്ല.
കാസയിൽ നിന്നും കാണുന്ന മഞ്ഞു മൂടിയ മലയുടെ പുറകിലുള്ള മല നിരകളെല്ലാം ഇവിടന്നു കാണാം .ലാങ്‌സാ ഗ്രാമം അകലെ നിന്നു കാണാം . ഗ്രാമത്തെയും മലനിരകളെയും നോക്കി ഇരിക്കുന്ന ബുദ്ധ പ്രതിമയെ വലം വച്ചു കാറു നിർത്തി.ഞങ്ങൾ പുറത്തിറങ്ങേണ്ട താമസം ലോബ്‌സാങ് ഉറങ്ങും. തലേ ദിവസം ഉറങ്ങാൻ പറ്റിയിലത്രേ.ലാങ്‌സാ വില്ലേജിന് ഫോസിൽ വില്ലേജ്‌ എന്നൊരു പേരുകൂടിയുണ്ട് . ലക്ഷക്കകണക്കിനു വര്ഷങ്ങള്ക്കു മുൻപേ ഈ ഗ്രാമം കടലിനു അടിയിലായിരുന്നു.അതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടുണ്ട്.

ഇനി പോവുന്നത് കോമിക്കിലേക്കാണ് .റോഡുമായി ബന്ധിപ്പിച്ച ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രാമത്തിലേക്കു .അവിടെ അടുത്താണ് ഹിക്കിം .അവിടെയാണ് ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ്.കൊൽക്കത്തയിലേക്കും ,ആന്ധ്രയിലേക്കും ,ഡൽഹിയിലേക്കും ,കേരളത്തിലേക്കുമൊക്കെ അയക്കാൻ ഒരുപാട് കാർഡുകളും സ്റ്റാമ്പും കയ്യിലുണ്ട്.കൂടാതെ ഒരു പാക്കറ്റ് ചോക്ലേറ്റും . ഹിക്കിമിലെ കുട്ടികൾ ചോക്കലേറ്റ് ചോദിക്കുന്ന ഒരു പതിവുണ്ട്.അതിനുവേണ്ടി കരുതിയതാണ്.
ഇടയ്ക്കു ഞങ്ങൾ വീണ്ടും വണ്ടി നിർത്തിച്ചു ഫോട്ടോയെടുപ്പ് തുടങ്ങി.തിരികെ വന്നപ്പോ ലോബ്‌സാങ് അണ്ണൻ ഫ്രണ്ട് ഗ്ലാസ് കഴുകുകയാണ്.ഞാൻ മുന്പിലിരുന് വീഡിയോ എടുക്കുന്നത് ലോബ്‌സാങ് ശ്രെദ്ധിച്ചിരുന്നു.അതുകൊണ്ടാവണം നല്ല രീതിയിൽ കിട്ടാൻ ഗ്ലാസ് കഴുകിയത്.
ചോക്ലേറ്റ് രണ്ടെണ്ണം എടുത്തു ഒരെണ്ണം ലോബ്‌സങ്ങിനും കൊടുത്തു. കോമിക്കിലേക്കു വണ്ടി വിട്ടു.
മുകളിലേക്കു പോകുന്തോറും റോഡിൻറെ അവസ്ഥ മോശമായി വരുന്നു.ബുള്ളറ്റ് എടുക്കാഞ്ഞത് നന്നായി.മാത്രവുമല്ല വെയിൽ ഉണ്ടെങ്കിലും പുറത്തു നല്ല തണുപ്പാണ്.
(തുടരും )
(ഹോംസ്റ്റേയിലെ വിശേഷങ്ങൾ പറയാൻ ഒരുപാടുണ്ട്.അതുകൊണ്ടാണ് ഇതിൽ ഒന്നും വിശദമായി പറയാത്തത്.അത് തന്നെ വേറൊരു എപ്പിസോഡിൽ വരുന്നുണ്ട് )


episode 4 click here

No comments

Powered by Blogger.